ക്രിസ്തീയ ആത്മീയത

എം ജെ തോമസ് S J
ക്രിസ്തീയ ആത്മീയത
Published on
മെത്രാന്മാര്‍ക്ക് അവശ്യം വേണ്ട രണ്ട് സത്ഗുണങ്ങള്‍ മെത്രാന്‍ സിനഡ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആധ്യാത്മികതയും പാവപ്പട്ടവനായി, പാവപ്പെട്ടവരോടൊപ്പം ജീവിക്കുകയെന്നതുമാണവ. എ ല്ലാവര്‍ക്കും, പ്രത്യേകിച്ച് അധ്യാപകര്‍ക്കും സാരോപദേശം നല്കുന്നവര്‍ക്കും അത്യന്താപേക്ഷിതമായി വേണ്ട സത്ഗുണങ്ങളാണിവ. ക്രിസ്തീയ ആധ്യാത്മികത എന്താ ണെന്നറിയുവാനുള്ള എളിയ ശ്രമമാണ് ഈ ലേഖനം.

യുക്തിബോധമുള്ള മൃഗമാണ് മനുഷ്യന്‍ എന്നാണ് മനുഷ്യനെക്കുറിച്ചുള്ള പരമ്പരാഗതമായ ഒരു നിര്‍വചനം. തെയാര്‍ദ് ഷര്‍ദാന്‍ പറഞ്ഞത്, 'ശരീരത്തില്‍ വസിക്കു ന്ന ആത്മീയ ജീവിയാണ് മനുഷ്യന്‍' എന്നത്രേ. മൃഗങ്ങളെപ്പോലെ മനുഷ്യന് പഞ്ചേന്ദ്രിയങ്ങളുണ്ട്. ഇന്ദ്രീയതലത്തില്‍ മാത്രം ജീവിച്ചാല്‍ മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനല്ല. യുക്തിപരമായും ധൈഷണികമായും ജീവിക്കാന്‍ മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഇന്ദ്രിയങ്ങളെല്ലാം സവിശേഷ പ്രാധാന്യമുള്ളവയാണ്. അവയെല്ലാം ബുദ്ധിപൂര്‍വം ഉപയോഗിക്കാന്‍ ഏവര്‍ക്കും ഉത്തരവാദിത്വമുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, പലരും ജീവിക്കുന്നത് മൃഗങ്ങളെപ്പോലുള്ള ഇന്ദ്രിയതലത്തില്‍ മാത്രമാണ്.

മനുഷ്യന്റെ ധിഷണയുടെയും ഭാവനയുടെയും ഫലമായി ലഭിച്ചതാണ് വിജ്ഞാനവും, ഇന്നു നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങളും. മനുഷ്യഭാവനയുടെയും സങ്കല്പങ്ങളുടെയും സാധ്യതകള്‍ക്ക് പരിധിയോ പരിമിതിയോ ഇല്ല. എന്നാല്‍, പഞ്ചേന്ദ്രിയങ്ങള്‍ ക്കും ധിഷണയ്ക്കും മനസ്സിലാക്കാനാവാത്ത യാഥാര്‍ത്ഥ്യങ്ങള്‍

ഉണ്ടെന്ന് അംഗീകരിക്കാനുള്ള ആര്‍ജവം മനുഷ്യന്‍ കാണിക്കണം. അവയെ ആത്മീയ യാഥാര്‍ ത്ഥ്യങ്ങളെന്നു വിളിക്കാം. മനുഷ്യാത്മാവും ദൈവാത്മാവും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. അവ വലിയ രഹസ്യംതന്നെയാണ്. അ വയെക്കുറിച്ചുള്ള വ്യക്തവും പൂര്‍ ണ്ണവുമായുള്ള ജ്ഞാനം നമുക്കില്ല. നാം അവയെ സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലത്രേ, തെളിവിന്റെയല്ല. ഇങ്ങനെ വിശ്വാസത്തിന്റെ തലത്തിലേക്കുവരുന്നവര്‍ക്കു മാത്രമേ ആധ്യാ ത്മികതയുണ്ടാവൂ.

ക്രിസ്തീയ ആദ്ധ്യാത്മികതയില്‍ ഏറ്റവും മൗലികമായിട്ടുള്ളത്, ദൈവത്തിലുള്ള വിശ്വാസമാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിശക്തിക്കും അതീതമാണ് ദൈവം. ദൈവത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാനാവുകയില്ലെങ്കിലും കുറെ അറിവുകള്‍ നമുക്കുണ്ട്. ഒരാളുടെ ദൈവസങ്കല്പമാണ് ഒരാളുടെ ആ ത്മീയതയ്ക്ക് നിറം പകരുന്നത്. യഹൂദരുടെ ദൈവസങ്കല്പമാണ് പഴയനിയമം അവതരിപ്പിക്കുന്നത്. തികച്ചും യഹൂദനായിരുന്ന യേശു പഴയനിയമത്തെ ഉപയോഗിക്കു ന്നത് സര്‍ഗാത്മകമായി വിലയിരുത്തിക്കൊണ്ടാണ്. സര്‍വശക്തനാ യ ഒരു രാജാവ്, അല്ലെങ്കില്‍ കഠിനഹൃദയനായ ഒരു സൈനികമേധാവി എന്ന പഴയ നിയമ സങ്കല്പത്തെ യേശു നിരസിച്ചു. നിരുപാധികമായ സ്‌നേഹമാണ് ദൈവമെന്നും, ദൈവത്തിന് പിതാവിന്റെ യും മാതാവിന്റെയും ഭാവങ്ങളുണ്ടെന്നുമുള്ള ഉത്തമബോധ്യം യേശുവിനുണ്ടായിരുന്നു.

