
ഫാ. തോമസ് ചാത്തംപറമ്പില്‍ സി.എം.ഐ. (പ്രിയോര്‍ ജനറാള്‍)
"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!" ലൂക്കാ 2:14
ദൈവത്തിനു മനുഷ്യരോടുള്ള ഉള്ളടുപ്പത്തിന്റെ ഓര്‍മ്മയുണര്‍ത്തികൊണ്ട് ഒരിക്കല്‍ക്കൂടി ക്രിസ്മസ് സമാഗതമാവുകയാണ്. ദൈവസ്‌നേഹം മനുഷ്യാവതാരം ചെയ്തതിന്റെയും ദൈവകാരുണ്യം മനുഷ്യരുടെയിടയില്‍ കൂടാരമടിച്ചതിന്റെയും സദ്വാര്‍ത്തയുമായി തിരുപ്പിറവി അനുസ്മരിക്കപ്പെടുമ്പോള്‍, മനുഷ്യരായ നാം കൂടുതല്‍ നന്ദിയുള്ളവരും നന്മയുള്ളവരുമായി മാറണമെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന സമയമായി ഇത് മാറുന്നു.
ക്രിസ്മസ്, ദൈവത്തിന്റെ പങ്കുവെയ്ക്കലിന്റെ സ്മരണയുണര്‍ത്തുന്ന തിരുനാളാണ്. മനുഷ്യരോടുള്ള ഉള്ളടുപ്പത്തിന്റെ പേരില്‍ തന്റെ ഉള്ളും ഉള്ളതും പങ്കുവച്ച ദൈവത്തിന്റെ സ്‌നേഹഗാഥയാണ് തിരുപ്പിറവി.
തന്നില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുവാന്‍ വേണ്ടി തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്‌നേഹിച്ചതിന്റെ (യോഹ 3:16) കഥയാണല്ലോ മനുഷ്യാവതാരം നമ്മോടു പറയുന്നത്. സ്വയം കൊടുക്കുന്ന സ്‌നേഹമാണ് ഏറ്റവും മഹത്തായ സ്‌നേഹമെ ന്നാണല്ലോ കിസ്തു പഠിപ്പിച്ചതും. അവിടുന്ന് മനുഷ്യനായതും, ദൈവത്തോടുള്ള സമാനത വെടിഞ്ഞതും, ദാസനായതും ദാരിദ്ര്യത്തെ പുല്കിയതുമെല്ലാം ഈ ആത്മദാനത്തിന്റെ സ്‌നേഹം നമുക്ക് അനുഭവവേദ്യമാക്കാന്‍ വേണ്ടിയായിരുന്നു.
കൊടുക്കുകയും പങ്കുവയ്ക്കുകയുമാണ് ദൈവത്തിന്റെ സ്വഭാവ മെന്നു നമ്മെ ക്രിസ്മസ് ഓര്‍മ്മപ്പെടുത്തുകയാണ്, എല്ലാ അര്‍ത്ഥത്തിലും. സ്വരുക്കൂട്ടുകയും സ്വന്തമാക്കുകയും ചെയ്യാന്‍ മനുഷ്യര്‍ വെമ്പല്‍ കൊള്ളുമ്പോള്‍, കൊടുക്കുകയും പങ്കിടുകയുമാണ് മഹനീയമെന്നു മനുഷ്യാവതാരത്തി ലൂടെ ദൈവം നമുക്ക് പറഞ്ഞു തരുന്നു. അവിടുത്തെപ്പോലെ ഈ ഒരു ആത്മദാനത്തിലേക്കു വളരുവാന്‍ ക്രിസ്മസ് ആഘോഷം നമ്മെ പ്രേരിപ്പിക്കണം. 'താ' (തരിക) എന്ന സ്വാഭാവിക മനുഷ്യചിന്തയില്‍ നിന്നും സ്വഭാവത്തില്‍ നിന്നും 'ദാ' (കൊടുക്കുക) എന്ന ദൈ വികസ്വഭാവത്തിലേക്കു മാറുമ്പോഴാണ് നമ്മിലും തിരുപ്പിറവി ഒരു യാഥാര്‍ത്ഥ്യമായിത്തീരുകയുള്ളു, ക്രിസ്തു നമ്മുടെ ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ ജനിക്കുകയുള്ളൂ.
