
മാര്‍പാപ്പയായി സ്ഥാനമേറ്റ് ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞപ്പോള്‍, 2006 ആഗസ്റ്റ് 29 നു ബെനഡിക്ട് പാപ്പാ തന്റെ ആത്മീയ ഒസ്യത്ത് എഴുതി വച്ചു, മരണശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയോടെ. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ എഴുതിയ ആ മരണപത്രികയുടെ മലയാളപരിഭാഷ:
കടന്നുപോന്ന ദശാബ്ദങ്ങളിലേക്കു ജീവിതത്തിന്റെ ഈ അവസാനയാമത്തില്‍തിരിഞ്ഞു നോക്കുകയാണെങ്കില്‍, നന്ദി അര്‍പിക്കാനുള്ള എത്രയോ കാരണങ്ങള്‍ ഞാന്‍ കാണുന്നു. പ്രഥമമായും പ്രധാനമായും ദൈവത്തിനു തന്നെയാണു ഞാന്‍ നന്ദി പറയേണ്ടത്, എല്ലാ നല്ല ദാനങ്ങളുടെയും ദാതാവ്, എനിക്കു ജീവനേകുകയും ആശയക്കുഴപ്പത്തിന്റെ വിവിധ കാലങ്ങളിലൂടെ എന്നെ വഴിനടത്തുകയും ചെയ്തവന്‍, വീഴാന്‍ തുടങ്ങിയപ്പോഴൊക്കെ എന്നെ എടുത്തുയര്‍ത്തുകയും തന്റെ തിരുമുഖത്തിന്റെ വെളിച്ചം എപ്പോഴും ആവര്‍ത്തിച്ചെനിക്കു തരികയും ചെയ്ത ദൈവം. ഈ യാത്രയിലെ ഏറ്റവും അന്ധകാരപൂര്‍ണവും ശ്രമകരവുമായ ഘട്ടങ്ങള്‍ പോലും എന്റെ രക്ഷയ്ക്കു വേണ്ടിയുള്ളതായിരുന്നുവെന്നും അവയിലൂടെയാണ് അവനെന്നെ നന്നായി നയിച്ചതെന്നും തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
ദുഷ്‌കരമായ ഒരു കാലഘട്ടത്തില്‍ മഹാത്യാഗങ്ങള്‍ സഹിച്ച് എനിക്കു ജന്മമേകുകയും തങ്ങളുടെ സ്‌നേഹം കൊണ്ട് മഹനീയമായ ഒരു ഭവനം എനിക്കൊരുക്കുകയും ചെയ്ത എന്റെ മാതാപിതാക്കള്‍ക്കു ഞാന്‍ നന്ദി പറയുന്നു; ഇന്നുവരെയുള്ള എന്റെ എല്ലാ ദിനങ്ങളെയും തെളിച്ചമുള്ള വെളിച്ചത്തെ പോലെ പ്രകാശിപ്പിച്ചവരാണവര്‍. എന്റെ പിതാവിന്റെ സുവ്യക്തമായ വിശ്വാസം മക്കളായ ഞങ്ങളെ വിശ്വസിക്കാന്‍ പഠിപ്പിച്ചു, എന്റെ എല്ലാ ശാസ്ത്രീയാന്വേഷണങ്ങള്‍ക്കിടയിലും എപ്പോഴും അതൊരു വഴികാട്ടിയായി അചഞ്ചലം നിലകൊണ്ടു. എന്റെ അമ്മയുടെ ഗാഢമായ ഭക്തിയും മഹത്തായ നന്മയുമാകട്ടെ എനിക്കൊരിക്കലും നന്ദി പറഞ്ഞു തീര്‍ക്കാനാകാത്ത ഒരു പൈതൃകത്തെ പ്രതിനിധീകരിക്കുന്നു. എന്റെ സഹോദരി ദശാബ്ദങ്ങളോളം നിസ്വാര്‍ത്ഥമായി, സ്‌നേഹപൂര്‍ണമായ കരുതലോടെ എന്നെ സഹായിച്ചു. എന്റെ സഹോദരന്‍ തന്റെ വിധിതീര്‍പുകളിലെ വ്യക്തത കൊണ്ടും ഓജസ്സുള്ള നിശ്ചയദാര്‍ഢ്യം കൊണ്ടും ഹൃദയശാന്തത കൊണ്ടും എപ്പോഴും എനിക്കു വഴിയൊരുക്കി. നിരന്തരം എനിക്കു മുമ്പേയും കൂടെയുമുള്ള ഈ യാത്ര ഇല്ലായിരുന്നെങ്കില്‍ ശരിയായ മാര്‍ഗം കണ്ടെത്താന്‍ എനിക്കു കഴിയുമായിരുന്നില്ല.
