തിരുപ്പിറവിയിലെ അപ്പവിചാരങ്ങള്‍

തിരുപ്പിറവിയിലെ അപ്പവിചാരങ്ങള്‍

ദിവ്യപൈതലിനായി പള്ളിയില്‍ നേദിച്ച കുന്തുരുക്ക വാസനയോടും, പുല്‍ക്കൂട്ടില്‍ വിതറിയ ഉണങ്ങിയ വയ്‌ക്കോലിന്റെ ഗന്ധത്തോടുമൊപ്പം ചേരുന്ന ആ കള്ളപ്പമണം ക്രൈസ്തവരെ മാത്രമല്ല സന്മനസ്സുള്ള സകലരെയും ക്രിസ്മസിന്റെ ഊഷ്മളഭാവങ്ങളിലേക്ക് നയിക്കും.

അപ്പം അന്യമായ അനേകം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ടാവുമ്പോള്‍, കിസ്മസിന്റെ അപ്പവിചാരം കള്ളപ്പ ഗന്ധങ്ങളില്‍ കുരുങ്ങിക്കിടക്കാന്‍ പാടില്ല. ആ അപ്പവിചാരത്തെ കേവലം ഉദരസേവയിലേക്ക് ചുരുക്കുന്നത് ക്രിസ്മസിന്റെ അശ്ലീലം തന്നെ ആവും.

ബെത്‌ലഹേമില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു എന്നതാണ് ക്രിസ്മസിന്റെ സുവിശേഷം. പിള്ളക്കച്ചകളില്‍ പൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന കുഞ്ഞിനെ നിങ്ങള്‍ കാണും എന്നതാണ് രക്ഷകന്റെ അടയാളം. രണ്ടും അപ്പത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിന്തകളാണ് നമുക്ക് മുന്നില്‍ വിളമ്പുന്നത്. ബേത്‌ലെഹേം എന്ന വാക്കിന്റെ അര്‍ത്ഥം അപ്പത്തിന്റെ ഭവനം എന്നാണ്. പുല്‍ത്തൊട്ടി ആകട്ടെ കാലികളുടെ അപ്പപ്പാത്രം ആണ്. ഈശോ എന്ന രക്ഷകന്റെ പിറവി അപ്പപ്പാത്രത്തിലും, അപ്പത്തിന്റെ ഭവനത്തിലുമാണ് എന്നത് കേവലം ആകസ്മികത അല്ല.

ദരിദ്രരുടെ സുവിശേഷം ആയി ലോകത്തിലേക്ക് വന്ന ക്രിസ്തു പ്രധാനമായും അഭിമുഖീകരിക്കുന്നത് ദരിദ്രരെയും, വിശക്കുന്നവരെയും, രോഗികളെയും അബലരെയും തന്നെ ആണ്. 'ദരിദ്രരെ..., വിശക്കുന്നവരെ..., നിങ്ങള്‍ ഭാഗ്യവാന്മാര്‍...' എന്നും, 'അധ്വാനിക്കുന്നവരേ, ഭാരം ചുമക്കുന്നവരേ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം' എന്നും ഹൃദയംഗമമായി പറഞ്ഞവന്റെ പിറന്നാള്‍ ആണ് ക്രിസ്മസ്. വിശപ്പ് അനുഭവിക്കുന്ന പുരുഷാരത്തെ കണ്ട് അലിവ് തോന്നുകയും, അവര്‍ക്കായി അപ്പം പങ്കുവെക്കുകയും ചെയ്തവന്റെ ജയന്തി മഹോത്സവമാണ് ക്രിസ്മസ്. ഞാനാണ് ജീവന്റെ അപ്പമെന്നും, ഈ അപ്പം ഭക്ഷിക്കാതെ നിനക്ക് ജീവനുണ്ടാവുകയില്ലെന്നും പറഞ്ഞു അത്താഴവേളയില്‍ തന്റെ ശരീരമെന്നോണം അപ്പമെടുത്തു വാഴ്ത്തിയവന്റെ ജനനമാണ് ക്രിസ്മസില്‍ നാം ഓര്‍മ്മിക്കുന്നത്. പങ്കുവെയ്ക്കപ്പെടുന്ന അപ്പമാണ് ജീവന്‍ പകരുന്നത് എന്നും, നിങ്ങള്‍ ഒരുമിച്ചു കൂടുമ്പോഴൊക്കെ ആ പങ്കുവെയ്ക്കല്‍ തന്റെ ഓര്‍മ്മയ്ക്കായി ചെയ്യുക എന്ന് ആഹ്വാനം ചെയ്ത സജീവ ദൈവം മനുഷ്യരൂപത്തിലും അപ്പത്തിന്റെ രൂപത്തിലും അവതീര്‍ണ്ണനായതിന്റെ ഓര്‍മ്മത്തിരുനാളാണ് ക്രിസ്മസ്.

