സഭ യേശുവിലേക്ക് തിരിയണം

സഭ യേശുവിലേക്ക് തിരിയണം
സഭയുടെ മുന്‍ഗണനാക്രമം എന്തായിരിക്കണമെന്ന്, സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണ്, ബൈബിള്‍ പണ്ഡിതനായ ജെ. നാലുപറ യില്‍. സ്ഥാനമേറ്റശേഷം മാര്‍ തട്ടില്‍ നടത്തിയ പ്രസംഗങ്ങളും ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളും സുവിശേഷത്തോടൊപ്പം ചേര്‍ത്തുവച്ചു നടത്തുന്ന വിശകലനം...

'മേജര്‍ ആര്‍ച്ചുബിഷപ്പെന്ന നിലയില്‍ എനിക്ക് മൂന്ന് ആഗ്രഹങ്ങളുണ്ട്, മൂന്ന് വലിയ ഉത്തരവാദിത്തങ്ങളുണ്ട്,' സ്വന്തം നഗരത്തിലെ പൗരസമൂഹം നല്‍കിയ സ്വീകരണത്തില്‍ തട്ടില്‍ പിതാവ് പറഞ്ഞ് തുടങ്ങി. ഒന്നും രണ്ടും വിശദീകരിച്ചു കഴിഞ്ഞ് അദ്ദേഹം മൂന്നാമത്തേതിലേക്ക് കടന്നു, 'മേജര്‍ ആര്‍ച്ചുബിഷപ്പെന്ന നിലയ്ക്ക് എന്റെ ഏറ്റവും മുന്തിയ പരിഗണന (രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുന്നു) സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യമാണ്.'

  • ഒന്നാമതായി സഭ ദരിദ്രരിലേക്ക് തിരിയണം

പത്തു വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് ഒരു തിരഞ്ഞെടുപ്പിനു മുമ്പ് സാമ്രാജ്യനഗരമായ റോമിന്റെ ഹൃദയത്തില്‍ നിന്നുകൊണ്ട് ഹോര്‍ഹെ ബര്‍ഗോളിയോ പറഞ്ഞു: ''സഭയുടെ നേതാക്കളെന്ന നിലയില്‍ നമ്മള്‍ പലപ്പോഴും നമ്മിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. സഭ ഉള്ളിലേക്ക് പിന്‍വലിയുന്നത് അപകടകരമാണ്. മറിച്ച് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കാണ് സഭ നീങ്ങേണ്ടത്.''

പുറമ്പോക്കിന് അദ്ദഹം ഉപയോഗിച്ചത് 'പെരിഫറി' എന്ന പദമായിരുന്നു. പെരിഫറി നഗരത്തിന്റെ പ്രാന്തപ്രദേശമാണ്, നഗരത്തിന്റെ പുറമ്പോക്കാണ്. അവിടെയാണ് ദരിദ്രരും സ്വവര്‍ഗാനുരാഗികളും മദ്യപാനികളും ലഹരിക്കടിമപ്പെട്ടവരും സാമൂഹ്യ വിരുദ്ധരും കഴിയുന്നത്.

സഹസ്രാബ്ദങ്ങള്‍ക്ക് അപ്പുറത്ത് തന്റെ സ്വന്തം നഗരമായ നസ്രത്തിലെ സിനഗോഗില്‍ വച്ച് യേശു പ്രഖ്യാപിച്ചു: 'കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു' (ലൂക്കാ 4:18).

