ചെറിയാച്ചാ...

ചെറിയാച്ചാ...

ഒരു ചാറ്റല്‍ മഴയുടെ പശ്ചാത്തലത്തില്‍ മരട് ജാന്നാ പള്ളിയുടെ മേടയില്‍ നിന്ന് മാത്രമല്ല, ഒരുപാട് മനുഷ്യരുടെ സജീവജീവിതത്തില്‍ നിന്ന് അപ്രതീക്ഷിത ബൈക്കപകടത്തിലൂടെ വിടവാങ്ങിയ ചെറിയാന്‍ നേരേവീട്ടിലച്ചനെ ഓര്‍ക്കുകയാണ്. എങ്ങനെയാണ് ഹൃദയങ്ങളില്‍ ക്രിസ്തുവിനുവേണ്ടി കൂട്ടുകൂടുന്നതെന്ന്, പ്രത്യേകിച്ച് യുവജനങ്ങളുടെ ജീവിതതാളത്തിലേക്ക് തന്റെ സാന്നിധ്യം കൊണ്ട് ക്രിസ്തുസുഗന്ധം പരത്തുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചു. നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ നില്‍ക്കുമ്പോള്‍ തന്നെ അപരവിദ്വേഷമില്ലാതെ എങ്ങനെ പെരുമാറാമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് പല രാജ്യക്കാരേയും ഭാഷക്കാരേയും വര്‍ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ ആഗോള കുടുംബാംഗമെന്ന സ്വാതന്ത്ര്യത്തില്‍ എങ്ങനെ ഇടപെടാമെന്നും ചെറിയാച്ചന്‍ കാണിച്ചുതന്നു. സ്‌നേഹം കൊണ്ടയ്യാള്‍ സ്വയം പകുത്തു നല്കി. കിഡ്‌നി മാത്രമല്ല, തന്റെ ജീവിതവും ഹൃദയവും പകുത്തു നല്കി. ബുദ്ധികൊണ്ട് കിട്ടാവുന്നതിനെ മനപൂര്‍വം അദ്ദേഹം ഉച്ഛിഷ്ടംപോലെ കണക്കാക്കി. ഒരു മൂൡപ്പാട്ടും കൊച്ചുമുണ്ടും അല്പം നീണ്ട ജുബയും വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈക്കുംകൊണ്ട് ജീവിതം സൗന്ദര്യമുള്ളതാക്കി മാറ്റാമെന്ന് മനസ്സിലാക്കി അദ്ദേഹം സമാധാനമായി ഉറങ്ങി, ഒരു ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നെങ്കിലും.

ചെറിയാച്ചന്‍ കടന്നുപോയശേഷം അയാള്‍ക്കിഷ്ടപ്പെട്ട കുറേ മഴയും മഞ്ഞും വെയിലും കടന്നുപോയി. കലണ്ടര്‍ താളുകളിലെ ദിവസങ്ങള്‍ക്കു ദൂരം കൂടുതലാണെങ്കിലും ഓര്‍മ്മകള്‍ക്ക് ചെറിയാച്ചന്‍ തൊട്ടരികില്‍ നിന്ന് പെട്ടെന്ന് മാഞ്ഞുപോയ പോലെയാണ്. സ്‌നേഹം മാത്രമായ ഏതൊരു മനുഷ്യന്റെ വേര്‍പാടിനുശേഷവും അവശേഷിക്കുന്നത് ക്രിസ്തുസുഗന്ധമാണെന്ന് ചെറിയാച്ചന്‍ മരണം കൊണ്ട് രേഖപ്പെടുത്തി. ഹൃദയത്തില്‍ തൊടാന്‍ ബ്രഹ്മാണ്ഡ കെട്ടിടങ്ങളുടെ ശില്പിയോ അധികാര ഇടനാഴികകളിലെ കുഴലൂത്തുകാരനോ കഠിനശബ്ദങ്ങളുടെ ഘോര പ്രഘോഷകനോ ആകേണ്ടതില്ലെന്ന് ആ ചെറിയ മനുഷ്യന്‍ തെളിയിച്ചു. ഒരു ചെറുതെന്നല്‍! സദാ നിറയുന്ന മന്ദസ്മിതം! 'മാഷേ'ന്ന് വിളിച്ചൊരു ചേര്‍ത്തു നിര്‍ത്തല്‍! ഒരു കൊച്ചു കാറ്റിന്റെ നേര്‍ത്ത ശബ്ദത്തില്‍ ഹൃദയത്തില്‍ നിലയ്ക്കാത്ത സംഗീതം! ഇതിനെ ചെറിയാച്ചന്‍ വിസ്മയം എന്നും വിളിക്കാം.

ആത്മാവിനെ തൊടുന്ന ആ സാന്നിധ്യത്തിന് ദൈവത്തിന് സ്തുതി. എല്ലാവരും പാഴെന്ന് കരുതിയതിനെയും കരുതിയവരെയും തന്റെ മാസ്മരികമായ കരസ്പര്‍ശം കൊണ്ട് സ്വര്‍ഗീയ സുന്ദരമാക്കാന്‍ കഴിഞ്ഞതുകൊണ്ടാണല്ലോ അയാളുടെ ഓര്‍മ്മകളില്‍ ഇപ്പോഴും സ്‌നേഹം ചുരന്നു വരുന്നത്. ചെറിയാച്ചന്‍ ഇനിയും ഒഴുകും അദൃശ്യനദിയായി. കാരണം, ആ തച്ചന്റെ ഹൃദയത്തില്‍നിന്ന് ജീവന്റെ ജലം അവന്‍ കുടിച്ചിരുന്നു. പിന്നെ ഉറവയാകാന്‍ ബുദ്ധിമുട്ടില്ലല്ലോ. ഉറവയാകട്ടെ വറ്റി വരളുന്നുമില്ല. എന്നാലും എന്റെ ചെറിയാച്ചാ, നിങ്ങളുടെ അസാന്നിധ്യം പെട്ടെന്ന് നിലച്ചുപോയ ഒരു മെലഡി പോലെ...

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org