സൈബര്‍ യുഗത്തിന്റെ ദീപം കാര്‍ലോ അക്കൂത്തിസ്

സൈബര്‍ യുഗത്തിന്റെ ദീപം കാര്‍ലോ അക്കൂത്തിസ്

ബ്രദര്‍ എഫ്രേം കുന്നപ്പള്ളി & ബ്രദര്‍ ജോണ്‍ കണയങ്കല്‍

ആധുനിക മാധ്യമ ലോകത്തിന്റെ സ്വാധീനത്തില്‍ ജീവിക്കുന്ന യുവജനങ്ങള്‍ക്കെല്ലാം മാതൃ കയാണ് വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസ്.
1991 മെയ് 3-ാം തീയതി ജനിച്ച കാര്‍ലോ അക്കൂത്തിസ്, അര്‍ബ്ബുദരോഗം ബാധിച്ച് 15-ാം വയസ്സില്‍ മിലാനില്‍ വച്ചു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു 2020 ഒക്‌ടോബര്‍ 10-ാം തീയതി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട കാര്‍ലോ മാധ്യമ സുവിശേഷ വത്കരണത്തിന്റെ മദ്ധ്യസ്ഥനായിട്ടാണ് അറിയപ്പെടുന്നത്.
ഹ്രസ്വമെങ്കിലും ഈശോയ്ക്ക് സജീവസാക്ഷ്യം വഹിക്കുന്നതായിരുന്നു കാര്‍ലോയുടെ ജീവിതം. ദിവ്യകാരുണ്യമായിരുന്നു അവന്റെ ആത്മീയജീവിതത്തിന്റെ കേന്ദ്രബിന്ദു. ദിവ്യകാരുണ്യാത്ഭുതങ്ങളുടെ വെബ്‌സൈറ്റ് രൂപകല്പന ചെയ്തത് വഴി അവന്‍ ഒരേ സമയം ദിവ്യകാരുണ്യത്തോടുള്ള തന്റെ ഭക്തി പ്രദര്‍ശിപ്പിക്കുകയും ദിവ്യകാരുണ്യത്തിന്റെ ശക്തി ലോകത്തെ അറിയിക്കുകയും ചെയ്തു. തിരുസഭയോടും ഇടവകയോടും ചേര്‍ന്നുള്ളതായിരുന്നു കാര്‍ലോയുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ഹൃദയത്തില്‍ സ്‌നേഹവും ചുണ്ടില്‍ പുഞ്ചിരിയുമായിട്ടാണ് അവന്‍ ഈ ലോകത്തെ പ്രകാശിപ്പിച്ചത്. വിശ്വാസം, ശരണം, ഉപവി, ശുദ്ധത എന്നീ പുണ്യങ്ങള്‍ക്കെതിരെയുള്ള എല്ലാവിധ പൈശാചിക ശക്തികളെയും അവന്‍ പ്രാര്‍ത്ഥന കൊണ്ടും വിശുദ്ധികൊണ്ടും നേരിട്ടു.
എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാനയില്‍ വിശ്വാസത്തോടെ പങ്കെടുക്കുകയും, ആഴ്ചയിലൊ രിക്കല്‍ കുമ്പസാരിക്കുകയും, ഇടവകയിലെ എല്ലാ പ്രവര്‍ത്തങ്ങളിലും സജീവമായി പങ്കെടുക്കുകയും വഴിയായി ക്രിസ്തീയ വിശ്വാസത്തിന് ധീര മാതൃകയായി. ദിവ്യകാരുണ്യ ഈശോയുടെ തിരുസാന്നിധ്യത്തെ തിരിച്ചറിഞ്ഞ വിശ്വാസത്തില്‍ എല്ലാവരെയും ഉറപ്പിക്കുവാനായി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ രേഖകളും ചിത്രങ്ങളും ശേഖരിച്ച് ഒരു വെബ്‌സൈറ്റ് നിര്‍മ്മിച്ചു. 15 വര്‍ഷക്കാലം മാത്രം ജീവിച്ച കാര്‍ലോ നമ്മള്‍ എല്ലാവര്‍ക്കും ഒരു പ്രചോദനവുമാണ്.
കാര്‍ലോ വളരെ ചെറുപ്പമായിരുന്നപ്പോള്‍, പരിശുദ്ധ കുര്‍ബാനയോടും പരിശുദ്ധ കന്യാമറിയത്തെയും കുറിച്ചുള്ള ജിജ്ഞാസ അവന്റെ ഹൃദയത്തില്‍ ഉണര്‍ന്നു. പിന്നീട് പ്രണയമായി മാറി ആ ജിജ്ഞാസ. കാര്‍ലോയ്ക്ക് ആറു വയസ്സുള്ളപ്പോള്‍, പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുവാന്‍ അത് കാര്‍ലോയെ പ്രേരിപ്പിച്ചു. കാര്‍ലോയ്ക്ക് ഏഴു വയസ്സുള്ളപ്പോള്‍ 1998 ജൂണ്‍ 16 ന് ഈ ആഗ്രഹം നിറവേറി. കാര്‍ലോയുടെ ഇടവക വികാരി ഫാദര്‍ ആല്‍ഡോലോക്ക റ്റെല്ലി, പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി മോണ്‍സി ഞ്ഞോര്‍ പാസ്‌ക്വെല്‍ മാച്ചിയില്‍ നിന്ന് (പോള്‍ ആറാമന്റെ സെക്രട്ടറിയായി) അനുമതി അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തെ ബന്ധപ്പെട്ട ശേഷം, കാര്‍ലോയുടെ ദിവ്യകാരുണ്യത്തോടുള്ള തീവ്രമായ ആഗ്രഹവും കുട്ടിയുടെ പക്വതയും കണ്ടു കൊണ്ട് മോണ്‍സിഞ്ഞോര്‍ ക്രിസ്തീയ രൂപീകരണം ഉറപ്പ് നല്‍കികൊണ്ട് പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനു അനുവാദം നല്‍കി.

