മാറുക, മികവിന് അത് അനിവാര്യം

മാറുക, മികവിന് അത് അനിവാര്യം

മാറ്റം നടത്തുന്നവരും മാറ്റത്തോടു പൊരുത്തപ്പെടുന്നവരും മാറ്റത്തെ ചെറുക്കുന്നവരും ആകാന്‍ നമുക്കു സാധിക്കും. മാറ്റം മാറ്റത്തിനു വേണ്ടിയല്ല, മികവിനു വേണ്ടിയായിരിക്കണം.

മാറ്റം വളര്‍ച്ചയാണ്. നിശ്ചലത മരണവും. മനശ്ശാസ്ത്രപരമായും മറ്റെല്ലാ തരത്തിലുമുള്ള മരണം. മാറുന്നില്ലെങ്കില്‍ നിങ്ങള്‍ വളരുന്നില്ല. അസ്ഥിരതയുടെ പ്രാധാന്യം ശ്രീബുദ്ധന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അസ്ഥിരത എന്നത് അടിസ്ഥാനപരമായി മാറ്റമാണ്. ഈ ലോകത്തിലൊന്നും സ്ഥിരമല്ലെന്നദ്ദേഹം പറഞ്ഞു. അതെടുത്തിട്ടാണ് കുമാരനാശാന്‍ വീണപൂവില്‍ ശ്രീ ഭൂവിലസ്ഥിര അസംശയ മിന്നു നിന്റെയാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ എന്നു പ്രയോഗിച്ചത്. ശ്രീ മാത്രമല്ല ജീവിതം തന്നെ അസ്ഥിരമാണ്. അസ്ഥിര എന്ന വാക്കു തന്നെ ബുദ്ധനില്‍ നിന്നു വന്നതാണ്. ഇം പെര്‍മനെന്‍സ് - അനിത്യ എന്ന വാക്കാണ് ബുദ്ധന്‍ ഉപയോഗിച്ചത്.

മതഗ്രന്ഥങ്ങളെല്ലാം സമാനമാണ്. വിവിധ വ്യക്തികളായിരിക്കാം അവയെഴുതിയത്. വിഷ്ണു സഹസ്രനാമത്തില്‍ ദൈവത്തെ വിവരിക്കുന്നത് ജനിക്കുകയും മരിക്കുകയും ചെയ്തിട്ടില്ലാത്തവനെന്നാണ്. ശാസ്ത്രീയമായി പറഞ്ഞാല്‍ ജനിച്ചതെല്ലാം മരിക്കണം. ജനിച്ചില്ലെങ്കില്‍ മാത്രമേ മരിക്കാതിരിക്കാന്‍ സാധിക്കൂ. സൃഷ്ടിക്കപ്പെട്ടതെല്ലാം ശിഥിലീകരിക്കപ്പെടും. അസ്ഥിരത എന്നത് ഒരു സ്ഥിരയാഥാര്‍ത്ഥ്യമാണ്.

ഹിന്ദു തത്വശാസ്ത്രത്തില്‍ മായയെക്കുറിച്ചു പറയാറുണ്ട്. തെറ്റായ ആശയങ്ങളുടെ തടവുകാരായിരിക്കുമ്പോഴാണ് മായാബദ്ധരായിരിക്കുക എന്നു പറയുന്നത്. നമ്മളെല്ലാം മായാബദ്ധരാണ്. നമ്മുടെ മക്കളെല്ലാം പെട്ടെന്നു വളരണം എന്നു നമ്മളാഗ്രഹിക്കുന്നു. പക്ഷേ നമുക്കു വയസ്സാകാന്‍ പറ്റില്ല. മക്കള്‍ വളരുന്നു, പഠിക്കുന്നു, ജോലി കിട്ടുന്നു, വിവാഹപ്രായമാകുന്നു, അതെല്ലാം നല്ലതാണ്. പക്ഷേ, നമുക്ക് ഒരു നാല്‍പതിനപ്പുറത്തേക്കു പോകാന്‍ മടിയാണ്. അതു സാധിക്കില്ലല്ലോ.

