
മാതൃത്വമാണ് ഏതു സംസ്‌കാരത്തിന്റെയും അമൂല്യമായ നിധി. അതിന്റെ നിര്‍വചനമാണ് സംസ്‌കാരത്തിന്റെ നില നില്‍പ്പ് തന്നെ. മാതൃത്വമെന്നത് സ്ത്രീയെ പുരുഷനില്‍നിന്നും വ്യതിരിക്തമാക്കുന്ന തനിമ മാത്രമല്ലെന്നും, അത് സംസ്‌കാരത്തിന്റെ അടിസ്ഥാനമാണെന്നും പഠിപ്പിച്ചത് മതങ്ങളാണ്. അതു കൊണ്ടായിരിക്കണം സ്ത്രീ പ്രസൂതിയാണെന്നും അവളുടെ കര്‍മ്മം സന്താനോത്പാദനമാണെന്നും അവ പറഞ്ഞു വച്ചത്. അത് പിന്നീട് സ്ത്രീത്വത്തിന്റെ മാനദണ്ഡമാകുകയും ചെയ്തു എന്നതാണ് ചരിത്രം. സ്ത്രീത്വം സമം മാതൃത്വം എന്ന ചിന്ത പുരുഷകേന്ദ്രീകൃതമായ മതാത്മകതയാണ്. അത് സ്ത്രീകളെ കുരുക്കുന്ന ഒരു കെണിയാണെന്ന സത്യം മാറ്റി നിര്‍ത്താനും സാധിക്കില്ല. സ്വര്‍ണ്ണക്കൂട്ടിലുള്ള ഒരു പാരതന്ത്ര്യമാണത്. സ്ത്രീ അമ്മയായി അണിയറയില്‍ നില്‍ക്കുക, അരങ്ങില്‍ ഞങ്ങള്‍ ആടി കൊള്ളാം എന്ന പുരുഷാധിപത്യത്തിന്റെയും ആചാരാനുഷ്ഠാന മനോഭാവത്തിന്റെയും മറ്റൊരു പതിപ്പാണത്. ഈയൊരു ചിന്താപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് സ്ത്രീത്വം, സ്‌ത്രൈണത, മാതൃത്വം എന്നീ സങ്കല്പങ്ങളെ കൂട്ടിയിണക്കി സഭയിലെ മറിയത്തിന്റെ സ്ഥാനത്തെക്കുറിച്ച് നമ്മള്‍ വിചിന്തനം ചെയ്യുന്നത്.
സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്‌ത്രൈണലാവണ്യമാണവള്‍. നമുക്കറിയാം, കാഴ്ചയില്‍ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന ആനന്ദമാണ് ലാവണ്യം. അതുകൊണ്ടാണ് സൗന്ദര്യത്തിന്റെ സ്ഥാനം അത്ഭുതങ്ങളുടെ ഗണത്തിലാണെന്ന് പറയുന്നത്. അങ്ങനെയാകുമ്പോള്‍ അത്ഭുതമാണ് മറിയം: അത്ഭുതം എന്ന പദത്തിന്റെ തനി അര്‍ത്ഥം പകരുന്ന യാഥാര്‍ത്ഥ്യം. എന്താണ് അത്ഭുതം? സംസ്‌കൃതത്തില്‍ 'സ്മയം' ആണത്. സ്മയത്തിന് പുഞ്ചിരി എന്നും അര്‍ത്ഥമുണ്ട്. പുഞ്ചിരി പടര്‍ത്തുന്ന കാഴ്ചയാണ് അത്ഭുതം. കണ്ണാടിയിലെ നമ്മുടെ പ്രതിബിംബം നമുക്ക് പകര്‍ന്നു നല്‍കുന്ന പുഞ്ചിരിയും ഇതേ അനുഭവം തന്നെയാണ്. എല്ലാ അത്ഭുതങ്ങളുടെയുള്ളിലും ആനന്ദത്തിന്റെ ആല്‍ക്കമിയുണ്ട്. മറിയം എന്ന സ്‌ത്രൈണ ലാവണ്യത്തിലും ആ ആനന്ദമുണ്ട്. അതുകൊണ്ട് സഭയില്‍ അവള്‍ പുഞ്ചിരി പടര്‍ത്തുന്ന ഒരു കാഴ്ചയാണ്. ആനന്ദ ദര്‍പ്പണമാണവള്‍, ഒപ്പം ഒരു സമസ്യ കൂടിയാണ്.
