ട്രാന്‍സ്ജന്ററുകളെ ഉള്‍ക്കൊള്ളുന്ന സഭയും സമൂഹവും

മറ്റാരേയും പോലെ ട്രാന്‍സ്ജന്ററും സമൂഹത്തിലേയും സഭയിലേയും അംഗങ്ങളാണ്. ഫാ. ഡോ. ഹോര്‍മീസ് മൈനാട്ടി എഴുതുന്നു.
ട്രാന്‍സ്ജന്ററുകളെ ഉള്‍ക്കൊള്ളുന്ന സഭയും സമൂഹവും

സമൂഹത്തില്‍ ഒരുപാട് അവഹേളനങ്ങള്‍ക്കും വിവേചനത്തിനും അവഗണനകള്‍ക്കും വിധേയരാകുന്നവരാണ് ട്രാന്‍സ്ജന്ററുകള്‍. ശാരീരികമായി പുരുഷനായി പിറന്ന ഒരു വ്യക്തി സ്ത്രീയുടെ ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുകയോ സ്ത്രീയായി പിറന്ന ഒരു വ്യക്തി പുരുഷന്റെ ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് ട്രാന്‍സ്ജന്റര്‍ എന്നു പറയുന്നത്. വ്യക്തികളെ അവരുടെ ലൈംഗികാഭിമുഖ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ പുരുഷാഭിമുഖ്യമുള്ളവര്‍ (heterosexual) എന്നും സ്വവര്‍ഗ്ഗാഭിമുഖ്യമുള്ളവര്‍ (homosexual) എന്നും തരം തിരിക്കുന്നു. സ്വവര്‍ഗ്ഗാഭിമുഖ്യമുള്ളവരില്‍ വ്യത്യസ്ത തരക്കാരെ കാണാം. അവരെയെല്ലാം LGBT എന്ന ഒറ്റ കുടക്കീഴിലാണ് പൊതുവേ അവതരിപ്പിക്കാറുള്ളത്. സ്വവര്‍ഗ്ഗാഭിമുഖ്യമുള്ള സ്ത്രീ (lesbian), സ്വവര്‍ഗ്ഗാഭിമുഖ്യമുള്ള പുരുഷന്‍ (gay), സ്ത്രീപുരുഷാഭിമുഖ്യവും സ്വവര്‍ഗ്ഗാഭിമുഖ്യവും രണ്ടുമുള്ളവര്‍ (bisexual), സ്ത്രീയായി ജനിച്ചിട്ട് പുരുഷ ലൈംഗികാഭിമുഖ്യവും പുരുഷനായി ജനിച്ചിട്ട് സ്ത്രീലൈംഗികാഭിമുഖ്യവുമുള്ളവര്‍ (transgender) എന്നിവര്‍ LGBT ഗ്രൂപ്പില്‍പ്പെടുന്നു. ഈ ഗ്രൂപ്പിന്റെ പൊതുസ്വഭാവം അവര്‍ക്ക് ഒരേ ലിംഗത്തില്‍ പെട്ടവരോട് ലൈംഗികാഭിമുഖ്യം തോന്നുന്നു എന്നതാണ്. എന്തുകൊണ്ട് ഇത്തരം വ്യത്യസ്ത മായ ആഭിമുഖ്യങ്ങള്‍ ഉണ്ടാകുന്നുവെന്നതിന് ക്യത്യമായ വിശദീകരണം ലഭ്യമല്ല. ഏതായാലും പണ്ടു കരുതിയിരുന്നതുപോലെ ഇത് ഒരു അപഭ്രംശമല്ല (perversion), മനഃശാസ്ത്രപരമായ ആഭിമുഖ്യമായി കരുതണം എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ട്രാന്‍സ്ജന്ററുകള്‍ അവരുടെ ലൈംഗികാഭിമുഖ്യത്തിന് ഇണങ്ങുന്ന വിധത്തില്‍ വസ്ത്രധാരണം ചെയ്യാനും പെരുമാറാനും ആഗ്രഹിക്കുന്നു. ഇതിന്റെ പേരില്‍ സമൂഹത്തില്‍ ഒരുപാട് അവഹേളനവും വിവേചനവും അനുഭവിക്കുന്ന ഒരു വിഭാഗമാണിവര്‍. കൂടാതെ അവരുടെ ലൈംഗികാഭിമുഖ്യത്തിന് യോജിച്ച വിധത്തില്‍ അവരുടെ ശരീരത്തെ പരിവര്‍ത്തനപ്പെടുത്താന്‍ ആവശ്യമായ ഹോര്‍മോണ്‍ ചികിത്സയ്‌ക്കോ, ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കോ ചിലപ്പോള്‍ വിധേയരാകാറുണ്ട്. ഇത്തരം ചികിത്സകള്‍ കൊണ്ട് ഒരു വ്യക്തിയുടെ ശാരീരിക പ്രത്യേകതകള്‍ക്കും ലൈംഗികാവയവങ്ങള്‍ക്കും കാര്യമായ മാറ്റം വരുത്താന്‍ കഴിയും. എന്നാല്‍ ഒരാളില്‍ ലൈംഗിക മാറ്റം വരുത്താന്‍ നടത്തുന്ന ശസ്ത്രക്രിയ വളരെ ഉപരിപ്ലവമാണ്.

