മഹാമാരിയില്‍ കൈത്താങ്ങായി കാരിത്താസ് ഇന്ത്യ

മഹാമാരിയില്‍ കൈത്താങ്ങായി കാരിത്താസ് ഇന്ത്യ

ഫാ. പോള്‍ മൂഞ്ഞേലി
(ഡയറക്ടര്‍, കാരിത്താസ് ഇന്ത്യ)

ഫാ. പോള്‍ മൂഞ്ഞേലി
ഫാ. പോള്‍ മൂഞ്ഞേലി

കാരിത്താസ് ഇന്ത്യ ഭാരതത്തിലെ കത്തോലിക്കാ സഭയുടെ സേവനമുഖമാണ്. സ്‌നേഹശുശ്രൂഷയുടെ മുന്‍നിര പ്രവര്‍ത്തനം സുവിശേഷ പ്രഘോഷണമായി സ്വീകരിച്ചുകൊണ്ട് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും പാവങ്ങളുമായ ജനങ്ങളുടെ ആവശ്യങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകളാണ് കാരിത്താസ് നടത്തുന്നത്. മാനവികതയെ ബാധിക്കുന്ന ഏത് അടിയന്തിരഘട്ടത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആഗോളവും സാര്‍വത്രികവുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കാരിത്താസ് ഇന്ത്യയുടെ കാതല്‍. കാരിത്താസ് ഇന്ത്യ വിഭാവനം ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈ കോവിഡ്-19 കാലഘട്ടവും സാക്ഷ്യം വഹിച്ചു. ഇത് ദശലക്ഷ കണക്കിനു ആളുകള്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കുകയും അവരുടെ ജീവിതത്തെ നേരിട്ടു സ്പര്‍ശിക്കുകയും ചെയ്തു.

കോവിഡിന്റെ രണ്ടാം വരവ് വളരെ ഭയാനകമായിരുന്നു. സര്‍ക്കാരിന്റെയും സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെയുമൊക്കെ കണക്കുകള്‍ പറയുന്നതനുസരിച്ച് പ്രതിദിനം നാലുലക്ഷം കൊവിഡ് രോഗികള്‍ വരെ ഉണ്ടായി. അതോടൊപ്പം തന്നെ നാലായിരത്തിലധികം പേര്‍ പ്രതിദിനം മരണമടയുന്ന അവസ്ഥയും വന്നുചേര്‍ന്നു. ആശുപത്രികള്‍ നിറയുന്നു. വേണ്ടത്ര കിടക്കകള്‍ ഇല്ല. മനുഷ്യന്റെ ജീവസംരക്ഷണത്തിനു വേണ്ടിയുള്ള ഉപാധികളെല്ലാം പരിമിതമാകുന്നു. പ്രാണ വായുവിന്റെ ക്ഷാമം നേരിടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ അവശരാകുന്നു. മണിക്കൂറുകള്‍ നീളുന്ന കഠിനാദ്ധ്വാനം അവരെ തളര്‍ത്തുന്നു. ഇതൊക്കെ നമ്മുടെ ആരോഗ്യമേഖലയെ വല്ലാതെ വിഷമിപ്പിക്കുകയും തളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വസ്തുതകളാണ്. ഈ ദുരന്തമുഖത്ത് എല്ലാവരും പകച്ചു നില്‍ക്കുന്ന അനുഭവമാണ് ദൃശ്യമാകുക. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡ് 19 ഒരു പുതിയ ദുരന്തമായിരുന്നു. അതു പുതിയ വെല്ലുവിളികള്‍ നമുക്കു മുന്നില്‍ ഉയര്‍ത്തി. കാരിത്താസ് ഇന്ത്യ നാളിതുവരെയും അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ ദുരന്തത്തെ എങ്ങനെ നേരിടണം എന്ന സന്ദേഹത്തിനിടയില്‍ നമ്മുടെ കൂട്ടായ ചിന്തകളിലൂടെയാണ് ആ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കിയത്. കൊറോണയുടെ ആദ്യഘട്ടത്തിലും വ്യക്തമായ ഒരു ദിശാബോധത്തിലൂന്നി പ്രത്യേകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് നാം മുന്നിട്ടിറങ്ങിയത്.