ക്രിസ്തു നമ്മോടു പങ്കുവച്ച കാര്യങ്ങളില്‍ ഏറ്റവും സുപ്രധാനമായതു അവിടുത്തെ സമാധാനമാണ്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുവാനാണ് യേശുനാഥന്‍ വന്നത്. കാലിത്തൊഴുത്തില്‍ സമാധാനത്തിന്റെ രാജാവായി പിറവിയെടുക്കുന്ന യേശുനാഥന്‍ പിന്നീട് തന്റെ പരസ്യജീവിതകാലത്ത് പറഞ്ഞു പഠിപ്പിച്ചതും സമാധാനം നിങ്ങളോടു കൂടെ എന്നാണല്ലോ. മനുഷ്യമക്കളുടെ എല്ലാവിധ ഭയപ്പാടുകളുടെ മേലും ഉയര്‍ന്നു നിന്ന് ഭയപ്പെടേണ്ട സമാധാനം നിങ്ങളോടുകൂടെ എന്നു പറഞ്ഞ് പഠിപ്പിക്കുന്ന ഗുരുനാഥനെയാണ് സുവിശേഷങ്ങളില്‍ നാം കണ്ടെത്തുന്നത് (മാര്‍ക്കോ 4:39) (ലൂക്കാ 24:36).
ലളിതമെങ്കിലും യേശുനാഥന്‍ നല്‍കുന്ന സമാധാനത്തിന്റെ സന്ദേശത്തെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യജീവിതത്തിന്റെ ബാഹ്യമായ സന്തുലനാവസ്ഥയും സ്വസ്ഥതയും നിലനിര്‍ത്താനാവുക എന്നതിലുപരി ആന്തരീകവും സമഗ്രവുമായ അര്‍ത്ഥവ്യാപ്തി അവിടുന്നു നല്‍കുന്ന സമാധാനസന്ദേശത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അത് രാജ്യങ്ങളോടും ജനതതികളോടുമുള്ള സന്ധിസംഭാഷണത്തിന്റെ ഭാഷയായിരുന്നില്ല. ആയതിലൂടെ സംജാതമാകുന്ന ദൈവരാജ്യസം സ്ഥാപനത്തെയായിരുന്നില്ല യേശുനാഥന്‍ വിഭാവനം ചെയ്തത്. മറിച്ച് അവിടുന്ന് നമ്മെ പഠിപ്പിച്ച സമാധാന വഴികള്‍ സമഗ്രവും സ്വര്‍ഗ്ഗരാജ്യോന്മുഖമായിട്ടുള്ളതുമായിരുന്നു. ക്രിസ്തുനാഥന്‍ പഠിപ്പിച്ച സമാധാന സന്ദേശം, വ്യക്തികള്‍ക്കിടയില്‍ രൂപപ്പെട്ടുവരേണ്ടുന്ന മനസ്സിലാക്കലിന്റെയും പരസ്പരമുള്ള അംഗീകരിക്കലിന്റെയും അന്യോന്യമുള്ള വ്യക്തി ബഹുമാനത്തോടെയുള്ള വിധേയപ്പെടലിനുമൊക്കെയുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈശോനാഥന്‍ തന്റെ ശിഷ്യന്മാരെ മനസ്സിലാക്കിയതുപോലെ; പാപികളെയും ചുങ്കക്കാരെയും അംഗീകരിച്ചു തന്റെ പക്ഷം ചേര്‍ത്ത് നിര്‍ത്തിയതു പോലെ, കുരിശുമരണം വരെ സ്വര്‍ഗത്തിനും ഭൂമിക്കും വേണ്ടി വിധേയപ്പെട്ടതുപോലെ നാമും അനുവര്‍ത്തിക്കുവാന്‍ പരി ശ്രമിക്കുമ്പോഴാണ് നമുക്കിടയില്‍ യഥാര്‍ത്ഥമായ ക്രിസ്തീയ സമാധാനം സംജാതമാകുന്നത്.
