തീക്ഷ്ണതയില്‍ എരിഞ്ഞ് ഇല്ലാതാകുന്ന ക്രിസ്തു

തീക്ഷ്ണതയില്‍ എരിഞ്ഞ് ഇല്ലാതാകുന്ന ക്രിസ്തു
  • ഡോ. സിജു കൊമ്പന്‍

    (സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി,

    മംഗലപ്പുഴ)

ഇസ്രായേലിനെക്കുറിച്ചുള്ള പൗലോസ് ശ്ലീഹയുടെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്: അവര്‍ക്ക് ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത ശരിയായ അറിവിന്റെ അടിസ്ഥാനത്തി ലല്ലെന്നേയുള്ളൂ (റോമാ 10:2). ഇതു പറയാന്‍ പൗലോസ് ശ്ലീഹയെക്കാള്‍ അറിവും അനുഭവവുമുള്ളവര്‍ ആരുണ്ട്! തീക്ഷ്ണതകൊണ്ട് സഭയെ പീഡിപ്പിച്ചവന്‍, എന്നാല്‍ സത്യത്തെ മുഖാമുഖം കണ്ടപ്പോള്‍ സമ്പൂര്‍ണ്ണമായി സ്വയം തിരുത്തിയവന്‍. ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് പൗലോസിനെ ശരിയായ തീക്ഷ്ണതയിലേക്ക് നയിച്ചു.

ക്രിസ്റ്റഫര്‍ കൊയ്‌ലോ OFM ന്റെ 'ദൈവത്തിന്റെ ഭോഷന്‍' എന്ന പുസ്തകത്തിലെ ഒരു രംഗം ഇങ്ങനെയാണ്: ''അസ്സീസിയില്‍നിന്ന് ജെറുസലേമിലേ ക്കുള്ള യാത്രയിലായിരുന്നു ക്രിസ്റ്റഫര്‍ അച്ചന്‍. വിമാനത്തില്‍ തന്റെ അരികിലിരുന്ന അമേരിക്കക്കാരായ വൃദ്ധ ദമ്പതികളെ അച്ചന്‍ പരിചയപ്പെട്ടു. അവര്‍ യഹൂദരായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒരുക്ക ത്തിനുമൊടുവില്‍ അവര്‍ ജീവിത ത്തിലാദ്യമായി വിശുദ്ധനാട്ടില്‍ കാലുകുത്താന്‍ പോകുകയാണ്. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും നാട്ടില്‍ എത്തിച്ചേരുന്നതിന്റെ ആവേശത്തിലായിരുന്നു അവര്‍. അതിനിടയില്‍ ആ സ്ത്രീ അച്ചനോട് ചോദിച്ചു: 'നിങ്ങള്‍ എന്തു ചെയ്യുന്നു?' 'ഞാനൊരു കത്തോലിക്ക പുരോഹിതനാണ്.' 'കത്തോലിക്കനോ?' 'അതെ.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ധാരാളം കത്തോലിക്കര്‍ക്കിടയിലാണ് ഞാന്‍ എന്റെ കുട്ടിക്കാലം ചിലവഴിച്ചത്. അവര്‍ക്കിടയിലെ ഏക അകത്തോലിക്ക കുടുംബമായിരുന്നു ഞങ്ങളുടേത്. സ്‌കൂളില്‍ മറ്റുകുട്ടികള്‍ പലപ്പോഴും എന്നെ വല്ലാതെ കളിയാക്കാറുണ്ട്. ക്രിസ്തുവിനെ കൊന്നവര്‍ എന്ന് അവര്‍ എന്നെ കൂകി വിളിക്കും. ഒരു ദിവസം ഞാന്‍ ഡാഡിയോട് ചോദിച്ചു, നമ്മള്‍ ക്രിസ്തുവിനെ കൊന്നവരാണൊ? ആരാണീ ക്രിസ്തു? ഡാഡി പറഞ്ഞു: ''നമ്മളുടെ ജീവിതം ഇത്രത്തോളം ദുരിതപൂര്‍ണ്ണമാക്കിയ മനുഷ്യനാണ് യേശുക്രിസ്തു.'''

