ചരിത്രസത്യം കുഴിച്ചുമൂടിയ ദളവാക്കുളം

ചരിത്രസത്യം കുഴിച്ചുമൂടിയ ദളവാക്കുളം
പച്ചയായ പരമാര്‍ത്ഥങ്ങള്‍ ഇന്നും ദളവാകുളങ്ങളില്‍ കുഴിച്ചു മൂടപ്പെട്ട നിലയിലും, കരകളില്‍ ചാരം മൂടിയ രീതിയിലും കാണാതെ പോകുവാനും, മൂര്‍ച്ചയേറിയ വാളുകള്‍ക്കിരയായപ്പോള്‍ പിന്നാക്കക്കാരന്റെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നു കേട്ട അലമുറകള്‍ ഓര്‍ക്കാതിരിക്കുവാനും നമുക്ക് കഴിയുമോ!!!

മലയാളിയായ കെ പി എസ് മേനോന്‍ ആയിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ വിദേശകാര്യ സെക്രട്ടറി. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അദ്ദേഹം സന്ദര്‍ശിച്ചു. സംഭാഷണമധ്യേ താന്‍ തിരുവിതാംകൂര്‍ സ്വദേശിയാണെന്നു അഭിമാനപൂര്‍വം പരിചയപ്പെടുത്തിയപ്പോള്‍ ഈ പ്രദേശം വൈക്കത്തിനടുത്ത് ആണോ എന്ന് ചര്‍ച്ചില്‍ ചോദിച്ചു. ബ്രിട്ടീഷ് ഇന്ത്യയില്‍ തിരുവിതാംകൂറിലെ ഒരു ചെറിയ പ്രദേശം മാത്രമാണ് വൈക്കം എന്ന് മേനോന്‍ തിരുത്തി. അപ്പോള്‍ ചിരിച്ചുകൊണ്ട് ചര്‍ച്ചില്‍ ഇങ്ങനെ പറഞ്ഞത്രേ; മകന്‍ പിതാവിനെക്കാള്‍ പ്രശസ്തനായി ചിലപ്പോള്‍ മാറുന്നു!!!

ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ചില്‍ ഇങ്ങനെ പറയുവാന്‍ ഒരു കാരണമുണ്ടായിരുന്നു. 1806-ല്‍ തിരുവിതാംകൂറിലെ വൈക്കം താലൂക്കില്‍ നടന്ന ഒരു സംഭവം ചരിത്രത്താളുകളില്‍ ഇടം പിടിച്ചിരുന്നത് വായിക്കുവാന്‍ ഇടയായതിനെ തുടര്‍ന്നുള്ള ഓര്‍മ്മകളാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു ചോദ്യം ശ്രീമാന്‍ മേനോനോട് ചോദിക്കുവാന്‍ ഇടയാക്കിയത്.

2023-ല്‍ നാമിപ്പോള്‍ 1923-ലെ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുകയാണല്ലോ! ഈ സത്യാഗ്രഹത്തിന് ഉപോല്‍ബലകമായി ചില സാഹചര്യങ്ങള്‍ അന്നു തിരുവിതാംകൂറില്‍ നിലനിന്നിരുന്ന കാര്യം നമുക്ക് ഓര്‍ത്തെടുക്കാം.