അതുകൊണ്ട് യേശു ദൈവത്തെ Abbha (എന്റെ ഏറ്റവും പ്രി യപ്പെട്ട അപ്പച്ചാ) എന്നാണ് അഭിസംബോധന ചെയ്തത്. ഏതൊരു യഹൂദബാലനും തന്റെ പിതാവി നെ അങ്ങനെയാണ് വിളിക്കുക. താന്‍ ദൈവപുത്രനാണെന്നും ദൈവം തന്നെ അഗാധമായി സ്‌നേഹിക്കുന്നുവെന്നുമുള്ള ഉത്തമബോധ്യം യേശുവിനുണ്ടായിരുന്നു (മാര്‍ക്കോ. 1:11). ദൈവത്താല്‍ ഭരമേല്പിക്കപ്പെട്ട ഒരു ദൗത്യം തനിക്കുണ്ടെന്നും യേശു മനസ്സിലാക്കി (ലൂക്കാ 4:18). ഉഗ്രമായ പ്ര ലോഭനങ്ങളെയും പരീക്ഷണങ്ങളെയും യേശു അതിജീവിച്ചത് താന്‍ ദൈവത്തിന്റെ ഇഷ്ടം മാത്രമേ ചെയ്യൂ എന്ന ഉറച്ച തീരുമാനത്തില്‍ നിന്നുമാണ് (മത്താ. 4:4, യോഹ. 4:34). ജീവിതത്തിലെ സര്‍ വകാര്യങ്ങളിലും യേശു സര്‍വശക്തനില്‍ ആശ്രയിച്ചു (ലൂക്കാ 12:22-32). ദൈനംദിന ജീവിതത്തില്‍ ദൈവത്തിന്റെ കരം ദര്‍ശിച്ച യേശു ഇതിനെല്ലാം വൈകാരികമായി ദൈവത്തെ സ്തുതിച്ചു നന്ദി പ്ര കാശിപ്പിച്ചു (മത്താ. 6:26-30, ലൂ ക്കാ 10:21, യോഹ. 11:41). താന്‍ പി താവിലാണെന്നും പിതാവ് തന്നിലാണെന്നും, തന്നിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നെന്നും യേശു വി ശ്വസിച്ചു (യോഹ. 14:10). നിരുപാധികമായ സ്‌നേഹവും മാപ്പേകലുമാണ് ദൈവത്തിന്റെ സ്വഭാവമെന്നും ഏവരും ദൈവത്തെപ്പോ ലെ വര്‍ത്തിക്കണമെന്നും യേശു ആവശ്യപ്പെട്ടു (ലൂക്കാ 15:20-32, 6:36, മത്താ. 18:23-35).

ക്രിസ്തീയ ആത്മീയത എന്നത് യേശുവിന്റെ ആത്മീയതയെ സ്വന്തമാക്കലത്രേ. യേശുവിനെ അനുഗമിക്കാതെ, ഓരോരുത്തരും സ്വന്തം വഴി യേ പോകുന്നതും ആള്‍ദൈവങ്ങളെ അന്ധമായി സ്വീകരിക്കുന്നതുമാണ് ഇന്നത്തെ ദുരവസ്ഥ. തല്‍ഫലമായി ഇന്ന് നമുക്ക് ആത്മീയത ഇല്ലാതാവുകയും മതപരത വളരുകയും ചെ യ്തു. ഭക്താനുഷ്ഠാനങ്ങളും ആചാരാനുഷ്ഠാനങ്ങളും വര്‍ധിച്ചു.

നല്ലൊരു ഇടയനെപ്പോലെ, അല്ലെങ്കില്‍ നല്ലൊരു കര്‍ഷകനെപ്പോലെ ദൈവം എല്ലായിടത്തും സന്നിഹിതനും ശ്രദ്ധാലുവും പ്രവര്‍ത്തനനിരതനുമാണെന്ന് യേശു മനസ്സിലാക്കി. ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതില്ലെന്നും, ദൈവത്തിന് വിലയോ, പ്രതിഫലമോ, നഷ്ടപരിഹാരമോ കൊടുക്കേണ്ടതില്ലെന്നും യേശു മനസ്സിലാക്കി. ദൈവത്തിന് ഒന്നിന്റെയും കുറവില്ലെന്നും, യാതൊന്നും സ്വീകരിക്കാന്‍ കാത്തിരിക്കുന്നവനല്ല ദൈവം എന്നും യേശു വിശ്വസിച്ചു. ഉദാരമതിയായ ദാതാവാണ് ദൈവം. സര്‍വരുടെയും രക്ഷയ്ക്കുവേണ്ടി തന്റെ ഏകജാതനെ സന്തോഷത്തോടെ പ്രദാനം ചെയ്യുന്നവനാണ് ദൈവം. ഓരോ വ്യക്തിയും ദൈവത്തിന് അത്രമേല്‍ പ്രിയപ്പെട്ടവനും വിലപ്പെട്ടവനും ആയതുകൊണ്ട് ഒരു നിസ്സാരന്‍ പോലും നശിച്ചുപോകാന്‍ ദൈവം ആഗ്രഹിക്കുന്നില്ല (മത്താ. 18:14). ചെറിയവരെ തെറ്റിലേക്കു നയിക്കുന്നതെല്ലാം വലിയ അപരാധമായി ദൈവം കാണുന്നു. ഇതെല്ലാം യേശുവിന്റെ ആധ്യാത്മികതയുടെ ഭാഗമാണ്. തികച്ചും പിതാവില്‍ കേന്ദ്രീകൃതമായ ആധ്യാത്മികത.

