കാഴ്ചബംഗ്ലാവും മൃഗശാലയും

കാഴ്ചബംഗ്ലാവും മൃഗശാലയും
ഓരോ യാത്രയും ആരംഭിക്കുന്നതിനു മുമ്പ് അവിടുത്തെ കാഴ്ചകളെപ്പറ്റി അറിയുന്നത് നല്ലതാണ്. യാത്രയില്‍ പോകുന്ന വഴികളിലെ കാഴ്ചകളും ആസ്വദിക്കണം, വഴികളെ അറിയണം. കാരണം പിന്നീട് അതിലെ പോകാന്‍ സാധ്യത കുറവായിരിക്കും. പലപ്പോഴും ആളുകള്‍ വാഹനത്തില്‍ കയറിക്കഴിഞ്ഞാല്‍ അതിനകത്ത് ആഘോഷം തുടങ്ങും. വഴിയിലെ വിശേഷം ഒന്നും അറിയാറില്ല.

ഡാളസ്സിലെ പെരോറ്റ് പ്രകൃതി, ശാസ്ത്ര മ്യൂസിയത്തിലേക്കുള്ള യാത്രയില്‍ ഞങ്ങളോടൊപ്പം സുഹൃത്തുക്കളായ ഒരു കുടുംബവും ഉണ്ടായിരുന്നു. ഞങ്ങളുടെ യാത്ര യു എസ് 75 ഹൈവേയില്‍ കൂടിയായിരുന്നു. ഈ റോഡ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈവേകളില്‍ ഒന്നാണ്. ഏതാണ്ട് 7 ഓളം സ്റ്റേറ്റുകളില്‍ കൂടി ഈ റോഡ് കടന്നു പോകുന്നുണ്ട്. നീളം 1239 മൈലാണ്. 150 മുതല്‍ 300 അടിവരെ വീതിയും. ഈ റോഡില്‍ ട്രാഫിക് സിഗ്‌നല്‍സ് ഇല്ല. ക്രോസ്സ് റോഡുകളുമില്ല. അതെല്ലാം ഫ്‌ളൈഓവറു കളാണ്. ഒരു സ്ഥലത്തു ഒന്നിന് മീതെ ഒന്നായി 7 നിലകളുള്ള ഫ്‌ളൈ ഓവറുകളും കണ്ടു. സ്പീഡ് 75 മൈലാണ്. എങ്ങും ഒരു ട്രാഫിക് പൊലീസിനെയോ, ക്യാമറയോ, അപകടങ്ങളോ കാണാന്‍ കഴിഞ്ഞുമില്ല. ഒരു ഹോണടിയും കേള്‍ക്കാന്‍ കഴിഞ്ഞില്ല. മീഡിയനിലും, റോഡിന്റെ വശങ്ങളിലും മരങ്ങളും, ചെടികളും, പൂക്കളും, പുല്‍മെത്തകളും, ഏറ്റവും അരികില്‍ കാടുകളും. അങ്ങനെ മനോഹരമായ കാഴ്ചകള്‍. മിക്കവാറും കെട്ടിടങ്ങള്‍ മൂന്നു നിലകളിലായി നിയന്ത്രിച്ചിരിക്കുന്നു. ഡാളസില്‍ ചെന്നപ്പോള്‍ മാത്രമാണ് വലിയ കെട്ടിടങ്ങള്‍ കാണുവാന്‍ കഴിഞ്ഞത്.

