ബംഗ്ലാദേശ് അതിര്‍ത്തിയിലെ ക്രിസ്തീയ വസന്തം!

ടുറ രൂപതയുടെ ആദ്യത്തെ ബിഷപ്പ് റൈറ്റ് റവ. ഡോ. ജോര്‍ജ് മാമലശ്ശേരില്‍
ബംഗ്ലാദേശ് അതിര്‍ത്തിയിലെ ക്രിസ്തീയ വസന്തം!

വൈദികരുടെ വാര്‍ഷികധ്യാനത്തിന് ടുറ രൂപതയില്‍ ചെന്നതാണ്. പരിചയപ്പെട്ട എല്ലാവരുടെയും അധരങ്ങളില്‍നിന്ന് ഒരു ഓമനത്തമുള്ള വാക്ക് കേട്ടു, 'മാമ'. ആരാണ് ഈ മാമ? ടുറ രൂപതയുടെ ആദ്യത്തെ ബിഷപ്പ് റൈറ്റ് റവ. ഡോ. ജോര്‍ജ് മാമലശ്ശേരില്‍ ! പിതാക്കന്മാരെ ഇത്ര ലളിതമായി മാമ എന്നൊക്കെ വിളിക്കാമോ എന്ന് ചിന്തിച്ചാണ് അദ്ദേഹം താമസിക്കുന്ന കൊച്ചുവീട്ടിലെത്തിയത്. നല്ല ബലമുള്ള ഒരു വടിയുടെ സഹായത്തോടെ നല്ല ഉയരമുള്ള വലിയൊരു മനുഷ്യന്‍ ഒരു ചെറു കാവി മുണ്ടും നീണ്ട ജുബ്ബയും ചുഴിഞ്ഞ നോട്ടവുമായി കാത്തിരിക്കുന്നു. തൊണ്ണൂറ് കഴിഞ്ഞിട്ടും തിളങ്ങുന്ന ഓര്‍മ്മയുമായി, അദ്ദേഹം കേരളത്തിലെ കളത്തൂര് നിന്നുള്ള വര്‍ക്കിയായി പെട്ടെന്ന് മാറി. 1950-ല്‍ വീടു വിട്ട് മദ്രാസ് മൈലാപ്പൂര്‍ രൂപതയ്ക്കുവേണ്ടി പൂനമല്ലിയില്‍ പഠിച്ചുകൊണ്ടിരിക്കെ ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ് ഒരു സ്വപ്നഭൂമിയായി മാറിയതും പ്രേഷിത തീക്ഷ്ണതയില്‍ ഷില്ലോങ്ങ് ഗുവാഹട്ടി അതിരൂപതയിലെ ഗാരോ ഹില്‍സില്‍ കാലുകുത്തിയതും ഇന്നലെയെന്നവണ്ണം അദ്ദേഹം വിവരിച്ചു. Garo Hills ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയിലെ പച്ചപിടിച്ച വനമേഖലകളാണ്.

ഗതാഗത സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത, വന്യമൃഗങ്ങള്‍ നിറഞ്ഞ, മലേറിയ പോലുള്ള രോഗങ്ങള്‍ വാപൊളിച്ച് നില്ക്കുന്ന ദേശത്തിലെ ഒട്ട് പ്രാകൃതരായ മനുഷ്യരെ സ്‌നേഹിക്കാനായി നടന്നു നടന്ന് തേഞ്ഞു തീര്‍ന്ന പാദങ്ങളാണ് മാമയുടേത്. പ്രകടനപരതകളൊന്നുമില്ലാതെ ഒറ്റമുണ്ടിന്റെ ലാളിത്യത്തില്‍ നില്ക്കുന്ന ഈ മനുഷ്യനാണ് മേഘാലയയിലെ ഗാരോ കുന്നിന്റെ ആര്‍ക്കിടെക്റ്റ്. പാവപ്പെട്ട മനുഷ്യന്റെ ചെളിയിലേക്ക് ഇറങ്ങിവന്ന ഇടയന്റെ പാദങ്ങളാണിത്. അദ്ദേഹം നടന്ന വഴികള്‍ ഇടവഴിയില്‍നിന്ന് പൊതുവഴിയായും ടാര്‍വഴിയായും വികസിച്ചു. ഗ്രാമങ്ങള്‍ തോറും ചുറ്റിനടന്ന് 23 പുതിയ ഇടവകകള്‍ സ്ഥാപിച്ചു. അവിടെയൊക്കെ പള്ളിയും മേടയും സൗകര്യങ്ങളും സ്വന്തം എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തില്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തു. ലാളിത്യത്തിന്റെ ഭക്ഷണപാഠങ്ങളും ജീവിതപാഠങ്ങളും അദ്ദേഹത്തിന്റെ വൈദികര്‍ക്ക് മനഃപാഠമാണ്. ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുവാനും തന്റെ വാഹനം ഓടിക്കാ നും മാത്രമല്ല; അത് റിപ്പയര്‍ ചെയ്യാനും അദ്ദേഹത്തി ന്റെ ഇടയവടി തടസ്സമല്ലായിരുന്നു. കുഗ്രാമങ്ങളില്‍ ഏറ്റവും ആവശ്യമായത് വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ മാമ 140 സ്‌കൂളുകളാണ് കുഞ്ഞുങ്ങളുടെ കണ്ണു തുറക്കാനായി കത്തിച്ചുവച്ചത്. ദൂരവഴികള്‍ താണ്ടിയെത്താനാവാത്ത വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 47 ഹോസ്റ്റലുകളാണ് പണിതുയര്‍ത്തിയത്. Don Bosco College നേയും പ്രോത്സാഹിപ്പിച്ചതിനാല്‍ മേഘാലയയിലെ എല്ലാ വിദ്യാസമ്പന്നരും ഈ കേരളപുത്രന്റെ വിശുദ്ധ സാന്നിധ്യം അറിവായും കനിവായും നിറച്ചുണ്ടു. തൊപ്പിയുടെ വലുപ്പവും നിറവും നീളവും ചര്‍ച്ചയാകുന്ന കേരളത്തില്‍നിന്ന് ഒരു നല്ല ഇടയന്‍ എത്ര ലളിതമായാണ് ഈ രാജ്യത്തിന്റെ അങ്ങേ അതിര്‍ത്തിയില്‍ വസന്തം വിരിയിച്ചത്. മനുഷ്യനായിരുന്നു മനം നിറയെ, ജാതിയും ഉപജാതിയും നിറഞ്ഞു നിന്നൊരിടത്ത് സ്‌നേഹം മാത്രം കൈമുതലാക്കി ക്രിസ്തുവിനുവേണ്ടി നടന്ന് തേഞ്ഞ ആ പാദങ്ങളില്‍ ഞാന്‍ പ്രണാമമര്‍പ്പിച്ചു.