യേശുവിന്റെ ആധ്യാത്മികത പൂര്‍ണ്ണമായും അപരകേന്ദ്രീകൃതവുമായിരുന്നു. എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള പൂര്‍ണ്ണ സ്വയംദാനമാണല്ലോ അപ്പത്തിന്റെ യും വീഞ്ഞിന്റെയും രൂപത്തില്‍ യേശു അടയാളപ്പെടുത്തിയത്. യേശു ശിഷ്യന്മാരെ പൂര്‍ണ്ണമായും സ്‌നേഹിച്ചു എന്ന് യോഹന്നാന്‍ എടുത്തു പറയുന്നുണ്ട്. (യോഹ. 13:1). യേശു ഇത് പ്രകടമാക്കിയത് അവരുടെ പാദങ്ങള്‍ കഴുകുന്നതിലൂടെയാണ്. സ്‌നേഹിക്കുന്നതിലാണ് സന്തോഷമെന്നും, ശിഷ്യന്മാര്‍ പൂര്‍ണ്ണമായും സ്‌നേഹിക്കുന്നവരായിരിക്കണമെന്നും യേശു ആവശ്യപ്പെട്ടു (യോഹ. 13:14-15, 17).

യേശുവിന്റെ ജീവിതം സ്‌നേ ഹശുശ്രൂഷയുടേതായിരുന്നു - നന്മ ചെയ്ത് ചുറ്റി സഞ്ചരിച്ച (നടപടി 10:38). അഗാധമായ അനുകമ്പ മൂലമാണ് യേശു രോഗികളെ സുഖപ്പെടുത്തിയതും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കിയതും മൃതരെ ഉയര്‍പ്പിച്ചതും. മതമേധാവികളെ വെല്ലുവിളിച്ചതും നന്മ ചെയ്യുന്നതിന്റെ ഭാഗമാണ്. ദേവാലയശുദ്ധീകരണത്തില്‍ നാം കാണുന്നത് ഇതിന്റെ ഏറ്റവും ശക്തമായ ആവിഷ്‌ക്കാരമാണ്. നന്മ മാത്രം ലക്ഷ്യം വച്ചാണ് ഫരിസേയരും പണ്ഡിതപ്രമാണികളും വെള്ളയടിച്ച കുഴിമാടങ്ങളാണെന്നും, അന്ധരായ നേതാക്കളാണെന്നും യേശു പ്രസ്താവിച്ചതും. അവരുടെ മനുഷ്യത്വമില്ലാത്ത നിയമവ്യവസ്ഥയെയും അനുഷ്ഠാനങ്ങളെയും പൊങ്ങച്ചത്തെയും അപലപിച്ചതും. അവരുടെ ഒട്ടുമിക്ക ആചാരങ്ങളും അനുഷ്ഠാനങ്ങളും യേശു പാലിച്ചില്ല. യഹൂദരുടെ 163 കല്പനകളെ ''മറ്റുള്ളവരെ സ്‌നേഹിക്കുക'' (agape) എന്ന ഒരൊറ്റ കല്പനയിലേക്ക് യേശു വെട്ടിച്ചുരുക്കി.

