മാറുന്ന മാനസികാവസ്ഥ, പെരുകുന്ന കുറ്റകൃത്യങ്ങള്‍

മാറുന്ന മാനസികാവസ്ഥ, പെരുകുന്ന കുറ്റകൃത്യങ്ങള്‍
Published on
മദ്യം, മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കള്‍ക്കടിമപ്പെട്ടവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വേണ്ടത്ര ആരോഗ്യ കരമായിരിക്കുകയില്ല. ദുഃഖം, ദയ, അനു കമ്പ, വിട്ടുവീഴ്ച എന്നിവയെല്ലാം ഇവര്‍ക്ക് അന്യമായിരിക്കും.

അടുത്ത കാലങ്ങളിലായി കേരളത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങള്‍ കാണുമ്പോള്‍ മലയാളിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് പൊതുവായ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അതിദാരുണമായ മരണം. ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ഡോക്ടറെ കുത്തിമലര്‍ത്താന്‍ മടികാട്ടാത്ത യുവാവ്. പ്രണയം നിരസിച്ച കാമുകിയെ ആസിഡ് ഒഴിച്ച് ആക്രമിക്കുന്ന മുന്‍ കാമുകന്‍. ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ട് സ്വന്തം അമ്മയെ വധിക്കുന്ന മകന്‍, ഇത്തരം വാര്‍ത്തകള്‍ വായിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സില്‍ ഒഴിയാത്ത ആശങ്കകള്‍ കടന്നുവരുന്നു.

  • കാരണങ്ങള്‍

കൊലപാതകവാസനകള്‍ വികസിച്ചുവരുന്നതില്‍ മനഃശാസ്ത്രപരവും ജീവശാസ്ത്രപരവുമായ ഘടകങ്ങള്‍ മാത്രമല്ല ഉള്ളത്, സാമൂഹികവും സാംസ്‌കാരികവു മായ കാര്യങ്ങള്‍ കൊലപാതക വാസനയെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ സമീപകാലത്തായി നിരവധി ഗവേഷണങ്ങള്‍ കൊലപാതകവുമായി ബന്ധപ്പെട്ട മനഃശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും കുറിച്ച് നടന്നിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും മറ്റു ജനിതകസിദ്ധാന്തങ്ങളും അനുസരിച്ച് ഓരോ മനുഷ്യനും സ്വന്തം ജീനുകള്‍ സംരക്ഷിക്കാനുള്ള അന്തര്‍ലീനമായ ചോദനയുണ്ട്. മനുഷ്യരുടെ ജീനുകള്‍ മനുഷ്യകുലത്തിനു പൊതുവായിട്ടുള്ളതാണ്. അത് എല്ലാവരിലും സമാനമാണ്, മനുഷ്യകുലത്തിനു മൊത്തമുള്ള ജീനുകളാണ് ജീന്‍പുള്‍ (Gene pool). ഒരാള്‍ വേറൊരു മനുഷ്യനെ കൊല്ലുമ്പോള്‍ സ്വന്തം ജീനുകളെത്തന്നെയാണ് നശിപ്പിക്കുന്നത്.

മസ്തിഷ്‌കത്തിലെ സെറോട്ടോനിന്‍ (Serotonin) എന്ന രാസപദാര്‍ത്ഥത്തിന്റെ തകരാറുകള്‍ തന്നെയാണ് കൊലപാതകവുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പെട്ടെന്നുണ്ടാകുന്ന അക്രമത്തിനും, ദേഷ്യത്തിനും പിന്നില്‍ ഈ പദാര്‍ത്ഥത്തിന്റെ തകരാറ് പല പഠനങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. മനഃശാസ്ത്രപരമായി കൊലപാതകങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഒന്ന്, മനഃപൂര്‍വമല്ലാത്തതും രണ്ട്, വ്യക്തമായി ആസൂത്രണം ചെയ്യുന്നതും, മുന്‍കൂട്ടി തയ്യാറെടുത്ത് നടത്തുന്നതുമായ കൊലപാതകങ്ങള്‍. ഇവയില്‍ ആദ്യത്തെ വിഭാഗത്തില്‍പ്പെടുന്ന കൊലപാതകങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിലും വികാരത്തിന്റെ പുറത്തും ഒരാള്‍ വേറൊരാളെ ആക്രമിക്കുന്നു. പരിക്കുകള്‍ ഗുരുതരമാകുമ്പോള്‍ അയാള്‍ മരിച്ചെന്നുവരാം. സെറൊട്ടോനിന്‍ പദാര്‍ത്ഥത്തിന്റെ തകരാറുകള്‍ ഈ വിഭാഗത്തില്‍പ്പെടുന്ന കൊലപാതകങ്ങളിലാണ് കണ്ടുവരുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന കൊലപാതകങ്ങളില്‍ കണ്ടുവരുന്ന ജീവശാസ്ത്രത്തകരാറുകള്‍ വേറെയാണ്. ഇതില്‍ ഏറ്റവും പ്രധാനമായത് സിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ (Sympathetic Nervous System) നിര്‍ജീവതയാണ്. ഈ നിര്‍ജീവതയുള്ളവര്‍ പൊതുവേ വികാരങ്ങളൊന്നും കാര്യമായി പ്രകടിപ്പിക്കാറില്ല, വിശേഷിച്ചു സഹജീവികളോടുള്ള അനുകമ്പ, സേവനം തുടങ്ങിയ മാനുഷിക ഗുണങ്ങള്‍. മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും ഒരാള്‍ മനസ്സിലാക്കുന്നത് മസ്തിഷ്‌കത്തിലെ മിറര്‍ ന്യൂറോണുകള്‍ (Mirror Neurons) മുഖേനയാണ്. കൊലപാതകം നടത്തുന്നവരില്‍ ഈ ന്യൂറോണുകളുടെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്നു വേണം കരുതാന്‍. അതുപോലെ സ്‌ക്രീനുകളില്‍ കാണുന്ന അക്രമങ്ങളും കൊലപാതകങ്ങളും അനുകരണത്തിലൂടെ ഏറെക്കുറെ അബോധപൂര്‍വമായി തെരുവുകളിലേക്ക് പരക്കുന്നു എന്നതിന് ഒട്ടേറെ ശാസ്ത്രീയ തെളിവുകളുണ്ട്.

