കേരളത്തില്‍ ക്ഷയിച്ചുവരുന്ന നസ്രാണി സമൂഹം

ഡോ. ജോസഫ് കെ വി
കേരളത്തില്‍ ക്ഷയിച്ചുവരുന്ന നസ്രാണി സമൂഹം
1990-നുശേഷം അമേരിക്കയിലേക്കും, കാനഡ, ബ്രിട്ടന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം ശക്തിയാര്‍ജിച്ചു. അതില്‍ ക്രൈസ്തവരാണു കൂടുതല്‍. ഒരു ഗവേഷകന്റെ കണക്കനുസരിച്ച് അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗം നസ്രാണി ക്രിസ്ത്യാനികളാണെന്നാണ്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ അധിവസിച്ചിരുന്നത് കേരളത്തിലായിരുന്നു. അവരില്‍ ഭൂരിപക്ഷം പേരും തോമസ് അപ്പസ്‌തോലന്റെ പ്രേഷിത പ്രഘോഷണങ്ങളിലൂടെ രൂപം പ്രാപിച്ച നസ്രാണി മാപ്പിളമാര്‍ എന്നറിയപ്പെടുന്ന സിറിയന്‍ ക്രൈസ്തവരും, ഇന്നും അങ്ങനെതന്നെ. എന്നാല്‍ ആനുപാതികമായി ക്രൈസ്തവരുടെ എണ്ണം കുറഞ്ഞുവരുകയുമാണ്. 1951-ല്‍ ഇന്ത്യയിലെ ക്രൈസ്തവരില്‍ 32 ശതമാനം പേര്‍ അധിവസിച്ചിരുന്നത് കേരളത്തിലുമായിരുന്നു. എന്നാല്‍ 2001 ആയപ്പോള്‍ അവരുടെ അളവ് 25 ശതമാനമായി താഴ്ന്നിരിക്കുകയാണ്. 1951-ല്‍ സംസ്ഥാന ജനസംഖ്യയില്‍ 21 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ഇപ്പോള്‍ 18 ശതമാനമായി കുറഞ്ഞിരിക്കുകയുമാണ്. ക്രൈസ്തവരുടെ കൂട്ടത്തില്‍ നസ്രാണികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. അതിന്റെ വ്യാപ്തി എത്രയെന്നും ഏതെല്ലാം കാരണങ്ങളാണ് ഈ ഇടിവിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നും അതിന്റെ അനന്തഫലങ്ങള്‍ ഏവയെന്നും പരിശോധിക്കുന്നതിനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

  • കുറഞ്ഞുവരുന്ന ക്രൈസ്തവ ജനസംഖ്യാവര്‍ധന

ഓരോ പത്തു വര്‍ഷം കൂടുമ്പോഴും എടുക്കുന്ന സെന്‍സസ്സ് കണക്കുകളാണ് ജനസംഖ്യയുടെ വിവിധ വശങ്ങളെപ്പറ്റിയുള്ള ഏറ്റവും ആധികാരിക രേഖകള്‍. സെന്‍സസ്സ് അനുസരിച്ച് 1951 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ ജനസംഖ്യാ വര്‍ധനവിന്റെയും അതില്‍ ക്രൈസ്തവരുടെ എണ്ണത്തേയും കാണിക്കുന്ന കണക്കുകളാണ് പട്ടിക-1 ല്‍ നല്കുന്നത്.

