
ഫാ. ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ
പ്രൊഫസര്‍. വടവാതൂര്‍ സെമിനാരി, കോട്ടയം
ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉദാത്തവും മനോഹരവുമായ ആദ്ധ്യാത്മികത യേശു പഠിപ്പിച്ചതും കാണിച്ചു തന്നതും ആണല്ലോ. ഇതിനെപ്പറ്റി നാം മനസ്സിലാക്കുന്നത് പ്രധാനമായും സുവിശേഷങ്ങളില്‍ നിന്നാണ്. മനുഷ്യര്‍ എങ്ങനെ ദൈവികതയുടെ സവിശേഷതയായ വിശുദ്ധിയില്‍ വളര്‍ന്ന്, ദൈവത്തിന്റെ മക്കളെന്ന നിലയില്‍ ജീവിക്കണമെന്ന് യേശു വളരെ ലളിതമായ വാക്കുകളിലൂടെയും സുതാര്യമായ മാതൃകയിലൂടെയും ലോകത്തെ പഠിപ്പിക്കുന്നത് നാം അവിടെ കാണുന്നു. ആദ്ധ്യാത്മികതയെന്നത് ദൈവവുമായുള്ള ബന്ധത്തിലൂടെ മനുഷ്യവ്യക്തിത്വം ആര്‍ജിച്ചെടുക്കേണ്ട ഒരു ഗുണവിശേഷമാണെന്നും, ആ ഗുണവിശേഷം മനുഷ്യനില്‍ വളരുന്നതും പ്രകാശിക്കുന്നതും വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളിയോടു സഹകരിച്ച് ശ്രമിക്കുമ്പോഴാണെന്നും നാം മനസ്സിലാക്കുന്നു. ചുരുക്കത്തില്‍, ആദ്ധ്യാത്മികതയെന്നത് വ്യക്തിയിലുണ്ടാകേണ്ട മാറ്റമാണെന്നും, 'ശിഷ്യനു ഗുരുവിനെപ്പോലെയായാല്‍ മതി' എന്ന പ്രബോധനപ്രകാരം, അതു വിശുദ്ധിയുടെ ആള്‍രൂപം തന്നെയായ യേശുവിന്റെ ശിഷ്യത്വത്തിലുള്ള വളര്‍ച്ചയാണെന്നും നാം അറിയുന്നു.
തെറ്റിദ്ധരിക്കപ്പെടുന്ന ആത്മീയത
എന്നാല്‍, ഇന്ന് ഈ ആദ്ധ്യാത്മികത ഏറെ തെറ്റിദ്ധരിക്ക പ്പെട്ടിരിക്കുകയാണെന്നു തോന്നുന്നു, പ്രത്യേകിച്ച് കേരളത്തില്‍. പ്രധാനമായും രണ്ടു തെറ്റിദ്ധാരണകളാണ് വ്യാപകമായി കാണുന്നത്. ദൈവ-മനുഷ്യബന്ധം വഴി വ്യക്തിത്വത്തില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കേണ്ട ഗുണപരമായ മാറ്റം എന്നതിനേക്കാള്‍, ആദ്ധ്യാത്മികതയെ അനുഷ്ഠാനപരതയായും വൈകാരിക സംതൃപ്തിയായും ബഹുഭൂരിപക്ഷം വിശ്വാസികളും തെറ്റിദ്ധരിച്ചിരിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അനുഷ്ഠാനങ്ങള്‍ വേണ്ടെന്നല്ല, എന്നാല്‍ അവ നമ്മുടെ വ്യക്തിത്വത്തില്‍ വരുത്തേണ്ട ഗുണപരമായ മാറ്റം സൂചിപ്പിക്കുകയും അതിനു സഹായിക്കുകയും ചെയ്യുന്ന ഉപാധികള്‍ മാത്രമാണ് എന്ന കാര്യം മറന്നുപോകുന്നവര്‍ ധാരാളം. ഈ ഉപാധികള്‍ക്കപ്പുറമുള്ള ലക്ഷ്യം വ്യക്തിത്വത്തിലെ മാറ്റം തന്നെയാണ് എന്ന് അനേകം പേര്‍ ഓര്‍ക്കുന്നേയില്ല. അതുപോലെ, വൈകാരിക സംതൃപ്തി അനുഷ്ഠാനങ്ങള്‍ നല്‍കുന്ന നൈമിഷികമായ ഒരു ഉപോല്‍ഫലമാണ്. അതും സ്ഥായിയായ വ്യക്തിത്വ വ്യതിയാനത്തിനു പകരമാവില്ല. എന്തുകൊണ്ട് ഈ തെറ്റിദ്ധാരണകളും അതിനനുസരിച്ചുള്ള പെരുമാറ്റ രീതിയും ഇക്കാലത്തും സമൂഹത്തില്‍ എത്ര വ്യാപകമായിരിക്കുന്നു എന്നതാണ് ഈ ലേഖനത്തിന്റെ അന്വേഷണവിഷയം.
ആന്തരികമായ സാക്ഷാത്ക്കാരത്തിനും സമാധാനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണം അവന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. ഈ ആന്തരിക സാക്ഷാത്ക്കാരം എന്തിലടങ്ങിയിരിക്കുന്നുവെന്നും അതു സാധിതമാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങളേവയെന്നും മനുഷ്യന്‍ അന്വേഷിക്കാന്‍ ആരംഭിച്ചപ്പോള്‍ ആദ്ധ്യാത്മികതയുടെ ചരിത്രവും ആരംഭിച്ചുവെന്നു പറയാം. മനുഷ്യചരിത്രം പരിശോധിച്ചാല്‍ കാണാം, ആദ്ധ്യാത്മികതയുടെ കാഴ്ചപ്പാടും മാര്‍ഗ്ഗങ്ങളും മനുഷ്യപുരോഗതിക്കനുസരിച്ചു വളര്‍ന്നിട്ടുണ്ട്. ഈ വളര്‍ച്ചയുടെ ചരിത്രത്തെ പല ഘട്ടങ്ങളായിതിരിക്കാം.
പ്രാകൃത മതാത്മകത
വിശകലനബുദ്ധിയും യുക്തിയും ഇന്നത്തേപ്പോലെ വികസിച്ചിട്ടില്ലാതിരുന്ന പ്രാകൃതമനുഷ്യന്‍ ചരിത്രത്തിന്റെ ആദ്യകാലങ്ങളില്‍, പ്രകൃതിശക്തികളെയും പ്രകൃത്യതീതശക്തികളെയും ഒന്നായി കാണുകയും, തനിക്ക് ഉപദ്രവമുണ്ടാക്കിയിരുന്ന ശക്തികളെ (രോഗങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, അപ കടങ്ങള്‍ മുതലായവയെ) ഭയപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ദുരിതങ്ങള്‍ ഉണ്ടായാല്‍ അവ മനുഷ്യനെ ഏറെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തിരുന്നു. അതുകൊണ്ട്, ഭയത്തില്‍നിന്നും ദുഃഖത്തില്‍നിന്നും മോചനവും അതുവഴി സമാധാനവും ലഭിക്കാന്‍, ഈ ശക്തികളെ വരുതിയില്‍ വരുത്തുകയോ, പ്രീണിപ്പിക്കുകയോ ചെയ്യണമെന്നു കരുതി, പുരാതന മനുഷ്യര്‍ മന്ത്രതന്ത്രങ്ങള്‍ ഉണ്ടാക്കിയെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങി. ഉള്ളിലേക്കു തിരിയാന്‍ പഠിച്ചിട്ടില്ലാതിരുന്ന ആദ്യകാല മനുഷ്യന്‍, ബാഹ്യമായ ഈ ഉപാധികള്‍ വഴിയാണ് തന്റെ സുസ്ഥിതി കരഗതമാക്കാന്‍ ശ്രമിച്ചത്. ഇതാണു നരവംശശാസ്ത്രജ്ഞന്മാര്‍ക്കും സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ക്കും അറിയാവുന്ന മതാത്മകതയുടെയും ആദ്ധ്യാത്മികതയുടെയും ആദ്യഘട്ടം.