എപ്പോഴും എനിക്കൊപ്പം നിറുത്തിയിട്ടുള്ള, സ്ത്രീകളും പുരുഷന്മാരുമായ, അനേകം സുഹൃത്തുക്കളെ പ്രതി ഹൃദയത്തിനുള്ളില്‍ നിന്നു ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു, ജീവിതയാത്രയുടെ എല്ലാ ഘട്ടങ്ങളിലും എനിക്കു നല്‍കിയ സഹകാരികള്‍ക്കു വേണ്ടി നന്ദി, അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നന്ദി. അവരെയെല്ലാം കൃതജ്ഞതാപൂര്‍വം ഞാന്‍ അവിടുത്തെ നന്മയ്ക്കു ഭരമേല്‍പിക്കുന്നു. ബവേറിയന്‍ ആല്‍പ്‌സ് പര്‍വതനിരകളുടെ അടിവാരത്തിലെ മനോഹരമായ എന്റെ ജന്മനാടിനെ പ്രതിയും ഞാന്‍ കര്‍ത്താവിനു നന്ദി പറയുന്നു, സൃഷ്ടികര്‍ത്താവിന്റെ തേജസ്സ് എനിക്കെപ്പോഴും അവിടെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ ജന്മനാട്ടിലെ ജനങ്ങള്‍ക്കു നന്ദി പറയുന്നു, വിശ്വാസത്തിന്റെ സൗന്ദര്യം അവരില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അനുഭവിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാട് വിശ്വാസത്തിന്റെ നാടായി നിലനില്‍ക്കട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, പ്രിയ നാട്ടുകാരെ, വിശ്വാസത്തില്‍ നിന്ന് അകന്നു പോകാന്‍ ഒരിക്കലും സ്വയം അനുവദിക്കരുതെന്നു നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജീവിതയാത്രയുടെ എല്ലാ ഘട്ടങ്ങളിലും എനിക്കനുഭവിക്കാന്‍ കഴിഞ്ഞ എല്ലാ സൗന്ദര്യത്തിനും ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. വിശേഷിച്ചും, എന്റെ രണ്ടാം ജന്മനാടായി മാറിയ റോമിലും ഇറ്റലിയിലുമടക്കം.
ഏതെങ്കിലും വിധത്തില്‍ ഞാന്‍ തെറ്റു ചെയ്ത എല്ലാവരോടും ഹൃദയപൂര്‍വം ക്ഷമ ചോദിക്കുന്നു.
നേരത്തെ എന്റെ നാട്ടുകാരോടു പറഞ്ഞത്, ഇപ്പോള്‍ സഭയില്‍ എന്റെ സേവനത്തിനായി ഭരമേല്‍പിക്കപ്പെട്ട എല്ലാവരോടും ഞാന്‍ പറയുന്നു: വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക! പലപ്പോഴും ശാസ്ത്രം - പ്രകൃതിശാസ്ത്രങ്ങള്‍ ഒരു വശത്തും ചരിത്രഗവേഷണം (വിശേഷിച്ചും സുവിശേഷവ്യാഖ്യാനം) മറുവശത്തും - കത്തോലിക്കാ വിശ്വാസത്തിനു ചേരാത്ത അനിഷേധ്യഫലങ്ങള്‍ നല്‍കുന്നതായി കാണപ്പെടുന്നു. പ്രകൃതിശാസ്ത്രങ്ങളുടെ രൂപാന്തരങ്ങള്‍ വളരെ കാലമായി ഞാന്‍ മനസ്സിലാക്കുന്നുണ്ട്, നേര്‍വിരുദ്ധമായി, വിശ്വാസത്തിനെതിരെയുള്ള പ്രകടമായ നിശ്ചയങ്ങള്‍ മാഞ്ഞുപോകുന്നതും കാണാനിടയായിട്ടുണ്ട്. അവ ശാസ്ത്രമല്ല, മറിച്ച് ശാസ്ത്രസംബന്ധിയായ താത്വികവ്യാഖ്യാനങ്ങള്‍ മാത്രമായിരുന്നുവെന്നു തെളിയിക്കപ്പെട്ടു. മറുവശത്ത്, സ്വന്തം അവകാശവാദങ്ങളുടെ പരിമിതിയും അപ്രകാരം അതിന്റെ സുവ്യക്തതയും കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ പ്രകൃതിശാസ്ത്രങ്ങളുമായുള്ള സംഭാഷണത്തിലൂടെ വിശ്വാസത്തിനും സാധിച്ചു. ദൈവശാസ്ത്രത്തിന്റെ, വിശേഷിച്ചും ബൈബിള്‍ വിജ്ഞാനീയത്തിന്റെ യാത്രയെ ഞാന്‍ അനുയാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് അറുപതു വര്‍ഷങ്ങളായിരിക്കുന്നു. വിവിധ തലമുറകളുടെ തുടര്‍ച്ചയ്ക്കിടയില്‍, അചഞ്ചലമെന്നു തോന്നിച്ച സിദ്ധാന്തങ്ങള്‍ തകരുന്നതു ഞാന്‍ കണ്ടു, അവ വെറും അനുമാനങ്ങള്‍ മാത്രമായിരുന്നുവെന്നു തെളിയിക്കപ്പെട്ടു: പുരോഗമന തലമുറ (ഹാര്‍നാക്ക്, യുലിഷെര്‍...) അസ്തിത്വവാദ തലമുറ (ബുള്‍ട്ടമാന്‍...), മാര്‍ക്‌സിസ്റ്റ് തലമുറ. അനുമാനങ്ങളുടെ കുരുക്കില്‍ നിന്നു വിശ്വാസത്തിന്റെ ന്യായയുക്തത എങ്ങനെ ഉയര്‍ന്നു വന്നു എന്നതും ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കുന്നു എന്നതും ഞാന്‍ കണ്ടു, കാണുന്നു. യേശുക്രിസ്തുവാണ് ശരിക്കും വഴിയും സത്യവും ജീവനും - സഭയാണ്, അതിന്റെ എല്ലാ അപര്യാപ്തതകളോടും കൂടി, ശരിക്കും അവന്റെ ശരീരം.
ഒടുവില്‍, ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു: എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, അതുവഴി എന്റെ എല്ലാ പാപങ്ങളും അപര്യാപ്തതകളുമുണ്ടായിരിക്കെയും നിത്യതയുടെ ഗേഹങ്ങളിലേക്ക് കര്‍ത്താവെന്നെ സ്വീകരിക്കട്ടെ. എനിക്കു ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി അനുദിനം എന്റെ ഹൃദയപൂര്‍വകമായ പ്രാര്‍ത്ഥനകളുയരുന്നു.