(പട്ടിക-1) 1951 മുതലുള്ള ജനസംഖ്യ വര്‍ധനവ്

വര്‍ഷം ജനസംഖ്യ വളര്‍ച്ചയുടെ ക്രൈസ്തവ വളര്‍ച്ചയുടെ ശതമാനം ജനസംഖ്യ ശതമാനം

1951 - 13549118 - nil - 2825720

1961 - 16903725 - 24.26 - 3587365 - 26.95

1971 - 21347375 - 26.29 - 4494089 - 25.28

1981 - 25453680 - 19.24 - 5233865 - 16.46

1991 - 29078578 - 14.32 - 5621570 - 7.46

2001 - 31841379 - 9.43 - 6057627 - 7.75

2011 - 33406061 - 4.91 - 6141269 - 1.38

പട്ടികയില്‍ കാണുന്നതുപോലെ 1971 വരെ കേരളത്തിലെ ജനസംഖ്യ ഉയര്‍ന്ന തോതിലുള്ള വര്‍ധനവാണ് കാണിച്ചിരുന്നത്. അതിനുശേഷം അതു പടിപടിയായി കുറഞ്ഞു കൊണ്ടിരിക്കുകയുമാണ്. 2011 ആയപ്പോഴും വളര്‍ച്ച നിരക്ക് വെറും 4.91 ശതമാനമായിത്താഴ്ന്നു പോയി. ക്രൈസ്തവ ജനസംഖ്യയും 1971 വരെ വര്‍ധിച്ചുകൊണ്ടേയിരുന്നു. 1971 നുശേഷം വളര്‍ച്ചാനിരക്കും പടിപടിയായി മന്ദീഭവിച്ചു വരികയുമാണ്. കേരളത്തിലെ നിരക്കിലും താഴ്ന്ന തോതിലാണ് ക്രൈസ്തവ ജനസംഖ്യ വര്‍ധിച്ചത്. 2011 ആയപ്പോഴേക്കും അതു വെറും ശതമാനമായി താഴ്ന്നിരിക്കുകയുമാണ്. 2031 ആകുമ്പോഴേക്കും ക്രൈസ്തവ ജനസംഖ്യ 2011-ലെ 6141269-ല്‍ നിന്നും 6014750 ആയി താഴുമെന്നാണ് ജനസംഖ്യ വിദഗ്ധനായ കെ സി സക്കറിയ കണക്കാക്കിയിരിക്കുന്നത്.

  • കുറഞ്ഞുവരുന്ന നസ്രാണികളുടെ ജനസംഖ്യ വര്‍ധനവ്

1941-ലെ സെന്‍സസ്സ് വരെ മാത്രമാണ് ഓരോ വിഭാഗത്തേപ്പറ്റിയുള്ള ജനസംഖ്യാ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. അന്ന് കേരളത്തിലെ ആകെ ജനസംഖ്യ 11422318 ആയിരുന്നു. അവരില്‍ 224,8462 പേര്‍ ക്രൈസ്തവരുമായിരുന്നു. ക്രൈസ്തവരില്‍ സിറിയന്‍ കത്തോലിക്കര്‍ 818076 പേരും. ഇതര സിറിയന്‍ വിഭാഗക്കാര്‍ 716166 പേരുമാണുണ്ടായിരുന്നതും. അപ്പോള്‍ ആകെ ജനസംഖ്യയുടെ 13.43 ശതമാനം പേര്‍ സിറിയന്‍ (നസ്രാണി) വിഭാഗത്തില്‍ പ്പെട്ടവരുമായിരുന്നു. ലത്തീന്‍ കത്തോലിക്കരടക്കമുള്ള ഇതര ക്രൈസ്തവര്‍ ആകെ ജനസംഖ്യയുടെ 7.57 ശതമാനം മാത്രവുമായിരുന്നു. അതിനുശേഷം ഓരോ ക്രൈസ്തവ വിഭാഗത്തിന്റെയും പ്രത്യേക കണക്കുകളുടെ അഭാവം പരിഹരിക്കുന്നതിന് ജനസംഖ്യാപഠിതാക്കള്‍ ചില സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തിന്റെയും കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് 2001-ല്‍ സിറിയന്‍ വിഭാഗത്തില്‍ 3083883 പേരും. ഇതര ക്രൈസ്തവ വിഭാഗത്തില്‍ 297354 പേരുമാണുണ്ടായിരുന്നത്. അതായത് കേരളത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം പേര്‍ സിറിയന്‍ വിഭാഗത്തിലും 9.3 ശതമാനം പേര്‍ ഇതരവിഭാഗങ്ങളിലുമായിരിക്കും.

