സഭാനവീകരണത്തിനായി മാര്‍പ്പാപ്പമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു സെ ഷനുകളിലും ആലപ്പാട്ട് പിതാവ് പങ്കെടു ത്തിട്ടുണ്ട്. അതും അപൂര്‍വ ദൈവാനുഗ്രഹമായി അദ്ദേഹം കരുതിയിരുന്നു.
പള്ളിമണികള്‍ വിലാപതേങ്ങലോടെ സുപരിചിതമല്ലാത്ത താളത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നത് ജനങ്ങള്‍ ശ്രദ്ധിച്ചു. എന്തോ സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ പൊതുജനത്തിന് ലഭിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയായിരുന്ന തൃശ്ശൂരിന് ഇരുപത്തിയേഴു വര്‍ഷം നെടുനായകത്വം വഹിച്ച ബിഷപ്പ് മാര്‍ ജോര്‍ജ് ആലപ്പാട്ട് കാലം ചെയ്തു എന്ന ഖേദകരമായ വാര്‍ത്തയാണ്. 1900 ഫെബ്രുവരി 11-ാം തീയതി (ലൂര്‍ദ് മാതാവിന്റെ തിരുനാള്‍) തൃശ്ശൂരിന്റെ പടിഞ്ഞാറന്‍ ഗ്രാമമായ കരാഞ്ചിറയില്‍ ജനിച്ച വാറുണ്ണി എന്ന കുഞ്ഞ് പടിപടിയായി പഠിച്ചുവളര്‍ന്ന് ഇന്ററിന് (ഇന്നത്തെ പ്ലസ് 2) വിദ്യാര്‍ത്ഥിയായി കോളജ് തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സെ ന്റ് തോമസ് കോളജിലെ രജിസ്റ്റര്‍ നമ്പര്‍ ഒന്ന് വിദ്യാര്‍ത്ഥിയായി പഠിക്കാനുള്ള ചരിത്രഭാഗ്യം നേടിയതില്‍ മരണം വരെ വലിയ അഭിമാനത്തോടെ അദ്ദേഹം അനുസ്മരിക്കുമായിരുന്നു. കേവലം പ്രൈമറി വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന ഗ്രാമത്തില്‍നിന്ന് ജനനവും പ്രാഥമിക വിദ്യാഭ്യാസവും കഴിഞ്ഞ് തൃശ്ശൂര്‍ തോപ്പ് പെറ്റി സെമിനാരിയില്‍ ചേര്‍ന്നത് ജീവിതത്തിന്റെ വഴിത്തിരിവായി. പഠനത്തില്‍ അതിനിപുണനായിരുന്നതിനാല്‍ രൂപത അധികൃതര്‍ വൈദികപരിശീലനത്തിനായി ബ്രദര്‍ ജോര്‍ജിനെ (പി സി വാറുണ്ണി) വൈദികപരിശീലനത്തിന്റെ തക്ഷശിലയായ റോമിലേക്ക് അയച്ചു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയശേഷമാണ് അദ്ദേഹം സ്വദേശത്ത് തിരിച്ചെത്തുന്നത്. റോമിലെ പഠനകാലയളവില്‍ പ്രൊപ്പഗാന്ത കോളേജില്‍ ഇതരരാജ്യക്കാരും വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു; ചുരുക്കത്തില്‍ സഭയുടെ 'ക്രീം' ആയിരുന്നു ആ സര്‍വകലാശാല. അവിടെ ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടുവെന്നത് സൗഹാര്‍ദത്തിന്റെയും നേതൃപാടവത്തിന്റെയും നേര്‍സാക്ഷ്യമാണ്. അക്കാലത്ത് തോപ്പ് സെമിനാരി ഒരു മേജര്‍ സെമിനാരിയായി ഉയര്‍ത്തപ്പെട്ടിരുന്നു. തലശ്ശേരി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റമടക്കം നിരവധി വൈദികരെ വാര്‍ത്തെടുത്ത ആധ്യാത്മികകേന്ദ്രമായിരുന്നു തൃശ്ശൂരിലെ തോപ്പ്. തൃശ്ശൂരിന്റെ പ്രഥമ അധ്യക്ഷന്‍ ഡോ. അഡോള്‍ഫ് മെഡിലിക്കോട്ട് വാങ്ങിയതാണ് സെമിനാരി, സ്റ്റേഡിയം, മെഡിക്കല്‍ കോളജായി മാറിയ പഴയ മിഷനാശുപത്രി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഈ പറമ്പ്. പറങ്കിമാവും തൊട്ടാവാടിയും നിറഞ്ഞതായിരുന്നു ഈ കുന്നിന്‍പ്രദേശമെന്ന് സ്ഥാപക ഡയറക്ടറായിരുന്ന മോണ്‍. ജോസഫ് മുരിങ്ങാത്തേരിയില്‍നിന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്.