അപ്പത്തിന്റെ അഥവാ ഭക്ഷണത്തിന്റെ ആസ്വാദനം പ്രധാനമായും രണ്ടു കാര്യങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. അന്യസംസ്‌കാരങ്ങളിലെ ഇതുവരെ രുചിച്ചിട്ടില്ലാത്ത ഭക്ഷണസാധനങ്ങള്‍ നമ്മെ ആകര്‍ഷിക്കുന്നത് പ്രധാനമായും അവയുടെ ഗന്ധം വഴിയാണ്. ആ ഭക്ഷണത്തെ കണ്ടു കഴിയുമ്പോള്‍ അത് ഭക്ഷിക്കുവാന്‍ നമുക്ക് അദമ്യമായ ഒരു ആഗ്രഹം തോന്നും. പിന്നീട് അത് ഉമിനീരിനൊപ്പം വായില്‍ കിടന്നു അരഞ്ഞു നമ്മുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുകയും സ്വാദിഷ്ടമായ അനുഭവം നല്‍കുകയും ചെയ്യും. വായില്‍ കിടക്കുന്നത്ര സമയം മാത്രമാണ് ഭക്ഷണം നമുക്ക് ആസ്വാദ്യകരമാകുന്നുള്ളൂ.

അപ്പത്തിന്റെ അപ്പനായ ദൈവം തന്റെ പുത്രനെ അപ്പമായി ലോകത്തിലേക്ക് അയക്കുമ്പോള്‍ ഈ രണ്ടു അനുഭവങ്ങള്‍ അവനെ സ്വീകരിക്കുന്നവര്‍ക്ക് ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. ഒന്ന് അഭിമുഖം അഥവാ എന്‍കൗണ്ടര്‍. രണ്ടു സംവാദം അഥവാ ഡയലോഗ്. ഈശോയില്‍ ഉണ്ടായിരുന്ന മനുഷ്യന്റെ മണം, അഥവാ ഇടയന്റെ ഗന്ധം വിശപ്പുള്ളവരെ അവനിലേക്ക് ആകര്‍ഷിച്ചു. അവന്‍ അവര്‍ക്ക് അപ്പമായി മാറി. ഈശോയെ അഭിമുഖം കണ്ട ഭൂരിഭാഗം പേരും സംതൃപ്തരായി മടങ്ങി എന്നാണു സുവിശേഷം സാക്ഷിക്കുന്നത്. അന്ധരും, തളര്‍വാതം പിടിപെട്ടവരും, കുഷ്ഠരോഗികളും, മൂകരും, പിശാചുബാധിതരും അതില്‍പ്പെടും. അവനെ കണ്ടുമുട്ടിയ വ്യഭിചാരിണികളായ സ്ത്രീകള്‍ ക്ഷമ പ്രാപിച്ചും, നവീകരിക്കപ്പെട്ട ഇച്ഛാശക്തിയോടെയും ആണ് മടങ്ങിപ്പോയത്. അതിലുമുപരി സ്ത്രീത്വത്തിന്റെ മഹിമ അനുഭവിക്കാന്‍ അവര്‍ക്ക് സാധിച്ചു.

