
സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് തെക്കോട്ട് ഏകദേശം 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊളഗപ്പാറ കവലയിലെത്താം അവിടെനിന്നും വടുവന്‍ചാല്‍ കൊളഗപ്പാറ റൂട്ടില്‍ 5 കിലോമീറ്റര്‍ കൂടി മുമ്പോട്ടു പോയാല്‍ അമ്പലവയല്‍ എന്ന ഗ്രാമത്തില്‍ എത്തും. അവിടെ ഒരു കന്യാസ്ത്രീമഠമുണ്ട്. 16 വര്‍ഷമായി മഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന ഒരു യുവസന്യാസിനിയുണ്ടവിടെ. കാലം വിധിയെഴുതിയ അന്ധതയും മരണവും ദൈവത്തോടൊപ്പം അതിജീവിച്ച ആ സന്യാസിനി അരയ്ക്കു താഴേക്ക് തളര്‍ന്നുപോയിട്ടും കാലുകള്‍ക്ക് മനക്കരുത്തിന്റെ ബലം നല്‍കി ഇന്നും മുന്നേറുന്നു. വേദന തീണ്ടാത്ത ഒരു നിമിഷാര്‍ദ്ധം പോലും തനിക്ക് ദൈവം അനുവദിക്കുന്നില്ലെങ്കിലും അവള്‍ക്ക് ഒന്നിനോടും പരിഭവമില്ല. അവളുടെ ചുണ്ടുകളില്‍നിന്ന് പുഞ്ചിരി മാഞ്ഞ ദിനങ്ങളില്ല. സഹനത്തിന്റെ ഇടനാഴിയിലും അപ്രതീക്ഷിത ദുരന്തങ്ങള്‍ നല്‍കിയ ഇരുട്ടിലും പുഞ്ചിരിയുടെ പ്രകാശം ചൊരിഞ്ഞങ്ങനെ ജ്വലിച്ചു നില്‍ക്കുകയാണ് റിനി റോസ് എന്ന യുവ സന്യാസിനി. വയനാട്ടിലെ ചുണ്ടക്കരയില്‍ ചെറിയമ്പനാട്ട് ജോണിന്റെയും മേരിയുടെയും അഞ്ചു മക്കളില്‍ മൂന്നാമത്തെ മകളായാണ് ജനനം. മൂത്ത സഹോദരി ആറു വയസ്സുള്ളപ്പോള്‍ സഹനത്തിന്റെ ആദ്യമധുരം നല്‍കി കുടുംബത്തോട് വിട പറഞ്ഞു. രണ്ടാമത്തെ സഹോദരിയും അനുജത്തിയും കര്‍മ്മലീത്ത സന്യാസിനിമാരാണ്. കൂടാതെ ഒരു സഹോദരന്‍ കൂടിയുണ്ട്. ക്രിസ്തുവിനു വേണ്ടി ജീവിക്കാന്‍ ആഗ്രഹിച്ച സിസ്റ്റര്‍ തന്റെ 15-ാമത്തെ വയസ്സില്‍ തനിക്ക് പ്രിയപ്പെട്ടവരെ ദൈവത്തിനു ഭരമേല്പിച്ച് ആരാധനാ സന്യാസിനീസമൂഹത്തിലെ അംഗമായിച്ചേര്‍ന്നു. സിസ്റ്ററില്‍ നിറഞ്ഞുനിന്ന കരുണയും കരുതലും തിരിച്ചറിഞ്ഞ സഭാധികാരികള്‍ 2003-ല്‍ നഴ്‌സിംഗ് പഠനത്തിനായി സിസ്റ്ററിനെ അയച്ചു.