യഹൂദരുടെ അദൃശ്യമായ സത്യദൈവത്തിനും യവനരുടെ വേഷപ്പകര്‍ച്ചകളെ ആരാധിക്കുന്ന ചിന്തകള്‍ക്കും ഇടയിലെ വിലപേശലില്‍, ക്രൈസ്തവികതയിലെ അത്ഭുതം എന്ന സങ്കല്പത്തിന് അനന്തതയുടെ സാക്ഷാത്ക്കാരം എന്നല്ലാതെ മറ്റൊരു മാനവും നല്‍കാന്‍ സാധിക്കുകയില്ല. അപരനു വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുന്ന ഒരു ശരീരത്തിനുള്ളിലെ പ്രണയാതുരമായ ആത്മാവിന്റെ നിത്യത പോലെയാണ് ഈ അനന്തത. അപരന്‍ പുരുഷനാണ്, ശരീരമോ സ്ത്രീയും. സ്ത്രീ ഒരു ശരീരം ആകുമ്പോള്‍ കാഴ്ചയുടെ ആനന്ദം അനുഭവിക്കുന്നത് പുരുഷന്‍ മാത്രമാണ്. പല പ്രാവശ്യവും അവന്റെ നോട്ടം തുളയ്ക്കുന്ന നോട്ടമാണ്. എങ്കിലും അവള്‍ കാണപ്പെടാന്‍ ആഗ്രഹിക്കുന്നു. കാണുക/കാണപ്പെടുക എന്ന സംവേദനത്തില്‍ കാണപ്പെടലിലാണ് സ്ത്രീയുടെ സ്ഥാനം. അവളെ കാണുന്നവനാണ് പുരുഷന്‍. ക്രൈസ്തവ യുക്തിയില്‍ ഈ കാഴ്ച്ച നല്‍കുന്ന ആനന്ദം വിശ്വാസത്തിന്റെ രണ്ട് തത്വങ്ങളുമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത്: മനുഷ്യാവതാരവും സ്‌നേഹവും.
ദൈവത്താല്‍ കാണപ്പെട്ടവളാണ് മറിയം. അവളിലൂടെയാണ് മനുഷ്യാവതാരം സംഭവ്യമാകുന്നത്. അദൃശ്യനായ ദൈവം ദൃശ്യമായത് അവളുടെ ശരീരത്തിലൂടെയാണ്. ആ ശരീരത്തിലൂടെ സാക്ഷാത്കാരമായത് സ്‌നേഹാര്‍ദ്രമായ മറ്റൊരു ശരീരമാണ്, യേശു. മറിയത്തിന്റേത് ദൈവത്തിനു വേണ്ടി ഉഴിഞ്ഞുവച്ച ഒരു ശരീരമായിരുന്നു; ദൈവം ആഗ്രഹിച്ച ശരീരം. അതുകൊണ്ടാണ് മനുഷ്യാവതാരത്തില്‍ ആത്മീയ വത്ക്കരിച്ച ഒരു ശാരീരികബന്ധം ഉണ്ടായിട്ടുണ്ട് എന്നു പറയുന്നത്. അത് സകലതിനെയും സ്‌നേഹത്തിന്റെ ഭ്രമണപഥത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു. സ്‌നേഹം മറിയത്തിന്റെ നിയതിയെ നിശ്ചയിക്കുന്നു. എല്ലാ ലാവണ്യത്തോടും കൂടി അവളുടെ വ്യക്തി വൈശിഷ്ട്യത്തില്‍ അത് തെളിഞ്ഞുനില്‍ക്കുന്നു.