സ്വന്തം മരണത്തിലേക്കു വരുമ്പോള്‍, ആരും അതിനെക്കുറിച്ചു സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ലോകത്തില്‍ ഒന്നിനും മാറ്റം വരുന്നില്ലെങ്കില്‍, നാമിപ്പോഴും നിലത്ത് ഇഴയുകയായിരിക്കുമല്ലോ. വളരില്ല. കാലനില്ലാത്ത കാലത്തെപ്പറ്റി കുഞ്ചന്‍ നമ്പ്യാര്‍ വളരെ ഭംഗിയായി പറഞ്ഞിട്ടുണ്ട്. ജനനമുണ്ട്, മരണമില്ല. മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു, മുത്തച്ഛനവനുണ്ട്... ഇങ്ങനെ നിരവധി തലമുറകളാണ് ജീവിച്ചിരിക്കുന്നത്. ഉണങ്ങി പാക്കു പോലെയായി, വയ്ക്കാന്‍ സ്ഥലമില്ലാതായി, കുട്ടകത്തിലിട്ടു വച്ചു, ചെരുവത്തിലിട്ടു വച്ചു എന്നൊക്കെ കുഞ്ചന്‍ നമ്പ്യാര്‍ പറയുന്നുണ്ട്. അതിശയോക്തിയാണ്. മനുഷ്യര്‍ക്കു മരണത്തോടു പേടിയാണ്. ഇങ്ങനെ ജീവിച്ചുകൊണ്ടിരുന്നാല്‍ മതി. പക്ഷേ ആളുകള്‍ മരിച്ചില്ലെങ്കില്‍ ഈ ലോകത്തില്‍ പിന്നെ എങ്ങനെ ജീവിക്കും? അതുകൊണ്ടാണ് ഗീതാഞ്ജലിയില്‍ ടാഗോര്‍ പറയുന്നത്, ഈ ചെറുപാത്രത്തെ അങ്ങു വീണ്ടും വീണ്ടും ഒഴിക്കുകയും പുതുജീവനാല്‍ വീണ്ടും വീണ്ടും നിറക്കുകയും ചെയ്യുവിനെന്ന്. നിരന്തരമായ പുതുക്കല്‍. പഴയ ജീവന്‍ പോകുന്നു, പുതുജീവന്‍ വരുന്നു. ഞാനിതെല്ലാം പറയുന്നത് തത്വശാസ്ത്രം പഠിപ്പിക്കാനല്ല. മാറ്റത്തോടുള്ള നമ്മുടെ വൈരുദ്ധ്യാത്മകസമീപനം കാണിക്കാനാണ്. മക്കള്‍ വളരണം, പക്ഷേ എനിക്കു വയസ്സാകാന്‍ പറ്റില്ല. അതു സാധ്യമല്ല. ഏതെങ്കിലും ഒന്നേ നടക്കൂ. വളരണോ വേണ്ടയോ? വളര്‍ന്നാല്‍ തളരും. ജനിച്ചാല്‍ മരിക്കും. അതുപോലെ മാറ്റം സാര്‍വത്രികമാണ്. അത് ഓരോ ദിനവും ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്നു.

നാം മരിക്കുമെന്ന് പ്രകൃതി ഓരോ ദിവസവും നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബാലസൂര്യന്‍ ഉദിച്ചു വരുന്നു, മധ്യാഹ്നമാകുന്നു, സായാഹ്നമാകുന്നു. മറയുന്നു. പകല്‍ വാഴും പെരുമാളിന്‍ രാജ്യഭാരം വെറും പതിനഞ്ചു നാഴിക മാത്രം എന്നു നമ്മുടെ സിനിമാപ്പാട്ടിലും ഉണ്ട്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ നമ്മള്‍ കാണുന്നു. രാവിലെ വിരിഞ്ഞ പൂ വൈകീട്ടു കൊഴിയുന്നു. ഇതില്‍ കൂടുതല്‍ പ്രകൃതി എങ്ങനെയാണു പഠിപ്പിക്കുക?

ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ അനിവാര്യമാണ്. പക്ഷേ, മനശ്ശാസ്ത്രപരവും സാമൂഹ്യപരവും പെരുമാറ്റപരവും സ്ഥാപനപരവും ആയ മാറ്റങ്ങള്‍ സ്വാഭാവികമായി നടക്കുന്നതല്ല. മനോഭാവങ്ങളിലെ മാറ്റങ്ങള്‍, സാമൂഹിക വ്യവസ്ഥിതികളിലെ മാറ്റങ്ങള്‍, സ്ഥാപനങ്ങളിലെ മാറ്റങ്ങള്‍ ഒന്നും താനേ നടക്കുന്നില്ല. അപചയം താനേ നടക്കും. പക്ഷേ നമുക്ക് അനുഗുണമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതിനു ബോധപൂര്‍വകമായ പരിശ്രമം ആവശ്യമാണ്. പ്രയോജനകരമായ മാറ്റങ്ങള്‍ നമ്മുടെ നിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടാണു സംഭവിക്കുക.