പെരോറ്റ് മ്യൂസിയം ടെക്‌സസ്സിലെ ഡാളസിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ്. ഡാളസ് സന്ദര്‍ശിക്കുന്നവര്‍ മുഖ്യമായും കണ്ടിരിക്കേണ്ട ഒന്ന്. കണ്ണുകള്‍ക്ക് അത്ഭുതങ്ങളുടെ കലവറ. 6 നിലകളിലായി 1,80,000 ച. അടി വിസ്താരം. 14 നില കെട്ടിടത്തിന്റെ ഉയരം. ഇവിടത്തെ Boone Pickens Life Then and Now Hall ല്‍ നമ്മളെ സ്വാഗതം ചെയ്യുന്നത് ലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള ഭീമാകാരനായ ദിനോസറിന്റെ അസ്ഥിപഞ്ജരമാണ്. ഇത് 1985 ല്‍ ടെക്സ്സസില്‍ നിന്നും കണ്ടെടുത്തതാണ്. വലിയ ദിനോസറുകള്‍, അപൂര്‍വമായ fossils, ശിലാകാല ജീവികള്‍ എന്നിവയെ ഇവിടെ കാണാം. വളരെ പുരാതന ജീവികളുടെ എല്ലുകള്‍, അപൂര്‍വ ഫോസിലുകള്‍ എന്നിവ ഇവിടെ കാണാം. ദിനോസറുകളുടെ ജീവിതത്തെ സംബന്ധിച്ച് ആഴമേറിയ അറിവുകളും ലഭിക്കും.

പിന്നീട് നാം പോകുന്നത് Lyda Hill Gems and Mineral Hall ലേക്കാണ്. ഇവിടെ നമുക്ക് അതിവിശിഷ്ടമായ രത്‌നങ്ങളും, ധാതുക്കളും, വജ്രങ്ങളും കാണാന്‍ കഴിയും. ഭൂമിയിലെ ഏറ്റവും മനോഹരമായ അത്തരം, ആഭരണങ്ങളും, വസ്തുക്കളും ഇവിടെയുണ്ട്. അടുത്തത് Lamar Hunt Family Sports Hall ആണ്. ഇവിടെ നമുക്ക് പലതരത്തിലുള്ള കായികവിനോദങ്ങളില്‍ പങ്കെടുക്കാം. പ്രശസ്തരായ ഓട്ടക്കാര്‍ക്ക് ഒപ്പം ഓടുവാന്‍ കഴിയും. അവയുടെ സ്പീഡുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വരും അടുത്തത് The Rees-Jones Foundation Dynamic Earth Hall ആണ്. ഇവിടെ നമുക്ക് കാലിനടിയില്‍ ഭൂമി കുലുക്കം അനുഭവിക്കാം. കാലാവസ്ഥ, വ്യതിയാനം, ഓയില്‍ ഉല്‍പ്പാദനം, പലതരത്തിലുള്ള പവര്‍ ജനറേഷന്‍, Ellie May, nearly fully articulated mammoth excavated by Museum paleontologists എന്നിവയും, കാണാം. അടുത്തത് Expanding Universe Hall. ഇവിടെ ശൂന്യാകാശത്തിന്റെ വിസ്മയകരമായ ദൃശ്യങ്ങള്‍ ടെലിസ്‌കോപ്പിലൂടെ കാണാം. Discovering Life Hall, Children's Museum, Rose birds hall എന്നിവയും ഉണ്ട്. എല്ലാം പൂര്‍ണ്ണമായി കാണാന്‍ കഴിഞ്ഞില്ല.

ഫോര്‍ട്ട് വര്‍ത്ത് സൂ, ടെക്സ്സാസ്

അമേരിക്കയിലെ ഏറ്റവും വലിയ മൃഗശാലകളില്‍ ഒന്നാണ് ഫോര്‍ട്ട് വര്‍ത്ത്. ലോകത്തില്‍ ആകമാനം ഏകദേശം 10,000 ല്‍ കൂടുതല്‍ മൃഗശാലകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതില്‍ 436 എണ്ണം അമേരിക്കയില്‍ ആണെന്നറിയുന്നു. അതില്‍തന്നെ 15 എണ്ണം ടെക്സ്സസിലാണ്. അതില്‍ ഒന്നാം സ്ഥാനത്താണ് ഫോര്‍ട്ട് വര്‍ത്ത്.