നല്ല അയല്‍ക്കാരന്റെ ഉത്തമമാതൃകയായി യേശു അവതരിപ്പിച്ചത്, യഹൂദരാല്‍ താഴ്ന്നവരെന്നും വെറുക്കപ്പെടേണ്ടവരെന്നും കരുതപ്പെട്ട സമരിയാക്കാരിലൊരുവനെയാണ് (ലൂക്കാ 10:29-37). ദാഹിച്ചപ്പോള്‍ വെള്ളത്തിനായി ഈശോ സമീപിച്ചത് സത്‌പേരൊന്നുമില്ലാത്ത ഒരു സമരിയാക്കാരിയെയാണ്. പൊതുസ്ഥലത്തുവച്ച് യേശു ദീര്‍ഘസംഭാഷണം നടത്തുന്നുണ്ട്. യഹൂദനായ ഒരു പുരുഷനും അങ്ങനെ ചെയ്യുമായിരുന്നില്ല. യേശു സ്ത്രീകളെ ആദരി ക്കുകയും അവരെ തന്റെ കൂട്ടായ്മയിലും ശുശ്രൂഷയിലും ചേര്‍ക്കു കയും അവരുടെ സഹായം സ്വീകരിക്കുകയും ചെയ്തു. റോമാക്കാരനായ ശതാധിപന്റെ വിശ്വാസ ത്തെ യേശു പ്രശംസിച്ചു (ലൂക്കാ 7:10). തന്റെ പ്രബോധനങ്ങളോട് അധികാരികള്‍ കാണിച്ച എതിര്‍ പ്പിനെ യേശു അവഗണിച്ചു. ഹേ റോദേസ് രാജാവ് ഒരു കുറുക്കനാണെന്ന് യേശു പറഞ്ഞു. ഇതെ ല്ലാം യേശുവിന്റെ ആധ്യാത്മികതയുടെ ഭാഗമത്രേ. യേശുവിന്റെ ഓ രോ വാക്കിലും പ്രവൃത്തിയിലും വെളിവാകുന്നത് അവിടുത്തെ ആധ്യാത്മികതയത്രേ. മലയിലെ പ്രസംഗത്തില്‍ അതിന്റെ രത്‌നചുരുക്കമുണ്ട്. ''സ്വര്‍ഗസ്ഥനായ പിതാവേ'' എന്ന പ്രാര്‍ത്ഥനയിലും അന്ത്യവിധിയെക്കുറിച്ചുള്ള വിവരണത്തിലും ഇത് വ്യക്തമാണ് (മത്താ. 25:31-45).

ക്രിസ്തീയ ആത്മീയത എന്നത് യേശുവിന്റെ ആത്മീയതയെ സ്വന്തമാക്കലത്രേ. യേശുവിനെ അനുഗമിക്കാതെ, ഓരോരുത്തരും സ്വന്തം വഴിയേ പോകുന്നതും ആള്‍ദൈവങ്ങളെ അന്ധമായി സ്വീകരിക്കുന്നതുമാണ് ഇന്നത്തെ ദുരവസ്ഥ. തല്‍ഫലമായി ഇന്ന് നമുക്ക് ആത്മീയത ഇല്ലാതാവുകയും മതപരത വളരുകയും ചെയ്തു. ഭക്താനുഷ്ഠാനങ്ങളും ആ ചാരാനുഷ്ഠാനങ്ങളും വര്‍ധിച്ചു. യേശുവിനെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുകയും, കൂടുതല്‍ ആഴത്തില്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നതുമാണ് (വി. ഇഗ്നേഷ്യസ്) ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്.

ആദിമസഭയില്‍ യേശുവിന്റെ ആധ്യാത്മികത വിളങ്ങിയിരുന്നു (നടപടി 4:32-35). ഇത് നഷ്ടമായത് കോണ്‍സ്റ്റന്റൈയിന്‍ (const-antine) ചക്രവര്‍ത്തി ക്രിസ്ത്യാനിയായതോടെയാണ്. സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. സഭ സമ്പന്നയായി, സ്ഥാപനവത്ക്കരിക്കപ്പെട്ടു. കൊട്ടാര സമാനമായ ആഡംഭരദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. വിലപിടിപ്പുള്ള അലങ്കാര വസ്തുക്കളും വസ്ത്രങ്ങളും വിശുദ്ധ ബലിയുടെ അര്‍പ്പണത്തില്‍ ഉപയോഗിക്കപ്പെട്ടു. ഗായകസംഘത്തിന്റെ പ്രാധാന്യമേറി. എല്ലാം രാജകീയമായി, ആഘോഷമായി. ക്രമേണ, ഭവനങ്ങളിലെ അപ്പം മുറിക്കല്‍ ഇല്ലാതായി. ആധ്യാത്മിക ജീവിതവും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ ഒരു പിളര്‍പ്പ് ഉണ്ടായി. ആധ്യാത്മിക ജീവിതമെന്നാല്‍ പ്രാര്‍ ത്ഥനയും കൂദാശകളും മാത്രമാണെന്ന ചിന്ത വളര്‍ന്നു. എന്നാല്‍ ആധ്യാത്മികത എന്നത് മനുഷ്യജീവിതത്തിന്റെ സമസ്ത വിശദാംശങ്ങളെയും ആശ്ലേഷിക്കുന്ന താണ്.

