

എം ജെ തോമസ് SJ
ലൂമെന്‍, കലൂര്‍
ഭക്താനുഷ്ഠാനങ്ങളും പ്രാര്‍ഥനാകേന്ദ്രങ്ങളും കൂടി വരുന്നു. പലരും, പ്രത്യേകിച്ച് സന്യസ്തര്‍, ദിവസേന ഏറെ സമയം കൊടുക്കുന്നു. എങ്കിലും എത്രപേര്‍ ശരിക്കും പ്രാര്‍ഥിക്കുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
പലരുടെയും പ്രാര്‍ഥന പ്രധാനമായും വാചികമാണ്. അതായത്, ആരെങ്കിലും ഒരിക്കല്‍ രൂപം കൊടുത്ത പ്രാര്‍ഥനയുടെ ആവര്‍ത്തനം. വാചികപ്രാര്‍ഥന സ്വന്തമാക്കാതെ, അതിന്റെ അര്‍ഥം മനസ്സിലാക്കാതെ ചൊല്ലിയാല്‍ പ്രാര്‍ഥനയാ കുമോ? പ്രാർഥന ദൈവവുമായി ബന്ധത്തിലായിരിക്കുക എന്നതാണ്.
ക്രിസ്ത്യാനി മിസ്റ്റിക് ആയിരിക്കണമെന്ന് പ്രശസ്ത ദൈവശാസ്ത്രജ്ഞനായ കാള്‍ റാനര്‍ പറയുകയുണ്ടായി. ഒരാള്‍ ആശ്രമത്തിലോ വനാന്തര ത്തിലോ ആയിരിക്കേണ്ടതില്ല. അനുദിനജീവിതത്തില്‍, തിരക്കിനിടയിലും ദൈവവുമായി സ്‌നേഹബന്ധത്തിലായിരിക്കുക എന്നതാണ് പ്രധാനകാര്യം. അകലെയാണെങ്കിലും നല്ല ഭാര്യയും ഭര്‍ത്താവും പരസ്പര ബന്ധത്തിലായിരിക്കുന്നതു പോലെ.
ആശ്രമത്തിലോ വനാന്തരത്തിലോ ആയിരിക്കേണ്ടതില്ല. അനുദിനജീവിതത്തില്‍, തിരക്കിനിടയിലും ദൈവവുമായി സ്‌നേഹബന്ധത്തിലായിരിക്കുക എന്നതാണ് പ്രധാന കാര്യം. അകലെയാണെങ്കിലും നല്ല ഭാര്യയും ഭര്‍ത്താവും പരസ്പര ബന്ധത്തിലായിരിക്കുന്നതുപോലെ.
ഒരു സന്യാസിനിയുടെ അനുഭവം പങ്കുവയ്ക്കട്ടെ. സിസ്റ്ററിന്റെ പ്രവര്‍ത്തനമണ്ഡലം വളരെ തിരക്കേറിയ ഒരു റെയില്‍വെ ജംങ്ക്ഷനാണ്. പട്ടണജീവിതം രസകരമെന്നു കരുതി ഗ്രാമങ്ങളില്‍ നിന്നും ദിവസേന ചെറുപ്പക്കാര്‍ അവിടെ എത്തുന്നു. പലരുടേയും പണം മിക്കവാറും തീര്‍ന്നു കാണും. എന്തു ചെയ്യണമെന്നറിയാതെ, വിശന്നു വലഞ്ഞ് പലരും ചുറ്റി നടക്കുന്നു, അല്ലെങ്കില്‍ വിഷമിച്ചിരിക്കുന്നു. ഭക്ഷണവും കിടപ്പാടവും വാഗ്ദാനം ചെയ്ത് 'കഴുകന്മാര്‍' ഇവരെ കൊണ്ടു പോകുന്നു - ലൈംഗികമായി ചൂഷണം ചെയ്യാന്‍, കൂലിയി ല്ലാതെ വേല ചെയ്യിക്കുവാന്‍, അതിനു മുമ്പ് നിസ്സഹായരായ ചെറുപ്പക്കാരെ സഹായിക്കുക എന്നതാണ് സിസ്റ്ററിന്റെ ജോലി. ഈ ഭാരം താങ്ങാനാകാതെ സിസ്റ്റര്‍ തളര്‍ന്നു പോകുന്നു. കൂടാതെ, 'ഇരകള്‍' നഷ്ടപ്പെടുന്ന വരുടെ വന്‍ ഭീഷണിയും അസഭ്യവും. ഇതെല്ലാം സിസ്റ്ററിനെ ഒരു രോഗിയാക്കി. വിട്ടുമാറാത്ത ജലദോഷം, നടുവേദന, കൂടെക്കൂടെയുള്ള മൈഗ്രെയ്ന്‍.
