മനുഷ്യായുസ്സിലെ ഏറ്റവും മികച്ച ഒരു മനുഷ്യന്‍

മനുഷ്യായുസ്സിലെ ഏറ്റവും മികച്ച ഒരു മനുഷ്യന്‍
Published on
  • ഫാ. ഡോ. നിബിന്‍ കുരിശിങ്കല്‍

ക്രിസ്തുവിന്റെ മരണമുഹൂര്‍ത്തത്തിന് ഏതാണ്ട് അടുത്തുവച്ച്, ഇഹലോകവാസം വെടിഞ്ഞു പരലോകത്തെ ആ പരമപുരോഹിതന്റെ അരികിലേക്കു മടങ്ങേണ്ടിവന്ന ഒരു യുവപുരോഹിതന്‍.

ഒടുവിലെ യാത്രയ്ക്കായി ഒരുങ്ങി കിടക്കുമ്പോള്‍, അയാളെ അവസാനനോക്ക് കാണാനെത്തിയവരുടെ നിറകണ്ണുകളുടെയും ഇടനെഞ്ചുകളുടെയും എണ്ണമെടുത്താലറിയാം മിഴിയടച്ച് കിടക്കുന്ന ആ പുരോഹിതന്റെ നൈര്‍മല്യമെത്രയായിരുന്നുവെന്ന്.

വിശുദ്ധഗ്രന്ഥത്തിലെ ആ ഏറ്റവും കുറിയവാക്യം 'അവന്‍ കരഞ്ഞു' എന്നതാണ്. പരമാത്മാവായ ക്രിസ്തുവിനെ പോലും കരയിപ്പിക്കാന്‍ മാത്രം ലാസര്‍ എന്തായിരിക്കും ചെയ്തു കൂട്ടിയിട്ടുണ്ടാവുക എന്ന ചോദ്യം എന്നും ഉള്ളിലുണ്ട്.

ഒരു കുടുംബത്തിലെ നാലോ അഞ്ചോ മനുഷ്യരുടെ കാര്യത്തില്‍ തീരുമാനങ്ങളെടു ക്കുമ്പോള്‍ അപ്പനമ്മമാര്‍ക്ക് പാളിപ്പോകുന്നുണ്ടെങ്കില്‍, ഒരിടവകയിലെ എണ്ണമറ്റ കുടുംബങ്ങളിലെ മനുഷ്യരുടെ മനോരഥങ്ങളെ വായിച്ചെടുക്കുമ്പോള്‍ ഒരു വൈദികനെത്രമേല്‍ പാളിപ്പോകാം?

ആ യുവപുരോഹിതന്‍ അസ്തമിച്ചുറങ്ങുന്ന ആറടിമണ്ണിന്റെ മുകളിലെ കല്ലറയ്ക്കരികില്‍ നിന്ന് ഒരു കൂട്ടുകാരി ഖേദിക്കുന്നതിങ്ങനെയാണ് 'നിനക്കു മീതെ നിന്റെ അമ്മയും കൂടെപ്പിറപ്പുകളുമിട്ട വാടിയ ഓണപ്പൂക്കളത്തിനു മീതെ ഗ്രാനൈറ്റില്‍ നിന്റെ നെറുകെയ്ക്ക് നേരെ വലതു കൈ ചേര്‍ത്തുവച്ചപ്പോള്‍ പൊള്ളിയത് എന്റെ നെഞ്ചാണ്.

നിന്റെ നെഞ്ചില്‍ വെന്തത് എന്റെ കണ്ണീരല്ല ചോരയാണ്.

ഈ മനുഷ്യായുസ്സിലെ ഏറ്റവും 'മികച്ച ഒരു മനുഷ്യനെ'യാണെനിക്ക് നഷ്ടമായത്, ഈ നാടിനും.'

മുപ്പതുകളുടെ മധ്യത്തില്‍ വച്ച് മടക്കയാത്ര നടത്തേണ്ടി വന്ന ഒരു പുരോഹിതനു ലഭിക്കാവുന്ന ഏറ്റവും കുലീന ശീര്‍ഷകമാണ് 'മനുഷ്യായുസ്സിലെ ഏറ്റവും മികച്ച മനുഷ്യന്‍' എന്നത്. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ഒരു ചെറുപ്പക്കാരന്‍ ആകാശത്തേക്ക് നോക്കി മിഴിയടച്ച നേരത്തും സമാനമായ ഒരു അശരീരി അന്തരീക്ഷത്തില്‍ മുഴങ്ങി 'ഈ മനുഷ്യന്‍ യഥാര്‍ഥത്തില്‍ നീതിമാനായിരുന്നു.' ആളുകള്‍ക്കുള്ളിലും അവിടെ നിന്ന് അന്തരീക്ഷത്തിലേക്കും തുലാകാറ്റ് പോലെ പാഞ്ഞെത്തുന്ന ഇതു പോലുള്ള വാക്കുകളാണ് പൗരോഹിത്യത്തിനേല്‍ക്കുന്ന പോറലുകള്‍ക്കുള്ള സൗഖ്യലേപനം.

