ക്രിസ്തുവിന്റെ പൗരോഹിത്യം മതവര്‍ഗജാതികള്‍ക്കതീതം

ക്രിസ്തുവിന്റെ പൗരോഹിത്യം മതവര്‍ഗജാതികള്‍ക്കതീതം
മനുഷ്യനെ മനുഷ്യനായി കാണാതെ, ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ കാണുന്ന, ക്രിസ്തീയ പുരോഹിതന്മാര്‍, അവര്‍ മെത്രാനോ വൈദീകനോ ആരു തന്നെയായാലും, അവര്‍ ക്രിസ്തുവിന്റെ ശിഷ്യരില്‍ ഉള്‍പ്പെടുന്നവരല്ല.

കേരളം സമാധാനത്തിനും മതസൗഹാര്‍ദത്തിനും പേരുകേട്ട ഒരു സംസ്ഥാനമാണ്. ഓരോ മലയാളിയും ദേവാലയങ്ങള്‍ക്കപ്പുറം ഒരു ദൈവീകത ഉണ്ടെന്നു മനസ്സിലാക്കുകയും അതനുസരിച്ച് ജീവിച്ചു പോകുകയും ചെയ്യുന്ന ഒരു സമൂഹമാണ്. പക്ഷേ, ഈ അടുത്തകാലത്ത് ഉണ്ടായ കേരളത്തിലെ ചില സംഭവങ്ങളും ചില രാഷ്ട്രീയ നേതാക്കന്മാരുടെയും മത ആചാര്യന്മാരുടെ പ്രസ്താവനകളും കേരളത്തിന്റെ സമാധാനത്തെയും മതസൗഹാര്‍ദത്തെയും വല്ലാത്ത ആശങ്കയില്‍ ആഴ്ത്തുകയും ഭാവിയിലേക്കുള്ള ജീവിതം പരിഭ്രാന്തി ഉണര്‍ത്തുന്നതാണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. ഇത് ഒരു പ്രത്യേക മത വിഭാഗത്തില്‍ മാത്രമല്ല; കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങളിലും അതായത് ക്രിസ്ത്യാനികള്‍ക്കിടയിലും മുസ്ലീങ്ങള്‍ക്കിടയിലും ഹൈന്ദവര്‍ക്കിടയിലും ഇത്തരത്തിലുള്ള മതസൗഹാര്‍ദത്തിന് വിപരീതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഈ ലേഖനത്തില്‍ ഒരു ക്രിസ്തീയ പുരോഹിതന്‍ എങ്ങനെയാണ് മറ്റു മതങ്ങളെ നോക്കി കാണേണ്ടതെന്ന് ഈ അടുത്തകാലത്തുണ്ടായ ചില പൗരോഹിത്യ പ്രസ്താവനകളെ, സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടു വിലയിരുത്തി സമര്‍ത്ഥിക്കുകയാണ്.

ഈ അടുത്തകാലത്തായി കേരളത്തിലെ ചില ക്രൈസ്തവ പുരോഹിതരുടെ ചിന്തയില്‍, തെറ്റുകള്‍ ചെയ്യാന്‍ കഴിവുള്ളത് ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്ളവര്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു കഠിന പരിശ്രമം നടക്കുന്നുണ്ട്. എവിടെയെങ്കിലും എന്ത് സംഭവിച്ചാലും, ക്രിസ്തീയതയുടെ ധാര്‍മ്മികത മറന്നുകൊണ്ട് ഈ പുരോഹിതന്മാര്‍ ആ പ്രത്യേക മതവിഭാഗത്തിനെതിരെ സംസാരിക്കുക എന്നുള്ളത് ഇപ്പോള്‍ കേരളത്തിലെ ഒരു പ്രധാന വിനോദമാണ്. ഒരു മലയുടെ മുകളിലുള്ള ഒരു കുരിശിന്റെ മുകളില്‍ നിന്ന് മദ്യം കഴിക്കുകയും നൃത്തം ചവിട്ടുകയും ചെയ്ത കുട്ടികളെ ശാസിക്കുന്നതിനു പകരം, അവര്‍ ഒരു പ്രത്യേക മതത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നേറുമ്പോള്‍ നാട്ടുകാര്‍ക്ക് മനസ്സിലായി, അവര്‍ ഒരു മതത്തില്‍ നിന്നുള്ളവരല്ല വ്യത്യസ്തമായ മതത്തില്‍ നിന്നുള്ളവരായിരുന്നു എന്ന്. എറണാകുളത്തെ ഒരു ദേവാലയത്തില്‍ ബോംബ് പൊട്ടിയപ്പോള്‍ അതും ഈ പ്രത്യേക മത വിഭാഗത്തിന്റെ പേരിലേക്ക് ആരോപിച്ചു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ ദേവാലയത്തില്‍ തന്നെയുള്ള ഒരുവന്‍ പ്രഖ്യാപിക്കുന്നു ഞാനാ ണ് അവിടെ ബോംബിട്ടത്. അപ്പോഴും ഈ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് തന്നെ പഴി. ഈ ദിവസങ്ങളില്‍ ഒരു പുതിയ സംഭവവും അരങ്ങേറുന്നു.

