നയം മാറുന്ന വിദ്യാഭ്യാസം

നയം മാറുന്ന വിദ്യാഭ്യാസം

ഡോ. ജോളി ജേക്കബ് (പ്രിന്‍സിപ്പാള്‍, ക്രൈസ്റ്റ് നഗര്‍ കോളേജ്, തിരുവനന്തപുരം)

ആഗോളവത്കരണവും സാങ്കേതിക വിദ്യയുടെ നൂതനസാധ്യതകളും ലോകജനതയെ ഒരു വിരല്‍ത്തുമ്പില്‍ കേന്ദ്രീകരിച്ചു. മൗലികമായ മാറ്റങ്ങളും സാധ്യതകളും വിഭാവനം ചെയ്യുന്ന ലോകസമൂഹം വികസനത്തിനുള്ള നവീന നയരേഖകള്‍ സമസ്ത മേഖലകളിലും രൂപീകരിക്കുന്നു. കാലത്തിനും ദേശത്തിനും മുമ്പേ നടക്കുന്നവര്‍ക്കും ഉന്നത സ്വപ്നങ്ങളില്‍ വിരാജിക്കുന്നവര്‍ക്കും മാത്രമേ വിജയം കൈവരിക്കാന്‍ കഴിയൂ. ഈ ആഗോള സത്യം ഉള്‍ക്കൊണ്ടാല്‍ മാത്രമേ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ സാര്‍ത്ഥകമാകൂ.
കോത്താരി കമ്മീഷന്‍ 34 വര്‍ഷങ്ങള്‍ക്കു മുമ്പ് സമര്‍പ്പിച്ച വിദ്യാഭ്യാസ നയരേഖയ്ക്കനുസൃതമായാണ് നാളിതുവരെയുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരുന്നത്. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ പ്രതീക്ഷകളും ഒപ്പം ആശങ്കകളും ഉണ്ട്.
ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍
നിലവിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ നയരേഖയിലുണ്ട്. 18 വയസ്സുവരെ വിദ്യാഭ്യാസം അവകാശമാക്കുന്നത് ഗുണകരമാകും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നാലുവര്‍ഷ ബിരുദത്തിനുശേഷമുള്ള ഗവേഷണം തുടങ്ങിയവ പ്രതീക്ഷ നല്കുന്നവയാണ്. വിദ്യാഭ്യാസത്തിനുള്ള മൊത്ത എന്റോള്‍മെന്റ് അനുപാതം 26.3 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഉയര്‍ത്തുന്നു. ഇന്റഗ്രേറ്റഡ് ബി.എഡും ബിരുദപഠനത്തില്‍ ഓരോ വര്‍ഷത്തിനു ശേഷമുള്ള സര്‍ട്ടിഫിക്കേഷനുകളും സ്വീകാര്യമാണ്. ക്രിയാത്മകതയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും
പ്രായോഗികതയ്ക്കും ഊന്നല്‍ നല്കുന്ന പഠനരീതിയും ഓര്‍മ്മശക്തി പരീക്ഷിക്കുന്ന പരീക്ഷാരീതിക്കു മാറ്റം വരുത്തുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.
യൂണിവേഴ്‌സിറ്റിയുമായുള്ള കോളേജുകളുടെ അഫിലിയേഷന്‍ രീതി ഘട്ടം ഘട്ടമായി മാറ്റി സ്വയംഭരണകോളേജുകളായി മാറ്റും എന്നത് കോളേജുകള്‍ക്കും, പരീക്ഷാ നടത്തിപ്പില്‍ നട്ടം തിരിയുന്ന യൂണിവേഴ്‌സിറ്റികള്‍ക്കും ഗുണകരമാണ്.
നാഷണല്‍ ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ രൂപീകരണം, ദേശീയ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി കൗണ്‍സില്‍, ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗണ്‍സില്‍, നാഷണല്‍ അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ എന്നിങ്ങനെയുള്ള സ്വതന്ത്ര വിഭാഗങ്ങളുടെ രൂപീകരണവും കാതലായ മാറ്റമാണ്. വിദ്യാര്‍ത്ഥി-അദ്ധ്യാപക കൈമാറ്റത്തിലൂടെയുള്ള അന്താരാഷ്ട്രവത്കരണം, വിദേശ സര്‍വ്വകലാശാലകളുടെ കടന്നുവരവ് തുടങ്ങിയവ ഇന്ത്യന്‍ യുവത്വം വിദ്യാഭ്യാസ ത്തിനുവേണ്ടി വിദേശങ്ങളിലേക്കു കുടിയേറുന്ന തിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധി ക്കും. ജിഡിപിയുടെ പ്ര വൃത്തിപഥത്തില്‍ 6 ശതമാനം വകകൊള്ളിക്കും എന്നതും പ്രതീക്ഷാനിര്‍ഭരം തന്നെ.
