സഭ-ക്രിസ്തുവിന്റെ മുഖം

സഭ-ക്രിസ്തുവിന്റെ മുഖം

ഒരു പുതുവത്സര സായാഹ്നത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തന്നെ കാണാനെത്തിയവര്‍ക്ക് ആശംസകളറിയിച്ചുകൊണ്ട് നീണ്ട തിരക്കിനിടയിലൂടെ കടന്നുപോവുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ മാര്‍പാപ്പയുടെ ദര്‍ശനത്തിനായി പോയിട്ടുള്ളവര്‍ക്ക് മനസ്സിലാകും തന്നെ കാണാനെത്തിയ ജനസഞ്ചയത്തിലൂടെ മാര്‍പാപ്പ കടന്നു വരുമ്പോള്‍ പാപ്പാ വിളികളാല്‍ വികാരമായി മാറുന്ന കാഴ്ച. അപ്രകാരം ജനത്തിരക്കിനിടയിലൂടെ മാര്‍പാപ്പ നടന്നു നീങ്ങുമ്പോഴാണ് ഒരമ്മ തന്റെ കുഞ്ഞിനെ ആശീര്‍വദിക്കുന്നതിനായി മാര്‍പാപ്പയുടെ അടുക്കലേക്ക് വരുന്നത്. ആ കുഞ്ഞിനെ ലാളിക്കുന്നതിനായി ഒരു നിമിഷം മാര്‍പാപ്പ തിരിയുമ്പോള്‍ പൊടുന്നനെ വേറൊരു സ്ത്രീ മാര്‍പാപ്പയെ തൊടുന്നതിനായി ശ്രമിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ആ സ്ത്രീ മാര്‍പാപ്പയുടെ കൈയ്യില്‍ പിടച്ചുവലിക്കുമ്പോള്‍ മാര്‍പാപ്പ വിഴാന്‍ പോകുന്ന ഒരു സാഹചര്യം ഉണ്ടാകുന്നുണ്ട്. വാര്‍ദ്ധക്യസഹജവും, ആരോഗ്യപരവുമായ വിഷമതകള്‍ മൂലമാകാം തെല്ലൊരു അസഹിഷ്ണുതയോടെ മാര്‍പാപ്പ ആ സ്ത്രീയുടെ കൈ തട്ടി മാറ്റുന്നുണ്ട്. പിന്നീടെപ്പോഴോ, മുറിയില്‍ വന്ന മാര്‍ പാപ്പ തന്നില്‍ നിന്നും അറിയാതെ വന്നുപോയ ആ ചെറിയൊരു വീഴ്ചയുടെ വീഡിയോ കാണുന്നത്. തന്റെ കയ്യില്‍ പിടിച്ചു വലിച്ച ആ സ്ത്രീ ആരാണെന്നോ എവിടെ നിന്നാണെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. തന്റെ ഭാഗത്തുനിന്നും പെട്ടെന്നുണ്ടായ ആ ഒരു പ്രതികരണം ആ സ്ത്രീയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാം എന്ന് മനസ്സിലാക്കിയ മാര്‍പാപ്പ പിറ്റെ ദിവസം സെന്റ് പീറ്റേഴ്‌സ് ചാപ്പലില്‍ പൊതുപ്രാര്‍ത്ഥനയ്ക്കിടെ തന്റെ ഭാഗത്തുനിന്നും മറ്റുള്ളവര്‍ക്ക് ഉതപ്പിന് കാരണമായ ആ സംഭവത്തെക്കുറിച്ച് വികാരാധീനനായി ഖേദം പ്രകടിപ്പിച്ചു. "I apologize for the bad example yesterday, sometimes even I lost my patience.''

