മിഷനറിമാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍

ഫ്രന്‍സി ജൊ പാലത്തിങ്കല്‍
മിഷനറിമാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍
മിഷനറിദൗത്യം ഏറ്റെടുത്തവര്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ മുന്‍കാലങ്ങളെ ക്കാളും ഇന്ന് ഏറെയാണ്. അതിനാല്‍ അവരുടെ പ്രവര്‍ത്തന മേഖലകളെ പൂര്‍ണ്ണമായി സാധ്യതകളാക്കാന്‍ കഴിയാതെ വരുന്നുവെന്നുള്ളത് വിഷമകരമാണ്. എന്തു തന്നെയായാലും ക്രിസ്തുവിന്റെയും അനുചരന്മാരു ടെയും വിശുദ്ധരുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതശൈലികള്‍ എന്നും ഇവര്‍ക്ക് മാതൃകയും ഉത്തേജനവുമാണ്.

പ്രപഞ്ചം എന്നും വെല്ലുവിളികളാല്‍ സമൃദ്ധമായാണ് നില നിന്നിരുന്നത്, നിലനിന്നുകൊണ്ടിരിക്കുന്നത്, നിലനില്ക്കാന്‍ പോകുന്നതും എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടതാണ്. സൂക്ഷ്മജീവികള്‍ മുതല്‍ ഭീമാകാരങ്ങളായ ജീവികളും, പുല്‍ക്കൊടി മുതല്‍ വലിയ വടവൃക്ഷങ്ങളും എല്ലാം തന്നെ പ്രപഞ്ച വെല്ലുവിളികള്‍ക്കധീനരാണ്. വെല്ലുവിളികളില്ലെങ്കില്‍ മുന്നോട്ടുള്ള ഗമനം മന്ദീഭവിക്കുന്നു. ഇതെല്ലാം തന്നെ അപ്രിയങ്ങളായ സത്യങ്ങളാണ്. എന്നാല്‍ മനുഷ്യന്‍ അവനവന്റെ തന്നെ നാശത്തിന് വഴിതെളിക്കുമ്പോള്‍ ഹൃദയം നൊമ്പരത്തോടെയല്ലാതെ അത് കേള്‍ക്കുവാനോ, അറിയുവാനോ, കാണുവാനോ സാധ്യമല്ലാതാകുന്നു. സവിശേഷതകളാല്‍ നിറഞ്ഞ മനുഷ്യസൃഷ്ടി ദൈവാംശത്തിലും ഛായയിലുമാണെന്ന് നാം വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അവന്‍ ഭൗതികമായും മാനസികമായും സാമൂഹികമായും ആത്മീയമായും പൂര്‍ണ്ണനാവാനാണ് പരിശ്രമിക്കേണ്ടത്. നമുക്കോരോരുത്തര്‍ക്കും മറ്റുള്ളവരോട് ഒരു സാമൂഹിക പ്രതിബദ്ധതയുണ്ട് എന്നോര്‍ക്കുക.

പ്രപഞ്ച നിയമമനുസരിച്ച് സാത്വിക ഗുണങ്ങളില്‍ ജനിക്കുന്ന മനസ്സുകള്‍ തങ്ങളുടെ ശുദ്ധമായ ബോധത്തില്‍ സമ്പൂര്‍ണ്ണ മനുഷ്യനന്മയെ കരുതി ചെറുപ്പം മുതല്‍ അതിനായി സ്വപ്നം കണ്ട് മുന്നോട്ടുപോകുന്നു. യുവത്വത്തില്‍ തങ്ങളുടെ ആ സുന്ദരസ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച്, തങ്ങള്‍ക്കുള്ളതെല്ലാം വിട്ടുകളഞ്ഞ്, നാടും വീടും തിരസ്‌കരിച്ച് ആ സ്വപ്നസാക്ഷാത്ക്കാരത്തിനായി പുറപ്പെടുന്നു. അതിനായി അവര്‍ ഏതു വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും മറികടക്കാന്‍ മാനസികമായി തയ്യാറെടുക്കുന്നു; അതിലവര്‍ ആനന്ദം കണ്ടെത്തുന്നു. സാധാരണ വെല്ലുവിളികള്‍ ഏതുമേഖലയിലുമുള്ളതുപോലെ ഇവിടെയും നേരിടേണ്ടതായിട്ടുണ്ട്. നന്മയാണ് ഉദ്ദേശ്യ ശുദ്ധിയെങ്കിലും തിന്മയുടെ പ്രഭാവം അതിനടുത്തുതന്നെ നിലകൊള്ളുന്നു. ഒരു മിഷനറി പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ആദ്യമായി

1) ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയെടുക്കുക എന്നതാണ്. അത് അവര്‍ മനസ്സിലാക്കുകയും അതിനൊരുങ്ങുകയും ചെയ്യുന്നു.

