ക്രൈസ്തവകല കാലത്തിലും കാലാന്തരത്തിലും

Our Lady of Perpetual Help (Between 1325 and 1480)
The Church of Saint Alphonsus of Liguori, Rome, Italy
Our Lady of Perpetual Help (Between 1325 and 1480) The Church of Saint Alphonsus of Liguori, Rome, Italy
Published on
  • ഫാ. ആന്റണി ജോസഫ് നങ്ങേലിമാലില്‍

കേരള ക്രൈസ്തവ സമൂഹത്തില്‍ ഇന്നു പ്രചാരത്തിലുള്ള ദൃശ്യകലയെ വിലയിരുത്തിയാല്‍ മുഖ്യമായും രണ്ടു ശൈലികള്‍ പിന്തുടരുന്ന കലാവിഷ്‌ക്കാരങ്ങള്‍ കാണാനാകും. ഒന്ന്, ഇറ്റലിയില്‍ നവോത്ഥാനകാലത്തും തുടര്‍ന്ന് യൂറോപ്പിലാകെയും പ്രചാരം ലഭിച്ച യൂറോപ്യന്‍ നാച്വറലിസം (European naturalism) എന്നറിയപ്പെടുന്ന (പ്രകൃത്യനുസരണ സ്വാഭാവിക) ശൈലി പിന്തുടരുന്ന ചിത്രങ്ങളും ശില്പങ്ങളും; രണ്ട്, മധ്യശതകങ്ങളില്‍ യൂറോപ്പില്‍, പ്രത്യേകിച്ചു കിഴക്കന്‍ യൂറോപ്പില്‍ പ്രചുരപ്രചാരം ലഭിച്ച ഐക്കണ്‍ രചനാരീതികളെ അനുകരിക്കുന്ന ചിത്രീകരണങ്ങള്‍.

പ്രകൃതിയില്‍ കാണപ്പെടുന്ന രീതിയിലുള്ള ആവിഷ്‌കാര ശൈലിയെയാണ് നാച്വറലിസം എന്നതുകൊണ്ടു ദൃശ്യകലയില്‍ അര്‍ത്ഥമാക്കുന്നത്. യൂറോപ്പില്‍ വികാസം പ്രാപിച്ച ശൈലിയെന്ന നിലയില്‍ യൂറോപ്യന്‍ നാച്വറലിസം എന്നുവിളിക്കുന്നു. കേരളത്തിലെ മിക്കവാറും ക്രൈസ്തവ ദേവാലയങ്ങളിലും കുടുംബങ്ങളിലെ പ്രാര്‍ത്ഥനാമുറികളിലുമുള്ള ചിത്രങ്ങള്‍, രൂപങ്ങള്‍ എല്ലാം തന്നെ ഈ ശൈലിയില്‍ സൃഷ്ടിക്കപ്പെട്ടതാണ്. ക്രൂശിതരൂപം, ഈശോയുടെ ജനനമരണ ഉത്ഥാന ചിത്രീകരണങ്ങള്‍, അന്ത്യത്താഴ ചിത്രം, തിരുക്കുടുംബചിത്രം, കുരിശിന്റെ വഴിയുടെ ചിത്രീകരണം, മാതാവിന്റെയും ഇതര വിശുദ്ധരുടെയും ചിത്രങ്ങള്‍/രൂപങ്ങള്‍ മുതലായ കേരളക്കരയില്‍ കണ്ടുവരുന്ന നിരവധി കലാവസ്തുക്കള്‍ ഈ ശൈലിയിലാണ്. ഈ ശൈലിയുടെ പ്രത്യേകത എന്തെന്നാല്‍, ഇവയുടെ ചിത്രീകരണം പ്രകൃതിയില്‍ അവ എങ്ങനെ കാണപ്പെടും എന്നതിനെ അനുസരിച്ചാണ്. ഉദാഹരണത്തിന് ലിയനാര്‍ദോ ഡാ വിന്‍ചിയുടെ അന്ത്യത്താഴത്തിലെ യേശുവിന്റെയും ശിഷ്യന്മാരുടെയും പശ്ചാത്തലമായ സെഹിയോന്‍ മാളികമുറിയുടെയും ചിത്രീകരണം അത്തരത്തിലാണ്. കുറേക്കൂടി വ്യക്തമാക്കിയാല്‍, പ്രകൃതിയുടെ അനുകരണമാണു കല എന്ന നിര്‍വചനം അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്ന ആവിഷ്‌ക്കാരശൈലിയാണ് ഇവയില്‍ കാണുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങളുടെയും രൂപങ്ങളുടെയും ബാഹുല്യം ഈ ശൈലിയുടെ ജനകീയത വ്യക്തമാക്കുന്നു.