ആവശ്യങ്ങളും അവസരങ്ങളും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ സ്ഥാപനപരവും സംഘടനാപരവുമൊക്കെയായ മാറ്റങ്ങള്‍ ഉണ്ടാകും. മാറ്റത്തിന്റെ ആവശ്യകതയും മാറ്റത്തിനുള്ള അവസരവും ഉണ്ടെന്നു തിരിച്ചറിയാനായാല്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍, നമ്മുടെ സ്ഥാപനങ്ങളില്‍ ഉചിതമായ മാറ്റങ്ങളുണ്ടാകുകയുള്ളൂ. ആവശ്യവും അവസരവും അംഗീകരിച്ചു കഴിഞ്ഞാല്‍ മാറ്റം എളുപ്പമുള്ളതാകുന്നു, അല്ലെങ്കില്‍ അതു വേദനാജനകമാകുന്നു. മാറ്റുവിന്‍ ചട്ടങ്ങളേ, സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍ എന്ന് ആശാന്‍ പറഞ്ഞതുപോലെയാണത്. ഒന്നുകില്‍ നിങ്ങള്‍ക്ക് ഈ മാറ്റങ്ങളെ അംഗീകരിക്കാം, മാറ്റങ്ങള്‍ വരുത്താം, മാറ്റത്തിന്റെ കര്‍ത്താക്കളാകാം. അല്ലെങ്കില്‍ മാറ്റത്തിന്റെ ഇരകളാകാം. അതു നമ്മുടെ തീരുമാനമാണ്.

സംഘടനയില്‍ മാറ്റമുണ്ടാകുമ്പോള്‍ അതിന്റെ ഭാഗമായ വ്യക്തികളില്‍ മാറ്റം വരാം. സംഘടന മാറണമെങ്കിലോ, അതിലെ വ്യക്തികളിലും നേതാക്കളിലും മാറ്റം ഉണ്ടാകണം. വ്യക്തികളിലൂടെ സ്ഥാപനങ്ങള്‍ക്കും സ്ഥാപനങ്ങളിലൂടെ വ്യക്തികള്‍ക്കും മാറ്റം വരാം. മികവോടെ നടക്കുന്ന ഒരു സ്ഥാപനത്തിലേക്ക് മോശം സ്ഥാപനത്തില്‍ നിന്നൊരാള്‍ വന്നാല്‍, അയാള്‍ക്ക് ആ സ്ഥാപനത്തിന് അനുസരിച്ചു മാറുകയോ സ്ഥാപനം വിടുകയോ വേണ്ടി വരും. വ്യക്തിയെ സ്ഥാപനം മാറ്റുകയാണ്. സ്ഥാപനത്തേക്കാള്‍ മികച്ച ഒരാളെ കൊണ്ടുവരുമ്പോള്‍ അയാള്‍ തന്റെ നിലവാരത്തിന് അനുസരിച്ചു സ്ഥാപനത്തെ മാറ്റുന്നു.

ഞാന്‍ കുറെക്കാലം ടൂറിസം ഡയറക്ടറും സെക്രട്ടറിയും ഒക്കെയായിരുന്നു. ടൂറിസം വകുപ്പിനു ധാരാളം ഗസ്റ്റ് ഹൗസുകളും മറ്റുമുണ്ട്. നമ്മള്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ പോയി താമസിച്ചാല്‍, ഹൗസ് കീപ്പിംഗിന് ഒരു നിശ്ചിത നിലവാരമുണ്ടാകും. വിരികള്‍ ദിവസവും മാറ്റും, ബാത് റൂം വൃത്തിയാക്കും, അഴുക്കു തുടയ്ക്കും. ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകളില്‍ ഒരേ വിരി തന്നെ വീണ്ടും വിരിക്കുന്ന പരിപാടിയായിരുന്നു. അലക്കുന്ന കൂലി വെട്ടിക്കാനുള്ള പരിപാടിയായിരുന്നു അത്. അന്ന് കോവളം ഐ ടി ഡി സി ഹോട്ടലിലേക്ക് ഇവിടെ നിന്നു പത്തു ജോലിക്കാരെ അയച്ചു. ഹൗസ് കീപ്പിംഗ് അവര്‍ ചെയ്യുന്നതെങ്ങനെയെന്നു കാണിച്ചു കൊടുക്കുക എന്ന് അവരുടെ മാനേജരോട് ആവശ്യപ്പെട്ടു. രാവിലെ വിട്ടു, പന്ത്രണ്ടു മണിയായപ്പോള്‍ മാനേജര്‍ എന്നെ വിളിച്ചു. അവരെ എത്രയും പെട്ടെന്ന് അവിടെ നിന്നു കൊണ്ടു പോകണം എന്നായിരുന്നു ആവശ്യം. ഇത്ര പെട്ടെന്ന് എന്തു പറ്റി എന്നു ചോദിച്ചപ്പോള്‍, അവര്‍ ഒരു മണിക്കൂര്‍ കൂടി അവിടെ നിന്നാല്‍ അവരുടെ സ്റ്റാഫ് വഷളായി പോകും എന്നായിരുന്നു മറുപടി.

