അപ്പനെന്ന അപ്പം

ജൂണ്‍ 19 : ലോകപിതൃദിനം
അപ്പനെന്ന അപ്പം
അപ്പന്‍ ആത്യന്തികമായും അപ്പമാണ്, അപ്പമാകേണ്ടവനാണ്. അപ്പമാകുക എന്നാല്‍ സ്വന്തം കുടുംബാംഗങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി സ്വയം ഇല്ലാതാകുക എന്നാണ്. തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ക്കുവേണ്ടി പ്രതിദിനം അപ്പന്‍ അപ്പമായി മാറുന്ന മറ്റൊരു പവിത്രമായ ബലിപീഠമാണ് കുടുംബജീവിതം.

പൂഴിപ്പരപ്പിലൂടെ നടന്ന കാലമത്രയും സ്വന്തം പിതാവിനെപ്പറ്റി പറയുമ്പോള്‍ ക്രിസ്തു വല്ലാതെ വാചാലനാകുമായിരുന്നു. കുഞ്ഞുന്നാളില്‍ മാതാപിതാക്കള്‍ക്കു വിധേയനായി വളര്‍ന്നുകൊണ്ട് അവരുടെ മഹത്വത്തെ അവന്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. വിതയും വിളവെടുപ്പും, കറ്റമെതിക്കലും കളപ്പുരകളുമൊന്നുമില്ലാത്ത ആകാശപ്പറവകളെപോലും അനുദിനം ആവോളം തീറ്റിപ്പോറ്റുന്ന തന്റെ അലിവുള്ള അപ്പനെ അവന്‍ തന്റെ ശ്രോതാക്കള്‍ക്കു പരിചയപ്പെടുത്തി. 'എന്റെ പിതാവ്' (മത്താ. 10:32), 'എന്റെ പിതാവിന്റെ ഇഷ്ടം' (മത്താ. 12:50), 'ഞാനും പിതാവും' (യോഹ. 10:30) എന്നിങ്ങനെ അപ്പനെപ്പറ്റിയുള്ള ഒത്തിരി ഓര്‍മ്മകള്‍ വാക്കുകളായി അവന്റെ നാവിന്‍ത്തുമ്പില്‍ നിറഞ്ഞുനിന്നിരുന്നു. താന്‍ വന്നത് പിതാവില്‍നിന്നാണെന്നും, മടക്കയാത്രയും അവിടുത്തെ സന്നിധിയിലേക്കാണെന്നും സമര്‍ത്ഥിച്ചുകൊണ്ട് പിതൃസ്ഥാനത്തിന്റെ പ്രാധാന്യത്തിനു അവന്‍ അടിവരയിട്ടു. അങ്ങനെയുള്ള ഒരു അപ്പന്റെ സ്‌നേഹത്തെയും ക്ഷമയെയും കരുതലിനെയും ദയാദാക്ഷിണ്യങ്ങളെയുമൊക്കെ വര്‍ണ്ണിക്കുന്ന ഉപമകളും കഥകളും അവനു മനഃപാഠമായിരുന്നു. ഒടുവില്‍, മരുഭൂമിയില്‍വച്ച് മാനത്തുനിന്നും മന്ന വര്‍ഷിച്ച് മനുഷ്യമക്കളുടെ വിശപ്പ് നീക്കിയ അതേ പിതാവിന്റെ പക്കലേക്ക് തിരികെ പോകുന്നതിനുമുമ്പ് അന്ത്യഅത്താഴ സമയത്ത് സ്വന്തം ശരീരംതന്നെ ഭക്ഷണമായി മുറിച്ചുവിളമ്പിക്കൊണ്ട് പിതൃത്യാഗത്തിന്റെ അങ്ങേയറ്റം അവന്‍ ലോകത്തിനു കാട്ടിക്കൊടുത്തു.