പ്രകൃതിയെ അനുകരിക്കുന്ന ഈ ശൈലി വളരെ ജനകീയമെങ്കില്‍, മദ്ധ്യകാല ഐക്കണ്‍ രചനാരീതികളെ പിന്‍പറ്റുന്ന ചിത്രീകരണങ്ങള്‍ക്ക് കുറേക്കൂടി വരേണ്യസ്വഭാവത്താല്‍ പരിമിതപ്പെടുത്തപ്പെട്ട അവസ്ഥയാണുള്ളത്. ചില ദേവാലയങ്ങളിലും ആശ്രമങ്ങളിലും സെമിനാരികളിലും, ചുരുക്കം ചില വ്യക്തികളുടെ പക്കലുമെല്ലാം ഇത്തരം ചിത്രങ്ങള്‍ കണ്ടേക്കാം. ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ കേരളക്കരയില്‍ ഏറ്റവും ജനകീയമായ (ഒരുപക്ഷേ, ഒരേ ഒരു) ചിത്രം നിത്യസഹായമാതാവിന്റേതാണ്. ഇതിലെ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രീകരണം പ്രകൃതിയുടെ അനുകരണമല്ലെന്നു കാണാം. കൂടുതല്‍ ഗഹനവും വ്യാഖ്യാനം ആവശ്യമുള്ളതും ആയതുകൊണ്ടാകാം അവ അത്രയ്ക്ക് ജനകീയമാകാത്തത്. ഈ രണ്ടു ശൈലികളും കേരളസംസ്‌കാരത്തില്‍ ഉത്ഭവിച്ചതല്ല, കാലക്രമത്തില്‍ കേരളക്രൈസ്തവര്‍ പാശ്ചാത്യലോകത്തുനിന്നു കടം കൊണ്ടതാണവ. ഈ രണ്ടു ശൈലികളുടെയും ഉത്ഭവത്തിനും കാലക്രമേണയുള്ള വളര്‍ച്ചയ്ക്കും തുടര്‍ച്ചയ്ക്കും പിന്നിലുള്ള ചിന്താധാരകളെ മനസ്സിലാക്കാനുള്ള ഒരുദ്യമമാണ് ഈ ലേഖനം.

ഇന്ദ്രിയഗോചരസത്യത്തേക്കാള്‍ ക്രിസ്തുമതസത്യങ്ങള്‍ ചിത്രീകരിക്കാനാണ് നിയോ പ്ലേറ്റോണിക് കലാകാരന്മാര്‍ ഉദ്യമിച്ചത്. ലോകത്തിലെ ഏതൊരു വസ്തുവും ജീവിയും യൂറോപ്പിലെ മധ്യകാല മനുഷ്യനു ദൈവികമായ ഒരു അടയാളമോ വെളിപാടോ ആയിരുന്നു. കണ്ണുകൊണ്ടു കണ്ട വസ്തുവിനേക്കാള്‍ അതു നല്‍കുന്ന വെളിപാടായിരുന്നു അവര്‍ക്കു ചിത്രീകരിക്കേണ്ടിയിരുന്നത്.

