സിനഡില്‍ നിന്ന് സിനഡല്‍ സഭയിലേയ്ക്കുള്ള വിളി

സിനഡില്‍ നിന്ന് സിനഡല്‍ സഭയിലേയ്ക്കുള്ള വിളി

2023 ഒക്‌ടോബറില്‍ നടക്കുന്ന സാര്‍വ്വത്രിക സഭയുടെ മെത്രാന്‍ സിനഡിന്റെ പതിനാറാമത് സാധാരണ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രത്യേക ദൈവശാസ്ത്രകമ്മീഷനിലെ അംഗമായ ഡോ. തോമസ് കൊല്ലംപറമ്പില്‍ സി.എം.ഐ അച്ചനുമായി, ഫാ. ഡോ. വര്‍ഗ്ഗീസ് പൂതവേലിത്തറ സത്യദീപത്തിനുവേണ്ടി നടത്തിയ അഭിമുഖസംഭാഷണം…

വിശ്വാസതിരുസംഘത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര ദൈവശാ സ്ത്രകമ്മീഷനില്‍ അംഗമായി രണ്ടാമത് ഒരു ടേം കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ അച്ചനെ നിയമിച്ചിരിക്കുന്ന ഈ വേളയില്‍ സത്യദീപത്തിന്റെ പേരില്‍ അച്ചനു ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അതോടൊപ്പം തന്നെ, 2023 ഒക്‌ടോബറില്‍ നടക്കുന്ന സാര്‍വ്വത്രിക സഭയുടെ മെത്രാന്‍ സിനഡിന്റെ പതിനാറാമത് സാധാരണ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രത്യേക ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായും അച്ചന്‍ നിയമിതനായല്ലോ. ഈ ദൗത്യത്തില്‍ പ്രധാനമായി എന്തൊക്കെ ഉത്തരവാദിത്വങ്ങളാണ് നിര്‍വ്വഹിക്കാനുള്ളത്?

സാര്‍വ്വത്രിക കത്തോലിക്കാസഭയില്‍ നടക്കുവാന്‍ പോകുന്ന മെത്രാന്‍ സിനഡിന്റെ 16-ാമത് സാധാരണ സമ്മേളനത്തിനു ഏറെ പ്രത്യേകതകള്‍ ഉണ്ട്. മെത്രാന്മാരുടെ ഒരു സമ്മേളനം എന്നതിലുപരി സഭയുടെ എല്ലാത്തലങ്ങളിലുമുള്ള വിശ്വാസികളെ കൂടുതലായി പങ്കുചേര്‍ത്തു കൊണ്ട് രണ്ടു വര്‍ഷം നീണ്ടുനില്ക്കുന്ന ഒരു പ്രക്രിയയായിട്ടാണ് സിനഡല്‍ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഈ പ്രക്രിയയ്ക്കു ഉചിതമായ ഒരു രൂപ രേഖയായി മെത്രാന്‍ സിനഡിന്റെ നവീകൃതക്രമം ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ 2018 സെപ്തംബര്‍ 15-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്, 'മെത്രാന്മാരുടെ കൂട്ടായ്മ' (Episcopalis Communio) എന്നാണ് ഈ അപ്പസ്‌തോലികലേഖനത്തിന്റെ പേര്. ഈ നവീകൃതക്രമമനുസരിച്ചു പ്രാര്‍ത്ഥനാപൂര്‍വ്വക മായ സിനഡല്‍ സമ്മേളനങ്ങള്‍ രൂപതാ തലത്തില്‍ ആരംഭിച്ച് പ്രാദേശികം, ദേശീയം, വ്യത്യസ്ത ഭൂഖണ്ഡങ്ങള്‍ എന്നീ തലങ്ങളിലെല്ലാം നടത്തപ്പെടുകയും അവയുടെ പരിസമാപ്തിയായി സാര്‍വ്വത്രികസഭാ സിനഡ് 2023 ഒക്‌ടോബറില്‍ റോമില്‍ സമ്മേളിക്കുകയും ചെയ്യുന്നതാണ്. ആയതിനാല്‍ ഈ ഒക്‌ടോബര്‍ മാസം 9, 10 തീയതികളിലായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ പരിപാടികളോടെ സിനഡ് സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇപ്രകാരം 2021 ഒക്‌ടോബറില്‍ രൂപതാതലങ്ങളില്‍ ആരംഭിക്കുന്ന സിനഡല്‍പ്രക്രിയ 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തോടെയാണ് പൂര്‍ത്തിയാകുന്നത്. മാത്രമല്ല, പ്രസ്തുത സിനഡില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും സാര്‍വ്വത്രിക സഭയുടെ എല്ലാ തലങ്ങളിലും സന്ദര്‍ഭോചിതമായി നടപ്പാക്കുന്നതിനുള്ള പദ്ധതിയും ഈ സിനഡല്‍ പ്രക്രിയയുടെ ഭാഗമാണ്. ഇപ്രകാരം വളരെ ബൃഹത്തായും നവീന മായും നടത്തപ്പെടുന്ന സിനഡിന്റെ ഫലപ്രദമായ നടത്തിപ്പിനുവേണ്ടി രൂപീകരിച്ചിട്ടുള്ള വിദഗ്ദ്ധ സമിതികളില്‍ ഒന്നാണ് ദൈവശാസ്ത്രകമ്മീഷന്‍. ഈ കമ്മീഷനില്‍ അന്തര്‍ദേശീയതലത്തില്‍നിന്നുള്ള 25 ദൈവശാസ്ത്രജ്ഞരാണ് ഉള്ളത്. ഈ സമിതിയില്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയായ എനിക്കു പുറമേ, ഏഷ്യയില്‍നിന്നും റവ. ഡോ. വിമല്‍ തിരിമണ്ണ (ശ്രീലങ്ക), ശ്രീമതി ഡോ. എസ്‌തേല്ലാ പഡിയാ (ഫിലിപ്പൈന്‍സ്) എന്നിവരാണുള്ളത്. സിനഡിന്റെ നടത്തിപ്പിനായുള്ള മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കുക എന്നതാണ് ഈ സമിതിയുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. പ്രാരംഭ സമ്മേളനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗരേഖകള്‍ തയ്യാറായിക്കഴിഞ്ഞു. തുടര്‍ന്നുള്ള രണ്ടു മാര്‍ഗ്ഗ രേഖകള്‍ രൂപീകരിക്കുന്നത് പ്രാദേശിക, ദേശീയ, ഭൂഖണ്ഡതലങ്ങളില്‍ നടക്കുന്ന പ്രാരംഭ സമ്മേളനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും. കൂടാതെ, അവസാന മാര്‍ഗ്ഗ രേഖയായി സിനഡിന്റെ പഠന ഫലങ്ങളും തയ്യാറാക്കേണ്ടതുണ്ട്.

സഭയുടെ അടിസ്ഥാനഘടകം ദൈവജനമാണെന്നും ഹൈരാര്‍ക്കി ദൈവജനത്തെ രക്ഷയുടെ മാര്‍ഗ്ഗത്തിലൂടെ നയിക്കാനും പഠിപ്പിക്കാനുമായി സേവനത്തിന്റെ ചൈതന്യത്തില്‍ പ്രവര്‍ത്തിക്കണമെന്നും പഠിപ്പിക്കുന്നുണ്ട്. ഈ അടിസ്ഥാന തത്വങ്ങളനുസരിച്ചു സഭയില്‍ പ്രായോഗികമായ ജീവിതശൈലി രൂപപ്പെടുത്തുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്‍ സിനഡിന്റെ വിഷയമായി 'സിനഡാലിറ്റി' തിരഞ്ഞെടുത്തിരിക്കുന്നത്.

നടക്കുവാന്‍ പോകുന്ന സിനഡിന്റെ വിഷയം തന്നെ 'സിനഡാലിറ്റി'യാണല്ലോ. ഈ വിഷയത്തെക്കുറിച്ചു ഒരു സിനഡ് സമ്മേളനം നടത്താനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനത്തെ പ്രചോദിപ്പിച്ച കാരണങ്ങള്‍ എന്തൊക്കെയായിരിക്കും?

