ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) വെല്ലുവിളികള്‍

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) വെല്ലുവിളികള്‍

ഫാ. ഡോ. ജോയ് ജെയിംസ് SJ
വൈസ് പ്രസിഡന്റ്, ഇന്‍ഡ്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂര്‍

ഫാ. ഡോ. ജോയ് ജെയിംസ് SJ
ഫാ. ഡോ. ജോയ് ജെയിംസ് SJ

നളന്ദ, തക്ഷശില തുടങ്ങിയ പുരാതന സര്‍വകലാശാലകള്‍ക്ക് പേരുകേട്ടതാണ് ഇന്ത്യ. അമേരിക്കന്‍ ഐക്യനാടുകളും ചൈനയും കഴിഞ്ഞാല്‍ ഏറ്റവുമധികം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. 1028 സര്‍വകലാശാലകളും 50,656 കോളേജുകളും ആണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകള്‍ ഒന്നു പരിശോധിക്കാം. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍, മെക്കാളെ പ്രഭു ബോംബെ, കൊല്‍ക്കത്ത, മദ്രാസ് എന്നിവിടങ്ങളില്‍ മൂന്ന് സര്‍വകലാശാലകള്‍ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണത്തിനായി ബിരുദധാരികളെ സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 1904-ല്‍ കര്‍സണ്‍ പ്രഭു ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസനയം രൂപീകരിച്ചു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ 18 ഓളം സര്‍വകലാ ശാലകളും 590 കോളേജുകളും ഉണ്ടായിരുന്നു. രണ്ടു ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇവയില്‍ പഠിച്ചിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ കുറിച്ചു പഠിക്കാന്‍ 1948-ല്‍ ഡോ. രാധാകൃഷ്ണന്‍ കമ്മീഷനെ നിയമിച്ചു. അതിന്റെ ഫലമായി, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 1956-ല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) സ്ഥാപിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ ത്തെക്കുറിച്ച് സമഗ്രമായ വിശകലനം നടത്താന്‍ 1964 ല്‍ ഡിഎസ് കോത്താരി കമ്മീഷനെ നിയമിച്ചു. അക്കാദമിക് സ്വാതന്ത്ര്യം നല്‍കുന്നതിനും നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും അഫിലിയേറ്റ് സംവിധാനം കൊണ്ടുവരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 1986 ലെ ദേശീയ വിദ്യാഭ്യാസ നയം സാമൂഹ്യമാറ്റത്തിന്റെയും സാമ്പത്തിക അഭിവൃദ്ധിയുടെയും ഉപാധികളായി അറിവ്, കഴിവുകള്‍, മൂല്യങ്ങള്‍ എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അദ്ധ്യാപനം, ഗവേഷണം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിനും ഗ്രേഡ് ചെയ്യുന്നതിനുമായി 1994 ല്‍ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (എന്‍എഎസി) യുജിസിയുടെ സ്വയംഭരണ സ്ഥാപനമായി രൂപീകരിച്ചു. ശ്രീ സാം പിട്രോഡയുടെ നേതൃത്വത്തില്‍ 2005 ല്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ സ്ഥാപിതമായി. ഗുണനിലവാരം, പ്രസക്തി, തുല്യത, താങ്ങാനാവുന്ന വില എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസം വിപുലീകരിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഗുണനിലവാര പ്രകടന മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ താരതമ്യ അടിസ്ഥാന ത്തില്‍ വിലയിരുത്തുന്നതിനും റാങ്കു ചെയ്യുന്നതിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ആര്‍എഫ്) 2015 ല്‍ രൂപീകരിച്ചിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം 2020
ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ വരുന്ന ഇരുപതു വര്‍ഷം മുന്നില്‍ കണ്ടു നവീകരിക്കുന്നതിനു കഴിയുന്ന ഉന്നതമായ ആദര്‍ശങ്ങളും ലക്ഷ്യബോധവും ഉള്ള ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 ഇന്ത്യന്‍ സര്‍ക്കാര്‍ 2020 ജൂലൈ 29 ന് പ്രഖ്യാപിച്ചു. അതിന്റെ അവ്യക്തതകളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മയും ചിന്താ ശീലര്‍ക്കു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.