കലയുടെ ചരിത്രം പരിശോധിച്ചാല്‍, ഓരോ കാലഘട്ടത്തിലും ഓരോ ദേശത്തും ഉള്ള തത്വചിന്തയുടെ സ്വാധീനം കലാരൂപങ്ങളില്‍, പ്രത്യേകിച്ചു ദൃശ്യകലയില്‍ അന്തര്‍ലീനമായിട്ടുണ്ടാകും. 'അനുകരണമാണു കല' എന്ന നിര്‍വചനം ആദ്യമായി മുന്നോട്ടുവച്ചത് ക്ലാസ്സിക്കല്‍ ഗ്രീക്കുചിന്തകരാണ്. പ്രകൃതിയുടെ അതേമട്ടിലുള്ള അനുകരണമെന്ന നിലയില്‍ ബി സി അഞ്ച്, നാല്, മൂന്ന് നൂറ്റാണ്ടുകളില്‍ ഗ്രീക്കുശില്‍പികള്‍ കൈവരിച്ച പ്രാഗത്ഭ്യം ലോകത്തുതന്നെ മറ്റൊരിടത്തും അക്കാലത്തു കണ്ടെത്താനാവില്ല. പൈതഗോറിയന്‍ സംഖ്യാസിദ്ധാന്തവും (Number theory); സര്‍വതിന്റെയും അളവുകോല്‍ മനുഷ്യനെന്ന (homo mensura) പ്രോട്ടഗോറസിന്റെ കാഴ്ചപ്പാടും; അനുപാതം (Proportion), ശരാശരി (mean), അളവ് (measure) തുടങ്ങിയ ആശയങ്ങളെക്കുറിച്ചുള്ള ഗ്രീക്കു ചിന്തകരുടെ ധാരണയുമെല്ലാം പ്രകൃതിയെ അതേമട്ടില്‍ അനുകരിക്കുന്ന കല ആവിഷ്‌ക്കരിക്കാന്‍ അവരെ പ്രാപ്തരാക്കി. പ്ലേറ്റോയുടെ രൂപങ്ങളുടെ / ആശയങ്ങളുടെ ലോകവും (world of forms/ideas), പ്രകൃതിയെക്കാള്‍ ശ്രേഷ്ഠമായ അനുകരണം എന്ന അരിസ്റ്റോട്ടിലിന്റെ ചിന്തയും ഉദാത്തമായ കലാവിഷ്‌ക്കാരത്തിനു ബൗദ്ധിക പശ്ചാത്തലമായി. ഗ്രീക്കുകാരെ കീഴടക്കിയ റോമാസാമ്രാജ്യത്തിലും ഈ ശൈലി വ്യാപകപ്രചാരം നേടി.

എന്നാല്‍, മധ്യശതകങ്ങളില്‍ ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ ഈ ശൈലിക്കു ഭംഗം വന്നതായി കാണാം. മധ്യകാല ക്രൈസ്തവകലാവിഷ്‌ക്കാരത്തിലുണ്ടായ മാറ്റം പൂര്‍ണ്ണവളര്‍ച്ചയെത്തിയ ക്ലാസിക്കല്‍ കലാശൈലിയില്‍നിന്നുള്ള ഒരപചയമാണെന്നു സാമാന്യമായി വിലയിരുത്താറുണ്ട്. എന്നാല്‍, തത്വചിന്താസരണികളില്‍ അക്കാലത്തുണ്ടായ മാറ്റവും കലാവിഷ്‌ക്കാരത്തിലുള്ള അവയുടെ സ്വാധീനവും പൊതുവേ ആരും ശ്രദ്ധിക്കാറില്ല. പ്ലേറ്റോയ്ക്ക് കല ഒരു യാഥാര്‍ത്ഥ്യത്തിന്റെ അനുകരണത്തിന്റെ അനുകരണമാണ് (art is imitation of imitation of a reality). അരിസ്റ്റോട്ടിലിനു കല യാഥാര്‍ത്ഥ്യത്തിന്റെ അനുകരണമാണ്, ഈ അനുകരണം യാഥാര്‍ത്ഥ്യത്തെക്കാള്‍ ശ്രേഷ്ഠമാകാം, താഴ്ന്നതാകാം, അതേപടിയുമാകാം. നിയോപ്ലാറ്റോണിസത്തിന്റെ ഉപജ്ഞാതാവായ പ്ലോട്ടിനസും കലയെ അനുകരണമെന്നു നിര്‍വചിക്കുന്നു. എന്നാല്‍, കല അനുകരിക്കുന്നത് കേവലം ലൗകികപ്രകൃതിയെയല്ല, പിന്നെയോ, ലൗകികപ്രകൃതിയെ പ്രസരിപ്പിക്കുന്ന പ്രജ്ഞയെ അഥവാ, ആത്മീയയാഥാര്‍ത്ഥ്യത്തെയാണ്.

