ശതാബ്ദിയുടെ നിറവില്‍

നിത്യസഹായമാതാവിന്റെ നാമധേയത്തില്‍ ഇന്ത്യയില്‍ ആദ്യമായി സ്ഥാപിതമായ ചാത്തമ്മ പള്ളി
ശതാബ്ദിയുടെ നിറവില്‍

നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ദേവാലയമായ ചാത്തമ്മ നിത്യസഹായ മാതാ പള്ളി ശതാബ്ദിയുടെ നിറവിലാണ്. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഈ ദേവാലയം ഒരു നാടിന്റെ തന്നെ ആധ്യാത്മിക സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ അവിസ്മരണീയമാണ്. കാക്കളും, കൊക്കുകളും ചേക്കേറിയിരുന്ന കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഈ ചതുപ്പു നിലത്തെ മനോഹരമായ ഒരു ഗ്രാമമാക്കി മാറ്റിയതില്‍ ഈ ദേവാലയം വഹിച്ച പങ്ക് നിസ്സാരമല്ല.

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരിറ്റു നല്ല വെള്ളം പോലും ലഭിക്കാത്ത വികസനം എത്തിപ്പെടാത്തതുമായ രണ്ട് ദ്വീപുകളായിരുന്നു ചേപ്പനവും, ചാത്തമ്മയും. ഇവിടെയുള്ള വിശ്വാസികള്‍ ആത്മീയകാര്യങ്ങള്‍ക്കായി വള്ളങ്ങളില്‍ യാത്ര ചെയ്ത് പുതിയകാവ് ദേവാലയത്തില്‍ എത്തിയാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്. അന്ന് പുതിയകാവ് പള്ളിയില്‍ വികാരിയായിരുന്ന ജോസഫ് പൈനുങ്കല്‍ അച്ചന്‍ ഈ ദ്വീപ് സന്ദര്‍ശിക്കുകയും ചേപ്പനം കോനാട്ടു കടവില്‍ ഓലഷെഡ്ഡ് കെട്ടി കുരിശ് സ്ഥാപിച്ച് ഇവിടെ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ആരംഭിച്ചു. ഇന്നും ആ സ്ഥലം പള്ളിത്തിട്ട എന്ന പേരില്‍ അറിയപ്പെടുന്നു. അതിനുശേഷം അച്ചന്‍ ഇന്ന് പള്ളിയിരിക്കുന്ന സ്ഥലവും പരിസരവും വിലകൊടുത്ത് തീറായി വാങ്ങി. 1924-ല്‍ അന്ന് കൊച്ചി സംസ്ഥാനത്തിന്റെ ദിവാനായിരുന്ന പേഷ്‌കാര്‍ ശ്രീ കസ്തൂരി രങ്കയ്യന്‍ അവര്‍കളില്‍ നിന്ന് ഇവിടെ ഒരു പള്ളി പണിയുന്നതിനുള്ള അനുമതി വാങ്ങി. 1924 ഒക്‌ടോബര്‍ 5-ന് താല്‍ക്കാലികമായി നിര്‍മ്മിച്ച ഓലഷെഡ്ഡില്‍ കുരിശ് സ്ഥാപിച്ച് പള്ളി പണി ആരംഭിച്ചു. നവംബര്‍ 21-ാം തീയതി 12 വൈദികരുടെ അകമ്പടിയോടുകൂടി പുതിയ കാവില്‍ നിന്ന് ജലഘോഷയാത്രയായി ബഹുമാനപ്പെട്ട മോണ്‍സിഞ്ഞോര്‍ താന്‍ റോമില്‍ നിന്നും കൊണ്ടുവന്ന് പുതിയകാവില്‍ സൂക്ഷിച്ചിരുന്ന നിത്യസഹായമാതാവിന്റെ അത്ഭുതചിത്രം മേല്‍പ്പറഞ്ഞ ഓലഷെഡ്ഡില്‍ പ്രതിഷ്ഠിച്ചു. അന്നു മുതല്‍ എല്ലാ വര്‍ഷവും നവംബര്‍ 22-ാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ച നിത്യസഹായമാതാവിന്റെ ദര്‍ശനതിരുനാളായി ആഘോഷിച്ചു പോന്നു. ദര്‍ശനതിരുനാളിന്റെ ഒരു പ്രധാന ആകര്‍ഷണം നാനാജാതി മതസ്ഥരുടെ പങ്കാളിത്തത്തില്‍ കൈതപ്പുഴ കായലില്‍ ഓടി വള്ളത്തിന്റെ അകമ്പടിയോടുകൂടി മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള ചങ്ങാട പ്രദക്ഷിണമായിരുന്നു.