ക്രിസ്റ്റഫറച്ചന്റെ ഈ അനുഭവം വായിച്ചപ്പോള്‍ വല്ലാത്തൊരു അസ്വസ്ഥതയാണ് എനിക്ക് അനുഭവപ്പെട്ടത്. ഈശോ ദുരിതപൂര്‍ണ്ണമാക്കിയ ഒരു ജീവിതമോ? സത്യത്തില്‍ അവിടുന്ന് ആരുടെയെങ്കിലും ജീവിതം ദുരിതം നിറഞ്ഞതാക്കിയിട്ടുണ്ടോ? എല്ലാവരെയും സഹായിക്കാനും സുഖപ്പെടുത്താനും ആശ്വസിപ്പിക്കാനും വേണ്ടി മാത്രമാണ് ഈശോ ജീവിച്ചതും മരിച്ചതും. ഒരാളെയും ഈശോ ദ്രോഹിച്ചിട്ടില്ല. തന്റെ അരികില്‍ വന്നവരെ എല്ലാവരേയും ആശ്വസിപ്പിച്ചിട്ടേ ഉള്ളൂ. അവിടുത്തെ വേദനാഭരിതമായ മരണംപോലും പരമമായ സ്‌നേഹത്തെപ്രതി ആയിരുന്നു. എന്നിട്ടും പലരുടെയും ജീവിതത്തിലെ ദുരിതങ്ങള്‍ക്ക് അവനാണത്രെ കാരണം! എന്തൊരു വിരോധാഭാസമാണിത്. തെറ്റ് എന്തായാലും യേശുക്രിസ്തുവിന്റേതല്ല, അപ്പോള്‍പ്പിന്നെ അത് അവന്റെ അനുയായികളുടേതാകാനേ തരമുള്ളൂ. ജീവിച്ചിരുന്നപ്പോള്‍ സകലര്‍ക്കും ആശ്വാസ മായിരുന്നവന്‍ കാലങ്ങള്‍ക്കിപ്പുറത്ത് അവന്റെ അനുയായികള്‍ എന്നവകാശപ്പെടുന്നവരുടെ പ്രവൃത്തിദോഷങ്ങള്‍കൊണ്ട് പലരുടെയും ജീവിതങ്ങളില്‍ ദുരിതം വിതയ്ക്കുന്നവനായി മാറ്റപ്പെട്ടിരിക്കുന്നു. കഷ്ടം! ഇത്തരം അനുയായികള്‍ ഇതൊക്കെ യേശുവിനെ ദ്രോഹിക്കാന്‍വേണ്ടി മനഃപൂര്‍വം ചെയ്യുന്നതാണോ? ഒരിക്കലുമല്ല. തീക്ഷ്ണതകൊണ്ട്, തെറ്റായ അറിവിന്റെ അടിസ്ഥാനത്തിലുള്ള തീക്ഷ്ണതകൊണ്ട് സംഭവിക്കുന്നതാണ് ഇതൊക്കെ.

ക്രിസ്തുവിനെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ ക്രിസ്തു ഒരു വ്യക്തി എന്നതുപോലെത്തന്നെ ഒരു മൂല്യവ്യവസ്ഥ കൂടിയാണ് എന്നത് ഇവര്‍ മറന്നു പോകുന്നു. ക്രിസ്തു മുന്നോട്ടുവച്ച ആശയ ലോകം തകര്‍ത്തില്ലാതാക്കിയിട്ട് എങ്ങനെയാണ് ഇക്കൂട്ടര്‍ ക്രിസ്തുവിനെ സംരക്ഷിക്കാന്‍ പോകുന്നത്?

ഇസ്രായെലിനെക്കുറിച്ചുള്ള പൗലോസ് ശ്ലീഹയുടെ ഈ നിരീക്ഷണത്തിനും ക്രിസ്റ്റഫറച്ചന്റെ അനുഭവത്തിനും ഇന്നും വളരെ പ്രസക്തിയുണ്ട്. കാരണം, ക്രിസ്തുവിനെപ്രതി തീക്ഷ്ണത കൊണ്ടെരിയുന്ന ഒരുപാടുപേരുടെ യിടയിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം തീക്ഷ്ണമതികളെ ധാരാളമായി കാണാം. അവരില്‍ പലരുടെയും ഇടപെടലുകള്‍ കാണുമ്പോള്‍ തോന്നും ഇത്രയ്ക്കും ബോറനായിരുന്നൊ യേശുവെന്ന്. യേശുവിനുവേണ്ടി സംസാരിച്ചും എഴുതിയും യേശുവിനെ മറ്റുള്ളവരുടെ സമാധാനം കെടുത്തുന്നവനായി, അവരുടെ ജീവിതത്തില്‍ ദുരന്തം വിതയ്ക്കുന്നവനായി പരിവര്‍ത്തനം ചെയ്യുകയാണിക്കൂട്ടര്‍.