തിരുസഭയുടെ സ്വഭാവത്തെയും സത്തയെയും കുറിച്ചു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചപ്പോള്‍ സഭയുടെ ദൈവികരഹസ്യാത്മകതയും കൗദാശികസ്വഭാവവും കണ്ടെത്തി. അതുപോലെത്തന്നെ സഭയുടെ അടിസ്ഥാനഘടകം ദൈവജനമാണെന്നും ഹൈരാര്‍ക്കി ദൈവജനത്തെ രക്ഷയുടെ മാര്‍ഗ്ഗത്തിലൂടെ നയിക്കാനും പഠിപ്പിക്കാനുമായി സേവനത്തിന്റെ ചൈതന്യത്തില്‍ പ്രവര്‍ത്തിക്കണമെന്നും പഠിപ്പിക്കുന്നുണ്ട്. ഈ അടിസ്ഥാന തത്വങ്ങളനുസരിച്ചു സഭയില്‍ പ്രായോഗികമായ ജീവിതശൈലി രൂപപ്പെടുത്തുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്‍ സിനഡിന്റെ വിഷയമായി 'സിനഡാലിറ്റി' തിരഞ്ഞെടുത്തിരിക്കുന്നത്. മാമ്മോദീസായിലൂടെ ഓരോ വിശ്വാസിയും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ പ്രവാചകവരം സ്വീകരിച്ചിട്ടുണ്ട്. ഈ പ്രവാചകവരത്തിന്റെ പ്രചോദനത്താല്‍ ക്രൈസ്തവര്‍ സംഘാതമായും വ്യക്തിപരമായും സുവിശേഷാധിഷ്ഠിതവും, പ്രേഷിതപരവും, ദൈവരാജ്യോന്മുഖവുമായ ജീവിതത്തിലൂടെ ക്രിസ്തുവിനു സാക്ഷ്യം നല്‍കേണ്ടതുണ്ട്. അതിനായി, ഒരു തീര്‍ത്ഥാടകസമൂഹമായി സഭയുടെ എല്ലാ തലത്തിലും, അജപാലകരും, സന്യസ്തരും, അല്മായരും, ഒരുമിച്ചു യാത്ര ചെയ്യുകയും, പ്ര വര്‍ത്തിക്കുകയും, സാക്ഷ്യം നല്‍കുകയും വേണം. അതാണ് സിനഡല്‍ ജീവിതരീതി. ഓരോ ക്രൈസ്തവനും സഭാജീവിതത്തിലെ സജീവവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പങ്കാളിത്തത്തിലൂടെയാണ് തന്റെ വിശ്വാസജീവിതപൂര്‍ണ്ണത കൈവരിക്കേണ്ടത്. ഇക്കാര്യങ്ങളെല്ലാം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തത്വത്തില്‍ പഠിപ്പിച്ചുവെങ്കിലും അതിനു തുല്യമായ പ്രായോഗികമാര്‍ഗ്ഗങ്ങളും ശൈലികളും സംവിധാനങ്ങളും സഭാസമൂഹങ്ങളില്‍ ഇനിയും വളര്‍ന്നു വരുവാനുണ്ട്. വിശ്വാസതീക്ഷ്ണതയാര്‍ന്ന, സുവിശേഷമൂല്യങ്ങള്‍ നിറഞ്ഞ, പ്രേഷിതചൈതന്യം ജ്വലിക്കുന്ന ക്രൈസ്തവജീവിത ശൈലി എല്ലാ തലങ്ങളിലും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിനായി സഭയുടെ സിനഡല്‍ജീവിത ശൈലിയെപ്പറ്റി ആഴമായി പഠിക്കുവാനും, പ്രാര്‍ത്ഥനാപൂര്‍വ്വം വിവേചനശൈലിയോടെ കാര്യങ്ങള്‍ തീരുമാനിച്ചു നടപ്പിലാക്കുവാനു മായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള മാര്‍ പാപ്പമാരില്‍ കൗണ്‍സിലില്‍ പങ്കെടുക്കാത്ത ആദ്യ മാര്‍ പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. എങ്കിലും അദ്ദേഹത്തിന്റെ പ്രബോധനങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വിഷയമാണല്ലോ സിനഡാലിറ്റി. ഈ കാര്യത്തില്‍ കൗണ്‍സിലിന്റെ പ്രചോദനം മാര്‍പാപ്പയില്‍ എന്തുമാത്രം ഉണ്ട്?

ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായിത്തീര്‍ന്ന് ലോകമെങ്ങും മനുഷ്യസേവനം ചെയ്യാനാണ് തിരുസ്സഭ. അതിനായി കാലത്തിന്റെ അടയാളങ്ങള്‍ വായിച്ചറിഞ്ഞ് ദൈവജനസേവനം ചെയ്യണമെന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നത്. ഈ ആഹ്വാനം സഭാനേതൃത്വവും ദൈവജനവും ഒന്നുചേര്‍ന്നു തീര്‍ത്ഥയാത്രികരുടെ കൂട്ടായ്മയോടെ നിര്‍വ്വഹിക്കേണ്ടതാണ്. വത്തിക്കാന്‍ കൗണ്‍സിലില്‍ സംബന്ധിച്ചില്ലെങ്കിലും, ഈ ആഹ്വാനത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ പരമ പ്രാധാന്യം എന്നും കൊടുക്കുന്നുണ്ട്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ വളരെ ലളിത വസ്ത്രധാരിയായി വി. പത്രോസിന്റെ ബസിലിക്കയില്‍ ദൈവജനത്തെ അഭിസംബോധന ചെയ്തു. ദൈവജനത്തെ ആശീര്‍വദിക്കുന്നതിനുമുമ്പ് നമ്രശിരസ്‌ക്കനായി തനിക്കുവേണ്ടി ദൈവജനത്തിന്റെ പ്രാര്‍ത്ഥന അദ്ദേഹം യാചിച്ചു. ദൈവജനത്തോടുള്ള തന്റെ കൂട്ടായ്മയേയും സേവനമനോഭാവത്തെയും പ്രസംഗത്തേക്കാള്‍ പ്രവൃത്തിക്കൊണ്ടു വെളിപ്പെടുത്തിയ സന്ദര്‍ഭമായിരുന്നു അത്. കൂടാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തന്നെ ഫലമായി നടപ്പില്‍വന്ന മെത്രാന്‍ സിനഡിന്റെ ആവശ്യകതയെ മുറുകെപ്പിടിക്കുകയും സിനഡല്‍ പ്രക്രിയയ്ക്കു കൂടുതല്‍ ഫലപ്രദമായ രൂപരേഖ 2018-ല്‍ നല്‍കുകയും ചെയ്തു. സിനഡല്‍ ആലോചനകളില്‍നിന്നു കൂടുതല്‍ ഫലം നേടാനായി 2014-ലും, 2015-ലും സിനഡുകള്‍ നടത്തിയാണ് ക്രൈസ്തവകുടുംബത്തെക്കുറിച്ചുള്ള പഠനവും ആലോചനകളും പൂര്‍ത്തിയാക്കിയത്.

എല്ലാറ്റിനുമുപരിയായി, ഫ്രാന്‍സിസ് പാപ്പ സഭാസേവന ശുശ്രൂഷയില്‍ അധികാരവികേന്ദ്രീകരണം കൂടുതലായി കൊണ്ടുവന്നു. എളിയ ജീവിതത്തിന്റെ പകര്‍പ്പായി പാപ്പ വത്തിക്കാനിലെ അപ്പസ്‌തോലികകൊട്ടാരം വെടിഞ്ഞ് കര്‍ദ്ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കുമുള്ള താമസസ്ഥലമായ വി. മര്‍ത്തായുടെ ഭവനത്തില്‍ വസിക്കുന്നു. വത്തിക്കാന്‍ കൂരിയായെ ശുശ്രൂഷയുടെയും, കൂട്ടായ്മയുടെയും, തുറവിയുടെയും ഭരണകേന്ദ്രമാക്കാനായി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന നവീകരണങ്ങള്‍ പലതാണ്. വത്തിക്കാന്‍ കൂരിയായുടെ മൊത്തം ഭരണക്രമം നവീകരിക്കാനായി സിനഡല്‍ ചൈതന്യത്തില്‍ മാര്‍പാപ്പയുടെ അടുത്ത കൂടിയാലോചകരായി ഒമ്പത് കര്‍ദ്ദിനാള്‍മാരുടെ സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആഹ്വാനങ്ങളെ സഭാജീവിതത്തില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള പരിശ്രമങ്ങളാണ്. ഇതിനെല്ലാം മകുടമായിട്ടാണ് വരുന്ന മെത്രാന്‍ സിനഡ് രണ്ടു വര്‍ഷം നീണ്ടുനില്ക്കുന്ന സമ്മേളന നടത്തിപ്പുക്രമത്തിലൂടെ എല്ലാ തലങ്ങളിലുമുള്ള വിശ്വാസികളുമായി സംവദിക്കാനും, സഭാജീവിതത്തില്‍ അവരെ സജീവപങ്കാളികളാക്കാനുമുള്ള പദ്ധതിയായി വിഭാവനം ചെയ്യുകയും നടപ്പില്‍വരുത്തുകയും ചെയ്യുന്നത്. അതുതന്നെ തിരുസ്സഭ ദൈവജനത്തിന്റെ കൂട്ടായ്മയും, തീര്‍ത്ഥാടകയുമാണെന്ന കൗണ്‍സില്‍ പ്രബോധനത്തെ പ്രാവര്‍ത്തികമാക്കലാണ്.

'ഒരുമിച്ചു നടക്കല്‍' എന്ന മൂലാര്‍ത്ഥത്തില്‍ സിനഡല്‍ ശൈലിയിലേയ്ക്കുള്ള തിരിച്ചുപോകലിന്റെ ദൈവശാസ്ത്രമാനങ്ങള്‍ എന്തൊക്കെയാണ്? രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രത്യേകമായി പ്രാധാന്യം നല്കിയ 'ദൈവ ജനത്തിന്റെ കൂട്ടായ വിശ്വാ സബോധം' (Sensus Fidei) എന്ന തത്ത്വത്തെ സഭാജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമമായി ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹത്തെ ഈ സിനഡ് എന്തു മാത്രം പ്രതിഫലിപ്പിക്കുന്നുണ്ട്?