ഈഴവരാദി പിന്നോക്ക വിഭാഗക്കാര്‍ക്ക് അന്ന് സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പോയി പഠിക്കുവാനോ, ക്ഷേത്രത്തില്‍ കയറി ദൈവത്തെ ആരാധിക്കുവാനോ അനുവാദം ഉണ്ടായിരുന്നില്ല. ഈഴവര്‍ തുടങ്ങിയുള്ള കീഴ്ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറിടം മറയ്ക്കുന്ന ശീല (ഇന്നത്തെ ബ്ലൗസ്) ധരിക്കുവാനുള്ള അനുവാദവും ഇല്ലായിരുന്നു. കാരണം ഇവര്‍ തീണ്ടലും തൊടീലും തിരസ്‌കരണവും ഏറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ട ഹീന ജാതിക്കാരായിട്ടാണ് അന്ന് പരിഗണിക്കപ്പെട്ടിരുന്നത്. ഇതിലും ഭീകരമായുള്ള മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ കയറുവാന്‍ അനുവാദം ഇല്ലായിരുന്നുവെന്നു മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചുറ്റുമുള്ള പൊതു വഴികളില്‍ കൂടി നടക്കുവാന്‍ പോലും കര്‍ശനമായ വിലക്കായിരുന്നു. വൈക്കം ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് അഞ്ചു റോഡുകള്‍ ഉണ്ടായിരുന്നു. രണ്ടെണ്ണം ക്ഷേത്ര ചുറ്റുമതിലിനു അകത്തും മൂന്നെണ്ണം വെളിയിലുമായിരുന്നു. ക്ഷേത്ര കോമ്പൗണ്ടിനു അകത്തുള്ള റോഡുകളില്‍ മാത്രമല്ല, പുറത്തുള്ള റോഡില്‍ കൂടിയും ഈഴവരാദി പിന്നാക്കക്കാര്‍ക്ക് നടക്കുവാന്‍ അനുവാദം ഇല്ലായിരുന്നുവെന്നുള്ള തീട്ടൂരത്തിന് എതിരെ അന്നൊരു പ്രക്ഷോഭം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ഈ സമരം. അറുനൂറ്റി മൂന്നു ദിവസം നീണ്ടു നിന്ന ഈ സമരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പെരിയോര്‍ എന്നീ തന്തൈപെരിയോര്‍, വിവേകസൂര്യന്‍, വൈക്കം വീരന്‍ എന്നീ വിളിപ്പേരുകളുള്ള ദ്രാവിഡകഴകം നേതാവ് ഈറോഡ് വെങ്കട്ടപ്പ രാമസ്വാമി നായ്ക്കര്‍ (ഋഢഞ) ഉള്‍പ്പെടെയുള്ള വിപ്ലവകാരികള്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചിരുന്ന കാര്യം രേഖകളില്‍ നിന്നും നാം വായിച്ചെടുക്കുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ഏതാനും മാസം മുമ്പ് ഇന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ദ്രാവിഡ മുന്നേറ്റകഴകം നേതാവ് മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ (എം. കെ. സ്റ്റാലിന്‍) പങ്കെടുത്തത് ഈ സമരവുമായി ഇ. വി. ആറിനുണ്ടായിരുന്ന സ്മരണകള്‍ പുതുക്കുവാനായിരുന്നു. ഈ സമരത്തില്‍ പഞ്ചാബില്‍ നിന്നുമുള്ള സിക്കുമതക്കാരും സജീവമായി പങ്കെടുത്തിരുന്നു. ഹിന്ദു ക്ഷേത്രവുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ക്ക് എതിരെ നടന്ന സമരത്തില്‍ ഹിന്ദുക്കള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും മറ്റു മതത്തില്‍പ്പെട്ടവര്‍ അവിടെ നിന്നും ഒഴിഞ്ഞുനില്ക്കണമെന്നും കോ ണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന മഹാത്മാഗാന്ധി എടുത്ത നിലപാട് വൈമനസ്യത്തോടെയെങ്കിലും തിരുവിതാംകൂറിലെ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കേണ്ടി വന്നു. ഇതിനെ തുടര്‍ന്ന്, പഞ്ചാബികള്‍ സമരത്തില്‍ നിന്നു പിന്മാറുകയും, സിക്കുകാര്‍ക്ക് ചപ്പാത്തിയും ദാലും പാകം ചെയ്യുവാന്‍ പ്രത്യേകമായി ഒരുക്കിയിരുന്ന അടുക്കള അടച്ചുപൂട്ടി അവര്‍ തിരികെ പോവുകയും ചെയ്തു. മഹാത്മജിയുടെ ഈ ഉത്തരവ് വരുന്നതിനുമുമ്പ്, വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ച് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഇരുമ്പഴിക്കുള്ളില്‍ കിടക്കവേ, ഗാന്ധിജിയുടെ തീരുമാനം അറിഞ്ഞ ബാരിസ്റ്റര്‍ ജോസഫ്, ഖിന്നനായി രാഷ്ട്രീയം തന്നെ പില്ക്കാലത്ത് ഉപേക്ഷിച്ചത് പിന്നീടുള്ള ചരിത്രം. ഗാന്ധിജിയുടെ ഈ നിലപാട് പില്ക്കാലത്ത് ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്ക് വഴി തെളിച്ചു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തു വന്നു. അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഗാന്ധിജിയുടെ ഈ പ്രവൃത്തിയുടെ തിക്തഫലം അദ്ദേഹത്തിനു തന്നെ അനുഭവിക്കേണ്ടി വന്നുവെന്നു പില്ക്കാല ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നതു കൂടി അറിയുന്നതും നന്നായിരിക്കും. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അധികാരികള്‍ സവര്‍ണ്ണ ബ്രാഹ്മണര്‍ ആയിരുന്നു. വൈക്കം സത്യാഗ്രഹത്തിന് ഒരു പരിഹാരം ഉണ്ടാകുന്നതിലേക്കായി ജാതീയ വിവേചനം അവസാനിപ്പിക്കണമെന്ന ദൗത്യവുമായി മഹാത്മഗാന്ധി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയെ കാണുവാന്‍ വരികയുണ്ടായി. ക്ഷേത്രത്തിനു സമീപമുള്ള അരമനയില്‍ (നമ്പൂതിരി ഇല്ലം) ചെന്ന മഹാത്മജിക്ക് മോശമായ പെരുമാറ്റമാണ് ബ്രാഹ്മണ പൂജാരിയില്‍ നിന്നുമുണ്ടായത്. ഗുജറാത്തിലെ ജാതി വ്യവസ്ഥയില്‍ ഗാന്ധിജി ഉള്‍പ്പെട്ട ബനിയ വിഭാഗം പിന്നാക്ക വിഭാഗമാണ്. ആയതിനാല്‍ ബ്രാഹ്മണനോടൊപ്പം ഇല്ലത്തിന് അകത്ത് ഇരിക്കുവാന്‍ ഗാന്ധിജിക്ക് അനുവാദം ലഭിച്ചില്ല. പകരം മുറ്റത്ത് ഇട്ടിരുന്ന കസേരയില്‍ ഇരുന്നാണ് ഗാന്ധിജി മുഖ്യപുരോഹിതനുമായി സംഭാഷണം നടത്തിയത്.