മാറ്റം നടത്തുന്നവരും മാറ്റത്തോടു പൊരുത്തപ്പെടുന്നവരും മാറ്റത്തെ ചെറുക്കുന്നവരും ആകാന്‍ നമുക്കു സാധിക്കും. മാറ്റം മാറ്റത്തിനു വേണ്ടിയല്ല, മികവിനു വേണ്ടിയായിരിക്കണം.

എന്താണ് മികവ്? വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദമാണത്. മികവും പരിപൂര്‍ണ്ണതയും ഒന്നല്ല. പരിപൂര്‍ണ്ണത മനുഷ്യസാദ്ധ്യമായ കാര്യമല്ല. ഒരു വ്യക്തിക്കും പരിപൂര്‍ണ്ണനാകാന്‍ സാധ്യമല്ല, പക്ഷേ പരിപൂര്‍ണ്ണതക്കായി എല്ലാ വ്യക്തികള്‍ക്കും ശ്രമിക്കാം. എല്ലാവരും അപൂര്‍ണ്ണരാണ്, ചിലര്‍ അതില്‍ സംതൃപ്തരാണ്, ചിലരാകട്ടെ അതൃപ്തരും പൂര്‍ണ്ണത തേടാന്‍ നിരന്തരം ശ്രമിക്കുന്നവരുമാണ്. പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ഈ പരിശ്രമമാണ് ഒരാളെ മികവുള്ളയാളാക്കുന്നത്. പരിപൂര്‍ണ്ണതയ്ക്കുള്ള പരിശ്രമത്തിനിടെ നിങ്ങള്‍ക്കു കൈവരുന്നതാണ് മികവ്, പരിപൂര്‍ണ്ണത അപ്പോഴും അകലെയായിരിക്കും. പരിപൂര്‍ണ്ണതക്കായുള്ള പരിശ്രമത്തിന്റെ ഉപോത്പന്നമാണ് മികവ് എന്നു പറയാം.

പ്രധാന ഫലത്തെ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാനുള്ള നിരന്തരമായ മാറ്റങ്ങളോട് അനുരൂപണപ്പെടാനുള്ള പരിശ്രമമാണ് മികവ്. നിരന്തരമായ എന്ന വാക്കു ശ്രദ്ധിക്കണം. ഒരു സംഘടനയോ സ്ഥാപനമോ അതിന്റെ പ്രസക്തി കൈവരിക്കുന്നത്, വിജയകരമാകുന്നത് അതിന്റെ പ്രവര്‍ത്തനമേഖലകളെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ്. മൈക്രോസോഫ്റ്റും ആമസോണുമെല്ലാം ഇങ്ങനെ നിരന്തരമായി മാറുകയും അങ്ങനെ വിജയിക്കുകയും ചെയ്യുന്നതിനു ഉദാഹരണങ്ങളാണ്. മറുവശത്തും ഉദാഹരണങ്ങളുണ്ട്. കെ എസ് ആര്‍ ടിസി നോക്കുക. ഒരു കാലത്ത് ഇതു വളരെ മികച്ച ഒരു സ്ഥാപനമായിരുന്നു. എന്തുകൊണ്ടാണ് കെ എസ് ആര്‍ ടി സി ഇന്നു സര്‍ക്കാരിന് ഒരു വലിയ ബാധ്യതയായി മാറിയത്? കാരണം, നിരന്തരമായ നവീകരണവുമില്ല, പ്രധാനപ്രവര്‍ത്തനമേഖലയില്‍ മാറ്റങ്ങളുമില്ല. കെല്‍ട്രോണ്‍ മറ്റൊരുദാഹരണമാണ്. ആരംഭിച്ച കാലത്ത് ഇലക്‌ട്രോണിക്‌സ് രംഗത്തെ പ്രമുഖസ്ഥാപനമായിരുന്നു. എന്തുകൊണ്ട് വളരാന്‍ സാധിച്ചില്ല? മാറ്റങ്ങളോടു മുഖം തിരിച്ചു നിന്നു. മറ്റൊന്ന് എച്ച് എം ടി. അല്ലെങ്കില്‍ അംബാസിഡര്‍ കാര്‍. നിരന്തരമായി മാറിക്കൊണ്ടിരിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. ഒരുകാലത്ത് അതതു മേഖലകളിലെ പ്രമുഖരായിരുന്നു. പക്ഷേ ഒരുകാലത്തെ ആ ജേതാക്കള്‍ പഴയകാല ജേതാക്കളായി, പരാജിതരായി.

വിജയകരമായി പോയിക്കൊണ്ടിരുന്ന ഒരു പ്രസ്ഥാനം തോല്‍വിയിലേക്കു നീങ്ങുന്നതിനു നാലു കാരണങ്ങളുണ്ട്. ഒന്ന്, സാങ്കേതിക ഘടകങ്ങളാണ്. സാങ്കേതികമാറ്റങ്ങള്‍ക്കനുസരിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ കാലഹരണപ്പെടും.

