
അജി മേലേടത്ത്
നവംബര്‍ 14 – ശിശുദിനം
കുട്ടിക്കാലം ഓര്‍മ്മയില്‍ ഒരു മയില്‍പ്പീലിയായി സൂക്ഷിക്കുന്നവരാണ് നാമെല്ലാവരും. അതിന് പണ്ഡിതനെന്നോ പാമരനൊന്നോ വ്യത്യാസമില്ല. കുട്ടിക്കാലത്തെ മാധുര്യമൂറുന്ന സ്മൃതികള്‍ അയവിറക്കാത്ത മഹാരഥന്മാരുമില്ല. ഒരു വ്യക്തിയുടെ വ്യക്തിത്വരൂപീ കരണത്തില്‍ അയാളുടെ കുട്ടിക്കാലം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സ്വപ്നങ്ങളുടെ ചിറകുള്ള യാത്ര യുടെ കാലം. മയില്‍പ്പീലിയും വളപ്പൊട്ടും മുത്തശ്ശിക്കഥകളും കുസൃതിയും നിറഞ്ഞ ആ കുട്ടിക്കാലം ഇന്ന് നമ്മുടെ കുട്ടികള്‍ക്ക് അന്യംവന്നിരിക്കുന്നുവെന്നു പറയാതെ വയ്യ.
ഈ ശിശുദിനത്തില്‍ ബാല്യം ആസ്വദിക്കാത്ത കുട്ടികളുടെ ലോകത്തേക്കൊരു എത്തിനോട്ടം.
കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചത്?
ബാല്യം കുസൃതിയുടെയും പഠനങ്ങളുടേയും കളികളുടേയും സമൃദ്ധിയുടെയും കാലമാണ്. മാവിന്‍ചുവട്ടില്‍ അണ്ണാറക്കണ്ണ നോട് മാമ്പഴം ചോദിക്കുന്ന കുട്ടി പഴങ്കഥയാണിന്ന്. പൂപ്പാട്ടും പൂവട്ടിയുമായി കുന്നും മലയും തൊടികളും ചവിട്ടുന്ന കുട്ടിയും വിസ്മൃതിയിലായി. കുയിലിന്റെ പാട്ടിന് എതിര്‍പാട്ട് പാടാന്‍ ഇന്നവന് നേരമില്ല. ഓണ്‍ലൈന്‍ ക്‌ളാസ്സും നിരവധി ഗെയിമുകളും സ്മാര്‍ട്ടു ഫോണില്‍ കാത്തിരിക്കുന്നു. ബാക്കി വാട്‌സപ്പിലും ഇന്‍സ്റ്റഗ്രാമിലും കയറാനുള്ള സമയമാണ്. കുളംകലക്കിയും ഊഞ്ഞാലാടിയും കൂട്ടുകൂടിയും കുട്ടിക്കാലം ആസ്വദിച്ചിരുന്ന പഴയ കുട്ടികള്‍ ഗൃഹാതുരമായ ഒരു നൊമ്പരമായി മാറി. നമ്മുടെ കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചത്?
സംസ്‌കാരമേഖലയില്‍ ടെലിവിഷനും ഓണ്‍ലൈന്‍ മാധ്യമങ്ങളും
കുട്ടികളെ നാം അകത്തളങ്ങളില്‍ തളച്ചിരിക്കുന്നു. ടെലിവിഷന്‍ മിനിസ്‌ക്രീനിനും മൊബൈല്‍ ഫോണിനുമപ്പുറത്തുള്ള ലോകം കുട്ടികള്‍ക്ക് അന്യമായിമാറി. കുട്ടികളുടെ രുചിയും മണവും കാഴ്ചയും നിയന്ത്രിക്കുന്ന വിഭവങ്ങളൊരുക്കാന്‍ ചാനലുകളും ഓണ്‍ ലൈന്‍ മാധ്യമങ്ങളും മത്സരിക്കുന്നു. പശ്ചാത്യ ടി.വി. ശ്യംഖലയുടെ കേബിളുകള്‍ നമ്മുടെ സ്വീകരണമുറികള്‍ അടക്കി വാണിരിക്കുന്നു. സ്വയം അനുഭവിച്ചറിയുന്നതിനു പകരം ഓരോ കുട്ടിയും കാഴ്ച്ചക്കാരനായി മാറി. കുട്ടിക്കാലം പിന്നിടുന്നതിനിടയ്ക്ക് അവന്‍ മിനി സ്‌ക്രിനിലും ഓണ്‍ലൈന്‍ ഗെയിമുകളിലും എത്ര കൊലപാതകങ്ങളാണ് കാണുന്നത്? എത്ര സംഘട്ടനങ്ങള്‍, എന്തെല്ലാം ആഭാസങ്ങള്‍, ഇതെല്ലാം അവന്റെ വ്യക്തി ത്വരൂപീകരണത്തെ സ്വാധീനിക്കുന്നു. സംസ്‌ക്കാരത്തിന്റെ മേഖലയില്‍ കടന്നുകയറിയ ടെലിവിഷനും ഓണ്‍ലൈന്‍ മാധ്യമങ്ങളും കുട്ടിത്തം കവര്‍ന്നെടുക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ.
