
ഫാ. ജോസ് കൊളുത്തുവെള്ളില്‍
ഡയറക്ടര്‍, സഹൃദയ (എറണാകുളം-അങ്കമാലി അതിരൂപത)
'പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു' (സങ്കീ. 23:2).
പച്ചയായ പുല്‍ത്തകിടികളും പ്രശാന്തമായ ജലാശയങ്ങളും നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന ചോദ്യവുമായി മുന്നില്‍ നില്‍ക്കുകയാണ് പുതുതലമുറ. ഇത് കേള്‍ക്കുന്ന പഴയ തലമുറയുടെ ഉള്ളിലുള്ള ഈരടികളാവട്ടെ 'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി' എന്നതും. തലമുറകള്‍ക്കിടയിലെ നീതി എന്ന അതിഗൗരവതരമായ ഈ പ്രശ്‌നം നാം ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതും അവധാനതയോടെ ഇടപെടേണ്ടതുമാണ് എന്നത് ഇവിടെ പ്രധാനമാണ്.
മുറിവേറ്റ പ്രകൃതി
നല്ല സമരിയക്കാരന്റെ കഥയില്‍ മുറിവേറ്റ മനുഷ്യനോട് കരുണയോടെ പെരുമാറുന്നവനാണ് നല്ല അയല്‍ക്കാരന്‍ എന്ന സൂചനയുണ്ട്. മുറിവേറ്റ പ്രകൃതിയോടും കരുണയോടെ പെരുമാറാന്‍ നമുക്ക് കടമയുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യന്റെ രോദനത്തിന് ദൈവം മറുപടി നല്‍കണമെങ്കില്‍ പ്രകൃതിയുടെ രോദനത്തിന് മനുഷ്യനും ചെവികൊടുക്കേണ്ടിയിരിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും ആകസ്മിക പ്രകൃതി ദുരന്തങ്ങളുമെല്ലാം മുറിവേറ്റ പ്രകൃതിയുടെ നിലവിളികളും നിലപാടറിയിക്കലുമാണെന്ന് നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. നാം മൂലം പ്രകൃതി മുറിപ്പെടുന്നത് നമ്മുടെ അയല്‍ക്കാരെ മുറിപ്പെടുത്തുന്നതിന് തുല്യമായി നാം കാണണം.
ഉല്പത്തി 1:28 ല്‍ പറയുന്ന 'ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യമുണ്ടായിരിക്കട്ടെ' എന്ന വാക്യം അതിഭീകരമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഭൂമിയില്‍ പ്രത്യേകിച്ച് പാശ്ചാത്യ ലോകത്ത് പ്രകൃതിയുടെ അമിത ചൂഷണത്തിനു കാരണമെന്ന് ഒരു വാദഗതിയുണ്ട്. ഉത്പത്തി 2;15 ല്‍ 'ഏദന്‍തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി' എന്ന വചനം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി എന്നതും കാരണമാകാം. ഭൂമിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുക എന്നത് മനുഷ്യനെ ദൈവം ഏല്‍പ്പിച്ച കടമയാണ്. അഥവാ പ്രപഞ്ചത്തിന്റെ കാര്യസ്ഥന്മാരാണ് മനുഷ്യര്‍. അതില്‍ നിന്നും പിന്നോക്കം പോയതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങളെന്നത് നിസ്തര്‍ക്കമാണ്. അതുകൊണ്ട് തന്നെയാണ് പരിസ്ഥിതിക്കെതിരെയുള്ള പ്രവൃത്തികള്‍ കുമ്പസാരത്തില്‍ ഏറ്റു പറയേണ്ട പാപമാണെന്ന് ബനഡിക്ട് പതിനാറാമന്‍ പാപ്പാ പറഞ്ഞത്. സിറോ-മലബാര്‍ സഭയുടെ വി. കുര്‍ബാന മധ്യേയുള്ള വിശ്വാസപ്രഖ്യാപനത്തില്‍ 'അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു' എന്ന പ്രസ്താവമുണ്ട്. ദൈവം ശരിയായ വിധം സംവിധാനം ചെയ്ത പ്രപഞ്ചത്തെ മനുഷ്യന്‍ സ്വന്ത ഇഷ്ടപ്രകാരം തകിടം മറിക്കാന്‍ തുടങ്ങിയതാണ് പരിസ്ഥിതി പ്രശ്‌നങ്ങളുടെ കാരണമെന്നു നാം മനസ്സിലാക്ക ണം. ഇതിന്റെയൊക്കെ ഫലം ഈ തലമുറയും ഇനിവരുന്ന തലമുറകളുമാണ് അനുഭവിച്ചു തീര്‍ക്കേണ്ടത് എന്നതാണ് നമ്മെ അലട്ടുന്ന പ്രധാന പ്രശ്‌നം. 'ലൗദാത്തോ സി' എന്ന ചാക്രിക ലേഖനത്തിലൂടെ പരി. ഫ്രാന്‍സിസ് പാപ്പാ പറഞ്ഞുവയ്ക്കുന്നതും ഇതു തന്നെയാണ്. 'ലൗദാത്തോ സി'ക്ക് ഒരു പാരിസ്ഥിതിക പരിഭാഷ ചമയ്ക്കുകയാണ് കാര്‍ബണ്‍ ഫാസ്റ്റിംഗിലൂടെ.
പ്രകൃതിയുടെ പ്രതികരണം
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മിന്നല്‍ പ്രളയവും ചുഴലി കൊടുംകാറ്റുകളും തുടങ്ങി വളരെ വേഗം ജനിതകമാറ്റം വരുന്ന വൈറസുകള്‍ വരെ ഈ പരിസ്ഥിതി നാശത്തിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളുമായി ശാസ്ത്രലോകം വിലയിരുത്തുന്നുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതും അതുവഴി പ്രപഞ്ച സംവിധാനങ്ങളുടെ താളക്രമം തെറ്റുന്നതുമാണ് അടിസ്ഥാന കാരണം.
ജീവികള്‍ ഉച്ഛ്വസിക്കുന്ന കാര്‍ ബണ്‍ഡൈഓക്‌സൈഡ് മുതല്‍ വിറകും ചപ്പു ചവറുകളും ഇന്ധനങ്ങളും കത്തുമ്പോഴും ജൈവമാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ ചീഞ്ഞളിയുമ്പോഴും ഫാക്ടറികളിലും വാഹനങ്ങളിലും നിന്ന് പുകയായി പുറത്തുവരുന്നതുമൊക്കെ അന്തരീക്ഷത്തില്‍ കലരുന്ന കാര്‍ബണ്‍ ഘടകങ്ങള്‍ ആഗോളതാപനത്തെ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഭൂമിയിലെ മഞ്ഞുപാളികള്‍ ക്രമാതീതമായി ഉരുകി ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നത്തെ നിലയില്‍ അധികം താമസിയാതെ ലോകത്തിലെ മിക്കവാറും എല്ലാ കടല്‍തീര നഗരങ്ങളും വെള്ളത്തിനടിയിലാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യയുടെ നാല്പത് ശതമാനവും തീര ദേശ മേഖലയോടു ചേര്‍ന്ന് നിവസിക്കുന്ന കേരളത്തെപ്പോലുള്ള നാടുകളില്‍ ഇങ്ങനെ സംഭവിക്കുമ്പോഴുണ്ടാകുന്ന ഭീകരാവസ്ഥ അചിന്ത്യമല്ലേ? അടുത്ത കാലത്ത് ഉത്തരേന്ത്യയില്‍ മഞ്ഞുപാളി ഉരുകി പ്രളയമുണ്ടായി ഒരു ജലവൈദ്യുത പദ്ധതി തകര്‍ന്നതും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടതും നാം കണ്ടതാണ്.