ദൈവത്തിന്റെ കണ്‍കെട്ടുകളി
സിസ്റ്റര്‍ റിനി റോസ് ആന്ധ്രയില്‍ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന കാലം. പെട്ടെന്നാണ് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായത്. 'അവസാന വര്‍ഷ പഠനത്തിന്റെ തിരക്കിലായിരുന്നു. പെട്ടെന്ന് കാഴ്ച നഷ്ടമായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഒരു കണ്ണ് കാണാമായിരുന്നെങ്കിലും മനസ്സില്‍ ആശങ്കയുടെ ഇരുട്ടുവീണു തുടങ്ങിയിരുന്നു' എന്ന് സിസ്റ്റര്‍ പറയുന്നു. അവിടെത്തന്നെയുള്ള ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ച് ഇന്‍ജക്ഷന്‍ എടുത്തപ്പോഴേക്കും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാഴ്ച തിരിച്ചുകിട്ടി. പിന്നെ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളായിരുന്നു. അങ്ങനെ അതേ വര്‍ഷം തന്നെ സിസ്റ്റര്‍ നഴ്‌സിംഗ് പഠനം വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് പിറ്റേവര്‍ഷം തിയോളജി പഠനം ആരംഭിച്ച ദിനങ്ങളില്‍ തന്നെ രണ്ടാമതും കണ്ണിന്റെ കാഴ്ച നഷ്ടമായി. 'നിനച്ചിരിക്കാത്ത നേരത്തെ ദൈവത്തിന്റെ ഈ കണ്‍ കെട്ടുകളി ആദ്യത്തേതിനേക്കാള്‍ ഇരുളിലേക്ക് എന്നെ തള്ളിവിട്ടെങ്കിലും കാഴ്ച തിരിച്ചു കിട്ടും എന്ന ഒരു പ്രതീക്ഷയായിരുന്നു അന്നെന്നെ മുന്നോട്ടു നയിച്ചത്' എന്ന് സിസ്റ്റര്‍ പറയുന്നു. ചികിത്സയ്‌ക്കൊടുവില്‍ രണ്ടാം തവണയും കാഴ്ച വീണ്ടുകിട്ടി. 'ആ ദിനങ്ങളൊന്നും നഷ്ടമായെന്നു കരുതുന്നില്ല. ഇരുളിന്റെ ആ ദിനങ്ങളില്‍ തനിച്ചായിരുന്നപ്പോഴൊക്കെ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഉണ്ണീശോയോട് കൊച്ചുവര്‍ത്തമാനം പറയാനുള്ള കല അഭ്യസിക്കുകയായിരുന്നു'വെന്ന് സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. കാഴ്ച നഷ്ടമാകുന്നതിന്റെ കാരണം തേടിയുള്ള യാത്രയായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍... പരിശോധനകളും ആത്മാവിലെ പരീക്ഷണങ്ങളുമായങ്ങനെ ഒരാഴ്ചയോളം മുന്നോട്ടുപോയി.
ഒരപൂര്‍വ സമ്മാനം
ഏറ്റവും ഒടുവിലായി നടത്തിയ ഒരു എം ആര്‍ ഐ സ്‌കാനിങ്ങിലൂടെയായിരുന്നു 'മള്‍ട്ടിപ്പിള്‍ സ്‌ക്ലെറോസിസ്'എന്ന അത്യപൂര്‍വ രോഗമാണ് സിസ്റ്ററിനെന്ന് കണ്ടെത്തിയത്. 'തലച്ചോറിനെയും നട്ടെല്ലിനെയും ക്ഷയിപ്പിക്കുന്ന രോഗമാണ് സിസ്റ്ററിനെ ബാധിച്ചിട്ടുള്ളത്. കാഴ്ച നഷ്ടമായത് അതിന്റെ ഒരു ലക്ഷണം മാത്രം. കാഴ്ച ഇനിയും നഷ്ടമായേക്കാം, ഒരുപക്ഷേ വീണ്ടുകിട്ടുകയും ചെയ്യാം. ഒന്നും പറയാനാവില്ല. ശരീരം തളര്‍ന്നു പോകാനും സാധ്യതയുണ്ട്. അസ്ഥികളില്‍ അനുഭവപ്പെടുന്ന ശക്തമായ വേദനയും ഈ അസുഖത്തിന്റെ ഒരു ഭാഗം തന്നെ. ഏറിയാല്‍ ഏഴു വര്‍ഷത്തോളം ജീവിക്കുമെന്ന് പ്രതീക്ഷിക്കാം. ബാക്കിയെല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്. ഈ രോഗത്തിന് പ്രത്യേക ചികിത്സയൊന്നും ഞങ്ങള്‍ക്ക് ചെയ്യാനില്ല' എന്ന ഡോക്ടറിന്റെ വാക്കുകള്‍ ഒരു വിധിവാചകം കേള്‍ക്കുന്ന നടുക്കത്തോടെയാണ് സഭാ സമൂഹവും കുടുംബവും കേട്ടു നിന്നത്. ദൈവത്തിന്റെ ഒരു സ്‌പെഷ്യല്‍ ഗിഫ്റ്റായിട്ടാണ് സിസ്റ്റര്‍ ഈ രോഗത്തെ സ്വീകരിച്ചത്. 'ഈ അപൂര്‍വരോഗം എനിക്കു തരാന്‍ ദൈവം എന്നെ സ്‌പെഷ്യല്‍ ആയി തിരഞ്ഞെടുത്തു' എന്നാണ് സിസ്റ്റര്‍ പറയുന്നത്.