അടുത്തഘട്ടത്തില്‍, മനുഷ്യന്‍ പ്രകൃത്യതീതശക്തിയെ അഥവാ ശക്തികളെ വേര്‍തിരിച്ചു മനസ്സിലാക്കാനും ഇവയെ ദൈവമെന്നോ, ദൈവങ്ങളെന്നോ വിളിക്കാന്‍ തുടങ്ങുകയും ചെയ്തു. തന്റെ സുസ്ഥിതിയും സമാധാനവും നശിക്കുന്നത് ഈ ദൈവം അഥവാ ദൈവങ്ങള്‍ കോപിക്കുന്നതുകൊണ്ടോ പ്രസാദിക്കാത്തതു കൊണ്ടോ ആണെന്നു കരുതി, ദൈവകോപശമനത്തിനും, ദൈവപ്രസാദത്തിനും വേണ്ടി മനുഷ്യന്‍ നരബലി, മൃഗബലി, കാഴ്ച, നേര്‍ച്ച മുതലായവ അര്‍പ്പിക്കാന്‍ തുടങ്ങി. ഇവിടെയും മനുഷ്യന്റെ ലക്ഷ്യം ദുഃഖത്തിലും ഭയത്തിലും നിന്നുള്ള മോചനമായിരുന്നു.
മനുഷ്യന്റെ ചിന്താശക്തിയും അറിവും കുറച്ചുകൂടി വളര്‍ന്നപ്പോള്‍, തന്റെ ആത്മസാക്ഷാത്ക്കാരത്തിനു ബാഹ്യമായ നേര്‍ച്ചകാഴ്ചകളേക്കാള്‍ ആവശ്യം ദൈവത്തിലേക്കുള്ള ആത്മസമര്‍പ്പണമാണെന്നു മനുഷ്യന്‍ മനസ്സിലാക്കി. ആത്മസമര്‍പ്പണം വഴി ദൈവവരവും ഈശ്വരസായൂജ്യവും ലഭിക്കാനുതകുന്ന ഭക്തിയുടെ മാര്‍ഗ്ഗങ്ങള്‍ക്കു അങ്ങനെ പ്രാ ധാന്യം കിട്ടി. ഭക്തിയിലൂടെ ഈശ്വരസാക്ഷാത്ക്കാരവും ശാശ്വതനിര്‍വൃതിയും നേടാമെന്നു മനുഷ്യന്‍ പ്രതീക്ഷിച്ചു. മുകളില്‍ സൂചിപ്പിച്ച രണ്ടാം ഘട്ടത്തിലെ ബലികളിലും നേര്‍ച്ചകളിലും ഉറച്ചുനിന്നുപോയ ഇസ്രായേല്‍ ജനത്തിന്റെ ശ്രദ്ധ ആന്തരികസമര്‍പ്പണത്തിന്റെ ആവശ്യകതയിലേക്ക് പ്രവാചകന്മാര്‍ ക്ഷണിക്കുന്നത് പഴയ നിയമത്തിലെ അവരുടെ ചരിത്രത്തില്‍ കാണാമല്ലോ. ഇതു ആദ്ധ്യാത്മികതയുടെ സാമാന്യം വളര്‍ന്ന ഒരു രൂപമാണെങ്കിലും ഇതിന്റെ പുറകിലുള്ള വീക്ഷണത്തിന്റെ അടിസ്ഥാനപരമായ പരിമിതി ദൈവത്തെ പ്രധാനമായും മനുഷ്യനു പുറത്ത്, അകലെ നില്‍ക്കുന്ന ഒരു ബാഹ്യശക്തിയായി സങ്കല്പിക്കുന്നുവെന്നതാണ്.
എന്നാല്‍, ഇന്നുവരെ വളര്‍ന്നിരിക്കുന്ന ആദ്ധ്യാത്മികതയുടെ ഏറ്റവും വികസിത രൂപം അഥവാ പുര്‍ത്തീകരണഘട്ടം തുടങ്ങുന്നത്, മനുഷ്യന്‍ ദൈവത്തെ ആന്തരികസാന്നിദ്ധ്യമായി മനസ്സിലാക്കുകയും, ഈ ആന്തരികസാന്നിദ്ധ്യം തന്നെയാണു സ്‌നേഹത്തിന്റെ ഉറവിടം എന്ന് അറിയുകയും ചെയ്ത്, ഈശ്വരസാന്നിധ്യത്തെ സ്‌നേഹാനുഭവത്തിലൂടെ തന്നില്‍ സാക്ഷാത്ക്കരിക്കാന്‍ തുടങ്ങിയപ്പോഴാണ്. അന്തര്യാമിയായ ദൈവത്തെ സത്യത്തിലും അരൂപിയിലും അടുത്തറിഞ്ഞ്, സ്‌നേഹത്തിലൂടെയും, സ്‌നേഹത്തിനാവശ്യമായ ശൂന്യവത്ക്കരണത്തിലൂടെയും ഇവിടെ ദൈവരാജ്യം നിര്‍മ്മിച്ചു തുടങ്ങിയപ്പോഴാണ്. ഈ ഘട്ടത്തിലാണ് ആദ്ധ്യാത്മികതയെന്നത് വ്യക്തിത്വത്തിന്റെ ഗുണപരമായ മാറ്റമായി മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ കാണാന്‍ തുടങ്ങുന്നത്. അപ്പോഴാണ് മതം യഥാര്‍ത്ഥത്തില്‍ ധാര്‍മ്മിക മതമായി (ethical religion) രൂപാന്തരപ്പെടുന്നത്. മതങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ കാണാം, ഈ വളര്‍ച്ചയും രൂപാന്തരീകരണവും ഏറ്റവും മനോഹരമായും വ്യക്തമായും സംഭവിച്ചത് ക്രിസ്തുവിന്റെ ജീവിതത്തിലൂടെയും പ്രബോധനങ്ങളിലൂടെയും ആണ്.