ഏറെ ക്ലേശകരമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം
കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി,
നമ്മുടെ ജീവിതക്രമത്തെയാകെ മാറ്റി മറിക്കുകയും
പുനഃക്രമീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
ആശങ്കയും ആകുലതയും നമ്മെ അലട്ടുമ്പോള്‍,
ക്രിസ്തുവിന്റെ തിരുപ്പിറവി ഓര്‍മ്മിപ്പിക്കുന്ന
ആത്മദാനവും, പങ്കുവയ്പ്പും, സമാധാനവും,
ലാളിത്യവുമെല്ലാം നമ്മുടെ പുതിയ ജീവിതക്രമത്തിന്റെ
ഭാഗമാകട്ടെ.
ക്രിസ്തു നല്‍കുന്ന സമാധാനമെന്നതു ആത്യന്തികമായി ബന്ധങ്ങളിലുള്ള വളര്‍ച്ചയാണ്. ദൈവത്തോടും മനുഷ്യരോടും പ്രപഞ്ചത്തോടും തന്നോടുതന്നെയുമുള്ള ബന്ധങ്ങളിലുള്ള വളര്‍ച്ചയിലൂടെ സംജാതമാകേണ്ട സമാധാനമാണിത്. നീതിപൂര്‍വകമായ ജീവിത ശൈലിയിലൂടെയും അനുരഞ്ജനത്തിലൂടെയും ക്ഷമിക്കുന്ന സ്‌നേഹത്തിലൂടെയുമാണ് ഈ സമാധാനം ഉടലെടുക്കുകയുള്ളൂ. എൃമലേഹഹശ ഠൗേേശ യില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു: 'സത്യം, നീതി, കരുണ എന്നിവയോടു സമാധാനം ബന്ധപ്പെട്ടിരിക്കുന്നു. പ്രതികാരത്തിനുള്ള ആഗ്രഹത്തിനു പകരം അത് കര്‍മ്മോന്മുഖമാണ്. ശുശ്രൂഷ, അനുരഞ്ജനം, പരസ്പരവികാസം എന്നിവയില്‍ അടിസ്ഥാനമിട്ട ഒരു സമൂഹരൂപവത്കരണത്തിനായി അത് ലക്ഷ്യം വയ്ക്കുന്നു. ഒരു സമൂഹത്തില്‍ സകലര്‍ക്കും സ്വഭവനത്തിലെന്ന പോലെ സ്വസ്ഥത അനുഭവി ക്കാന്‍ സാധിക്കണം. അങ്ങനെ, സകലരെയും ഉള്‍ക്കൊള്ളുകയും കരുതുകയും ചെയ്യുന്ന ഒരു കലയാണ് സമാധാനം." ആ സമാധാന സംസ്ഥാപനത്തിനു നാം നല്ല മനസ്സിന്റെ ഉടമകളാകണം എന്ന സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്.
ലാളിത്യത്തിന്റെ ജീവിതശൈലിയാണ് ക്രിസ്മസിലൂടെ ക്രിസ്തു നമ്മോടു പങ്കുവെക്കുന്ന മറ്റൊരു സന്ദേശം. ലളിതമായിരുന്നു ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജീവിതം. ലോകരക്ഷകനായ ദൈവസുതന്‍ തന്റെ ജനനത്തിനായി തിരഞ്ഞെടുക്കുന്നത് വെറുമൊരു കാലിത്തൊഴുത്താണ്. നസ്രത്തില്‍ അവിടുന്ന് ജീവിച്ചുവളര്‍ന്ന സാഹചര്യം വിനീതമായിരുന്നു. ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെ അത്ഭുതകരമായി മുപ്പത്തിമൂന്നു വര്‍ഷം കൊണ്ട് മാനവരാശിയുടെ ജീവിതലക്ഷ്യത്തെ തന്നെ വിപ്ലവകരമായി മാറ്റി മറിക്കാന്‍ അവിടുത്തേയ്ക്കു കഴിഞ്ഞു. ലാളിത്യത്തിന്റെ ലാവണ്യമാണ് ക്രിസ്തുമസിന്റെ മുഖമുദ്ര.