മനുഷ്യന്റെ ആര്‍ത്തിപൂണ്ട ഇടപെടലുകള്‍ മൂലം മുറിവേറ്റ
പ്രകൃതിയുടെ രോദനം നാം കേള്‍ക്കണം. ഇക്കാര്യം എല്ലാവരെയും
ഓര്‍മ്മപ്പെടുത്തുകയും അതിലൂടെ പ്രകൃതിയുടെ സംരക്ഷണത്തിനായി
ഒരുമിച്ചു ചേര്‍ക്കുകയും ചെയ്യുക എന്നതാണ് 'കാര്‍ബണ്‍ ഫാസ്റ്റിംഗ്'
പദ്ധതിയുടെ ഉദ്ദേശ്യം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഉണ്ടാവുന്നത്
പരമാവധി നിയന്ത്രിക്കുക എന്നതാണ് കാര്‍ബണ്‍ ഫാസ്റ്റിംഗ്
കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കാലാവസ്ഥയില്‍ ഉണ്ടായിട്ടുള്ള പ്രവചനാതീതമായ മാറ്റങ്ങളും നമുക്ക് അനുഭവപ്പെട്ടു തുടങ്ങി. പ്രളയത്തെക്കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന നാം അത് അനുഭവിച്ചറിഞ്ഞു. ഓരോരോ ഓമനപ്പേരില്‍ ചുഴലി കൊടുങ്കാറ്റുകള്‍ നമ്മുടെ നാട്ടിലും വിരുന്നിനെത്തിത്തുടങ്ങി. ഇതെല്ലാം വരാനിരിക്കുന്ന വന്‍ വിനാശത്തിന്റെ തുടക്കം മാത്രമാണെന്നു മനസ്സിലാക്കി നമ്മെക്കൊണ്ടാകാവുന്ന പ്രതിരോധം ഒരുക്കിയില്ലെങ്കില്‍ ഒരുപക്ഷെ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കായിരിക്കും നാം വഴുതിവീഴുന്നത്.
ദൈവം തന്ന ജീവനും ജീവിതവും സംരക്ഷിക്കുക, അപരന്റെ നന്മയില്‍ കരുതലുണ്ടായിരിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ജീവിത നിയോഗമെന്ന നമ്മുടെ വീക്ഷണത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസ്ഥാനം ഉണ്ടാവുക അനിവാര്യമാണല്ലോ. അപരന്റെ നന്മയിലുള്ള കരുതല്‍ പരിസ്ഥിതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമ്മെ തടയുന്നു. മനുഷ്യന്റെ ആര്‍ത്തി പൂണ്ട ഇടപെടലുകള്‍ മൂലം മുറിവേറ്റ പ്രകൃതിയുടെ രോദനം നാം കേള്‍ക്കണം. ഇക്കാര്യം എല്ലാവരെയും ഓര്‍മ്മപ്പെടുത്തുകയും അതിലൂടെ പ്രകൃതിയുടെ സംരക്ഷണത്തിനായി ഒരുമിച്ചു ചേര്‍ക്കുകയും ചെയ്യുക എന്നതാണ് 'കാര്‍ബണ്‍ ഫാസ്റ്റിംഗ്' പദ്ധതിയുടെ ഉദ്ദേശ്യം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഉണ്ടാവുന്നത് പരമാവധി നിയന്ത്രിക്കുക എന്നതാണ് കാര്‍ബണ്‍ ഫാസ്റ്റിംഗ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിനായി ആര്‍ക്കും ഏറ്റെടുത്തു നടപ്പാക്കാനാവുന്ന ലളിതമായ ഏതാനും മാര്‍ഗനിര്‍ദേശങ്ങളാണ് സഹൃദയ തയ്യാറാക്കിയിട്ടുള്ളത്.
1) കഴിയുന്നത്ര ചെടികള്‍, പച്ചക്കറികള്‍, ഭക്ഷ്യവിളകള്‍ എന്നിവ വച്ചു പിടിപ്പിക്കുക. അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്ന കലവറയാണ് ചെടികള്‍. അതുപോലെ തന്നെ ഭക്ഷ്യസുരക്ഷയ്ക്കും ചെടികള്‍ അത്യന്താപേക്ഷിതമാണ്. ഓരോ ദൈവാലയത്തിലും ആരാധനയ്ക്ക് ആവശ്യമുള്ള പൂക്കള്‍ ദേവാലയാങ്കണത്തില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കില്ലേ എന്ന് ചിന്തിക്കാം. ആഹാര വസ്തുക്കളുടെ കാര്യത്തിലും സ്വയം പര്യാപ്തതയിലേക്കെത്താന്‍ പച്ചക്കറിത്തോട്ടങ്ങള്‍ നമ്മെ സഹായിക്കും. ജന്മ ദിനം, വാര്‍ഷികങ്ങള്‍ പോലുള്ള അവസരങ്ങള്‍ മരം നട്ടുകൊണ്ടാഘോഷിക്കുന്ന സംസ്‌കാരത്തിലേക്ക് നാം കടന്നുവരേണ്ടിയിരിക്കുന്നു.