മത്തായിയുടെയും സക്കേവൂസിന്റെയും ഈശോയുമായുള്ള മുഖാമുഖം നോക്കൂ. രണ്ടുപേരും ചുങ്കക്കാരാണ്. അതായത് നികുതി പിരിവിലൂടെ അന്യായമായി അപരന്റെ പണം കൈക്കലാക്കിയിരുന്നവര്‍. ഭീമമായ സമ്പത്ത് കൈവശം ഉണ്ടായിരുന്നവര്‍. എന്നാല്‍ ഒരിക്കലും ശമിക്കാത്ത ഒരു വിശപ്പ്, ഒരു അപൂര്‍ണ്ണത, പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള വാഞ്ച അവരെ അലട്ടിയിരുന്നു. അവരെയാണ് ഈശോ മുഖാമുഖം കാണാന്‍ തീരുമാനിക്കുന്നത്. മത്തായിയോട് 'എന്നെ അനുഗമിക്കുക' എന്ന രണ്ടു വാക്ക് മാത്രമാണ് ഈശോ പറയുന്നത്; സക്കേവൂസിനോട് മരത്തില്‍ നിന്ന് 'താഴെ ഇറങ്ങുക' എന്നും. പിന്നെ അവന്‍ അവരുടെ ഭവനങ്ങളിലേക്കാണ് പോകുന്നത്. അതുവരെ ആര്‍ത്തിപൂണ്ട് എല്ലാം വാരിക്കൂട്ടി കൈവശപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നവര്‍, കൈ അയച്ചു ഉള്ളത് മുഴുവന്‍ പങ്കുവെക്കാനുള്ള തീരുമാനം കൈക്കൊള്ളുകയാണ്. സന്തോഷാനുഭവം കൈവരിച്ച മത്തായി ഉടന്‍ ഒരു വിരുന്നു ഒരുക്കുകയാണ്. വിരുന്നില്‍ അപ്പം വിതരണം ചെയ്യുന്നിടത്തോളം രക്ഷാകരമായ അനുഭവം വേറൊന്ന് ഉണ്ടാകാനില്ല.

ഈശോയില്‍ ഉണ്ടായിരുന്ന മനുഷ്യന്റെ മണം, അഥവാ ഇടയന്റെ ഗന്ധം വിശപ്പുള്ളവരെ അവനിലേക്ക് ആകര്‍ഷിച്ചു. അവന്‍ അവര്‍ക്ക് അപ്പമായി മാറി. ഈശോയെ അഭിമുഖം കണ്ട ഭൂരിഭാഗം പേരും സംതൃപ്ത രായി മടങ്ങി എന്നാണു സുവിശേഷം സാക്ഷിക്കുന്നത്. അന്ധരും, തളര്‍വാതം പിടിപെട്ടവരും, കുഷ്ഠരോഗികളും, മൂകരും, പിശാചുബാധിതരും അതില്‍പ്പെടും.

വിട്ടുകൊടുക്കാനും പങ്കുവെയ്ക്കാനും തയ്യാറാകാത്തവര്‍ മാത്രമായിരുന്നു ഈശോയുടെ അഭിമുഖാനന്തരം ആനന്ദമില്ലാതെ മടങ്ങിയത്. തന്നെ അനുഗമിക്കാന്‍ ആഗ്രഹിച്ച ഒരു യുവാവിന് ഉള്ള ഏക കുറവ് ഈശോ ചൂണ്ടിക്കാട്ടിയത് പങ്കുവെക്കപ്പെടാത്ത അയാളുടെ ധനം ആയിരുന്നു. അത് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഖിന്നനായി മടങ്ങി എന്നാണ് പറയുന്നത്. അധികാര സ്ഥാനങ്ങളെയും സ്വാര്‍ത്ഥ മോഹങ്ങളെയും ആസക്തിയോടെ കെട്ടിപുണര്‍ന്നവരിലും ഈശോയുടെ അഭിമുഖത്തിന് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പ്രധാന പുരോഹിതര്‍, ന്യായാധിപന്മാര്‍, പരീശന്മാര്‍, ഗവര്‍ണര്‍മാര്‍, രാജാക്കന്മാര്‍ ഒക്കെ അക്കൂട്ടത്തില്‍പ്പെടും.