ക്രിസ്തുനാഥനില്‍ ഒന്നിക്കപ്പെട്ട് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ഒരു സമൂഹമായി പിതാവിന്റെ രാജ്യത്തിലേയ്ക്കു യാത്ര ചെയ്യുന്ന വിശ്വാസികളുടെ സമൂഹമാണ് തിരുസ്സഭ. ഈ ഒരുമിച്ചുള്ള യാത്രയില്‍ മനുഷ്യകുലത്തെ മുഴുവന്‍ ചേര്‍ത്തു ലക്ഷ്യത്തിലേയ്ക്കു നടത്തുന്ന ഒരു തീര്‍ത്ഥയാത്രയിലാണ് സഭ മുഴുകിയിരിക്കുന്നത്. ഈ തീര്‍ത്ഥയാത്രയുടെ ലക്ഷ്യപ്രാപ്തിക്കായി മാമ്മോദീസ വഴി വിശ്വാസമാകുന്ന ദാനവും ആത്മാവിന്റെ അഭിഷേകവും ഓരോ വിശ്വാസിക്കും നല്കപ്പെട്ടിട്ടുണ്ട്. ഇതുവഴി ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തില്‍ പങ്കുപറ്റുന്നുമുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ വിശ്വാസികളുടെ സമൂഹം ഒന്നായി ചിന്തിക്കുകയും യാത്ര ചെയ്യുകയും ചെയ്യുമ്പോള്‍ അവര്‍ക്കു തെറ്റുപറ്റാന്‍ അവരിലെ ക്രിസ്തുവിന്റെ പ്രവാചകവരം അനുവദിക്കുകയില്ല. ദൈവജനത്തിന്റെ ഇത്തരം കൂട്ടായ വിശ്വാസബോധത്തില്‍ (sensus fidei) നിന്നും ചിന്തകളും തീരുമാനങ്ങളും ഉടലെടുക്കുന്നത് സിനഡല്‍ സമ്മേളനങ്ങളിലാണ്. ആദ്യ ജറുസലേം സൂനഹദോസ് മുതല്‍ ഈ രീതി സഭയില്‍ എന്നും നിലനില്ക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ സജീവമായിരുന്ന ഈ സഭാശൈലിയിലേയ്ക്കുള്ള തിരിച്ചുപോകലിനേക്കാളുപരി, അടുത്ത സിനഡ് വഴി ദൈവജനത്തിന്റെ കൂട്ടായ ചിന്തകളും തീരുമാനങ്ങളും പ്രായോഗികതലത്തില്‍ നടപ്പിലാക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്യുന്നത്. അതിനായി അടുത്ത സിനഡിനു മൂന്നു ഘട്ടങ്ങളാണ് ഉള്ളത്: ഒരുക്കുക, കൊണ്ടാടുക, തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുക. ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഒരുക്കഘട്ടത്തില്‍ തന്നെ വിശ്വാസികളുമായി പ്രാര്‍ത്ഥനാരൂപിയിലുള്ള ആലോചനകള്‍ രൂപതാതലം, പ്രാദേശിക സഭാതലം, ദേശീയതലം, ഭൂഖണ്ഡതലം എന്നീ ഘടകങ്ങളില്‍ നടക്കേണ്ടതാണ്. ഇവയ്ക്കുശേഷമാണ് റോമിലെ മെത്രാന്‍ സിനഡ് സമ്മേളിക്കുക. തുടര്‍ന്ന്, സിനഡ് തീരുമാനങ്ങള്‍ നടപ്പില്‍വരുത്തുന്ന ഘട്ടം വീണ്ടും പ്രാദേശികമായി നടത്തേണ്ടിയിരിക്കുന്നു. അങ്ങനെ, സിനഡിന്റെ എല്ലാ തലങ്ങളിലും, ഘട്ടങ്ങളിലും, ദൈവജനത്തിന്റെ സംഘാതചിന്തകളും, നിര്‍ദ്ദേശങ്ങളും സാംശീകരിക്കുവാനും പങ്കാളിത്തപരമായ സഭാ ശൈലി സജീവമാക്കുവാനുമുള്ള സാധ്യതകള്‍ തുറക്കപ്പെടുകയാണ്. അതുവഴി താത്വികമായും പ്രായോഗികമായും സഭാജീവിതത്തില്‍ നവീകരണവും, കാലത്തിനൊത്ത അനുരുപീകരണവും സാധ്യമാക്കാനാണ് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്യുന്നത്.

2018 മാര്‍ച്ച് 2-ന് അന്തര്‍ ദേശീയ ദൈവശാസ്ത്ര കമ്മീഷന്‍ പ്രസിദ്ധം ചെയ്ത 'സിനഡാലിറ്റി: സഭയുടെ ജീവിതത്തിലും ദൗത്യത്തിലും' എന്ന രേഖ മുന്നോട്ടുവച്ച ആശയങ്ങളും നിര്‍ദ്ദേശങ്ങളും അടുത്ത സിനഡിന്റെ ചര്‍ച്ചകളിലും നടത്തിപ്പിലും എന്തുമാത്രം സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്?

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അംഗീകരിച്ച പല കാര്യങ്ങളും സഭയുടെ ആശയതലത്തിലും ആഗ്രഹതലത്തിലും വലിയ ഉത്തേജനം നല്കി. എന്നാല്‍ പ്രായോഗികതലത്തില്‍ ഇനിയും ഏറെക്കാര്യങ്ങള്‍ നേടാനുണ്ട്. ഉദാഹരണമായിപ്പറഞ്ഞാല്‍, സഭയിലെയും, സഭകളുടെയും കൂട്ടായ്മ, സഭയില്‍ ദൈവജനത്തിന്റെ കൂട്ടായ സാക്ഷ്യത്തിന്റെ പ്രാധാന്യം, സഭാഗാത്രത്തെ പടുത്തുയര്‍ത്തുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍, സഭയ്ക്കു ആധുനിക ലോകത്തോടുള്ള കടമകളും, സേവനങ്ങളും, എന്നീ മേഖലകളിലെല്ലാം വിജയപ്രദമായ പ്രവര്‍ത്തന രീതികള്‍ അധികം രൂപപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് വത്തിക്കാന്‍ കൂരിയായുടെ നവീകരണം, വിവിധ സിനഡുകളുടെ നടത്തിപ്പ്, മെത്രാന്‍ സമ്മേളനങ്ങളുടെ ഊര്‍ജ്ജിതമായ പ്രവര്‍ത്തനം, എന്നിവയെല്ലാം നടപ്പില്‍ വരുന്നത്. നവീകരണങ്ങള്‍വഴി ദൈവജനത്തിന്റെ കൂട്ടായ്മയും സാക്ഷ്യജീവിതവുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സഭയുടെ ജീവിതശൈലിയെന്ന് ഫ്രാന്‍സിസ് പാപ്പ എടുത്തുപറയുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ ഓരോ സമയങ്ങളിലും സഭ നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും സഭ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അഭിമുഖീകരിക്കണമെന്നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട് (Novo Millennio Ineunte 44). ഈ സാഹചര്യങ്ങളെല്ലാം ഫ്രാന്‍സിസ് പാപ്പയുടെ ആഴമായ ശ്രദ്ധയിലുണ്ട്.

ഒരു തീര്‍ത്ഥാടകസമൂഹമായി സഭയുടെ എല്ലാ തലത്തിലും, അജപാലകരും, സന്യസ്തരും, അല്മായരും, ഒരുമിച്ചു യാത്ര ചെയ്യുകയും, പ്രവര്‍ത്തിക്കുകയും, സാക്ഷ്യം നല്‍കുകയും വേണം.

ഈ പശ്ചാത്തലത്തിലാണ് അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷന്റെ 'സിനഡാലിറ്റി' എന്ന പഠനരേഖയുടെ പ്രാധാന്യം. സിനഡല്‍ ചൈതന്യത്തിന്റെ പങ്കാളിത്തശൈലി സഭാജീവിതത്തില്‍ കൂടുതലായി പ്രാവര്‍ത്തികമാക്കാനുതകുന്ന ദൈവശാസ്ത്രചിന്തകളും നിര്‍ദ്ദേശങ്ങളുമാണ് ഈ പഠനരേഖ നാല് അദ്ധ്യായങ്ങളിലായി നല്‍കുന്നത്. ആദ്യത്തെ രണ്ടു അദ്ധ്യായങ്ങളില്‍ സിനഡാലിറ്റിയുടെ അര്‍ത്ഥവും വ്യാപ്തിയും ദൈവശാസ്ത്രപരമായ അടിസ്ഥാനവും വേദപുസ്തകത്തില്‍ നിന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകളില്‍ നിന്നും വ്യക്തമാക്കുന്നു. സഭയുടെ ഘടനാപരമായ ജീവിതത്തിന്റെ അടിസ്ഥാനഭാവമാണ് സിനഡാലിറ്റി എന്ന് ഈ പഠനരേഖ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മൂന്നും നാലും അദ്ധ്യായങ്ങളിലായി സഭാജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ സിനഡല്‍ശൈലി നടപ്പാക്കാനുള്ള പ്രായോഗിക, അപ്പസ്‌തോലിക സേവനങ്ങളെയും, അതിനാവശ്യമായ രീതി മാറ്റങ്ങളെയും എടുത്തു പറയുന്നു. മൂന്നാം അദ്ധ്യായത്തില്‍ സഭയുടെ ഇടവകതലം മുതല്‍ സാര്‍വ്വത്രിക സൂനഹദോസുകള്‍ വരെയുള്ള സംവിധാനങ്ങള്‍ എങ്ങനെ കൂടുതല്‍ സിനഡല്‍ശൈലി ഉള്ളതാകാമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. എല്ലാ തലങ്ങളിലും പ്രാര്‍ത്ഥനാ നിര്‍ഭരമായ സാഹചര്യത്തില്‍ വി വേകത്തോടും വിവേചനാശക്തിയോടും കൂടി പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളെ തിരിച്ചറിയുവാനുള്ള ഹൃദയനവീകരണം ഉണ്ടാകണമെന്ന് ഊന്നിപ്പറയുന്നു. നാലാം അദ്ധ്യായം ഒരു സിനഡല്‍ സഭയായിത്തീരുന്നതിനുവേണ്ട ആന്തരികനവീകരണത്തിന്റെയും ഐക്യത്തിലേയ്ക്കു നയിക്കുന്ന മാനസാന്തരത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഈ കാരണങ്ങളാല്‍ ഈ പഠനരേഖ നടക്കാന്‍ പോകുന്ന സിനഡല്‍ പ്രക്രിയകളെ നയിക്കാന്‍ ഏറെ ഉപകാരപ്രദമാണ്. മാത്രമല്ല, ഈ പഠനരേഖ ഒരു പ്രധാനമാര്‍ഗ്ഗ ദര്‍ശനമായി വത്തിക്കാന്റെ സിനഡല്‍ കാര്യാലയം എടുത്തു കാണിക്കുന്നുമുണ്ട്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായി 1965 സെപത്ംബര്‍ 15-ന് വി. പോള്‍ ആറാമന്‍ മാര്‍പാപ്പ സ്ഥാപിച്ച മെത്രാന്‍ സിനഡിന്റെ സമ്മേളനങ്ങളുടെ നടത്തിപ്പുക്രമത്തിലും പ്രവര്‍ത്തനരീതിയിലും കാതലായ മാറ്റങ്ങള്‍ വരുത്തി 2018 സെപ്തംബര്‍ 15-ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച 'മെത്രാന്‍കൂട്ടായ്മ' (Episcopalis Communio) എന്ന അപ്പസ്‌തോലിക രേഖയുടെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളിലെ സിനഡ് സമ്മേളങ്ങളില്‍നിന്നു വ്യത്യസ്തമായി എന്തൊക്കെ സവിശേഷതകളാണ് ഈ സിനഡില്‍ പ്രതീക്ഷിക്കുന്നതും നടപ്പില്‍ വരുത്തുന്നതും?