ക്രൈസ്തവ ചരിത്രത്തില്‍
മുകളില്‍ പരാമര്‍ശിച്ച നാലു ഘട്ടങ്ങള്‍ മതാത്മകതയുടെ ചരിത്രത്തില്‍ പൂര്‍ണമായി വേര്‍തിരിഞ്ഞല്ല നില്‍ക്കുന്നത്. വിശകലനത്തിനു വേണ്ടി വേര്‍തിരിച്ചുവെന്നേയുള്ളൂ. ഒരു ഘട്ടം മറ്റൊന്നിലേക്കു വളരുന്നതും ലയിച്ചുചേരുന്നതും ദൃശ്യമാണ്. ചിലപ്പോള്‍ ഒന്നില്‍ക്കൂടുതല്‍ കാഴ്ചപ്പാടുകള്‍ ഒരേസമയം വ്യക്തികളിലും സമൂഹത്തിലും നിലനില്ക്കുന്നതും കാണാം. യഹൂദ-ക്രൈസ്തവ പാരമ്പര്യത്തില്‍ ആദ്ധ്യാത്മികത ആരംഭിക്കുന്നത് മുകളില്‍ സൂചിപ്പിച്ച വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിന്റെ അന്ത്യത്തിലും മൂന്നാം ഘട്ടത്തിന്റെ ആരംഭത്തിലുമായിട്ടാണ്. പഴയനിയമ ചരിത്രത്തിലെ, ആദ്യകാലങ്ങളില്‍ ബാഹ്യമായ ബലികള്‍ക്കും കാഴ്ചകള്‍ക്കും വളരെ പ്രാധാന്യമുണ്ടായിരുന്നു. ആബേല്‍-കായേന്മാരുടെയും നോഹിന്റെയും അബ്രാഹത്തിന്റെയും മറ്റും ബലികളും, തുടര്‍ന്നുള്ള ചരിത്രത്തില്‍ യഹൂദ ദേവാലയത്തില്‍ നടന്നിരുന്ന വിവിധതരം ബലികളും തന്നെ ഉദാഹരണങ്ങള്‍. ദൈവത്തെ മാനുഷികരീത്യാ വീക്ഷിച്ചതിന്റെ ഫലമായി ദൈവകോപം ശമിപ്പിക്കാനും, ദൈവപ്രസാദം ലഭിക്കാനും ഏറെ അനുഷ്ഠാനങ്ങള്‍ ഉണ്ടായിരുന്നു. ആന്തരികതയ്ക്കു പ്രാധാന്യം തുലോം തുച്ഛമായിരുന്നു. എന്നാല്‍ അതേസമയം ആന്തരികതയിലേക്കു തിരിയാനുള്ള ആഹ്വാനങ്ങള്‍ പ്രവാചകന്മാരില്‍നിന്നു കേള്‍ക്കാം. ബലികളും കാഴ്ചകളുമല്ല ഹൃദയമാണ് ദൈവം ആവശ്യപ്പെടുന്നതെന്ന സന്ദേശം പഴയനിയമ കാലഘട്ടത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ സാവധാനം ശക്തമാകുന്നുണ്ട്. എങ്കിലും ക്രിസ്തുവിന്റെ കാലം വരെ ആന്തരികസാക്ഷാത്കാരമെന്ന അനുഭവം അതിന്റെ പൂര്‍ണതയില്‍ യഹൂദജനതയില്‍ രൂഢമായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, ഐശ്വര്യം എന്നതുതന്നെ ബാഹ്യമായിരുന്നു. രാഷ്ട്രീയസ്വാതന്ത്ര്യത്തിലും സാമ്പത്തിക പ്രതാപത്തിലും, യുദ്ധം ജയിക്കുന്നതിലുമൊക്കെയാണ് അത് അടങ്ങിയിരുന്നത്. വിനാശമാകട്ടെ പ്രധാനമായി രാഷ്ട്രീയ അടിമത്തവും, പരാജയവും, ദാരിദ്ര്യവുമായിരുന്നു.
യേശുവില്‍
എങ്കിലും സാവധാനം യഹൂദര്‍ ആത്മീയതയുടെയും തത്ഫലമായ സമാധാനത്തിന്റെയും ആന്തരികാര്‍ത്ഥം തേടുന്നതു കാണാം. യേശുവിന്റെ ആദ്ധ്യാത്മികതയെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ആദ്യം ശ്രമിച്ചവര്‍ യഹൂദര്‍ തന്നെയായിരുന്നല്ലോ. അതുകൊണ്ട് പഴയ നിയമത്തില്‍ ആരംഭിച്ച മൂന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം പുതിയ നിയമ ഗ്രന്ഥകര്‍ത്താക്കള്‍ യേശുവില്‍ കുറച്ചൊക്കെ ആരോപിക്കുന്നുണ്ട്. പഴയനിയമത്തിലെ കാഴ്ചപ്പാടില്‍ ഉറച്ചുനിന്നുകൊണ്ട്, ദൈവത്തെ പ്രപഞ്ചത്തിനും മനുഷ്യനും പുറത്തുള്ള ബാഹ്യശക്തിയായും വ്യക്തിയായും വീക്ഷിക്കുന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈ ദൈവത്തിന്റെ നിയമങ്ങള്‍ ലംഘിക്കുകയും അവിടുന്നില്‍നിന്ന് അകന്നുപോകുകയും ചെയ്യുന്ന മനുഷ്യനെ തന്നിലൂടെ വീണ്ടും ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള യേശുവിന്റെ ആത്മസമര്‍പ്പണത്തിലും, ഈ സമര്‍പ്പണത്തോടു ചേര്‍ത്തുകൊണ്ട് ഓരോ മനുഷ്യനും ചെയ്യുന്ന ആന്തരിക സമര്‍പ്പണത്തിലും ആണ് ഈ കാഴ്ചപ്പാടനുസരിച്ച് ആദ്ധ്യാത്മികത നില നില്‍ക്കുന്നത്. നമ്മെ ദൈവത്തോടു യോജിപ്പിക്കുന്നത് എന്നര്‍ത്ഥമുള്ള ഭക്തി വഴി ഉണ്ടാകുന്ന ദൈവ-മനുഷ്യ ഐക്യത്തില്‍ ആത്മീയത പൂര്‍ത്തീകരിക്കപ്പെടുന്നു. അതുകൊണ്ട്, ദൈവത്തില്‍നിന്ന് മനുഷ്യനെ അകറ്റുന്ന പാപത്തിന്റെ അഥവാ സ്വാര്‍ത്ഥതയുടെ ഉന്മൂലനത്തിനും ദൈവൈക്യത്തിനും വേണ്ടിയുള്ള ആത്മയാഗമായി യേശുവിന്റെ മരണത്തെ ഈ ആദ്ധ്യാത്മികത കാണുന്നു. ഈ വീക്ഷണത്തില്‍, യേശുവിന്റെ യാഗയോഗത്തിലൂടെയാണ് മനുഷ്യനു നന്മയിലേക്കു വളരാനാവശ്യമായ ദിവ്യശക്തിയാകുന്ന പ്രസാദവരം ലഭിക്കുന്നത്.