രണ്ട്, മത്സരം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പുതിയ ശക്തരായ എതിരാളികള്‍ വരുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ, മെച്ചപ്പെട്ട ബദലുകള്‍ ലഭിക്കുന്നു. അതുവരെ വിപണിയിലെ കുത്തക ആസ്വദിച്ച്, അലസരായി ഇരിക്കവേയാണ് പെട്ടെന്ന് പുതിയൊരു ഉത്പന്നം വരുന്നത്. ആദ്യഘട്ടത്തില്‍ ഈ കുത്തകകള്‍ അതിനെ അവഗണിക്കും. നമ്മോടു പിടിച്ചു നില്‍ക്കില്ല എന്ന ആത്മവിശ്വാസമായിരിക്കും ആദ്യമവര്‍ക്ക്. പക്ഷേ, അവര്‍ പെട്ടെന്നു വളരുകയും 'ഒരുകാലത്ത് പ്രമുഖമായിരുന്ന' കമ്പനികള്‍ക്ക് വലിയ മത്സരം സമ്മാനിക്കുകയും കീഴടക്കുകയും ചെയ്യുന്നു.

മൂന്ന്, സമൂഹത്തിലെ മുന്‍ഗണനകളില്‍ വരുന്ന മാറ്റങ്ങളാണ്. ഉദാഹരണത്തിന് മൊബൈല്‍ ഫോണുകളില്‍ ഒരു കാലത്ത് ബ്ലാക്ക്‌ബെറി ഒരു സ്റ്റാറ്റസ് സിംബല്‍ പോലുമായിരുന്നു. ഇന്ന് അതിലെ ബട്ടണുകളില്‍ കുത്താന്‍ ആര്‍ക്കും താത്പര്യമില്ല. ഇതുപോലെ എല്ലാ തലങ്ങളിലുമുള്ള സമൂഹത്തിന്റെ അഭിരുചികളിലും താത്പര്യങ്ങളിലും മാറ്റം വരുന്നു.

നാല്, നയങ്ങളില്‍ മാറ്റം വരുന്നു. ഉദാഹരണത്തിനു ബള്‍ബുണ്ടാക്കുന്ന ഒരു കമ്പനിയെ സങ്കല്‍പിക്കുക. ഫിലമെന്റ് ബള്‍ബ് തന്നെ ഉണ്ടാക്കിക്കൊണ്ടിരുന്നാല്‍ ആ കമ്പനി നാമാവശേഷമാകും. കാരണം, മറ്റു തരത്തിലുള്ള ബള്‍ബുകളിലേക്കു സമൂഹത്തിലെ നയങ്ങള്‍ തന്നെ നമ്മെ മാറ്റുന്നു. നയങ്ങള്‍ മാറുന്നതോടെ നമ്മുടെ പഴയ ഉത്പന്നങ്ങളും പഴയ സാങ്കേതികവിദ്യകളും കാലഹരണപ്പെടുന്നു.

മാറ്റങ്ങളെ അനിവാര്യമാക്കുന്ന ഈ ബാഹ്യഘടകങ്ങളെ കുറിച്ചുള്ള അവബോധം ഇല്ലെങ്കില്‍, അതിനെ പ്രാധാന്യത്തോടെ കാണുന്നില്ലെങ്കില്‍ മാറ്റങ്ങള്‍ നിങ്ങളെ കാലഹരണപ്പെടുത്തും എന്നര്‍ത്ഥം. ഈ ഘടകങ്ങളെല്ലാം കോര്‍പറേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമല്ല, വ്യക്തികള്‍ക്കും പ്രസക്തമാണ്.

വ്യക്തികള്‍ കാലഹരണപ്പെടുന്നത് എങ്ങനെയെന്നു ചിന്തിക്കാം. ഒരാള്‍ ഒരു സ്ഥാപനത്തില്‍ വരുമ്പോള്‍ വളരെ പ്രാപ്തി പ്രകടിപ്പിച്ചു എന്നു വിചാരിക്കുക. ഒരുപാട് പുതിയ ആശയങ്ങളും മറ്റുമായിട്ടാണ് അയാള്‍ വന്നത്. പക്ഷേ സാഹചര്യങ്ങള്‍ പിന്നീടു മാറുന്നു. സ്ഥാപനത്തിന്റെ സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് ആ വ്യക്തിക്കു മാറാന്‍ സാധിക്കുന്നില്ല. മറ്റു വ്യക്തികള്‍ അയാളേക്കാള്‍ മികവോടെ ആ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നു. അയാള്‍ പുതുതായി ഒന്നും പഠിക്കുന്നില്ല, അയാളുടെ അറിവുകള്‍ പഴഞ്ചനാകുന്നു. അയാളില്‍നിന്ന് ആരും ഒന്നും തേടാതാകുന്നു. ഈയവസ്ഥയുടെ പ്രധാന കാരണമെന്താണ്? മാറ്റത്തിന്റെ ആവശ്യകത അയാള്‍ മനസ്സിലാക്കിയില്ല. മാറ്റത്തിന്റെ ആവശ്യകത മനസ്സിലാക്കാത്തതുകൊണ്ടാണ് നാം മാറ്റങ്ങളെ ഉപാസിക്കാത്തതും ഉള്‍ക്കൊള്ളാത്തതും. മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ മാറാന്‍ തയ്യാറാകാത്തവരും മാറ്റങ്ങളെ ചെറുക്കുന്നവരും ക്രമത്തില്‍ കാലഹരണപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യും. മാറുന്ന ലോകത്തില്‍ മാറാതെ നില്‍ക്കുന്നവരെ പരിപാലിക്കാന്‍ ഈ ലോകത്തിനു നേരമില്ല. അതുകൊണ്ടു മാറ്റങ്ങളെ ആശ്ലേഷിക്കുക എന്നതു മാത്രമാണ് മാര്‍ഗം.

