ഫാ. ജോര്‍ജ് നെടുങ്ങാട്ട് എസ്.ജെ. : പാണ്ഡിത്യവും ആത്മീയതയും സമന്വയിപ്പിച്ച കാനോന്‍ നിയമവിദഗ്ധന്‍

ഫാ. ജോര്‍ജ് നെടുങ്ങാട്ട് എസ്.ജെ. : പാണ്ഡിത്യവും ആത്മീയതയും സമന്വയിപ്പിച്ച കാനോന്‍ നിയമവിദഗ്ധന്‍

അല്‍ഫോന്‍സാമ്മ മുതല്‍ ദേവസഹായം പിള്ള ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ദൈവദാസരുമായ പുണ്യാത്മാക്കളുടെ നാമകരണപ്രക്രിയയില്‍ നിസ്തുല പങ്കുവഹിച്ച ജസ്വിറ്റ് വൈദികന്‍ ഫാ. ജോര്‍ജ് നെടുങ്ങാട്ട് എസ്.ജെ. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26-ാം തീയതി നിര്യാതനായി. കോഴിക്കോട്ട്് മലാപ്പറമ്പിലുള്ള ഈശോസഭാ ഭവനമായ ക്രൈസ്റ്റ് ഹാളിലായിരുന്നു നിര്യാണം. 4 ദശാബ്ദത്തോളം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രെഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം 2012-ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്റ്റ് ഹാളില്‍ വിശ്രമജീവിതത്തിലായിരുന്നു.

1932 ഡിസംബര്‍ 21-ന് മൂവാറ്റുപുഴയ്ക്കടുത്ത് പെരിങ്ങഴയില്‍ നെടുങ്ങാട്ട് ഐപ്പിന്റെയും മറിയത്തിന്റെയും മകനായാണ് ജനനം. ചെറുപ്പം മുതല്‍, മരിയന്‍ സൊഡാലിറ്റിയടക്കം ഇടവകയിലെ ഭക്തസംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. 1950-ല്‍ തന്റെ 18-ാം വയസ്സില്‍ അദ്ദേഹം ഈശോസഭയുടെ കോഴിക്കോട്ടെ നൊവിഷ്യേറ്റില്‍ ചേര്‍ന്നു. കൊടൈക്കനാലിലെ സേക്രട്ട് ഹാര്‍ട്ട് കോളേജിലെ തത്വശാസ്ത്രപഠനത്തിനും തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജ്, ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ എന്നിവിടങ്ങളിലെ റീജന്‍സി പരിശീലനത്തിനും ശേഷം അദ്ദേഹം കഴ്‌സിയോങ്ങിലെ സെന്റ് മേരീസ് കോളേജില്‍ വൈദികപഠനം പൂര്‍ത്തിയാക്കി, 1964 മാര്‍ച്ച് 19-ന് തിരുപ്പട്ടം സ്വീകരിച്ചു. 1968-ല്‍ റോമില്‍ വച്ച് ഈശോസഭാ ജനറലായിരുന്ന ഫാ. പെദ്രോ അരൂപ്പെയുടെ മുന്‍പാകെ നിത്യവ്രതവാഗ്ദാനം നടത്തി. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും (1969) ഡോക്ടറേറ്റും (1973) കരസ്ഥമാക്കി. തുടര്‍ന്ന് 2012 വരെ അവിടെ കാനോന്‍ നിയമ വിഭാഗത്തില്‍ പ്രെഫസറായും ഡീന്‍ ആയും (1981-1987) സേവനം ചെയ്തു.

റോമില്‍നിന്നും തിരിച്ചെത്തിയ ഫാ. ജോര്‍ജ് മൂന്നുവര്‍ഷം (2012-2015) ബാഗ്‌ളൂരിലെ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ കാനന്‍ ലോ പ്രെഫസറായിരുന്നു. പിന്നീട് കേരളത്തിലെത്തിയ അദ്ദേഹം 2022 മാര്‍ച്ച് മാസംവരെ ഈശോസഭയുടെ കാലടിയിലെ 'സമീക്ഷ' സെന്ററില്‍ തന്റെ വായനയും പഠനവും ഗവേഷണവും തുടര്‍ന്നു.

പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെയും വിശുദ്ധരുടെ നാമകരണ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന വത്തിക്കാന്‍ സംഘത്തിന്റെയും പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റിന്റെയും ഉപദേശകനെന്ന നിലയില്‍ ഫാ. ജോര്‍ജിന്റെ പേര് പരി. സിംഹാസനത്തിന്റെ വാര്‍ഷിക ഡയറക്ടറിയില്‍ (Annuario Pontificio) അനേകം തവണ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അന്തര്‍ദേശീയതലത്തില്‍ അറിയപ്പെട്ട കാനോന്‍ നിയമ പണ്ഡിതനായ അദ്ദേഹം പുതിയ പൗരസ്ത്യ കാനോന്‍ നിയമത്തിന്റെ പുനരവലോകനത്തിലും ഏകീകരണത്തിലും സവിശേഷമായ പങ്കുവഹിക്കുകയുണ്ടായി. കാനോന്‍ നിയമ വിദഗ്ധനായിരുന്നെങ്കിലും ബൈബിള്‍, ആത്മീയത, ചരിത്രം, സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം, ദൈവശാസ്ത്രം, പട്രോളജി, ഹെര്‍മണിയൂട്ടിക്‌സ് തുടങ്ങി വിഭിന്ന വിഷയങ്ങളില്‍ ഫാ. ജോര്‍ജ് ഈടുറ്റ ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ രചനകളിലും പ്രഭാഷണങ്ങളിലും വിഷയാന്തര സമീപനമാണ് (Interdiciplinary approach) സ്വീകരിച്ചത്.

പ്രതിഭാധനനായ ഭാഷാപണ്ഡിതന്‍ കൂടിയായിരുന്നു ഫാ. നെടുങ്ങാട്ട്. മലയാളം, ഇംഗ്ലീഷ്, ലാറ്റിന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ടായിരുന്നു. ഗവേഷണോദ്ദേശ്യത്തോടെ സംസ്‌കൃതം, ഹീ ബ്രു, ഗ്രീക്ക്, സുറിയാനി ഭാഷകളും പ്രയോജനപ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ പ്രാഥമിക ഉറവിടങ്ങളില്‍ നിന്നുതന്നെ വിവരശേഖരണം നടത്താന്‍ കഴിഞ്ഞു. ഭാഷാനിപുണത അദ്ദേഹത്തിന്റെ ജ്ഞാനലോകത്തെ കൂടുതല്‍ ആധികാരികവും വിസ്തൃതവുമാക്കി. അദ്ദേഹത്തോടൊപ്പം പങ്കെടുത്ത അന്തര്‍ദേശീയ സെമിനാറുകളില്‍ വ്യത്യസ്ത ഭാഷകളില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് അതത് ഭാഷയില്‍ മറുപടി നല്‍കിയത് ഞാനിന്നും അത്ഭുതത്തോടെ ഓര്‍ക്കുന്നു. ഫാ. ജോര്‍ജിന്റെ സൃഷ്ടികളും രചനകളും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയിക്കാവുന്ന വിശ്വസനീയ സ്രോതസ്സുകളാണ്. പ്രഗത്ഭനായ പ്രഫസര്‍ എന്നതോടൊപ്പം ജീവിതത്തിലുടനീളം അറിവ് നേടിയ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ഫാ. നെടുങ്ങാട്ട്. വൈദികപരിശീലത്തിന്റെ ആരംഭകാലം മുതല്‍ ബി ബി സി വാര്‍ത്ത ശ്രവിച്ചിരുന്നു. ശാസ്ത്രത്തിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും നിരന്തരം ഉണ്ടാകുന്ന മാറ്റങ്ങളെയും വികസനങ്ങളെയും അദ്ദേഹം സശ്രദ്ധം നിരീക്ഷിച്ചിരുന്നു.

നീതിബോധം എന്നും ഫാ. ജോര്‍ജിന്റെ രചനകളില്‍ നിഴലിച്ചുനിന്നു. സഭാ നിയമങ്ങളെ നീതിപൂര്‍വ്വമായും ദൗത്യോന്‍മുഖമായും വിശദീകരിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ചെറിയ കാര്യങ്ങളില്‍പോലും നിഷ്ഠയും കൃത്യതയും പുലര്‍ത്തി. അദ്ദേഹത്തോടൊപ്പം വിവിധ കമ്മീഷനുകളില്‍ ജോലി ചെയ്ത സഹപ്രവര്‍ത്തകര്‍ അച്ചന്റെ സത്യസന്ധതയെയും കഠിനാധ്വാനത്തെയും ഉത്തരവാദിത്വബോധത്തെയും വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണ ഭാവത്തെയും പലപ്പോഴും പ്രശംസിച്ച് സംസാരിക്കാറുണ്ട്. തന്നില്‍ ഭരമേല്‍പിക്കപ്പെട്ട ഏതൊരു ജോലിയും ദൈവനിയോഗമായി ഏറ്റെടുത്ത വ്യക്തിയാണ് ഫാ. നെടുങ്ങാട്ട്. ദശാബ്ദങ്ങള്‍ നീണ്ട അധ്യാപന-ഗവേഷണ കാലയളവില്‍ പതിമൂന്ന് ഗവേഷണ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അദ്ദേഹത്തിന്റെ കീഴില്‍ പ്രബന്ധം പൂര്‍ത്തിയാക്കിയത്. കഠിനാധ്വാനവും സമര്‍പ്പണവും സാധനയാക്കിയവര്‍ മാത്രമാണ് ഫാ. ജോര്‍ജിന്റെ മാര്‍ഗദര്‍ശനത്തില്‍ ഗവേഷണം നടത്തിയിട്ടുള്ളത്.

