കയ്‌പേറിയ കല്യാണം

കയ്‌പേറിയ കല്യാണം

എന്റെ അപ്പന് മൂന്നു സഹോദരിമാര്‍. അതായത് എനിക്ക് മൂന്നു അമ്മായിമാര്‍. മൂത്ത അമ്മായിയൊഴിച്ച് താഴെയുള്ള രണ്ടു അമ്മായിമാരും സമൃദ്ധിയും സാമ്പത്തിക ശേഷിയുമുള്ളവരാണ്. അവരുടെ സാമ്പത്തിക സൗകര്യം ഞങ്ങളെ സഹായിക്കാനൊന്നും ഉപകരിച്ചില്ല. അവര്‍ക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ അതോ ആഗ്രഹമുണ്ടായിട്ടു സാധിക്കാഞ്ഞിട്ടാണോ എന്നറിയില്ല. എന്തായാലും അത്തരം സഹായമൊന്നും പ്രതീക്ഷിക്കാത്തുകൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഖേദമൊന്നുമുണ്ടായില്ല.

അവരുടെ ഇളയ സഹോദരനാണ് എന്റെ അപ്പന്‍. അവര്‍ സ്‌നേഹമസൃണമായി കൊച്ചു ലോനപ്പന്‍ എന്നാണ് അപ്പനെ വിളിക്കുക. കാണുമ്പോള്‍ അപ്പനോട് പൊരിഞ്ഞ സ്‌നേഹം. മക്കളായ ഞങ്ങളോട് കവിഞ്ഞ വാത്സല്യം. പ്രത്യേക ചൊലവൊന്നുമില്ലാത്ത അഭിപ്രായ പ്രകടനമായും സഹാനുഭൂതിയുടെ കൃത്രിമപ്രദര്‍ശനമായും ഞങ്ങള്‍ക്കത് അനുഭവപ്പെട്ടു.

ധനശേഷിയുള്ള ഒരമ്മായിയൂടെ രണ്ടാമത്തെ മകളുടെ വിവാഹം. അക്കാലത്തു ഞങ്ങളുടെ പള്ളികളില്‍ തിങ്കളാഴ്ചയാണ് വിവാഹം നടത്തുക. വിവാഹത്തില്‍ സംബന്ധിക്കാനുള്ള ബന്ധുക്കളെല്ലാം തലേ ദിവസം ഞായറാഴ്ച തന്നെ എത്തിച്ചേരും. ഇന്നത്തെപ്പോലെ കാറ്ററിംഗ് സര്‍വീസോ സദ്യയൊരുക്കാനായിട്ടു വിദഗ്ദ്ധരായ പാചകക്കാരെ പണം കൊടുത്തു നിയോഗിക്കലോ ഇല്ല. സ്‌നേഹമുള്ള അയല്‍ക്കാരും പരിചയക്കാരും ആ ചുമതല ഭംഗിയായി ഏറ്റെടുക്കും. ആതിഥേയന്‍ മറ്റുള്ളവരുടെ കല്യാണങ്ങള്‍ക്കു അപ്പപ്പോള്‍ സംഭാവന ചെയ്തിട്ടുള്ള അരി, കോഴി, കായ, ചേന, കുമ്പളങ്ങ, നാളികേരം തുടങ്ങിയ ഇനങ്ങള്‍ അതാതു വീട്ടുകാര്‍ അവരുടെ കഴിവും സാധനങ്ങളുടെ ലഭ്യതയുമനുസരിച്ച് കല്യാണത്തിന്റെ തലേന്നു തന്നെ എത്തിച്ചു കൊടുക്കും. പോരാതെ വരുന്നുണ്ടെങ്കില്‍ മാത്രമേ വാങ്ങേണ്ടതുള്ളൂ. അതു ആഥിതേയന് വലിയ അനുഗ്രഹവും ആശ്വാസവുമാവും. അതിനേക്കാളുപരി അതു പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഒരു പ്രകടനമാണ്.