അന്നു മുതല്‍, പരിശുദ്ധ കുര്‍ബാനയോടുള്ള വലിയ സ്‌നേഹം കാര്‍ലോയില്‍ വളര്‍ന്നു. പരിശുദ്ധ കുര്‍ബാനയെ 'സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേ' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദിവ്യബലിയില്‍ എല്ലാ ദിവസവും പങ്കെടുക്കാനും അതിന് മുമ്പോ ശേഷമോ അര മണിക്കൂര്‍ ആരാധന നടത്താനും അവന്‍ ശ്രദ്ധിച്ചിരുന്നു. പരിശുദ്ധ കുര്‍ബാനയില്‍ യേശു വിന്റെ സാന്നിദ്ധ്യത്തിലായിരിക്കുമ്പോള്‍ നമ്മള്‍ വിശുദ്ധരായിത്തീ രുമെന്ന് അവന്‍ കൂടെകുടെ പറ യുമായിരുന്നു, "പരിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ പങ്കെടുക്കുമ്പോള്‍ ഈശോയുടെ മാറില്‍ വി. യോഹന്നാന്‍ ശ്ലീഹാ അന്ത്യ അത്താഴവേളയില്‍ കിടന്ന ഒരു അനുഭവമാണ് എനിക്ക് ലഭിക്കാറുള്ളത്." പരിശുദ്ധ കുര്‍ബാനയില്‍ എത്രത്തോളം ഈശോയെ സ്വീകരിക്കുന്നുവോ അത്രയധികം നാം യേശുവിനോട് സാമ്യപ്പെടും. ഈ രണ്ട് വാക്യങ്ങള്‍ കാര്‍ലോ തന്റെ ഡയറില്‍ കുറിച്ചുവെച്ചിട്ടുള്ളതാണ്. ഈ വാക്കുകള്‍ ആരെയും അത്ഭുതപ്പെടുത്തുമെന്നതില്‍ സംശയമില്ല.
കാര്‍ലോയ്ക്ക് ദൈവത്തോടുള്ള സ്‌നേഹത്തില്‍ നിന്ന് അയല്‍ക്കാരനോടുള്ള സ്‌നേഹം ഉടലെടുക്കുകയും ചെയ്തുവെന്ന് ഉറപ്പോടെ പറയാന്‍ കഴിയും. ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കുന്ന മിലാനിലെ ഒരു കപ്പുച്ചിന്‍ സന്യാസിയുടെ കാന്റീനില്‍ അദ്ദേഹം സന്നദ്ധസേവനം നടത്തി. തന്റെ സമ്പാദ്യം ഉപയോഗിച്ച് ഒരു ഭിക്ഷക്കാരനുവേണ്ടി ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങി.
വിശുദ്ധരുടെ ജീവിതം വായിച്ചതിലൂടെ കാര്‍ലോയുടെ ജീവിതവും പോഷിപ്പിക്കപ്പെട്ടു. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതവും ഫാത്തിമയിലെ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മൂന്ന് കൊച്ചു ഇടയന്മാരുടെ ജീവിതവും അദ്ദേഹത്തെ വളരെയധികം ആ കര്‍ഷിച്ചു. വി. ഡൊമിനിക് സാവിയോ, വി. ടാര്‍സിസിയോ, വി. ലൂയിസ് ഗോണ്‍സാഗ എന്നിവരായിരുന്നു വിശുദ്ധരുടെ മറ്റ് മാതൃക കള്‍.
കാര്‍ട്ടൂണ്‍ സിനിമകള്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ എന്നിവ കാര്‍ലോയുടെ പ്രധാനപ്പെട്ട വിനോദ ങ്ങളായിരുന്നു. കാര്‍ലോ മിലാനിലെ മാര്‍സെലിന്‍ സന്യാസ സമൂഹം നടത്തിയിരുന്ന വിദ്യാലയ ത്തില്‍ പഠനം നടത്തി. ഈശോ സഭാ വൈദികര്‍ നടത്തിയിരുന്ന ലിയോ തകകക സ്‌കൂളില്‍ ഹൈ സ്‌ക്കൂള്‍ പഠനം നടത്തി. ഹൈസ്‌ക്കൂള്‍ പഠന കാലയളവില്‍ ഒരു പെണ്‍കുട്ടിയോട് കാര്‍ലോയ്ക്ക് പ്രേമം തോന്നി. ഈ വിഷയം അമ്മയോട് കാര്‍ലോ പറഞ്ഞു. അമ്മയുടെ നിര്‍ദ്ദേശപ്രകാരവും സ്വയം തിരിച്ചറിവിലൂടെയും ഈ ബന്ധം നല്ലതല്ലല്ലോയെന്ന് മനസ്സിലാക്കി കൊണ്ട് യഥാര്‍ത്ഥ സ്‌നേഹമായ ഈശോയിലേക്ക് അവന്‍ തിരിഞ്ഞു.