എന്തിനും ഏതിനും ഇത്തരത്തില്‍ ഒരു പ്രത്യേക മതത്തെ മാത്രം പഴിചാരുന്ന ഈ ക്രിസ്തീയ പുരോഹിതന്മാര്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നമ്മളുടെ അജപാലനമെന്നു പറയുന്നത്, ഓരോ വ്യക്തിയെയും മനുഷ്യനാക്കുക എന്നുള്ളതാണ്, ക്രിസ്ത്യാനിക്കുവേണ്ടി മാത്രം പുരോഹിതരായവരല്ല നാം, മറിച്ചു മനുഷ്യരാശിക്കു മുഴുവന്‍ വേണ്ടി ജീവന്‍ വെടിഞ്ഞ ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ അംഗങ്ങളാണ് നാം.

'ക്രിസ്തുവിന്റെ പൗരോഹിത്യം' എന്നു പറയുന്നത് പരമ്പരാഗത പഴയനിയമ പൗരോഹിത്യമല്ല; മറിച്ച്, മനുഷ്യനായി ജനിച്ച യേശു തന്റെ പിതാവിന്റെ ഹിതമനുസരിച്ച് പീഡകള്‍ സഹിക്കുകയും അതിന്റെ ഫലമായി മാനുഷരാശിക്കുവേണ്ടി ദൈവം മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുകയും മഹാപുരോഹിതനായി അഭിഷേകം ചെയ്യുകയും ചെയ്തയാളാണ്. ജനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മഹാപുരോഹിതനായ, ക്രിസ്തു, തന്റെ പിതാവായ ദൈവത്തിനു നിര്‍മ്മിച്ചു നല്‍കപ്പെട്ട ദൈവരാജ്യത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ജ്ഞാനസ്‌നാനം എന്ന കൂദാശയിലൂടെ വിളിച്ചു ചേര്‍ത്ത ഒരു ജനസമൂഹമാണ് ഈ പുരോഹിതര്‍. ഈ പൗരോഹിത്യത്തിനു രണ്ട് തലങ്ങളുണ്ട്. രാജകീയ പൗരോഹിത്യവും ശുശ്രൂഷ പൗരോഹിത്യവും. വര്‍ഗവും ജാതിയും മതവും ദേശവും ഒന്നും തന്നെ ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിന് ബാധകം അല്ലാത്തതുകൊണ്ടു തന്നെ, ഈ രാജകീയ പൗരോഹിത്യത്തിലേക്ക് എല്ലാവരെയും അവന്‍ ക്ഷണിക്കുകയും എല്ലാവര്‍ക്കും അവന്‍ അവസരം നല്‍കുകയും ചെയ്യുന്നു. ഈ രാജകീയ പൗരോഹിത്യത്തിലുള്ള വ്യക്തികളെ ശുശ്രൂഷിക്കുന്നതിനുവേണ്ടിയും എല്ലാ മനുഷ്യരെയും സേവിക്കുന്നതിനുവേണ്ടിയും അതുവഴി സമാധാനം ലോകം മുഴുവനിലും വ്യാപിക്കുന്നതിനുവേണ്ടിയും ചിലരെ തിരഞ്ഞെടുക്കുകയും, അബ്രഹാത്തിനുവേണ്ടി ബലിയര്‍പ്പിച്ച, മതവും ജാതിയും വര്‍ഗവും ഒന്നുമറിയാത്ത മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരത്തിലുള്ള നിത്യപൗരോഹിത്യത്തിലേക്കു തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുപ്പിലും പഴയ നിയമത്തിലെ പാരമ്പര്യങ്ങളെ പോലെ ഒരു പ്രത്യേക വര്‍ഗത്തെ അല്ല തിരഞ്ഞെടുക്കുന്നത് മറിച്ച് അവന് ഇഷ്ടമുള്ളവരെ അവന്‍ തിരഞ്ഞെടുത്തു അഭിഷേകം ചെയ്യുന്നു. ഈ അഭിഷേകം സേവനത്തിനും ശുശ്രൂഷയ്ക്കും വേണ്ടിയുള്ളതാണ്.

ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ട ഓരോ വ്യക്തിക്കും, ക്രിസ്തുവിന്റെ ത്രിമാന ദൗത്യം ഉണ്ട്. ക്രിസ്തു പുരോഹിതനും രാജാവും പ്രവാചകനും ആയിരുന്നു. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജനങ്ങള്‍ക്കു മുഴുവന്‍വേണ്ടിയും ദൈവത്തോട് മധ്യസ്ഥം യാചിക്കുന്നവനാണ് പുരോഹിതന്‍. ക്രിസ്തുവിന്റെ ജീവിതത്തിലുടനീളം അവന്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി നാം കാണുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ പൗരോഹിത്യ പ്രാര്‍ത്ഥന തന്നെ എല്ലാവരും ഒന്നായിരിക്കുന്നതിനുവേണ്ടിയുള്ള അവന്റെ ആഹ്വാനവും കരുതലും ആഗ്രഹവും ആണ്.'

ക്രിസ്തുവിന്റെ പൗരോഹിത്യം രാജകീയ പൗരോഹിത്യമാണ്. രാജാവ് എന്ന് പറയുന്നത് എല്ലാ പ്രജകളെയും ഒരുപോലെ കാണുകയും അവരുടെ നന്മ കാംക്ഷിക്കുകയും അവര്‍ക്കുവേണ്ടി നിരന്തരം ജീവിതം ഉഴിഞ്ഞു വയ്ക്കു ന്ന മഹാനായ വ്യക്തിയും ആണ്. ക്രിസ്തുവിന്റെ ജീവിതത്തിലുടനീളം സാധാരണപ്പെട്ട മനുഷ്യരോടു കൂടെ അവന്‍ ജീവിക്കുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും, അവരോടൊപ്പം കരയുകയും അവരോടൊപ്പം സന്തോഷിക്കുകയും അവരോടൊപ്പം ആഘോഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ക്രിസ്തുവിന്റെ പുരോഹിതന്‍ എന്നത് എല്ലാ ജനങ്ങള്‍ക്കുവേണ്ടിയും ജ്ഞാനസ്‌നാനം എന്ന കൂദാശയിലൂടെ രാജാവാകുവാനും അവന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ മുഴുവനും ജനങ്ങള്‍ക്കു വേണ്ടി രാജകീയ ശുശ്രൂഷ ചെയ്യുവാനും വിളിക്കപ്പെട്ടവനാണ്.