ഈശോയുമായുള്ള സമ്പര്‍ക്കം നീണ്ട സംവാദങ്ങളിലേക്ക് പലരെയും നയിച്ചിരുന്നു. ഈശോയുടെ ഉപമകളില്‍ പലതും സംവാദങ്ങളിലെ ആസ്വാദ്യകരങ്ങളായ ഘടകങ്ങളായിരുന്നു. ശിഷ്യന്മാര്‍ക്കുള്ള പഠനങ്ങള്‍ പലതും സംഭാഷണങ്ങളിലൂടെയാണ് രൂപംകൊള്ളുന്നത്. മിക്കവാറും ചോദ്യങ്ങളിലൂടെയാണ് സംഭാഷണങ്ങള്‍ ആരംഭിക്കുന്നതും പുരോഗമിക്കുന്നതും. ഒരു അജ്ഞാനിയെപോലെ ആണ് ആ സമയങ്ങളില്‍ ഈശോ പെരുമാറുന്നത്. ആ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശിഷ്യന്മാരെ സഹായിക്കുകയാണ് ഗുരു ചെയ്യുന്നത്. സംവാദങ്ങളിലൂടെ സത്യത്തെ തിരിച്ചറിയുവാന്‍ ഈശോ സഹായിക്കുന്നു. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അപ്പംമുറിക്കല്‍ അനുഭവം അത്തരത്തില്‍ ഒരു അഭിമുഖത്തിന്റെയും സംവാദത്തിന്റെയും അന്ത്യത്തിലായിരുന്നു എന്നത് ചാരുതയാര്‍ന്ന ഒരു സംഗതിയാണ്. അഭിമുഖവും സംവാദവും നയിക്കുന്ന പൊതു ഇടത്തിലാണ് അപ്പം പങ്കുവെയ്ക്കുന്ന അനുഭവത്തിലേക്ക് സമൂഹങ്ങളെയും വ്യക്തികളെയും നയിക്കുന്നത്.