തോപ്പ് മേജര്‍ സെമിനാരിയില്‍ പ്രൊഫസറും രൂപതയില്‍ ചില പള്ളികളില്‍ വികാരിയുമായിരുന്ന ഫാ. ജോര്‍ജ് ആലപ്പാട്ട് ബിഷപ്പ് ഫ്രാന്‍സിസ് വാഴപ്പിള്ളിയുടെ മരണശേഷം 1944 മെയ് 1-ന് അപ്പോഴും പണി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത വ്യാകുലമാതാവിന്‍ പുത്തന്‍പള്ളിയില്‍ വച്ച് അഭിഷിക്തനായപ്പോള്‍ ഇന്ത്യയിലെത്തന്നെ ഏറ്റവും വിസ്തൃതിയുള്ള രൂപതയിലെ (ആലുവാപ്പുഴ മുതല്‍ തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പിള്ളി, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശം) മെത്രാനായി. വയസ്സ് 44.
അദ്ദേഹത്തിന്റെ ജീവ ചരിത്രം ചുരുക്കി വായിച്ചാല്‍ വിദ്യാഭ്യാസത്തിനും ആതുരസേവനത്തിനുമായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. അതുതന്നെയല്ലേ മനുഷ്യകുലപുരോഗതിക്ക് അനിവാര്യമായത്? കേരളത്തിന് മിഷണറിമാര്‍ കൊളുത്തി നല്‍കിയ അക്ഷരദീപം വാനോളം ജ്വലിപ്പിച്ചു നിര്‍ത്തിയതില്‍ - പ്രത്യേകിച്ച് മധ്യകേരളത്തില്‍, മാര്‍ ആലപ്പാട്ടിന് വലിയ പങ്കുണ്ടായിരുന്നു.
ഡോ. മെഡിലിക്കോട്ട് സെന്റ് തോമസ് കോളജിന് ശില പാകിയശേഷം അതിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും പ്രത്യക്ഷമായിത്തന്നെ പ്രചോദനമായിരുന്നത് സ്ഥാപനത്തിലെ പ്രഥമ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈ കലാലയത്തില്‍ ഒമ്പത് ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍വരെ ഉണ്ടായിരുന്നുവെന്നത് അക്കാലത്ത് ഒരു വിദ്യാഭ്യാസവിസ്മയമാണ്! പ്രഥമ പ്രിന്‍സിപ്പല്‍ മോണ്‍. പാലോക്കാരന്‍, അറുപതുകളിലെ പ്രിന്‍സിപ്പല്‍ മോണ്‍. തോമസ് മൂത്തേടന്‍ എന്നിവരുടെ നേതൃത്വവും വിസ്മരിക്കാവുന്നതല്ല. തൃശ്ശൂര്‍ അവിഭക്തരൂപതയിലും ഇപ്പോള്‍ പാലക്കാട്, കോയമ്പത്തൂര്‍ പ്രദേശങ്ങളിലും ഉള്ള പ്രശസ്ത കലാലയങ്ങള്‍ക്കും ഹൈസ്‌ക്കൂളുകള്‍ക്കും പിന്തുണയും സഹായവുമായി പിതാവുണ്ടായിരുന്നു. ഒരു മെഡിക്കല്‍ കോളജും അദ്ദേഹത്തിന്റെ സ്വപ്‌നത്തിലുണ്ടായിരുന്നുവെന്ന് തൃശ്ശൂരിലെ പ്രശസ്ത പത്രപ്രവര്‍ത്തകനായ വര്‍ഗീസ് മേച്ചേരിയുടെ ലേഖനത്തിലുണ്ടായിരുന്നു.