നാലാം നൂറ്റാണ്ടില്‍ വിശുദ്ധ അഗസ്റ്റിന്‍ മുതല്‍ പതിമൂന്നാം നൂറ്റാണ്ടില്‍ വി. തോമസ് അക്വിനാസിനു തൊട്ടുമുമ്പു വരെയുള്ള കാലഘട്ടത്തില്‍ എല്ലാ ക്രൈസ്തവചിന്തകരും തങ്ങളുടെ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത് നിയോപ്ലാറ്റോണിക് ചിന്തകളെ ആധാരമാക്കിയാണ്. ഈ ചിന്തകളുടെ സ്വാധീനത്തിലാണ് അതുവരെ പ്രബലമായിരുന്ന നാച്വറലിസത്തില്‍ നിന്നു വിഭിന്നമായ കലാവിഷ്‌ക്കാരശൈലികള്‍ മധ്യകാല യൂറോപ്പില്‍ പ്രത്യേകിച്ച് കിഴക്കന്‍ റോമാസാമ്രാജ്യത്തില്‍ രൂപപ്പെട്ടത്.

മധ്യശതകങ്ങളിലെ യൂറോപ്യന്‍ കലയുടെ പ്രത്യേകതകള്‍ ഹ്രസ്വമായി പ്രതിപാദിക്കാം. ദൈവത്തിനും വിശുദ്ധര്‍ക്കും സാധാരണമനുഷ്യര്‍ക്കും ചിത്രീകരണത്തില്‍ നല്‍കുന്ന വ്യത്യസ്തമായ പരിഗണന ഇക്കാലത്തെ സവിശേഷതയാണ്. പുരാതന ഈജിപ്ഷ്യന്‍ കലയിലും മധ്യകാലഭാരതീയകലയിലും മറ്റും കണ്ടുവരുന്ന ശ്രേണീബദ്ധമായ തോതു (hieratic scale) പാലിക്കുന്ന രൂപങ്ങള്‍ മധ്യശതകങ്ങളിലെ യൂറോപ്യന്‍ കലയിലും ദൃശ്യമാണ്. സ്വാഭാവികതയെ അവഗണിച്ചുകൊണ്ട് (anti-naturalistic) ബിംബങ്ങളുടെ വലിപ്പവും സ്ഥാനവും അവയുടെ പ്രാധാന്യത്തിനൊത്തു നിര്‍ണ്ണയിക്കുന്ന ഒരു രീതിയാണത്. ക്രിസ്തുവിന്റെയും മാതാവിന്റെയും അപ്പസ്‌തോലന്മാരുടെയും വിശുദ്ധരുടെയും മാലാഖാമാരുടെയും ശിരസ്സിനു ചുറ്റുമുള്ള പ്രഭാവലയം (halo) അക്കാലത്തെ പ്രബലമായ ഒരു ശൈലിയാണ്. വ്യത്യസ്ത ആകൃതികളിലുള്ള പ്രഭാവലയങ്ങളുടെ ഉപയോഗത്തിലൂടെയും രചിക്കുന്ന രൂപത്തിന്റെ ശ്രേണീബദ്ധമായ പ്രാധാന്യം മധ്യകാല കലാകാരന്മാര്‍ വെളിപ്പെടുത്തി.

Giotto, Madonna enthroned with saints and virtues (1315-20)
മധ്യശതകങ്ങളിലെ കലാശൈലിയുടെ സവിശേഷതകള്‍ പേറുന്ന ചിത്രം
Giotto, Madonna enthroned with saints and virtues (1315-20) മധ്യശതകങ്ങളിലെ കലാശൈലിയുടെ സവിശേഷതകള്‍ പേറുന്ന ചിത്രം