ഏത് പാതിരാത്രിയിലും പൊട്ടിക്കരയാന്‍ അവകാശമുള്ള കുഞ്ഞുങ്ങളുടെ തിരുനെറ്റിമേല്‍ വിശുദ്ധതൈലം തൊടുവിച്ചുകൊണ്ട് തുടങ്ങുകയാണ് ഒരു ഇടവക വൈദികന്റെ ഇടയബന്ധം. അവിടെ നിന്നും ആ കുഞ്ഞിന്റെ ആദ്യകുര്‍ബാനയിലേക്കും ആത്മാവിന്റെ അഗ്‌നിലേപനത്തിലേക്കും വേദപാഠത്തിന്റെ ജ്ഞാനവഴികളിലേക്കും യൗവനത്തിന്റെ കലഹക്കവലകളിലേക്കും പരിണയത്തിന്റെയും പൊട്ടിത്തെറികളുടെയും പാനപാത്രത്തിലേക്കും അയാള്‍ നിരന്തരം ക്ഷണിക്കപ്പെടുകയാണ്. വിളമ്പിവച്ചിരിക്കുന്ന വിരുന്നു മേശകളില്‍ അയാള്‍ വിരുന്നുകാരനല്ല വീട്ടുകാരനാണ്.

ദേവാലയത്തില്‍ ആദ്യമായി മുഴങ്ങിക്കേട്ട കുഞ്ഞിന്റെ കരച്ചില്‍ മുതല്‍ അകത്തെ കട്ടിലില്‍ ഞെരിപിരികൊണ്ട് കിടക്കുന്ന കാരണവന്മാരുടെ നിശ്ശബ്ദ നിലവിളികള്‍ വരെ അയാളുടെ കാതില്‍ അലയടിക്കാതെ പോകില്ല. ഒടുവില്‍, വിടവാങ്ങുന്ന മനുഷ്യരുടെ ഖബറില്‍ അല്‍പം കണ്ണീരും, യാത്രാമൊഴിയുടെ പ്രാര്‍ഥനകളുമായി കുന്തിരിക്കപ്പുകയില്‍ മുങ്ങി അയാള്‍ പ്രദക്ഷിണത്തിലുണ്ടാകും.

ഒരു മനുഷ്യന്റെ ആയുഷ്‌ക്കാലം മുഴുവന്‍, അയാള്‍ക്കൊപ്പം വേനലും മഴയും, ചിരിയും നോവും, വിരുന്നും വിശപ്പും, മരണവും സ്വര്‍ഗവുമൊക്കെയായി കൂടെ നടക്കാനുള്ള ഭാഗ്യം ഒരു പുരോഹിതനല്ലാതെ മറ്റാര്‍ക്കാണ് ആ ഭൂമിമേലെയുള്ളത്?

ഒരു കരം മനുഷ്യപുത്രനിലും, മറുകരം മനുഷ്യരിലും ചേര്‍ത്തു പിടിച്ചാണ് അയാള്‍ നടന്ന് വാഴേണ്ടത്. തിളങ്ങുന്ന കുര്‍ബാന കുപ്പായമോ, ഉയര്‍ത്തുന്ന സ്വര്‍ണ്ണക്കാസകളോ, ആയിരിക്കുന്ന കൂറ്റന്‍ ദേവാലയമോ അല്ല അയാളുടെ പൗരോഹിത്യത്തിന്റെ കുലീനത നിര്‍ണ്ണയിക്കുന്നത്. ആരെ പ്രതിയാണോ അയാള്‍ ഇറങ്ങിത്തിരിച്ചത്, ആരോടുള്ള സ്‌നേഹമാണോ അയാളെ മനുഷ്യരെപ്പിടിക്കാന്‍ പ്രേരിപ്പിക്കുന്നത് ആ സ്‌നേഹമാണ് അയാളുടെ പൗരോഹിത്യമഹിമ.