ഞായറാഴ്ച രാത്രി 'മധുരം നുള്ളല്‍' എന്നൊരു ചടങ്ങുണ്ട്. വിവാഹപ്പന്തലില്‍ വരനോ വധുവോ ഒരു കസേരയില്‍ വന്നിരിക്കും. മുമ്പില്‍ സ്റ്റൂളില്‍ അഥവാ ടീപ്പോയ്‌മേല്‍ ഒരു കേക്കോ അല്ലെങ്കില്‍ ചെറിയ പ്ലെയിറ്റില്‍ കുറച്ചു പഞ്ചസാരയോ കൊണ്ടു വന്നു വയ്ക്കും. ആ സമയത്ത് എല്ലാ ബന്ധുക്കളും അയല്‍ക്കാരും പന്തലില്‍ ഒന്നിച്ചു കൂടും. അടുത്ത ചടങ്ങ്, വരന്‍ അല്ലെങ്കില്‍ വധു കുരിശു വരച്ച് മൂന്നു പ്രാവശ്യം മധുരം നുള്ളി തിന്നുന്നു. അതോടെ 'മധുരം നുള്ളല്‍' കഴിഞ്ഞു. പക്ഷേ, ചടങ്ങു തീരുന്നില്ല. വരനോ വധുവോ അവിടെത്തന്നെ ഇരിക്കണം.

ഉടനെ മധുരത്തിന്റെ പ്ലെയിറ്റ് മാറ്റി വേറെ വലിയൊരു പ്ലെയിറ്റ് കൊണ്ടുവന്നു വയ്ക്കുന്നു. അതു കല്യാണപ്പിരിവിന്റെ പാത്രമാണ്. ബന്ധുക്കളുടെ പ്രൗഢിയും ധനസ്ഥിതിയുമനുസരിച്ച് ഓരോരുത്തര്‍ കല്യാണ സമ്മാനമായിട്ടു പണം പരസ്യമായി പ്ലെയിറ്റില്‍ വയ്ക്കുന്നു. ചിലര്‍ സ്വര്‍ണ്ണമോതിരം സമ്മാനിക്കുന്നു. കൊടുത്ത ആളുടെ പേരും സംഖ്യയും ഉച്ചത്തില്‍ ഒരാള്‍ വിളിച്ചു കുറിച്ചെടുക്കുന്നു. കുറിച്ചെടുക്കുന്ന ആള്‍ക്ക് സഹായകമാവാന്‍ വേണ്ടിയാണ് ഈ വിളിച്ചുപറയല്‍ എന്നാണ് വയ്പ്, അതിനേക്കാളുപരിയായി ആര് എന്തൊക്കെ കൊടുത്തു എന്ന് നാട്ടുകാരും ബന്ധുക്കളുമറിയട്ടെ എന്നൊരു ഉദ്ദേശ്യവും ഇതിന്റെ പിന്നിലുണ്ട്.

കൂടുതല്‍ കൊടുത്തവര്‍ ഗമയോടെ ഞെളിഞ്ഞിരുന്ന് നിഗൂഢസംതൃപ്തിയടയുന്നു. കുറച്ചുമാത്രം കൊടുത്തവര്‍ ഉള്ളാലെ വിഷമിച്ചു വിഷാദിക്കുന്നു. ചില വീടുകളില്‍ ഇങ്ങനെ ലിസ്റ്റ് എഴുതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു കാരണവര്‍ പറയും, ''ആകെക്കൂടി ഒന്നു ഉറക്കെ വായിക്ക്. കൊടുത്തതെല്ലാം ലിസ്റ്റില്‍ വന്നില്ലേ എന്നറിയാനാ.'' അതുപ്രകാരം കുറിച്ചെടുത്തവന്‍ ലിസ്റ്റു പൂര്‍ണ്ണമായി വായിക്കുന്നു. ഈ സമയമത്രയും വരനോ വധുവോ ഇതിനെല്ലാം സാക്ഷിയായി ''നോക്കുകുത്തി''യെപ്പോലെ പന്തലില്‍ ഇരിക്കുന്നു. പ്രാകൃതവും ക്രൂരവുമാണ് ഈ ഏര്‍പ്പാട് എന്ന് അന്നേ എന്റെ കൊച്ചു മനസ്സില്‍ തോന്നിയിട്ടുണ്ട്. എന്തു ചെയ്യാം. ദുഷിച്ച ചില ആചാരങ്ങള്‍!