പിന്നീട് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം പള്ളിയോടു ചേര്‍ന്ന് ബംഗ്ലാവും പടിഞ്ഞാറേ കടവില്‍ ഒരു കുരിശ് പള്ളിയും സ്ഥാപിച്ചു. ഇടവക ജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ആത്മീയ വളര്‍ച്ചയ്ക്കുമായി പൈനുങ്കല്‍ അച്ചന്‍ 1951 ജൂണ്‍ 3 ന് മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവില്‍ നിന്ന് അനുമതി വാങ്ങി കര്‍മ്മലീത്താ മഠം ആരംഭിച്ചു. ഈ സന്യാസിനികള്‍ വിശ്വാസികളുടെ ആധ്യാത്മിക ഭൗതിക മേഖലകളിലെ ഉന്നമനത്തിനുവേണ്ടി വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ഇവരുടെ പാത പിന്തുടര്‍ന്ന് വിവിധ സന്യസ്ത സഭകളില്‍ സേവനം ചെയ്യുന്ന പതിനേഴോളം സമര്‍പ്പിതര്‍ നമ്മടെ ഇടവകയുടെ സ്വന്തമായുണ്ട്.

കൂടാതെ പുതുതലമുറയെ വാര്‍ത്തെടുക്കാനായി ചാത്തമ്മ ചേപ്പനം ദ്വീപുകളുടെ മധ്യഭാഗത്തായി പൈനുങ്കലച്ചന്റെ നേതൃത്വത്തില്‍ ദേശബന്ധു എന്ന സ്‌കൂള്‍ സ്ഥാപിച്ച് 1951 ജൂണ്‍ 4-ന് അധ്യയനം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ഒരുക്കുകയും ചെയ്തു.

1951-ല്‍ പഴയ പള്ളിയുടെ സ്ഥാനത്ത് ഗോതിക് മാതൃകയില്‍ ഒരു പള്ളി സ്ഥാപിച്ചു. 1975-ല്‍ ദേവാലയത്തിന്റെ രജത ജൂബിലി ഗ്രാമത്തിന്റെ ഉത്സവമായി ആഘോഷിച്ചു. ആ വര്‍ഷം മുതല്‍ ജനുവരി 1 കഴിഞ്ഞു വരുന്ന ഞായറാഴ്ച തിരുനാളും അതിനടുത്ത ഞായറാഴ്ച എട്ടാമിടവും ആഘോഷിക്കുന്ന ഇന്നത്തെ രീതി ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ പ്രദേശമായിരുന്നതിനാല്‍ പള്ളിക്കു ജീര്‍ണ്ണാവസ്ഥ സംഭവിച്ചതു മൂലം പുതുതായി ഒരു ദേവാലയം പണിയണമെന്ന ആഗ്രഹം ഇടവക ജനങ്ങളില്‍ ഉണ്ടായി. 1996-ല്‍ അഭിവന്ദ്യ എറണാകുളം അതിരൂപത മെത്രാപ്പോലീത്തയും മേജര്‍ ആര്‍ച്ചുബിഷപ്പുമായ കാര്‍ഡിനല്‍ ആന്റണി പടിയറ അടിസ്ഥാന ശില ആശീര്‍വദിച്ച് അന്നത്തെ വികാരിയായിരുന്ന ബഹു. ആന്റണി മഴുവഞ്ചേരി അച്ചന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. 2002-ല്‍ വികാരിയായിരുന്ന ബഹുമാനപ്പെട്ട വര്‍ഗീസ് ചെരപറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എറണാകുളം അതിരൂപതാ മെത്രാപ്പോലീത്തയായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വെഞ്ചെരിപ്പു കര്‍മ്മം നിര്‍വഹിച്ചു.

