ചുള്ളിക്കാടിന്റെ കത്തും ചില ഓര്‍മ്മകളും

ചുള്ളിക്കാടിന്റെ കത്തും ചില ഓര്‍മ്മകളും
എന്റെ ആത്മകഥാഭാഗങ്ങള്‍ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചുവല്ലോ. ആരോഗ്യം വളരെ മോശമായ ഘട്ടത്തിലായിരുന്നു ആത്മകഥാരചന. അതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയുമോ എന്നു സംശയിച്ചതിനാല്‍ മുമ്പെഴുതിയ ചിലതു കൂടി ചേര്‍ത്ത് തിടുക്കത്തില്‍ ഇറക്കുകയായിരുന്നു. സ്വാഭാവികമായും ചിലതു വിട്ടുപോയി. അതില്‍ പ്പെടും താഴെയുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കത്തും ബന്ധപ്പെട്ട ഓര്‍മ്മകളും. 1986-ലാണ് ഞാന്‍ മഹാരാജാസില്‍ മലയാളം പ്രൊഫസറായി വന്നത്. എം എ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഗത്ഭരായ വ്യക്തികളെക്കൊണ്ട് ക്ലാസോ പ്രഭാഷണമോ നടത്തിക്കാന്‍ യു ജി സി യുടെ സാമ്പത്തിക സഹായം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആയിരുന്ന തിനാല്‍ അവരോടു ചോദിച്ചിട്ടാണ് ആളുകളെ നിശ്ചയിച്ചിരുന്നത്. സഹപ്രവര്‍ത്തകരോടാലോചിക്കാത്തതിനെപ്പറ്റി ഒരാള്‍ ചോദിച്ചപ്പോള്‍ ഞാനിക്കാര്യം പറയുകയും ചെയ്തു. പ്രൊഫ. അഴിക്കോട്, ഡോ. അയ്യപ്പപ്പണിക്കര്‍, പ്രൊഫ. ഒ എന്‍ വി കുറുപ്പ്, പ്രൊഫ. സാനു, ഡോ. കുര്യാസ് കുമ്പളക്കുഴി തുടങ്ങി പലരെയും ക്ഷണിച്ചിരുന്നു. അക്കൂട്ടത്തില്‍ ചുള്ളിക്കാടിനെയും ഒരിക്കല്‍ ക്ഷണിച്ചു. സാങ്കേതിക തടസ്സം (അധ്യാപകനല്ലെന്നത്) വന്നാല്‍ പ്രതിഫലം എന്റെ കൈയ്യില്‍ നിന്നു നല്കാമെന്നു കരുതിയിരുന്നു. സംഭവിച്ചത് കത്തില്‍ നിന്നു സ്പഷ്ടം!

From

ബാലചന്ദ്രന്‍ ചുള്ളിക്കാട്, 36/2904,

കൊച്ചി-682017

TO

ഡോ. ജോര്‍ജ് ഇരുമ്പയം, Dept. Head of Malayalam,

മഹാരാജാസ് കോളേജ്, എറണാകുളം

ബഹുമാനപ്പെട്ട സര്‍,

പി. ഭാസ്‌കരന്റെ ''വയലാര്‍ ഗര്‍ജ്ജിക്കുന്നു'' എന്ന കവിതയെക്കുറിച്ച് ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളോട് ഒരു പ്രഭാഷണം നടത്താന്‍ താങ്കള്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ ആ ക്ഷണം സസന്തോഷം സ്വീകരിക്കുകയും ചെയ്തതാണല്ലോ. ഇങ്ങനെയൊരു പ്രഭാഷണം നടത്താന്‍ ഒരു കവിതാഭ്രാന്തനായ എനിക്കുള്ള യോഗ്യതയില്‍ സംശയിക്കാതിരുന്ന താങ്കളുടെയും താങ്കളുടെ വിദ്യാര്‍ത്ഥികളുടെയും ഹൃദയവിശാലതയ്ക്ക് നന്ദി.

പക്ഷേ, താങ്കളുടെ ക്ഷണം വിനയപൂര്‍വം ഞാന്‍ നിരസിക്കുന്നു. കാരണം 'ട്രഷറിയിലെ ക്ലര്‍ക്കിന്' കവിതയെക്കുറിച്ചു പ്രഭാഷണം നടത്താന്‍ എന്തര്‍ഹത എന്ന് താങ്കള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പല അദ്ധ്യാപകരും ചോദ്യം ചെയ്തതായും താങ്കള്‍ യോഗ്യതയില്ലാത്തവരെക്കൊണ്ട് പ്രഭാഷണം നടത്തിക്കുന്നതായി ആരോപിച്ചതായും ഞാന്‍ അറിയാനിടയായി. ഞാന്‍ മലയാളം എം എ യും പി എസ് സി ടെസ്റ്റും പാസ്സായിട്ടില്ല എന്നതും ട്രഷറിയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് എന്നതും വാസ്തവമാണ്. അതിനാല്‍ ഈ അവസ്ഥയില്‍ ''ഞാനൊരു ബാലനശക്തനെന്നാകിലും'' എന്നെ അപമാനിക്കുമ്പോള്‍ തങ്ങളുടെ അന്നാധാരകാരകരായ കവിവംശത്തെ മുഴുവനുമാണ് തങ്ങള്‍ അപമാനിക്കുന്നതെന്ന വാസ്തവം മനസ്സിലാക്കാനുള്ള സാംസ്‌കാരിക ശേഷിപോലും ആ മലയാളം വാദ്ധ്യാന്മാരുടെ ബിരുദാനന്തരബിരുദം അവര്‍ക്കു നേടിക്കൊടുത്തില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. അവരോടും അവര്‍ക്കു ശിഷ്യപ്പെടേണ്ടിവരുന്ന വിദ്യാര്‍ത്ഥികളോടും.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി-17

1-02-1988

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org