സെലിന്‍ കാക്കശ്ശേരി: സഭാ, സമൂഹസേവനത്തിന്റെ സ്മരണകളില്‍

സെലിന്‍ കാക്കശ്ശേരി: സഭാ, സമൂഹസേവനത്തിന്റെ സ്മരണകളില്‍

ബേബി മൂക്കന്‍

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ വന്‍തോതില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ഇക്കാലത്ത് തൃശൂരിനു മറക്കാനാകാത്ത ഒരു വ്യക്തിത്വമാണ് തൃശൂര്‍ നഗരഭരണത്തിന്റെ അദ്ധ്യക്ഷപദവിയില്‍ ആദ്യമായി ഉപവിഷ്ടയായ വനിത സെലിന്‍ ജോസഫ് കാക്കശ്ശേരി. കാല്‍നൂറ്റാണ്ടു മുമ്പ് 1995-ലാണ് അവര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയത്. അതിനു മുമ്പു തന്നെ പൊതുരംഗത്ത് സജീവമായിരുന്നു സെലിന്‍ ജോസഫ്.
തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ കൂടുതല്‍ രംഗത്തു വരാന്‍ തുടങ്ങിയത് സംവരണം മൂലമാണെങ്കില്‍ സംവരണമില്ലാത്ത സമുദായ പ്രവര്‍ത്തനരംഗത്ത് നേരത്തെ തന്നെ സാന്നിദ്ധ്യമുറപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. തൃശൂര്‍ പട്ടണത്തിലെ താഞ്ചന്‍ കുടുംബാംഗമായി 1933-ല്‍ ജനിച്ച സെലിന്‍ 1950-ല്‍ കുന്ദംകുളം കാക്കശേരി ഡോ. ചാക്കുണ്ണിയെ വിവാഹം ചെയ്തു. 1972 മുതല്‍ അഞ്ചു വര്‍ഷം തൃശൂര്‍ പാസ്റ്ററല്‍ കൗണ്‍സിലില്‍ അംഗമായിരുന്നു. 1988-ല്‍ മുനിസിപ്പല്‍ കൗണ്‍സിലറായി.
1986-ല്‍ ആയിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനം. അന്നു തൃശൂരിലെ പേപ്പല്‍ പര്യടന പരിപാടിയുടെ സംഘാടക കമ്മിറ്റികളില്‍ ഏറ്റവും പ്രധാനപ്പെട്ട സമൂഹവിവാഹ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു സെലിന്‍ കാക്കശേരി. 152 സാധുയുവതികളുടെ വിവാഹമാണ് അന്ന് ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്.
തെരുവുകളിലെ ഭിക്ഷാടകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുമായി ഫാ. ജോര്‍ജ് കുറ്റിക്കല്‍ ആര്‍ച്ചുബിഷപ് ജോസഫ് കുണ്ടുകുളത്തെ സമീപിച്ചപ്പോള്‍ കുണ്ടുകുളം പിതാവ് അതിനു വേണ്ടി വിളിച്ച ആദ്യ ആലോചനായോഗത്തില്‍ തന്നെ സെലിന്‍ കാക്കശേരിയും പങ്കെടുത്തിരുന്നു. അന്നു മുതല്‍ ആകാശപ്പറവകളുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ കുറ്റിക്കലച്ചനൊപ്പം മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ചെന്നായ്പാറയില്‍ ഭിക്ഷാടകര്‍ക്കായി ആകാശപ്പറവകളുടെ ആശ്രമം തുടങ്ങിയപ്പോള്‍ ആകാശപ്പറവകളുടെ മാതാവ് എന്ന വിശേഷണം അവര്‍ക്കു സമ്മാനിക്കപ്പെട്ടു.
ചേരിനിവാസികളുടെ ക്ഷേമത്തിനു വേണ്ടി രൂപീകൃതമായ സ്ലം സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 16 വര്‍ഷം പ്രവര്‍ ത്തിച്ചു. കലാസദന്‍ വൈസ് പ്രസിഡന്റായും 1991 മുതല്‍ തൃശൂര്‍ പൂരം എക്‌സിബിഷന്‍ കമ്മിറ്റി അംഗമായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഭാ സംഘടനകളിലും പ്രവര്‍ത്തനങ്ങളിലും കൂടെയാണ് അവര്‍ പൊതുരംഗത്തു സജീവമായത്. തൃശൂര്‍ രൂപതയിലെ കുടുംബസമ്മേളനങ്ങളുടെ കേന്ദ്ര സമിതിയുടെ സ്ഥാപകകമ്മിറ്റിയംഗമായി 1972-ല്‍ തന്നെ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സെലിന്‍ കാക്കശേരി. ഭര്‍ത്താവുമൊന്നിച്ച് രൂപതയുടെ ഫാമിലി അപ്പസ്‌തോലേറ്റ് ക്ലാസുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. സെമിനാരി വിദ്യാഭ്യാസത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ചിലവഴിച്ചിട്ടുള്ള അവര്‍ ഇന്ത്യയിലും പുറത്തും ധാരാളം യാത്രകള്‍ നടത്തുകയും 'എന്റെ അമേരിക്കന്‍ യാത്ര' എന്ന പുസ്തകമെഴുതുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്തുള്ള മകളുടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് സെലിന്‍ ജോസഫ് കാക്കശ്ശേരി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org