സക്കറിയ എന്ന ഗവേഷകന്‍ തയ്യാറാക്കിയ ഈ കണക്കുകള്‍ അപ്പാടെ ശരിയാണെന്നു തോന്നുന്നില്ല. ഈ ലേഖകന്‍ നടത്തിയ കണക്കു കൂട്ടലനുസരിച്ച് 2001-ല്‍ 33.34 ലക്ഷത്തോളം പേര്‍ സിറിയന്‍ വിഭാഗത്തില്‍പെട്ടവരുണ്ടായിരുന്നു. അതായത് സിറിയന്‍ വിഭാഗം 10.47 ശതമാനത്തോളം വന്നിരുന്നുവത്രെ. ഇതര വിഭാഗക്കാര്‍ 9.53 ശതമാനവുമായിരിക്കണം. അങ്ങനെ വരുമ്പോള്‍ 1941-ല്‍ 13.43 ശതമാനമുണ്ടായിരുന്ന സിറിയന്‍ നസ്രാണികള്‍ 10.47 ശതമാനമായിത്താഴുകയും ഇതരവിഭാഗക്കാര്‍ 7.57 ശതമാനത്തില്‍ നിന്നും 9 ശതമാനത്തില്‍ കൂടുതലായിത്തീരുകയും ചെയ്തുവത്രെ. ചുരുക്കത്തില്‍ നസ്രാണി വിഭാഗത്തിലാണ് ഗണ്യമായ ഇടിവ് നടന്നിരിക്കുന്നത്.

ഇത്തരുണത്തില്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ 1941-നുശേഷം ഓരോ ക്രൈസ്തവവിഭാഗത്തെപ്പറ്റിയുമുള്ള ഔദ്യോഗിക ജനസംഖ്യാ കണക്കുകള്‍ ലഭ്യമല്ല തന്നെ. അതിനെ തരണം ചെയ്യുന്നതിന് സഭാവിഭാഗക്കാര്‍ നല്കുന്ന ചില കണക്കുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടതാണോ എന്നതാണ് പ്രശ്‌നം. കണക്കുകളെ ആശ്രയിച്ചുകൊണ്ട് ചില കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ നല്കുന്ന വിവരമനുസരിച്ച് സുറിയാനി കത്തോലിക്കരുടെ എണ്ണം കേരളത്തിനകത്ത് 52 ലക്ഷവും കേരളത്തിനു പുറത്ത് 8 ലക്ഷവുമുണ്ടത്രെ. എന്നു പറഞ്ഞാല്‍ കത്തോലിക്കാ ജനസംഖ്യയില്‍ 1941-നുശേഷം 750 ശതമാനം വര്‍ധനവ് ഉണ്ടായി എന്നര്‍ത്ഥം. ഈ കാലയളവില്‍ കേരളത്തിലെ ആകെ ജനസംഖ്യയുടെ വര്‍ധനവ് വെറും 292 ശതമാനം മാത്രമായിരിക്കുമ്പോഴാണ് നസ്രാണി കത്തോലിക്ക ജനസംഖ്യ ഇത്രമാത്രം വര്‍ധിച്ചു വരുന്നുവെന്ന കണക്കുകള്‍ പുറത്തുവിടുന്നത്. മാത്രമല്ല കേരളത്തിലെ ക്രിസ്ത്യാനികളുടെ ആകെ എണ്ണം 62 ലക്ഷം മാത്രമായിരിക്കുമ്പോഴാണ് സിറിയന്‍ കത്തോലിക്ക ജനസംഖ്യ 52 ലക്ഷമാണെന്ന് കൊട്ടിഘോഷിക്കുന്നത്. ഇങ്ങനെ ഊതി വീര്‍പ്പിച്ച കണക്കുകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇതര ക്രൈസ്തവ വിഭാഗങ്ങളും ഒട്ടും പിന്നിലല്ലതന്നെ. ഇക്കാര്യത്തില്‍ ശാസ്ത്രീയ രീതിയില്‍ വേണ്ടത്ര തിരുത്തലുകള്‍ നടത്തുക തന്നെ വേണം.