എന്നാല്‍ ഈ വീക്ഷണത്തോടൊപ്പം നാലാം ഘട്ടം വിവക്ഷിക്കുന്ന ആദ്ധ്യാത്മികത സുവിശേഷത്തിലെ യേശു ശക്തമായി അവതരിപ്പിക്കുന്നു. യേശു ആദ്ധ്യാത്മികതയ്ക്കു പൂര്‍ണ്ണമായും ആന്തരികാര്‍ത്ഥം നല്‍കുന്നു. ദൈവത്തിന്റെ സാന്നിധ്യം പ്രഥമമായി മനുഷ്യന്റെ ഉള്ളിലാണ്. സ്‌നേഹമായ ദൈവത്തെ മനുഷ്യന്‍ അനുഭവിക്കുന്നത് ഉള്ളില്‍നിന്നാണ്. അതുകൊണ്ട് യേശു നിദര്‍ശനം ചെയ്ത സ്വര്‍ഗ്ഗരാജ്യം ബാഹ്യമോ രാഷ്ട്രീയമോ അല്ല, മറിച്ച് ഉള്ളിലാണ്. തന്റെ ഉള്ളിലുള്ള ദൈവത്തെ മനുഷ്യന്‍ സ്‌നേഹമായി അനുഭവിക്കുന്നതനുസരിച്ച്, തിന്മയില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നുമുള്ള മോചനമായും നന്മയിലേക്കും സ്‌നേഹത്തിലേക്കുമുള്ള നീക്കമായും മനുഷ്യന്‍ ആദ്ധ്യാത്മികതയില്‍ വളരുന്നു. ഇത്തരത്തില്‍ ആന്തരികമായി ഈശ്വരസാന്നിധ്യം പൂര്‍ണ്ണമായി സംവഹിക്കുകയും അതിന്റെ ഫലമായ സ്‌നേഹസാക്ഷാത്ക്കാരം അനുഭവിക്കുകയും ചെയ്ത വ്യക്തിയുടെ ജീവിതമായിരുന്നു യേശുവിന്റേത്. ഈ സാക്ഷാത്ക്കാരത്തിന്റെ പ്രകാശനം യേശുവിന്റെ സംപൂര്‍ണ ആത്മദാനത്തിലൂടെ ലോകം കണ്ടു. അവസാനം തനിക്ക്'എല്ലാം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് ഉദീരണം ചെയ്ത് അവിടുന്നു മരിച്ചു. സാക്ഷാത്കൃതമായ ക്രിസ്തുവിന്റെ ജീവന്‍ ഇന്നും ജീവിപ്പിക്കുന്ന ആത്മാവായി തുടരുന്നു. അതിനെ ആത്മനാ സ്പര്‍ശിക്കാനും സം വേദനത്തിലൂടെ സ്വായത്തമാക്കാനും ആന്തരികമായി സാക്ഷാത്ക്കരിക്കാനും കഴിഞ്ഞാല്‍ നമ്മളും ആദ്ധ്യാത്മികമായി വളര്‍ന്നവരാകും. ക്രൈസ്തവസമൂഹത്തില്‍ നിലനില്‍ക്കുന്ന അരൂപിയെന്ന സിദ്ധിയുടെയും, അതിനെ ആവാഹിക്കാനുള്ള കൂദാശകളുടെയും ഉദ്ദേശ്യം ഈ ആന്തരിക സാക്ഷാത്ക്കാരമാണ്. സ്‌നേഹമെന്ന ആത്മദാനത്തിനു ക്രിസ്തു അതീവപ്രാധാന്യം കൊടുത്തതിന്റെ ലക്ഷ്യം തന്റെ ജീവിതത്തിലെന്നപോലെ ക്രൈസ്തവനില്‍ നടക്കേണ്ട സാക്ഷാത്ക്കാരത്തിന്റെ നൈസര്‍ഗിക പ്രകാശനമായിരിക്കണം സ്‌നേഹസമര്‍പ്പണം എന്നതുകൊണ്ടാണ്.
കേരളസഭയില്‍
കേരളക്രൈസ്തവ സമൂഹത്തെപ്പറ്റി പറഞ്ഞാല്‍, മേല്പറഞ്ഞ നാലു തലങ്ങളിലെയും ആത്മീയത ദൃശ്യമാണെങ്കിലും, പൊതുജനങ്ങളുടെയും ഭൂരിപക്ഷം സഭാനേതാക്കളുടെയും ആദ്ധ്യാത്മികതയില്‍ ഏറെ മുഴച്ചുനില്‍ക്കുന്നത് ആദ്യത്തെ മൂന്നു തലങ്ങളിലെ വീക്ഷണങ്ങളാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബഹുഭൂരിപക്ഷം ജനങ്ങളുടെ ആദ്ധ്യാത്മികത ഒന്നാമത്തെയും രണ്ടാമത്തെയും തലങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ടോ എന്നു ചോദിക്കേണ്ടിയിരിക്കുന്നു. കുറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വര്‍ഗ്ഗം നല്‍കും എന്ന വിചാരം ഇന്നും സാധാരണ മനുഷ്യരിലുണ്ട്. ആന്തരികവും ബാഹ്യവുമായ ക്ഷേമത്തിനുവേണ്ടി മന്ത്രതന്ത്രങ്ങള്‍ ഉപയോഗിച്ച പ്രാകൃത മതവിശ്വസിയെപ്പോലെ നൊവേനയിലും, പെരുന്നാളിലും, വഴിപാടിലും, ഞായറാഴ്ചക്കടം പാലിക്കുന്നതിലും ഇവര്‍ ആദ്ധ്യാത്മികത കണ്ടെത്തുന്നു. ഒമ്പതു മാസാദ്യവെള്ളിയുടെ അദ്ഭുതശക്തി, വെന്തിങ്ങയുടെ മാന്ത്രിക സഹായം, കുമ്പസാരക്കൂട്ടിലെ വെറും ഏറ്റുപറച്ചിലിന്റെ യാന്ത്രികമായ പാപമോചനശക്തി എന്നിവയൊക്കെ ഇന്നും സാധാരണ കേരള ക്രൈസ്തവന്റെ മനസ്സില്‍ രൂഢമൂലമാണല്ലൊ.