ആശങ്കകള്‍
ഭാരതത്തില്‍ വിദ്യാഭ്യാസരംഗത്തു മാത്രമല്ല ഏതു മേഖലയിലും സ്വപ്നങ്ങള്‍ക്കു നിറം മങ്ങുന്നതിനും ആശങ്കകള്‍ ഉയരുന്നതിനും കാരണം വിഭവശേഷി ഇല്ലാത്തതും സുവ്യക്തമായ നയങ്ങള്‍ ഇല്ലാത്തതും അല്ല. ഇച്ഛാശക്തിയില്ലായ്മയും, നടത്തിപ്പിലെ പാളിച്ചകളും അഴിമതിയും സ്വജനപക്ഷപാതവും ഉയര്‍ച്ചയ്ക്കും വികസനത്തിനും വിലങ്ങു തടിയാകുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരും സമൂഹവും ഒരുപോലെ ജാഗരൂകമാകേണ്ടിയിരിക്കുന്നു.
മാനവികത, സഹിഷ്ണുത, പുരോഗതി, ആശയ സംവാദങ്ങള്‍, ബൗദ്ധിക വികസനം തുടങ്ങിയവയാണ് വിദ്യാഭ്യാസത്തിന്റെ സമഗ്ര ലക്ഷ്യം എന്ന് ജവഹര്‍ ലാല്‍ നെഹ്‌റു ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നവീന വിദ്യാഭ്യാസ രേഖയില്‍ നിന്നും സഹിഷ്ണുതയും മാനവികതയുമൊക്കെ പടിയിറങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 'നാനാത്വത്തില്‍ ഏകത്വം' എന്ന മുഖമുദ്ര അന്യമാക്കിക്കൊണ്ട് പ്രധാനമന്ത്രി ചെയര്‍മാനായ കമ്മീഷന്‍ പ്രവൃത്തി പഥത്തില്‍ എത്രത്തോളം സത്യസന്ധമാകും എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഭരണഘടനാനുസൃതമായ ന്യൂനപക്ഷാവകാശങ്ങളും, ഭാഷാവൈവിധ്യവും, പ്രാദേശികത്തനിമകളും ഞെരിഞ്ഞമരുന്ന ഭീതിദമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ ഇടപെടലുകളും ഒളിഞ്ഞിരിക്കുന്ന അജണ്ഡയില്‍പ്പെടും. കേന്ദ്രീകൃത സംവിധാനം ശക്തമാകുന്നതോടെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവീഴും. സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗമാകേണ്ട അവസ്ഥ സംജാതമാകും. ഏകശിലാത്മകമായ സംസ്‌കാരബോധം അടിച്ചേല്പിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.
ഏകീകൃത പ്രവേശന പരീക്ഷകളും കൃത്യമായ മോണിറ്ററിംഗ് ഇല്ലാത്ത സ്വയംഭരണാവകാശങ്ങളും കോര്‍പ്പറേറ്റുകളുടെ കടന്നുവരവും എത്രത്തോളം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. പാര്‍ലമെന്റിലും ഇതര കമ്മിറ്റികളിലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്ന ആക്ഷേപവും ഉണ്ട്. തൊഴിലന്വേഷകരെയല്ല തൊഴില്‍ ദാതാക്കളെയാണ് സൃഷ്ടിക്കേണ്ടത് എന്ന വസ്തുതയ്ക്കും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ക്ലസ്റ്ററുകളുടെ രൂപീകരണത്തിലും ഒളിഞ്ഞിരിക്കുന്ന അജണ്ടകള്‍ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നടത്തിപ്പുകള്‍ എത്രത്തോളം സുതാര്യമാകുമോ അത്രത്തോളം ഗുണമേന്മയും ഉണ്ടാകും.
കാലാകാലങ്ങളില്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. മുഖംതിരിഞ്ഞു നില്ക്കുന്നവര്‍ പിന്തള്ളപ്പെടുകയേയുള്ളൂ. രാജ്യത്തിന്റെ സാംസ്‌കാരിക, പ്രാദേശികത്തനിമകളും, ജനാധിപത്യ, ഭരണ ഘടന അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ലോകഗതിവിഗതികളെ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. തുറന്ന സംവാദങ്ങളും നിരീക്ഷണങ്ങളും ഇടപെടലുകളുമാണ് ഇനിയുണ്ടാകേണ്ടത്.

jollyjacob94@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org