സഭാനവീകരണത്തിനായി മാര്‍പ്പാപ്പമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു സെഷനുകളിലും ആലപ്പാട്ട് പിതാവ് പങ്കെടുത്തിട്ടുണ്ട്. അതും അപൂര്‍വ ദൈവാനുഗ്രഹമായി അദ്ദേഹം കരുതിയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ ഇന്ത്യയിലെത്തന്നെ ആദ്യത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ തൃശ്ശൂരിലാണ് രൂപീകൃതമായത് എന്നത് രൂപതയ്ക്കുതന്നെ അഭിമാനമാണ്.
പുത്തന്‍ വായുവും വെളിച്ചവും ഏറെക്കാലമായി അടച്ചിട്ടിരുന്ന സഭാതലങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്നതായിരുന്നല്ലൊ വത്തിക്കാന്‍ കൗണ്‍സിലിന്റെ ലക്ഷ്യം. ചിലര്‍ അത് അത്യന്താധുനികതയായി തെറ്റിധരിച്ചു. പക്ഷെ യഥാര്‍ത്ഥ ലക്ഷ്യം നവീകരണം തന്നെയായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ മെത്രാന്മാര്‍ക്ക് യുവരക്തങ്ങള്‍ക്ക് വഴിമാറി കൊടുക്കാമെന്ന ചിന്താഗതിയും ഉയര്‍ന്നു. ഈ അനുവാദം പ്രാവര്‍ത്തികമാക്കുന്നതില്‍ പിതാവ് മാതൃക കാണിച്ചു. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാതെ തന്റെ എഴുപതാം വയസ്സില്‍ അനുയോജ്യനായ പിന്‍ഗാമിയെ (മാര്‍ ജോസഫ് കുണ്ടുകുളം) കണ്ടെത്തി ജന്മനാട്ടിലെ ആശ്രമത്തിലേക്ക് പിന്‍വാങ്ങി. 1973-ല്‍ കാലം ചെയ്തു. മരണാനന്തരം തന്റെ അജഗണങ്ങളെ ഒരിക്കല്‍ക്കൂടി കണ്ടു യാത്രപറയാന്‍ തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ എത്തി. അവിടെനിന്നാരംഭിച്ച് കരാഞ്ചിറയിലെ പത്താം പിയൂസ് കപ്പേളയിലേക്കുള്ള അന്ത്യയാത്രയില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയടക്കം എല്ലാ മെത്രാന്മാരും ആയിരക്കണക്കിന് ഇതരമതസ്ഥരടക്കം പങ്കെടുത്തു. ജന്മനാട്ടില്‍നിന്ന് വീണ്ടും ജന്മനാട്ടിലേക്കുള്ള സംഭവബഹുലമായ യാത്ര.
(ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളുടെ ഭൂപടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ബിഷപ്പ് ജോര്‍ജ് ആലപ്പാട്ടിന്റെ പൗരോഹിത്യ രജതജൂബിലി സ്മാരകമായി സ്ഥാപിതമായതാണ്; ജൂബിലി എന്ന ഓമനപ്പേരില്‍ അത് അറിയപ്പെടുന്നു. 'SERVICE WITH LOVE' എന്ന മുദ്രാവാക്യത്തോടെ.)