കല്യാണത്തിന് അമ്മായിയുടെ വീട്ടിലേക്ക് എല്ലാവരേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും അപ്പന്‍ മാത്രമാണ് പോകാന്‍ നിശ്ചയിച്ചത്. പക്ഷേ, അപ്പന്‍ സുഖമില്ലാതെ കിടപ്പാണ്. പകരം മൂത്തമകനായ എന്നെയാണ് പറഞ്ഞയച്ചത്. ലോട്ടറിയടിച്ച സന്തോഷമായിരുന്നു എനിക്ക്. ഞായറും തിങ്കളും സമൃദ്ധമായി സദ്യയുണ്ണാം. എനിക്ക് ഉള്ളില്‍ ആഹ്ലാദമായിരുന്നെങ്കില്‍ താഴെയുള്ള സഹോദരങ്ങള്‍ക്ക് എന്റെ നേരെ അസൂയയായിരുന്നു. കാരണം അവര്‍ക്ക് കല്യാണം കൂടാന്‍ ഭാഗ്യം ലഭിച്ചില്ലല്ലൊ.

ഉത്സാഹത്തിമിര്‍പ്പോടെ ഞാന്‍ ഞായറാഴ്ച വൈകിട്ടു കല്യാണ വീട്ടിലെത്തി. അച്ചനെയും അമ്മായിയെയും മണവാട്ടിയായ ചേച്ചിയെയും മറ്റു ബന്ധുക്കളെയും കണ്ടു സംസാരിച്ചു. കല്യാണത്തിനുവന്ന എന്റെ തരക്കാരായ പിള്ളേരുമായി ഓരോന്നു പറഞ്ഞു കളിച്ചും ചിരിച്ചും കുറെ സമയം ചെലവഴിച്ചു.

മറ്റു രണ്ടു അമ്മായിമാരും നേരത്തെ എത്തിയിട്ടുണ്ട്. കല്ല്യാണ വീട്ടിലെ അമ്മായിയടക്കം മൂന്നു സഹോദരികള്‍ മച്ചിന്റെ അകത്തു ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയുന്നു കണ്ട് ഏറെ സന്തോഷത്തോടെ ഞാനങ്ങോട്ടു കടന്നുചെന്നു. അമ്മായിമാര്‍ എന്നോടു ചോദിച്ചു: ''നീ മാത്രമേ വന്നിട്ടുള്ളൂ? എന്തേ അപ്പന്‍ വരാഞ്ഞത്?'''

''അപ്പന്‍ സൂക്കേടായി കിടക്ക്വാ.''

''അവന് എപ്പോഴും സൂക്കേടാ.'' അമ്മായിയുടെ കമന്റ്.

ആ പറച്ചിലില്‍ പരിഹാസത്തിന്റെ ധ്വനിയുണ്ടായിരുന്നു. ''പാത്രത്തില്‍ വയ്ക്കാന്‍ വല്ലതും തന്നയിച്ചിട്ടുണ്ടോ?''

കല്ല്യാണവീട്ടിലെ അമ്മായിക്ക് അതാണറിയേണ്ടത്.

''ഇല്ല.''

''കൈയും വീശി പോര്യേ കല്ല്യാണം കൂടാന്‍? നാണാവില്ലേ?'' ഇതും ആ അമ്മായിയുടെ വക. ആ വാക്കുകള്‍ എന്റെ കുരുന്നു ഹൃദയത്തില്‍ കൂരമ്പുപോലെ തുറച്ചു കയറി.

''വീട്ടിലു വല്യ ബുദ്ധിമുട്ടാ.'' മങ്ങിയ മുഖത്തോടെ ഞാന്‍ പറഞ്ഞു.

''ഇങ്ങനെ പറഞ്ഞാല്‍ മതി. എല്ലായിടത്തും.''