ജീവിതത്തെ ആധ്യാത്മികമെന്നും ലൗകികമെന്നും വിഭജിക്കു ന്നതും, ഒന്നിനെ കൂടുതല്‍ മഹത്വമുള്ളതായി കാണുന്നതും വിവേകമല്ല. ആധ്യാത്മിക മനുഷ്യന് എല്ലാം ആധ്യാത്മികമാണ്. ഭാവിയിലെ ക്രിസ്ത്യാനി ഒരു mystic ആയിരിക്കുമെന്നാണ് കാള്‍ റാണര്‍ പ്രസ്താവിച്ചത്. മിസ്റ്റിക്കും ഗവേഷകനുമായ Teilhard de Chardin കരുതിയത് ദിവ്യകാരുണ്യ ആരാധനപോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഫോസില്‍ ഗവേഷണം എന്നത്രേ. അപരന്റെ ആവശ്യങ്ങളോടുള്ള (വിശപ്പ്, ഭവനരാഹിത്യം, രോഗം, ഏകാന്തത, വിവിധ തരത്തിലുള്ള ദാരിദ്ര്യം) പ്രതികരണം ആധ്യാത്മികമാണ്. അഗതികളെ സംരക്ഷിക്കുന്നത് ഒരു ആധ്യാത്മിക വിഷയമാണ് (മത്താ. 25:31-46). 'വിശക്കുന്നവന് ഭക്ഷണം കൊടുക്കാത്തവന്‍ അവനെ കൊല്ലുന്നു' എന്നാ ണ് വി. ബേസില്‍ പ്രസ്താവിച്ചത്. വാടി നില്‍ക്കുന്ന ചെടിക്ക് വെള്ളമൊഴിക്കുന്നതും, ദാഹിക്കുന്ന പക്ഷിക്ക് വെള്ളം കൊടുക്കുന്ന തും ആത്മീയശുശ്രൂഷയാണ്. ശുചിത്വം പാലിക്കുന്നതും മര്യാദയോടെ പെരുമാറുന്നതും ആധ്യാത്മികമാണ്.

പ്രാര്‍ത്ഥന-പരമമായ ആത്മീയ യാഥാര്‍ത്ഥ്യവുമായുള്ള വ്യക്തിപരമായ ബന്ധം - തീര്‍ച്ചയായും നിര്‍ണ്ണായക പ്രാധാന്യം അര്‍ഹി ക്കുന്നുണ്ട്. ഒരാളുടെ ആത്മീയതയുടെ ആവിഷ്‌ക്കാരമാണിത്. എന്നാല്‍ അതുകൊണ്ട് ആധ്യാത്മികത സമഗ്രമാകുന്നില്ല. പലരെ സംബന്ധിച്ചും പ്രാര്‍ത്ഥനയെന്നാല്‍ നമസ്‌കാരം, പ്രത്യേകിച്ചും ജപമാല ചൊല്ലാണ്. ഇത് വാചികപ്രാര്‍ത്ഥനയാണ് - വേറൊരാള്‍ തയ്യാറാക്കിയ പ്രാര്‍ത്ഥനയുടെ ആ വര്‍ത്തനം.

വാചിക പ്രാര്‍ത്ഥനയാണ് ഏറ്റ വും സാധാരണമായിട്ടുള്ള പ്രാര്‍ത്ഥന. അത് നമുക്ക് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം, അര്‍ത്ഥം മനസ്സിലാക്കി, സ്വന്തമാക്കി, സ്വാംശീകരിച്ചാല്‍, വാക്കുകള്‍ ഹൃദയത്തില്‍ നിന്നു വരുമ്പോള്‍ അത് ഹൃദയത്തെ സ്പര്‍ശിക്കും. അങ്ങനെയാണ് ബന്ധം സ്ഥാപിക്കാനാവുക. പക്ഷേ, വിരളമായി ട്ടാണ് അത് സംഭവിക്കുക. വാചിക പ്രാര്‍ത്ഥന എളുപ്പം അര്‍ത്ഥശൂന്യമായ ആവര്‍ത്തനമാകാം. ഒരാളുടെ ഹൃദയസ്ര്‍ശിയായ അനുഭവം ശ്രദ്ധിക്കൂ. ''സ്വര്‍ഗസ്ഥനായ പിതാവേ'' എന്ന പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍, 'പിതാവേ' എന്ന വാക്കിനുശേഷം തുടരാന്‍ പറ്റിയില്ല. കാരണം, പിതൃ-പുത്ര ബന്ധത്തില്‍, താന്‍ മകനും ദൈവം തന്റെ പിതാവുമാണല്ലോ എന്ന തിരിച്ചറിവില്‍, Abba experience-ല്‍ ലയിച്ചുപോയി. ഇത് നല്ല പ്രാര്‍ത്ഥ നാനുഭവമാണ്, സന്തോഷവും ബ ലവും തരുന്ന അനുഭവം. വേറൊരാള്‍ക്ക് 'ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ' എന്നതിനപ്പുറം പോകാനായില്ല. ചോദിച്ചപ്പോള്‍ അതിന്റെ കാരണം വെളിപ്പെടുത്തി. ഞാനിപ്പോഴും ഒരാളോട് അരിശത്തിലാണ്. ഞാന്‍ ക്ഷമിക്കുന്നതുപോലെ എന്നു പറയാന്‍ പറ്റുന്നില്ല. കാര ണം അതില്‍ എന്റെ വിധിയുണ്ട ല്ലോ.' ഒന്നാം തരം പ്രാര്‍ത്ഥന, വെല്ലുവിളിക്കുന്നു, മാനസാന്തരം ആവശ്യപ്പെടുന്നു, ജീവിതവുമായി ബന്ധമുള്ള പ്രാര്‍ത്ഥനാനുഭവം. 'അങ്ങയുടെ രാജ്യം വരണമേ' എന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ വേറൊരാളുടെ പ്രാര്‍ത്ഥന നിന്നു പോയി. കാരണം, ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി താന്‍ ഒന്നും ചെയ്തില്ലല്ലോ എന്ന തിരിച്ചറിവും അതിലുള്ള ദുഃഖവും. ഇതു നല്ല പ്രാര്‍ത്ഥനാനുഭവമാണ്. പ്രാര്‍ത്ഥന ചൊല്ലിത്തീര്‍ക്കുകയല്ല പ്രധാനം. കുര്‍ബാന പോലും വെറും ചൊല്ലലും അലാപനവുമായി മാറാം. പ്രാര്‍ത്ഥനകള്‍ വെറും വൈകാരികമാകാതെ, ദൈവശാസ്ത്രപരമായി ശരിയുമായിരിക്കട്ടെ.