ഗുജറാത്തിലെ ഉദയപൂര്‍കാരനായ ഹൈന്ദവനായ രാജേഷ് മോഹര്‍ എന്ന ഒരു വ്യക്തി കാര്‍ലോയുടെ ഭവനത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. കാര്‍ലോയും രാജേഷും പലപ്പോഴും സംസാരിച്ചിരുന്നത് ക്രിസ്തുസ്‌നേഹ ത്തെപ്പറ്റിയായിരുന്നു. കാര്‍ലോയുടെ ദിവ്യകാരുണ്യസ്‌നേഹവും വിശുദ്ധിയും അനുഭവിച്ച് അതില്‍ ആകൃഷ്ടനായ രാജേഷ്‌മോഹര്‍ ഇപ്പോള്‍ ക്രിസ്ത്യാനിയായി. തനിക്ക് ശരിയായതിനെ കണ്ടെത്തു വാന്‍ കാര്‍ലോ സഹായിച്ചുവെന്ന് രാജേഷ് ഇപ്പോള്‍ പറയുന്നു.
ഒരിക്കല്‍ വിശുദ്ധനാട് സന്ദര്‍ശിക്കുവാനായി കാര്‍ലോയുടെ പപ്പാ പറഞ്ഞപ്പോള്‍ ഇടവക ദൈവാലയത്തില്‍ സക്രാരിയില്‍ ഈശോ 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ജറുസേലമില്‍ ജീവിച്ചതു പോലെ ഉള്ളതിനാല്‍ ഞാന്‍ വരുന്നില്ല, ഇടവകദേവാലയത്തില്‍ ഈശോയുടെ അടുത്ത് പോകുവാനാണ് എനിക്ക് ഇഷ്ടം എന്നാണ് കാര്‍ലോ പറഞ്ഞത്.

അന്ത്രയ അക്കൂത്തിസ് & അന്തോണിയ സല്‍സാനോ (കാര്‍ലോ അക്കൂത്തിസിന്റെ മാതാപിതാക്കള്‍)
അന്ത്രയ അക്കൂത്തിസ് & അന്തോണിയ സല്‍സാനോ (കാര്‍ലോ അക്കൂത്തിസിന്റെ മാതാപിതാക്കള്‍)