മരണം പറന്നിറങ്ങിയ ദിനങ്ങള്‍
ശരീരത്തെ തളര്‍ത്തിക്കളയുന്ന; ഏഴു വര്‍ഷത്തിലധികം ആയുസ്സ് നീട്ടിത്തരാത്ത അപകടകരമായ ഈ രോഗത്തെക്കുറിച്ചും ഇതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും വിദൂരത്തല്ലാത്ത മരണത്തെക്കുറിച്ചും സിസ്റ്റര്‍ മനസ്സിലാക്കി. അപൂര്‍വ രോഗനിര്‍ണ്ണയത്തിനൊടുവിലെ ദിനങ്ങള്‍ കൂടുതല്‍ പരിചരണങ്ങള്‍ക്കായി പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരുന്നു. പെട്ടെന്നാണ് സിസ്റ്ററിന് ഒരു പനി പിടിപെടുന്നത്. ശക്തമായ പനിയും ഛര്‍ദിയും സിസ്റ്ററിനെ തീരെ ക്ഷീണിതയാക്കി. തളര്‍ന്നുറങ്ങിയ സിസ്റ്റര്‍ രാത്രിയില്‍ എപ്പോഴോ ഞെട്ടി ഉണര്‍ന്നപ്പോഴാണ് തന്റെ ശരീരം തളര്‍ന്നുപോയെന്ന് മനസ്സിലാകുന്നത്. 'അതിരു കവിഞ്ഞ ഒരു ഭയമായിരുന്നു എന്റെ ഉള്ളില്‍ നിറഞ്ഞത് മനസ്സില്‍ വലിയ സങ്കടവും. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ ഉറക്കെ നിലവിളിച്ചു.' ശബ്ദം കേട്ട് ഓടിയെത്തിയ സി സ്റ്റേഴ്‌സ് പെട്ടെന്നുതന്നെ തൊട്ടടുത്തുള്ള കല്പറ്റ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവിടെനിന്ന് കോഴിക്കോടുള്ള ആശുപത്രിയിലേക്കും. സിസ്റ്ററിന്റെ രോഗാവസ്ഥയില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല പ്രതികരണങ്ങള്‍ ഒന്നുമില്ലാത്ത കോമ സ്റ്റേജിലായി.
തുടര്‍ന്ന് ഹോസ്പിറ്റലുകള്‍ മാറ്റിയെങ്കിലും അതേ നിലയില്‍ തുടര്‍ന്നു. മരണം വിദൂരത്തല്ലെന്ന ഡോക്ടര്‍മാരുടെ വിധിവാചകത്തിനു മുമ്പില്‍ നിറമിഴികളോടെ സിസ്റ്ററിന് അന്ത്യകൂദാശയും കൊടുത്തു. എങ്കിലും ചലനമറ്റ ശരീരവുമായി അത്യാഹിത വിഭാഗത്തില്‍ ഒരു മാസത്തോളം കിടന്നു. ഒരാഴ്ചയോളം എടുത്തു കാഴ്ചയും ഓര്‍മ്മയും വീണ്ടെടുക്കാന്‍. 'ഒരു സ്വപ്നം കണ്ടാണ് ഞാന്‍ അ ബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നത്' എന്നാണ് സിസ്റ്റര്‍ പറയുന്നത്. സാന്ത്വന പരിചരണമല്ലാതെ മറ്റൊരു ചികിത്സ ഇനി ഇല്ലെന്ന വെളിപ്പെടുത്തലോടെയാണ് ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്തത്.