കരിഞ്ഞുപോവുന്ന സ്വപ്നങ്ങള്‍
മുതിര്‍ന്നവര്‍ എപ്പോഴും അവരുടെ കണ്ണിലൂടെ മാത്രമാണ് കാര്യങ്ങള്‍ കാണുന്നത്. മുതിര്‍ന്നവരുടെ ചിന്താപഥത്തിലൂടെ മാത്രം കുട്ടികള്‍ സഞ്ചരിക്കണമെന്ന് അവര്‍ ശഠിക്കുന്നു. എവിടേയും ഒന്നാമനാകാത്ത കുട്ടി കഴിവില്ലാത്തവനാണെന്ന് വലിയവര്‍ കരു തുന്നു. എങ്ങനെയെങ്കിലും ഡോക്ടറും ഐ.ടി. പ്രൊഫഷണലും എഞ്ചിനീയറുമാക്കാന്‍ പാടുപെടുന്നു. അത് നടക്കാതെ വരുമ്പോള്‍ കുടുംബബന്ധങ്ങള്‍ പോലും തകരുന്നു. അച്ഛന്റേയും അമ്മയുടേയും സ്വപ്നങ്ങളെ പൂവണിയിക്കാന്‍ കുട്ടി പാടുപെടുമ്പോള്‍ അവന്റെ സ്വപ്നങ്ങള്‍ കരിഞ്ഞുപോവുന്നത് മാതാപിതാക്കള്‍ കാണാതെ പോകുന്നു.
മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കുട്ടികളില്‍
ഓരോ കുട്ടിയുടെയും അഭിരുചികള്‍ വ്യത്യസ്തമാണ് എന്നറി ഞ്ഞ് അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളാകുക എന്നതാണ് സ്‌ക്കൂളിന്റേയും കുടുംബത്തിന്റേയും കടമ. എന്നാല്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും മനസ്സിനെ മരവിപ്പിക്കുന്ന പഠനരീതികളും ഗാര്‍ഹിക ചുറ്റുപാടുകളും നമ്മുടെ കുട്ടികളെ വളരെ വേഗത്തില്‍ വയസ്സന്മാരാക്കി മാറ്റുന്നു. ഇന്നലത്തെ കുട്ടികളല്ല ഇന്നത്തെ കുട്ടികള്‍ എന്ന തിരിച്ചറിവാണ് അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകേണ്ടത്.
ഓരോ കുട്ടിയുടെയും അഭിരുചികള്‍ വ്യത്യസ്ത മാണ്
എന്നറിഞ്ഞ് അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന
കേന്ദ്രങ്ങളാകുക എന്നതാണ് സ്‌ക്കൂളിന്റേയും
കുടുംബത്തിന്റേയും കടമ. എന്നാല്‍ ഓരോ വിദ്യാര്‍ത്ഥി
യുടെയും മനസ്സിനെ മരവിപ്പിക്കുന്ന പഠനരീതികളും
ഗാര്‍ഹിക ചുറ്റുപാടുകളും നമ്മുടെ കുട്ടികളെ
വളരെ വേഗത്തില്‍ വയസ്സന്മാരാക്കി മാറ്റുന്നു.
കുട്ടികളുടെ ആദ്യത്തെ മാര്‍ഗ്ഗ ദര്‍ശികള്‍
അച്ഛനും അമ്മയുമാണ് കുട്ടികളുടെ ആദ്യത്തെ മാര്‍ഗ്ഗദര്‍ശികള്‍. അച്ഛനും അമ്മയും തമ്മിലുള്ള സ്‌നേഹവും കുടുംബാന്തരീ ക്ഷവുമാണ് ഒരു കുട്ടിയെ വളര്‍ത്തുന്നതിലെ നിര്‍ണ്ണായകഘടകങ്ങള്‍. ആദ്യം കുടുംബവും പിന്നീട് വിദ്യാലയവും, തുടര്‍ന്ന് സമൂഹവും അവനെ രൂപപ്പെടുത്തുന്നു. വീട്ടിലെ പൊങ്ങച്ചം നിറഞ്ഞ പ്രകടനങ്ങള്‍ കുട്ടിയിലും അത്തരത്തിലുള്ള മനോവികാരങ്ങള്‍ തന്നെയാണ് ഉളവാക്കുക. ഞാനും എന്റെ വീടും ടി.വി.യും മതി എന്ന മാനസികാവസ്ഥയാണ് പല ഗൃഹ നാഥന്മാര്‍ക്കും. അയല്‍പക്കങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍പോലും ശിഥിലമായിരിക്കുന്നു.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം
വായിക്കാന്‍ കുറച്ച് കോമിക്‌സ് പുസ്തകങ്ങളും കളിക്കാന്‍ കുറച്ച് കളിപ്പാട്ടങ്ങളും (കളിപ്പാട്ടങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ടുഫോണും) കൊടുത്ത് കുട്ടികളെ പുറത്തിറക്കാന്‍ അനുവദിക്കാതെ വളര്‍ത്തുന്നത് സംസ്‌കാരമായി രക്ഷിതാക്കള്‍ തെറ്റി ദ്ധരിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ന് ഓരോ വീടിന്റെയും അകത്തളങ്ങള്‍ കുട്ടികളുടെ നിശ്വാസത്താല്‍ ഉഷ്ണിക്കുകയാണ്.