2) രാസവളങ്ങളും കീടനാശിനികളും കഴിയുന്നത്ര ഒഴിവാക്കുക. ഇവ മണ്ണിനും മനുഷ്യനും ആരോഗ്യഹാനി വരുത്തുന്നുവെന്ന് നാം തിരിച്ചറിയണം. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ കാരണങ്ങളിലൊന്ന് രാസവിഷങ്ങളടങ്ങിയ ആഹാരമാണെന്നു കാണാം.
3) ആഹാരം ആവശ്യത്തിനു മാത്രം പാചകം ചെയ്യുകയും ഉപ യോഗിക്കുകയും ചെയ്യുക. പാഴാക്കാതിരിക്കുക. ഓരോ തവണ ആഹാരം പാചകം ചെയ്യുമ്പോഴും കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകുന്നുണ്ട്. അത് കുറയ്ക്കുക എന്നത് മാത്രമല്ല ലോകത്തുള്ള മനുഷ്യരില്‍ ഏഴു പേരില്‍ ഒരാള്‍ വീതം ദിവസേന ഉറങ്ങാന്‍ പോകുന്നത് വിശന്ന വയറോടെയാണെന്നതും 5 വയസില്‍ താഴെ പ്രായമുള്ള ഇരുപതിനായിരത്തിലേറെ കുട്ടികള്‍ ആഹാരം ലഭിക്കാത്തതു മൂലം ദിവസേന മരണപ്പെടുന്നുണ്ടെന്നതും നാം അറിയണം. ലോക ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം 1.3 ബില്യണ്‍ ടണ്‍ ആഹാരം ധനികര്‍ പാഴാക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
4) ആഹാര അവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കണം. കുന്നുകൂടുന്ന മാലിന്യങ്ങള്‍ രോഗകാരണങ്ങളാകുന്നതിനൊപ്പം മീഥേന്‍ പോലുള്ള വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരാനും ഇടയാക്കുന്നു. ശാസ്ത്രീയമായി സംസ്‌കരിച്ച് ഇവയില്‍ നിന്ന് പാചകവാതകവും ജൈവവളവുമൊക്കെ ഉത്പാദിപ്പിക്കാനാവും. പ്രയോജനമില്ലാത്തവ വലിച്ചെറിയുക എന്ന സംസ്‌കാരത്തില്‍ നിന്ന് തലമുറയെ മോചിപ്പിക്കുക എന്ന ഉദ്ദേശ്യവുമുണ്ട്,
5) പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. ആഘോഷാവസരങ്ങളില്‍ വിരുന്നുമേശകളില്‍ നിറയുന്ന പേപ്പര്‍, പ്ലാസ്റ്റിക്ക് ഗ്ലാസുകളും പാത്രങ്ങളുമൊക്കെ ആവശ്യം കഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കില്‍ അലക്ഷ്യമായി വലിച്ചെറിയുകയോ ഒക്കെ ചെയ്യുന്ന ശീലം മാറ്റിയെടുക്കണം. സ്റ്റീല്‍, ഗ്ലാസ്, മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുകയോ വാഴയില പോലുള്ളവ ഉപയോഗിക്കുകയോ ചെയ്യാം.