സഭ ആദ്യം തിരിയേണ്ടത് ദരിദ്രരിലേക്കാണെന്ന് ഫ്രാന്‍സിസ് പാപ്പ നിസ്സംശയം പറയുന്നു: 'എന്നാല്‍, ആരുടെ അടുത്തേക്കാണ് സഭ ആദ്യം പോകേണ്ടത്? സുവിശേഷം വായിക്കുമ്പോള്‍ നമുക്ക് വ്യക്തമായ ഒരു സൂചന ലഭിക്കുന്നു: നമ്മുടെ സുഹൃത്തുക്കളുടെയോ സമ്പന്നരായ അയല്‍വാസികളുടെയോ അടുത്തേക്കല്ല പോകേണ്ടത്. പിന്നെയോ, എല്ലാറ്റിനുമുപരി ദരിദ്രരും രോഗികളുമായവരുടെ അടുത്തേക്ക്, സാധാരണയായി നിന്ദിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നവരുടെ അടുത്തേക്ക്, നിങ്ങള്‍ക്ക് തിരിച്ച് നല്‍കാന്‍ കഴിയാത്തവരുടെ അടുത്തേക്ക്' (ലൂക്കാ. 14:14; EG 48).

അദ്ദേഹം ഇത് അല്പം കൂടി വിശദീകരിക്കുന്നുണ്ട്: ''സഭയെ സംബന്ധിച്ചിടത്തോളം 'പാവങ്ങളോടുള്ള പക്ഷം ചേരല്‍' സാംസ്‌കാരികമോ സാമൂഹികമോ രാ ഷ്ട്രീയമോ ദാര്‍ശനികമോ ആയ പരിഗണന എന്നതിനേക്കാള്‍ ദൈവശാസ്ത്രപരമായ പരിഗണനയാണ്. ദൈവം തന്റെ ആദ്യകാരുണ്യം ദരിദ്രരോട് കാണിക്കുന്നു. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം ഉണ്ടായിരിക്കുവാന്‍ (ഫിലി. 2:5) വിളിക്കപ്പെട്ടവരാണ് സകല ക്രൈസ്തവരും ... അതുകൊണ്ടാണ് പാവപ്പെട്ടതും പാവപ്പെട്ടവരുടേതുമായ ഒരു സഭയെ ഞാന്‍ ആഗ്രഹിക്കുന്നത്'' (EG 198).

ഒരിക്കല്‍ ഫ്രാന്‍സിസ് പാപ്പയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു: ''അങ്ങ് എന്തുകൊണ്ടാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സഭ ദരിദ്രയാകണമെന്നു പറയുന്നത്?''

അദ്ദേഹം തിരിച്ചുചോദിച്ചു: ''സഭയുടെ മണവാളന്‍ യേശുവല്ലേ? യേശു എവിടെയാണ് ജനിച്ചത്? കാലിത്തൊഴുത്തില്‍. മരിച്ചതോ? മരക്കുരിശില്‍. ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള യേശുവിന്റെ ജീവിതമോ? മനുഷ്യപുത്രന് തലചായ്ക്കാന്‍ ഒരിടം പോലുമില്ലെന്നാണ് അവന്‍ പറഞ്ഞത്. അങ്ങനെ ജനനത്തിലും മരണത്തിലും അതിനിടയ്ക്കുള്ള ജീവിതത്തിലും പരമദരിദ്രനായിരുന്നവന്റെ ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ സമ്പന്നയാകാന്‍ പറ്റുമോ?''

  • രണ്ടാമതായി സാഹോദര്യം വീണ്ടെടുക്കണം

ഈയിടെ വൈറലായ പഴയൊരു ഓഡിയോ ക്ലിപ്പുണ്ട്. തൃശ്ശൂര്‍ മാര്‍ക്കറ്റിലെ ഭ്രാന്തന്‍ ഡേവീസാണ് കഥാപാത്രം. എല്ലാവരുടെയും പരിഹാസപാത്രമാണ് അയാള്‍. കളിയാക്കുമ്പോള്‍ അയാള്‍ പറയും: ''നിങ്ങള്‍ കളിയാക്കിക്കോ, എന്റെ കൂടെ പഠിച്ച എത്ര വി ഐ പികള്‍ ഉണ്ടെന്ന് അറിയാമോ? നമ്മുടെ തട്ടില്‍ പിതാവ്, ജോയി ആലുക്ക...''