ശിശുതൊഴിലാളികളുടെ എണ്ണം
ഇത് സമൂഹത്തിലെ സമ്പത്തുള്ളവരുടെ കുട്ടികളുടെ ചിത്രമാണെങ്കില്‍ ആ വേലിക്കെട്ടിനപ്പുറത്തുള്ളവരുടെ കുട്ടികളുടെ അവ സ്ഥ എന്താണ്? ഇന്ത്യയിലെ കുട്ടികളില്‍ അറുപതു ശതമാനവും വിശപ്പടക്കാന്‍ നേരത്തെ പണിശാല കളില്‍ വിയര്‍പ്പൊഴുക്കുന്നവരാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. 6 നും 14 നും ഇടയ്ക്ക് പ്രായമുള്ള 82 ദശലക്ഷം ഇന്ത്യന്‍ കുട്ടികളില്‍ (പ്രധാനമായും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍) പകുതിയിലും കുറഞ്ഞാണ് സ്‌കൂളില്‍ പോകുന്നുള്ളൂവെന്ന ഒരു പഴയകണക്ക് ഓര്‍ത്തുപോകുന്നു. ഒന്നാം ക്ലാസിലെത്തുന്ന ഓരോ പത്തു കുട്ടികളെയുമെടുത്താല്‍ നാലുപേര്‍ മാത്രമാണ് നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്നത്. 14 വയസ്സിനു താഴെയുള്ള കുട്ടികളെ തൊഴില്‍ശാലയിലോ ഖനികളിലോ മറ്റ് അപകടകരമായ പണിക ളെടുപ്പിക്കുന്നത് കുറ്റകരമാണെന്ന് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നു. എന്നാല്‍ 1981 ലെ സെന്‍സസ് പ്രകാരം 13.69 ദശലക്ഷമാണ് ഇന്ത്യയിലെ ശിശുതൊഴിലാളികളുടെ എണ്ണം.
ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍
ഏറ്റവും കൂടുതല്‍ കുട്ടി തൊഴിലാളികള്‍ തമിഴ്‌നാട്ടിലാണ്. ഇവര്‍ തുച്ഛമായ നാണയത്തുട്ടുകള്‍ക്കു വേണ്ടി എല്ലുമുറിയെ പണിയെടുക്കേണ്ടിവരുന്നു. ടെലിവിഷനിലെ പരസ്യത്തില്‍ ഇംഗ്ലീഷ് ചുവയുള്ള മലയാളത്തില്‍ കൊഞ്ചുന്ന കുട്ടി കളല്ല ഇവര്‍. പത്തും പന്ത്രണ്ടും വയസ്സില്‍ ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ പേറുന്നവര്‍. വിവാഹപ്രായമെത്തിയ പെങ്ങന്മാരുടെ ആങ്ങളമാര്‍. രോഗിയായ അച്ഛന്റേയും അമ്മയുടേയും സംരക്ഷകര്‍. ഒരു കുടുംബത്തിന്റെ ഉത്തരംതാങ്ങികള്‍. അക്ഷരവും അറിവും നി ഷേധിക്കപ്പെട്ടവര്‍. ആകാശവും നക്ഷത്രവും ശുദ്ധവായുവും നിഷേധിക്കപ്പെട്ടവര്‍.