6) പ്ലാസ്റ്റിക്ക് പോലുള്ളവ ഉപയോഗശേഷം കത്തിക്കുന്ന പ്രവണത ഒഴിവാക്കി പുനഃചംക്രമണത്തിനായി നല്‍കാം. പ്ലാസ്റ്റിക് കത്തിക്കുന്ന പുക ശ്വസിക്കുന്നതിലൂടെയാണ് ഇന്ന് കണ്ടുവരുന്ന കാന്‍സറിന്റെ നല്ലൊരു ശതമാനത്തിനും കാരണമെന്ന കണ്ടെത്തലുകള്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഒഴിവായി നില്ക്കാന്‍ നമ്മെ പ്രേരിപ്പിക്കട്ടെ.
7) ജലത്തിന്റെ അമിത ചൂഷണവും പാഴാക്കലും നിയന്ത്രിക്കുക, വിവേകപൂര്‍വം ജലം ഉപയോഗിക്കാന്‍ പരിശീലിക്കുക. ജലം അമൂല്യമാണെന്നും ശുദ്ധജലം ഇല്ലാത്തതിന്റെ പേരില്‍ ഓരോ ദിവസവും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ മരണമടയുന്നുണ്ടെന്നതും നാം മനസ്സിലാക്കി ജലത്തിന്റെ മൂല്യം തിരിച്ചറിയണം. ജലാശയങ്ങള്‍ മലിനപ്പെടുത്താതിരിക്കാനും നമ്മുടെ മുറ്റങ്ങള്‍ മഴവെള്ളം ആവോളം അരിച്ചിറങ്ങുന്നതായി മാറ്റാനും നമുക്ക് കഴിയണം.
8) വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. പരിസ്ഥിതി സൗഹൃദമായ സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്നതിലൂടെ ചെലവുകള്‍ കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും കഴിയും.
9) ഇന്നത്തെ കാലഘട്ടത്തില്‍ പഠന, ഓഫീസ് ആവശ്യങ്ങള്‍ക്കായി കടലാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ നമുക്ക് കഴിയും. കടലാസ് നിര്‍മ്മാണം മരങ്ങളുടെ നശീകരണത്തിനും കാര്‍ബണിന്റെ അതിപ്രസരത്തിനും കാരണമാകുന്നുവെന്ന് മനസ്സിലാക്കണം.
10) ദേവാലയത്തിലേക്കോ സമീപപ്രദേശങ്ങളിലേക്കോ ഉള്ള യാത്രകളില്‍ സ്വകാര്യ വാഹനങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി പകരം പൊതുവാഹനങ്ങളോ സൈക്കിളോ ഉപയോഗിക്കുക. ഒരു പൊതുപരിപാടിക്ക് 50 പേര്‍ ഓരോ കാറുകളിലെത്തുന്നതിനു പകരം ഒരു ബസില്‍ പോയാല്‍ ഉണ്ടാകുന്ന മലിനീകരണ കുറവ് മനസ്സിലാക്കി പ്രവര്‍ത്തിക്കുക.
കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി പരിസ്ഥിതി സംരക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന സഹൃദയയുടെ അനുഭവപരിചയത്തില്‍ നിന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണിത്. ഒരു ചെറിയ തുടക്കം. ഏറെ ദൂരമുണ്ട് നമുക്ക് മുന്നില്‍. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയുന്ന ഏതു പ്രവര്‍ത്തനവും നമുക്ക് ഏറ്റെടുക്കാം. കടന്നുപോകുന്ന വഴികളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ പതിയുന്ന കാര്‍ബണ്‍ ഫുട്പ്രിന്റുകള്‍ തിരിച്ചറിഞ്ഞ് പരിമിതപ്പെടുത്താനും കാര്‍ബണ്‍ ഫാസ്റ്റിംഗ് പോലുള്ള ഇടപെടലുകളിലൂടെ ഉജ്ജീവനത്തിന്റേതായ ഹാന്‍ഡ് പ്രിന്റ് (കയ്യൊപ്പുകള്‍) ചാര്‍ത്താന്‍ നമുക്ക് കഴിയണം. നമുക്ക് മാത്രമല്ല നമ്മുടെ അനന്തര തലമുറയ്ക്കും ഇവിടെ ജീവിക്കേണ്ടതുണ്ട്. വി. പൗലോസ് പറയുന്നതുപോലെ 'ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ട് വേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്' (റോമാ 13:11).