2013 മാര്‍ച്ച് 13-ാം തീയതി പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ ലോകജനതയെ ആശീര്‍വദിക്കുന്നതിനു മുമ്പ് ലോകത്തിന് മുമ്പില്‍ ശിരസ് നമിച്ചുകൊണ്ടു പറഞ്ഞു, ''നിങ്ങളെ ആശീര്‍വ്വദിക്കാന്‍ ശക്തി ലഭിക്കുന്നതിനു വേണ്ടി നിങ്ങള്‍ എന്നെ പ്രാര്‍ത്ഥിച്ച്, അനുഗ്രഹിച്ച് ആശീര്‍വ്വദിക്കുവിന്‍. തന്റെ വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും നമ്മുടെയൊക്കെ മനസ്സുകളെ കീഴടക്കിയ നമ്മുടെയൊക്കെ ജീവിതങ്ങളില്‍ ഒത്തിരിപേരെ സ്വാധീനം ചെലുത്തുന്ന ഒരാളായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറിയിരിക്കുന്നു. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളിലും, പ്രവൃത്തികളിലും ക്രിസ്തുവിനെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, അവിടുത്തെ ജീവിതശൈലികളില്‍ യേശുവിന്റെ സാമീപ്യവും, സാന്നിദ്ധ്യവും നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, മാര്‍പാപ്പയുടെ വാക്കുകളിലും പ്രവൃത്തികളിലും ഓജസ്സും, തേജസ്സും മങ്ങാത്ത കര്‍ത്താവിന്റെ കരുണയുടെ മുഖം നമുക്ക് കാണാന്‍ കഴിയുന്നുണ്ടെങ്കില്‍, ജീവിതം നല്കിയ ആഡംബരങ്ങളും, ആഘോഷങ്ങളും ഉപേക്ഷിച്ച് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്താന്‍ മാര്‍പാപ്പയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് താന്‍ അലങ്കരിക്കുന്ന കത്തോലിക്കാ സഭയുടെ മുഖം ക്രിസ്തുവിന്റെ മുഖം ആണ് എന്ന അദ്ദേഹത്തിന്റെ വലിയ മനസ്സാണ്.

ജറുസലേമിലേക്കുള്ള കര്‍ത്താവിന്റെ രാജകീയ പ്രവേശനത്തിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരെ ഇപ്രകാരം നിര്‍ദ്ദേശിച്ചയയ്ക്കുന്നുണ്ട്. എതിരെ കാണുന്ന ഗ്രാമത്തിലേയ്ക്ക് പോകുവിന്‍, അവിടെ ഒരു കഴുതയെയും, അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് കാണും. അവയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ട് വരുവിന്‍. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാല്‍ ''കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക'' (മത്താ. 21:23). കര്‍ത്താവ് തള്ള കഴുതയെ മാത്രമല്ല കൂടെയുള്ള കഴുതകുട്ടിയെയും കൂടി അഴിച്ചുകൊണ്ടു വരാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്കുന്നുണ്ട്. അതായത് തന്റെ രാജകീയ പ്രവേശം, ജറുസലേം യാത്ര തന്റെ അമ്മയെ നഷ്ടപ്പെട്ട ദുഃഖത്താല്‍ വേദനിക്കുന്ന ഒരു കഴുതകുട്ടിയുടെ നിലവിളിക്ക് പോലും കാരണമാകരുതെന്ന് അവിടുത്തേക്ക് നിര്‍ബന്ധമുണ്ടായിരുന്നു. താന്‍ മൂലം തന്റെ ഒരു പ്രവൃത്തിമൂലം ഒരു കഴുതകുട്ടിേപാലും വേദനിക്കാനറക്കുന്ന കര്‍ത്താവിന്റെ ആ വലിയ മനസ്സ് - സമൂഹത്തിലെ നിസ്സാരവത്കരിക്കപ്പെട്ടവരിലേക്ക് പോലുമുള്ള കര്‍ത്താവിന്റെ കരുണയും, കരുതലും വ്യക്തമാക്കുന്നതാണ്.