''ഈ കേരളപുത്രന്റെ വിശുദ്ധ സാന്നിധ്യം അറിവായും കനിവായും ടുറ രൂപത നിറച്ചുണ്ടു.''

യാത്ര പറഞ്ഞിറങ്ങാന്‍ നേരം അദ്ദേഹത്തിന്റെ കൈകളിലൊന്ന് തൊട്ടു. ഒരു തിളക്കമില്ലാത്ത മോതിരമുണ്ട്. 40,000 ക്രിസ്ത്യാനികളാണ് അദ്ദേഹം ചാര്‍ജെടുക്കുന്ന 1979-ല്‍ ടുറയിലുണ്ടായിരുന്നത്. ബിഷപ്പ് ജോര്‍ജ് മാമലശേരില്‍ എന്ന മിഷണറി റിട്ടയര്‍ ചെയ്യുമ്പോഴത് 3 ലക്ഷത്തോളമായി. യൂറോപ്പിലും അമേരിക്കയിലും മാത്രം മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന ചില പൊങ്ങച്ചങ്ങളോടൊക്കെ ഒരു മുറുമുറുപ്പ് എന്റെ ഉള്ളില്‍ നുരഞ്ഞു. ആടുകളുടെ മണമുള്ള മാമ, പ്രാകൃതമായ ഗ്രാമങ്ങളിലേക്ക്, നടന്നും സൈക്കിളിലും ജീപ്പിലുമായി ജനഹൃദയങ്ങളുടെ അരികിലെത്തി. അരികുകളിലേക്ക് വലിച്ചെറിഞ്ഞ ജീവിതങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ഏറെ മിഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. അവിടെയുള്ള രോഗികളെ സുഖപ്പെടുത്താന്‍ 20-ഓളം ചെറിയ ഡിസ്‌പെന്‍സറികളും പിന്നീടൊരു വലിയ ആശുപത്രിയും നഴ്‌സിങ് കോളേജും നിര്‍മ്മിച്ചു. ഒരിക്കല്‍ക്കൂടി ആ കരമൊന്ന് തലയില്‍ വച്ച് അനുഗ്രഹിക്കുവാന്‍ ആവശ്യപ്പെട്ടു. ഇത്തരം പരിശുദ്ധാത്മാവിന്റെ തീക്ഷ്ണത നിറഞ്ഞ കനല്‍ തൊട്ടില്ലെങ്കില്‍ ജീവിതം ശുഷ്‌കമാകുമല്ലോ.

ഒന്നു തൊടാനായ ആ പുണ്യാത്മാവിനെ ഇന്ന് ഓര്‍മ്മിക്കുന്നതിനു കാരണമുണ്ട്. 2024 ജൂലൈ 5-ന് കര്‍മ്മകുശലനായ ഗാരോ ഹില്‍സിന്റെ മിഷണറി വിടപറഞ്ഞു. കര്‍ത്താവിന്റെ ഈ വലിയ ഇടയനെ ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വനത്തില്‍ വിറകു പെറുക്കുന്നവനും മേഘാലയ മുഖ്യമന്ത്രിയും അക്കൂട്ടത്തില്‍ പ്പെടും. കേരളസഭയുടെ ഈ പുത്രന് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഗാരോ കുന്നുകളില്‍ മാത്രമേ അന്ത്യവിശ്രമം കൊള്ളാനാകൂ. കാരണം അ ദ്ദേഹം അത്രമാത്രം ആ മനുഷ്യരെ, മണ്ണിനെ, സ്‌നേഹിച്ചു. വലിയ പ്രേഷിതന് വിട!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org