ത്രിമാനദ്യോതകമായ (three-dimensional illusional) സ്വാഭാവിക (naturalistic) ശൈലിയെ പരമാവധി ഉപേക്ഷിച്ചു ദ്വിമാനപരമായ (two-dimensional) ചിത്രീകരണരീതിയാണ് മധ്യശതകങ്ങളില്‍ അവലംബിച്ചുപോന്നത്. മനുഷ്യന്റെ കാഴ്ചയനുഭവത്തിനു പരിചിതമായ സ്വാഭാവികശൈലിയുടെ സവിശേഷതകളായ നിഴലും വെളിച്ചവും (light and shadow), മുന്‍തലം, മധ്യതലം, പശ്ചാത്തലം (foreground, middle-ground, background), ശാസ്ത്രീയപരിപ്രേക്ഷ്യം (scientific perspective) മുതലായ സങ്കേതങ്ങളൊന്നും മധ്യകാലചിത്രണരീതിയുടെ ഭാഗമായില്ല. ദ്വിമാനപരതയ്ക്ക് ഊന്നല്‍ നല്‍കുന്ന രേഖകളും പരന്ന നിറവിന്യാസവുമെല്ലാം അവയുടെ പ്രത്യേകതകളാണ്. സ്വാഭാവികപശ്ചാത്തല ചിത്രീകരണം മധ്യകാല ചിത്രങ്ങളില്‍ വിരളമാണ്. കടും നിറങ്ങളോ, സങ്കീര്‍ണ്ണമായ ജ്യാമിതീയഅലങ്കാരങ്ങളോ, ചിലപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണമോ ഒക്കെ പശ്ചാത്തലമാക്കുന്നതാണു അക്കാലഘട്ടത്തിലെ സാധാരണരീതി.

മധ്യകാലയുഗ സാഹിത്യത്തിലും കലയിലും പ്രബലമായിരുന്ന മറ്റൊരു സ്വഭാവവിശേഷം അടയാളങ്ങളുടെയും രൂപകങ്ങളുടെയും പ്രതീകങ്ങളുടെയും ചിഹ്നങ്ങളുടെയും ഉപയോഗത്തിലെ ബാഹുല്യമാണ്. ബൈബിളിനെയോ പാരമ്പര്യങ്ങളെയോ, ചിലപ്പോഴെല്ലാം അബദ്ധ ധാരണകളെയോ കെട്ടുകഥകളെയോപോലും അധികരിച്ചു രൂപപ്പെട്ട അടയാളങ്ങളും പ്രതീകങ്ങളും ചിഹ്നങ്ങളും രൂപകങ്ങളുമെല്ലാം മധ്യകാലചിത്രീകരണങ്ങളില്‍ കാണാം. അവയിലെ തെറ്റുകളെ പ്രചരിപ്പിക്കുകയെന്നതല്ല; പ്രതീകാത്മകമായ ഇത്തരം ഉപാധികളിലൂടെ ക്രിസ്തീയമൂല്യങ്ങളും പ്രബോധനങ്ങളും ഗഹനമായ സിദ്ധാന്തങ്ങളും ലളിതമായി നിരക്ഷരവിശ്വാസികള്‍ക്കുവേണ്ടി അവതരിപ്പിക്കുക എന്നതായിരുന്നു അവയുടെ ഉദ്ദേശ്യം. മധ്യകാലഘട്ടത്തില്‍ രൂപംകൊണ്ടതും ഇന്നും പ്രചാരത്തിലുള്ളതുമായ സ്വന്തം രക്തം കുഞ്ഞുങ്ങള്‍ക്കുവേണ്ടി ചിന്തുന്ന പെലിക്കന്‍പക്ഷിയുടെ രൂപം ക്രിസ്തുവിന്റെ ബലിയര്‍പ്പണത്തിന്റെ അത്തരമൊരു രൂപകമാണ്. അക്കാലത്തു നിറങ്ങളുടെ ഉപയോഗം പോലും സ്വാഭാവികശൈലിയിലായിരുന്നില്ല എന്നോര്‍ക്കണം. അവര്‍ക്കു നിറങ്ങള്‍ ഏതെങ്കിലും ആശയങ്ങളെയോ വ്യക്തികളെയോ ഒക്കെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങളായിരുന്നു.