വിക്ടര്‍ ഹ്യൂഗോവിന്റെ പാവങ്ങള്‍ എന്ന നോവല്‍ രചനയുടെ പശ്ചാത്തലങ്ങള്‍ 'ദി നോവല്‍ ഓഫ് ദി സെഞ്ച്വറി' എന്ന പുസ്തകത്തില്‍ ഡേവിഡ് ബെല്ലോസ് വിവരിക്കുന്നത് ഇങ്ങനെയാണ്. നോവല്‍ രചനയില്‍ മൂന്നു മാസം പിന്നിട്ടപ്പോഴും ദാരിദ്ര്യം മൂലം വേശ്യാവൃത്തിയിലേക്ക് വഴുതിവീണ ഫന്റൈന്‍ എന്ന സ്ത്രീ ആയിരുന്നു പാവങ്ങളുടെ കേന്ദ്ര കഥാപാത്രം. അങ്ങനെയിരിക്കെ ഒരു ബാലന്‍ അപ്പക്കടയില്‍ നിന്ന് റൊട്ടി മോഷ്ടിക്കുന്നത് ഹ്യൂഗോ നേരില്‍ കാണാന്‍ ഇട വന്നു. ഴാങ് വാല്‍ ഴാങ് എന്ന മോഷ്ടാവ് അങ്ങനെയാണ് പ്രധാന കഥാപാത്രമാവുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ആ നോവലില്‍ അപ്പം സമൂഹ ദാരിദ്ര്യത്തിന്റെ ഒരു പ്രധാന പ്രതീകമാണ്. 'അപ്പമില്ലെങ്കില്‍ ജനങ്ങള്‍ കേക്ക് ഭക്ഷിക്കട്ടെ' എന്ന് പറഞ്ഞ രാജ്ഞി ഭരിച്ചിരുന്ന അക്കാലത്താണ് (1789) അപ്പ കലാപം ഉണ്ടായത്. അപ്പം വളരെ വിലപിടിച്ച വസ്തുവായി, അനിയന്ത്രിതമായി അതിന് വില വര്‍ദ്ധിച്ചു. ആളുകള്‍ ബേക്കറികള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി അപ്പം കൈക്കലാക്കി. ഇന്നത്തെ മദ്യവില്പനശാലകള്‍ക്ക് ഉള്ളതുപോലെ ബേക്കറികള്‍ക്ക് ഇരുമ്പു ഗ്രില്ലുകള്‍ സ്ഥാപിക്കപ്പെട്ടു. ധനികര്‍ക്കും ദരിദ്രര്‍ക്കുമായി രണ്ടു തരം അപ്പങ്ങള്‍ വിപണിയില്‍ എത്തി. ധനികര്‍ക്കുള്ളത് മര്‍ദ്ദവമുള്ള അപ്പം (larton savonne). ദരിദ്രര്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത റൊട്ടി (larton brutal). അതില്‍ മാവിനോടൊപ്പം അറക്കപ്പൊടിയും കലര്‍ത്തിയിരുന്നു. സമ്പദ്‌വ്യവസ്ഥ അമ്പേ താറുമാറായി.

സാമ്പത്തിക അസമത്വങ്ങള്‍ വര്‍ദ്ധിതമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭീതി ഒഴിയാതെ ഇപ്പോഴും നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന മഹാമാരിയും, സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്ന സാമ്പത്തിക നയങ്ങളും ജനത്തിന്റെ അപ്പപ്പാത്രത്തിന്മേലുള്ള പിടിമുറുക്കല്‍ കൂടിയായിരുന്നു. കര്‍ഷകര്‍ക്ക് ഹാനി വരുത്തുന്ന നിയമങ്ങള്‍ അപ്പ സുരക്ഷയ്ക്കായുള്ള സമരത്തിലേക്ക് കര്‍ഷകരെ തള്ളിവിട്ടു. അവശ്യ സാധനങ്ങളുടെയും, ഇന്ധനത്തിന്റെയും വില വര്‍ധിച്ചു വരുന്നു. ബാങ്കുകള്‍ പിടിമുറുക്കുന്നു. നികുതിഭാരം കൊണ്ട് ജനത്തിന്റെ തോളുകള്‍ താഴുന്നു. നമ്മുടെ നാട്ടില്‍ തന്നെ അപ്പം എടുത്ത മധുവിനെ തല്ലിക്കൊന്നിട്ടു അധിക കാലം ആയില്ല. അപ്പമില്ലാത്തതിനാലും, വിവാഹം നടക്കാത്തതിനാലും, വായ്പ തിരിച്ചടക്കാത്തതിനാലും ഒക്കെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നു.

ദൈവത്തെ അഭിമുഖം കാണുക, ദൈവവുമായി സംവാദത്തിലേര്‍പ്പെടുക എന്നതിനോളം പ്രധാനം തന്നെയാണ് അപരനെ അഭിമുഖീകരിക്കുന്നതും സംവാദത്തില്‍ ഏര്‍പ്പെടുന്നതും. മനുഷ്യന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യുക എന്നത് ക്രൈസ്തവ ആത്മീയതയുടെ ആണിക്കല്ലാണ്. കേവലം വ്യക്തിനിഷ്ഠമായ വിശുദ്ധീകരണ പ്രക്രിയയിലൂടെ ലഭിക്കുന്ന സ്വര്‍ഗ്ഗപ്രാപ്തി അല്ല അത് ലക്ഷ്യം വെക്കുന്നത്.