സ്‌ത്രൈണലൈംഗികത അന്തര്‍മുഖവും അദൃശ്യവുമാണ് എന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തിലാണ് ദൈവം അതിനെ സ്‌നേഹത്തിന്റെ യുക്തിയിലൂടെ കണ്ടെത്തുകയും മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ഈ സ്വര്‍ഗ്ഗീയ തനിമയാണ് മനുഷ്യാവതാരം. സ്‌ത്രൈണ ലൈംഗികതയുടെ കൂടി ഉയിര്‍ത്തെഴുന്നേല്‍പ്പാണ് അത്. പൗരുഷത്തിന്റെ ആത്മരതിയിലൂടെയല്ല ദൈവം മറിയത്തെ കാണുന്നത്, പരിഗണനയുടെ കാഴ്ചയില്‍ നിന്നാണ്. പരിഗണനയാണ് സ്‌നേഹം. അതിലൂടെയാണ് അവള്‍ മാതൃത്വത്തിലേക്ക് നടന്നടുക്കുന്നത്. ദൈവത്താല്‍ പരിഗണിക്കപ്പെട്ടവള്‍ക്ക് നിസ്സംഗയായി ഇരിക്കാന്‍ സാധിക്കില്ല. ആത്മരതിയുമായി അനുരൂപപ്പെടുകയുമില്ല. അതുകൊണ്ടാണ് അവളെ സുവിശേഷങ്ങള്‍ കാര്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുന്നത് (ലൂക്കാ 2:39-56, യോഹ. 2:1-11).
സഭയില്‍ സ്‌ത്രൈണതയെ സൗന്ദര്യാനുഭൂതിയായി ദര്‍ശിക്കാത്ത കാലത്തോളം മറിയത്തിന്റെ മാതൃത്വം ഒരു വിഗ്രഹതുല്യം മാത്രമായിരിക്കും. സ്വര്‍ഗ്ഗപിതാവിന്റെ സ്‌നേഹത്തിനു പാത്രമാവുകയും യേശുവിന്റെ ആദ്യ സക്രാരിയാകുകയും ചെയ്ത സ്‌ത്രൈണമൂര്‍ത്തിയായാണ് സഭ ഇക്കാലയളവോളം മറിയത്തെ ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണത്തില്‍ വര്‍ണ്ണനകളുടെ അതിപ്രസരണമുണ്ട്. ഒപ്പം അവളുടെ ശില്പചാരുതയില്‍ കെനോ സീസിന് എന്നും പ്രാധാന്യം നല്‍കിയിട്ടുമുണ്ട്. ശൂന്യവത്ക്കരണത്തിന്റെ ഒരു ദൈവശാസ്ത്രം മറിയത്തിനോടു കൂടെയുണ്ട് എന്നത് സത്യമാണ്. പക്ഷേ, ആ സഹനം പുരുഷ കാഴ്ചപ്പാടിലാണ് വര്‍ണിച്ചിരിക്കുന്നത്. സ്ത്രീ സഹജമായ നൊമ്പരങ്ങള്‍ വരികള്‍ക്കിടയില്‍ മാഞ്ഞുപോയി. അതുകൊണ്ടാണ് പുരുഷഭാവങ്ങള്‍ ക്രൈസ്തവ പ്രതീകങ്ങളായി മാറിയത്. കുരിശുമരണത്തോളമുള്ള ഈശോയുടെ സ്‌നേഹം മരണത്തിനോടുള്ള സ്‌നേഹമല്ല, ജീവനോടുള്ള സ്‌നേഹമാണ്. അതേ സ്‌നേഹം തന്നെയാണ് മറിയത്തിന്റെ മാതൃത്വവും പങ്കു വയ്ക്കുന്നത്. കുരിശ് എന്ന പുരുഷ സഹനവും മാതൃത്വം എന്ന സ്‌ത്രൈണാനന്ദവും തമ്മില്‍ ഒരു ധാരണയില്‍ എത്തിയാല്‍ മാത്രമേ സ്‌നേഹം ലാവണ്യമായി സഭയെ സ്പര്‍ശിക്കൂ.
