ഷെവലിയര്‍ വി.സി. ജോര്‍ജ്ജ് കത്തോലിക്കാസഭയുടെ മാടമ്പി

ജോണ്‍ കുര്യന്‍ വടക്കേക്കര
ഷെവലിയര്‍ വി.സി. ജോര്‍ജ്ജ് കത്തോലിക്കാസഭയുടെ മാടമ്പി

അദ്ധ്യാപകന്‍, ഹെഡ്മാസ്റ്റര്‍, ചരിത്രകാരന്‍, ഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍, പ്രസാധകന്‍, മാഗസിന്‍ എഡിറ്റര്‍, ഹോമിയോ ചികിത്സകന്‍, നിയമോപദേശകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍, സമുദായ നേതാവ്, ശ്രീമൂലം പ്രജാസഭ മെമ്പര്‍, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ്, കര്‍ഷകന്‍ എന്നീ നിലകളില്‍ പ്രശോഭിച്ചിരുന്ന ഷെവ. വി.സി. ജോര്‍ജ്ജിനെ അനുസ്മരിക്കുന്നു.

1885 മെയ് 14 നാണ് പുളിക്കല്‍ വടക്കേക്കര വീട്ടില്‍ കുരുവിള മറിയം ദമ്പതികളുടെ മകനായി വി.സി. ജോര്‍ജ്ജ്, മാതൃഭവനമായ മാന്‍വെട്ടം തടിക്കല്‍ അറയ്ക്കലില്‍ ജനിക്കുന്നത്. കളരി വിദ്യാഭ്യാസം തുടങ്ങുന്നത് മാന്‍വെട്ടം പള്ളി മോണ്ടളത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ കാഞ്ഞിരത്താനം പള്ളിവക കളരിയിലും കുറവിലങ്ങാട് വാദ്യപ്പുര പള്ളിക്കൂടത്തിലും ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്.

കൊച്ചുവക്കന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന വടക്കേക്കര സിറിയക് ജോര്‍ജ്ജ്, വിദ്യാഭ്യാസം തീര്‍ത്തും കുറവായിരുന്ന അക്കാലത്ത്, മാന്നാനം കൊവേന്തയിലെ മിഡില്‍ സ്‌കൂള്‍, കോട്ടയം എം.ഡി. സെമിനാരി ഹൈ സ്‌കൂള്‍, മാന്നാനം സെന്റ് എഫ്രേം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും തുടര്‍ന്ന് മെട്രിക്കുലേഷന്‍ 1906-ല്‍ പാസ്സായി.

പിതാവായ കുരുവിള ബാല്യത്തിലെ നിര്യാതനായിരുന്നതിനാല്‍ മൂത്തമകനായ കൊച്ചു വക്കനില്‍ കുടുംബത്തിന്റെ ഭാരവും കാര്‍ന്നോര്‍ സ്ഥാനവും നിക്ഷിപ്തമായി. എങ്കിലും പഠനം ഉപേക്ഷിച്ചില്ല. വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്തു. പ്രതിസന്ധികളെയും തടസ്സങ്ങളെയും ധീരമായും ശക്തമായും അദ്ദേഹം നേരിട്ടു.