പ്രാര്‍ത്ഥിക്കാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ഉചിതമല്ല. യേശു ഒരിക്കലും അങ്ങനെ ചെയ്തില്ല. യേശു പ്രാര്‍ത്ഥിച്ചു. ശിഷ്യന്മാര്‍ അതില്‍ ആകൃഷ്ടരായി. തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് ഗുരുവിനോടഭ്യര്‍ത്ഥിച്ചു. അതാണ് പ്രാര്‍ത്ഥന പഠിപ്പിക്കാന്‍ ഏറ്റവും പറ്റിയ സമയം. കുടുംബങ്ങളില്‍ മുതിര്‍ന്നവര്‍ പ്രാര്‍ത്ഥിക്കട്ടെ. പ്രാര്‍ ത്ഥിക്കുമ്പോള്‍ കുട്ടികള്‍ ശബ്ദിച്ച് തടസ്സമുണ്ടാക്കരുതെന്നു മാത്രം പറയുക. ക്രമേണ, അവരും പ്രാര്‍ ത്ഥനയില്‍ പങ്കുചേരാനെത്തും. നിര്‍ബന്ധിച്ചും ശിക്ഷിച്ചും പ്രാര്‍ ത്ഥിക്കാനാവശ്യപ്പെട്ടാല്‍ അവര്‍ പ്രാര്‍ത്ഥനയെ വെറുക്കുകയേ യുള്ളൂ. താമസിയാതെ പ്രാര്‍ത്ഥനയെ ഉപേക്ഷിച്ചെന്നും വരും. സെമിനാരികളിലും സന്ന്യസ്തഭവനങ്ങളിലും ഇങ്ങനെ സംഭവി ക്കാനിടയുണ്ട്. ഒരാള്‍ അവിടെ വന്നുചേരുമ്പോള്‍ തന്നെ പ്രാര്‍ ത്ഥനാപുസ്തകങ്ങളും പ്രാര്‍ത്ഥനാസമയവും നല്കപ്പെടുന്നു. പ്രാര്‍ത്ഥന ഓര്‍മ്മയുടെ അഭ്യാസ വും വായനാപരിശീലനവുമായി ലഘൂകരിക്കപ്പെടുന്നു. തെറ്റില്ലാ തെ പ്രാര്‍ത്ഥന ഉരുവിടുന്നതിലും പൂര്‍ത്തിയാക്കുന്നതിലുമാണ് ഊ ന്നല്‍. വ്യക്തിക്ക് ആത്മീയപോഷണം ലഭിക്കുന്നില്ല. പ്രാര്‍ത്ഥന അര്‍ത്ഥശൂന്യമാകാനും ആരും നി രീക്ഷിക്കാനില്ലെങ്കില്‍ പ്രാര്‍ത്ഥന തന്നെ വേണ്ടെന്നു വയ്ക്കാനും സാധ്യതയുണ്ട്.

സാധാരണമായ മറ്റൊരു പ്രാര്‍ത്ഥനാരീതിയാണ് ധ്യാനം. ബൈബിളിലെ ചെറിയൊരു ഭാഗം വിചിന്തനത്തിനു വിഷയമാക്കുന്നു. വിചിന്തനം പഠനമാണ്. അത് പ്രാര്‍ ത്ഥനയാകുന്നില്ല. വിചിന്തനത്തിന്റെ ഫലമായി ഹൃദയം ചലിക്കുമ്പോഴാണ് പ്രാര്‍ത്ഥനയാകുന്നത്. വചനമനുസരിച്ചല്ലല്ലോ താന്‍ ജീവിക്കുന്നത് എന്നു മനസ്സിലായേക്കാം. അതിലുള്ള ദുഃഖവും അത് പ്രകടപ്പിക്കുന്നതും പ്രാര്‍ത്ഥനയാണ്. അല്ലെങ്കില്‍ വചനമനുസരിച്ച് ജീവിക്കുന്നത് എത്ര നല്ലതാണെന്നു തോന്നിയേക്കാം. അതിലേക്ക് ആകര്‍ഷണവും. ഇതനുഭവിക്കു ന്നതും പ്രകടിപ്പിക്കുന്നതും പ്രാര്‍ത്ഥനയാണ്. അങ്ങനെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നു. ദൈ വവുമായി, യേശുവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അത് വഴിയൊരുക്കുന്നു.