ഇവിടെ 80 ഓളം കാഴ്ചകളുണ്ട്. 7000 മൃഗങ്ങള്‍, അപൂര്‍വയിനം പക്ഷികള്‍, ഹിപ്പോപൊട്ടാമസ്, റൈനോ, ചീങ്കണ്ണി, ഗൊറില്ല, ഉറാങ്ങുട്ടാന്‍, ചിമ്പാന്‍സി എന്നിങ്ങനെ നിരവധി കാഴ്ചകള്‍. ഗൂഗിളില്‍ ഫോര്‍ട്ട് വര്‍ത്ത് സൂ എന്ന് നോക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സഹായിക്കും. രസകരമായ ഒരു സംഗതി ജിറാഫിനു തീറ്റ കൊടുക്കലാണ്. അതായത് നമുക്ക് അവിടെ 6 ഡോളര്‍ കൊടുത്ത് ഒരു കെട്ട് ലെറ്റിയൂസ് (ഒരു തരം കറി ഇല) വാങ്ങിയിട്ട് ജിറാഫിന് കൊടുക്കാം. നമ്മള്‍ നില്‍ക്കുന്ന വശത്ത് അവ വരുമ്പോള്‍ വായില്‍ വച്ച് കൊടുക്കാം. വലിയ നീളമുള്ള നാക്കാണ്. അതും ഒരു ബിസിനസ്സ്. വിവിധങ്ങളായ ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. പഴയ ടെക്‌സസ്സിലെ ബാര്‍ബര്‍ ഷോപ്പ്, പോസ്റ്റ് ഓഫിസ് മുതലായവ പുനഃസൃഷ്ടിച്ച് വച്ചിട്ടുമുണ്ട്. ഒരു ട്രെയിന്‍ സഫാരിയുമുണ്ട്. അവസാനം സഫാരി സ്പ്ലാഷ്. ഓടി നടന്നുള്ള കുളി എന്നു പറയാം.

വിനോദ സഞ്ചാരത്തില്‍ വിനോദവും സഞ്ചാരവും മാത്രമല്ല, വിജ്ഞാനവും വ്യത്യസ്തമായ കാഴ്ചകളും വലുതും ചെറുതുമായ ജീവിതാനുഭവങ്ങളും ഉണ്ട്. രസമുള്ള കാഴ്ചകള്‍ ഡയറിയില്‍ എഴുതിയാല്‍ പിന്നീട് ഓര്‍മ്മിക്കാന്‍ എളുപ്പമാകും. ഓരോ യാത്രയും ആരംഭിക്കുന്നതിനുമുമ്പ് അവിടുത്തെ കാഴ്ചകളെപ്പറ്റി അറിയുന്നത് നല്ലതാണ്. യാത്രയില്‍ പോകുന്ന വഴികളിലെ കാഴ്ചകളും ആസ്വദിക്കണം, വഴികളെ അറിയണം. കാരണം പിന്നീട് അതിലെ പോകാന്‍ സാധ്യത കുറവായിരിക്കും. പലപ്പോഴും ആളുകള്‍ വാഹനത്തില്‍ കയറിക്കഴിഞ്ഞാല്‍ അതിനകത്ത് ആഘോഷം തുടങ്ങും. വഴിയിലെ വിശേഷം ഒന്നും അറിയാറില്ല. എവിടെയെങ്കിലും എത്തിക്കഴിഞ്ഞാല്‍ ആ പരിസരങ്ങളെ അറിയണം. എന്നിട്ട് വേണം ആഘോഷം ആരംഭിക്കാന്‍. എല്ലാവരും എവിടെയെങ്കിലും വിനോദയാത്രകള്‍ നടത്തിക്കൊണ്ടിരിക്കണം. അതിന് അമേരിക്കയോ വിദേശ രാജ്യങ്ങളോ വേണമെന്നില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org