സഭ ഗ്രാമങ്ങള്‍ തേടുക, പാവങ്ങളെ സേവിക്കുക

സഭ ഗ്രാമങ്ങള്‍ തേടുക, പാവങ്ങളെ സേവിക്കുക

Published on

ഉത്തരേന്ത്യയില്‍ സഭയുടെ വലിയ സ്ഥാപനങ്ങളോടാണ് പ്രധാനമായും എതിര്‍പ്പുള്ളതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. തീരെ കുറവു ക്രൈസ്തവര്‍ മാത്രമുള്ള ഒരു നഗരത്തിന്റെ മദ്ധ്യത്തിലുള്ള വലിയൊരു ക്രിസ്ത്യന്‍ സ്ഥാപനത്തിലെ ക്രിസ്തുവിന്റെ പ്രതിമയോട് അവര്‍ക്ക് എതിര്‍പ്പുണ്ടായേക്കാം. അവിടെ സരസ്വതിയുടെ പ്രതിമ എന്തുകൊണ്ടു വച്ചുകൂടാ എന്നവര്‍ ചോദിച്ചെന്നുമിരിക്കും. വിദ്യാഭ്യാസ, ആരോഗ്യരംഗത്തുള്ള നമ്മുടെ സേവനങ്ങള്‍ പൊതുവില്‍ സമ്പന്നര്‍ക്കു വേണ്ടിയുള്ളതായിരുന്നു. ഇപ്പോള്‍ മറ്റു നിരവധി ഏജന്‍സികള്‍ ഈ സേവനങ്ങള്‍ നല്‍കുന്നുണ്ട്. മിനിസ്ട്രി യും ഇന്‍ഡസ്ട്രിയും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. ഇന്‍ഡ സ്ട്രി പോലെ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ സ്വാഭാവികമാ യും നിങ്ങള്‍ പ്രശ്‌നങ്ങളും ക്ഷ ണിച്ചു വരുത്തുന്നു. വിദ്യാഭ്യാസസേവനം ഇന്നു മിക്കവാറും ഒരു ഇന്‍ഡസ്ട്രി പോലെയായി ക്കഴിഞ്ഞു. സ്ഥാപനവത്കരണത്തിലൂടെ നാം നമുക്കു തന്നെ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. ക്രിസ്ത്യാനികളാരുമില്ലാത്ത വന്‍നഗരങ്ങളില്‍ നമുക്ക് വമ്പന്‍ സ്ഥാപനങ്ങളുണ്ട്. ഒരുകാലത്ത് നമ്മുടെ സേവനം താഴെത്തലത്തില്‍ വിദ്യാഭ്യാസസേവനം നല്‍കുക എന്നതായിരുന്നു. പക്ഷേ പിന്നീട് ആഭിമുഖ്യങ്ങളില്‍ മാറ്റം വന്നു. കാരണം വിദ്യാഭ്യാസം പണമുണ്ടാക്കാനുള്ള അവസരം തരുന്നു. അങ്ങനെ നമുക്കു ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു, ജനങ്ങളുമായി താദാത്മ്യപ്പെടാന്‍ മറന്നു. പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമായി താദാത്മ്യപ്പെടാന്‍ നാം തയ്യാറാകണം. സര്‍ക്കാര്‍ ഗ്രാമങ്ങളിലേക്കു ശ്രദ്ധ കൊടുക്കുന്നത് തെരഞ്ഞെടുപ്പുകാലത്തു മാത്രമാണ്. അഞ്ചു വര്‍ഷം കൂടൂമ്പോള്‍ വോട്ടു മാത്രമേ അവര്‍ക്കു വേണ്ടൂ. നാം ഗ്രാമങ്ങളില്‍ ശ്രദ്ധിക്കണം. ആധുനികവികസനം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എത്തിയിട്ടില്ല.

ഉള്‍ഗ്രാമങ്ങളുടെ വികസനത്തില്‍ ഭരണകൂടത്തിനോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ താത്പര്യമില്ല. ഇതരമതങ്ങളെ ഭ്രാന്തമായി എതിര്‍ക്കുന്നത് നഗരങ്ങളിലെ വിദ്യാസമ്പന്നരാണ്. നഗരകേന്ദ്രീകൃതമായ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിപരമായി എനിക്കു താത്പര്യമില്ല. നമ്മുടെ മിഷന്‍ പ്രവര്‍ത്തനം സ്ഥാപനകേന്ദ്രീകൃതമെന്നതിനെക്കാള്‍ മനുഷ്യകേന്ദ്രീകൃതമാകുകയും വേണം. സഭ എതിര്‍പ്പു നേരിടുന്നത് പ്രധാനമായും നഗരങ്ങളിലാണ്, ഗ്രാമങ്ങളിലല്ല.

ഷംഷാബാദ് രൂപതയില്‍ ഇതുവരെ ഒരു സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. പാവങ്ങളെ സേവിക്കാനും രൂപതയുടെ വികസനത്തിനുമുള്ള പണം എങ്ങനെ കണ്ടെത്തും എന്നു ആളുകള്‍ ചോദിക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ നടത്തി പണമുണ്ടാക്കുക എന്നത് വലിയൊരു പ്രലോഭനമാണിന്ന്. എന്തുതരം ശക്തിയിലാണു നിങ്ങള്‍ വിശ്വസിക്കുന്നതെന്ന ചോദ്യത്തിലേക്കാണിതു ചെന്നെത്തുന്നത്. പണത്തിന്റെ ശക്തിയിലോ ക്രൂശിതന്റെയും സ്‌നേഹത്തിന്റെയും ശക്തിയിലോ? നാം വിശ്വാസത്തിന്റെ പാതയില്‍ നിന്നു വ്യതിചലിക്കുകയാണോ?

പരി. പിതാവു പറഞ്ഞതു പോലെ സാക്ഷ്യമില്ലാത്ത വിശ്വാസത്തിലേക്കാണു നമ്മുടെ ദിശ തിരിഞ്ഞിരിക്കുന്നത്. വിജയം പലരുടെയും ജീവിതാഭിലാഷമായി മാറിയിരിക്കുന്നു. ഇതു നമ്മുടെ പ്രലോഭനമാണ്. മദര്‍ തെരേസ പറഞ്ഞു: എന്റെ സ്ഥാപനങ്ങള്‍ പണമുണ്ടാക്കുന്നതിനുള്ളതല്ല, പാവങ്ങളില്‍ പാവങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. അതാണു സുവിശേഷത്തിന്റെ സൗരഭ്യം. പണത്തേക്കാള്‍ ദൈവപരിപാലനയിലാണു ഞാനാശ്രയിക്കുന്നത്.

(അഭിമുഖസംഭാഷണം)

logo
Sathyadeepam Online
www.sathyadeepam.org