രണ്ടാമത്തെ തലത്തിലെ ആദ്ധ്യാത്മികതയുടെ പ്രത്യേകതയായ, ദൈവത്തെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രത നേര്‍ച്ചകളിലും, വഴിപാടുകളിലും, അടിമയിരുത്തലിലും, പെരുന്നാളുകള്‍ കൊണ്ടാടുന്ന രീതിയിലും ഒക്കെ കാണാം. അടുത്ത ഉയര്‍ന്ന രണ്ടുപടികളിലുള്ള ആദ്ധ്യാത്മികത ചിലരുടെ ജീവിതത്തില്‍ കണ്ടേക്കാമെങ്കിലും, പൊതുവെ സാധാരണക്കാരുടെ സഭ ഇന്നും ക്രിസ്തുവിനു മുമ്പുള്ള അഥവാ പഴയ നിയമത്തിന്റെ ആദ്ധ്യാത്മികതയിലാണു കഴിഞ്ഞുകൂടുന്നത്. കരിസ്മാറ്റിക്ക് ധ്യാനങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനുകളിലും അവതരിക്കപ്പെടുന്നതു പഴയനിയമത്തിലെ ഗോത്രദൈവമാണല്ലോ. അനുസരിച്ചാല്‍ മാത്രം സ്‌നേഹിക്കുകയും അല്ലെങ്കില്‍ ശിക്ഷിക്കുകയും ചെയ്യുന്ന, മനുഷ്യന്റേതുപോലുള്ള വികാരങ്ങളുള്ള, ദൈവത്തെയാണല്ലോ പ്രസംഗകര്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇന്നും സാധാരണ മനുഷ്യന്റെ മനസ്സില്‍ മനുഷ്യസ്‌നേഹവും നിസ്വാര്‍ത്ഥമായ ആത്മാര്‍പ്പണവും ആദ്ധ്യാത്മികതയുടെ അവശ്യഘടകങ്ങളാണെന്ന അവബോധം വളര്‍ന്നിട്ടില്ല. അവ ഇന്നും ആദ്ധ്യാത്മികതയുടെ അനുബന്ധങ്ങള്‍ (appendix) മാത്രമാണ്. യഥാര്‍ത്ഥ ആദ്ധ്യാത്മികത, സാധാരണക്കാരന്റെ വീക്ഷണത്തില്‍, ആചാരാനുഷ്ഠാനങ്ങള്‍, നേര്‍ച്ചകാഴ്ചകള്‍, നിയമാനുസരണം എന്നിവയില്‍ അടങ്ങിയിരിക്കുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ കാഴ്ചപ്പാടിനെ ഇന്നു ഒട്ടുമിക്ക കരിസ്മാറ്റിക്ക് ധ്യാനപ്രസംഗകരും ബൈബിള്‍ കണ്‍വെന്‍ഷന്‍കാരും മുതലെടുത്ത് ആളുകളെക്കൊണ്ട് പണച്ചെലവുള്ള നേര്‍ച്ചകാഴ്ചകള്‍ ചെയ്യിക്കുന്നു.
പ്രാകൃത മതാത്മകത
മേല്‍പ്പറഞ്ഞ രീതിയില്‍ ആദ്ധ്യാത്മികതയെ അനുഷ്ഠാനങ്ങളില്‍ തളച്ചിടുന്നതു മാത്രമല്ല പ്രശ്‌നം. ഈ കര്‍മ്മാനുഷ്ഠാനങ്ങളുടെ പ്രധാന ഉദ്ദേശ്യം മുകളില്‍ സൂചിപ്പിച്ചതുപോലെ ഭയത്തില്‍ നിന്നുള്ള മോചനവും ദുഃഖത്തില്‍ ആശ്വാസവുമാണ്. ഇതായിരുന്നു ആരംഭകാലത്ത് എല്ലാ പ്രാകൃത മതങ്ങളുടെയും ലക്ഷ്യം. മനുഷ്യനെ കുടുതല്‍ നല്ല മനുഷ്യനാക്കണമെന്ന ഉദ്ദേശ്യം മതത്തില്‍ വന്നുചേരുന്നത് വളരെ സാവകാശമാണ്. യേശുവിന്റെ ആദ്ധ്യാത്മികതയിലാണ് അത് പൂര്‍ണ വികാസം പ്രാപിക്കുന്നത്. എന്നാല്‍, ഇന്നും മതങ്ങളെ മനുഷ്യര്‍ ആശ്രയിക്കുന്നത് ഭയത്തിലും ദുഃഖത്തിലും നിന്നുള്ള മോചനത്തിനാണെങ്കില്‍ അതിനെ പ്രാകൃതമായ (primitive) മതാത്മകത എന്നല്ലേ വിളിക്കാനാവൂ? ഭയത്തിലും ദുഃഖത്തിലും നിന്നുള്ള മോചനത്തിനു വേണ്ടി തമ്പുരാനിലേക്ക് തിരിയേണ്ടെന്നോ പ്രാര്‍ത്ഥിക്കേണ്ടെന്നോ അല്ല പറയുന്നത്. തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം, പ്രാര്‍ത്ഥിക്കണം. മുന്നില്‍ കുരിശു കണ്ടപ്പോഴുണ്ടായ ദുഃഖത്തിന്റെയും ഭയത്തിന്റെയും നടുവില്‍ യേശുവും പ്രാര്‍ത്ഥിച്ചില്ലേ, കഴിയുമെങ്കില്‍ ഈ പാന പാത്രം മാറ്റിത്തരണമെയെന്ന്. എന്നാല്‍ അതു മാറ്റിക്കിട്ടിയാലേ ഞാന്‍ സ്വസ്ഥനാകൂ എന്നു യേശു പറഞ്ഞില്ല, മറിച്ച് പിതാവിന്റെ ഇഷ്ടം ആ പാനപാത്രം കുടിക്കണമെന്നാണെങ്കില്‍ അതിനു തയ്യാറാണെന്നും, അതിനുള്ള ശക്തി തരണെയെന്നുമായിരുന്നു തുടര്‍ന്നുള്ള പ്രാര്‍ത്ഥന. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കുരിശു മാറ്റുകയെന്നതിനേക്കാള്‍ കുരിശില്‍ ത്യാഗത്തിന്റെ ആത്മ സമര്‍പ്പണമായി തീരാനുള്ള ശക്തി ആര്‍ജ്ജിക്കുമ്പോഴാണ് ആത്മീയതയില്‍ വളര്‍ന്നവനായി/വളര്‍ന്നവളായി തീരുന്നത്. അതിനു പകരം, മതാത്മക ജീവിതം തന്നെ മുഴുവനായും മേല്പറഞ്ഞ വേദനിപ്പിക്കുന്ന വികാരങ്ങളില്‍ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ളയത്‌നമായി മാറുമ്പോള്‍, അല്ലെങ്കില്‍ അത്തരത്തില്‍ മതം അവതരിപ്പിക്കപ്പെടുമ്പോള്‍ അതു പ്രാകൃതമായ മതാത്മകതയ്ക്ക് വഴി തെളിക്കുന്നു. ഇതു മാറണമെങ്കില്‍ എന്തു ചെയ്യണം?