പുരുഷലൈംഗികതയുടെ കാഴ്ചപ്പാടില്‍ ലാവണ്യമെന്നത് ദൗര്‍ബല്യത്തിന്റെ ആവിഷ്‌കരണമാണ്. അത് സൗന്ദര്യാനുഭൂതിയില്‍ മൃദുലത എന്ന സങ്കല്പത്തിന്റെ കൂട്ടിക്കലര്‍ത്തലാണ്. അതുകൊണ്ടാണ് സ്‌നേഹത്തിന്റെ സൂക്ഷ്മഭേദത്തില്‍ അധികാരത്തിന്റെ പാതകങ്ങള്‍ സഹിക്കുകയും ആത്മസംയമനം പാലിക്കുകയും ചെയ്യേണ്ടത് സ്ത്രീയുടെ മാത്രം കടമയാണെന്ന് അവര്‍ പറഞ്ഞുവച്ചത്. അങ്ങനെ സ്ത്രീക്ക് സഹനവും ആത്മസംയമനവും അഴകായി മാറി. ആ അഴക് പിന്നീട് അനുപമമായി. സഹനം മാതൃത്വത്തെ നിര്‍വചിച്ചു, ആത്മ സംയമനം കന്യകാത്വത്തേയും. അങ്ങനെ മറിയം വ്യാകുലയായ ദൈവമാതാവും നിത്യകന്യകയുമായി. അമ്മകന്യ എന്ന വിരോധാഭാസം അവളില്‍ സമഞ്ജസമായി സമ്മേളിച്ചു. അഴക് അവളില്‍ അഗാപ്പേയായി.
അമ്മകന്യക എന്ന പ്രയോഗത്തെപ്പറ്റി നാം ധ്യാനിക്കുമ്പോള്‍ മറിയത്തിന്റെ കന്യകാത്വത്തെക്കുറിച്ചു പറയേണ്ടി വരും. വിശുദ്ധിയിലേക്കുള്ള പ്രവേശനത്തിന് ലൈംഗികത ഒരു തടസ്സമാണ് എന്ന ചിന്ത ഇവിടെയുണ്ട് എന്നത് ശരിയാണ്. അപ്പോഴും ഓര്‍ക്കുക, കന്യക എന്നത് ഒരു വിശേഷണമാണ്. അതിനു ശാരീരികവും മാനസികവും സാമൂഹികവുമായ അര്‍ഥതലങ്ങളുണ്ട്. പക്ഷേ മറിയത്തിന് ഈ വിശേഷണം സ്‌ത്രൈണതയുടെ പൂര്‍ണ്ണതയാണ്. ഒപ്പം ഇതൊരു കെണി കൂടിയാണ്. കാതും കണ്ണീരുമായി ചുരുങ്ങിപ്പോകുന്ന ഒരു സ്ത്രീചിത്രമായി സ്‌ത്രൈണത മാറുന്നു. മറിയം അനുസരണയുടെയും സഹനത്തിന്റെയും മാതൃകയാകുന്നു.