മുഖമില്ലാത്ത മനുഷ്യരും മറിയവും
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന അവസാന വിനാഴികയിലെ സി. റിനിയുടെ സ്വപ്നം ഇതായിരുന്നു. കുറേ മുഖമില്ലാത്ത മനുഷ്യര്‍ സിസ്റ്ററിനെ മനോഹരമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. പിന്നെ അവര്‍ അപ്രത്യക്ഷരായി. അപ്പോള്‍ അവിടെ പരിശുദ്ധ മറിയവും കുറെ മാലാഖമാരും വന്നു. പരിശുദ്ധ അമ്മയുടെ കയ്യില്‍ ഒരു വലിയ ജപമാല ഉണ്ടായിരുന്നു. ജപമാലയുടെ വലിപ്പത്തെക്കുറിച്ച് പരിശുദ്ധ അമ്മയോട് സിസ്റ്റര്‍ ചോദിച്ചപ്പോള്‍ അത് സിസ്റ്റര്‍ ചൊല്ലിയിട്ടുള്ള ജപമാലകളായിരുന്നു എന്ന് മറുപടി പറഞ്ഞു. എന്നിട്ട് അന്നുവരെയും സിസ്റ്റര്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടുള്ളവരുടെ പേരുകള്‍ പറഞ്ഞ് പരിശുദ്ധ അമ്മ സംസാരിച്ചുവത്രേ! താന്‍ ചൊല്ലിയ ജപമാലകള്‍ പരിശുദ്ധ അമ്മ എത്ര സ്‌നേഹത്തോടെയാണ് സ്വീകരിച്ചത് എന്ന വലിയ നിര്‍വൃതിയോടെയായിരുന്നു സിസ്റ്റര്‍ ജീവിതത്തിലേക്ക് ഉണര്‍ന്നത്.
ആണിപ്പഴുതുകളോടെ ഉയിര്‍ത്തെഴു ന്നേറ്റ ക്രിസ്തുവിന്റെ മണവാട്ടിയാണ് അവള്‍! ആരോടും ഒന്നിനോടും പരിഭവങ്ങളില്ലാതെ സഹനത്തിന്റെ മിഷനറിയായി ഉത്ഥാനത്തിന്റെ വെളിപാടു നല്‍കി അവളിന്നും നമുക്കിടയില്‍ ജീവിക്കുന്നു.
കനല്‍ വഴിയേ...