ലളിതമായിരിക്കണം നമ്മുടെ ക്രൈസ്തവ സഭാജീവിതവും സമൂഹജീവിതവുമെല്ലാം. അനുദിന ജീവിത സാഹചര്യങ്ങളില്‍ വിവിധങ്ങളായ കര്‍മ്മ മേഖലകളില്‍ തിളക്കമാര്‍ന്ന വിജയവും ഔന്നിത്യവും പുലര്‍ത്തുന്നവരായിരിക്കുമ്പോള്‍ തന്നെ വ്യക്തിസമൂഹ ജീവിതബന്ധങ്ങളെ പരിപോഷിപ്പിക്കുന്ന ലാളിത്യമാര്‍ന്ന ജീവിത ശൈലികളെ വളര്‍ത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ അനിവാര്യതകളില്‍ ഒന്നാണ്. നമ്മുടെ ക്രൈസ്തവ സഭാജീവിതത്തിനും സന്യാസി സാമൂഹിക കുടുംബബന്ധങ്ങളെയുമെല്ലാം ഊഷ്മളവും പ്രസാദാത്മകവുമാക്കി നിലനിര്‍ത്തുന്ന അടിസ്ഥാനഘടകം നാം വ്യക്തിജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യമനോഭാവം തന്നെയാണ്. നമ്മുടെ സ്ഥാനമാനങ്ങളും കഴിവുകളും കാഴ്ചപ്പാടുകളും പ്ര വര്‍ത്തന പ്രാഗത്ഭ്യങ്ങളും എന്തു തന്നെയായാലും അവയ്ക്കുപരിയായ ലളിതമനോഹരമായ വ്യക്തിബന്ധങ്ങളുടെ ശ്യംഖലയായിരിക്കണം നമ്മുടെ സഭാ സമൂഹ കുടുംബ നിര്‍മിതികളുടെ ഉറപ്പും കരുത്തും.
ഏറെ ക്ലേശകരമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി, നമ്മുടെ ജീവിതക്രമത്തെയാകെ മാറ്റിമറിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആശങ്കയും ആകുലതയും നമ്മെ അലട്ടുമ്പോള്‍, ക്രിസ്തുവിന്റെ തിരുപ്പിറവി ഓര്‍മ്മിപ്പിക്കുന്ന ആത്മദാനവും, പങ്കുവയ്പ്പും, സമാധാനവും, ലാളിത്യവുമെല്ലാം നമ്മുടെ പുതിയ ജീവിതക്രമത്തിന്റെ ഭാഗമാകട്ടെ. ഈ അവസരത്തില്‍ എൃമലേഹഹശ ഠൗേേശ നല്‍കുന്ന വിശ്വസാഹോദര്യത്തിന്റെയും പരിഗണനയുടെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം കൂടി നാം ഉള്‍ക്കൊള്ളുകയും തിരുപ്പിറവിയൊരുക്കത്തിന്റെ നിയോഗമാക്കി മാറ്റുകയും ചെയ്യേണ്ടതാണ്. കൂടുതല്‍ സ്‌നേഹോഷ്മളതയും പരസ്പര ധാരണയും പങ്കുവയ്പും കരുതലും നിറയുന്ന വ്യക്തിബന്ധങ്ങളാല്‍ സമ്പന്നമാകട്ടെ നമ്മുടെ ജീവിതം. ദൈവത്തെപ്പോലെ നമുക്കും പങ്കുവയ്ക്കുന്നവരാകാം, സ്‌നേഹവും സമാധാനവും.