ഈ ദുരന്തമുഖത്ത് ഭാരതത്തിലെ കത്തോലിക്കാ സഭയുടെ സേവനം കാരിത്താസ് ഇന്ത്യയിലൂടെ സജീവമായി നാം തുടരുകയാണ്. വീണ്ടും ശക്തി സംഭരിച്ച് കൂടിയാലോചനകള്‍ നടത്തി നമ്മുടെ സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു സര്‍ക്കാര്‍ സംവിധാനങ്ങളോടു ചേര്‍ന്ന് ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോടെയാണ് നാം നീങ്ങുന്നത്. സംഘാതമായ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കാരിത്താസ് ഇന്ത്യ അതിന്റെ സംവിധാനങ്ങളെ ഏകോപിപ്പിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഇതുവരെ 60-ല്‍പ്പരം ആരോഗ്യ സംവിധാന കേന്ദ്രങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞു. മൂന്നു തരത്തിലുള്ള പ്രത്യേക പ്രവര്‍ത്തന കര്‍മ്മ പരിപാടികളാണ് ആവിഷ്‌കരിച്ചത്. ആദ്യമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴിയുള്ള സേവനം. (ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റേഴ്‌സ്) കോവിഡ് ബാധിച്ച, എന്നാല്‍ അതിഗൗരവതരമല്ലാത്ത രോഗികളുടെ ശുശ്രൂഷയും ആരോഗ്യ പരിപാലനവും രൂപപ്പെടുത്താന്‍ നമ്മുടെ സഭാ സമൂഹങ്ങളിലെ ആതുരാലയങ്ങളോടു ചേര്‍ന്നു രൂപപ്പെടുത്തിയ സംവിധാനമാണിത്. രണ്ടാമത്തേത് സെക്കന്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്. അവിടെ പ്രധാനമായും ശ്രദ്ധിക്കുന്നത് കോവിഡ് തീവ്രമായ രോഗികളുടെ ജീവസംരക്ഷണമാണ്. ആശുപത്രിയോടു ചേര്‍ന്നുള്ള കേന്ദ്രങ്ങളാണ് ഇതും. അവിടെ ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനങ്ങളും വെന്റിലേറ്ററുകളും മറ്റും ക്രമീകരിച്ചിരിക്കുന്നു. മൂന്നാമതായി രൂപതാ സാമൂഹിക കേന്ദ്രങ്ങളും മറ്റുമായുള്ള പങ്കാളിത്തത്തിലൂടെ രൂപപ്പെടുത്തുന്ന ശുശ്രൂഷയുടെ മുഖമാണ്. ഇതു ഭവന കേന്ദ്രീകൃതമായ പരിചരണ സംവിധാനമാണ്. വീടുകളില്‍ കൊവിഡ് രോഗികളായി കഴിയുന്നവരെ പരിചരിക്കുന്നതിനൊപ്പം അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും ബന്ധുക്കള്‍ക്കും രോഗം വരാതെ നോക്കുന്നു. പ്രതിരോധ ഉപകരണങ്ങളും ഓക്‌സിജനും സാനിറ്ററി ഉപകരണങ്ങളും മറ്റും നല്‍കുന്നതിനൊപ്പം ടെലി മെഡിസിന്‍ സൗകര്യങ്ങളും അവിടങ്ങളില്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഈ മൂന്നു തലങ്ങളിലൂടെയും രാജ്യ വ്യാപകമായി ആയിരക്കണക്കിനു പേര്‍ക്കാണ് കാരിത്താസ് ഇന്ത്യ അതിന്റെ സേവനം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. രോഗീശു ശ്രൂഷയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കാലത്തിനിടയില്‍ ഏകദേശം 12,500 രോഗികളെ സംരക്ഷിക്കാന്‍ നമുക്കു കഴിഞ്ഞു. ഈ പ്രവര്‍ത്തനത്തില്‍ നമുക്കൊപ്പം നില്‍ക്കുന്നത് ആതുരരംഗത്തെ നമ്മുടെ സഭാ സമൂഹങ്ങളും രൂപതകള്‍ നേതൃത്വം കൊടുക്കുന്ന ആശുപത്രികളുമാണെന്നു വളരെ സന്തോഷത്തോടെ പറയട്ടെ. ഈ പ്രവര്‍ത്തനങ്ങളിലൊക്കെ വളരെ സവിശേഷമായ ശൈലിയാണു നാം അവലംബിക്കുന്നത്.