മാറാരോഗങ്ങളും അകാലമൃത്യുവും
ആദിവാസി ഊരുകളില്‍ ഇത്തരം കുട്ടികളെ എളുപ്പം കണ്ടെത്താന്‍ സാധിക്കും. ഇവര്‍ക്ക് പരിഷ്‌കൃതന്റെ നാടും, ആദിവാസി കളുടെ കാടും നഷ്ടപ്പെട്ടപ്പോള്‍ ഉപജീവനത്തിന് പിടിച്ചുപറിയും ടൂറിസ്റ്റുകള്‍ക്ക് കഞ്ചാവ് വില്‍പ്പനയും കൂട്ടിക്കൊടുപ്പും നടത്തി ജീവിക്കാന്‍ വിധിക്കപ്പെടേണ്ടി വരിക യായിരുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ കുട്ടിത്തൊഴിലാളികള്‍ ക്രൂരമായ പീഡനത്തിനും രോഗങ്ങള്‍ക്കും നടുവിലാണ്. മഹാരാഷ്ട്രയിലെ ദാഹാനുവിലെ ബലൂണ്‍ ഫാക്ടറികളില്‍ പ ണിയെടുക്കുന്ന കുട്ടികള്‍, പുറമേ ശിവകാശിയിലെ തീപ്പെട്ടി വ്യവസായശാലകളില്‍, മദ്ധ്യപ്രദേശിലെ മാന്‍ഡാരസാറിലെ സ്‌ളേറ്റു വ്യവസായ മേഖലയില്‍, മഹാരാഷ്ട്രയിലെ നെയ്ത്തുശാലകളില്‍, ഫിറോസാബാദിലെ സ്ഫടിക വ്യവസായമേഖലയില്‍, മൊറാദാബാദിലെ ഓട്ടുപാത്ര വ്യവസായത്തില്‍, അണുശക്തി നിലയങ്ങളില്‍, ഹോട്ടലുകളില്‍, ബീഡിവ്യവസായത്തില്‍, ഇഷ്ടിക കളങ്ങളില്‍ തുടങ്ങി എല്ലാ മേഖലയിലും ജീവിതം ഹോമിക്കുന്ന കുട്ടിത്തൊഴിലാളികളെ കാണാം.
പെണ്‍കുട്ടികളുടെ ജീവിതം
ഇക്കൂട്ടത്തില്‍ പെണ്‍കുട്ടികളുടെ ജീവിതമാണ് ഏറ്റവും ദയനീയം. ഇന്ത്യയില്‍ തന്നെ വടക്കന്‍ സംസ്ഥാനങ്ങളില്‍ കുട്ടിയു ണ്ടാവുക എന്നാല്‍ ആണ്‍കുട്ടിയാവുക എന്നാണര്‍ത്ഥം. തമിഴ്‌നാട്ടിലെ പല ഊരുകളിലും ജനിച്ച കുട്ടി പെണ്‍കുട്ടിയാണെന്നറി ഞ്ഞാല്‍ കൊന്നുകളയുന്ന പൈശാചികത നിലനില്‍ക്കുന്നു. ഗര്‍ഭസ്ഥശിശു ആണാണോ പെണ്ണാണോ എന്നറിയാനുള്ള ടെസ്റ്റുകളും പെണ്ണാണെങ്കില്‍ നശിപ്പിക്കാനുള്ള രീതികളും ആധുനിക വൈദ്യശാസ്ത്രത്തില്‍ നിലവിലുണ്ട്. ഭാവിയില്‍ 3 ലക്ഷം ലാഭിക്കാന്‍ ഇപ്പോള്‍ മുന്നൂറ് രൂപ ചെലവാക്കുക എന്ന സുന്ദരന്‍ പരസ്യവാചകങ്ങളാണ് ഈ ടെസ്റ്റിന്റെ പിന്നിലുള്ളത് എന്നറിയുമ്പോള്‍ ഇന്ത്യയിലെ പെണ്‍കുട്ടികളോടുള്ള മാതാപിതാക്കളുടെ മനോഭാവം ഏകദേശം ഊഹിക്കാനാവുമല്ലോ?
ക്രിയാത്മകമായ പരിപാടികള്‍
1959-ല്‍ ഐക്യരാഷ്ട്രസഭ കുഞ്ഞിന്റെ മനുഷ്യാവകാശങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാംബെയിലെ ഫോസ് റോഡിലും, കാമാത്തിപുരത്തും, പൂനയിലെ സിറ്റി പോസ്റ്റിലും പെണ്‍കുഞ്ഞുങ്ങളെ വില്‍ക്കുന്നത് തടയാന്‍ നിയമത്തിന് കഴിയുന്നില്ല. പലപ്പോഴും ദാരിദ്ര്യം തന്നെയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത് എന്ന സത്യംകൂടി ഇതിനു പിറകിലുണ്ട്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം കുട്ടികളുടേയും സ്ത്രീകളുടേയും വര്‍ഷമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അവശന്മാരും ആര്‍ത്തന്മാരും ആലംബഹീനന്മാരും അസംഘടിതരുമായ ഇവരുടെ ക്ഷേമത്തിന് പ്രഖ്യാപനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും പുറമേ ക്രിയാത്മകമായ പരിപാടികള്‍ ഉണ്ടായെങ്കില്‍ എന്നാശിച്ചു പോകുന്നു.