ക്ലാസിക്കല്‍ ഗ്രീക്കുകലാകാരന്മാരില്‍ തുടങ്ങി റോമാസാമ്രാജ്യം മുഴുവന്‍ പ്രചുരപ്രചാരം നേടിയ സ്വാഭാവിക (naturalism) ശൈലിയില്‍നിന്ന് ഇത്ര അസാധാരണമായ ഒരു ശൈലിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ കാരണമെന്ത്? മുന്‍പു സൂചിപ്പിച്ചതുപോലെ നിയോപ്ലാറ്റോണിക് ചിന്താധാര പിന്തുടര്‍ന്ന മധ്യകാല ക്രിസ്തീയചിന്തകരുടെ ലോകവീക്ഷണം ഈ മാറ്റത്തിനു കാരണമായി. ഇഹലോകവസ്തുക്കളെയെന്നതിനേക്കാള്‍ പരലോകയാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുകയെന്നതായിരുന്നു അവര്‍ക്കു പ്രധാനം. ഇന്ദ്രിയഗോചരസത്യത്തേക്കാള്‍ ക്രിസ്തുമതസത്യങ്ങള്‍ ചിത്രീകരിക്കാനാണവര്‍ ഉദ്യമിച്ചത്. ലോകത്തിലെ ഏതൊരു വസ്തുവും ജീവിയും യൂറോപ്പിലെ മധ്യകാലമനുഷ്യനു ദൈവികമായ ഒരു അടയാളമോ വെളിപാടോ ആയിരുന്നു. കണ്ണുകൊണ്ടു കണ്ട വസ്തുവിനേക്കാള്‍ അതു നല്‍കുന്ന വെളിപാടായിരുന്നു അവര്‍ക്കു ചിത്രീകരിക്കേണ്ടിയിരുന്നത്. അങ്ങനെ പ്രാവിനെ ഒരു പക്ഷി എന്നതിനേക്കാള്‍, പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്ന ഒരു അടയാളമോ വെളിപാടോ ആയി അവര്‍ കരുതി. അപ്പോള്‍ പ്രാവ് എന്ന പക്ഷിയെ അനുകരിക്കുന്നതിനേക്കാള്‍ അതില്‍ കാണുന്ന ആത്മീയ യാഥാര്‍ത്ഥ്യത്തെയാണ് അവര്‍ അനുകരണത്തിലൂടെ ദൃശ്യവത്കരിച്ചത്. ആ ആത്മീയ യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്ന ചിത്രങ്ങളില്‍ പ്രാവിന്റെ ത്രിമാനരൂപത്തിനു പരിവര്‍ത്തനം വന്നു, പ്രാവിന്റെ യഥാര്‍ത്ഥ പശ്ചാത്തലങ്ങളില്‍നിന്ന് അവയെ മാറ്റി, അയഥാര്‍ത്ഥമായ പശ്ചാത്തലങ്ങള്‍ സൃഷ്ടിച്ചു പ്രാവിനെ അതില്‍ പ്രതിഷ്ഠിച്ചു. ചുരുക്കത്തില്‍ മാനുഷികലൗകിക അനുഭവമല്ല, ദൈവിക/അലൗകിക അനുഭവമാണ് മധ്യകാലയുഗത്തിലെ കലാവിഷ്‌ക്കാരത്തിനു ഹേതുവാകുന്നതും അവയിലൂടെ പ്രകടമാകുന്നതും.

പതിനാറാം നൂറ്റാണ്ടുമുതല്‍ കേരളത്തില്‍ വന്ന മിഷനറി മാരിലൂടെ ഈ രണ്ടു ശൈലികളുടെയും അനുകരണങ്ങള്‍ കേരളക്കരയിലുമെത്തി. സ്വാഭാവിക (naturalistic) ശൈലിയിലുള്ള ചിത്രീകരണങ്ങള്‍ വ്യാഖ്യാതാക്കളില്ലാതെ സാധാരണ വിശ്വാസി കളോട് സംവദിക്കുമെന്നതുകൊണ്ടു അവ മധ്യകാല യൂറോപ്യന്‍ ശൈലിയെക്കാള്‍ കൂടുതല്‍ ജനകീയമായി.