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 1965-ലെ അവസാന സമ്മേളനത്തില്‍ വി. പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്‍ സിനഡിനെ അംഗീകരിച്ച് സ്ഥാപിച്ചതുതന്നെ കൗണ്‍സില്‍ പിതാക്കന്മാരുടെ കൂട്ടായ ആഗ്രഹപ്രകാരമാണ്. 1967-ലാണ് മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനം നടന്നത്. തുടര്‍ന്ന് ഇതിനോടകം 15 സാധാരണ സിനഡുകളും, 3 അസാധാരണ സിനഡുകളും, 11 പ്രത്യേകസിനഡുകളും നടന്നുകഴിഞ്ഞു. ഈ സിനഡുകളെല്ലാം ആഗോളസഭയുടെ സ്വയാവബോധവും ലോകത്തോടുള്ള ദൗത്യബോധവും കൂടുതലായി വളര്‍ത്തിയെടുത്തു. ഈ അവബോധവളര്‍ച്ചയുടെ അനുഭവം, കൗണ്‍സിലാനന്തര സഭയെ നയിച്ച വി. പോള്‍ ആറാമന്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍ തുടങ്ങിയ മാര്‍പാപ്പമാര്‍ക്കെല്ലാം ആഴമായി ഉണ്ടായിരുന്നു. അതിനാല്‍, സിനഡല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി പരിഷ്‌ക്കരിക്കണമെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഈ ആഗ്രഹവും അതിനുള്ള പരിശ്രമങ്ങളും ഫ്രാന്‍സിസ് പാപ്പയിലൂടെ സഫലമാക്കപ്പെടുകയാണ്. 1965-ല്‍ മെത്രാന്‍ സിനഡ് സ്ഥാപിച്ചുകൊണ്ട് വി. പോള്‍ ആറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച പ്രമാണ രേഖ (Apostolica Sollicitudo) പിന്നീട് നിലവില്‍വന്ന കാനന്‍ നിയമസംഹിതകളുടെ അടിസ്ഥാനത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, 2006-ല്‍ പരിഷ്‌ക്കരിക്കുകയുണ്ടായി. ഈ ഭേദഗതികളുടെയും, അതോടൊപ്പം സിനഡല്‍ സമ്മേളനങ്ങളിലൂടെ ഉരുത്തിരിഞ്ഞ പ്രായോഗിക നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫ്രാന്‍സിസ് പാപ്പ 2018-ല്‍ പുതിയ പ്രമാണരേഖയായി Episcopalis Communio പ്രസിദ്ധീകരിച്ചത്.

ഈ പുതുക്കിയ അപ്പസ്‌തോലികരേഖ വഴി മെത്രാന്‍ സിനഡിന്റെ സമ്മേളനം സഭയുടെ ഒരു സ്ഥിരം സംവിധാനമായി സ്ഥാപിച്ചിട്ടുണ്ട്. മെത്രാന്‍ സിനഡിനായുള്ള കാര്യാലയം വത്തിക്കാന്‍ കൂരിയായിലെ മറ്റൊരു കാര്യാലയത്തിനും കീഴിലായല്ല, മറിച്ച്, മാര്‍പാപ്പയുടെ നേരിട്ടുള്ള കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. തന്മൂലം വിവിധ വത്തിക്കാന്‍ കാര്യാലയങ്ങളെത്തന്നെയും നിഷ്പക്ഷമായി വിലയിരുത്താനും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാനും മെത്രാന്‍ സിനഡിനു സാധ്യമാകും.

പുതിയ അപ്പസ്‌തോലികരേഖയനുസരിച്ചു ഒരവലോകന സമ്മേളനമെന്നതിലുപരി നവീകരണത്തിന് ഉതകുന്ന തീരുമാനങ്ങള്‍ ആഗോളസഭയില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്വംകൂടി സിനഡല്‍ സമ്മേളനങ്ങള്‍ക്കുണ്ട്. അതിനാല്‍ മൂന്നു ഘട്ടങ്ങളാണ് ഓരോ സിനഡ് സമ്മേളനത്തിനും ഉണ്ടാകേണ്ടത്: ഒരുക്കം, നടത്തിപ്പ്, തീരുമാനങ്ങള്‍ നടപ്പിലാക്കല്‍. ഒരു സമ്മേളനമെന്നതിലുപരിയായി ഒരു ജീവിതശൈലിയായി ഒരുമിച്ചു ചിന്തിക്കുകയും തീരുമാനിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തുകൊണ്ട് ഒരുമിച്ച് തീര്‍ത്ഥാടനം ചെയ്യുന്ന വിശ്വാസികളുടെ സമൂഹമായി സഭയെ നവീകരിക്കുകയാണ് ലക്ഷ്യം. അങ്ങനെ സിനഡല്‍ ശൈലി സഭയുടെ ജീ വിതഘടനയായിത്തന്നെ മാറ്റുകയെന്നതാണ് ഈ അപ്പസ്‌തോലികരേഖ വിഭാവനം ചെയ്യുന്നത്.

സഭാഗാത്രത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരെ കേള്‍ക്കുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്ത്, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലുള്ള ഒരുമയും ഐക്യവും ചിന്തയിലും, വാക്കിലും, പ്രവര്‍ത്തനങ്ങളിലും കൊണ്ടുവരാനാണ് പുതിയ അപ്പസ്‌തോലികരേഖ ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ സിനഡിന്റെ വിഷയം സംബന്ധിച്ചുള്ള പ്രാരംഭ മാര്‍ഗ്ഗരേഖ സഭയുടെ രൂപതകള്‍, വ്യക്തിഗത സഭകളിലെ മെത്രാന്‍ സംഘങ്ങള്‍, പ്രാദേശിക മെത്രാന്‍ സമിതികള്‍, വത്തിക്കാന്‍ കൂരിയായിലെ വിവിധ തിരുസംഘങ്ങള്‍, മറ്റു കാര്യാലയങ്ങള്‍, സന്യാസസമര്‍പ്പിത സമൂഹങ്ങളുടെ അന്തര്‍ദേശീയ സമിതികള്‍, അവയുടെ ഉന്നതാധികാര സമിതികള്‍, അന്തര്‍ദ്ദേശീയ അല്മായ സമിതികള്‍, കത്തോലിക്കാ സര്‍വ്വകലാശാലകള്‍, ദൈവശാസ്ത്ര പഠനകേന്ദ്രങ്ങള്‍, അല്മായ പ്രേഷിത പ്രസ്ഥാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നല്കപ്പെടും. ഇവ ഓരോന്നും തങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സിനഡല്‍ സമ്മേളനത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിനു അയച്ചുകൊടുക്കേണ്ടതാണ്. പ്രസ്തുത അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ കാര്യാലയം സിനഡ് സമ്മേളനത്തിനു മുന്നോടിയായിട്ടുള്ള ആദ്യത്തെ പ്രവര്‍ത്തനരേഖ (working paper) തയ്യാറാക്കി വ്യത്യസ്ത ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള സമിതികളുടെ പഠനത്തിനും ആലോചനയ്ക്കുമായി നല്കുന്നു. ഈ പ്രവര്‍ത്തനരേഖയുടെ അടിസ്ഥാനത്തില്‍ ഭൂഖണ്ഡതലങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍നിന്നും ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ചു കൊണ്ടു വത്തിക്കാന്‍ കാര്യാലയം തയ്യാറാക്കുന്ന രണ്ടാമത്തെ പ്രവര്‍ത്തനരേഖയാണ് 2023-ലെ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന്റെ വിചിന്തനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അടിസ്ഥാനമാവുക.

ഇത്രമാത്രം വിശാലമായും സാര്‍വ്വത്രികമായും ഉള്ള ഒരുക്കങ്ങളോടെ നടത്തുന്ന മെത്രാന്‍ സിനഡിന്റെ സമ്മേളനത്തില്‍ മെത്രാന്മാരെല്ലാവരും ദൈവജനത്തിന്റെ ആലോചനകളുടെയും വിവേചനബുദ്ധിയുടെയും കേന്ദ്രങ്ങളും വക്താക്കളുമായി മാറേണ്ടതുണ്ട്. ഈ വിധത്തിലുള്ള സിനഡല്‍ പ്രക്രിയ വഴി നവീകൃതവും, കാലോചിതവുമായ ക്രൈസ്തവജീവിത ശൈലികള്‍ രൂപപ്പെടുത്താനാണ് പുതിയ സിനഡല്‍ രീതി വിഭാവനം ചെയ്യുന്നത്.