2) നീണ്ട യാത്രകള്‍, അതൊന്നും അവരെ ദുര്‍ബലപ്പെടുത്തുകയോ, വിഷമിപ്പിക്കുകയോ ചെയ്യുന്നില്ല. യാത്രകളിലും മറ്റുമുള്ള അസുരക്ഷിതാവസ്ഥ അവര്‍ തരണം ചെയ്യുന്നു.

3) തനതായ ഭാഷകളില്‍ നിന്ന് വ്യത്യസ്തമായുള്ള ഭാഷകള്‍, സുഗമമായ ആശയവിനിമയത്തിനായി അവര്‍ പഠിക്കുന്നു; പരിശീലിക്കുന്നു.

4) വൈവിധ്യമാര്‍ന്ന വേഷങ്ങള്‍, വ്യത്യസ്ത ഭക്ഷണ രീതികള്‍ എല്ലാം അവര്‍ സ്വായത്തമാക്കുന്നു. കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട് ആ രുചികളില്‍ ആനന്ദം കണ്ടെത്തുന്നു. ഭക്ഷണം ഇല്ലെങ്കില്‍ തന്നെ അവര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള ഊര്‍ജം ദൈവവചനത്തില്‍ നിന്ന് ആര്‍ജിച്ചെടുക്കുന്നു

5) നിരന്തരമായ പ്രാര്‍ത്ഥനാ ചൈതന്യം ഉത്സുകരും ശക്തരുമാക്കുന്നു. അതിനായി അവര്‍ സമയം കണ്ടെത്തുന്നു.

6) താമസസൗകര്യങ്ങള്‍ എത്രതന്നെ പരിമിതമാണെങ്കിലും അതൊന്നുംതന്നെ അവരെ തളര്‍ത്തുന്നതേയില്ല

7) വ്യത്യസ്തമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ സസന്തോഷം ഏറ്റെടുക്കുന്നു.

8) തങ്ങളുടെ ചുറ്റുപാടുകളും വൈവിധ്യമായ മനുഷ്യസമൂഹവും സംസ്‌കാരങ്ങളും അംഗീകരിച്ച് വളരെ വേഗംതന്നെ അതില്‍ അലിഞ്ഞുചേര്‍ന്ന് അവരില്‍ ഒരാളായിത്തീരുന്നു.

9) ജീവിത സഞ്ചാരങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സാമ്പത്തിക പരാധീനതകള്‍ അവരെ ഒരിക്കലും തളര്‍ത്താറില്ല. മേല്‍വിവരിച്ച വെല്ലുവിളികള്‍ വളരെ ലാഘവത്തോടെയെടുത്ത് പ്രത്യാശയില്‍ മിഷനറിമാര്‍ മുന്നോട്ട് ഗമിക്കുന്നു.

എന്നാല്‍ അടുത്തകാലത്ത് വന്നുഭവിച്ചിട്ടുള്ള ലോകത്തിന്റെ മാറ്റങ്ങളുടെ കലകള്‍ ഇവരുടെ പ്രവര്‍ത്തനമേഖലകളില്‍ മന്ദീഭവം അനുഭവപ്പെടുന്നുവെന്നുള്ളത് തികച്ചും ചിന്തനീയമായ വിഷയമാണ്.

ഒരു പ്രേഷിത സഹോദരനും സഹോദരിമാരുമായുള്ള അടുപ്പത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ചില വസ്തുതകള്‍ ഞാന്‍ ഇവിടെ പരാമര്‍ശിക്കട്ടെ. അതിനെ പുതിയ കാലത്തിന്റെ വെല്ലുവിളികളായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

1) ഒന്നാമതായി മിഷനറി പ്രവര്‍ത്തനം സുഗമമായി നടക്കണമെങ്കില്‍ ആ സമൂഹത്തില്‍ അതായത് നമ്മുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ നമുക്ക് ഒരു സ്വീകാര്യത സാധ്യമാകണം. ഈ സ്വീകാര്യത വളരെ കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നു.

2) സമൂഹത്തിന് മിഷനറി പ്രവര്‍ത്തകരുമായി ഇടപഴകാനും സംവദിക്കാനും ഒരു വൈകാരിക അകലം ഉള്ളതായി കാണുന്നു. മുന്നോട്ടുവരാനും കാര്യങ്ങള്‍ പറയാനും ഒരു നിരോധനം (inhibition) സമൂഹത്തില്‍ ഉടലെടുത്തതായി തോന്നുന്നു.

3) ഇന്നത്തെ ഭരണസംവിധാനത്തിന്റെ നിയമങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചിലപ്പോള്‍ വിലങ്ങു തടിയായിത്തീരുന്നു.