മാറ്റം ഇത്രമാത്രം പ്രധാനപ്പെട്ടതായിട്ടും എന്തുകൊണ്ടു മനുഷ്യര്‍ക്കു മാറാന്‍ സാധിക്കുന്നില്ല? ആളുകള്‍ക്കു സ്വാഭാവികമായി തന്നെ മാറിയാലെന്താണ്? അത് അത്ര എളുപ്പമല്ല. അനുരൂപണത്തിനും മാറ്റത്തിനും തടസ്സം നില്‍ക്കുന്നതെന്താണ്? അഞ്ചു തടസ്സങ്ങള്‍ പറയാം.

ഒന്ന്, മനോഭാവമാണ്. താന്‍ എല്ലാവരേക്കാളും കഴിവുള്ളയാളാണെന്ന ചിന്ത ചിലര്‍ക്കുണ്ടാകും. ഞാന്‍ പറയുന്നതു ശരിയായിരിക്കും, എന്നെ വിമര്‍ശിക്കാന്‍ ആരും വളര്‍ന്നിട്ടില്ല എന്ന ചിന്ത. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം സര്‍ക്കാര്‍ ഓഫീസാണ്. രണ്ടാമത്തേത് മിഥ്യാസംതൃപ്തി അഥവാ അലംഭാവമാണ്. ഇവിടെ എല്ലാം പൂര്‍ണ്ണമാണ്, ഇനിയൊന്നും ചെയ്യാനില്ല, മാറാനില്ല എന്ന ചിന്ത. മൂന്നാമത്തേത്, തെറ്റായ മൂല്യങ്ങള്‍. സ്വേച്ഛാധിപത്യമൂല്യങ്ങള്‍ പുലര്‍ത്തുക. ജനാധിപത്യബോധമില്ല, ചര്‍ച്ചകള്‍ക്ക് അവസരമില്ല. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത. അതുകൊണ്ട് ആരും മെച്ചപ്പെട്ട കാര്യങ്ങള്‍ നിര്‍ദേശിക്കുന്നില്ല. മാറാനും വളരാനുമുള്ള അവസരങ്ങള്‍ സ്വയം ഇല്ലാതാക്കുന്നു. അടുത്ത തടസ്സം മുന്‍ വിധികളാണ്. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചു വച്ചിരിക്കുന്ന ആശയങ്ങളും സങ്കല്‍പങ്ങളുമായി കാര്യങ്ങളില്‍ ഇടപെടുക. സമൂഹത്തെക്കുറിച്ചുള്ള കാലഹരണപ്പെട്ട ആശയങ്ങള്‍ കൊണ്ടുനടക്കുക. ലിംഗഭേദചിന്തകള്‍ ഇതിനുദാഹരണമാണ്. സ്ത്രീകള്‍ക്ക് ഈ ജോലി സാധിക്കില്ല, സ്ത്രീകള്‍ ഈ സമയം വരെയെ ജോലി ചെയ്യാവൂ തുടങ്ങിയ ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവരുണ്ടല്ലോ. കുട്ടികളെ അടിച്ചു വളര്‍ത്തണം എന്ന ചിന്ത, സാങ്കേതികവിദ്യകളോടുള്ള പുച്ഛം. ഇങ്ങനെയുള്ള മുന്‍ധാരണകള്‍ കൊണ്ട് മാറ്റങ്ങള്‍ക്കെതിരെ കോട്ട പണിതു വച്ചിരിക്കുന്നവര്‍. അഞ്ചാമത്തേത്, കാലഹരണപ്പെട്ട നൈപുണ്യങ്ങളും വൈദഗ്ധ്യങ്ങളും. കമ്പ്യൂട്ടറിന് രണ്ടു മിനിറ്റു കൊണ്ടു ചെയ്യാവുന്നത് ഒരു മുഴുവന്‍ ദിവസമെടുത്ത് ചെയ്യുന്നവരെ ഓഫീസുകളില്‍ ഇന്നും കാണാം.