കൊവിഡ് 19 ഒരു പുതിയ ദുരന്തമായിരുന്നു. അതു പുതിയ വെല്ലുവിളികള്‍ നമുക്കു മുന്നില്‍ ഉയര്‍ത്തി. കാരിത്താസ് ഇന്ത്യ നാളിതു വരെയും അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ ദുരന്തത്തെ എങ്ങനെ നേരിടണം എന്ന സന്ദേഹത്തിനിടയില്‍ നമ്മുടെ കൂട്ടായ ചിന്തകളിലൂടെയാണ് ആ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കിയത്. കൊറോണയുടെ ആദ്യഘട്ടത്തിലും വ്യക്തമായ ഒരു ദിശാബോധത്തിലൂന്നി പ്രത്യേകമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് നാം മുന്നിട്ടിറങ്ങിയത്. പ്രത്യേകമായി തരം തിരിച്ച 5 തന്ത്രങ്ങളിലൂടെ അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ പങ്കാളികളെയും അണി നിരത്തി, അവര്‍ക്കു വേണ്ട പരിശീലനങ്ങള്‍ നല്‍കിയാണ് അവതരിപ്പിച്ചത്. Be Informed, Be Trained, Be Cautioned, Be Connected, Be Compassionate ഈ 5 തലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് കാരിത്താസ് ഇന്ത്യ നേതൃത്വം കൊടുത്തത്. അതിന്റെ ഭാഗമായി ഒത്തിരിയേറെ അവബോധപ്രക്രിയകള്‍ നടന്നു. കൊറൊണയെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ജനസമൂഹങ്ങളെ അറിവും ബോധ്യവുമുള്ളവരാക്കാന്‍ കഴിഞ്ഞു. ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അനിവാര്യമായ സംരക്ഷണങ്ങളും നല്‍കി. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും കാരിത്താസ് ഇന്ത്യ ശ്രദ്ധിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ട ഗ്രാമീണര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.

കൊറോണയുടെ ആദ്യഘട്ടത്തില്‍ വടക്കേന്ത്യയില്‍ നിന്നു തെക്കേ ഇന്ത്യയിലേക്കു ചേക്കേറിയ പ്രവാസികള്‍ വളരെ ക്ലേശങ്ങള്‍ നേരിടുകയുണ്ടായി. സ്വന്തം ഭവനങ്ങളിലേക്കു തിരിച്ചുപോകാനാകാതെ പാതയോരത്തും റെയില്‍വേ ട്രാക്കുകളിലും മറ്റും ചിതറിക്കിടന്ന ഹതഭാഗ്യരായ മനുഷ്യര്‍ക്കു സംരക്ഷണം നല്‍കാനും അവരെ വീടുകളില്‍ എത്തിക്കാനും പുനരധിവസിപ്പിക്കാനും കാരിത്താസ് ഇന്ത്യയിലൂടെ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഏകദേശം 14 ലക്ഷത്തോളം വരുന്ന പ്രവാസികളെ കൊറോണയുടെ ആദ്യഘട്ടത്തില്‍ സംരക്ഷിക്കാന്‍ നമുക്കു കഴിഞ്ഞു. ഇവ്വിധമുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിലുട നീളം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയുമുണ്ടായി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി കാരിത്താസ് ഇന്ത്യ തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡുകളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. കൊറോണയുടെ ആദ്യകാലഘട്ടത്തില്‍ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ സഭയിലെ രൂപതകളും സഭാസംവിധാനങ്ങളും സംയുക്തമായി ഏകദേശം രണ്ടരക്കോടി ജനങ്ങള്‍ക്കാണ് നേരിട്ടു സഹായമെത്തിച്ചത്.