നയത്തിന്റെ പ്രധാന സവിശേഷതകള്‍:
1) ഭരണഘടനാ മൂല്യങ്ങളെയും പൗരന്മാരുടെ ഉത്തരവാദിത്തങ്ങളെയും അടിസ്ഥാനമാക്കിയുള്ള ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാട്.
2) മികച്ച പഠന അന്തരീക്ഷവും വിദ്യാര്‍ത്ഥി പിന്തുണാ സംവിധാനങ്ങളും ഉള്ള കൂടുതല്‍ സമഗ്രവും മള്‍ട്ടി ഡിസിപ്ലിനറി സമീപനമുള്ളതും ആയ വിധത്തില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ പുനഃസംഘടനയും ഏകീകരണവും.
3) എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിക്കുന്ന തരത്തില്‍ സാമൂഹ്യബോധവും നീതിയും ഗുണനിലവാരമുള്ള അക്കാദമിക് ഗവേഷണങ്ങളെ ത്വരിതപ്പെടുത്തല്‍.
4) ഫലപ്രദമായ ഭരണപാടവവും നേതൃത്വമികവുമുള്ള ഉയര്‍ന്ന തീക്ഷ്ണതയും പ്രാപ്തിയുമുള്ള നേതൃത്വം.
5) വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണം തടയുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പുനരാവിഷ്‌കരിക്കുക, പ്രൊഫഷണല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.

നയത്തിന്റെ കരുത്തുകള്‍
1) ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് ആവശ്യമായ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുവായ വീക്ഷണം ഇത് നല്‍കുന്നു.
2) സ്‌കൂള്‍, വൊക്കേഷണല്‍, കോളേജ്, പ്രൊഫഷണല്‍ വിദ്യാഭ്യാസം തുടങ്ങി എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസത്തെയും സ്പര്‍ശിക്കുന്നതിനാല്‍ ഇത് സമഗ്രമാണ്.
3) അതിന്റെ മേല്‍നോട്ടത്തിനായി പ്രത്യേക ദേശീയ സമിതി രൂപീകരിക്കണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിനുള്ള ഇ-റിസോഴ്‌സുകളും വിഭാവനം ചെയ്യുന്നു.
4) കഴിവുകള്‍ വികസിപ്പിക്കുകയെന്നതാണ് നയത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാലുടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാന്‍ അതു സഹായിക്കും.
5) ബജറ്റ് വിഹിതം 6 ശതമാനമായും ഉന്നത വിദ്യാഭ്യാസരംഗത്തെ ആകെ പ്രവേശനം 2035 ഓടെ 50 ശതമാനമായും ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു.
6) പാഠ്യപദ്ധതി, ഭരണം, അദ്ധ്യാപന രീതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസരംഗത്തു കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി വാഗ്ദാനം ചെയ്യുന്നു.
7) അഫിലിയേറ്റിംഗ് സംവിധാനം ഇല്ലാതാക്കുകയും കോളേജുകള്‍ക്ക് ഗുണനിലവാരം അടിസ്ഥാനമാക്കി ഗ്രേഡഡ് സ്വയംഭരണം നല്‍കുകയും ചെയ്യും.
8) ക്രെഡിറ്റ് ബാങ്ക് സ്ഥാപിക്കാനുദ്ദേശിക്കുന്നു. അതിനാല്‍ ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ മാറാന്‍ ക്രെഡിറ്റുകളുടെ പോര്‍ട്ടബിലിറ്റി സാധ്യമാണ്.
9) വിദ്യാഭ്യാസം അവശ്യമായും ബഹുവിഷയ സ്വഭാവമുള്ളതായിരിക്കും.
10) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനു മെറിറ്റ് മാത്രമായിരിക്കും പരിഗണിക്കുക.
11) വ്യവസായവുമായി സഹകരിച്ച് തൊഴില്‍ വിദ്യാഭ്യാസം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായവിദ്യാഭ്യാസ പങ്കാളിത്തം വിഭാവനം ചെയ്യുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമായി മാറും.
12) ഒറ്റയടിക്കു വിദ്യാഭ്യാസം തുടരാന്‍ കഴിയാത്തവര്‍ക്ക് ഒന്നിലധികം ഘട്ടങ്ങളായി വിദ്യാഭ്യാസം ചെയ്യുന്നതിനു അവസരമുണ്ടാകും. അവര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പ്രവേശനം നേടുകയും വിട്ടു പോകുകയും പിന്നീടു പുനരാരംഭിക്കുകയും ചെയ്യാം.