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നു. ലേഖനങ്ങള്‍, കവിതകള്‍, നാടകങ്ങള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ കലാസാഹിത്യ രൂപങ്ങളിലൂടെ ഈ ചരിത്രം പുനരാവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചര്‍ച്ചാക്ലാസ്സുകള്‍, സെമിനാറുകള്‍, പൊതുയോഗങ്ങള്‍ ഇവകളില്‍ കൂടി സമരത്തിന്റെ വിവിധ രൂപഭാവങ്ങള്‍ പൊതുസമൂഹത്തിനു മുമ്പില്‍ അനാവരണം ചെയ്തുകൊണ്ടിരുന്നു. ഈ വക സമസ്യകള്‍ അരങ്ങേറുന്ന വേദികളിലും, ഇതിനെ പരാമര്‍ശിക്കുന്ന അച്ചടിദൃശ്യ മാധ്യമങ്ങളിലും സവര്‍ണ്ണരും അവര്‍ണ്ണരും ഒന്നിച്ചു മറയ്ക്കുവാന്‍ ശ്രമിക്കുന്ന ഒരു സംഭവമുണ്ട്. അത് വൈക്കത്തെ ദളവാ കുളവുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രമാണ്. വൈക്കം സത്യാഗ്രഹം നടക്കുന്നതിനും നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1806-ല്‍ നടന്ന ഒരു കൂട്ടക്കുരുതിയാണ് ദളവാകുളം സംഭവം. ഏകദേശം ഇരുനൂറോളം വരുന്ന താഴ്ന്ന ജാതിക്കാര്‍ കൈയിലൊരു ചുള്ളിക്കമ്പുപോലും ഇല്ലാതെ സമാധാനപരമായി മുദ്രാവാക്യം മുഴക്കി ഒരു ജാഥ നടത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിനുള്ളില്‍ കയറി ദൈവത്തെ തൊഴുതു പ്രാര്‍ത്ഥിക്കുവാന്‍ അല്ലായിരുന്നു; മറിച്ച് ക്ഷേത്രത്തിന്റെ പരിസരത്തുള്ള പൊതുവഴിയില്‍ കൂടി നടക്കുവാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു കൂടി വേണം എന്നായിരുന്നു ജാഥാംഗങ്ങളുടെ ആവശ്യം. ജാഥയില്‍ ഭൂരിഭാഗവും ഈഴവസമുദായ അംഗങ്ങളായിരുന്നു. ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ട ഒരു വിഷയമുണ്ട്. ക്ഷേത്ര കോമ്പൗണ്ടിന് പുറത്തുള്ള വഴിയില്‍ കൂടി നടക്കുന്നതിന് ക്രിസ്ത്യാനികള്‍ക്കു വിലക്ക് ഇല്ലായിരുന്നു. മറിച്ച് ഹിന്ദു സമുദായത്തില്‍ പെട്ട ഈഴവരാദി ദലിത് പിന്നാക്ക വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നു സഞ്ചാര നിരോധനം. അതു സൂചിപ്പിക്കുന്ന ലിഖിതങ്ങള്‍ രേഖപ്പെടുത്തിയ പലകകളും അവിടെ നാട്ടിയിരുന്നു. എന്നാല്‍, ഈ ആവശ്യവും അതിനെ തുടര്‍ന്നുള്ള ജാഥയും ഒരു ധിക്കാരവും അതുവഴി നിയമവിരുദ്ധമായ കൊടിയ കുറ്റവുമായാണ് തിരുവിതാംകൂര്‍ രാജഭരണത്തിനു തോന്നിയത്. ആയതിനാല്‍ ജാഥ തടയുവാന്‍ പട്ടാളത്തെ നിയോഗിച്ചു. വേലുത്തമ്പിയായിരുന്നു അന്നത്തെ ദിവാന്‍. അദ്ദേഹമാണ് പട്ടാളത്തെ നിയന്ത്രിച്ചിരുന്നത്. പട്ടാളക്കാരില്‍ നൂറു ശതമാനവും