'സമൂഹത്തിന്റെ ഡൈനാമിക്‌സ് അങ്ങനെയാണ്,' 'ആളുകളുടെ സാമ്പത്തിക ഇടപാടുകള്‍ (എക്കണോമിക്കല്‍ ബിഹേവിയര്‍) ശരിയാകാത്തതിനാല്‍ ആണ്' എന്നൊക്കെ പറഞ്ഞു സാമൂഹ്യസാമ്പത്തിക അസമത്വങ്ങളെ ലാഘവപ്പെടുത്താന്‍ ആവില്ല. സമൂഹത്തിലെ അസമത്വങ്ങള്‍ നാം അനുധാവനം ചെയ്യുകയും ജീവിക്കുകയും ചെയുന്ന ആത്മീയതയുടെയും മതനിഷ്ഠകളുടെയും പ്രതിഫലനം കൂടി ആണ്. ക്രൈസ്തവ മത നിഷ്ഠയുടെ ശരി തെറ്റുകളെ തൂക്കി അളക്കുന്ന അന്ത്യവിധി പൂര്‍ണ്ണമായും സഹജന്റെ ദുര്‍ബലതകളോടും (വള്‍നറബിലിറ്റി), അസമത്വങ്ങളോടും ഉള്ള നമ്മുടെ പ്രതികരണങ്ങളെ മാത്രമാണല്ലോ കണക്കിലെടുക്കുന്നത്. അതിനാല്‍ തന്നെ, നമ്മുടെ മത നിഷ്ഠകളെ സാമൂഹ്യപരമായ മാനങ്ങളില്‍ കൂടി വിശുദ്ധീകരിക്കാനുള്ള കാലം കൂടിയാണ് ക്രിസ്മസ്. അപരന് സ്ഥാനമില്ലാത്തതും, അപരനെ അവമതിക്കുന്നതുമായ, മത നിഷ്ഠകള്‍ വിമലീകരിക്കപ്പെടേണ്ടതാണ്. ഫ്രറ്റെലി തൂത്തി എന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ പറയുന്നു: ഒരു വിഭാഗത്തെ അരികുകളിലേക്ക് തള്ളിവിടുന്ന സമൂഹങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയമോ, വിഭവ വിതരണമോ, നിയമങ്ങളുടെ സ്ഥാപനമോ, നിരീക്ഷണ സംവിധാനങ്ങളോ, ശാശ്വതമായ സമാധാനം പ്രദാനം ചെയ്യാന്‍ ആവില്ല. നമുക്ക് എന്തെങ്കിലും പുതുതായി തുടങ്ങാന്‍ ഉണ്ടെങ്കില്‍, അത് നമ്മുടെ ഏറ്റവും എളിയ സഹോദരീ സഹോദരന്മാരില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു (#235).