നയം സംബന്ധിച്ച് ആശങ്കയുള്ള മേഖലകള്‍:
1) ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ളതും ഉയര്‍ന്ന റേറ്റിംഗുള്ളതുമായിരുന്നിട്ടും, ഈ നയം തയ്യാറാക്കുന്നതിനുള്ള പ്രക്രിയയിലൊന്നും ഒരു ക്രിസ്ത്യന്‍ വിദ്യാഭ്യാസപ്രവര്‍ത്തകനെയും ഉള്‍പ്പെടുത്തിയിരുന്നില്ല.
2) ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ച് നയത്തില്‍ പരാമര്‍ശമില്ല.
3) ഭരണഘടനാമൂല്യമായ മതേതരത്വത്തെക്കുറിച്ച് പരാമര്‍ശമില്ല.
4) പട്ടികജാതിപട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള സംവരണം ഈ നയത്തില്‍ പരാമര്‍ശിക്കുന്നില്ല.
5) ബിരുദപൂര്‍വ, ബിരുദ പ്രവേശനത്തിനായി പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് ഒരു പ്രധാന, വിദഗ്ദ്ധ, സ്വയംഭരണ പരിശോധനാ സംഘടനയായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പ്രവര്‍ത്തിക്കും.
6) എല്ലാ തലത്തിലുള്ള അധ്യാപകര്‍ക്കും ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) നിര്‍ബന്ധമാണ്.
7) ധനസഹായം ഒരു പ്രധാന പ്രശ്‌നമായി തുടരുന്നു. വിദ്യാഭ്യാസത്തിനായുള്ള ചെലവ് ജിഡിപിയുടെ 4 ശതമാനത്തില്‍ നിന്ന് 2.7 ശതമാനമായി (എന്‍ഇപി ഡ്രാഫ്റ്റ് ഡോക്യുമെന്റ് അംഗീകരിച്ചത്) നേരത്തെ കുറച്ച സര്‍ക്കാരിന് വിഭാവനം ചെയ്യുന്ന പ്രധാന പരിഷ്‌കാരങ്ങള്‍ക്കുള്ള പണം കണ്ടെത്താനാവില്ല.
8) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവിലെ ഭരണസംവിധാനം നീക്കം ചെയ്യാനും നയം തീരുമാനിച്ചു; തെളിയിക്കപ്പെട്ട കഴിവുകളും സ്ഥാപനത്തോടുള്ള ശക്തമായ പ്രതിബദ്ധതയും ഉള്ള ഉയര്‍ന്ന യോഗ്യതയുള്ള, കഴിവുള്ള, അര്‍പ്പണബോധമുള്ള വ്യക്തികള്‍ അടങ്ങുന്ന ഒരു ഭരണസമിതി രൂപീകരിക്കും. പ്രാബല്യത്തിലുള്ള മറ്റ് നിയമങ്ങളുടെയെല്ലാം ഇതിനു വിരുദ്ധമായ വ്യവസ്ഥകളെ മറികടക്കുന്നതും ഭരണഘടന, നിയമനം, പ്രവര്‍ത്തനരീതികള്‍, ചട്ടങ്ങള്‍, നിയന്ത്രണങ്ങള്‍, ഭരണസമിതിയുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവയ്ക്ക് ആവശ്യമുള്ളതുമായ നിയമനിര്‍മ്മാണം നടത്തും.' (19.2).

ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നയപരിപാടികള്‍:
ഉടനെയോ പിന്നീടോ നടപ്പിലാക്കാനിടയുള്ള ഈ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍, ഇനിപ്പറയുന്ന നയപരിപാടികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശിക്കുന്നു.
1) വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികവും വൈകാരികവും പെരുമാറ്റപരവുമായ മാനങ്ങളെ സ്വാധീനിക്കുന്ന സമഗ്രവികസനത്തോടുകൂടിയ വിദ്യാര്‍ത്ഥികേന്ദ്രിത സമീപനത്തിലേക്കു കോളേജുകള്‍ ശ്രദ്ധയൂന്നണം.
2) അറിവും നൈപുണ്യവും നല്‍കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളില്‍ വിമര്‍ശനാത്മക അവബോധം/വിമര്‍ശനാത്മക ചിന്തകള്‍ കോളേജുകള്‍ പ്രോത്സാഹിപ്പിക്കണം.
3) പ്രചോദനത്തിനും മാര്‍ഗ നിര്‍ദ്ദേശത്തിനുമായി അധ്യാപകരെ പരിശീലിപ്പിക്കുന്നതിനു പ്രാദേശിക തലത്തില്‍ ഗവേഷണ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
4) ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പഠനം ബിരുദതലത്തിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമാക്കണം.
5) സേവന പഠനവും സമൂഹവുമായുള്ള ഇടപഴകലും പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കണം.
6) ഇന്ത്യയുടെ ബഹുമത ബഹു സാംസ്‌കാരിക പശ്ചാത്തലം സിലബസില്‍ പ്രതിഫലിക്കണം.
7) കോളേജ് കാമ്പസുകളില്‍ സൈക്കോളജിക്കല്‍, കരിയര്‍ കൗണ്‍സിലിംഗ് നല്‍കണം.
8) ആഗോള നിലവാരം കൈവരിക്കുന്നതിന് നൂതന ബോധന ശാസ്ത്രവും വിലയിരുത്തലും ഉപയോഗിക്കണം.
9) ലിംഗ സന്തുലനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ പരിപാടികളും വര്‍ദ്ധിപ്പിക്കണം.
10) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കണം.

(ദക്ഷിണേഷ്യയിലെ ജെസ്യൂട്ട് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണു ലേഖകന്‍).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org