അനുസരണയും സഹനവുമാണ് മറിയത്തെ ക്രൈസ്തവ സ്‌ത്രൈണതയുടെ പ്രതിനിധിയാക്കുന്നത്. എന്നിട്ടും എന്തേ മറിയം ഒരു വിചിന്തന വിഷയമാകുമ്പോള്‍ ഭാര്യ എന്ന സങ്കല്പം കടന്നുവരുന്നില്ല? കാരണം, സഭയില്‍ മറിയം ഒരു സമര്‍ത്ഥമായ പാത്രനിര്‍മ്മിതിയാണ്. അവിടെ പുരുഷനെ അസ്വസ്ഥമാക്കുന്ന സ്‌ത്രൈണതയുടെ പൂര്‍ണ്ണതയല്ല അവള്‍, മറിച്ച് പുത്രനെ കുറിച്ചു മാത്രം ചിന്തിക്കുന്ന ഉത്തമ അമ്മയാണ്. അവളുടെ നോട്ടം പുത്രനില്‍ മാത്രമാണ്, മറ്റു പുരുഷന്മാരില്‍ പതിയുന്നില്ല, ജോസഫില്‍ പോലും. അതുകൊണ്ടുതന്നെയാണ് ജോസഫുമായി ബന്ധപ്പെടുത്തിയുള്ള ദമ്പതി എന്ന സങ്കല്പം വരികളില്‍ നിന്നും മാഞ്ഞു പോയത്. പുരുഷകേന്ദ്രീകൃത സഭയില്‍ ഈ സ്‌ത്രൈണത വിശുദ്ധമാണ്. കാരണം, മറിയം പലയിടങ്ങളില്‍ സഭയുടെ പര്യായമായി മാറുന്നുണ്ട്. ഉദാഹരണത്തിന് യോഹന്നാന്റെ സുവിശേഷത്തില്‍ യേശുവിന്റെ അമ്മയെ മറിയം എന്ന് അഭിസംബോധന ചെയ്യുന്നില്ല. അവള്‍ അവിടെ പേരില്ലാത്ത അമ്മയാണ്. പേരില്ലാത്തതുകൊണ്ട് ഒരു പ്രതിനിധി കഥാപാത്രമാണ്. ആരുടെ പ്രതി നിധി? സഭയുടെ പ്രതിനിധി. അങ്ങനെ ചിന്തിക്കുമ്പോള്‍ യേശുവിന്റെ അമ്മ സമം സഭ എന്ന അര്‍ത്ഥം അവിടെ കടന്നുവരുന്നുണ്ട്.
ഒരു പുരുഷനെയും നോക്കാതെ പുത്രനെ മാത്രം നോക്കുന്ന സ്‌ത്രൈണ രൂപമാണ് മറിയം എന്ന ചിത്രീകരണം സഭയുടെ തന്നെ സ്‌ത്രൈണതയും മാതൃത്വവുമാണ് വെളിപ്പെടുത്തുന്നത്. കാരണം, മറിയത്തെയും സഭയേയും യേശുവിന്റെ അമ്മയായിട്ടു മാത്രം കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മറിയം അമ്മ മാത്രമാണ്. തന്റെ ആത്മാവും ശരീരവും പുത്രനു പൂര്‍ണമായും നല്‍കിയവളാണ് അവള്‍. അവളുടെ മാതൃ ശരീരം ഇല്ലായിരുന്നെങ്കില്‍ പുത്രന് ശരീരം ഉണ്ടാകുമായിരുന്നില്ല എന്നതാണ് ഇവിടുത്തെ യുക്തി. ദൈവകൃപയാല്‍ നിറഞ്ഞ ആത്മാവും ശരീരവുമാണ് അവള്‍ക്കുള്ളത്. അത് ദൈവദൂതന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ ദൈവകൃപയാണ് സകല സ്ത്രീകളുടെയും മാതൃത്വത്തിന്റെ അടിസ്ഥാനവും ന്യായീകരണവുമെന്നും വാദിക്കാവുന്നതുമാണ്. അങ്ങനെയാണെങ്കില്‍, സഭാത്മകമായി ചിന്തിക്കുമ്പോള്‍ ഇവിടെ ഒരു പ്രശ്‌നം കടന്നുവരുന്നുണ്ട്. സഭ പുരുഷകേന്ദ്രീകൃതമാണെങ്കിലും അതിനുള്ള വിശേഷണം സ്ത്രീലിംഗമാണ്. സഭ സ്വയം വിശേഷിപ്പിക്കുന്നത് മാതാവ് എന്നാണ്. സഭ അമ്മയാണെങ്കില്‍, അവളുടെ മാതൃത്വത്തിന്റെയും സ്‌ത്രൈണതയുടെയും അടിസ്ഥാനവും ന്യായീകരണവും ദൈവകൃപ മാത്രമാണെന്ന് പ്രഘോഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞില്ലേ? മറിയത്തെ പോലെ ഇതാ നിന്റെ ദാസി എന്നു ദൈവത്തിനോടും ലോകത്തിനോടും പറയേണ്ടേ?