  • എന്തുകൊണ്ട് നസ്രാണി സാന്നിധ്യം മാത്രം ക്ഷയിച്ചു വരുന്നു

ജനനനിരക്കും കുടിയേറ്റവുമാണ് ജനസംഖ്യ വര്‍ധനവിനെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ക്രൈസ്തവരുടെ ഇടയില്‍ ഉയര്‍ന്ന തോതിലുള്ള ജനനനിരക്കു നിലനിന്നിരുന്നു. എന്നാല്‍ 1971 നുശേഷം ജനന നിരക്ക് ഇടിയുകയാണുണ്ടായത്. കേരളത്തിലെ ജനന നിരക്ക് 1000 ന് 17 ആയിത്താഴ്ന്നപ്പോള്‍ ക്രൈസ്തവരുടെ ഇടയില്‍ അതു 16 ആയിരുന്നുവത്രെ. 21-ാം നുറ്റാണ്ടായപ്പോള്‍ ജനന നിരക്ക് അതിലും താഴ്ന്നിട്ടുണ്ടാകും.

കേരളത്തിലെ ജനസംഖ്യയെ സാരമായി ബാധിക്കുന്ന ഇതര ഘടകമാണ് കുടിയേറ്റം, കേരളത്തില്‍ നിന്നും ഇതരഭാഗങ്ങളിലേക്കുള്ള കുടിയേറ്റം 1950 മുതല്‍ ശക്തിയാര്‍ജ്ജിച്ചതാണ്. ഇതില്‍ നസ്രാണികളും ഭാഗഭാക്കായിരുന്നുവെങ്കിലും അവര്‍ക്കായിരുന്നു മുന്‍തൂക്ക മെന്ന് പറയുവാന്‍ വയ്യ. 1970 മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള രാജ്യാന്തര കുടിയേറ്റം വ്യാപകമായിത്തിര്‍ന്നു. അതില്‍ മുസ്ലീം മതവിഭാഗക്കാരാണ് കൂടുതലും. 1990-നുശേഷം അമേരിക്കയിലേക്കും, കാനഡ, ബ്രിട്ടന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം ശക്തിയാര്‍ജിച്ചു. അതില്‍ ക്രൈസ്തവരാണു കൂടുതല്‍. ഒരു ഗവേഷകന്റെ കണക്കനുസരിച്ച് അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗം നസ്രാണി ക്രിസ്ത്യാനികളാണെന്നാണ്.

വന്‍തോതിലുള്ള നസ്രാണി കുടിയേറ്റത്തിനു ചില പ്രത്യേക കാരണങ്ങളെയും ചൂണ്ടിക്കാണിക്കാനാവും. അതിലേറ്റവും പ്രധാനപ്പെട്ടതു കൃഷിയുടെ പതനമാണ്. ഒരു കാലത്ത് ഇന്ത്യയിലെ കാര്‍ഷിക രംഗത്ത് പ്രശസ്തി നേടിയിരുന്ന ഒന്നായിരുന്നു കേരളത്തിലെ കാര്‍ഷിക മേഖല. 1980-നുശേഷം കൃഷി അധോഗതി പ്രാപിക്കുകയാണുണ്ടായത്. ആദ്യം നെല്‍കൃഷിയും തുടര്‍ന്നു റബ്ബര്‍ കൃഷിയും അധോഗതി പ്രാപിച്ചു. കാര്‍ഷിക മേഖലയുടെ അധോഗതിക്കു മുഖ്യപങ്കു വഹിച്ചതു സര്‍ക്കാരിന്റെ വഴിപിഴച്ച നയങ്ങളും പ്രവര്‍ത്തന രീതിയുമാണെന്ന് പറയാതെ വയ്യ. കൃഷിയുടെ പ്രതാപകാലത്തു കേരളത്തിലുത്ഭുതമാവുന്ന മൊത്തവരുമാത്തിന്റെ പകുതിയോളം നേടിത്തന്നിരുന്നത് കാര്‍ഷികമേഖലയായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ മൊത്ത വരുമാനത്തിന്റെ 5 ശതമാനം മാത്രമാണു കാര്‍ഷിക മേഖലയുടെ സംഭാവന. അതോടെ കൃഷിമുഖ്യതൊഴിലായി ജീവിതം നയിക്കുന്ന കേരളത്തിലെ 15 ശതമാനം ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം വെറും 65000 രൂപയായിത്താഴ്ന്നിരിക്കുകയാണ്. അതേസമയത്ത് കേരളീയന്റെ പ്രതിശീര്‍ഷ വരുമാനം 221800 രൂപയുമാണ്.