ഈ തീക്ഷ്ണമതികളുടെ ലക്ഷ്യം പിഴയ്ക്കുന്നത് എന്തുകൊണ്ടാണ്? രണ്ടു കാരണങ്ങളാണ് പൗലോസ് ശ്ലീഹ പറയുന്നത്. ഒന്നാമത്തേത്: 'ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതു കൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ് വഴങ്ങിയില്ല' (റോമാ 10:3). ഇസ്രായേലിന്റെ തെറ്റിപ്പോയ തീക്ഷ്ണതയുടെ കാരണം അവര്‍ ദൈവത്തിന്റെ നീതിക്കു മുകളില്‍ തങ്ങളുടെ നീതി സ്ഥാപിക്കാന്‍ വ്യഗ്രതയോടെ ശ്രമിച്ചതാണ് എന്ന് പൗലോസ് വിലയിരുത്തുന്നു. ദൈവത്തിന്റെ പേരില്‍ അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് തങ്ങളുടെത്തന്നെ ഗൂഢവും തീവ്രവുമായ അഭിലാഷങ്ങളായിരുന്നു. പലപ്പോഴും സ്വന്തം ലക്ഷ്യങ്ങളുടെ പ്രച്ഛന്നരൂപമായി അവര്‍ ദൈവത്തെ അവതരിപ്പിക്കുകയാണ് ചെയ്തത്. സുവിശേഷങ്ങളില്‍ പലതും പറഞ്ഞു കാണും എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ശരിയാകണമെങ്കില്‍ തങ്ങള്‍ പറയുന്നതുപോലെത്തന്നെ എല്ലാം നടക്കണം എന്നാണവരുടെ വാശി. സുവിശേഷം അപ്രായോഗികമാണെന്നാണ് ഇവര്‍ പലപ്പോഴും പറയാതെ പറയുന്നത്. കാരണം, അവരെ നയിക്കുന്നത് ദൈവത്തിന്റെ നീതിയല്ല, തങ്ങളുടെതന്നെ നീതി സ്ഥാപിക്കാനുള്ള വ്യഗ്രത മാത്രമാണ്. ദൈവം എന്ന പുറംകടലാസില്‍ സസൂക്ഷ്മം പൊതിഞ്ഞെടുത്ത ആത്മരതിയുടെ വ്യാപാരികളാ ണിവര്‍. ഇത്തരക്കാരുടെ മനസ്സ് പൂന്താനത്തിന്റെ വരികളില്‍ വ്യക്തമാണ്: 'ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ചു, ബ്രഹ്മാവുമെനിക്കൊക്കായെന്നു ചിലര്‍.'

രണ്ടാമത്തെ കാരണം വ്യക്തമാകുന്നത് രാജക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ ഏലിയായുടെ തീക്ഷ്ണതയെ പൗലോസ് ശ്ലീഹ സ്വതന്ത്രമായി വ്യാഖ്യാനിക്കുമ്പോഴാണ് (റോമാ 11:3). ബാല്‍ദേവന്റെ നാനൂറ്റമ്പ തോളം പ്രവാചകരെ വധിച്ച തിന്റെ പേരില്‍ ജെസബെല്‍ രാജ്ഞിയുടെ കഠിനക്രോധത്തി നിരയായ ഏലിയ ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തു. ഒരു ഗുഹയില്‍ ഒളിച്ചുതാമസിക്കുന്ന തിനിടയില്‍ കര്‍ത്താവിന്റെ സ്വരത്തിന് മറുപടിയായി ഏലിയ പറയുന്നു, കര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്തുന്നവരില്‍ താന്‍ മാത്രമേ ശേഷിച്ചിട്ടുള്ളൂ, താനൊരുവന്‍ മാത്രം. ഇതിന് ദൈവം കൊടുത്ത മറുപടിയെയാണ് പൗലോസ് വിശകലനം ചെയ്യുന്നത്. ശ്ലീഹ എഴുതുന്നു: 'എന്നാല്‍ ദൈവം അവനോട് മറുപടി പറഞ്ഞതെന്താണെ ന്നോ? ബാലിന്റെ മുന്‍പില്‍ കുമ്പിടാത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്.'