ഇത്തരം ശസ്ത്രക്രിയ കൊണ്ട് ഒരു വ്യക്തിയുടെ ലിംഗപരിവര്‍ത്തനം വരുത്താന്‍ കഴിയുകയില്ല എന്ന് വിശ്വാസ കാര്യാലയം അഭിപ്രായപ്പെടുന്നു. ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയാലും ഒരാള്‍ ജന്മനാ പുരുഷനാണെങ്കില്‍ അപ്രകാരംതന്നെ തുടരും. ജന്മനാ സ്ത്രീയാണെങ്കില്‍ ലിംഗമാറ്റ ശസ്ത്ര ക്രിയയ്ക്കുശേഷവും സ്ത്രീയായിരിക്കും. ഒരാളുടെ ലൈംഗികാഭിമുഖ്യമെന്തായാലും ഒരാളുടെ പ്രവര്‍ത്തനക്ഷമമായ ആരോഗ്യമുള്ള ശരീരാവയവങ്ങളെ മനഃ പൂര്‍വ്വം നശിപ്പിക്കുന്നതും സാധാരണ പ്രവര്‍ത്തനത്തിനുപകരിക്കാത്ത അവയവങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും ധാര്‍മ്മികമായി അംഗീകരിക്കാനാവില്ലെന്നും അത്തരം ശസ്ത്രക്രിയകള്‍ ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയെ നശിപ്പിക്കുന്നുവെന്നും സഭ പഠിപ്പിക്കുന്നു (CCC 2297).

ട്രാന്‍സ്ജന്ററായവര്‍ ഏതെല്ലാം ശസ്ത്രക്രിയകള്‍ക്ക് വിധേയമായാലും അവര്‍ക്ക് നിയമപരമായി വിവാഹിതരാകാന്‍ കഴിയില്ല. ഇത്തരം ലിംഗപരിവര്‍ത്തനത്തിനുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയരായാലും ഒരു പുരുഷന്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയായോ, സ്ത്രീ ശരിയായ പുരുഷനായോ മാറുന്നില്ല. ഒരു ട്രാന്‍സ്ജന്ററിന് ഒരിക്കലും ശരിയായ വിവാഹധര്‍മ്മം (marital act) നിര്‍വ്വഹിക്കാനാവില്ല. ഇത്തരം ബന്ധത്തിന് പ്രത്യുല്പാദനത്തിനുള്ള തുറവിയോ സാദ്ധ്യതയോ ഇല്ല. ഒരു വ്യക്തിയുടെ ജന്മനായുള്ള ശരീര പ്രകൃതി അനുസരിച്ചാണ് സഭ ഒരു വ്യക്തിയെ സ്ത്രീയായോ പുരുഷനായോ പരിഗണിക്കുന്നത്.