എന്തുകൊണ്ടാണ് ഈ തടസ്സങ്ങള്‍ മാറ്റത്തെയും വളര്‍ച്ചയെയും ഇല്ലാതാക്കുവാന്‍ നാം അനുവദിക്കുന്നത്? ഇക്കാരണങ്ങളാല്‍ മാറ്റങ്ങളെ ചെറുക്കുന്നവരാരും മണ്ടന്മാരല്ല. അവര്‍ക്കിതെല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷേ മാറ്റത്തെ ഉള്‍ക്കൊള്ളുന്നതില്‍ നിന്ന് എന്തോ അവരെ തടയുന്നു. അതൊരു നിസ്സഹായതയാണ്. ബുദ്ധികൊണ്ട് കാര്യങ്ങള്‍ മനസ്സിലായാലും മനസ്സുകൊണ്ട് അതിനോടു പൊരുത്തപ്പെടാന്‍ അയാള്‍ക്കു ബുദ്ധിമുട്ടുണ്ട്. യുക്തിയുടെ അപ്പുറത്തേക്കു കടന്നു ചിന്തിച്ചാല്‍ ഇതു മനസ്സിലാകും. മാറ്റത്തോടു വിമുഖരായിരിക്കുന്നതിനു പിന്നിലെ മനശ്ശാസ്ത്രപരമായ മൂലകാരണം, ഭയമാണ്. ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും ഗാഢമായ ഉള്‍ബോധം. മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഈ മനുഷ്യരുടെ ഭീതിയുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നമുക്കു സാധിക്കണം.

എന്തൊക്കെയാണ് ഈ മാനസ്സിക ഭീതികളുടെ അടിസ്ഥാന കാരണങ്ങള്‍? അപ്രസക്തരായി തീരുമോ എന്ന ഭയമാണ് പ്രധാനം. ഈ മാറ്റങ്ങളെയെല്ലാം താന്‍ പ്രോത്സാഹിപ്പിച്ചാല്‍ മാറ്റങ്ങള്‍ തന്നെ അപ്രസക്തനാക്കുകയില്ലേ എന്ന ഭയം. മാറ്റങ്ങളെല്ലാം പുതിയ തലമുറയ്ക്ക് അനുകൂലമായ മാറ്റങ്ങള്‍ അല്ലേ? അതൊരു അസ്തിത്വഭയമാണ്. എന്നെ കൊണ്ട് ഇവിടെ പ്രയോജനമില്ലാതായാല്‍ എന്തു ചെയ്യും? ഈ ഭീതി ഒരിക്കലും അവര്‍ പുറത്തു പറയില്ല. ഇതിനെ മറച്ചു വച്ചുകൊണ്ട് മറ്റു തരത്തിലുള്ള ന്യായീകരണങ്ങളാണു നടത്തുക. ഏറ്റവും പേടിയുള്ളയാള്‍ ഏറ്റവും ധീരനായി നടിക്കും.

മറ്റൊരു കാരണം, മാറ്റങ്ങള്‍ ശീലിച്ചു പോന്ന രീതികളെ തച്ചുടക്കുമെന്ന ധാരണയാണ്. ശീലിച്ചതെല്ലാം മാറ്റേണ്ടി വരും. സ്വന്തം പരിമിതികളെ കുറിച്ചുള്ള ഭീതിയാണ് അടുത്തത്. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിയുമോ എന്ന ഭീതി മൂലം മറ്റു കാര്യങ്ങള്‍ പറഞ്ഞ് മാറ്റങ്ങളെ ചെറുക്കും. സ്വന്തം കഴിവുകേടുകള്‍ പുറത്താകുമല്ലോ, മറ്റുള്ളവര്‍ അറിയുമല്ലോ എന്നു ഭയന്നും ചിലര്‍ മാറ്റങ്ങളെ ചെറുക്കുന്നു.

മാറ്റങ്ങളോടുള്ള എതിര്‍പ്പ് നമുക്കുണ്ടെങ്കില്‍ അല്‍പം സമയമെടുത്ത്, സ്വയം ഉള്ളിലേക്കു നോക്കി, ആലോചിക്കണം, പേടിയുണ്ടോ എന്ന്. പേടിയുണ്ടെങ്കില്‍ പേടിയെ നേരിടുക, പരിഹരിക്കുക. അതു മറച്ചു വച്ചുകൊണ്ട് മാറ്റങ്ങളെ ചെറുക്കുകയല്ല വേണ്ടത്.