നമുക്കുചുറ്റും കൊലപാതകങ്ങള്‍ നടക്കുന്ന ഒരു സമൂഹത്തില്‍ കൊലപാതകം ഒടുവില്‍ പ്രതിവിധിയോ ആദര്‍ശമോ ആയി മാറുന്നു. ആല്‍ബര്‍ട്ട് ബന്ധുരയുടെ സാമൂഹികപഠന സിദ്ധാന്തമനുസരിച്ച് (Social Learning Theory) കുട്ടിക്കാലംമുതലേ പലരും കൊലപാതകത്തെ അനുകരിക്കാന്‍ തുടങ്ങുന്നു. കൊലപാതകങ്ങള്‍ക്കു പെട്ടെന്നും സ്ഥായിയായതുമായ ശിക്ഷ ലഭിക്കാത്ത സമൂഹത്തില്‍ അതിനെതിരേയുള്ള ചെറുത്തുനില്പുകള്‍ ഇല്ലാതാകുന്നു. അക്രമവും കൊലപാതകരംഗങ്ങളും കാണിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഇവിടെ സാമൂഹികപഠന സിദ്ധാന്തം മാത്രമല്ല, സ്‌കിന്നറുടെ ദൃഢീകരണ സിദ്ധാന്തവും (Operant conditioning) കൊലപാതകങ്ങള്‍ക്ക് അനുകൂലമാകുന്നു.

ഇതു കൂടാതെ രക്തവും മാംസവും മൃഗീയമായ കൊലപാതപാതകങ്ങളും തുടരെത്തുടരെ കാണുന്നതിലൂടെ ഒരുതരം വൈകാരിക നിസ്സംഗത ഉണ്ടാകുന്നതായി ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വൈകാരികനിസ്സംഗത പല കൂട്ടക്കൊലപാതകങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ചുരുക്കത്തില്‍ കൊലപാതകത്തെ ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമായി കാണാനാവില്ല. രോഗാതുരമായ ഒരു സമൂഹത്തിന്റെയും ഭയരഹിതമായ ഒരു സംസ്‌കാര ത്തിന്റെയും പശ്ചാത്തലത്തില്‍ മാത്രമേ കൊലപാതകങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനാകൂ.

  • ഇത്തരം ആളുകളെ കൂടുതല്‍ ശ്രദ്ധിക്കുക

അമിതദേഷ്യക്കാര്‍, അക്രമവാസനയുള്ളവര്‍, എടുത്തുചാട്ടക്കാര്‍, സാഡിസ്റ്റിക് മനോഭാവമുള്ളവര്‍ അക്രമവാസനയുള്ള സൈക്കോപതിക് പേഴ്‌സണാലിറ്റിയുള്ളവര്‍, മാനസികാരോഗ്യം കുറവുള്ളവര്‍ എന്നിവരെ പ്രത്യേകം സൂക്ഷിക്കണം. മദ്യം, മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കള്‍ക്കടിമപ്പെട്ടവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വേണ്ടത്ര ആരോഗ്യകരമായിരിക്കുകയില്ല. ദുഃഖം, ദയ, അനുകമ്പ, വിട്ടുവീഴ്ച എന്നിവയെല്ലാം ഇവര്‍ക്ക് അന്യമായിരിക്കും. വിവേകം നഷ്ടമായി ലഹരിയുടെ പുറത്ത് എപ്പോള്‍ വേണമെങ്കിലും എന്ത് ഹീനപ്രവൃത്തിയും ഇവര്‍ ചെയ്തുകൂട്ടാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org