ഇന്നത്തേക്കു വേണ്ട ആദ്ധ്യാത്മികത
(1) ക്രിസ്തുവില്‍ സാക്ഷാത്ക്കരിക്കപ്പെട്ട ആദ്ധ്യാത്മികത അനുഭവിച്ചറിയാന്‍ പ്രഥമവും പ്രധാനവുമായി, വി. ഗ്രന്ഥത്തിലേക്ക്, പ്രത്യേകിച്ച് സുവിശേഷങ്ങളിലേക്കു തന്നെ തിരിയേണ്ടിയിരിക്കുന്നു. വി. ഗ്രന്ഥപഠനം, ധ്യാനം എന്നിവയ്ക്കു പ്രചാരവും പ്രാധാന്യവും വന്നിട്ടുണ്ടെങ്കിലും, പഴയനിയമപ്രബോധനങ്ങള്‍ക്കും സംഭവങ്ങള്‍ക്കും സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് അമിത പ്രാധാന്യം നല്‍കുന്ന രീതി നിരുത്സാഹപ്പെടുത്തി, സുവിശേഷങ്ങളിലെ ക്രിസ്തുവിനെ കണ്ടെത്താന്‍ സഹായിക്കുന്ന വിശുദ്ധഗ്രന്ഥപഠനം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. രക്ഷാകരചരിത്രത്തിന്റെ ആദ്യകാലങ്ങളില്‍, ദൈവത്തെ മാനുഷികരൂപത്തില്‍ (anthropomorphic) കണ്ട്, ദൈവമനുഷ്യബന്ധത്തെ ഗോത്രവര്‍ഗ മതാത്മകതയുടെ തലത്തില്‍ നിലനിര്‍ത്തിയിരുന്ന രീതിയല്ല ഇന്നാവശ്യം. യേശു കാണിച്ചുതന്ന ദൈവത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ചിത്രവും അതനുസരിച്ചുള്ള ഉയര്‍ന്ന തലത്തിലുള്ള ദൈവമനുഷ്യബന്ധവും ആയിരിക്കണം ആദ്ധ്യാത്മികതയുടെ അടിസ്ഥാനം. വി. ഗ്രന്ഥം ലഭ്യമാകാതിരുന്ന കാലത്ത് ശൂന്യത നികത്തിയതും, മൂപ്പച്ചന്മാര്‍ പ്രചാരം കൊടുത്തതുമായ വണക്കമാസം, വിശുദ്ധന്മാരുടെ വിചിത്രകഥകള്‍ മുതലായവയിലെ ആദ്ധ്യാത്മികതയുടെ പ്രാധാന്യം കുറയണം. ആദ്ധ്യാത്മികതയെ പാകതയെത്താത്ത ഒന്നും രണ്ടും തലങ്ങളില്‍നിന്നു വ്യാഖ്യാനിച്ച അനവധി ഗ്രന്ഥങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ട്.
ബൈബിളിലെ 72 ഗ്രന്ഥങ്ങളില്‍ കൂടി അവതരിപ്പിക്കപ്പെടുന്ന രക്ഷാകരചരിത്രത്തിനും അതിനോടു ബന്ധപ്പെട്ട ദൈവം, ദൈവജനം, രക്ഷ, ആത്മീയത മുതലായ അനേകം കാര്യങ്ങളെപ്പറ്റിയുള്ള വീക്ഷണങ്ങള്‍ക്കും പരിണാമം ഉണ്ടെന്നും അത് ബൈബിളിന്റെ താളുകളില്‍ത്തന്നെ ദൃശ്യമാണെന്നും സമ്മതിക്കണം. ഇവയെയൊന്നും അചഞ്ചലമായി (static) കാണാതെ പരിണാമബദ്ധമായി (evolutionary and dynamic) കാണാന്‍ സാധിക്കണം. അല്ലെങ്കില്‍, പഴയ നിയമ പുസ്തകങ്ങളിലെ പല പേജുകളും പുതിയ നിയമത്തിലെ, പ്രത്യേകിച്ച് സുവിശേഷങ്ങളിലെ മുഴുവന്‍ പേജുകളും പരസ്പരം വിരുദ്ധങ്ങളായി കാണപ്പെടും. മുസ്ലീമുകള്‍ ഖുര്‍ആനെ കാണുന്നതു പോലെയല്ല ക്രൈസ്തവര്‍ ബൈബിളിനെ കാണേണ്ടത്.
(2) മേല്പറഞ്ഞ വിധത്തില്‍ ബൈബിളിനെ കാണുകയാണെങ്കില്‍, ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഉണ്ടാകേണ്ടത് ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലാണ്. ഇന്നും ഒട്ടുമിക്കവരുടെയും തലയിലിരിക്കുന്നത് പഴയനിയമത്തിലെ ഗോത്രദൈവമാണ്. ഇസ്രായേലില്‍ മാത്രമല്ല, ഏതു ഗോത്രരീതി പരിശോധിച്ചാലും കാണാം, ഗോത്ര ദൈവങ്ങള്‍ തങ്ങളുടെ ഗോത്രങ്ങളുടെ മാത്രം ദൈവങ്ങളാണ്, അവര്‍ മറ്റു ഗോത്രങ്ങളെ സംരക്ഷിക്കില്ല, മറിച്ച് അവയെ നശിപ്പിച്ച് സ്വന്തം ഗോത്രത്തിനു വിജയമുണ്ടാക്കിക്കൊടുക്കും. അതുകൊണ്ട്, ഗോത്രദൈവങ്ങള്‍ എല്ലാവരും തന്നെ മിലിറ്ററി ദൈവങ്ങളാണ്. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണല്ലോ പഴയനിയമത്തിലെ യാഹ്‌വെ. തീര്‍ന്നില്ല, ഗോത്രദൈവം, അനുസരിക്കുന്നവരെ രക്ഷിക്കുകയും അനുസരിക്കാത്തവരെ അപ്പോള്‍തന്നെ ശിക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്. എന്നാല്‍, ഇതില്‍ നിന്നൊക്കെ എത്ര വ്യത്യസ്തമായിട്ടാണ് യേശു പിതാവായ ദൈവത്തെ അവതരിപ്പിക്കുന്നത്. യേശു കാണിച്ചു തന്ന ദൈവം യഹൂദനെന്നോ വിജാതീയനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനാണ്. ശത്രുവിനെപ്പോലും ശിക്ഷിക്കാതെ സ്‌നേഹിക്കുന്നവനാണ്. എല്ലാവരുടെയും പിതാവാണ്, തെറ്റു ചെയ്താല്‍ പോലും ഉപേക്ഷിക്കാതെ അകന്നുപോയവനെ അന്വേഷിച്ചു പോകുന്നവനാണ്. ദൈവത്തക്കുറിച്ച് ഇത്തരമൊരു ചിത്രം ഇന്നു എത്ര സാധാരണ ക്രിസ്ത്യാനിയുടെ തലയില്‍ കാണും?