എല്ലാ തലങ്ങളിലുമുള്ള ദൈവജനത്തിന്റെ സ്വരം കേള്‍ക്കപ്പെടുന്ന യഥാര്‍ത്ഥ സിനഡല്‍ ചൈതന്യം ഉള്ള സഭയാവുക എന്ന വെല്ലുവിളിയാണ് മൂന്നാം സഹസ്രാബ്ദത്തിലെ സഭയ്ക്കു മുമ്പിലുള്ളത്. അപ്രകാരമൊരു ശൈലിമാറ്റത്തിലേയ്ക്കുള്ള സുപ്രധാന ചുവടുവയ്പായി ഈ സിനഡിനെ കാണാന്‍ സാധിക്കുമോ?

മുന്‍ സൂചിപ്പിച്ചതുപോലെ, മാമ്മോദീസായിലെ ആത്മാഭിഷേകത്താല്‍ ഓരോ ക്രൈസ്തവനും ക്രിസ്തുനാഥന്റെ പ്രവാചകദൗത്യത്തില്‍ പങ്കുപറ്റുന്നുണ്ട്. അതിനാല്‍ ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ മൗതികശരീരത്തില്‍ ഒരുമയോടെ ജീവിച്ചു തന്റെ ദൈനംദിന അപ്പസ്‌തോലിക ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചു വിശ്വാസത്തിന്റെ സാക്ഷികളും പ്രഘോഷകരും ആകുവാനുണ്ട്. ഓരോ വിശ്വാസിയുടെയും ജീവിതസാക്ഷ്യവും പ്രഘോഷണവും ഫലവത്താകുവാന്‍ ആത്മാവിന്റെ പ്രചോദനങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ സത്യങ്ങള്‍ കണക്കിലെടുത്താണ് സഭയുടെ എല്ലാ തലങ്ങളിലുമുള്ള തീരുമാനങ്ങളും കൂടിയാലോചനകളിലൂടെ നടപ്പില്‍ വരുത്തുവാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തത്. ഇപ്രകാരമുള്ള കൂടിയാലോചനകളുടെയും, പങ്കാളിത്തശൈലികളുടെയും പ്രാധാന്യം തന്റെ ശുശ്രൂഷയുടെ ആരംഭം മുതല്‍തന്നെ ഫ്രാന്‍സിസ് പാപ്പ ഊന്നിപ്പറയുന്നു.

വൈവിധ്യമുള്ള ആശയങ്ങളും ചിന്താഗതികളും മനസ്സിലാക്കി അവ തമ്മിലുള്ള ന്യായമായ ആശയ ഐക്യം കണ്ടെത്താനുള്ള സന്മനസ്സ് ബന്ധപ്പെട്ട എല്ലാവരിലും ഉണ്ടാകണം. ഒന്നുചേര്‍ന്നു നടക്കാനും പ്രവര്‍ത്തിക്കാനും എല്ലാവരും പ്രത്യേക താല്പര്യ ങ്ങളും മുന്‍വിധിയും മുന്‍തീരുമാനങ്ങളും മാറ്റിവച്ച് തുറന്ന ചര്‍ച്ചയിലും ആശയ വിനിമയത്തിലും പങ്കുചേരണം. അപ്പോള്‍ മാത്രമേ ആത്മാവിനാല്‍ നയിക്കപ്പെടുവാനുള്ള ഹൃദയവിശാലത കൈവരുകയുള്ളൂ.

2015-ല്‍, മെത്രാന്‍ സിനഡിന്റെ 50-ാം വാര്‍ഷികത്തില്‍, സിനഡല്‍ ജീവിതശൈലിയാണ് മൂന്നാം സഹസ്രാബ്ദത്തിലെ സഭയുടെ സ്വഭാവമെന്നും അതാണ് ദൈവം സഭയില്‍നിന്നും ആവശ്യപ്പെടുന്നത് എന്നും പാപ്പ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു ശൈലിമാറ്റത്തിനു യുക്തമായ പ്രബോധനവും നടത്തിപ്പുക്രമവും 2018-ല്‍ തന്റെ അപ്പസ്‌തോലികരേഖ വഴി നല്‍കുകയും ചെയ്തു. മുഴുവന്‍ ദൈവജനത്തിന്റെയും സ്വരം കേള്‍ക്കുവാനും വിവേചനവിചിന്തനം നടത്താനുമുള്ള പദ്ധതിയാണ് വിവിധ തലങ്ങളിലും ഘട്ടങ്ങളിലുമായുള്ള സിനഡല്‍ നടത്തിപ്പുക്രമം വിഭാവനം ചെയ്യുന്നത്. മാത്രമല്ല, പ്രാര്‍ത്ഥനാന്തരീക്ഷത്തിലും ഹൃദയഐക്യത്തിലുമുള്ള ആലോചനകളും ചര്‍ച്ചകളും വഴിയായി വിവേചനാപൂര്‍ണ്ണമായ അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരണമെന്നും പാപ്പ നിഷ്‌ക്കര്‍ഷിക്കുന്നു. ഇപ്രകാരം രൂപപ്പെടുന്ന ചിന്തകളും നിര്‍ദ്ദേശങ്ങളും വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ വിവേചനാധികാരത്തിനും അന്തിമതീരുമാനത്തിനുമായി സമര്‍പ്പിക്കും. അവയുടെ അടിസ്ഥാനത്തില്‍ പാപ്പ കല്പിക്കുന്ന കാര്യങ്ങളും നടപടികളും പ്രാദേശികാടിസ്ഥാനത്തില്‍ യുക്തമായ രീതിയില്‍ സഭയിലാകമാനം നടപ്പില്‍വരുത്തുന്ന ഘട്ടവും സിനഡല്‍ പ്രക്രിയയുടെതന്നെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവയെല്ലാം സിനഡല്‍ സമ്മേളനങ്ങളുടെയും അതിലുപരിയായി സഭയുടെ തന്നെ ജീവിതപ്രവര്‍ത്തനശൈലികളുടെ കാതലായ മാറ്റത്തിനും നവീകരണത്തിനും ഉള്ള കാല്‍വയ്പ്പുകളാണ്. ഇതു വഴിയായി മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍ പുതിയ ശൈലികള്‍ രൂപപ്പെടുകയും, സഭയിലാകമാനം നവീനമായ ചൈതന്യവും ജീവനും കൈവരുകയും ചെയ്യുമെന്നു പ്രത്യാശിക്കുന്നു.

സിനഡല്‍ക്രമത്തിലെ സുപ്രധാന ഘടകങ്ങളാണ് തുറന്ന ചര്‍ച്ചകളും, ആത്മാവിനാല്‍ പ്രചോദിതമായ വിലയിരുത്തലുകളും, കൂട്ടായ തീരുമാനങ്ങളും. എന്നാല്‍ ഇന്നത്തെ സഭാസംവിധാനങ്ങളില്‍ ഇവയെല്ലാം നടപ്പിലാക്കപ്പെടുന്നുണ്ടോ? നമ്മുടെ ആലോചനവേദികളും സമിതികളും തീരുമാനങ്ങളും എത്രമാത്രം സിനഡല്‍ ചൈതന്യം ഉള്ളവയാണ്?

സഭ സിനഡലാകുക എന്നു പറഞ്ഞാല്‍ ആലോചനകളുടെയും തീരുമാനങ്ങളുടെയും തലങ്ങള്‍ കടന്നു തീരുമാനിച്ച കാര്യങ്ങള്‍ എങ്ങനെ പ്രവൃത്തിയില്‍ വരുത്തുന്നു എന്നതിനെ ആശ്രയിച്ചാണ്. പരിശുദ്ധാത്മാവിന്റെ പ്ര ചോദനത്താല്‍ ഒരുമിച്ചു ചേര്‍ക്കപ്പെട്ട ദൈവജനം കൂട്ടായ്മയുടെ ജീവിതത്തിലൂടെ അവരുടെ വിളിക്കനുസരിച്ചു അവര്‍ക്കു കിട്ടിയിരിക്കുന്ന വരങ്ങളും ദാനങ്ങളും പ്രാവര്‍ത്തികമാക്കി സഭാജീവിതം മൂല്യമുള്ളതാക്കണം. ഇതിനായുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് സിനഡല്‍ ക്രമങ്ങളും ചര്‍ച്ചകളും വിലയിരുത്തലുകളും തീരുമാനങ്ങളുമെല്ലാം. തീരുമാനങ്ങള്‍ കൂട്ടായ്മയുടെ ജീവിതത്തിന്റെ രീതിയും പ്രവര്‍ത്തനശൈലിയുമായി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ള ജീവിതശൈലിയുടെ സ്രോതസ്സും മകുടവുമാണ് ബലിയര്‍പ്പണത്തിലെ ദിവ്യകാരുണ്യകൂട്ടായ്മ. ദിവ്യകാരുണ്യകൂട്ടായ്മയുടെ ഉന്നതശൈലി കൈവരിക്കണമെങ്കില്‍ ഹൃദയങ്ങളുടെ മാനസാന്തരവും ഐക്യവുമാണ് അടിസ്ഥാനമായി വേണ്ടത്. ആത്മാവിനാല്‍ പ്രചോദിതരായി മാനസാന്തരവും ഹൃദയഐക്യവും നേടി സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാപനങ്ങളും സേവനരംഗങ്ങളും മനുഷ്യരുടെ വിമോചനത്തിനുള്ള മാര്‍ഗ്ഗങ്ങളാകും. അപ്പോള്‍ സ്ഥാപനാത്മകതയേക്കാള്‍ സേവനാത്മകത ഉദയം ചെയ്യും. രക്ഷയുടെ മാര്‍ഗ്ഗമായി സ്ഥാപനങ്ങളും സമിതികളും സംവിധാനങ്ങളും സിനഡല്‍ ചൈതന്യമുള്ളവയാകും. ഇതിന്റെയെല്ലാം സൂചന ഇന്നുള്ള രീതികളും ആലോചനാവേദികളും സമിതികളും ശരിയായ മാനസാന്തരം കൊണ്ടു കൂടുതല്‍ ഫലം പുറപ്പെടുവിക്കുന്നവയായി മാറണം എന്നതാണ്.