എന്റെ മനസ്സിടിഞ്ഞുപോയി. കല്ല്യാണം കൂടാനുള്ള കുതിപ്പും ആവേശവും അസ്തമിച്ചു. ഉത്സാഹം ചോര്‍ന്നുപോയി. ഞാനൊറ്റയ്ക്കു ഒരിടത്തുപോയി മൗനം പൂണ്ടിരുന്നു. ഊണിന്റെ സമയമായപ്പോള്‍ യാന്ത്രികമായി എഴുന്നേറ്റു ചെന്നു ഊണു കഴിച്ചു. അധികം കഴിക്കാന്‍ തോന്നിയില്ല. ഈ കൊച്ചുമനസ്സിന്റെ നൊമ്പരം ആരറിഞ്ഞു?

പിറ്റേന്നു തിങ്കളാഴ്ച കല്ല്യാണദിവസം. അന്ന് എല്ലാവര്‍ക്കും എപ്പോഴും സന്തോഷമായിരുന്നു. എനിക്കു മാത്രം അന്ന് ഉടനീളം ദുഃഖവും വിഷാദവുമായിരുന്നു. എന്റെ മുഖത്തു പുഞ്ചിരിപോലും നിഴലിച്ചില്ല. എങ്കിലും പള്ളിയിലെ വിവാഹകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ കല്യാണവീട്ടില്‍ നിന്നു പുറപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനും മൂകനായി പങ്കുചേര്‍ന്നു. യോഗ്യനായ പുതിയ മണവാളനെ കണ്ടു. മണവാട്ടിച്ചേച്ചിക്കു യോജിച്ച വരന്‍. നല്ല ചേര്‍ച്ച. നല്ല ജോഡി.

സദ്യയുടെ സമയമായപ്പോള്‍ ആദ്യത്തെ പന്തിയില്‍ത്തന്നെ ഞാനിരുന്നു. ആര്‍ത്തികൊണ്ടല്ല; ആദ്യം തിരിച്ചു പോരാന്‍ വേണ്ടി. കല്യാണചടങ്ങുകള്‍ ഏതാണ്ടു കഴിഞ്ഞയുടനെ ഞാന്‍ വീട്ടിലേക്ക് മടങ്ങി. അമ്മായിയോടു യാത്ര പറഞ്ഞില്ല. പറയാന്‍ ചെന്നാല്‍ അപ്പോഴും വല്ല കൊള്ളി വാക്കു പറഞ്ഞാലോ?

വന്നപാടേ അപ്പന്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അമ്മ അരികത്തു വന്നു. അപ്പന് സന്തോഷമുണ്ടാക്കും വിധം എല്ലാം ഭംഗിയായി വര്‍ണ്ണിച്ചു. ആ മുഖത്തു സംതൃപ്തിയുടെ പുഞ്ചിരി വിരിഞ്ഞതു ഞാന്‍ കണ്ടു.

അമ്മ അടുക്കളയിലേക്കു നീങ്ങിയപ്പോള്‍, കയ്‌പ്പേറിയ അനുഭവം അമ്മയെ മാത്രം അറിയിച്ചു. മ്ലാനമുഖിയായി എല്ലാം കേട്ടുനിന്നു. മറ്റൊന്നുകൂടി ഞാന്‍ അമ്മയോട് പറഞ്ഞു.

''അപ്പനോട് ഇതൊന്നും പറയേണ്ട. വേദനിക്കും.''

കഷ്ടിച്ചു പതിമൂന്നു വയസ്സുള്ള ആ കൊച്ചുപ്രായത്തില്‍ അങ്ങനെ പറയാന്‍ എനിക്കെങ്ങനെ തോന്നി? ആരും പറഞ്ഞു തന്നതല്ല. സ്വയം തോന്നിച്ചതാണ്.

സഹനത്തിന്റെ പ്രതീകമായ അമ്മ എല്ലാം കേട്ടു. എല്ലാം ഗ്രഹിച്ചു. ഒന്നും പറയാനില്ലാതെ ആ പാവം ദുഃഖഭാവത്തില്‍ എന്നെ നോക്കി. ദൈന്യതയുടെ നോട്ടം. ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org