ക്ലാസിക്കല്‍ കാലഘട്ടത്തിലെ കലാകൃത്തുക്കള്‍ നേടിയെടുത്ത യൂറോപ്യന്‍ നാച്വറലിസ്റ്റ് ശൈലിയിലുള്ള പ്രാവീണ്യം മധ്യശതകങ്ങളില്‍ അദൃശ്യമായെങ്കിലും ഇറ്റാലിയന്‍ നവോത്ഥാനകാലത്തു യൂറോപ്പിലെ കലാകൃത്തുക്കള്‍ അതു വീണ്ടെടുത്തു. നവോത്ഥാനകാലം മുതല്‍ നിയോകഌസ്സിക്കല്‍/റിയലിസ്റ്റ് കാലംവരെ വളരെ പ്രബലമായി വളര്‍ന്ന ഈ ശൈലിയും ഈ ശൈലിയിലുള്ള സൃഷ്ടികളും ഇന്നും ജനകീയമായി തുടരുന്നു. നവോത്ഥാനകാല കലയുടെ ഈ മാറ്റത്തിലേക്കു നയിച്ച നിരവധി ഘടകങ്ങളും തത്വചിന്തകളും ഉണ്ടെങ്കിലും അതിനു നാന്ദിയായതു വി. തോമസ് അക്വിനാസ് മുന്നോട്ടുവച്ച പുതിയ കാഴ്ചപ്പാടാണ്. യാഥാര്‍ത്ഥ്യം അതീന്ദ്രിയമായൊരു രൂപ / ആശയലോകത്താണെന്ന (transcendental world of forms/ideas) പ്ലേറ്റോണിക് വീക്ഷണത്തില്‍നിന്നു വ്യത്യസ്തമായി യാഥാര്‍ത്ഥ്യം ഇഹലോകത്തെന്നു (form is immanent) വാദിച്ച അരിസ്റ്റോട്ടേലിയന്‍ ദര്‍ശനത്തിന്റെ ക്രൈസ്തവപ്രയോക്താവായിരുന്നു തോമസ് അക്വിനാസ്.

വിശുദ്ധഗ്രന്ഥത്തിലെ രൂപകങ്ങളുടെ ഉപയോഗത്തെ വിലമതിക്കുന്ന അക്വിനാസ്, അവയുടെ പല തലങ്ങളിലുള്ള അര്‍ത്ഥങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. തിരുവചനങ്ങളുടെ പ്രാഥമികമായ അര്‍ത്ഥതലം വാചികവും (literal) ചരിത്രപരവും (historical) ആണ്. ധാര്‍മ്മികമോ (moral) പ്രതീകാത്മകമോ (symbolic, allegorical, analogical) ആയ മറ്റര്‍ത്ഥങ്ങളുടെയെല്ലാം അടിസ്ഥാനം വാചികവും ചരിത്രപരവുമായ അവയുടെ അര്‍ത്ഥമാണ്. ദൃശ്യകലയില്‍ ഉപയോഗിക്കുന്ന ബിംബങ്ങളുടെയും പ്രാഥമികമായ അര്‍ത്ഥം വാചികമാണ്. അവയുടെ കാവ്യാത്മകമായ (poetic) അര്‍ത്ഥങ്ങളുടെയെല്ലാം അടിസ്ഥാനം വാചികാര്‍ത്ഥമാണ്. ഈ ലോകത്തിലെ യാതൊന്നിനും വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തിലല്ലാതെ പ്രതീകാത്മക പ്രാധാന്യം ഇല്ലെന്നും അക്വിനാസ് സ്ഥാപിച്ചു.