സിനഡല്‍ സഭയായിത്തീരുകയെന്നതുകൊണ്ട് ലോകത്തിന്റെ ശൈലിയില്‍ ജനാധിപത്യപരമാവുക എന്നാണോ അര്‍ത്ഥമാക്കുന്നത്? സിനഡല്‍ ശൈലിയെ ജനാധിപത്യശൈലിയില്‍ നിന്നും വിത്യസ്തമാക്കുന്നത് എന്തൊക്കെയാണ്?

തിരുസ്സഭ എന്ന ദിവ്യരഹസ്യം വെറും മാനുഷികമായ ഒരു സംവിധാനമല്ല. മറിച്ച്, ദൈവികതയും മാനുഷികതയും ഉള്‍ച്ചേര്‍ന്ന് ഒരുടമ്പടിയും കൂദാശയുമായി ചരിത്രത്തിലൂടെ മുന്നോട്ടു നീങ്ങുന്ന രക്ഷയുടെ മാര്‍ഗ്ഗമാണ്. ചരിത്രത്തിലൂടെയുള്ള സഭയുടെ ഈ യാത്രയില്‍ ജനത്തിനല്ല, പരിശുദ്ധാത്മാവിനാണ് ആധിപത്യം. ഈ പരിശുദ്ധാത്മാവിന്റെ നിവേശനത്താല്‍ വിശ്വാസികളും അവരുടെ പ്രസ്ഥാനങ്ങളും ഏതു വഴിക്കാണ് പോകേണ്ടതെന്ന് വിവേചിച്ചറിയുവാനുള്ള ആഴമായ വിശ്വാസം എല്ലാവര്‍ക്കും ഉണ്ടാകണം. ആഴമായ വിശ്വാസം കൊണ്ടു മാത്രമേ ദൈവജനത്തിന്റെ കൂട്ടായ വിശ്വാസബോധം രൂപപ്പെടുകയും പ്രാവര്‍ത്തികമാകുകയും ചെയ്യുകയുള്ളൂ. ഇതുവഴി വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ട് കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്നതിനും കാലോചിതമായ വിവേകത്തോടെ ജീവിതശൈലികള്‍ രൂപപ്പെടുത്തുന്നതിനും സാധിക്കും. അങ്ങനെ ആള്‍ബലത്തേക്കാള്‍ അരൂപിയുടെ ആഹ്വാനത്താല്‍ ഉരുത്തിരിയുന്ന കൂട്ടായ്മയും പങ്കാളിത്തവും ആണ് സഭയില്‍ രൂപപ്പെടേണ്ടത്. ഇത് പാര്‍ലമെന്ററി രീതിയിലുള്ള ഭരണമല്ല, കൂട്ടായ്മയുടെ പരസ്പര ശുശ്രൂഷയാണ്, കാലുകഴുകലാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിനും ആത്മാവിന്റെ ആധിപത്യത്തിനും മുന്‍തൂക്കം കൊടുക്കുന്ന മാനസാന്തരത്തിന്റെയും അനുസരണത്തിന്റെയും മാര്‍ഗ്ഗമാണ്. ഈ മാര്‍ഗ്ഗമാണ് രക്ഷകനായ ക്രിസ്തുനാഥന്‍ തന്റെ സഭയ്ക്കു കാണിച്ചുകൊടുക്കുകയും പഠിപ്പിക്കുകയും ചെയ്തത്.

പരിശുദ്ധാത്മാവിന്റെ പ്ര ചോദനത്തോടെയുള്ള വിവേചനാത്മകവും കൂട്ടായ്മാഭാവം നിറഞ്ഞതുമായ പങ്കുവയ്ക്കലുകളും അഭിപ്രായ രൂപീകരണങ്ങളും ആണ് സിനഡ് സമ്മേളനങ്ങളില്‍ സംഭവിക്കേണ്ടത്. ആയതിനാല്‍ ഭൂരിപക്ഷത്തിന്റെയോ, ഏകപക്ഷത്തിന്റെയോ ആധിപത്യശൈലിയില്‍ നിന്നും വ്യത്യസ്തമായി എല്ലാ സ്വരങ്ങളെയും ഒന്നിപ്പിക്കുന്ന സമന്വയത്തിന്റെ ശൈലി നമ്മുടെ സഭാ സംവിധാനങ്ങളില്‍ രൂപപ്പെടുവാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

സിനഡല്‍ രീതിയിലുള്ള ചിന്താശൈലിയും തീരുമാനം കൈക്കൊള്ളലും പ്രവര്‍ത്തനരീതികളും സഭയില്‍ നടക്കണമെങ്കില്‍ ഏറെക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനും മറ്റുള്ളവരെ തുറന്ന മനസ്സോടെ ശ്രവിക്കാനും ബഹുമാനിക്കാനും എല്ലാവരും തയ്യാറാകണം. വൈവിധ്യമുള്ള ആശയങ്ങളും ചിന്താഗതികളും മനസ്സിലാക്കി അവ തമ്മിലുള്ള ന്യായമായ ആശയ ഐക്യം കണ്ടെത്താനുള്ള സന്മനസ്സ് ബന്ധപ്പെട്ട എല്ലാവരിലും ഉണ്ടാകണം. ഒന്നുചേര്‍ന്നു നടക്കാനും പ്രവര്‍ത്തിക്കാനും എല്ലാവരും പ്രത്യേക താല്പര്യങ്ങളും മുന്‍വിധിയും മുന്‍തീരുമാനങ്ങളും മാറ്റിവച്ച് തുറന്ന ചര്‍ച്ചയിലും ആശയ വിനിമയത്തിലും പങ്കുചേരണം. അപ്പോള്‍ മാത്രമേ ആത്മാവിനാല്‍ നയിക്കപ്പെടുവാനുള്ള ഹൃദയവിശാലത കൈവരുകയുള്ളൂ.

ഓരോ സമ്മേളനത്തിന്റെയും പൊതുവായ ലക്ഷ്യവും നന്മയും മുന്‍നിര്‍ത്തി ആശയങ്ങളുടെയും, താല്പര്യങ്ങളുടെയും അവബോധങ്ങളുടെയും സമന്വയം പ്രാപിക്കാനുള്ള പ്രാര്‍ത്ഥനയോടും സഹകരണ മനോഭാവത്തോടും ത്യാഗബുദ്ധിയോടും കൂടിവേണം സമ്മേളനങ്ങള്‍ ആരംഭിക്കേണ്ടതു തന്നെ. അധികാരകാര്യസ്ഥതാ മനോഭാവം കൈവെടിഞ്ഞ് എളിമയോടെ എല്ലാവരെയും ശ്രവിക്കുക. ഏകപക്ഷീയ മനോഭാവം കൈവെടിഞ്ഞ് എല്ലാവരെയും തുല്യരായി കാണുക. അപകടം നിറഞ്ഞ സ്വയം സംതൃപ്തഭാവം വെടിഞ്ഞ് സകല ദൈവജനത്തിന്റെയും, മനുഷ്യവംശം മുഴുവന്റെയും ആവശ്യങ്ങളെയും ആകാംക്ഷകളെയും കണക്കിലെടുക്കുക. കാരണം എല്ലാവരും ചേര്‍ന്നാണ് എല്ലാം പടുത്തുയര്‍ത്തുകയും രക്ഷനേടുകയും ചെയ്യുന്നത്. ആരും തന്നെത്താന്‍ രക്ഷപ്പെടുന്നില്ല. എല്ലാ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ സംശുദ്ധരാകുമ്പോള്‍ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും സംശുദ്ധമാകും. മനുഷ്യഹൃദയങ്ങളാണ് ആദ്യം രൂപാന്തരപ്പെടേണ്ടത്. അപ്പോള്‍ മാനുഷികസംവിധാനങ്ങളും രൂപാന്തരപ്പെടും ഇതിനായി കുത്തകാവകാശമനോഭാവം, സ്ഥാപനാധിഷ്ഠിത ചിന്ത, ജയോത്സവമോഹം, എന്നിവയെല്ലാം വെടിഞ്ഞ് മനസ്സാക്ഷിയുടെ തുറവിയിലൂടെ ആളുകള്‍ പരസ്പരം ബന്ധപ്പെടണം. അപ്പോള്‍ സിനഡല്‍ രീതിയിലുള്ള ഒരുമിച്ചു നടക്കലും ഒരുമിച്ചു പ്രവര്‍ത്തിക്കലും നടപ്പാകും.

ആദ്യ നൂറ്റാണ്ടുകളിലെ സിനഡല്‍ശൈലി തുടരുന്നതില്‍ പാശ്ചാത്യസഭയേക്കാള്‍ പൗരസ്ത്യസഭകളാണ് ശ്രദ്ധിച്ചിട്ടുള്ളത്. ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ കത്തോലിക്കാസഭ സിനഡല്‍ ശൈലിയിലേയ്ക്കു മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഈ ഉദ്യമത്തില്‍ പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്ക് എന്താണ് പ്രത്യേകമായി നിര്‍വ്വഹിക്കാനുള്ളത്?