ക്രിസ്തുവിന്റെ പ്രവാചക പൗരോഹിത്യം എന്നു പറയുന്നത്, തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി എല്ലാം മനുഷ്യരെയും നന്മയിലേക്ക് ആനയിക്കുന്നവരാണ്. പ്രവാചകന്റെ ഉദ്ദേശം എല്ലാവരെയും നന്മയിലേക്ക് നയിക്കുക എന്നതാണ്. അല്ലാതെ ആരെയും വെറുക്കുകയോ വെറുക്കുവാന്‍ ആവശ്യപ്പെടുകയോ അല്ല. മറിച്ച് ആരാണോ തെറ്റ് ചെയ്തത് ആ വ്യക്തിയെ നോക്കി നീ ചെയ്തത് തെറ്റാണെന്ന് ഊന്നിപ്പറയുന്നവനാണ് യഥാര്‍ത്ഥ പ്രവാചകന്‍. അല്ലാതെ പേരുകളിലെ മതം നോക്കിയിട്ട് തന്റെ മതത്തിലോ തനിക്ക് ഇഷ്ടമുള്ള മതത്തിലോ ഉള്ളവരാണെങ്കില്‍ കുറ്റം പറയാതിരിക്കുകയും തനിക്കിഷ്ടമില്ലാത്ത മതത്തിലുള്ളവരാണെങ്കില്‍ കുറ്റം പറയുകയും ചെയ്യുന്നവനല്ല പ്രവാചകന്‍. അതുപോലെതന്നെ കുറ്റം ചെയ്തവര്‍ ആരാണെങ്കിലും അവന്റെ മുഖം നോക്കി അവനെ തന്നെ ശകാരിക്കുന്നവനാണ്, അതല്ലാതെ അവന്റെ പേരും മതവും നോക്കി ആ മതത്തെ മൊത്തം ശകാരിക്കുകയും ആ വര്‍ഗത്തെയോ രാജ്യത്തെയോ മൊത്തം വെറുക്കുവാന്‍ ആവശ്യപ്പെടുകയും, ആ മതങ്ങളെയും സംസ്‌കാരങ്ങളെയും അപമാനിക്കുകയും ചെയ്യുന്നത് ക്രിസ്തുവിന്റെ പുരോഹിതനു ചേര്‍ന്നതല്ല. മനുഷ്യനെ മനുഷ്യനായി കാണാതെ, ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ കാണുന്ന, ക്രിസ്തീയ പുരോഹിതന്മാര്‍, അവര്‍ മെത്രാനോ വൈദീകനോ ആരു തന്നെയായാലും, അവര്‍ ക്രിസ്തുവിന്റെ ശിഷ്യരില്‍ ഉള്‍പ്പെടുന്നവരല്ല.

വാഴ്ത്തപ്പെട്ട റാണി മരിയയു ടെ മാതാപിതാക്കളുടെ ക്ഷമിക്കുന്ന മാതൃകയും, പരിശുദ്ധ പിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ തന്നെ ആക്രമിച്ചവനോടു ക്ഷമിച്ച മാതൃകയും, എന്തിന് കുരിശില്‍ കിടന്ന് പ്രാര്‍ത്ഥിച്ച ക്രിസ്തുവിന്റെ മാതൃകയും കണ്ടില്ലെന്ന് നടിക്കുന്ന ഈ പുരോഹിതന്മാര്‍ തിരുസഭയ്ക്കും മനുഷ്യസമൂഹത്തിനും ശാപമാണ്. നമുക്കിനിയെങ്കിലും നസ്രായന്റെ അനുഗാമിയാണെന്ന് അധരങ്ങള്‍ കൊണ്ട് കൊട്ടിഘോഷിക്കാതെ, നമ്മുടെ ജീവിതം കൊണ്ട് അവന്റെ യഥാര്‍ത്ഥ അനുഗാമിയായി മാറാം. നസ്രായന്റെ ചങ്കെന്നും പറഞ്ഞ് അവന്റെ ഹൃദയത്തിനു മുറിവുണ്ടാക്കാതെ, അ പരന്റെ തെറ്റുകളെ മതവും വര്‍ഗവും ജാതിയും നോക്കാതെ ക്രിസ്തുവിനെ പോലെ തിരുത്തുകയും ശകാരിക്കുകയും, താക്കിതു നല്‍കുകയും അതുപോലെ തന്നെ ക്ഷമിക്കുകയും, അപരനെ സ്‌നേഹിക്കുകയും ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org