താന്‍ അനുഭവിച്ചറിഞ്ഞ ഈശോയുടെ സാന്നിധ്യത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ ലോകം മുഴുവനിലും നടന്ന ദിവ്യകാരണ്യാത്ഭുതങ്ങളുടെ ഒരു വെര്‍ച്ച്വല്‍ ലൈബ്രറി കാര്‍ലോ നിര്‍മ്മി ച്ചു. മനംമയക്കുന്ന വെബ്‌സൈറ്റുകളുടെ കെണിയില്‍ വീഴരുത് എന്ന് തന്റെ സുഹൃത്തുക്കളോട് കാര്‍ലോ പറയുമായിരുന്നു. തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ഒന്നും സൂക്ഷിക്കാതെ ഈശോയിലേക്ക് മറ്റുള്ളവരെ അടുപ്പിക്കുവാനായി കാര്‍ലോ വളരെ അധികം കഷ്ടപ്പെട്ടു. കാര്‍ലോ അക്കുത്തിസ് വെബ്‌സൈറ്റു വഴി അഞ്ച് ഭൂഖണ്ഡങ്ങളില്‍ ഭക്തി ഉണര്‍ത്തി, ഞങ്ങള്‍ സഭയില്‍ നിന്ന് വളരെ അകലെ ആയിരുന്നുവെന്നും ഈ വെബ്‌സൈറ്റ് തങ്ങളെ ഈശോയിലേക്കും തിരുസഭയിലേക്കും അടുപ്പിച്ചുവെന്നും പലരും സാക്ഷ്യപ്പെടുത്തിയതായി ഓര്‍ക്കുന്നു.
രോഗസംബന്ധമായ എല്ലാ വേദനകളും മാര്‍പ്പാപ്പയ്ക്കും, തിരുസഭയ്ക്കും വേണ്ടി സമര്‍പ്പിച്ച ധന്യനായ കാര്‍ലൊ അക്കുത്തീ സ് 2006 ഒക്‌ടോബര്‍ 12-ാം തീയതി രാവിലെ 6:45-ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് യാത്രയായി. 'എല്ലാവരും അവരവരുടെ തനിമയില്‍ ജനിക്കുന്നു എന്നാല്‍ പലരും മറ്റുള്ളവരുടെ പകര്‍പ്പുകളായി മരിക്കുന്നു. ഞാന്‍ മരിക്കുമ്പോള്‍ എന്നെ ഭൂമിയിലേക്ക് അയച്ചവന്റെ തനിമയില്‍ മരിക്കുമെന്ന്' പറഞ്ഞ കാര്‍ലോയുടെ വാക്കുകള്‍ ദൈവം സ്വീക രിച്ചുവെന്നതിന്റെ തെളിവാണ് കാര്‍ലോ ഇന്ന് അള്‍ത്താരയില്‍ വണക്കത്തിന് യോഗ്യനായിരിക്കു ന്നത്.
2018 ലെ ആഗോള യുവജന സിനഡിന് ശേഷം പ്രസിദ്ധികരിച്ച് 'ക്രിസ്തുസ് വീവിത്ത്' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ 105-106 ഖണ്ഡികയില്‍ കാര്‍ലോ അക്കുത്തിസിനെ പറ്റി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം പ്രതിപാദിക്കുന്നുണ്ട്.
'ഒരു കമ്പ്യൂട്ടര്‍ പ്രതിഭയായി രുന്ന കാര്‍ലോയുടെ സാന്നിധ്യവും, സേവനവും ഈ ഡിജിറ്റല്‍ ലോകത്തിലും, സാമൂഹിക നെറ്റ്‌വര്‍ക്കുകളിലും വലിയ സ്വാധീനം നല്‍കി. നവീനമായ ആശയ വിനിമയ സംവിധാനങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കാനും മൂല്യങ്ങളെ പകര്‍ത്താനും കാര്‍ലോയ്ക്ക് സാധിച്ചു.'


ഇന്റെര്‍നെറ്റും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഉപയോഗിക്കുമ്പോള്‍ സുവിശേഷ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ക്രിസ്തു സുവിശേഷത്തിന്റെ ജീവിക്കുന്ന മാതൃകയാകുവാന്‍ ഈ ചെറിയ ബാലന് കഴിഞ്ഞു.


ഇന്നത്തെ തലമുറയ്ക്ക് കാര്‍ലോ നല്‍കുന്ന സന്ദേശം വാക്കുകള്‍ക്കതീതമാണ്. താന്‍ ആ യിരിക്കുന്ന അവസ്ഥയില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുക. ദൈവം നമുക്ക് നല്‍കിയ കഴിവുകള്‍, അവസരങ്ങള്‍ ദൈ വരാജ്യത്തിനു വേണ്ടി ഉപയോഗിക്കുക. ജീന്‍സും ടീഷര്‍ട്ടുമടക്കം ആധുനികവേഷങ്ങള്‍ ധരിക്കുന്ന ഈ നൂറ്റാണ്ടില്‍ വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. നമുക്കു വേണ്ടി കാല്‍വരി കുരിശില്‍ ജീവന്‍ അര്‍പ്പിച്ച ഈശോ നമ്മുടെ കൂടെയായിരിക്കാന്‍ പരിശുദ്ധ കുര്‍ബാനയില്‍ സജീവ സാന്നിധ്യമായി ഉണ്ട്. നവസംവിധാനങ്ങളിലൂടെ സുവിശേഷം പ്ര ഘോഷിക്കുവാനും മൂല്യങ്ങളെ പകര്‍ത്തുവാനും കാര്‍ലോയ്ക്ക് സാധിച്ചു. സൈബര്‍ ലോകത്ത് വിശുദ്ധിയുടെ പരിമളം പരത്തി 21-ാം നൂറ്റാണ്ടിന്റെ ന്യൂ ജെന്‍ വിശുദ്ധനായി കാര്‍ലോ പ്ര ഖ്യാപിക്കപ്പെടുന്ന സുദിനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org