സഭ ട്രാന്‍സ്ജന്ററായവരുടെ മനുഷ്യമഹത്വത്തേയും അതില്‍ നിന്നും ഉരുത്തിരിയുന്ന അവരുടെ അവകാശങ്ങളേയും അംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ അവരോടുള്ള ഏതു തരത്തിലുള്ള അവഗണനയും അവഹേളനവും വിവേചനവും നീതീകരിക്കാനാവില്ല. മറ്റാരേയും പോലെ അവരും സമൂഹത്തിലേയും സഭയിലേയും അംഗങ്ങളാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ആവശ്യപ്പെടുന്നതുപോലെ ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി അവരെ സ്വീകരിക്കണം.

കേരളത്തിലെ ട്രാന്‍ജന്റര്‍ നയം

ട്രാന്‍സ്ജന്ററായവരെ മൂന്നാം ലിംഗക്കാരായി അംഗീകരിക്കണമെന്ന 2014 ലെ സുപ്രീം കോടതിവിധിക്കു ശേഷം കേരളത്തിലെ സാമൂഹ്യ നീതിവകുപ്പ് 2015-ല്‍ ഒരു ട്രാന്‍സ്ജന്റര്‍ നയം ആവിഷ്‌ക്കരിച്ചു. ഈ നയം സ്വീകരിച്ചത് പ്രധാനമായും ഇക്കൂട്ടരെ വിവിധതരം അവഹേളനത്തില്‍ നിന്നും വിവേചനത്തില്‍ നിന്നും വിമോചിപ്പിക്കുന്നതിനും അവരുടെ തുല്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. ഇത് പ്രധാനമായും അവരെ പുരുഷനായോ സ്ത്രീയായോ 3-ാം ലിംഗക്കാരായോ അംഗീകരിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു. ഇത് നിയമത്തിന്റെ കീഴില്‍ അവര്‍ക്ക് തുല്യ സംരക്ഷണം ഉറപ്പുവരുത്തുന്നു. മുകളില്‍ സൂചിപ്പിച്ച നിയമനുസരിച്ച് ട്രാന്‍സ്ജന്ററായവര്‍ക്ക് OBC വിഭാഗത്തിലുള്ളവരെപ്പോലെ വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും സംവരണം ഉറപ്പു നല്‍കുന്നു. കേരളത്തില്‍ ഇവര്‍ക്കും വോട്ടവകാശമുണ്ട്.

സ്വവര്‍ഗ്ഗരതി കുറ്റ വിമുക്തമാക്കുന്ന കോടതി വിധി

ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പനുസരിച്ച് ഒരേ ലിംഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച 10 വര്‍ഷം കഠിന തടവു ലഭിക്കാവുന്ന കുറ്റമാണ്. 1861 മുതല്‍ ഇന്ത്യയില്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്. ഇത് LGBT ഗ്രൂപ്പില്‍പ്പെട്ട എല്ലാവര്‍ക്കും ബാധകമാണ്. ഈ നിയമം നിലനിന്നിരുന്നതുകൊണ്ട് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ സമൂഹത്തില്‍ വിവേചനത്തിനും അവഹേളനത്തിനും ഇരയായിരുന്നു. അവര്‍ പരസ്യമായി പ്രത്യക്ഷപ്പെടാന്‍ തന്നെ വിമുഖത പ്രകടിപ്പിച്ചിരുന്നു.

2018 സെപ്റ്റംബര്‍ 6-ാം തീയതി ഇന്ത്യയില്‍ സുപ്രീം കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്വവര്‍ഗ്ഗാഭിമുഖ്യമുള്ള പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് കുറ്റകരമായി കണക്കാക്കുകയില്ല എന്നും വിധിച്ചു. അഞ്ചു ജഡ്ജിമാരടങ്ങുന്ന ഹൈക്കോടതി ബഞ്ച് ഏകകണ്ഠമായ വിധിയില്‍ ഇപ്രകാരം പറയുന്നു. ''LGBT വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും മറ്റേത് പൗരനുമുള്ളതുപോലെയുള്ള മൗലികാവകാശങ്ങള്‍ ഉണ്ട്. ഒരു വ്യക്തിയുടെ സ്വത്ത്വം (identity) വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് എല്ലാത്തരത്തിലുമുള്ള മുന്‍വിധിയും ഉപേക്ഷിച്ചു അവരെ അംഗീകരിക്കുകയും അവരുടെ തുല്യാവകാശങ്ങള്‍ ഉറപ്പുവരുത്തുകയും വേണം.'' ഈ വിധി ട്രാന്‍സ്ജന്ററുകള്‍ക്ക് സമൂഹത്തില്‍ പരസ്യമായി പ്രത്യക്ഷപ്പെടാനും ഒന്നിച്ചു കൂടാനും മറ്റാരേയും പോലെ സമൂഹത്തില്‍ ജീവിക്കാനുള്ള അവസരം ഒരുക്കി.