നിരന്തരമായി നിരീക്ഷിക്കുക, നിരന്തരമായി ആത്മപരിശോധന ചെയ്യുക, നിരന്തരമായി പഠിക്കുക. വല്ലപ്പോഴുമല്ല, നിരന്തരമായി ചെയ്യുക. അതിനു ശേഷം മാറ്റം വളര്‍ച്ചയ്ക്കുള്ള പ്രകൃതിയുടെ നിയമവും ഉപാധിയുമാണെന്ന വസ്തുതയുമായി അതിനെ ചേര്‍ത്തു വയ്ക്കുക. മാറ്റം വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന പരമസത്യവുമായി സന്ധി ചെയ്തിട്ടുവേണം, അതിനെ വിശ്വസിച്ചിട്ടു വേണം സ്വന്തം ഭീതി യെ അഭിമുഖീകരിക്കാന്‍.

എങ്ങനെ നമുക്കിതു കൈകാര്യം ചെയ്യാം?

ഒന്ന്, നിരന്തരമായി നിരീക്ഷിക്കുക, നിരന്തരമായി ആത്മപരിശോധന ചെയ്യുക, നിരന്തരമായി പഠിക്കുക. വല്ലപ്പോഴുമല്ല, നിരന്തരമായി ചെയ്യുക. അതിനു ശേഷം മാറ്റം വളര്‍ച്ചയ്ക്കുള്ള പ്രകൃതിയുടെ നിയമവും ഉപാധിയുമാണെന്ന വസ്തുതയുമായി അതിനെ ചേര്‍ത്തു വയ്ക്കുക. മാറ്റം വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന പരമസത്യവുമായി സന്ധി ചെയ്തിട്ടുവേണം, അതിനെ വിശ്വസിച്ചിട്ടു വേണം സ്വന്തം ഭീതിയെ അഭിമുഖീകരിക്കാന്‍. ഇതു ചെയ്യുമ്പോള്‍ നാം നേരത്തെ പറഞ്ഞ തടസ്സങ്ങള്‍ സാവധാനത്തില്‍ ഇല്ലാതാകും.

നമ്മുടെ പരിശീലനങ്ങളുടെയെല്ലാം ലക്ഷ്യം ഇപ്രകാരം മാറ്റങ്ങളെ ആശ്ലേഷിക്കാന്‍ ആളുകളെ പ്രാപ്തരാക്കുക എന്നതാകണം.

സാങ്കേതികവും പെരുമാറ്റപരവുമായ മാറ്റങ്ങളോടു അനുരൂപണപ്പെടുന്നത് സ്വാഭാവികപ്രക്രിയ ആക്കി കഴിയുമ്പോള്‍ ആ വ്യക്തിക്ക് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയും. അതോടെ പഴയ ആളുകളുടെ അനുഭവപരിചയം അധികയോഗ്യത ആകുകയാണെന്ന വസ്തുത അവര്‍ക്കു ബോധ്യപ്പെടുകയും ചെയ്യും.

ജനങ്ങള്‍ മാറ്റങ്ങള്‍ക്കെതിരല്ല, മറിച്ച് മാറ്റങ്ങളെ ഭയപ്പെടുന്നു എന്നതാണ് വസ്തുത. ആ ഭീതിയാണ് ഇല്ലാതാക്കേണ്ടത്. മികവ് എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇതാവശ്യമാണ്.

കൂടെയുള്ളവരുടെ ഇത്തരം ഭീതികളെ പരിശോധിച്ച്, അതിനെ മറികടക്കാന്‍ അവരെ സഹായിച്ച്, മാറ്റങ്ങള്‍ക്കായി എല്ലാവരെയും കൂടെ നിറുത്തിയവരാണ് കാര്‍ഡിനല്‍ പടിയറയെപ്പോലുള്ള ദീര്‍ഘദര്‍ശികള്‍. അപ്രായോഗികമെന്നു പോലും തോന്നിക്കുന്ന ആശയങ്ങള്‍ മുന്നോട്ടുവച്ച് ഇന്ത്യന്‍ ജനതയെയാകെ മാറ്റത്തിനു സജ്ജമാക്കുകയാണ് ഗാന്ധിജി ചെയ്തത്.

മാറ്റങ്ങള്‍ അതിദ്രുതം സംഭവിക്കുന്ന ഈ കാലത്ത് മാറ്റത്തിനു സജ്ജരാകാതെ നമുക്കാര്‍ക്കും മുന്നോട്ടു പോകാനാകില്ല. കോര്‍പറേറ്റ് മേഖലയില്‍ മാത്രമല്ല കുടുംബജീവിതത്തിലും ഇതു പ്രധാനമാണ്.

(നൈപുണ്യ കോളേജ്, കൊരട്ടി സംഘടിപ്പിച്ച കാര്‍ഡിനല്‍ ആന്റണി പടിയറ സ്മാരക പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org