അയാള്‍ വെറുതെ പറയുന്നതാണെന്നേ കേള്‍വിക്കാര്‍ കരുതിയിരുന്നുള്ളൂ. ഒരു ദിവസം രാവിലെ ആറ് മണി സമയം. റോഡിലൂടെ തൃശ്ശൂരിന്റെ സഹായ മെത്രാന്‍ ളോഹയിട്ട് നടന്നുവരുന്നു. അരമനയില്‍ നിന്ന് വരുന്നതാണ്. വടൂക്കര പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോകാനായി. പിതാവിനെ കണ്ടതേ, ഞങ്ങള്‍ മുണ്ടിന്റെ മടക്കികുത്തൊക്കെ അഴിച്ചിട്ട്, ഭയഭക്തി ബഹുമാനത്തോടെ നിന്നു. പിതാവിനെ കണ്ടതേ ഭ്രാന്തന്‍ ഡേവീസ് ഉറക്കെ വിളിച്ചുകൂവി: ''എടാ റാഫേലേ നീയിത് എവിടെക്കാടാ രാവിലെ നടക്കണ്?''

റാഫേലേന്നുള്ള വിളി കേട്ട് സത്യം പറഞ്ഞാല്‍ ഞങ്ങളെല്ലാം ഞെട്ടിപ്പോയി. ഞെട്ടാഞ്ഞത് തട്ടില്‍ പിതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു: ''എടാ ഡേവീയെ നീയിവിടെ ഉണ്ടായിരുന്നോ?'' ഇതും ചോദിച്ച് അവന്റെ അടുത്തേക്ക് നടന്നുചെന്ന് അവനെയങ്ങ് കെട്ടിപ്പിടിച്ചു. മാര്‍ക്കറ്റിന്റെ വാതില്‍ക്കല്‍ വച്ചാണെന്നോര്‍ക്കണം. അത്യാവശ്യം തിരക്കുള്ള സമയമാണ്. യൂണിയന്‍കാരുണ്ട്, കച്ചവടക്കാരുണ്ട്, തൊഴിലാളികളുണ്ട്, സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്നവരുണ്ട്. അപ്പോഴാണ് ഈ വിളിയും കെട്ടിപ്പിടുത്തവും!

മേജര്‍ ആയതിനുശേഷം തട്ടില്‍ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ആവര്‍ത്തിച്ച് പറയുന്നൊരു കാര്യമുണ്ട്: ''മേജര്‍ ആര്‍ച്ചുബിഷപ്പ് ആയെങ്കിലും, ഞാന്‍ നിങ്ങളുടെ തട്ടിലച്ചന്‍ തന്നെയാണ്. നിങ്ങളുടെ തട്ടില്‍ പിതാവ് തന്നെയാണ്.''

പിതാവിന്റെ പ്രസ്താവന ശരിവയ്ക്കുന്നതാണ് ഭ്രാന്തന്‍ ഡേവീയും കെട്ടിപ്പിടുത്തവും. ശരിക്കു പറഞ്ഞാല്‍ ഇത് യേശുവിന്റെ സുവിശേഷത്തിന്റെ മര്‍മ്മമാണ്. സാഹോദര്യവും സമഭാവനയും. കാരണം, യേശു പ്രഘോഷിച്ചത്, 'ദൈവത്തിന്റെ സുവിശേഷമായിരുന്നു.' അതിന്റെ ഉള്ളടക്കമോ, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നും (മര്‍ക്കോ. 1:14-15). ദൈവരാജ്യമെന്നാല്‍, ദൈവം പിതാവായി ഭരണം നടത്തുന്ന അവസ്ഥ. അപ്പോള്‍ സകല മനുഷ്യരും ദൈവമക്കളാകും. പരസ്പരം സാഹോദര്യതുല്യരും. അത്തരമൊരു സര്‍വസാഹോദര്യത്തിന്റെ ദൈവരാജ്യത്തിനായിട്ടാണ് യേശു ജീവിച്ചതും മരിച്ചതും.