എന്നാല്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമായി കണക്കാക്കാന്‍ പാടില്ല എന്ന കോടതി വിധി അത് ധാര്‍മ്മികമായി അനുവദനീയമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും. ഈ വിധിയെ തുടര്‍ന്ന് ഇക്കൂട്ടര്‍ക്ക് തമ്മില്‍ വിവാഹം പോലെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാനും മക്കളെ ദത്തെടുക്കാനും അവകാശമുണ്ടെന്നുമുള്ള വാദത്തിലേക്ക് നയിക്കാം. സ്വവര്‍ഗ്ഗരതി ഇനിമേല്‍ ശിക്ഷാര്‍ഹമായ കുറ്റമായി കരുതുകയില്ല എന്നു പറയുന്നതിന്റെ അര്‍ത്ഥം അത് ധാര്‍മ്മികമായി ന്യായീകരിക്കാവുന്നതാണ് എന്നല്ല. അങ്ങനെ ഒരു ധാരണ പരത്താന്‍ ഇടയാകരുത്. ശിക്ഷാര്‍ഹമല്ലെങ്കിലും ധാര്‍മ്മികമായി സ്വവര്‍ഗ്ഗരതി തെറ്റുതന്നെയാണ്.

ട്രാന്‍സ്ജന്ററായവരുടെ ലൈംഗിക ഇടപെടലിന്റെ ധാര്‍മ്മികത

ട്രാന്‍സ്ജന്ററായി ജനിച്ചതിന് ഒരാള്‍ കുറ്റക്കാരനല്ല. എന്നാല്‍ അവരുടെ ലൈംഗിക പ്രവൃത്തികള്‍ അതില്‍തന്നെ തെറ്റും അ സ്വീകാര്യവുമാണ്. കാരണം അത്തരം പ്രവൃത്തികള്‍ ലൈംഗികതയുടെ ലക്ഷ്യം നേടാന്‍ ഉപകരിക്കുന്നില്ല - ഭാര്യാഭര്‍ത്താക്കന്മാരുടെ സ്‌നേഹബന്ധവും പ്രത്യുല്പാദനവും. കത്തോലിക്കാ പാരമ്പര്യമനുസരിച്ച് ഒരു പ്രവൃത്തി അതില്‍തന്നെ തെറ്റാണെങ്കില്‍ (intrinscially evil) നല്ല ലക്ഷ്യമോ, പ്രത്യേക സാഹചര്യങ്ങളോ മൂലം ആ തെറ്റിന്റെ ഗൗരവം കുറയുമെങ്കിലും തീര്‍ത്തും ഒഴിവാക്കാനാവില്ല. വിശ്വാസ കാര്യാലയത്തിന്റെ ''സ്വവര്‍ഗ്ഗരതിക്കാരോടുള്ള അജപാലന''ത്തെ സംബന്ധിച്ച 1986-ലെ മെത്രാന്മാര്‍ക്കുള്ള കത്തില്‍ സ്വവര്‍ഗ്ഗരതിക്കാരുടെ ലൈംഗിക പ്രവൃത്തി അതില്‍ തന്നെ തെറ്റാണെന്ന് (intrinscially disorders) സൂചിപ്പിക്കുന്നു. കാരണം അത്തരം പ്രവൃത്തികള്‍ ജീവനിലേക്ക് തുറവിയുള്ളതല്ലെന്നു മാത്രമല്ല, അത് ഒരു സ്ത്രീയുടേയും പുരുഷന്റേയും ശരിയായ വൈകാരിക ലൈംഗിക പൂരകത്വത്തില്‍ നിന്നും പുറപ്പെടുന്നതുമല്ല. അതുകൊണ്ട് ഒരു സാഹചര്യത്തിലും അത് അംഗീകരിക്കാനാവില്ല (CCC 2357). ട്രാന്‍സ്ജന്ററുകളുടെ വിവാഹം പോലുള്ള ബന്ധങ്ങളെ അംഗീകരിക്കാന്‍ കഴിയാത്തതിന്റെ കാരണവും ഇതു തന്നെയാണ്.