ദൈവത്തെക്കുറിച്ചുള്ള തെറ്റായ സങ്കല്പങ്ങളും സ്വാര്‍ത്ഥതയുമാണ് ആധ്യാത്മികതയ്ക്കും പ്രാര്‍ത്ഥനയ്ക്കും മുഖ്യതടസ്സം. ദൈവം മനുഷ്യരില്‍ നിന്നു തികച്ചും വ്യത്യസ്തനാണ് (ഹോസി. 11:9) എ ന്ന കാര്യം മറന്നുകൊണ്ട്, ദൈവത്തെപ്പറ്റിയുള്ള യേശുവിന്റെ പ്ര ബോധനം കാര്യമായി കണക്കിലെടുക്കാതെ, ദൈവം മനുഷ്യരെപ്പോലെയാണെന്നു പലരും കരുതുന്നു. അശരീരിയായ ദൈവത്തിന് ഒരു പ്രത്യേക ഇടമില്ല. എല്ലായിടത്തും പൂര്‍ണ്ണമായി സദാ സന്നിഹിതനായതുകൊണ്ട് ദൈവത്തെ വിളിച്ചുവരുത്തേണ്ടതില്ല. നമ്മുടെ സാന്നിദ്ധ്യത്തിനുവേണ്ടി ദൈവം സ്‌നേഹപൂര്‍വം കാത്തിരിക്കുകയാണ്. സര്‍വജ്ഞനായ ദൈവത്തിന് നമ്മുടെ വിവരണവും ഉപദേശവും ആവശ്യമല്ല. സര്‍ വശക്തനായ ദൈവത്തെ ആര്‍ക്കും സ്വാധീനിക്കാനുമാവില്ല. ദൈവം ശുപാര്‍ശ സ്വീകരിക്കില്ല. ഒന്നിന്റെയും കുറവില്ലാത്ത ദൈ വം യാതൊന്നും സ്വീകരിക്കാന്‍ കാത്തിരിക്കുന്നില്ല. എല്ലാം, തന്നെത്തന്നെയും സ്വന്തം ഏകമകനെയും സസന്തോഷം കൊടുക്കുന്ന ദാതാവാണ് ദൈവം. കൂലിക്കും കൈക്കൂലിക്കും (പ്രഭാ. 35:11) പ്ര തിഫലത്തിനും നഷ്ടപരിഹാരത്തിനും ഒരു പ്രസക്തിയുമില്ല. ദൈവം നിരുപാധിക പൂര്‍ണ്ണ സ്‌നേഹവും കരുണയുമാണെന്നോര്‍ക്കാം.

പ്രാര്‍ത്ഥന-പരമമായ ആത്മീയ യാഥാര്‍ത്ഥ്യവുമായുള്ള വ്യക്തിപരമായ ബന്ധം - തീര്‍ച്ചയായും നിര്‍ണ്ണായക പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഒരാളുടെ ആത്മീയതയുടെ ആവിഷ്‌ക്കാരമാണിത്. എന്നാല്‍ അതുകൊണ്ട് ആധ്യാത്മികത സമഗ്രമാകുന്നില്ല.

മുഖ്യമായും കാര്യസാദ്ധ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാര്‍ത്ഥതയാണ് മറ്റൊരു പ്രശ്‌നം. യേശുവിലൂടെ വെളിവാക്കപ്പടുന്ന ദൈവത്തിന്റെ രക്ഷാകര സ്‌നേഹവും, യേശുവിന്റെ പൂര്‍ണ്ണ സ്വയംദാനവും പീഡാസഹനവും ഉത്ഥാനവുമാണല്ലോ നമ്മള്‍ ദിവ്യബലിയില്‍ അനുസ്മരിക്കുന്നത്, ആഘോഷിക്കുന്നത്. ഈ രഹസ്യങ്ങളാല്‍ സ്പര്‍ശിച്ച് ദൈവവുമായും യേശുവുമായും കൂടുതല്‍ സൗഹൃദത്തില്‍ വളരേണ്ടവരല്ലേ നമ്മള്‍? പകരം, നമ്മുടെ മനസ്സു നിറയെ സ്വാര്‍ത്ഥവും ലൗകീകവുമായ നേട്ടങ്ങളാണെങ്കിലോ? കാര്യസാദ്ധ്യത്തിനായി ദിവ്യബലി അര്‍പ്പിക്കുന്നതിനെപ്പറ്റിയും ചിന്തിക്കുക!

ആധ്യാത്മികതയ്ക്കു വിഘാതമായി നില്‍ക്കുന്ന മറ്റൊരു കാര്യം വിശുദ്ധര്‍ക്കും പരി. കന്യാമറിയത്തിനും നല്കുന്ന അമിത പ്രാധാന്യമാണ്. ദൈവത്തിലാശ്രയിക്കുന്നതിനേക്കാള്‍ പലരും വിശുദ്ധരിലും പരി. കന്യാമറിയത്തിലും ആശ്രയിക്കുന്നു. അതുകൊണ്ടല്ലേ ഇത്രയധികം നൊവേനകളും വണക്കങ്ങളും തിരുനാളാഘോഷങ്ങളും! സുവിശേഷ ദൗത്യത്തില്‍ പ്രത്യേകമായി പങ്കുചേര്‍ന്ന് അതനുസരിച്ച് ജീവിച്ചവരാണവര്‍. പ്രത്യേക ഉത്തരവാദിത്വം ദൈവം വിശുദ്ധരെയോ മാതാവിനെയോ ഏല്പിച്ചിട്ടില്ല. അവരാരും അത് ഏറ്റെടുത്തിട്ടുമില്ല. വിശുദ്ധരും മാതാവും വീരോചിതമായ ജീവിതം നയിച്ചവരാണ്. നമ്മള്‍ അവരെ അനുകരിക്കുകയാണു വേണ്ടത്, അനുകരണമാണ് ഏറ്റവും നല്ല ആദരവും വണക്കവും. കൊച്ചുത്രേസ്യാ പു ണ്യവതി പറഞ്ഞത്, മാതാവ് നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത് അനുകരണമാണെന്നാണ്, വണക്കവും ആഘോഷങ്ങളുമല്ല.