ഇത്തരുണത്തില്‍ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കര്‍ഷകരില്‍ 40 ശതമാനം പേരും ഇവിടത്തെ ജനസംഖ്യയില്‍ 18 ശതമാനം മാത്രമുള്ള ക്രൈസ്തവരുമാണെന്നുള്ളതാണ് അക്കാര്യം. 1970-വരെ നീണ്ടുനിന്ന കൃഷിയുടെ സുവര്‍ണ്ണദിശയില്‍, കേരളത്തിലെ കാര്‍ഷിക മേഖല വികസിച്ചതും വളര്‍ന്നതും ക്രൈസ്തവരുടെ പ്രത്യേകിച്ചു നസ്രാണികളുടെ അധ്വാനത്തിന്റെ ഫലമായിട്ടുമാണ്. കാര്‍ഷിക വികസനത്തിന്റെ നാന്ദികുറിച്ചതാകട്ടെ തിരുവിതാംകൂറിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് നസ്രാണികള്‍ നടത്തിയ കാര്‍ഷിക വ്യാപനത്തോടെയാണ്. തുടര്‍ന്ന് മലബാര്‍ കുടിയേറ്റത്തിന്റെയും ഇടുക്കി കുടിയേറ്റത്തിന്റെയും ഊഴമായി. അവയിലെല്ലാം നസ്രാണികള്‍ തന്നെയായിരുന്നു മുഖ്യസാരഥികള്‍.

കൃഷിയുടെ പതനം, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരെ തനിദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. അവര്‍ക്ക് പ്രത്യേകിച്ച് അവരുടെ ഇടയിലെ ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായ തൊഴിലുകളൊന്നും വളര്‍ന്നുവന്നതുമില്ല. ഇങ്ങനെയുള്ള വിഷമവൃത്തത്തിലേക്കു വഴുതിപ്പോയ കാര്‍ഷിക ജനതയുടെ മുമ്പില്‍ തുറക്കപ്പെട്ട പുതിയ കര്‍മ്മമേഖലയാണ് അമേരിക്കന്‍ കുടിയേറ്റം. അതു രണ്ടും കൈയും നീട്ടി സ്വീകരിക്കുവാന്‍ അവര്‍ മുന്നോട്ടു വന്നുവെന്നുമാത്രം. അങ്ങനെയാണ് നസ്രാണികള്‍ കുടിയേറ്റമേഖലകളില്‍ തകൃതിയായി പ്രവേശിക്കുവാന്‍ സന്നദ്ധരായത്.

അടുത്തകാലത്ത് കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവാഹവും ശക്തിയാര്‍ജിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഭാഷ്യമനുസരിച്ച് 3000 ത്തോളം കുട്ടികളാണ് ഒരു വര്‍ഷം കുടിയേറ്റം നടത്തുന്നത്. എന്നാല്‍ അതിലും കൂടുതല്‍ കൂട്ടികള്‍ കുടിയേറുന്നുണ്ടെന്നുള്ളതാണു യാഥാര്‍ത്ഥ്യം. നിലവാരം കുറഞ്ഞ കേരളത്തിലെ വിദ്യാഭ്യാസ രംഗവും വിദേശങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള സാദ്ധ്യതയുമാണ് അതിന് കളമൊരുക്കിയിരിക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചതു ക്രിസ്ത്യാനികളാണ്. എന്നിരുന്നാലും നസ്രാണി ക്രിസ്ത്യാനികളാണ് വിദ്യാര്‍ത്ഥി കുടിയേറ്റത്തിന് മുമ്പില്‍ നില്ക്കുന്നതും. തങ്ങളുടെ വസ്തുവകകള്‍ വിറ്റോ, അല്ലെങ്കില്‍ പണയപ്പെടുത്തിയോ, അതിനുവേണ്ട പണം സമാഹരിക്കുന്നതിനു താരതമ്യേന കൂടുതല്‍ ഭൂസ്വത്തുള്ള ക്രിസ്ത്യാനികള്‍ക്കാണെന്നുള്ളതാണതിന്റെ കാരണം തന്നെ.