ട്രാന്‍സ്ജന്ററായവരുടെ ലൈംഗിക ഇടപെടല്‍ പാപവും അസ്വീകാര്യവുമാണെന്നു പറയുമ്പോള്‍ അവരുടെ ലൈംഗിക സംതൃപ്തിക്കുള്ള അവകാശം നിഷേധിക്കുകയല്ലെ എന്ന് വാദിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും വിവാഹം കഴിക്കാനും വിവാഹബന്ധത്തിലേര്‍പ്പെടാനും അവകാശം നിഷേധിക്കാറുണ്ട്. സ്ത്രീ പുരുഷാഭിമുഖ്യമുളളതുകൊണ്ടു മാത്രം ഒരാള്‍ക്ക് വിവാഹബന്ധത്തിന് എപ്പോഴും അനുമതി നല്‍കാറില്ല. ട്രാന്‍സ്ജന്ററുകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ലൈംഗികതയുടേയും വിവാഹത്തിന്റേയും ലക്ഷ്യങ്ങള്‍ സാധാരണ സ്ത്രീ-പുരുഷ ബന്ധത്തില്‍ മാത്രമേ (hetero sexual marriage) നിറവേറ്റാന്‍ സാധിക്കുകയുളളൂ. അതുകൊണ്ട് ട്രാന്‍സ്ജന്ററായവര്‍ക്ക് വിവാഹിതരാകാനോ ലൈംഗികബന്ധത്തിലേര്‍പ്പെടാനോ അര്‍ഹതയില്ല. അവരും മറ്റേത് അവിവാഹിതരേയും പോലെ ശുദ്ധത എന്ന പുണ്യം പാലിച്ച് ജീവിക്കണം. എങ്കിലും മാനസിക സമ്മര്‍ദ്ദം (psychic compulsion) അവരുടെ ശരിയായ സ്വാതന്ത്ര്യത്തേയും കുറ്റത്തേയും കുറയ്ക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാം.

ട്രാന്‍സ്ജന്ററായ വ്യക്തികളെ അതിന്റെ പേരില്‍ പീഡിപ്പിക്കുകയോ തരം താഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യാന്‍ പാടില്ല. അവരെ അവഗണിക്കാന്‍ പാടില്ലെന്നു മാത്രമല്ല, സഭാ സമൂഹത്തിലെ മറ്റാരേയും പോലെ സമഭാവനയോടും സ്‌നേഹത്തോടും കൂടി അവരെ പരിഗണിക്കണം. സ്വവര്‍ഗ്ഗരതിയില്‍ മുഴുകി കഴിയുന്നവരെപ്പോലും ശപിക്കുന്ന പ്രവണതയില്‍ നിന്നും സഭ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ട്രാന്‍സ്ജന്ററുകളോടുള്ള അജപാലന സമീപനം

ഒരാള്‍ ട്രാന്‍സ്ജന്ററായിരിക്കുന്നത് ആ വ്യക്തിയുടെ തെരഞ്ഞെടുപ്പു മൂലമല്ല. നേരത്തെ സൂചിപ്പിച്ചതു പോലെ അത് ഒരു മനഃശാസ്ത്രപരമായ അവസ്ഥയാണ്. അതിന് ആ വ്യക്തി കുറ്റക്കാരനല്ല. അതുകൊണ്ട് സഭയും സമൂഹവും കുറെക്കൂടി ഭാവാത്മകമായ ഒരു നിലപാട് അവരോട് സ്വീകരിക്കണം. ഈ അവസ്ഥയില്‍ വേദനിക്കുന്നവരാണവര്‍. അതിന് അവരെ കുറ്റപ്പെടുത്താനാവില്ല. സഭ അവരുടെ അവസ്ഥയേയും ലൈംഗിക ഇടപെടലുകളേയും തമ്മില്‍ വേര്‍തിരിക്കുന്നു. ആദ്യത്തേതിന് അവര്‍ക്ക് ഉത്തരവാദിത്വമില്ലെങ്കിലും അവരുടെ ലൈംഗിക ഇടപെലുകള്‍ക്ക് അവര്‍ കുറ്റക്കാരാണ്.