ഈയൊരു വാദം പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള മധ്യകാലലോകവീക്ഷണത്തില്‍ കാര്യമായ മാറ്റമുണ്ടാക്കി. അതുവരെ ദൈവികമായ വെളിപാടുകളും രൂപകങ്ങളും അടയാളങ്ങളും പ്രതീകങ്ങളും ആയിരുന്ന ലോകവസ്തുക്കളും ജീവജാലങ്ങളും അവയുടെ പ്രാഥമികമായ വാചികാര്‍ത്ഥം വീണ്ടെടുത്തു. പ്രാവിനെ പ്രാഥമികമായി പ്രാവായും വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തില്‍ മാത്രം പരിശുദ്ധാത്മാവിന്റെ പ്രതീകമായും കാണാനുള്ള സാധ്യത വി. തോമസ് അക്വിനാസ് അങ്ങനെ തുറന്നുനല്‍കി. ദൃശ്യകലയുടെ ആവിഷ്‌ക്കാരങ്ങളിലും ക്രമേണ ഈ മാറ്റങ്ങള്‍ പ്രതിഫലിച്ചു. പരിശുദ്ധാത്മാവിന്റെ പ്രതീകമെന്നനിലയില്‍ ചിത്രീകരിക്കുമ്പോളും പ്രാവിനെ അതിന്റെ സ്വാഭാവികരൂപത്തില്‍ (naturalistic) ശൈലിയില്‍ ചിത്രീകരിക്കാനുള്ള അവസരമൊരുങ്ങി. കാലക്രമത്തില്‍, കല ദൈവികമോ അലൗകികമോ ആയ അനുഭവത്തെ എന്നതിനേക്കാള്‍ മാനുഷികവും ലൗകികവുമായ അനുഭവത്തെ പ്രതിനിധാനം ചെയ്തു. നവോത്ഥാനകല അതിന്റെ പാരമ്യത്തിലെത്തുമ്പോഴേക്കും ശ്രേണീബദ്ധമായ തോതനുസരിച്ചുള്ള (hieratic scale) ചിത്രീകരണരീതികളും ശിരസ്സിനു ചുറ്റുമുള്ള പ്രഭാവലയവും (halo) മറ്റും അപ്രത്യക്ഷമായി. ക്രിസ്തുവിനെയും മറിയത്തെയും ഇതരവിശുദ്ധരെയുമെല്ലാം സ്വാഭാവികമായ പരിസരങ്ങളില്‍ സാധാരണ മനുഷ്യരെയെന്നപോലെ ചിത്രീകരിച്ചു. കാഴ്ചയുടെ അനുഭവത്തിനനുസൃതമായ കലാവിഷ്‌ക്കാരങ്ങള്‍ക്കുവേണ്ട മുന്‍തല മധ്യതല പശ്ചാത്തലങ്ങളും, നിഴലും വെളിച്ചവും, ശാസ്ത്രീയപരിപ്രേക്ഷ്യവും പോലുള്ള സങ്കേതങ്ങളും വികസിച്ചുവന്നു. ഈ മാറ്റത്തിനും വളര്‍ച്ചയ്ക്കും പിന്നില്‍ നിരവധി ചിന്താധാരകളും ശാസ്ത്രീയ വളര്‍ച്ചയും ഉണ്ടെങ്കിലും അതിലേക്കുള്ള കവാടം തുറന്നത് അക്വിനാസിന്റെ ബൗദ്ധികധീരതയാണെന്നത് വിസ്മരിച്ചുകൂടാ.

പതിനാറാം നൂറ്റാണ്ടുമുതല്‍ കേരളത്തില്‍ വന്ന മിഷനറിമാരിലൂടെ ഈ രണ്ടു ശൈലികളുടെയും അനുകരണങ്ങള്‍ കേരളക്കരയിലുമെത്തി. സ്വാഭാവിക (naturalistic) ശൈലിയിലുള്ള ചിത്രീകരണങ്ങള്‍ വ്യാഖ്യാതാക്കളില്ലാതെ സാധാരണ വിശ്വാസികളോട് സംവദിക്കുമെന്നതുകൊണ്ട് അവ മധ്യകാലയൂറോപ്യന്‍ ശൈലിയെക്കാള്‍ കൂടുതല്‍ ജനകീയമായി. സാധാരണക്കാര്‍ക്കു ദുര്‍ഗ്രഹമായ അര്‍ത്ഥതലങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ മധ്യകാലയൂറോപ്യന്‍ ശൈലി വരേണ്യര്‍ക്കിടയില്‍ ഒതുങ്ങിപ്പോയി. ഇവിടെ ബാക്കിയാവുന്ന ചോദ്യമിതാണ്: വിഖ്യാതമായ കേരളീയ ചിത്രകലാശൈലി രണ്ടു സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരള ക്രൈസ്തവര്‍ക്ക് എന്തുകൊണ്ട് അന്യമായിപ്പോയി!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org