പൈനുങ്കല്‍ അച്ചന്‍ റോമില്‍ നിന്ന് കൊണ്ടുവന്ന ചിത്രത്തിലെ അമ്മയും കുഞ്ഞും ഒരു നാടിന്റെയാകെ ഹൃദയത്തുടിപ്പായി മാറി. ഏത് അത്യാവശ്യ ഘട്ടങ്ങളിലും തിരി തെളിച്ച് പ്രാര്‍ത്ഥിക്കാന്‍ അവരോടിയെത്തുന്നത് ഈ അമ്മയുടെ മുന്നിലേക്കാണ്. വര്‍ഷം തോറും തിരുനാളിന് ഒരുക്കമായി ശനി, ഞായര്‍ ദിവസങ്ങളില്‍ ഒമ്പത് ദിനങ്ങളിലായി നിത്യസഹായ മാതാവിന്റെ സ്തുതിക്കായി നടത്തുന്ന ശുശ്രൂഷകളില്‍ ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു. ജനുവരി ഒന്നാം തീയതി കഴിഞ്ഞു വരുന്ന ഞായറാഴ്ച അവസാനിക്കുന്ന വിധത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളാഘോഷങ്ങള്‍ ഈ നാട്ടിലെ ജനങ്ങള്‍ ജാതിമതഭേദമെന്യേ ആഘോഷിക്കുന്ന ഈ നാടിന്റെ മുഴുവന്‍ ഉത്സവമാണ്. ഈ വര്‍ഷം ശതാബ്ദിയോടനുബന്ധിച്ച് ജനുവരി 6-ാം തീയതി തിരുനാളിന് കൊടികയറ്റി 14-ാം തീയതി അവസാനിക്കുന്ന രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്.

മോണ്‍സിഞ്ഞോര്‍ പൈനുങ്കല്‍ അച്ചന്‍ മുതല്‍ ഇപ്പോഴത്തെ വികാരി ഫ്രാന്‍സിസ് സ്രാമ്പിക്കല്‍ അച്ചന്‍ വരെയുള്ള ഗുരുതുല്യരായ ഇടവക വികാരിമാരുടെ ഒരു നീണ്ട നിര ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരെല്ലാവരും തന്നെ ഇടവക ജനങ്ങളുടെ ആധ്യാത്മിക സാമൂഹിക വളര്‍ച്ചയ്ക്കുവേണ്ടി വളരെ തീഷ്ണതയോടെ പ്രവര്‍ത്തിച്ചിട്ടുള്ളവരായിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഗ്രാമവാസികളെ ജാതിമത വ്യത്യാസം കൂടാതെ സഹായിക്കാനും അവര്‍ ഉത്സുകരായിരുന്നു. ഈ വൈദിക ശ്രേഷ്ഠന്മാരുടെ പാത പിന്തുടര്‍ന്ന് ഇടവകയില്‍ നിന്നും ബഹുമാനപ്പെട്ട രണ്ട് വൈദികര്‍ ജേക്കബ് കോഴുവള്ളി അച്ചനും ബിനോയ് പാണാട്ട് അച്ചനും വൈദിക ജീവിതത്തിലേക്ക് കടന്നു വന്നു. വിശുദ്ധരായ ഈ വൈദികര്‍ നമ്മുടെ ഇടവകയുടെ അഭിമാന സ്തംഭങ്ങളാണ്.

ഇടവകയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഭക്തസംഘടനകള്‍ക്ക് വലിയ പങ്കുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള വുമണ്‍സ് വെല്‍ഫെയര്‍, കാരുണ്യത്തിന്റെ മധ്യസ്ഥനായ വിന്‍സെന്റ് ഡി പോളിന്റെ നാമധേയത്തിലുള്ള വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, യുവാക്കളുടെ കൂട്ടായ്മയായ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ്, കുട്ടികളുടെ സംഘടനയായ തിരുബാലസഖ്യം മുതലായ സംഘടനകളും വളരെ സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി 14 അധ്യാപകരും 125 ഓളം കുട്ടികളും ചേരുന്ന ഒരു മതബോധന യൂണിറ്റും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.

കൂടാതെ ഇടവക സമൂഹത്തെ 7 ഫാമിലി യൂണിറ്റുകളായി തിരിച്ച് മാസം തോറും വികാരിയച്ചന്‍ അധ്യക്ഷനായി പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തിവരുന്നു. ഈ യോഗങ്ങളില്‍ ബൈബിള്‍ വിചിന്തനവും, യൂണിറ്റ് ചര്‍ച്ചകളും പുതുതലമുറയുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള കലാപരിപാടികളും നടത്തിവരുന്നു.

ചാത്തമ്മയിലും ചേപ്പനത്തുമായി അധിവസിക്കുന്ന കത്തോലിക്ക വിശ്വാസികളില്‍ സുറിയാനികളും ലത്തീന്‍ കത്തോലിക്കരുമുണ്ട്. എല്ലാവരും വളരെ സൗഹാര്‍ദത്തോടെ ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു വരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org