4) സന്നദ്ധരായി, സ്വന്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കാറില്ല. എല്ലാ കാര്യത്തിനും മുന്‍കൂര്‍ അനുവാദവും മറ്റും മേടിക്കേണ്ടി വരികയാല്‍ ത്വരിത പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാതെ വരുന്നു.

5) ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ പാളിച്ച വന്നാല്‍ അത് സ്ഥാപനങ്ങളുടെ നല്ല പേരിനെ (reputation) ബാധിക്കുമോ എന്ന ഭയം ഇവരെ പിന്നോട്ട് വലിക്കുന്നു.

6) ഇന്ന് ഭരണ സംവിധാനത്തില്‍ എല്ലാം നിയമങ്ങള്‍ക്ക് അധീനമായതിനാല്‍ സുഗമമായ പ്രവര്‍ത്തനം സാധ്യമല്ലാതാകുന്നു.

7) മതതീവ്രവാദവും മതപരിവര്‍ത്തനവും ജനങ്ങളെ ഭീതിയിലാക്കുന്നു. അതിനാല്‍ സമൂഹം സംശയദൃഷ്ടിയോടെ സമീപിക്കുന്നു.

8) ഈ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ലൗകിക ലാഭേച്ഛ കൊതിക്കുന്നവര്‍ നടത്തുന്ന മനുഷ്യകടത്ത്, അവയവകടത്ത്, ലൈംഗിക അരാജകത്വം, ദാസ്യവേല, ലഹരി മാഫിയ എന്നീ കാര്യങ്ങള്‍ ജനങ്ങളെ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരില്‍ നിന്നും അകറ്റുന്നു.

9) സ്വാര്‍ത്ഥ ലാഭേച്ഛയില്ലാതെ ഒന്നിനും പോകാത്ത സമൂഹം ഇവരില്‍ നിന്ന് ഞങ്ങള്‍ക്ക് എന്ത് ലഭിക്കും എന്ന ചിന്തയില്‍ യഥാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ മധുരമുള്ള ഫലം ജനം ഏറ്റെടുക്കാതെ ആകുന്നു.

10) യുവസന്യാസിനിമാര്‍ക്ക് എതിരെയുള്ള അശ്ലീല പ്രവര്‍ത്തനങ്ങള്‍ അവരെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. സ്ത്രീകളെ ബഹുമാനിച്ചിരുന്ന ഭാരതസംസ്‌കാരത്തിന് ഇവിടെ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു.

11) മതതീവ്രവാദവും വര്‍ഗീയതയും കൊണ്ട് മൂടപ്പെട്ട മനസ്സ്, മനുഷ്യനന്മയെന്തെന്ന് തിരിച്ചറിയാനാകാതെ, രാക്ഷസീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ നന്മ വിതറുന്ന മിഷനറിമാരെ, മര്‍ദിക്കുന്ന, ചുട്ടെരിക്കുന്ന, കൊല ചെയ്യുന്ന സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നു. അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായിരിക്കുന്ന മക്കള്‍ക്ക് അവരുടെ ജീവനുതന്നെ സുരക്ഷിതത്വമില്ലാത്തത് സമൂഹത്തില്‍ ഭീതി ഉയര്‍ത്തുന്നു. അതിനാല്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ പ്രവര്‍ത്തനമേഖലയും നിശ്ചലാവസ്ഥയില്‍ ആകുന്നു.

മിഷനറിദൗത്യം ഏറ്റെടുത്തവര്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലു വിളികള്‍ മുന്‍കാലങ്ങളെക്കാളും ഇന്ന് ഏറെയാണ്. അതിനാല്‍ അവരുടെ പ്രവര്‍ത്തന മേഖലകളെ പൂര്‍ണ്ണമായി സാധ്യതകളാക്കാന്‍ കഴിയാതെ വരുന്നുവെന്നുള്ളത് വിഷമകരമാണ്. എന്തു തന്നെയായാലും ക്രിസ്തുവിന്റെയും അനുചരന്മാരുടെയും വിശുദ്ധരുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതശൈലികള്‍ എന്നും ഇവര്‍ക്ക് മാതൃകയും ഉത്തേജനവുമാണ്. അതിനായി എല്ലാത്തരം വെല്ലുവിളികളെയും സധൈര്യം നേരിട്ടുകൊണ്ടു തന്നെ തങ്ങളാലാവുംവിധം സമൂഹനന്മയ്ക്കായി, ദൈവരാജ്യ സം സ്ഥാപനത്തിനായി അവര്‍ തങ്ങളുടെ ജീവിതങ്ങളെ ഹോമിച്ചു കൊണ്ട് മുന്നോട്ടു ഗമിച്ചുകൊണ്ടേയിരിക്കുന്നു എന്നുള്ളത് പ്രശംസനീയമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org