വാഹന സൗകര്യം ഇല്ലാതിരുന്നതിനാല്‍ കാല്‍നടയായാണ് സ്‌കൂളില്‍ പോയിരുന്നത്. പഠന കാലത്ത് നിധീരിക്കല്‍ മാണി കത്തനാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു ശരിയായ വിധം വിദ്യാഭ്യാസവും സമുദായ സ്‌നേഹവും വളര്‍ത്തിയെടുക്കുവാന്‍ സഹായകമായിരുന്നു. കൊച്ചു വക്കന്റെ പിതൃസഹോദര പുത്രനായ പണ്ടാരകാപ്പില്‍ വര്‍ക്കി എന്ന വലിയ വക്കന്റെ പിന്തുണ അദ്ദേഹത്തിന് പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും വിദൂരസ്ഥലങ്ങളില്‍ പോയി വിദ്യാഭ്യാസം സാധ്യമാക്കുവാനും ഉപകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം അദ്ധ്യാപക ട്രെയിനിംഗ് കോളേജില്‍ നിന്നും അദ്ധ്യാപകനാകാനുള്ള യോഗ്യത നേടിയ ശേഷം കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂളില്‍ പ്രഥമ അദ്ധ്യാപക ജോലി ആരംഭിച്ചു. പിന്നീട് പിറവം സെന്റ് ജോസഫ് ഹൈസ്‌കൂ ളില്‍ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. വക്കന്‍ സാറെന്നും ജോര്‍ജ്ജ് വാദ്ധ്യാരെന്നും വിളിച്ചിരുന്ന അദ്ദേഹം മികച്ചൊരു അദ്ധ്യാപകനായിരുന്നു.

കല്‍ക്കട്ടാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രൈവറ്റായി ബി.എ. ഫസ്റ്റ് ക്ലാസ്സോടു കൂടി പാസ്സായി. നിയമത്തിലും അദ്ദേഹം യോഗ്യത നേടി. പിന്നീട് കല്‍ക്കട്ടായില്‍ നിന്നും ഹോമിയോ പഠനവും പൂര്‍ത്തിയാക്കി. ഒരു മിനിറ്റുപോലും പാഴാക്കാന്‍ വക്കന്‍ സാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

അക്കാലത്ത് രോഗങ്ങളുടെയും മാറാവ്യാധികളുടെയും നിരന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മുടെ നാടുകളില്‍ ഉണ്ടായിരുന്നതിനാല്‍, അദ്ദേഹത്തിന്റെ ഹോമിയോ ചികിത്സ നിരവധി ആളുകള്‍ക്ക് പ്രത്യേകിച്ച് നാട്ടുകാര്‍ക്ക് വളരെയേറെ സഹായകമായിരുന്നു.

അദ്ധ്യാപകന്‍, ഹെഡ്മാസ്റ്റര്‍, ചരിത്രകാരന്‍, ഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍, പ്രസാധകന്‍, മാഗസിന്‍ എഡിറ്റര്‍, ഹോമിയോ ചികിത്സകന്‍, നിയമോപദേശകന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍, സമുദായ നേതാവ്, ശ്രീമൂലം പ്രജാസഭ മെമ്പര്‍, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ്, കര്‍ഷകന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശോഭിച്ചിരുന്നു.

തികഞ്ഞൊരു വാഗ്മിയും നല്ലൊരു നേതാവും ആയിരുന്നു. മലയാളം, സംസ്‌കൃതം, ഇംഗീഷ്, ലത്തീന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് എന്നിവയിലുള്ള അദ്ദേഹത്തിന്റെ ഭാഷാപാണ്ഡിത്യം എഴുത്തില്‍ മാത്രമല്ല, വിശിഷ്ഠ അതിഥികള്‍ക്ക് പൊതുചടങ്ങുകളില്‍ വിവര്‍ത്തനത്തിനും ഉപകരിച്ചിരുന്നു.