എല്ലാ പ്രധാന മതപ്രബോധനങ്ങളും 'പിതാവ്' എന്ന വ്യക്തിത്വത്തെ മഹനീയമായ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. വിശുദ്ധ ബൈബിളില്‍, 'നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക' (പുറ. 20:12; മത്താ. 19:19); 'പിതാവിനെയോ മാതാവിനെയോ അധിക്ഷേപിക്കുന്നവന്‍ മരിക്കണം' (മത്താ. 15:4); 'നിനക്ക് ജന്മം നല്കിയ പിതാവിനെ അനുസരിക്കുക' (സുഭാ. 23:22); 'പിതാവിനെ പരിത്യജിക്കുന്നത് ദൈവ ദൂഷണത്തിനു തുല്യമാണ്' (പ്രഭാ. 3:16) എന്നിങ്ങനെയുള്ള എണ്ണമറ്റ പ്രതിപാദ്യങ്ങളുണ്ട്. ഹൈന്ദവ പ്രബോധനമനുസരിച്ച്, 'പിതാവ്' ദൈവം (ഉല്മ) ആണ്. അതുകൊണ്ടുതന്നെ അപ്പനെ ശുശ്രൂഷിക്കുക എന്നതാണ് ധര്‍മ്മത്തിന്റെ അന്തഃസത്തയും മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗവും. ഇസ്‌ലാമിക പ്രബോധനമനുസരിച്ച്, 'പിതാവ്' പറുദീസയിലേക്കുള്ള മധ്യകവാടമാണ്. ഒരു കുഞ്ഞിന്റെ ആദ്യ സ്‌നേഹവും പ്രഥമ ഗുരുവുമാണ് അപ്പന്‍. പിതാവ് കുടുംബത്തിന്റെ പാറയാണ്. അപ്പന്റെ അധ്വാനത്തെ വിസ്മരിക്കരുത്. ബുദ്ധമത പ്രബോധനമനുസരിച്ച്, 'പിതാവ്' ബ്രഹ്മനും (Brahma) പ്രഥമ അധ്യാപകനുമാണ്. സിക്ക് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ്, സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തെ പിതാവും മക്കളും തമ്മിലുള്ള ബന്ധത്തോടു തുലനം ചെയ്യുന്നുണ്ട്. വിശ്വാസികള്‍ക്ക് ദൈവം അപ്പനും അമ്മയുമാണ്.

അപ്പന്‍ ആത്യന്തികമായും അപ്പമാണ്, അപ്പമാകേണ്ടവനാണ്. അപ്പമാകുക എന്നാല്‍ സ്വന്തം കുടുംബാംഗങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടി സ്വയം ഇല്ലാതാകുക എന്നാണ്. തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ക്കുവേണ്ടി പ്രതിദിനം അപ്പന്‍ അപ്പമായി മാറുന്ന മറ്റൊരു പവിത്രമായ ബലിപീഠമാണ് കുടുംബജീവിതം. തന്റെ പരിപാലനത്തിനും ശ്രദ്ധയ്ക്കും ഭരമേല്പിക്കപ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുമ്പോഴും, അന്നന്നു വേണ്ടുന്ന ആഹാരം സമ്പാദിക്കുമ്പോഴും ഒരു പിതാവ് അക്ഷരാര്‍ത്ഥത്തില്‍ അപ്പമായി മാറുകയാണ്. തന്റെ ആരോഗ്യവും, ശേഷികളും, ഊര്‍ജ്ജവുമെല്ലാം കുടുംബത്തിന്റെ സുസ്ഥിതിക്കും, ഭാവി ഭദ്രതയ്ക്കുമായി വ്യയം ചെയ്യുമ്പോള്‍ വാസ്തവത്തില്‍ തന്നെത്തന്നെ മുറിച്ചുവിളമ്പുന്ന വേദനാജനകവും, അതേസമയം സംതൃപ്തിദായകവുമായ ഒരു അനുഭവത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അപ്പം മുറിയപ്പെടാനുള്ളതാണ്. മുറിച്ചുനല്കാന്‍ മടിക്കുന്നവര്‍ക്ക് അപ്പന്മാരാകാന്‍ അര്‍ഹതയില്ല. അപ്പനെന്ന അപ്പം അധ്വാനവും കഴിഞ്ഞ് അന്തിക്കു വീട്ടിലെത്തിയിട്ട് തങ്ങളുടെ വിശപ്പകറ്റാന്‍ കാത്തിരിക്കുന്നവരുണ്ട്. അപ്പമാകുന്ന പ്രക്രിയയില്‍ സ്വയം പൊടിയുന്നതിന്റെയും, പൊരിയുന്നതിന്റെയും, പുഴുങ്ങുന്നതിന്റെയുമായ അനുഭവങ്ങള്‍ സ്വഭാവികമാണ്. അവയെ പരാതികളില്ലാതെ സ്വീകരിക്കുന്നവനാണ് യഥാര്‍ഥ അപ്പം.