  • സംഗ്രഹം

ഇങ്ങനെ നടക്കുന്ന കുടിയേറ്റമാണ് കേരളത്തിലെ ജനസംഖ്യാവര്‍ധനവിനെ അങ്ങേയറ്റം മന്ദീഭവിപ്പിച്ചിരിക്കുന്നത്. അമേരിക്കനൈക്യനാടുകളടക്കമുള്ള വികസിത രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കി സ്ഥിരതാമസത്തിന് അവസരം നല്കി വരുന്നു. അങ്ങനെ വരുമ്പോള്‍ ഇവിടെ നിന്നും കുടിയേറിയവരാരും കേരളത്തിലേക്കു തിരിച്ചുവരുമെന്നു തോന്നുന്നില്ല. കുടിയേറ്റക്കാരില്‍ ഏറിയ പങ്കും ചെറുപ്പക്കാരും കുട്ടികളുമാണല്ലോ. അത് ജനസംഖ്യാഘടനയില്‍ ചെറുപ്പക്കാരുടെ എണ്ണം കുറയുന്നതിനും പ്രായമായവരുടെ അനുപാതം വര്‍ധിക്കുന്നതിനും ഇടം നല്കുന്നു. ഇന്നു വയസ്സായ മാതാപിതാക്കള്‍, മറ്റു കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ തനിയെ താമസിക്കുന്ന അവസ്ഥ കേരളത്തിലുടനീളം സാര്‍വത്രികമായിട്ടുണ്ട്. നസ്രാണി കേന്ദ്രങ്ങളിലാണ് ഈ അവസ്ഥ കൂടുതല്‍ സുശക്തം. അതോടെ നസ്രാണി കേന്ദ്രങ്ങളില്‍ നസ്രാണികള്‍ വെറും ന്യൂനപക്ഷമായിത്തിര്‍ന്നിരിക്കുകയുമാണ്. കേരളത്തില്‍ വന്നു ചേരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയെല്ലാം സ്ഥിരതാമസക്കാരാകാന്‍ പോകുന്നത്. അതോടെ നസ്രാണി സാന്നിധ്യം പൂര്‍വാധികം ശുഷ്‌ക്കമായിത്തിരുന്നതുമാണ്.

കേരളത്തില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴിലവസരങ്ങള്‍ വര്‍ധിച്ചാല്‍ കുടിയേറ്റത്തിന്റെ ആക്കം കുറഞ്ഞേക്കാം. എന്നിരുന്നാലും നസ്രാണി കേന്ദ്രങ്ങളിലൊന്നിലും തന്നെ അവരുടെ പൂര്‍വകാല പ്രതാപം പുനഃസ്ഥാപിക്കുമെന്നു തോന്നുന്നില്ല. അതേയവസരത്തില്‍ ഭാരതപ്പുഴയ്ക്കും ഇത്തിക്കരയാറിനും മധ്യേ മാത്രം നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന മലനാട്ടിലെ ക്രിസ്ത്യാനികള്‍ (Christians of Serra) എന്നറിയപ്പെട്ടിരുന്ന നസ്രാണികള്‍ക്ക് ഇന്നിപ്പോള്‍ ലോകമാസകലം വ്യാപനം നടത്തിയ ഒരു ജനസമൂഹമായിത്തീര്‍ന്നുവെന്നു സമാശ്വസിക്കാം.

  • (കുടിയേറ്റത്തെപ്പറ്റി ആധികാരിക പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ലേഖകന്‍ കേരള സംസ്ഥാന എക്‌സ്‌പെന്‍ഡിച്ചര്‍ക്കമ്മറ്റി മെമ്പറായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org