പൗരസ്ത്യ സഭകളില്‍ സിനഡല്‍ ശൈലി കൂടുതല്‍ നിലനില്ക്കുന്നു എന്നത് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്. ഈ വസ്തുത ഓര്‍ക്കുമ്പോള്‍ ഭാരതത്തിലെ മാര്‍തോമ്മാ ക്രിസ്ത്യാനികളില്‍നിന്ന് രൂപപ്പെട്ടിട്ടുള്ള വിവിധ പൗരസ്ത്യ സഭകളിലെ പ്രവര്‍ത്തനശൈലികളും ഓര്‍മ്മയില്‍വരും. ഒന്നാമതായി, സൂനഹദോസ് എന്ന പദം തന്നെ സിനഡ്, സിനഡല്‍സഭ എന്നിവയുടെ ഒട്ടും അര്‍ത്ഥം ചോരാത്ത മലയാള വിവര്‍ത്തനമാണെന്നു ഓര്‍ക്കണം. ഇതോടുചേര്‍ന്നു ഓര്‍മ്മയില്‍വരുന്നത് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മാര്‍തോമ്മാ മാര്‍ഗ്ഗം, ആര്‍ച്ചുഡീക്കന്‍ പദവി, മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ കൂട്ടായ്മ, പള്ളിയോഗം, സഭായോഗം, എന്നിവയെല്ലാമാണ്. ഈ ശൈലികളെല്ലാം ഇപ്പോള്‍ സാര്‍വ്വത്രികസഭ വിഭാവനം ചെയ്യുന്ന സിനഡല്‍സഭയുടെ പ്രവര്‍ത്തനശൈലികള്‍ തന്നെയാണ്. ഇവയെല്ലാം മാര്‍തോമ്മാക്രിസ്ത്യാനികളുടെ ചരിത്രപാരമ്പര്യത്തില്‍ ഊന്നിനില്ക്കുന്നവയാണ്.

മാര്‍തോമ്മാ മാര്‍ഗ്ഗത്തിന്റെ തനതായ ദൈവശാസ്ത്രവും സന്മാര്‍ഗ്ഗശൈലിയും ക്രൈസ്തവ റിപ്പബ്‌ളിക്കായി സാമൂഹ്യജീവിതം രൂപപ്പെടുത്തിയിരുന്നതും എല്ലാം ഭാരതത്തില്‍ വന്നിട്ടുള്ള പാശ്ചാത്യ മിഷനറിമാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളവയാണ്. മാര്‍ തോമ്മാമാര്‍ഗ്ഗം തന്നെ ഇപ്പോള്‍ വിഭാവനം ചെയ്യുന്ന സിനഡല്‍ സഭയുടെ ഏറെ പ്രായോഗികമായ ശൈലിതന്നെയാണ്. മാര്‍തോമ്മാ മാര്‍ഗ്ഗത്തിന്റെ കാലോചിതമായ നവീകൃതശൈലി രൂപപ്പെടുത്തിക്കൊണ്ടു സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ക്കു ഭാരതത്തിലെ ലത്തീന്‍ സഭയ്ക്കു കൂടുതല്‍ മാതൃകാദര്‍ശനം നല്കുവാന്‍ സാധിക്കും. അതുപോലെ, മറ്റിടങ്ങളിലെ പൗരസ്ത്യ സഭകള്‍ക്കും അതാതു രാജ്യങ്ങളിലും സാംസ്‌ക്കാരിക പശ്ചാത്തലങ്ങളിലും ക്രൈസ്തവര്‍ക്കു എങ്ങനെ സിനഡലായി ജീവിക്കാമെന്നതിനു ഉത്തേജനം കൊടുക്കാന്‍ സാധിക്കും. കൂടാതെ നടക്കാന്‍ പോകുന്ന സിനഡുവഴി മാര്‍തോമ്മാ മാര്‍ഗ്ഗത്തിന്റെ നവീകൃതശൈലികള്‍ കൈവരിച്ചുകൊണ്ടു ലോകത്തെമ്പാടും കുടിയേറിയിരിക്കുന്ന മാര്‍തോമ്മാക്രിസ്ത്യാനികളുടെ ക്രൈസ്തവജീവിതരീതിക്കു ഉണര്‍വും ഉന്മേഷവും പുതുചൈതന്യവും നേടുവാന്‍ സാധിക്കും.

സഭയുടെ വിവിധ തലങ്ങളിലുള്ള ആലോചനാസമിതികളിലും, സംവിധാനങ്ങളിലും സഭാസമൂഹത്തിന്റെ പങ്കാളിത്തം കൂടുതല്‍ ഉറപ്പു വരുത്തുന്നതിന് പ്രായോഗികമായ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഈ സിനഡ് മുന്നോട്ടുവയ്ക്കും എന്ന് അങ്ങ് കരുതുന്നുണ്ടോ?

സഭയാകുന്ന വിശ്വാസികളുടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരെ ശ്രവിക്കുന്നതിനും അവരില്‍നിന്നും അരൂപിയുടെ അഭിഷേകം വഴിയായി പ്രവര്‍ത്തിക്കുന്ന പ്രവാചകശബ്ദം കേള്‍ക്കുന്നതിനുമായിട്ടാണ് വരുന്ന മെത്രാന്‍ സിനഡ് സിനഡാലിറ്റിയെപ്പറ്റിത്തന്നെ ചര്‍ച്ച ചെയ്യുന്നത്. ഇതിനായി പ്രത്യേകമായ അപ്പസ്‌തോലികരേഖ തന്നെ നല്കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ സിനഡിന്റെ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. അതിന്‍പ്രകാരം, പ്രാരംഭ ഘട്ടങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ ആദ്യത്തേത് രൂപതാതലത്തിലാണ്. ഓരോ രൂപതാ മെത്രാനും തന്റെ രൂപതാസമൂഹത്തിന്റെ സാധ്യമായ എല്ലാ മേഖലകളില്‍ നിന്നും സിനഡല്‍സഭയായി പ്രവര്‍ത്തിക്കാന്‍ വേണ്ട ആശയങ്ങളും അഭിപ്രായങ്ങളും കേള്‍ക്കണം. ശേഖരിച്ച ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ സഭാ ജീവിതശൈലിയുടെ മാറ്റത്തിനാവശ്യമായ മാര്‍ഗ്ഗരേഖകള്‍ ഏക മനസ്സോടെ രൂപപ്പെടുത്തുകയും വേണം. ഇങ്ങനെ എല്ലാ രൂപതകളില്‍നിന്നും ലഭിക്കുന്ന താത്വികവും പ്രായോഗികവുമായ രൂപരേഖകള്‍ പ്രാദേശികതലത്തിലും ദേശീയതലത്തിലും ഓരോ സ്വയം ഭരണാവകാശമുള്ള വ്യക്തിഗത സഭകളുടെ പൊതുതലത്തിലും, പ്രാര്‍ത്ഥനയിലൂടെ സംജാതമാകുന്ന ആത്മാഭിഷേകത്തിന്റെ ചൈതന്യത്തില്‍ പുനര്‍വിചിന്തനം ചെയ്തു ക്രോഡീകരിക്കണം. ഇങ്ങനെ ലഭിക്കുന്നവയെല്ലാം ഭൂഖണ്ഡതലത്തിലുള്ള സമ്മേളനത്തില്‍ വിശകലനം ചെയ്യുകയും നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ സമ്മേളനത്തിന്റെ വി ചിന്തനത്തിനും വിലയിരുത്തലിനുമായും, തുടര്‍ന്ന് മെത്രാന്‍ സിനഡിന്റെ നിര്‍ദ്ദേശങ്ങള്‍ സാര്‍വ്വത്രിക സഭയുടെ പ്രധാന ഇടയനായ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ തീരുമാനത്തിനായും സമര്‍പ്പിക്കുന്നു. മാര്‍പാപ്പ തന്റെ വിവേചനാധികാരത്തോടെ സാര്‍വ്വത്രികസഭ മുഴുവനും വേണ്ടി അംഗീകരിക്കുന്ന തീരുമാനങ്ങള്‍ എല്ലാ സഭകളിലും, സഭയുടെ എല്ലാ തലങ്ങളിലും നടപ്പാക്കുന്ന ഘട്ടംകൂടി സിനഡിന്റെ പ്രവര്‍ത്തനപരിപാടിയുടെ ഭാഗമാണ്.

മേല്പറഞ്ഞ വിപുലമായ പ്രക്രിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കാനാണ്. സഭയുടെ അടിസ്ഥാനഘടകം ദൈവജനമാണെന്നും ദൈവജനം കൂട്ടായ വിശ്വാസബോധത്തില്‍ (sensus fidei) ഒരുമിച്ചു നടക്കുമ്പോള്‍ തെറ്റുപറ്റില്ല എന്നുമുള്ള തത്വവും എടുത്തുകാണിക്കുന്നു. എല്ലാ തലങ്ങളിലും അവസ്ഥയിലുമുള്ള വിശ്വാസികളെയും സമൂഹങ്ങളെയും ശ്രവിക്കുകവഴി ഹൈരാര്‍ക്കിയുടെ ഭരണം എന്നതിലുപരി കൂട്ടുത്തരവാദിത്വത്തോടെയുള്ള സഭാജീവിതവും പ്രവര്‍ത്തനങ്ങളും രൂപപ്പെടും. അല്മായരുടെ വിശ്വാസജീവിതത്തില്‍നിന്നു ആത്മപ്രചോദനമായി ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇടയശുശ്രൂഷ ചെയ്യുന്നവര്‍ വിവേചനാപൂര്‍വ്വം സ്വീകരിക്കണം (LG 37). അപ്പോള്‍ ഈ നൂറ്റാണ്ടിന്റെ എത്രയും ആവശ്യമായ അല്മായ പ്രേഷിതത്വത്തിലൂടെയുള്ള ക്രൈസ്തവസാക്ഷ്യം ലോകത്തിനു ലഭിക്കും. സഭാജീവിതം ലോകത്തിനു പ്രകാശവും ലവണവുമായി നവീകരിക്കപ്പെടുകയും കാലോചിതമായി പരിഷ്‌ക്കരിക്കപ്പെടുകയും ചെയ്യും (LG 30). അങ്ങനെ ഒരുമിച്ചു നടക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന സിനഡല്‍ ശൈലി ക്രൈസ്തവ ജീവിതതലങ്ങളില്‍ രൂപപ്പെടും. അതുവഴി സഭ ഇന്നിന്റെ ലോകത്തിന് ഒരു മാര്‍ഗ്ഗരേഖയും വെളിച്ചവുമായിത്തീരും.