  • ക്ലെറിക്കലിസം സാഹോദര്യത്തെ തകര്‍ക്കുന്ന മാരക രോഗം!

സാഹോദര്യം പകരുന്ന സമഭാവനയ്ക്ക് വിരുദ്ധമായ എല്ലാ അസമത്വങ്ങളെയും യേശു എതിര്‍ത്തിരുന്നു. അതുകൊണ്ടാണ് അവന്‍ കല്പിച്ചത്, ''നിങ്ങള്‍ എല്ലാവരും സഹോദരന്മാരാണ്... ഭൂമിയില്‍ നിങ്ങള്‍ ആരെയും പിതാവെന്ന് വിളിക്കരുത്. നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ സ്വര്‍ഗസ്ഥനായ പിതാവ്' (മത്താ. 23:8-9). ഈ ഒറ്റക്കാരണത്താലാണ് നിയമജ്ഞരുടെയും ഫരിസേയരുടെയും അസമത്വത്തിന്റെ 'ഡ്രസ് കോഡിനെയും' 'സീറ്റിങ് കോഡിനെയും' അഭിവാദനത്തിനുള്ള കോഡിനെയും യേശു രൂക്ഷമായി വിമര്‍ശിച്ചത് (മത്താ. 23:5-7).

ഫരിസേയിസത്തിന്റെ ആധുനിക രൂപമായിട്ടാണ് ഫ്രാന്‍സിസ് പാപ്പ 'ക്ലെറിക്കലിസം' (വൈദികരുടെയും മെത്രാന്മാരുടെയും അധികാരപ്രമത്തത) എന്ന മാരകരോഗത്തെ കാണുന്നത്. പുരോഹിതനും മെത്രാനുമെന്ന നിലയില്‍ ഒരുവന്‍ സാധാരണ മനുഷ്യരെക്കാള്‍ ഉയര്‍ന്നവനാണ് എന്ന ചിന്തയും മനോഭാവവുമാണ് ക്ലെറിക്കലിസത്തിന്റെ കാതല്‍. ഒരുതരം മാടമ്പിത്തരം. കൂരിയ കര്‍ദിനാളന്മാരെ അഭിസംബോധന ചെയ്തപ്പോള്‍ പാപ്പ പറഞ്ഞു: ''ക്ലെറിക്കലിസം വളരെ മ്ലേച്ഛമായൊരു തിന്മയാണ്. ഫരിസേയരുടെ പുതിയ പതിപ്പാണിത്... യേശു പറയുന്ന പോലെ: പാപികളും വേശ്യകളും നിങ്ങള്‍ക്ക് മുമ്പായി സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും.''

ഈ മാടമ്പിത്തരത്തെ പ്രതിരോധിക്കണമെന്ന് പാപ്പ പുരോഹിതഗണത്തെ ഉപദേശിക്കുന്നു: ''അല്മായര്‍ നമ്മുടെ വേലക്കാരോ ശിപായിമാരോ അല്ല. നമ്മള്‍ പറയുന്നതെല്ലാം തത്ത പറയുന്നതുപോലെ അവര്‍ ഏറ്റുപറയണമെന്നില്ല... ഇത് സഭയിലെ പ്രവാചക ജ്വാലയെ ക്രമേണ കെടുത്തിക്കളയും'' (ഋഏ 104). ചുരുക്കത്തില്‍, യേശു വിഭാവന ചെയ്ത ദൈവരാജ്യത്തിന്റെ സാഹോദര്യത്തിനും സമഭാവനയ്ക്കും തുരങ്കം വയ്ക്കുന്നതാണ് വൈദികരുടെയും മെത്രാന്മാരുടെയും മാടമ്പിത്തമെന്ന 'ക്ലെറിക്കലിസം.'