പരാതികള്‍ പറയാന്‍ ഒരാവകാശവുമില്ലാത്ത രീതിയില്‍, സ്‌നേഹത്തിന്റെ വലിയ പ്രപഞ്ചമാണ് ദൈവം ഒരു പുരോഹിതന് ചുറ്റും തീര്‍ത്തിരിക്കുന്നത്. എങ്കിലും അപൂര്‍ണ്ണമനുഷ്യരുടെ നടുവില്‍ അപൂര്‍ണ്ണനായ ഒരു പുരോഹിതന്‍ വാഴുമ്പോള്‍ അരുതാത്ത അപസ്വരങ്ങള്‍ മുഴങ്ങുകയും ശ്രുതിപിഴച്ച നാദങ്ങള്‍ ഉയരുകയും ചെയ്യാം. ഒരു കുടുംബത്തിലെ നാലോ അഞ്ചോ മനുഷ്യരുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അപ്പനമ്മമാര്‍ക്ക് പാളിപ്പോകുന്നുണ്ടെങ്കില്‍, ഒരിടവകയിലെ എണ്ണമറ്റ കുടുംബങ്ങളിലെ മനുഷ്യരുടെ മനോരഥങ്ങളെ വായിച്ചെടുക്കുമ്പോള്‍ ഒരു വൈദികനെത്രമേല്‍ പാളിപ്പോകാം?

ആറുമീറ്റര്‍ നീളമുള്ള ആ കുപ്പായത്തിനകത്തെ ആ മനുഷ്യനെ ഒന്നാഴമായ് മനസ്സിലാക്കേണ്ടതുമുണ്ട്. അത്രമാത്രം ആത്മീയതയൊന്നും അവകാശപ്പെടാനില്ലാത്ത ഏതോ ഒരു പച്ചമനുഷ്യന്റെ സര്‍വവികാരങ്ങളുടെയും ജീനുകള്‍ അച്ചടക്കമില്ലാതെ ആ പുരോഹിതന്റെ നാഡിയിലൂടേയും ഓടുന്നുണ്ട്. പിടിച്ചു നിര്‍ത്താന്‍ അയാള്‍ ആവുന്നത്ര പാടുപെടുന്നുമുണ്ട്. ക്ഷോഭിക്കുന്ന ശീലമുള്ള ഏതോ ഒരു സ്ത്രീയുടെ എല്ലാ ആന്തരികരേഖകളും അവരുടെ പൊക്കിള്‍ക്കൊടിയിലൂടെ ആ പുരോഹിതനിലേക്കും വേരിറങ്ങിയിട്ടുള്ളതിനാല്‍ ചില നേരത്ത് അയാള്‍ക്കും അക്ഷരങ്ങള്‍ പിഴച്ചേക്കാം.

അപ്പനോട് പൊറുക്കും പോലെ, അമ്മയോട് കരുണ കാട്ടും പോലെ അയാളോടും പൊറുക്കേണ്ടതുണ്ട്. ഇടറാനിടയുള്ള അനേകനിമിഷങ്ങളില്‍ വീഴാതെ നിവര്‍ന്നു നില്‍ക്കാന്‍ കൂടെയുള്ള കുറച്ചു മനുഷ്യരുടെ കരങ്ങളാണ് അയാള്‍ക്കു വേണ്ടത്. മലമുകളിലെ മോശയുടെ കരങ്ങള്‍ പോലെ, ഇടവകകളിലെ കുരിശിനു നേരെ ഉയര്‍ന്നു നില്‍ക്കേണ്ട കുറച്ചു കരങ്ങള്‍!

ഒരു മനുഷ്യന്റെ ആയുഷ്‌ക്കാലം മുഴുവന്‍, അയാള്‍ക്കൊപ്പം വേനലും മഴയും, ചിരിയും നോവും, വിരുന്നും വിശപ്പും, മരണവും സ്വര്‍ഗവുമൊക്കെയായി കൂടെ നടക്കാനുള്ള ഭാഗ്യം ഒരു പുരോഹിതനല്ലാതെ മറ്റാര്‍ക്കാണ് ആ ഭൂമിമേലെയുള്ളത്?

വീടുകളിലെ രൂപക്കൂടുകള്‍ക്കു മുമ്പില്‍ ജപമാലയ്ക്കു തിരികള്‍ തെളിയുമ്പോള്‍, മക്കള്‍ക്കായി ചൊല്ലപ്പെടുന്ന നാല്‍പത്തിയൊമ്പത് 'നന്മനിറഞ്ഞ മറിയമേ' പ്രാര്‍ഥനകള്‍ക്ക് ഒടുവില്‍ അമ്പതാമത്തെ 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ഥനയില്‍ ഇടവകയിലെ പുരോഹിതനെ ചേര്‍ത്തു നിര്‍ത്താമെങ്കില്‍ അയാള്‍ പിറ്റേന്നും നിവര്‍ന്ന് നില്‍ക്കും; ഒരു കൈ മനുഷ്യപുത്രനിലും മറുകൈ മനുഷ്യരിലും ചേര്‍ത്തുവച്ചുകൊണ്ട് !

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org