സക്രിയ വിമര്‍ശനം വളര്‍ച്ചയെ പരിപോഷിപ്പിക്കുമെന്ന് വിശ്വസിച്ച വ്യക്തിയാണ് ഫാ. ജോര്‍ജ്. സഭാ നിയമങ്ങളെപ്പോലും ശാസ്ത്രീയവും പണ്ഡിതോചിതവുമായി അദ്ദേഹം വിമര്‍ശിച്ചിരുന്നു. തോമാശ്ലീഹ ദക്ഷിണേന്ത്യയില്‍ വന്നതിനെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിന് ബനഡിക്ട് പതിനാറാമന്‍ മാര്‍ പാപ്പയെ ഫാ. നെടുങ്ങാട്ട് വിമര്‍ശിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ഫാ. ജോര്‍ജിന്റെ ഒരു ലേഖനത്തിലെ പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ മാര്‍പാപ്പ തന്റെ പ്രഭാഷണം തിരുത്തിയെന്നത് ചരിത്രം.

പാവങ്ങളോട് കരുണ കാട്ടിയ മനുഷ്യസ്‌നേഹി ആയിരുന്നു ഫാ. നെടുങ്ങാട്ട്. വഴിവക്കില്‍ കണ്ടുമുട്ടിയ നിരാലംബരെ തന്നാലാവുംവിധം അദ്ദേഹം സഹായിച്ചിരുന്നു. ഇറ്റലിയിലും ജര്‍മ്മനിയിലും ജോലിചെയ്ത് ലഭിച്ച തുകയുപയോഗിച്ച് നാട്ടിലെ മാതൃഇടവകയില്‍ ഭവനരഹിതരായ ഇരുപത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുകയുണ്ടായി. സ്വന്തം സുഖങ്ങളും സൗകര്യങ്ങളും മാറ്റിവച്ച് ക്രിസ്തുവിനെപ്രതി സഭയെയും സഭാതനയരെയും സേവിക്കാന്‍ കരുതല്‍ കാണിച്ച പ്രേഷിതനാണദ്ദേഹം.

റോമിലെ പൗരസ്ത്യ വിദ്യാപീഠത്തിലെ സഹപ്രവര്‍ത്തകരോടും ജസ്വിറ്റ് കമ്മ്യൂണിറ്റിയിലെ സഹവാസികളോടും എന്നും മാന്യതയോടെയാണ് ഫാ. നെടുങ്ങാട്ട് ഇടപെട്ടിട്ടുള്ളത്. ബോധ്യങ്ങളില്‍ ഉറച്ചുനിന്നതിനൊപ്പം തന്റേതില്‍ നിന്നും വ്യത്യസ്ത നിലപാടുകളുള്ളവരോട് ആദരവ് പുലര്‍ത്തുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തു. 1998 മുതല്‍ എനിക്ക് വ്യക്തിപരമായി അച്ചനെ അറിയാം. 2003 മുതല്‍ 2012 വരെ റോമില്‍ അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ സാധിച്ച എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ ഗവേഷണം നടത്താന്‍ സാധിച്ചത് വലിയൊരു ഭാഗ്യവും അനുഗ്രഹവുമായി ഞാന്‍ കരുതുന്നു. ഒന്‍പത് പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ഫാ. ജോര്‍ജ് നെടുങ്ങാട്ട് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ഈ ജസ്വിറ്റ് വൈദികന്റെ ബൗദ്ധിക-ദൈവശാസ്ത്ര സംഭാവനകള്‍ ആഗോള കത്തോലിക്കാ ചരിത്രത്തില്‍ അനശ്വരമായി നിലനില്‍ക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org