ദൈവരാജ്യം കൊണ്ടുവരുന്ന സാഹോദര്യത്തിന്റെ സൗന്ദര്യം ഭ്രാന്തന്‍ ഡേവീയോട് യാത്ര പറയുമ്പോള്‍ തട്ടില്‍ പിതാവിന്റെ ഹൃദയത്തില്‍ നിന്നും അറിയാതെ പുറത്തുവന്നു: 'എടാ ഡേവീയെ, പണ്ട് നമ്മള്‍ സ്‌കൂളില്‍ പഠിക്കുമ്പോ എത്ര സന്തോഷായിരുന്നു. ഇപ്പോള്‍ ബിഷപ്പായപ്പോ... മുള്‍മുനയുടെ മുകളിലാണ് ഇരിക്കുന്നത്.' സാഹോദര്യതുല്യതയിലും സമഭാവനയിലും വിരിയുന്ന സ്വാതന്ത്ര്യവും അപരിമിതമായ മനുഷ്യനന്മയുമായിരിക്കില്ലേ യേശു സ്വപ്‌നം കണ്ടിരുന്നത്?

തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഉടനെ പറഞ്ഞ പ്രസംഗത്തില്‍ പൗലോസ് ശ്ലീഹായെ ഉദ്ധരിച്ച് തട്ടില്‍ പിതാവ് പറഞ്ഞു: ''ക്രിസ്തുവാണ് ശിരസ്സ് നമ്മള്‍ എല്ലാവരും സഹോദരങ്ങളാണ്'' (1 കോറി. 12:26-27). അസമത്വപൂര്‍ണ്ണമായ സമൂഹത്തില്‍ സാഹോദര്യതുല്യതയിലേക്കുള്ള വഴിയാണ് 'കേള്‍വി.' ബനഡിക്ട് പാപ്പയെ ഉദ്ധരിച്ച് തട്ടില്‍ പിതാവ് എറണാകുളത്തുവച്ച് പറഞ്ഞത്, മാതാവ് യേശുവിനെ ഗര്‍ഭം ധരിച്ചത് ചെവിയിലൂടെയാണ്, കേള്‍വിയിലൂടെയാണെന്നാണ്.

  • മൂന്നാമതായി നമ്മള്‍ സത്യസന്ധത തിരിച്ചുപിടിക്കണം

തൃശൂരില്‍ വച്ച് തന്റെ ഒന്നാമത്തെ ഉത്തരവാദിത്തമായി തട്ടില്‍ പിതാവ് അക്കമിട്ടത് നിഷ്‌കപടതയായിരുന്നു അഥവാ ആധികാരികതയായിരുന്നു. അതിനെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമായി അദ്ദേഹം വിശദീകരിച്ചു. ഇതിന് വിരുദ്ധമായിട്ടുള്ള കാപട്യമായിരുന്നു യേശു ഏറ്റവും നിര്‍ദയമായി എതിര്‍ത്ത തിന്മ. മത്തായിയുടെ സുവിശേഷത്തിലെ ഒരു അധ്യായം മുഴുവന്‍ നിയമജ്ഞരെയും ഫരിസേയരെയും യേശു ശപിക്കുന്നത് ഈ കാര്യം പറഞ്ഞുകൊണ്ടാണ്: ''കപടനാട്യക്കാരായ നിയമജ്ഞരെ ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം.'' ഏറ്റവും കുറഞ്ഞത് ആറ് പ്രാവശ്യമെങ്കിലും ഈ ശാപ ഫോര്‍മുല യേശു ആവര്‍ത്തിക്കുന്നുണ്ട്.

  • മുന്‍ഗണന തെറ്റിപ്പോകുന്നതാണ് കാപട്യം

എന്താണ് യേശു എതിര്‍ക്കുന്ന ഈ കാപട്യം? അകവും പുറവും, വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യമായി കപടതയെ കാണാം. എന്നാല്‍, നിയമജ്ഞരെയും ഫരിസേയരെയും ചുണ്ടി യേശു പറയുന്നത് ശ്രദ്ധിക്കണം: ''നിങ്ങള്‍ തുളസി, ചതുകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു... കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങള്‍... നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്ക് സാദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു... ബാഹ്യമായി നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്'' (മത്താ. 23:23-28).