തീക്ഷ്ണതയുടെ ദിശ പലപ്പോഴും മാറിപ്പോകുന്നത് എലിയായ്ക്കു സംഭവിച്ചതു പോലെയുള്ള മൗഢ്യത്തിലക പ്പെടുമ്പോളാണ്. ദൈവത്തിനു വേണ്ടി സംസാരിക്കാന്‍ താനൊരുവന്‍ മാത്രമേ മിച്ച മുള്ളൂ എന്ന മൗഢ്യം. ഇങ്ങനെയൊരു തോന്നല്‍ മനസ്സില്‍ കയറിക്കൂടിയാല്‍ പ്പിന്നെ ഭക്തര്‍ ദൈവത്തേക്കാള്‍ വളരാന്‍ തുടങ്ങും. 'മൂര്‍ത്തിയെ ക്കാള്‍ വലിയ ശാന്തിയുള്ള കാലം' എന്ന നാട്ടുപ്രയോഗം പോലെയാകും ആ അവസ്ഥ. ദൈവത്തെ എങ്ങനെയെങ്കിലും രക്ഷിച്ചേ പറ്റൂ എന്ന തീക്ഷ്ണത യിലായിരിക്കും അവര്‍ ഓരോ ന്നും ചെയ്തുകൂട്ടുന്നത്. തങ്ങളിടപ്പെട്ടില്ലെങ്കില്‍ ദൈവ ത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് അവര്‍ ഭയക്കുന്നതു പോലെ തോന്നും അവരുടെ പ്രവൃത്തികള്‍ കണ്ടാല്‍. ക്രിസ്തുവിനെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ ക്രിസ്തു ഒരു വ്യക്തി എന്നതുപോലെത്തന്നെ ഒരു മൂല്യവ്യവസ്ഥ കൂടിയാണ് എന്നത് ഇവര്‍ മറന്നു പോകുന്നു. ക്രിസ്തു മുന്നോട്ടുവച്ച ആശയ ലോകം തകര്‍ത്തില്ലാതാക്കിയിട്ട് എങ്ങനെയാണ് ഇക്കൂട്ടര്‍ ക്രിസ്തുവിനെ സംരക്ഷിക്കാന്‍ പോകുന്നത്? ഇത്തരക്കാരുടെ വാഴ്ത്തുപാട്ടുകള്‍ സത്യത്തില്‍ ക്രിസ്തുവിനാവശ്യമുണ്ടോ?

നിക്കോസ് കസന്‍ദ് സാക്കി സ് തന്റെ 'ദൈവത്തിന്റെ രക്ഷകര്‍' എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ 'ദൈവം സഞ്ചരിക്കുന്ന വീഥിയില്‍ അവിടുത്തേക്ക് വഴിതെളിയി ക്കുക എന്നതല്ല നമ്മുടെ ദൗത്യം. അവിടുന്നു തെളിച്ചു കാട്ടുന്ന വഴിയിലൂടെ സഞ്ചരി ക്കുക എന്നതാണ്.' ക്രിസ്തുവി നെക്കുറിച്ച് തീക്ഷ്ണത ഉണ്ടായിരിക്കുകതന്നെ വേണം. എന്നാല്‍ ആ തീക്ഷ്ണതയില്‍ എരിഞ്ഞ് ക്രിസ്തുതന്നെ ഇല്ലാതായിപ്പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടോയെന്ന് ജാഗ്രത യോടെ വിലയിരുത്തുകയും വേണം. ക്രിസ്തുവിനേക്കാള്‍ വലിയ ക്രിസ്ത്യാനി ആത്യന്തിക മായി ഒരു ദുരന്തം തന്നെയാണ്. അവരാണ് സ്‌നേഹസ്വരൂപനായ ക്രിസ്തുവിന് രൂപഭേദം വരുത്തി മറ്റുള്ളവരുടെ ജീവിതത്തില്‍ ദുരന്തം വിതയ്ക്കുന്നവനാക്കി അവതരിപ്പിക്കുന്നത്. അവരുടെ ദിശതെറ്റിയ തീക്ഷ്ണതയില്‍ എരിഞ്ഞില്ലാതായിത്തീരുന്നത് ക്രിസ്തുതന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org