സവര്‍ണ്ണസമുദായത്തില്‍ പെട്ടവരായിരുന്നു. സമാധാനപരമായി നിരായുധരായി വന്ന സമരക്കാരുടെ ആവലാതികള്‍ക്ക് വാളു കൊണ്ട് കുതിര പട്ടാളം മറുപടി നല്‍കി. ഫലമോ ജാഥയിലുണ്ടായിരുന്ന ഏകദേശം ഇരുനൂറോളം ആളുകള്‍ (ഈ കണക്ക് ഒരു ഉദ്ദേശം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ മരിച്ചവരെപ്പറ്റി ഇപ്പോഴും രേഖകള്‍ ഇ ല്ലായെന്നുള്ളത് മറ്റൊരു സത്യം). മൂര്‍ച്ചയേറിയ വാളുകള്‍ക്കിരയായി. ഇവരെ എല്ലാം തന്നെ തൊട്ടടുത്തുണ്ടായിരുന്ന ഒരു കുളത്തില്‍ വലിച്ചെറിഞ്ഞു. അതിനുശേഷം ഈ കുളം മണ്ണിട്ടു മൂടി. ദളവയുടെ കുതിര പട്ടാളം കൊന്നു തള്ളിയവരെ മൂടിയ കുളത്തിനെ പില്ക്കാലത്ത് ദളവാ കുളം എന്നു വിളിച്ചു പോന്നു. അന്നത്തെ ദളവാകുളം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോള്‍ വൈക്കം ബസ് സ്റ്റാന്‍ഡ് നിലകൊള്ളുന്നത്. മരിച്ചവര്‍ എല്ലാം തന്നെ തീരെ ദരിദ്രരും അന്നത്തെ വ്യവസ്ഥിതിയില്‍ തീണ്ടലും തൊടീലും തുടങ്ങിയുള്ള ജാത്യാചാരങ്ങള്‍ക്ക് വിധേയപ്പെട്ടു ജീവിക്കുന്നവരുമായിരുന്നു. ആയതിനാല്‍ അവര്‍ക്കായി ശബ്ദിക്കുവാനോ എന്തിനേറെ വിലപിക്കുവാന്‍ പോലും ആരും മുന്നോട്ടു വന്നിരുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പക്ഷേ, രാജാവിനോടുള്ള ഭക്തിയും പട്ടാളത്തോടുള്ള ഭയവുമാകാം കാരണം.

വൈക്കം താലൂക്ക് എസ്.എന്‍.ടി.പി. യൂണിയന്‍, പൊതുയോഗം ചേര്‍ന്ന് വൈക്കം ബസ് സ്റ്റാന്‍ഡിന്റെ പേര് ദളവാക്കുളം രക്തസാക്ഷി സ്മാരകം എന്നാക്കി മാറ്റണമെന്ന് ഒരു പ്രമേയം പാസ്സാക്കിയതായി വിവിധ മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധികരിച്ചതൊഴിച്ചാല്‍ ഈ 'കുളം' കാലക്രമേണ വിസ്മൃതിയുടെ കയത്തില്‍ മുങ്ങിത്താണകൊണ്ടിരിക്കുന്ന നയനമനോഹര കാഴ്ചയ്ക്കും പൊതുസമൂഹം സാക്ഷികളായി കൊണ്ടിരിക്കുന്നു. വര്‍ത്തമാനകാല മലയാളഭൂമിയില്‍ പണ്ടത്തെ ഹീനജാതിയെന്ന് ചാപ്പകുത്തി തിരസ്‌കരണത്തിന് വിധേയമായി അടിമസമാനമായി ജീവിച്ചിരിക്കുന്ന ഈഴവ സമൂഹം ഇന്ന് അംഗസംഖ്യയിലും സമ്പത്തിലും വിദ്യാഭ്യാസത്തിലും, ഭരണചക്രം തിരിക്കുന്ന രംഗങ്ങളിലും മേല്‍കൈ നേടിക്കഴിഞ്ഞിരിക്കുന്നു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കള്‍ ഒന്നിച്ചു നില്ക്കണമെന്നും മറ്റുമുള്ള സൂക്തങ്ങള്‍ പ്രമുഖ പിന്നാക്കസമുദായ നേതാവിന്റെ നാവിന്‍ തുമ്പില്‍ നിന്നും അനര്‍ഗളം ഒഴുകിവരുന്നതിനു കാരണം ഒരു പക്ഷേ അവരുടെ ഇന്നത്തെ 'മുന്നാക്ക' അവസ്ഥയാകാം.