26-ാം വയസ്സിലാണ് സിസ്റ്റര്‍ സഹനത്തിന്റെ കനല്‍ വഴിയിലൂടെയുള്ള യാത്ര ആരംഭിക്കുന്നത്. ആശുപത്രിയില്‍ നിന്നും മഠത്തിലെത്തിയെങ്കിലും എല്ലാം പരസഹായത്തോടെ ചെയ്യാനേ കഴിഞ്ഞിരുന്നുള്ളൂ. അന്ധതയുടെ ദിനങ്ങളെക്കാള്‍ അകവും പുറവും ഒരുപോലെ ഇരുട്ടിലായിരുന്ന അനുഭവമായിരുന്നു കട്ടിലില്‍ മാത്രമായിരുന്നു ആദ്യദിനങ്ങള്‍ എന്ന് സിസ്റ്റര്‍ പറയുന്നു. 'ഒരു മിനിറ്റു പോലും ഇടവേളയില്ലാതെ ഉറക്കത്തിലും ഉണര്‍വിലും ഒരുപോലെ അനുഭവപ്പെട്ട അസ്ഥികളുടെ വേദന എന്റെ ശരീരത്തെയും ഇനിയും ജീവിതത്തില്‍ ചെയ്തു തീര്‍ക്കേണ്ട നന്മകളെക്കുറിച്ചുള്ള അധികചിന്ത എന്റെ മനസ്സിനെയും ഒരുപോലെ തളര്‍ത്തിക്കൊണ്ടിരുന്നു.' ഇത്രയും ചെറുപ്പത്തില്‍ ജീവിതത്തില്‍ വിരുന്നിനെത്തിയ മാറാരോഗത്തെപ്രതി ആശ്വാസവാക്കുകളുമായി എല്ലാവരും എത്തിയെങ്കിലും അതൊന്നും സിസ്റ്ററിനെ സാന്ത്വനപ്പെടുത്തിയില്ല എന്നു മാത്രമല്ല അവരെ അഭിമുഖീകരിക്കാനും സിസ്റ്റര്‍ മനസ്സിലേറെ ക്ലേശിച്ചു. ആ നാളുകളില്‍ത്തന്നെ വെല്ലൂര്‍ ഹോസ് പിറ്റലില്‍ ചികിത്സകള്‍ ആരംഭിച്ചു. 'എന്റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് എഴുന്നേറ്റ് നില്‍ക്കണം. സ്വന്തം കാര്യങ്ങളെങ്കിലും പരാശ്രയം കൂടാതെ ചെയ്യാന്‍ കഴിയണം.' അവിടുത്തെ ചികിത്സാദിനങ്ങള്‍. സിസ്റ്ററിന് ഒരു രൂപാന്തരീകരണത്തിന്റെ കാലമായിരുന്നു. ചലനം പ്രാപിച്ചുകൊണ്ടിരുന്ന ശരീരത്തോടൊപ്പം മനസ്സും അതിജീവനത്തിന്റെ പാതയില്‍ കുതിച്ചു. 'ദൈവത്തിന് ഒന്നും അസാധ്യമല്ല' എന്നത് ആത്മാവിന്റെ ബോധ്യമായി. ക്രൂശിതനെപ്പോലെ ആണിപ്പഴുതുകളോടെത്തന്നെ ഉത്ഥാനമഹത്വത്തിന്റെ ശോഭയില്‍ ഉയിര്‍ക്കൊള്ളാന്‍ സിസ്റ്റര്‍ മനസ്സിലുറച്ചു. കൈകള്‍ ചലിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ജപമാല കെട്ടാന്‍ ആരംഭിച്ചു. ക്രിസ്തുവിനൊപ്പം കാലുകള്‍ക്ക് ആത്മബലത്തിന്റെ കരുത്തുപകര്‍ന്ന് സിസ്റ്റര്‍ മെല്ലെ മെല്ലെ നടക്കാന്‍ തുടങ്ങി. 'കാലുകള്‍ക്ക് കൂടുതല്‍ ബലം കൊടുത്ത് നടക്കുന്നതിനെക്കാള്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന്' ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും സിസ്റ്റര്‍ സഹനത്തിന്റ വഴിയില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചു. പ്രഭാതകൃത്യങ്ങള്‍ തനിയെ ചെയ്യാന്‍ സിസ്റ്ററിന് ഏകദേശം ഒരു മണിക്കൂര്‍ വേണം. എങ്കിലും അവയെല്ലാം തനിയെ ചെയ്യും.