'മഷിയുണങ്ങാത്ത പേന' എന്ന വിശേഷണം അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നു. പത്രലേഖകന്‍ എന്ന നിലയില്‍ മലബാര്‍ ഹെറാള്‍ഡ്, ന്യൂ ലീഡര്‍, എക്‌സാമിനര്‍, ഹെറാള്‍ഡ്, ന്യൂ റിവ്യൂ, വീക്ക്, ഡെയ്‌ലി അമേരിക്കന്‍ ട്രിബ്യൂന്‍, കാത്തലിക് ഗസറ്റ്, ക്രിസ്ത്യന്‍ ചര്‍ച്ചസ് ക്വാര്‍ട്ട്‌ലി എന്നീ വിദേശ മാധ്യമങ്ങളോടൊപ്പം തന്നെ നസ്രാണി ദീപിക, മലയാള മനോരമ, സത്യനാദം, സത്യദീപം, മലബാര്‍ മെയില്‍, അപ്നാദേശ്, കേരള ഭൂഷണം, പ്രാചീനതാരം, സര്‍വ്വത്ര മിത്രം, സഹോദരന്‍, പ്രകാശം, ദാസന്‍, അനന്തസംഭവം, പൗരധ്വനി എന്നീ സ്വദേശ മാധ്യമങ്ങള്‍ക്കു വേണ്ടിയും വക്കന്‍ സാര്‍ എഴുതിയിരുന്നു. നസ്രാണി ദീപികയില്‍ അദ്ദേഹത്തിനു പ്രത്യേക സ്ഥാനം തന്നെ ഉണ്ടായിരുന്നു. എന്‍.സി. ഡബ്ല്യൂ (ചഇണ), സി ന്യൂസ് സര്‍വ്വീസ് ലേഖകന്‍, കാത്തലിക് സപ്‌ളൈ ഏജന്‍സി ആന്റ് ഡിപ്പോയുടെ ലേഖകന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രധാന ഭാരവാഹിത്വം വഹിച്ചിരുന്നു.

1921-1977 കാലഘട്ടത്തില്‍ 19 ബുക്കുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലുള്ള ഏഴു സ്വതന്ത്ര കൃതികളും ഇംഗ്ലീഷിലുള്ള അഞ്ചു കൃതികളും ഏഴു തര്‍ജ്ജമകളും ആണ് അവ.

പുത്തന്‍കൂര്‍-പഴയകൂര്‍ പുനരേകീകരണം, സഭയുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ ഇടപെടലുകളിലും, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഉള്ള അദ്ദേഹത്തിന്റെ ശബ്ദവും ദൃഢതയും എല്ലാ രംഗങ്ങളിലും വളരെ പ്രകടമായിരുന്നു.

1961 ഏപ്രില്‍ 11-ാം തീയതി മാര്‍ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തായുടെ പുനഃസംസ്‌കാര ചടങ്ങുകള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലുള്ള ആലങ്ങാട്ടു പള്ളിയില്‍ നിര്‍വ്വഹിക്കുന്നതിനു നേതൃത്വം കൊടുത്തത് അന്നത്തെ കാത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന വക്കന്‍ സാറായിരുന്നു.

നല്ലൊരു അദ്ധ്യാപകന്‍ എന്ന നിലയില്‍ എണ്ണമറ്റ ശിഷ്യ സമ്പത്തും, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളരെയേറെ വ്യക്തിബന്ധങ്ങള്‍ ഉള്ള ജനസമ്മതനും ആയിരുന്നു. ഐസക് മാര്‍ യൂഹാനോന്‍, കവി ചെമ്മനം ചാക്കോ, മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ തുടങ്ങി എത്രയോ പേര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ആര്‍ക്കും ഏതു സമയത്തും ഏത് ആവശ്യത്തിനും സമീ പിക്കാവുന്ന ലളിതമായ വ്യക്തിത്വത്തിന്റെ ഉടമയും ആയിരുന്നു. സഭയുടേയും ചരിത്രത്തിന്റേയും കാര്യത്തില്‍ പ്രത്യേക ജ്ഞാനവും ഉണ്ടായിരുന്നു.