നടക്കാന്‍ പോകുന്ന സിനഡിനെക്കുറിച്ചുള്ള അങ്ങയുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്? ഏതു രീതികളിലും തലങ്ങളിലും ആയിരിക്കും ഈ സിനഡിന്റെ ഫലങ്ങള്‍ സഭയില്‍ പ്രത്യക്ഷമാവുക?

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചില സുപ്രധാന തീരു മാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനഡ് സമ്മേളനം രൂപ കല്പന ചെയ്തിരിക്കുന്നത്. വിശ്വാസികളുടെ ഗണമായി, ദൈവത്താല്‍ വിളിക്കപ്പെട്ട സഭാസമൂഹത്തിന്റെ നിയന്താക്കള്‍ ഉത്ഥാനം ചെയ്തു സഭയിലിന്നും ജീവിക്കുന്ന ക്രിസ്തുനാഥനും, രക്ഷണീയ കര്‍മ്മം തുടര്‍ന്നുകൊണ്ട് സഭയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവുമാണ്. ഈ ദൈവികപ്രവര്‍ത്തനങ്ങള്‍ സഭയുടെ അദൃശ്യമായ തലത്തില്‍ ഒരു വശത്ത് ദൈവികരഹസ്യമായി നില കൊള്ളുന്നു. മറുവശത്ത് ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പൂര്‍ത്തീകരണത്തിനുമായി വിശ്വാസികള്‍ക്കു ലഭിച്ചിരിക്കുന്ന ആത്മാവിന്റെ വരങ്ങളും ദാനങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ദൃശ്യമാകുന്നു. ഈ ദൃശ്യമായ ഫലങ്ങള്‍ വഴി തിരുസ്സഭ എന്നും ഒരു കൂദാശയായി കാണപ്പെട്ടു ലോകത്തിന്റെ വെളിച്ചവും ലവണവുമായി നിലകൊള്ളുന്നു. ഇങ്ങനെ ദൈവികവും മാനുഷികവുമായ ഒന്നുചേരലിലൂടെയാണ് സഭയും സഭാജീവിതവും രൂപപ്പെടുകയും വളരുകയും ചെയ്യുന്നത്. ഈ വളര്‍ച്ച പൂര്‍ണ്ണമാകുന്നത് വിശ്വാസത്തിന്റെ അരൂപിയാല്‍ വിളിച്ചു ചേര്‍ക്കപ്പെട്ട സഭാസമൂഹം ഒരുമിച്ചു നടക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു ഒരു തീര്‍ത്ഥയാത്രയായി പിതാവിന്റെ രാജ്യത്തിലേയ്ക്കു ചെന്നുചേരുമ്പോഴാണ്.

മെത്രാന്‍ സിനഡിന്റെ സമയക്രമം

സെപ്തംബര്‍ 2021 — പ്രാരംഭ മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിക്കുന്നു.
ഒക്‌ടോ. 9-10, 2021 — വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനാ നിര്‍ഭരമായി സിനഡ് ഉദ്ഘാടനം ചെയ്യുന്നു.
ഒക്‌ടോബര്‍ 17, 2021 — ലോകമെമ്പാടും എല്ലാ രൂപതകളിലും പ്രാര്‍ ത്ഥനാനിര്‍ഭരമായി സിനഡല്‍ പ്രക്രിയ ആരംഭിക്കുന്നു.
ഏപ്രില്‍, 2022 — എല്ലാ പൗരസ്ത്യ സഭാ സിനഡുകളും ദേശീയ മെത്രാന്‍ സമ്മേളനങ്ങളും അവരവരുടെ അന്തിമ റിപ്പോര്‍ട്ടുകള്‍ റോമിലെ സിനഡല്‍ കാര്യാലയത്തിന് സമര്‍പ്പിക്കുന്നു.
സെപ്തംബര്‍, 2022 — റോമിലെ സിനഡല്‍ കാര്യാലയം ഒന്നാമത്തെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ (കിേെൃൗാലിൗോ ഘമയീൃശ)െ പ്രസിദ്ധീകരിക്കുന്നു.
മാര്‍ച്ച്, 2023 — ന് മുമ്പായി ഭൂഖണ്ഡതലത്തിലും അന്തര്‍ദ്ദേ ശീയ തലത്തിലും സിനഡല്‍ യോഗങ്ങള്‍ നടത്തു ന്ന എല്ലാ സമൂഹങ്ങളും സംഘടനകളും റോമില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
മാര്‍ച്ച്, 2023 — ല്‍ എല്ലാ അന്തര്‍േദ്ദശീയ യോഗങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ റോമിലെ സിനഡല്‍ കാര്യാലയം കൈപ്പറ്റുന്നു.
ജൂണ്‍, 2023 — റോമിലെ സിനഡല്‍ കാര്യാലയം രണ്ടാമത്തെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ച് മെത്രാന്‍ സിനഡിന്റെ അംഗങ്ങള്‍ക്ക് നല്കുന്നു.
ഒക്‌ടോബര്‍, 2023 — റോമില്‍ ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ മെത്രാന്‍ സിനഡ് നടത്തുന്നു.

സഭയുടെ ഈ തീര്‍ത്ഥയാത്രയില്‍ ആത്മാവിന്റെ നിവേശനത്താല്‍ എല്ലാവരും പരസ്പരം കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും പഠിക്കുകയും ചെയ്യണം. ഈ ബോധ്യംവഴിയായി, സഭയില്‍ പഠിപ്പിക്കുന്ന ഒരു സമൂഹവും, പഠിക്കുന്ന മറ്റൊരു സമൂഹവും എന്ന വേര്‍തിരിവ് മാറ്റിവയ്ക്കാനാഗ്രഹിക്കുകയാണ്. പരസ്പരം ശ്രവിച്ച്, പരസ്പരം ബലപ്പെടുത്തി, ഒരുമിച്ചു നടന്ന് കൂട്ടായ്മയുടെ സഭയായി തീര്‍ത്ഥാടനം ചെയ്യാന്‍ ഈ വരുന്ന സിനഡ് നമ്മെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും ചേര്‍ന്ന് ആത്മാവിനെ ശ്രവിച്ചുകൊണ്ടു ആത്മാവിനു സഭകളോടു പറയുവാനുള്ളത് കേള്‍ക്കുന്ന രീതി നാം പഠിക്കേണ്ടിയിരിക്കുന്നു (വെളിപാട് 2.7). സഭ എന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു. സഭ ഒരു രഹസ്യവും കാണപ്പെടുന്ന ഒരു കൂദാശയുമായതിനാല്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചു മനസ്സിലാക്കി സഭയുടെ ജീവിതശൈലികളിലും പ്രവര്‍ത്തന രീതികളിലും വേണ്ട നവീകരണം വരുത്താനുള്ള ഒരു പദ്ധതി ഈ സിനഡ് വിഭാവനം ചെയ്യുന്നുണ്ട്. ഉണ്ണിമിശിഹായുടെ ഭൗതികവസ്ത്രം ശാരീരിക വളര്‍ച്ചയ്‌ക്കൊത്തു വളര്‍ന്നതുപോലെ സഭയുടെ ഇഹലോക പ്രേഷിതപ്രവര്‍ത്തന ശൈലിയും ഭാവങ്ങളും വളര്‍ന്നു കൊണ്ടിരിക്കണം. ഈ വിധത്തില്‍ സഭ കാലത്തിനൊത്ത് ശൈലി മാറ്റങ്ങളോടെ നവീകരിക്കപ്പെടുവാനും അനുരൂപപ്പെടുവാനുമുള്ള അവസരം ഈ സിനഡ് പ്രദാനം ചെയ്യുന്നു. സിനഡ് വിഭാവനം ചെയ്യുന്ന വിവിധതലങ്ങളിലുള്ള പ്രാര്‍ത്ഥനാനിര്‍ഭരമായ ആലോചനകളും വിലയിരുത്തലുകളും പൂര്‍ത്തിയാക്കി വിവേചനാപൂര്‍വ്വം ഉചിതമായ തീരുമാനങ്ങളെടുത്തു പ്രാദേശികമായി നടപ്പില്‍ വരുത്തുകയെന്നത് ഒരു വലിയ വെല്ലു വിളിയാണ്. ഉത്ഥിതനായ മിശിഹായും അവിടുത്തെ പരിശുദ്ധാത്മാവും സഭയ്ക്കു ഊര്‍ജ്ജവും പ്രകാശവും നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കാം.

(ഫാ. വര്‍ഗ്ഗീസ് പൂതവേലിത്തറ എറണാകുളം അങ്കമാലി അതിരൂപതാംഗവും ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിലെ
കാനന്‍ ലോ പ്രൊഫസറുമാണ്.)

Related Stories

No stories found.