അങ്ങനെയെങ്കില്‍ മുന്‍ഗണനാക്രമം തെറ്റിപ്പോകുന്നതാണ് കാപട്യത്തിന്റെ വലിയൊരു മേഖല. എന്തുകൊണ്ടാണ് യേശു കപാട്യത്തെ ഇത്ര രൂക്ഷമായി വിമര്‍ശിക്കുന്നത്? അതിന് കാരണം ഒന്നേ കാണുകയുള്ളൂ, ദൈവസ്വഭാവം ഇതിന് വിരുദ്ധമാണ്; ദൈവം സത്യവാനാണ് (യോഹ. 7:28).

സമാനമായൊരു മാനദണ്ഡമാണ് ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്‌തോലിക പ്രബോധനത്തില്‍ പഠിപ്പിക്കുന്നത്: ''ദൈവജനത്തിന് ക്രിസ്തുവും അപ്പസ്‌തോലന്മാരും നല്‍കിയ കല്പനകള്‍ വളരെ ചുരുക്കമാണ് എന്ന് തോമസ് അക്വീനാസ് ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനാല്‍ പില്‍ക്കാലത്ത് സഭ അതിനോട് കൂട്ടിച്ചേര്‍ത്ത നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് വിശുദ്ധ ആഗസ്തീനോസിനെ ഉദ്ധരിച്ചുകൊണ്ട് അക്വീനാസ് നിരീക്ഷിച്ചു. എങ്കിലേ വിശ്വാസികളുടെ ജീവിതത്തെ നമുക്ക് ഭാരപ്പെടുത്താതിരിക്കാനാവൂ; എങ്കിലേ നമ്മുടെ മതജീവിതം ഒരു തരം ദാസ്യവൃത്തിയായി പരിണമിക്കാതിരിക്കുള്ളൂ. നേരെമറിച്ച്, ദൈവകാരുണ്യം ആഗ്രഹിക്കുന്നപോലെ നമ്മള്‍ സ്വതന്ത്രരായിത്തീരുള്ളൂ'' (ഋഏ 43).

നമ്മള്‍ മറക്കരുതാത്ത ഒരു കാര്യമുണ്ട്: സഭ പ്രഖ്യാപിച്ചിരിക്കുന്ന ഏതെങ്കിലും ഡോഗ്മയുമായിട്ടോ വിശുദ്ധ കുര്‍ബാനയുടെ വിശ്വാസവുമായിട്ടോ ബന്ധമുള്ള കാര്യമല്ല, മറിച്ച് ഒരു അനുഷ്ഠാനരീതിയെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ഏറെക്കാലത്തെ തര്‍ക്കം. നമ്മള്‍ ചോദിക്കേണ്ട ഒരു ചോദ്യവുമുണ്ട്. യേശുവിന്റെ മുന്‍ഗണന ക്രമത്തില്‍ ഇത്തരമൊരു പ്രശ്‌നത്തിന് അവന്‍ എന്തു സ്ഥാനം കൊടുക്കുമായിരുന്നു? ആരാധനയുടെ അനുഷ്ഠാനരീതിയെക്കുറിച്ചുള്ള ഒരു ചര്‍ച്ച അന്ന് ജറൂസലം ദേവാലയത്തിലോ അതിന്റെ പരിസരത്തോ ആയിരിക്കും നടക്കുക. അത്തരമൊരു ചര്‍ച്ചയോടുള്ള യേശുവിന്റെ പ്രതികരണം എന്തായിരിക്കുമായിരുന്നു? ഉത്തരം കിട്ടാന്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ടത്, സമരിയാക്കാരിയുടെ ചോദ്യത്തിന് യേശു കൊടുക്കുന്ന മറുപടിയാണ് (യോഹ. 4:20-23).