കുടുംബത്തിന്റെ 'കവാടം' ആയി നിലകൊള്ളുമ്പോള്‍ അപ്പന്‍ അപ്പമാകുകയാണ്. വാതില്‍ പ്രവേശിക്കാനുള്ളതാണ്. അപ്പനാകുന്ന വാതിലിലൂടെയാവണം കുടുംബാംഗങ്ങള്‍ കയറുകയും ഇറങ്ങുകയും ചെയ്യേണ്ടത്. അപ്പനറിയാത്തതായി യാതൊന്നും ഒരു വീട്ടിലുണ്ടാകരുത്. അപ്പന്റെ അറിവോടും അനുവാദത്തോടുംകൂടെ മാത്രമുള്ളവയായിരിക്കണം കുടുംബത്തിലെ വ്യാപാരങ്ങള്‍. വാതില്‍ സുരക്ഷിതത്വത്തിന്റെ പ്രതീകമാണ്. പിതാവാകുന്ന വാതിലാണ് വീടിനു സംരക്ഷണം ഉറപ്പു വരുത്തുന്നത്. ഇത് വലിയ ഒരു ദൗത്യമാണ്. ഇതില്‍ വീഴ്ചവരുമ്പോള്‍, അപ്പന്‍ പീഡകനും, കൊലയാളിയുമൊക്കെയായി തരംതാഴുമ്പോള്‍ വേലിതന്നെ വിളവ് തിന്നുന്ന അരക്ഷിതമായ അവസ്ഥ കുടുംബത്തിലുണ്ടാകും. അത് ആ കുടുംബത്തിന്റെ അടിത്തറ തന്നെ തകര്‍ക്കും. പിതാവ് ഒരു 'പേടിസ്വപ്ന'മായി ആര്‍ക്കും മാറാതിരിക്കട്ടെ. കുടുംബത്തിന്റെ 'കുട' ആയി നിവര്‍ന്നു നില്ക്കുമ്പോള്‍ അപ്പന്‍ അപ്പമാകുകയാണ്. കുടുംബത്തെ വ്യഥകളുടെയും വ്യാധികളുടെയും വേനലില്‍ കരിയാതെയും, വേദനകളുടെയും വിഷമതകളുടെയും വര്‍ഷത്തില്‍ കുതിരാതെയും കാക്കുന്ന അടയാത്ത കുടയായി വര്‍ത്തിക്കുന്ന അപ്പന്‍ കുടുംബത്തിന്റെ അപ്പമാണ്. പിതാവാകുന്ന കുടക്കീഴില്‍ ഒരുമിച്ചുനില്ക്കുന്ന കൂട്ടായ്മയാകണം കുടുംബം.