നല്ല സമരിയാന്റെ ഉപമയില്‍ യേശു പുരോഹിതനെയും ലേവായനെയും വിധിക്കുന്നതിനുള്ള ഏകകാരണമായി പറയുന്നത് സാബത്തിനെയും, അനുഷ്ഠാനങ്ങളെയും മുറുകെപിടിച്ച് മരണാസന്നനായി പെരുവഴിയില്‍ കിടന്ന തന്റെ സഹോദരനെ ഉപേക്ഷിച്ചതാണ്. ബലിയര്‍പ്പിക്കുന്നതിനു മുമ്പ് രക്തമോ, മൃതശരീരമോ സ്പര്‍ശിക്കരുത് എന്ന മതനിയമത്തെ അവര്‍ ഒരുപകാരമാക്കി മാറ്റിയപ്പോള്‍ അര്‍ദ്ധപ്രാണനായി മരണത്തോട് മല്ലിട്ട് കൊണ്ടിരുന്ന തങ്ങളുടെ സഹോദരനെ അവര്‍ മറന്നു പോയി. മതത്തെയും, മതാനുഷ്ഠാനങ്ങെളയും ഒരു വികാരമാക്കി മാറ്റുമ്പോള്‍ മതനിയമങ്ങള്‍ ദൈവനിയമത്തെക്കാള്‍ വലുതായി മാറുന്നു. മതവും, മതാനുഷ്ഠാനങ്ങളുമെല്ലാം നമ്മെ നയിക്കേണ്ടത് ഈശോ നമുക്ക് പകര്‍ന്നു തന്ന കരുണയുടെ മഹാസമുദ്രത്തിലേക്കാണ്. മതത്തിന്റെ ആചാരത്തെക്കാളും, അനുഷ്ഠാനത്തെക്കാളും അതിന്റെ ആന്തരിക ചൈതന്യത്തിന് വില നല്കുവാന്‍ നമുക്ക് സാധിക്കണം.

ക്രിസ്തുവും ക്രിസ്തുശിഷ്യരും വചനം പ്രസംഗിച്ചും, ജീവിച്ചും യാത്ര ചെയ്യുന്നതിനിടയില്‍ ക്രിസ്തുശിഷ്യന്മാര്‍ വിശന്നപ്പോള്‍ കൈകഴുകി ശുദ്ധി വരുത്താതെ ഭക്ഷണം കഴിച്ചു. മോശയുടെ കാലം മുതല്‍ യഹൂദര്‍ പാലിക്കുന്ന നിയമമാണ് കൈകഴുകി ഭക്ഷണം കഴിക്കുക എന്നത്. കൈ ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്ന ശിഷ്യന്മാരെ ചൂണ്ടി നിയമജ്ഞരും ഫരിസേയരും ചോദിക്കുന്നു, ''നിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വികരുടെ പാരമ്പര്യത്തിനെതിരായി അശുദ്ധമായ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നു.'' യേശു പറയുന്നു, കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചിരിക്കുന്നു. ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയം എന്നില്‍നിന്ന് ഒത്തിരിയേറെ അകലെയാണ്' (മര്‍ക്കോ. 7:6). പാരമ്പര്യങ്ങളെയും, നിയമങ്ങളെയും മുറുകെപിടിക്കുന്ന കപടനാട്യക്കാരാകാതെ, മതനിയമങ്ങളെക്കാള്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്ക് വിലകല്പിക്കുന്ന മനുഷ്യരാകാന്‍ അവിടുന്ന് ആവശ്യപ്പെടുന്നു. പാരമ്പര്യങ്ങളും, മതനിയമങ്ങളും ഒരിക്കലും വേണ്ട എന്ന് നമ്മോട് പറയുന്നില്ല. മറിച്ച് നാം ഒരിക്കലും അവയുടെ അടിമകളായിരിക്കരുതെന്ന് അവിടുന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