സഭ ട്രാന്‍സ്ജന്ററായവരുടെ മനുഷ്യമഹത്വത്തേയും അതില്‍ നിന്നും ഉരുത്തിരിയുന്ന അവരുടെ അവകാശങ്ങളേയും അംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ അവരോടുള്ള ഏതു തരത്തിലുള്ള അവഗണനയും അവഹേളനവും വിവേചനവും നീതീകരിക്കാനാവില്ല. മറ്റാരേയും പോലെ അവരും സമൂഹത്തിലേയും സഭയിലേയും അംഗങ്ങളാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ആവശ്യപ്പെടുന്നതുപോലെ ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരായ അന്യായമായ ഒരു തരത്തിലുമുള്ള വിവേചനവും പാടില്ല (CCC 2358). അവരോട് ദീനാനുകമ്പയോടെ പെരുമാറണം. അതേ സമയം വിശ്വാസകാര്യാലയത്തിന്റെ 1975-ലെ ആഹ്വാനത്തിലും 1986-ലെ മെത്രാന്മാര്‍ക്കുള്ള കത്തിലും സൂചിപ്പിക്കുന്നതുപോലെ അജപാലന രംഗത്ത് അവരോടു കാണിക്കുന്ന പരിഗണനയും അനുകമ്പയും അവരുടെ ലൈംഗിക ഇടപെടലിന്റെ കൂടി അംഗീകാരമായിട്ടോ ന്യായീകരണമായിട്ടോ വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാകരുത്.

2008 ഡിസംബര്‍ 12-ാം തീയതി വത്തിക്കാന്‍ വക്താവായ ഫാ. ഫെഡരിക്കോ ലൊമ്പാര്‍ഡി ട്രാന്‍സ്ജന്ററുടെ അവസ്ഥ കുറ്റകരമായി പരിഗണിക്കാന്‍ പാടില്ലെന്നും അവരോടുള്ള എല്ലാത്തരം വിവേചനത്തേയും സഭ എതിര്‍ക്കുന്നുവെന്നും പറഞ്ഞു. പക്ഷേ മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും (വിവാഹം ഉള്‍പ്പെടെ) അവര്‍ക്കുണ്ട് എന്ന വാദത്തെ സഭ അംഗീകരിക്കുന്നില്ലെന്നും പ്രസ്താവിച്ചു. കാരണം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ മാത്രമേ അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നുള്ളൂ.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായത്തില്‍ വ്യക്തികളെ അവരുടെ ലൈംഗികാഭിമുഖ്യത്തിന്റെ പേരിലല്ല പരിഗണിക്കേണ്ടത്. എല്ലാറ്റിലും ഉപരിയായി അവര്‍ വ്യക്തികളാണ്. മനുഷ്യരുടെ ലൈംഗികാഭിമുഖ്യം നോക്കാതെ തന്നെ സഭ എല്ലാ മനുഷ്യരേയും സ്വാഗതം ചെയ്യണം. സ്വവര്‍ഗ്ഗാഭിമുഖ്യത്തിന്റെ പേരില്‍ അവരോട് വിവേചനം കാണിക്കാനോ അവരെ വിധിക്കാനോ ഇടയാകരുത്. അവരെ സമൂഹവുമായി സമന്വയിപ്പിക്കാനുള്ള ശ്രമമുണ്ടാകണം. മാര്‍പാപ്പ പറയുന്നതുപോലെ ട്രാന്‍സ്ജന്ററായ ഒരാള്‍ യേശുവിനെ സമീപിച്ചാല്‍ നീ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്നു പറഞ്ഞ് അവനെ മടക്കി അയക്കുകയില്ല. അതുകൊണ്ട് ഇക്കൂട്ടര്‍ക്കും വൈദികര്‍ അജപാലന ശുശ്രൂഷ നല്‍കുകയും അവരെ സഹഗമിക്കുകയും വേണം. അവര്‍ ലൈംഗിക മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായാല്‍ പോലും അവരെ ഒരിക്കലും ആട്ടിയകറ്റരുത്. ട്രാന്‍സ്ജന്റര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കു ലഭിക്കുന്നതുപോലെയുള്ള അജപാലന ശുശ്രൂഷയ്ക്ക് അവകാശമുണ്ട്. കത്തോലിക്കരായ സ്വവര്‍ഗ്ഗാഭിമുഖ്യമുള്ളവര്‍ കുമ്പസാരത്തിനണയണമെന്നും ദൈവത്തോടു ചേര്‍ന്നിരിക്കണമെന്നും മറ്റുള്ളവരോടുമൊപ്പം പ്രാര്‍ത്ഥിക്കണമെന്നുമാണ് മാര്‍ പാപ്പയുടെ ആഗ്രഹം. അതിന് അവരെ പ്രോത്സാഹിപ്പിക്കുന്ന അജപാലന ശുശ്രൂഷ അവര്‍ക്ക് നല്‍കണം.