സ്വര്‍ഗത്തിലെ റോസറി ബാങ്ക്
തന്നോട് പ്രാര്‍ത്ഥന ചോദിക്കുന്നവര്‍ക്കെല്ലാം നല്‍കാന്‍ സ്വര്‍ഗത്തില്‍ ജപമാലയുടെ ഒരു വലിയ ശേഖരം തന്നെ സിസ്റ്ററിനുണ്ട്. പഠന കാലത്തില്‍ ആരംഭിച്ച ഈ ശീലം സ്വര്‍ഗം കയ്യൊപ്പ് ചാര്‍ത്തിയതാണെന്ന തിരിച്ചറിവായിരുന്നു കോമ സ്റ്റേജിലായിരുന്നപ്പോഴത്തെ തന്റെ സ്വപ്നം എന്ന് സിസ്റ്റര്‍ പറയുന്നു. അതുകൊണ്ടുതന്നെത ന്നോട് പ്രാര്‍ത്ഥന ചോദിക്കുന്ന ഓരോരുത്തര്‍ക്കുംവേണ്ടി ആ നിമിഷം തന്നെ റോസറി ബാങ്കിലെ അക്കൗണ്ടില്‍നിന്ന് ജപമാലയെടുത്ത് പരിശുദ്ധ അമ്മയ്ക്ക് നല്‍കി പ്രാര്‍ത്ഥിക്കും. നിരവധി പേരാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സിസ്റ്ററിന്റെ പ്രാര്‍ത്ഥനാസഹായം തേടുന്നത്.
കൈകള്‍ ഇനി പരി. അമ്മയ്ക്കുവേണ്ടി
'സിസ്റ്റര്‍ കൊന്ത കെട്ടുന്നത് നിറുത്തരുത്. കൊന്ത കെട്ടിത്തീര്‍ന്നാല്‍ കെട്ടിയ കൊന്ത അഴിച്ചാണെങ്കിലും കെട്ടണം. കാലുകളെ പ്പോലെതന്നെ ബലക്ഷയമുണ്ടായിരുന്ന കൈകളെ ബലപ്പെടുത്തിയത് പരിശുദ്ധ മറിയമാണെന്ന് എനിക്കുറപ്പുണ്ട്. കൈകളുടെ കാര്യം പരി. മറിയം നോക്കിക്കൊള്ളും' എന്നായിരുന്നു ഫിസിയോ തെറാപ്പി ചെയ്യുന്ന ഡോക്ടര്‍ സിസ്റ്ററിനോട് പറഞ്ഞത്. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം ഇന്നും സിസ്റ്ററിനെ ജപമാല കെട്ടാന്‍ നിര്‍ബന്ധിക്കുന്നു. ശരീരത്തിനും അസ്ഥികള്‍ക്കും എത്ര വേദനയുണ്ടെങ്കിലും ജപമാല കെട്ടുന്നതില്‍ മുടക്കം വരുത്താറില്ല. ഇരുപതിനായിരത്തിലേറെ ജപമാലകള്‍ തന്റെ ബലക്ഷയമുള്ള കൈകള്‍ കൊണ്ട് സിസ്റ്റര്‍ കെട്ടിയിട്ടുണ്ട്. ഒരു വീട്ടില്‍ ഒരു ജപമാല പോലും സ്വന്തമായി ഇല്ലാതെ മിഷന്‍ നാടുകളില്‍ കഴിയുന്നവര്‍ക്കുവേണ്ടി ജപമാല കെട്ടികൊടുക്കുക എന്ന വലിയ യജ്ഞത്തിലാണ് സിസ്റ്റര്‍ ഇപ്പോള്‍. 'ഒരു മുറിയില്‍ ആണെങ്കിലെന്താ ഒരുപാട് മിഷന്‍ പ്രദേശങ്ങളില്‍ എനിക്ക് പരിശുദ്ധ അമ്മയെ കൊടുക്കാമല്ലോ' എന്ന നിര്‍വൃതിയാണ് ആ മുഖത്ത്.