1971 ആഗസ്റ്റ് മാസം 26-ാം തീയതി അന്നത്തെ മാര്‍പാപ്പ പോള്‍ ആറാമന്‍ വി.സി. ജോര്‍ജ്ജിനു ഷെവലിയാര്‍ പദവി നല്‍കി ആദരിച്ചു. ഷെവലിയാര്‍ എന്നാല്‍ കാത്തോലിക്കാ സഭയുടെ മാടമ്പി എന്നാണ്. മാടമ്പിയുടെ പടവാളും ഒപ്പം സമ്മാനിച്ചിരുന്നു. ഷെവലിയാര്‍ വി.സി. ജോര്‍ജ്ജ് സഭയ്ക്ക് ചെയ്ത സേവനങ്ങളെ കണക്കാക്കിയാണ് ഈ വിശിഷ്ടപദവി അദ്ദേഹത്തിനു ലഭിക്കുന്നത്. വി.സി. ജോര്‍ജ്ജ് നല്ലൊരു മാതൃക കുടുംബനാഥനും ആയിരുന്നു. 1968 ഡിസംബര്‍ 29 നാണ് അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞു മറിയാമ്മ വിടവാങ്ങിയത്. എല്ലാവര്‍ക്കും പ്രിയങ്കരിയും, വക്കന്‍ സാറിന്റെ ഓരോ നേട്ടങ്ങളുടെയും പങ്കാളിയും നല്ലൊരു ദാനശീലയും ഏവര്‍ക്കും സ്വീ കാര്യയും ആയിരുന്ന സഹധര്‍മ്മിണിയുടെ മരണം വക്കന്‍ സാറിനെ വളരെയധികം വേദനിപ്പിച്ചു. 1977 നവംബര്‍ മാസം 4-ാം തീയതി അദ്ദേഹത്തിന്റെ കൊച്ചുമകന്‍ സ്‌ക്വാഡ്രന്‍ ലീഡര്‍ മാത്യു സിറിയക്ക് അന്നത്തെ പ്രധാന മന്ത്രി മൊറാര്‍ജി ദേശായിയെയും സംഘത്തെയും രക്ഷിക്കുവാന്‍ വേണ്ടി ജീവത്യാഗം ചെയ്ത വൈമാനികരില്‍ ഒരാളാണ്. ഈ വാര്‍ത്തയും വി.സി. ജോര്‍ജ്ജില്‍ ഏറെ വേദന ഉളവാക്കി. ജീവിതത്തില്‍ വെല്ലുവിളികളെ നേരിട്ട അദ്ദേഹത്തിനു വേണ്ടപ്പെട്ടവരുടെ വേര്‍പാട്, വേദനകള്‍ സൃഷ്ടിച്ചെങ്കിലും വാര്‍ദ്ധക്യത്തിലും എന്തെങ്കിലും എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുക എന്ന അദ്ദേഹത്തിന്റെ ശീലം ഇവയൊക്കെ ഒരു പരിധിവരെ നേരിടുവാന്‍ സഹായിച്ചിരുന്നു. കൃത്യനിഷ്ഠയോടെയും അടുക്കോടെയും ജീവിതം നയിച്ച വി.സി. ജോര്‍ജ്ജ് 96-ാം വയസ്സില്‍ 1981 മെയ് മാസം 22-ാം തീയതി വിടവാങ്ങി.

മണ്‍മറഞ്ഞിട്ട് 41 വര്‍ഷം പൂര്‍ത്തിയായി. ജീവിച്ചിരിക്കുമ്പോള്‍ നാം ചെയ്യുന്ന നല്ല പ്രവൃത്തികളും അതിന്റെ സ്മരണകളും ആണ് മരണശേഷം ഓര്‍മ്മിക്കപ്പെടുന്നത്.

എല്ലാ വര്‍ഷവും ഹിസ്റ്ററി കോണ്‍ഗ്രസ്സ്, ഷെവലിയര്‍ വി.സി. ജോര്‍ജിന്റെ സ്മരണ നിലനിര്‍ത്തുകയും അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം അവാര്‍ഡ് ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. വക്കന്‍സാര്‍ ചെയ്ത സേവനങ്ങളും എഴുതിയ ചരിത്ര പുസ്തകങ്ങളും ഈ യുഗത്തിലും സഭയ്ക്കും അല്മായര്‍ക്കും കുടുംബ കൂട്ടായ്മകള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.

അതിജീവനത്തിന്റെ മാതൃകയും ഉദാത്ത ഉദാഹരണവുമായിരുന്ന കത്തോലിക്കാ സഭയുടെ മാടമ്പിയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണാമം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org