(3) ഇതോടൊപ്പം രോഗം, ദാരിദ്ര്യം, അപകടം, സാമ്പത്തിക പ്രശ്‌നങ്ങള്‍ മുതലായവയെ ദൈവത്തിന്റെ ശിക്ഷയായി കാണുന്ന രീതിക്കും മാറ്റമുണ്ടാകണം. ഇത്തരം പ്രശ്‌നങ്ങളെ തങ്ങളുടെയോ തങ്ങളുടെ പൂര്‍വികരുടെയോ പാപങ്ങള്‍ക്കു ദൈവം കൊടുക്കുന്ന ശിക്ഷയായി കാണുന്നവര്‍ എത്രയോ ഉണ്ട്. അങ്ങനെ ശിക്ഷിക്കുന്ന ദൈവത്തെ സുവിശേഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല. ഇതും പഴയ നിയമ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകളില്‍ പലതും അവര്‍തന്നെ വ്യക്തിപരമായോ സമൂഹമായോ വരുത്തിവയ്ക്കുന്ന സ്വയംകൃതാനര്‍ത്ഥങ്ങളാണ്, അഥവാ തെറ്റായ തീരുമാനങ്ങളുടെ പരിണിതഫലങ്ങളാണ്. അത്തരം ഫലങ്ങള്‍ ഒരു കുടുംബമോ, ദേശം മുഴുവനുമോ, ലോകം മുഴുവന്‍ തന്നെയോ പല തലമുറകള്‍ അനുഭവിക്കേണ്ടി വന്നേക്കാം. പക്ഷേ, അതു ദൈവത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട ആവശ്യമില്ല. ഇനിയും മറ്റു ചില പ്രശ്‌നങ്ങള്‍ ഈ ലോകത്തിന്റെയും മനുഷ്യസമൂഹത്തിന്റെയും പരിമിതമായ സ്വഭാവം കൊണ്ടുതന്നെ ഉണ്ടാകുന്നതാണ്. രോഗവും മരണവും മറ്റും അക്കൂട്ടത്തില്‍പ്പെടും. പരിമിതമായ ജീവനുള്ള ഏതും ക്ഷയിക്കുകയും ഇല്ലാതാകുകയും ചെയ്യുകയെന്നത് അതിന്റെ പ്രകൃതിയില്‍ത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നതാണല്ലോ.
(4) സുവിശേഷങ്ങളിലും തങ്ങളുടെ ജീവിതാനുഭവങ്ങളിലും കണ്ടുമുട്ടുന്ന യേശുവിനെ ധ്യാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പ്രാര്‍ത്ഥനാരീതി പ്രചാരത്തിലാകണം; കുറെ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു സംതൃപ്തി കണ്ടെത്തുന്ന മാന്ത്രിക മതാത്മകത ഇല്ലാതാകണം. സ്വന്തമായ വിചാരങ്ങളിലൂടെയും വാക്കുകളിലൂടെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചുകൊണ്ടാരംഭിച്ച കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനാരീതിതന്നെ ഇന്നു ഭാഷാവരത്തിലും അര്‍ത്ഥമില്ലാത്ത സ്വരങ്ങളിലും അവയുടെ മാന്ത്രികതയിലും കെട്ടപ്പെട്ടു കിടക്കുകയാണല്ലോ.
(5) യേശുവിന്റെ ആത്മസാക്ഷാത്ക്കാരവും ആത്മദാനവും അനുസ്മരിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കുര്‍ബാന, ഓരോരോ ജീവിതസാഹചര്യത്തില്‍ ആ സ്‌നേഹസമര്‍പ്പണത്തെ പുനരാവിഷ്‌കരിക്കുകയും, സ്‌നേഹത്തിന്റെ വളര്‍ച്ചയ്ക്കു ക്രൈസ്തവനെ വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രചോദകശക്തിയാകണം. അതിനാവശ്യമായ അനുരൂപണവും സ്വാതന്ത്ര്യവും അയവും കുര്‍ബാനയില്‍ വരുത്തണം. തൊടാനോ അനക്കാനോ പാടില്ലാത്ത ആചാരമായ കുര്‍ബാന തുടര്‍ന്നാല്‍ അടുത്ത തലമുറ അതിനെ അവഗണിക്കും. നമ്മുടെ രക്ഷയ്ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ട കാഴ്ചയായോ ബലിയായോ മാത്രം കാണുന്നതും പൂര്‍ണ്ണമാകില്ല. പഴയനിയമത്തിന്റെ ചുവടുപിടിച്ചു വളര്‍ന്ന ആദ്ധ്യാത്മികതയില്‍നിന്നും ഉയര്‍ന്നതാണ്, ക്രിസ്തുവിന്റെ കുരിശുമരണം മനുഷ്യപാപത്തിനു പരിഹാരമായി നീതിമാനായ ദൈവം ആവശ്യപ്പെട്ട രക്തബലിയാണ് എന്നത്. സ്‌നേഹമെന്ന ആത്മദാനത്തിലൂടെ സ്വയം മരണത്തോളം മനുഷ്യര്‍ക്കായി നല്‍കിയ യേശുവിന്റെ ആത്മസാക്ഷാത്ക്കാരത്തിന്റെയും അതുവഴി അവിടുന്നില്‍ പൂര്‍ണമായി നിറവേറിയ ഈശ്വരസാക്ഷാത്ക്കാരത്തിന്റെയും പുനഃപ്രകാശനമായി കുര്‍ബാനയെ കാണുകയും, ആ സ്‌നേഹസമര്‍പ്പണത്തിന്റെ ചൈതന്യം പങ്കാളികളില്‍ സംവേദിപ്പിക്കാനുള്ള പ്രതീകാത്മകമായ ഉപാധിയായി അതില്‍ പങ്കെടുക്കുകയും ചെയ്യാന്‍ സാധിക്കണം.
(6) അങ്ങനെ, വിശുദ്ധിയെന്നത് സ്‌നേഹത്തിലുള്ള വളര്‍ച്ചയായും, പാപം എന്നത് സ്വാര്‍ത്ഥതവഴിയുള്ള തളര്‍ച്ചയായും കാണുന്ന ആദ്ധ്യാത്മികതയ്ക്കു ആരംഭമിടേണ്ട കാലമായി. പുണ്യവും പാപവും വേര്‍തിരിക്കുന്നതു നിയമങ്ങളോ, ആചാരങ്ങളോ ആകരുത്. അനുഷ്ഠാനങ്ങളുടെ ലംഘനത്തില്‍ പാപവും, ആചാരങ്ങളുടെ നിഷ്ഠയില്‍ പുണ്യവും കാണുന്ന ആദ്ധ്യാത്മികത വഴിമാറണം. ഉപവാസലംഘനം, മാംസവര്‍ജ്ജന ലംഘനം, ഞായറാഴ്ചക്കടം പാലിക്കാതിരിക്കല്‍ എന്നിവയെക്കാള്‍ സ്വാര്‍ത്ഥത, ചൂഷണം, അഴിമതി, അക്രമം എന്നിവയില്‍ പാപം കാണുന്ന ആദ്ധ്യാത്മികത സാധാരണ മനുഷ്യന്റെ ജീവിതവീക്ഷണമാകണം. ആഴമായ അഴിമതി നടത്തുമ്പോഴും ഞായറാഴ്ച കുര്‍ബാന കാണാതിരുന്നതില്‍ കൂടുതല്‍ ദുഃഖിച്ച് ഏറ്റു പറയുന്ന കുമ്പസാരരീതി സാധാരണ ക്രൈസ്തവന്റെ ശൈലിയാണിന്നും. അതിനു മാറ്റം വരുകയും, സമൂഹത്തില്‍ ആദ്ധ്യാത്മികതയുടെ മാനദണ്ഢങ്ങള്‍ അതിനനുസരിച്ചു മാറുകയും വേണം. ഇന്നും നല്ല ക്രൈസ്തവന്റെ മാനദണ്ഡം പള്ളിയും പട്ടക്കാരനും ഉള്ളവനാണോ എന്നതാണല്ലോ. അങ്ങനെയുള്ള അനേകം നല്ല ക്രൈസ്തവര്‍ വെള്ളയടിച്ച കുഴിമാടങ്ങളെപ്പോലെ നല്ലവരായി സമൂഹത്തില്‍ ഇന്നും അംഗീകരിക്കപ്പെടുന്നുണ്ടല്ലോ.