സഹനത്തിന്റെ മിഷനറി
'കഠിന രോഗങ്ങളാല്‍ ക്ലേശിക്കുന്ന രോഗികള്‍ക്കായും രോഗാവസ്ഥയില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കുവേണ്ടിയും ഞാനെന്റെ സഹനങ്ങള്‍ സമര്‍പ്പിക്കുന്നു' എന്ന സിസ്റ്ററിന്റെ വാക്കുകളില്‍ അതിജീവനത്തിന്റെ കരുത്തുണ്ട്. എല്ലു നുറുങ്ങുന്ന വേദനകള്‍ക്കിടയിലും ഒരു മിഷണറിയുടെ തീക്ഷ്ണതയോടെ ഏഴു തവണ വി. ബൈബിള്‍ വായിച്ചു പൂര്‍ത്തിയാക്കി. ഇനിയും വിരുന്നിനെത്താനിടയുള്ള അന്ധതയുടെ ദിനങ്ങള്‍ക്കു മുമ്പായി കര്‍ത്താവിന്റെ വചനങ്ങള്‍ മനസ്സിലുറപ്പിക്കാനുള്ള ആവേശത്തോടെ ഇന്നും തന്റെ ബൈബിള്‍ വായന സിസ്റ്റര്‍ തുടരുകയാണ്. വലിയ കാര്യങ്ങളൊന്നും കൈകള്‍ കൊണ്ട് ചെയ്യാനായില്ലെങ്കിലും ജപമാല ചൊല്ലിയും ജപമാല കെട്ടിക്കൊടുത്തും സ്വര്‍ഗത്തില്‍ നിക്ഷേപം കൂട്ടുന്നുണ്ട്. തന്നോട് പ്രാര്‍ത്ഥന ചോദിക്കുന്നവര്‍ക്കെല്ലാം നല്‍കാന്‍ ജപമാലയുടെയും സഹന സുകൃതങ്ങളുടെയും വലിയ ശേഖരം തന്നെ സിസ്റ്ററിന് കൈമുതലായുണ്ട്.
പരിഭവിക്കാന്‍ എന്തിരിക്കുന്നു!!!
കാഴ്ച നഷ്ടമായതിലും കൈ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചതിലും ഒരു വര്‍ഷത്തോളം തളര്‍ന്നു കിടന്നതിലും സിസ്റ്ററിന് പരിഭവമില്ല. 'കാഴ്ച നഷ്ടപ്പെട്ട ദിനങ്ങളില്‍ സഹോദരിമാരെ എനിക്ക് തുണയായിത്തന്നു. മാരകരോഗത്തിന്റെ പിടിയില്‍പ്പെട്ടപ്പോഴും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും എല്ലാം എനിക്ക് ചെയ്തുതരാനും ദൈവം ഒരുപാട് പേരെ ഒരുക്കി. ഏഴു വര്‍ഷം മാത്രം വൈദ്യശാസ്ത്രം എനിക്ക് വിധി പറഞ്ഞപ്പോള്‍ 16 വര്‍ഷത്തിലേറെ ജീവിക്കാന്‍ ദൈവം എന്നെ അനുവദിച്ചു. എല്ലാവരെപ്പോലെയും യാത്ര ചെയ്യാനും നടക്കാനും എനിക്കായില്ലെങ്കിലും സമയമെടുത്താണെങ്കിലും മെല്ലെ മെല്ലെ പിടിച്ചു നടക്കാനും ഓരോ കാര്യങ്ങളും ചെയ്യാനും ദൈവം എന്നെ അനുവദിക്കുന്നു. യുവത്വത്തിന്റെ നിറവില്‍ തന്നെ രോഗിയായിത്തീര്‍ന്നെങ്കിലും ഒരിക്കല്‍ പോലും നിരാശയുടെ നിമിഷങ്ങള്‍ ദൈവം എനിക്ക് അനുവദിച്ചിട്ടില്ല. എല്ലാറ്റിനെയും എല്ലാവരെയും എല്ലാ അനുഭവങ്ങളെയും പുഞ്ചിരിയോടെ നേരിടാനുള്ള കൃപ ദൈവം നിറച്ചു നല്‍കി. എല്ലാം ദൈവം അനുവദിക്കുന്നതല്ലേ അതില്‍ പരിഭവിക്കാന്‍ എന്തിരിക്കുന്നു' എന്നാണ് സി. റിനി റോസ് പറയുന്നത്.
ആണിപ്പഴുതുകളോടെ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മണവാട്ടിയാണ് അവള്‍! ആരോടും ഒന്നിനോടും പരിഭവങ്ങളില്ലാതെ സഹനത്തിന്റെ മിഷനറിയായി ഉത്ഥാനത്തിന്റെ വെളിപാടു നല്‍കി അവളിന്നും നമുക്കിടയില്‍ ജീവിക്കുന്നു.