  • രക്ഷപ്പെടാനുള്ള മാര്‍ഗം

ഈ കുടത്തില്‍ നമ്മള്‍ കൈയിട്ടിട്ട് കുറേക്കാലമായി. ഊരാന്‍ നമ്മള്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ പറ്റുന്നില്ലെന്നതാണ് സത്യം. ഇതിന്റെ കാരണം ബ്രസീലുകാരോട് ചോദിക്കണം. അവിടുത്തെ ആദിവാസികള്‍ കുരങ്ങനെ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു കെണിയുണ്ട്. തേങ്ങ പോലുള്ള ഒരുതരം കായയില്‍ ചെറിയൊരു ദ്വാരം ഇട്ട് അതിന്റെ ഉള്ള് പൊള്ളയാക്കിയ ശേഷം അതില്‍ അണ്ടിപരിപ്പ് പോലുളള സ്വാദുള്ള ഭക്ഷണ സാധനങ്ങള്‍ നിറയ്ക്കും. അകലെ നിന്നേ സുഗന്ധം കിട്ടാനായി തീയില്‍ ചുട്ട് എടുത്തവ ആയിരിക്കും അവ. എന്നിട്ട്, അത് ഏതെങ്കിലും മരത്തില്‍ കെട്ടിവയ്ക്കും.

കുരങ്ങന്‍ മണം പിടിച്ചു വന്ന് ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും, ഉള്ളിലെ തീറ്റ എടുക്കാന്‍. തീറ്റ എല്ലാംകൂടി കയ്യില്‍ വാരിയെടുക്കും. പക്ഷേ, തീറ്റയോടെ ചുരുട്ടിപ്പിടിച്ചിരിക്കുന്നതിനാല്‍ അവന് കൈ പുറത്തെടുക്കാനാവില്ല. എന്നാല്‍, കയ്യില്‍ ഇരിക്കുന്ന തീറ്റ കളഞ്ഞാല്‍ അനായാസം കൈ പുറത്തെടുക്കാം. പക്ഷേ ആര്‍ത്തിപിടിച്ച കുരങ്ങന്‍ അതിന് തയ്യാറാവില്ല. അങ്ങനെ, അവന്റെ ജീവന്‍ തന്നെ അപകടപ്പെടും. ഇതാണ് മര്‍ക്കടമുഷ്ടി!

അങ്ങനെയെങ്കില്‍, അകപ്പെട്ടിരിക്കുന്ന കെണിയില്‍ നിന്നും ഊരിപ്പോരാനുള്ള ഒരു മാര്‍ഗം ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളിലേക്ക് സഭയുടെ ശ്രദ്ധ തിരിക്കുകയാണ്. അതായത്, യേശു മുന്‍ഗണന കൊടുത്തിരുന്ന സാഹോദര്യത്തിന്റെ സുവിശേഷത്തിനും ദരിദ്രരോടുള്ള സവിശേഷ സ്‌നേഹത്തിനും നീതിക്കുമൊക്കെ. മെത്രാന്മാര്‍ മുതലുള്ള നമ്മുടെയെല്ലാം ചിന്തയിലും ചര്‍ച്ചയിലും യേശു മുന്‍ഗണന കൊടുക്കുന്ന കാര്യങ്ങള്‍ നിറയട്ടെ. സിനഡ് മുതല്‍ ഫേസ്ബുക്കും വാട്‌സാപ്പും വരെയുള്ള വേദികളിലെ ചര്‍ച്ചാവിഷയം സാധാരണ മനുഷ്യരും അവരുടെ ജീവിതപ്രശ്‌നങ്ങളുമാകട്ടെ. സഭയുടെ എല്ലാ തലങ്ങളിലും നമ്മുടെ കഴിവും ആള്‍ശേഷിയും യേശു മുന്‍ഗണന കൊടുത്തിരുന്ന കാര്യങ്ങളുടെ നടത്തിപ്പിനായി മാറ്റിവയ്ക്കാം. അങ്ങനെ, നമുക്ക് യേശുവിലേക്ക് തിരിയാം; ശിരസ്സായ യേശുവിന്റെ ശരീരമായി ജീവിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org