ദൈവത്തിന്റെ വലിയ സ്‌നേഹം മനസ്സിലാക്കാന്‍ സഹായിക്കുന്ന അജപാലന കൗണ്‍സിലിങ്ങ് ട്രാന്‍സ്ജന്ററായവര്‍ക്ക് നല്‍കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. അവരും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിക്കുന്നുവെന്നു മാത്രമല്ല ദൈവം അവരെ വ്യക്തിപരമായി സ്‌നേഹിക്കുന്നുവെന്ന അവബോധം അവര്‍ക്കു നല്‍കുകയും വേണം. ഇത്തരം കൗണ്‍സിലിങ്ങ് അവരെ ആദ്ധ്യാത്മികവും ബൗദ്ധികവും സാമൂഹ്യവുമായ ലക്ഷ്യങ്ങളിലേക്ക് നയിക്കുകയും അവര്‍ക്ക് തങ്ങളെക്കുറിച്ച് അഭിമാനബോധം തോന്നുകയും ചെയ്യും. ഇത് അവരെ തങ്ങളുടെ ലൈംഗിക സ്വത്ത്വത്തെ (sexual identity) സംബന്ധിച്ച അതിരു കവിഞ്ഞ ആകുലതകളില്‍ നിന്നും പിന്‍തിരിപ്പിക്കും.

ചുരുക്കത്തില്‍ ട്രാന്‍സ്ജന്ററായ വ്യക്തികളെ അതിന്റെ പേരില്‍ പീഡിപ്പിക്കുകയോ തരം താഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യാന്‍ പാടില്ല. അവരെ അവഗണിക്കാന്‍ പാടില്ലെന്നു മാത്രമല്ല, സഭാ സമൂഹത്തിലെ മറ്റാരേയും പോലെ സമഭാവനയോടും സ്‌നേഹത്തോടും കൂടി അവരെ പരിഗണിക്കണം. സ്വവര്‍ഗ്ഗരതിയില്‍ മുഴുകി കഴിയുന്നവരെപ്പോലും ശപിക്കുന്ന പ്രവണതയില്‍ നിന്നും സഭ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത്തരം പ്രവൃത്തികള്‍ അതില്‍ തന്നെ അധാര്‍മ്മികവും അസ്വീകാര്യവുമായി കണക്കാക്കുന്നുവെങ്കിലും അത് ഒരു പ്രത്യേക അവസ്ഥയുടെ ഫലമാണ്. അതു കൊണ്ടാണ് അത്തരക്കാര്‍ക്ക് ശരിയായ അജപാലന ശുശ്രൂഷ നല്‍കണമെന്ന് സഭ ശഠിക്കുന്നത്. അതേ സമയം അവരോടുള്ള അനുകമ്പ നിറഞ്ഞ അജപാലന സമീപനം അവരുടെ തെറ്റായ ലൈംഗിക ഇടപെടലുകളെ ന്യായീകരിക്കുന്നുവെന്ന ധാരണ നല്‍കരുത് എന്ന് സഭാ പഠനങ്ങള്‍ എടുത്തു പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org