പിതൃവിചാരം ക്രിസ്തീയ കുടുംബങ്ങളില്‍ നിശ്ചയമായും ഉണ്ടാകണം. പിതാവാണ് കുടുംബത്തിന്റെ കാരണവും, കാരണവരും. വീടിന്റെ വാഴ്ചയും വീഴ്ചയും അപ്പനെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടുതന്നെ ഭവനാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മയുണ്ടായിരിക്കണം. 'എന്നെപ്പറ്റി ഇവിടാര്‍ക്കും ഒരു ചിന്തയുമില്ല' എന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് ഒറ്റപ്പെട്ടു കഴിയുന്ന 'അച്ഛനുറങ്ങാത്ത വീട്' ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ. അപ്പന്റെ ആരോഗ്യാനാരോഗ്യങ്ങളാണ് കുടുംബത്തിന്റേതും. ആകയാല്‍, ആ മനസ്സു വിഷമിക്കുന്ന വിധത്തിലുള്ള വാക്കുകളോ വര്‍ത്തമാനങ്ങളോ കുടുംബാംഗങ്ങളില്‍നിന്ന് വരരുത്. കുടുംബത്തിലെ കുറവുകള്‍ പരിഹരിക്കുന്നവനും, ആകുലതകളെ ആദ്യം അറിയുന്നവനുമാണ് അദ്ദേഹം. കുടുംബത്തില്‍ കണ്ണീരു വീഴുമ്പോഴും കണ്ണുനനയാതെ കരയുന്നയാള്‍. കുടുംബത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ശ്രദ്ധയുള്ള വ്യക്തി. കാണപ്പെട്ട ദൈവമായി അദ്ദേഹത്തെ ഗണിക്കണം. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് നിറവേറ്റിക്കൊടുക്കാന്‍ കുടുംബാംഗങ്ങള്‍ ഒരുപോലെ ബാധ്യസ്ഥരാണ്. വേണ്ടപ്പെട്ടവര്‍ ജീവിച്ചിരിക്കുമ്പോള്‍ അപ്പന്‍ അനാഥനാകരുത്. ജന്മം നല്കിയവന്‍ ഒരു ബാധയും ബാധ്യതയും ആകുന്നയിടം കുടുംബമല്ല, കാട്ടുമൃഗക്കൂട്ടമാണ്. കുടുംബത്തിന്റെ കുടലുകരിയാതെ കാക്കുന്നവനാണ് അപ്പന്‍. 'അച്ഛനുണ്ടായിരുന്നെങ്കില്‍...' എന്ന് പിന്നീട് ഓര്‍ത്തു വിലപിക്കേണ്ടതായി വരാതിരുന്നാല്‍ നന്ന്. അപ്പന്റെ കുറവുകളും കുറ്റങ്ങളും അയല്ക്കൂട്ടത്തില്‍ അവതരിപ്പിക്കാനുള്ളവയല്ല. മറക്കാനും പൊറുക്കാനുമുള്ളവയാണ്. ഓര്‍ക്കണം, അപ്പനെ ഒറ്റപ്പെടുത്തുകയും നിശബ്ദനാക്കുകയും, കേവലം നോക്കുകുത്തിയായും, ഉറകെട്ട ഉപ്പായും, ചപ്പായും ചവറായുമൊക്കെ കാണുന്ന കുടുംബം വാസ്തവത്തില്‍ 'തലയോടിട'ത്തിനു തുല്യമാണ്.