ഏകദേശം 14 ലക്ഷത്തോളം വരുന്ന പ്രവാസികളെ കൊറോണയുടെ ആദ്യഘട്ടത്തില്‍ സംരക്ഷിക്കാന്‍ നമുക്കു കഴിഞ്ഞു. കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ സഭയിലെ രൂപതകളും സഭാസംവിധാനങ്ങളും സംയുക്തമായി ഏകദേശം രണ്ടരക്കോടി ജനങ്ങള്‍ക്കാണ് നേരിട്ടു സഹായമെത്തിച്ചത്.

കേരളത്തിലെ മഹാ പ്രളയകാലത്ത് കാരിത്താസ് ഇന്ത്യ രൂപപ്പെടുത്തിയ ഒരു സന്നദ്ധ സേവന പ്രസ്ഥാനമാണ് കാരിത്താസ് സമരിറ്റന്‍സ്. നല്ല സമറിയാക്കാരന്റെ ശൈലിയും ചിന്തയും രൂപപ്പെടുത്തിക്കൊണ്ട് നമ്മുടെ സമൂഹത്തില്‍ സന്നദ്ധ സേവനത്തിനു തയ്യാറായ അനേകം പേരെ അടുപ്പിച്ചു നിറുത്തി രൂപപ്പെടുത്തിയ ഈ ആശയം ഇന്നു ബഹുദൂരം മുന്നേറിയിരിക്കുന്നു. കേരളത്തിലെ എല്ലാ രൂപതകളും ഈ സന്നദ്ധ സേവനത്തിനു രൂപംകൊടുക്കാനും അതു പ്രാവര്‍ത്തികമാക്കാനും ശ്രദ്ധിച്ചു. ഈ കോവിഡു കാലത്ത് കാരിത്താസ് സമരിറ്റന്‍സ് ഏറ്റെടുത്ത വലിയ സേവനം കൊവിഡു ബാധിച്ചു മരണമടയുന്നവരുടെ മൃതസംസ്‌ക്കാരമാണ്. മതപരമായ ആചാരങ്ങളിലൂടെ പരേതരെ സംസ്‌ക്കരിക്കാന്‍ നാം സഹായിക്കുന്നു. കൊവിഡിന്റെ ആരംഭത്തില്‍ ഇപ്പോള്‍ പോലും കൊവിഡു ബാധിച്ചു മരണമടയുന്നവരെ സമീപിക്കാന്‍ പലര്‍ക്കും ഭയവും മടിയുമാണ്. ഈ വിമുഖതയുടെ ഇടയിലേക്കാണ് നമ്മുടെ സഹോദരങ്ങള്‍ക്കു മാന്യവും മതപരവുമായ മൃതസംസ്‌ക്കാരം സാധ്യമാക്കാന്‍ നാം മുന്നിട്ടിറങ്ങിയത്.

കോവിഡ്-19 എന്നത് ഒരു പ്രക്ഷോഭ പ്രതിസന്ധിയാണ്. അത് ദിവസംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍, കഠിനമായ ഭയം, psychosis, ഭയാനകമായ മരണ നിരക്ക് എന്നിവ വര്‍ദ്ധിച്ചതോടെ, അഭൂതപൂര്‍വ്വമായ അനിശ്ചിതത്വത്തിലാണ് മാനവരാശിയെ എത്തിച്ചിരിക്കുന്നത്. എന്നിരുന്നാലും കാരിത്താസ് ഇന്ത്യ തങ്ങളുടെ Joy of Service എന്ന ദൗത്യത്താല്‍ നയിക്കപ്പെടുകയും ദേശങ്ങളുടെ അതിരുകളോളം പോകാനുള്ള മാര്‍പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് ഏതു ദുസ്സഹവുമായ പ്രതിസന്ധിയിലും നിര്‍ണ്ണായക പങ്കു വഹിച്ചു, ക്രിയാത്മകവും കൂട്ടായതുമായ അടിയന്തിര സേവനങ്ങളുമായി ജനങ്ങള്‍ക്കുവേണ്ടി അവര്‍ക്കൊപ്പം എന്നും മുന്നണിയില്‍ നിന്നു പോരാടുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org