യഹൂദ നിയമപ്രകാരം ചെയ്യാന്‍ പാടില്ലാത്ത പലതും അറിഞ്ഞുകൊണ്ട് തെറ്റിച്ചവനാണ് യേശു. വിശക്കുന്ന ശിഷ്യന്മാരുടെ മുമ്പില്‍ നിയമം പാലിക്കുന്ന കാര്‍ക്കശ്യക്കാരനെക്കാള്‍ അനുകമ്പ കാണിക്കുന്ന മനുഷ്യനാകുകയാണ് ക്രിസ്തു ചെയ്തത്. നന്മ ചെയ്യുന്നതിന് നിയമം ഈശോയ്ക്ക് ഒരു തടസ്സമായിരുന്നില്ല. നിയമത്തിന്റെയും പാരമ്പര്യങ്ങളുടെയും കുത്തും, കോമയും നോക്കി കുറ്റം വിധിച്ചവരോട് നിയമങ്ങള്‍ വിധിക്കാനുള്ളതല്ല, ജീവിക്കാനുള്ളതാണെന്ന് ഈശോ പറയുന്നു.

പാപികളോടൊത്ത് ഭക്ഷണം കഴിച്ചവനാണ് യേശു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെപ്പോലും ആശ്വസിപ്പിച്ചുകൊണ്ട് സമാധാനത്തോടെ പറഞ്ഞയച്ചവനാണ് അവിടുന്ന്. പത്രോസ് തന്നെ തള്ളി പറയും എന്നറിഞ്ഞിട്ടും, യൂദാസ് തന്നെ ഒറ്റിക്കൊടുക്കും എന്നറിഞ്ഞിട്ടും അവരുടെ പാദങ്ങള്‍ കഴുകി, തന്റെ ശരീര രക്തങ്ങള്‍ അവര്‍ക്ക് പകുത്ത് നല്കിയവനാണ് നമ്മുടെ യേശു. മുപ്പത് വെള്ളികാശിന് തന്നെ ഒറ്റിക്കൊടുത്ത യൂദാസിനെ 'സ്‌നേഹിതാ' എന്നു വിളിച്ചുകൊണ്ട് ആശ്ലേഷിച്ചവനാണ് അവിടുന്ന്. കുരിശില്‍കിടന്ന് വേദനയാല്‍ പിടയുമ്പോള്‍ പോലും തന്നെ ക്രൂശിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവനും, അവരോട് ക്ഷമിച്ചവനുമാണ് ക്രിസ്തു. ഈ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ, അനുകമ്പയുടെ, ക്ഷമയുടെ, സമാധാനത്തിന്റെ, സഹിഷ്ണുതയുടെ വികാരങ്ങളല്ലേ സഭാ മക്കളായ നമ്മളും കാണിക്കേണ്ടത്?

നാം പങ്കെടുക്കുകയും, അര്‍പ്പിക്കുകയും ചെയ്യുന്ന ബലികളില്‍ ക്രിസ്തുവിന്റെ സ്‌നേഹവും, കാരുണ്യവും വിഭജിക്കപ്പെടട്ടെ. നമ്മുടെ വാക്കുകളില്‍ ക്രിസ്തുവിന്റെസുവിശേഷം വിഷയീഭവിക്കട്ടെ. നമ്മുടെ പ്രവൃത്തികളില്‍ ക്രിസ്തുവിന്റെ ശീലങ്ങള്‍ പ്രകടമാകട്ടെ. നാം അലങ്കരിക്കുന്ന സ്ഥാനങ്ങളില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യവും, സമാധാനവും മറ്റുള്ളവര്‍ക്ക് അനുഭവപ്പെടട്ടെ. എല്ലാറ്റിലുമപുരി, മതനിയമങ്ങളെക്കാള്‍, പാരമ്പര്യങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നന്മയുടെ അംശങ്ങള്‍ നമ്മില്‍ നിന്ന് ഒരിക്കലും മാഞ്ഞ് പോകാതിരിക്കട്ടെ... തന്റെ സഭാ മക്കളെ നോക്കി അവിടുന്ന് ഒരിക്കലും പറയാതിരിക്കട്ടെ, ''ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാല്‍ ഇവരുടെ ഹൃദയം എന്നില്‍ നിന്ന് ഒത്തിരിയേറെ അകലെയാണ്' (മര്‍ക്കോ. 7:6).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org