അപ്പന്റെ ഹൃദയതാളമാണ് കുടുംബത്തിന്റെ ജീവതാളം. അത് തെറ്റാതെ നോക്കണം. പിതാവ് എന്തുവരെ പഠിച്ചു എന്നല്ല, പിതാവില്‍നിന്ന് ഞാന്‍ എന്തു പഠിച്ചു എന്നാണ് ഒരോരുത്തരും ചോദിക്കേണ്ടത്. അപ്പന്‍ അടയാളമാണ്. ദൈവത്തിന്റെ ജീവശ്വാസം ഇന്നും തലമുറകളില്‍ തുടിക്കുന്നു എന്നതിന്റെ വ്യക്തമായ വെളിപാട്. അപ്പന്‍ അനുഗ്രഹമാണ്. അപ്പന്റെ പരിജ്ഞാനമോ, പാണ്ഡിത്യമോ, പണമോ ഒന്നുമല്ല, കുടുംബത്തിലെ അദ്ദേഹത്തിന്റെ സ്ഥാനമാണ് വലുത്. അതിനു പകരംവയ്ക്കാന്‍ വേറൊന്നും തന്നെയില്ല. അപ്പന്‍ എന്ന അധികാരത്തെ ഭവനാംഗങ്ങള്‍ ആദരിക്കുകതന്നെ വേണം. റേഷന്‍കാര്‍ഡില്‍ അമ്മയുടെ പേര് ആദ്യം കിടന്നാലും, കുടുംബത്തില്‍ അപ്പന്‍ തന്നെയായിരിക്കണം ഒന്നാമന്‍. അപ്പന്‍ അമൂല്യനാണ്. അദ്ദേഹത്തിന്റെ മിഴികളടയുമ്പോഴേ ആ ജീവിതത്തിന്റെ മുഴുവന്‍ മൂല്യവും നമുക്ക് മനസ്സിലാകൂ. 'അപ്പാ' എന്ന് വിളിക്കാന്‍ അടുത്തോ അകലെയോ ആരുമില്ലാത്തവര്‍ക്കേ ആ ശൂന്യതയുടെ നൊമ്പരമറിയൂ. എത്ര 'വലുതായാലും' ആര്‍ക്കും സ്വന്തം അപ്പനോളം 'വളരാന്‍' കഴിയില്ല. പലപ്പോഴും പുറത്തു കാട്ടുന്നില്ലെങ്കിലും, മറ്റുള്ളവര്‍ മനസ്സിലാക്കുന്നില്ലെങ്കിലും, കരളിനുള്ളില്‍ കടലോളം കനിവും കരുതലുമുള്ള അപ്പനോടുള്ള കടവും കടപ്പാടും ഒരുനാളും ഒടുങ്ങുകയുമില്ല. അപ്പനെന്ന പദത്തിനു അര്‍ത്ഥത്തേക്കാള്‍ അന്തരാര്‍ത്ഥങ്ങളാണുള്ളത്. പുറംപൂശില്ലാത്ത പിതൃസ്‌നേഹമുള്ള മക്കള്‍ക്കേ അവ ഗ്രഹിക്കാനാവൂ. നിനവിലും ഉണര്‍വ്വിലും പിതൃസ്മരണകള്‍ കാത്തുസൂക്ഷിക്കുന്നവരുള്ള ഭവനങ്ങള്‍ ഭാഗ്യപ്പെട്ടവ. അവയ്ക്ക് ദൈവമെന്ന പിതാവിന്റെ കാവലുണ്ടായിരിക്കും. ഓര്‍ക്കണം, അപ്പനെ മറക്കുന്ന കുടുംബമാണ് അപ്പന്‍ മരിച്ചതിന്റേതിനേക്കാള്‍ അനാഥം.

പിതാക്കന്മാര്‍ക്ക് ഉദാത്തമായ മാതൃകയാണ് നസറത്തിലെ വിശുദ്ധ യൗസേപ്പിതാവ്. കര്‍ത്താവ് തന്നെ ഏല്പിച്ച കടമകളെല്ലാം ഒരു പിതൃഹൃദയത്തിന്റെ വാത്സല്യത്തോടും, ഉത്തരവാദിത്വത്തോടും, സമ്പൂര്‍ണ്ണമായ സമര്‍പ്പണ മനോഭാവത്തോടും കൂടെ നിര്‍വ്വഹിക്കാന്‍ ആ സാധാരണക്കാരന്‍ മരയാശാരി സ്ഥിരം കഠിനാധ്വാനം ചെയ്തു. ആ തങ്കപ്പെട്ട തച്ചനെ ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും ആവും വിധം അനുകരിക്കാന്‍ സകല അപ്പന്മാര്‍ക്കും സാധിച്ചാല്‍ അവരുടെ കുടുംബങ്ങള്‍ തീര്‍ച്ചയായും തിരുക്കുടുംബങ്ങളായി പരിണമിക്കും. ഈ വര്‍ഷം ജൂണ്‍ 19 ലോകപിതൃ ദിനം ആയി ആചരിക്കപ്പെടുമ്പോള്‍ എല്ലാ പിതാക്കളെയും നന്ദിയോടെ നമുക്ക് അനുസ്മരിക്കാം, അവരുടെ ആയുരാരോഗ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org