പണ്ടത്തെ പല അവസ്ഥകളും ഓര്‍ക്കുന്നതും പറയുന്നതും പ്രസംഗിക്കുന്നതും എഴുതുന്നതും അവരിലെ ചിലര്‍ക്ക് അലോസരമുണ്ടാക്കുന്നതും സ്വഭാവികം. അതിനാലാകണം പഴയ ഒട്ടേറെ പച്ചയായ ചരിത്രസംഭവങ്ങളെ തമസ്‌കരിക്കുവാനുള്ള മന:പൂര്‍വ്വ ശ്രമങ്ങള്‍ അണിയറയില്‍ പരുവപ്പെടുത്തി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആരെങ്കിലും സാന്ദര്‍ഭികമായി ഈ വക വിവരങ്ങള്‍ എവിടെയെങ്കിലും പരാമര്‍ശിച്ചാല്‍, സമൂഹമാധ്യമങ്ങളില്‍ കൂടി അവരെ ഊടുപാട് പിടിച്ച് വളഞ്ഞിട്ട് ആക്ഷേപിക്കുന്നതിന്റെ പിന്നിലും ഈ അജണ്ട തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഈയടുത്ത കാലത്ത് ദളവാകുളം എന്ന സംഭവം വെറുമൊരു കെട്ടുകഥയാണെന്ന് ഒരു സവര്‍ണ്ണചരിത്രകാരന്‍ പ്രസംഗിച്ചപ്പോള്‍ വൈക്കം താലൂക്കിലെ പിന്നാക്കകാരനിലെ ചിലരൊഴിച്ച് മറ്റ് ആരും തന്നെ ഒന്നു പ്രതികരിക്കാനോ, അതൊരു ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാനോ തുനിയാതിരുന്നതിന്റെ കാരണവും ഈഴവരിലെ ചിലരുടെ ഇപ്പോഴത്തെ മുന്നോക്കവസ്ഥയാകാം കാരണം. പക്ഷേ, ഇതെല്ലാം തന്നെ പെട്ടെന്നങ്ങു മറന്നു കളയുവാന്‍ പാടുള്ളതാണോ? ഇന്ത്യയിലാകമാനം പിന്നാക്ക, ദലിത ആദിവാസി സൂഹം ഇന്നും അനുഭവിക്കുന്ന അരികുവത്കരണം അതിന്റെ എല്ലാ ഭീകരതയോടും കൂടി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് എങ്ങനെ കാണാതിരിക്കുവാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ വേദമന്ത്രതന്ത്രങ്ങള്‍ പഠിച്ച പിന്നാക്ക ഹിന്ദുക്കളിലെ ചിലരെ പൂജാരിമാരായി നിയമിച്ചു കാണുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവര്‍, പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ അമ്പലങ്ങളുടെ പ്രതിഷ്ഠകള്‍ക്കരികില്‍ കടന്നു ചെല്ലുവാന്‍ ഈ വിഭാഗം ''മേല്‍ശാന്തിമാര്‍''ക്ക് ഇനിയും അനുവാദം ലഭിച്ചു കാണാത്തതില്‍ പ്രകടിപ്പിക്കുന്ന പ്രതിഷേധം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇവിടെ എല്ലാം മാറി മറിഞ്ഞും സര്‍വ്വഭദ്രം എന്നു മേനി പറഞ്ഞ്, മാനുഷരെല്ലാവരും ഒന്നുപോലെയാണ് വര്‍ഷാ വര്‍ഷം കൊട്ടിപാടി ആടുമ്പോഴും പച്ചയായ പരമാര്‍ത്ഥങ്ങള്‍ ഇന്നും ദളവാകുളങ്ങളില്‍ കുഴിച്ചു മൂടപ്പെട്ട നിലയിലും, കരകളില്‍ ചാരം മൂടി കിടക്കുന്നതും കാണാതെ പോകുവാനും, മൂര്‍ച്ചയേറിയ വാളുകള്‍ക്കിരയായപ്പോള്‍ പിന്നാക്കക്കാരന്റെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നു കേട്ട അലമുറകള്‍ ഓര്‍ക്കാതിരിക്കുവാനും നമുക്ക് കഴിയുമോ!!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org