(7) ആദ്ധ്യാത്മികത സ്‌നേഹത്തിലുള്ള വളര്‍ച്ചയായി മാറുമ്പോള്‍, സ്‌നേഹം പ്രായോഗികമാക്കാന്‍ പറ്റുന്ന ജീവിതത്തിന് ആദ്ധ്യാത്മികപരിവേഷം ലഭിക്കുന്നു. ആദ്ധ്യാത്മികത പള്ളിയിലും പ്രാര്‍ത്ഥനാലയത്തിലും മാത്രമല്ല, അതിനേക്കാളുപരി വീട്ടിലും പണിശാലയിലും കളിസ്ഥലത്തും കായികരംഗത്തുമൊക്കെയാണെന്നുവരുന്നു. ആദ്ധ്യാത്മികതയെ അളക്കുന്ന അളവുകോല്‍ പള്ളിയില്‍പോക്കും, നമസ്‌കാരങ്ങളും എന്നതിനേക്കാള്‍ ജീവിതത്തിലെ സ്‌നേഹവും നിസ്വാര്‍ത്ഥതയും ആയിത്തീരുന്നു. കേരളസഭയുടെ ആദ്ധ്യാത്മികത ഇനിയും പള്ളിക്കുപുറേത്തക്കിറങ്ങിയിട്ടില്ല. പള്ളിക്കു പുറത്തെ ജീവിതത്തിലാണ് പ്രായോഗികമായ ആദ്ധ്യാത്മികതയെന്നു ബോധ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. "ബലികളും കാഴ്ചകളുമല്ല അവിടുന്നാഗ്രഹിക്കുന്നത്, പ്രത്യുത കരുണയാണ്."
(8) സ്‌നേഹത്തിന്റെ അഥവാ ആത്മദാനത്തിന്റെ ഈ ആദ്ധ്യാത്മികത സ്വാര്‍ത്ഥതയെ ജീവിതം കൊണ്ടു വെല്ലുവിളിക്കും. സ്വാര്‍ത്ഥതയെ മൂടിവയ്ക്കുകയോ, നിസ്സാരമായി തള്ളുകയോ ചെയ്യില്ല. ചൂഷണം, അനീതി, അഴിമതി ഇവയെ ചോദ്യം ചെയ്യുന്ന പ്രവാചകദൗത്യം അതിനുണ്ടാകും. ഇന്നാകട്ടെ അവയെയൊക്കെ കണ്ണടയ്ക്കുകയും കുര്‍ബാനയും കുമ്പസാരവും ഉള്ളവനാണൊ എന്നു മാത്രം നോക്കുകയും ചെയ്യുന്ന ആദ്ധ്യാത്മികതയാണല്ലൊ നിലവിലുള്ളത്. ക്രൈസ്തവാദ്ധ്യാത്മികത പാപിയുടെ സ്വാര്‍ത്ഥതയെ വെല്ലുവിളിക്കുന്നതോടൊപ്പം, സ്വാര്‍ത്ഥതയില്‍ പണിതുയര്‍ത്തിയിരിക്കുന്ന അടിമത്തത്തിന്റെ സംവിധാനങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തുകയും ചെയ്യും. അടിമത്തത്തിന്റെ നരകയാതനകളില്‍ നിന്നു ചൂഷിതരെയും, സ്വാര്‍ത്ഥതയുടെ നാരകീയസ്വാധീനത്തില്‍നിന്നു ചൂഷകനെയും ഒപ്പം സ്വതന്ത്രനാക്കാന്‍ വേണ്ടി ജീവിതം ആത്മദാനമാക്കുന്നതില്‍ ഉദാത്തമായ ആദ്ധ്യാത്മികത കണ്ടെത്തുന്നവരാകും യഥാര്‍ത്ഥ ക്രൈസ്തവര്‍. അതായിരിക്കും സ്വര്‍ഗ്ഗം വിരിയിക്കാന്‍ വേണ്ടിയുള്ള ധാര്‍മ്മികശക്തി പ്രസരിപ്പിക്കുന്ന ഏറ്റവും വലിയ 'കുര്‍ബാന'.
(9) ഈ ആദ്ധ്യാത്മികത പ്രധാനമായും ഈലോകപരമായിരിക്കും. ഒന്നാമതായി, വരുംലോകത്തിലേക്കു യോഗ്യത സമ്പാദിക്കുകയെന്നതിനേക്കാള്‍ ഇവിടെ സ്വര്‍ഗ്ഗം പണിതു തുടങ്ങാന്‍ ഇതു പ്രേരിപ്പിക്കും. സ്വര്‍ഗ്ഗം വിരിയിക്കാന്‍ കര്‍മ്മാനുഷ്ഠാനമല്ല ആവശ്യം; സ്‌നേഹത്തിന്റെ ജീവിതമാണ്. രണ്ടാമതായി, കഴിഞ്ഞകാലങ്ങളിലെപ്പോലെ ലോകത്തെ വെറുക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ഒന്നല്ല ഈ ആദ്ധ്യാത്മികത. സ്വാര്‍ത്ഥതയുണ്ടെങ്കിലും, സ്‌നേഹം പരിശീലിക്കേണ്ടതും സ്‌നേഹത്തില്‍ സ്വര്‍ഗ്ഗം പണിതു തുടങ്ങേണ്ടതും ലോകത്തിലാണല്ലൊ. ലോകത്തില്‍നിന്നോടിപ്പോയി സ്‌നേഹം പരിശീലിക്കാനാവില്ല. അതേസമയംതന്നെ, ഇവിടെയാരംഭിക്കുന്ന സ്വര്‍ഗരാജ്യത്തിന്റെ അനുഭവം ഇവിടംകൊണ്ട് അവസാനിക്കുന്നില്ലയെന്ന ബോധ്യവും പ്രതീക്ഷയും ഈ ആദ്ധ്യാത്മികതയുള്ളവരുടെ ജീവിതത്തിലുണ്ടാകും.
ഇത്തരം വിശേഷങ്ങളുള്ള ആദ്ധ്യാത്മികത ജനസാമാന്യത്തില്‍ പ്രചരിക്കുകയും, അവരുടെ ജീവിതശൈലിയായി മാറുകയും ചെയ്യുമ്പോഴേ കേരളസഭ വളരുകയുള്ളൂ. എവിടെയൊ ഉറച്ചുപോയതു കാരണം നിലച്ചുപോയ അതിന്റെ വളര്‍ച്ച കാലത്തിനനുസരിച്ചുണ്ടായില്ലെങ്കില്‍ വളരുന്ന തലമുറയെ സഭയ്ക്കു നഷ്ടപ്പെടും. ക്രൈസ്തവ ആദ്ധ്യാത്മികതയെന്നു തെറ്റിദ്ധരിച്ച്, പ്രാകൃതമായ മതാത്മകത വളരുകയും ചെയ്യും.