ആധ്യാത്മികതയ്ക്കുള്ള ഗുരുതരമായ തടസ്സം ഒരു കാര്യത്തില്‍ ഏകാഗ്രതയോടെ കുറെ നേരം ശ്രദ്ധിക്കാനും ശാന്തമായി കാത്തിരിക്കാനുമുള്ള മനസ്സില്ലായ്മയാണ്. പെട്ടെന്നുള്ള ഫലപ്രാപ്തിയാണ് ഓരോരുത്തര്‍ക്കും വേണ്ട ത്. ഉടനെയുള്ള സംതൃപ്തി, ഐശ്വര്യം. കുരിശും സഹനവും പരാജയവും ആര്‍ക്കും വേണ്ട.

യഥാര്‍ത്ഥ ആത്മീയതയില്‍ വളരാന്‍ രണ്ടു കാര്യങ്ങള്‍ ആവശ്യമാണ്. ആദ്യമായി, സ്വന്തം ജീവിതം തുറവിയോടെ പരിശോധിക്കുക. മാറ്റാനോ തിരുത്താനോ ഉള്ളത് കണ്ടുപിടിക്കുക. അതിനുശേഷം ഉചിതമായതൊക്കെ ചെയ്യുക - ശരിയായ അറിവും ബോധ്യങ്ങളും മാര്‍ഗങ്ങളും സ്വീകരിക്കുക. ഇത് ഒരു തുടര്‍ പ്രക്രിയയാക്കുക. ഇത് എളുപ്പമായിരിക്കുകയില്ല. നിരന്തരശ്രദ്ധയും പരിശ്രമവും സ്ഥിരതയും ആവശ്യമാണ്.

യഥാര്‍ത്ഥ ആത്മീയത യേശുവിന്റെ ആത്മീയത സ്വന്തമാക്കലാണ്. ക്രിസ്തുവിനെ ധരിക്കലാണ്. ദൈവം നമ്മെ നിരപാധികം സ്‌നേഹിക്കുന്നു എന്ന വിശ്വാസമാണ് ഇതിന്റെ ആരംഭം (യോഹ. 16:27). ഓരോരുത്തരും ദൈവത്തിന് വിലപ്പെട്ടവരാണെന്നും, ദൈവത്തിന്റെ ഗാഢ ആശ്ലേഷത്തിലുമാണെന്ന തിരിച്ചറിവ്. ഈ തിരിച്ചറിവിലും ദൈവവുമായുള്ള മമതാ ബന്ധത്തിലും നിലനില്ക്കുക, അതില്‍ വളരുക. മറ്റുള്ളവരെയും സകല സൃഷ്ടികളെയും ദൈവം കാണുന്നതു പോലെ കാണുക, ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രതികരിക്കുക. റോമേരൊ മെത്രാപ്പോലീത്ത, സ്റ്റാന്‍ സ്വാമി, ഗ്രേത്താ തുന്‍ബര്‍ഗ് എന്നിവര്‍ ചെയ്തതുപോലെ എന്തു വിലകൊടുത്തും മനുഷ്യത്വമില്ലായ്മയെയും അനീതിയെയും ചൂഷണത്തെയും എ തിര്‍ത്തുകൊണ്ട്, സര്‍വ ജീവജാലങ്ങളുടെയും ക്ഷേമം ഉറപ്പാക്കു ക. ആത്മീയതയെന്നാല്‍ സ്‌നേഹശുശ്രൂഷയും പങ്കുവയ്ക്കലുമാണ്, നല്ല ബന്ധങ്ങളാണ്. യേശുവിനെപ്പോലെ, ''മറ്റുള്ളവര്‍ക്കായുള്ള മനുഷ്യനായി''ത്തീരലാണ്. നടനായ ജാക്കി ഷ്രോഫ് പറഞ്ഞു: 'മറ്റുള്ളവര്‍ക്ക് ചൂടേകാന്‍ നമ്മുടെ ഭവനം നമുക്ക് കത്തിക്കാനാകും.'' മറ്റുള്ളവര്‍ക്കായി വാതില്‍ തുറന്നിടുക. യഥാര്‍ത്ഥ ആത്മീയതയില്‍ വളരുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇത് വളര്‍ത്തിയെടുക്കുകയാണ് മതാധികാരികളുടെ മുഖ്യമായ ചുമതല.

logo
Sathyadeepam Online
www.sathyadeepam.org