ദൈവത്തെ അഭിമുഖം കാണുക, ദൈവവുമായി സംവാദത്തിലേര്‍പ്പെടുക എന്നതിനോളം പ്രധാനം തന്നെയാണ് അപരനെ അഭിമുഖീകരിക്കുന്നതും സംവാദത്തില്‍ ഏര്‍പ്പെടുന്നതും. മനുഷ്യന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യുക എന്നത് ക്രൈസ്തവ ആത്മീയതയുടെ ആണിക്കല്ലാണ്. കേവലം വ്യക്തിനിഷ്ഠമായ വിശുദ്ധീകരണ പ്രക്രിയയിലൂടെ ലഭിക്കുന്ന സ്വര്‍ഗ്ഗപ്രാപ്തി അല്ല അത് ലക്ഷ്യം വെക്കുന്നത്. സമത്വത്തിലൂന്നിയ സമൂഹമായ ദൈവജനത്തിന്റെ ആഘോഷമാണ് ക്രൈസ്തവ ആത്മീയത. മനുഷ്യനെ അഭിമുഖം കാണാനും അവനുമായി സംവദിക്കാനും പാകത്തിലുള്ള ഒരു ശരീരവും ഭാഷയും എടുത്തണിഞ്ഞു എന്നതിലാണ് ക്രിസ്മസില്‍ ക്രിസ്തു അവതീര്‍ണ്ണനായി എന്ന് പറയുന്നതിന്റെ സാംഗത്യം കുടി കൊള്ളുന്നത്. ദൈവം മനുഷ്യനാകുന്നില്ലെങ്കില്‍ ആ ആശയവിനിമയം പഴയ നിയമകാലത്തേതു പോലെ അപൂര്‍ണ്ണവും, വിഫലവും ആയിത്തുടര്‍ന്നേനെ. ആ ഭാഷാ വിഘാതം ക്രിസ്മസില്‍ തകര്‍ക്കപ്പെട്ടു എന്നത് തന്നെയാണ് സുവിശേഷം.

അപ്പമില്ലാതിരിക്കുന്ന അപരനെ അഭിമുഖം കാണുന്നതും അവനുമായി സംവദിക്കുന്നതും വഴി അപ്പം പങ്കുവെക്കാനുള്ള ഒരു അഭിവാഞ്ച ക്രൈസ്തവനില്‍ മുളയിടുന്നു. 'ഇതെന്റെ ശരീരമാകുന്നു, വാങ്ങി ഭക്ഷിക്കുക' എന്ന ഈശോയുടെ വചനം അവരില്‍ പ്രതിധ്വനിക്കുകയും, അപരന് വേണ്ടി മുറിയപ്പെടാനും പങ്കുവെക്കപ്പെടാനും തയ്യാറാവുകയും ചെയ്യുക എന്നതാണ് ക്രൈസ്തവ സാഫല്യം. ജീവിതം തന്നെ നിരന്തര പാഥേയമാകുന്ന തീര്‍ത്ഥാടനമാണ്. അതിനു ശേഷം മാത്രമാണ് അള്‍ത്താരകളില്‍ വാഴ്ത്തപ്പെടുന്ന അപ്പങ്ങള്‍ യേശുവിന്റെ ശരീരമാവുകയുള്ളൂ. യേശുവിന്റെ ശരീരം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ വിശ്വാസികളുടെ കൂട്ടായ്മ സഭ ആണല്ലോ. അപരന്റെ ശൂന്യമായ അപ്പക്കുട്ടകള്‍ കാണാന്‍ സാധിക്കാത്തവര്‍ ആരാധനയുടെ ദിശയും ദിക്കും നിര്‍ണയിക്കാനുള്ള വൃഥാശ്രമത്തില്‍ ജീവിതം പതിരാക്കി കൊണ്ടിരിക്കും.

അവതീര്‍ണനായ ക്രിസ്തുവിനെ പോലെ, പതിതരുടെയും പാവപ്പെട്ടവരുടെയും വേദനകളും, കാലിയായ കൈകളും കാണുക എന്നതാണ് ക്രിസ്മസ് നമ്മോട് ആവശ്യപ്പെടുന്നത്. അപരന്റെ കൈകളിലെ അപ്പമാകാന്‍ കഴിയാത്തിടത്തോളം, നമ്മുടെ അപ്പക്കുട്ടകള്‍ നിറയില്ല, നാം കൈക്കൊള്ളുന്ന തിരു അപ്പത്തില്‍ യേശു സാന്നിധ്യം ഉണ്ടാവുകയും ഇല്ല. അപ്പഗന്ധത്താല്‍ സൗരഭ്യമായ ക്രിസ്മസിന്റെ കൃപകള്‍ ഏവര്‍ക്കും ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org