ഇങ്ങനെ തളര്‍ന്ന ഒരാളായിട്ടാണ് സിസ്റ്റര്‍ ധ്യാനം ആരംഭിച്ചത്. ധ്യാനത്തില്‍ നിന്നും ശരിയായ ആത്മീയത എന്താണെന്നു മനസ്സിലാക്കി. ഫലപ്രദമായ പ്രാര്‍ഥനാരീതികളും പഠിച്ചു. ധ്യാനം കഴിഞ്ഞ് മുന്‍ പ്രവര്‍ത്തന സ്ഥലത്തേക്കു തിരിച്ചുപോയി. മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു കത്തിലൂടെ സിസ്റ്റര്‍ സ്വന്തം അനുഭവം പങ്കുവച്ചു. തന്നെ ദൈവം നിരുപാധികമായി സ്‌നേഹിക്കുന്നുണ്ടെന്നും, എപ്പോഴും കൂടെയുണ്ടെന്നും സിസ്റ്റര്‍ വിശ്വസിച്ചു. ദൈവവുമായി അപ്പന്‍ - മകള്‍ ബന്ധത്തി ലായി. കൂടെക്കൂടെ ദൈവം 'മോളേ' എന്ന് വിളിക്കുന്നതായി അനുഭവപ്പെട്ടു. സമാധാനവും സന്തോഷവും ധൈര്യവും അനുഭവപ്പെട്ടു. രോഗവിമുക്തയായി ജോലി കൂടുതല്‍ ഫലപ്രദമായി ചെയ്യാന്‍ സാധിച്ചു. റെയില്‍വേ അധികാരികളുടെ പ്രശംസയും സഹായവും ലഭിച്ചു. സിസ്റ്റര്‍ ഒരു മിസ്റ്റിക്ക് ആയതിന്റെ ഫലം.
ദൈവവുമായി അടുത്തബന്ധത്തി ലായിരിക്കുവാന്‍ ഏവര്‍ക്കും സാധിക്കും. ഏവര്‍ക്കും ഇത് ആവശ്യവുമാണ്. ഇതിലേക്കു വളരുവാന്‍ സഹായിക്കുന്ന പ്രാര്‍ഥനാരീതികളുമുണ്ട്.
ഒരു ഗൃഹനാഥന്റെ അനുഭവം: പ്രാര്‍ഥന നയിച്ചപ്പോള്‍ 'പിതാവെ' എന്ന വിളിയില്‍ ലയിച്ചുപോയി. പ്രാര്‍ഥനയുടെ ബാക്കി ഭാഗം ചൊല്ലാതെ. ഇതും ഒരു മിസ്റ്റിക് അനുഭവമല്ലേ?
ഒരു ജാപ്പനീസ് വനിത മിക്ക ദിവസവും സക്രാരിക്കടുത്ത് ആദരവോടെ നില്‍ക്കു മായിരുന്നു. ഇത് ശ്രദ്ധിച്ച ഒരു വൈദികന്‍ ഒരിക്കല്‍ അവളോട് ചോദിച്ചു: 'നീ എന്താണ് ഈശോയോടു ചോദിക്കുന്നത്?' എന്ന്. ചോദ്യം അവളെ ഞെട്ടിച്ചു. ''ഞാന്‍ ഒന്നും ചോദിക്കുന്നില്ല. ഞാന്‍ ഈശോയെ നോക്കുന്നു. ഈശോ എന്നെയും. ഇത് സൗഹൃദത്തിന്റെ സമയമാണ്.'' ഇതും ഒരു മിസ്റ്റിക് അനുഭവമല്ലേ?
പ്രാര്‍ഥന ജീവിതവുമായി ബന്ധപ്പെടു ത്തണം. പ്രാര്‍ഥിക്കുന്നയാള്‍ കൂടുതല്‍ നല്ലവനാകണം - കൂടുതല്‍ സനേഹിക്കുന്ന, ക്ഷമിക്കുന്ന, കൂടുതല്‍ കൂടുതല്‍ നന്മ ചെയ്യുന്ന ഒരാള്‍. 'സ്വര്‍ഗസ്ഥനായ പിതാവെ' എന്ന പ്രാര്‍ഥന ചൊല്ലിയപ്പോള്‍ 'ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ' എന്ന ഭാഗം ഗൃഹനാഥകന്‍ ചൊല്ലിയില്ല. ഇതേപ്പറ്റി അദ്ദേഹം പിന്നീടു പങ്കുവച്ചു. ''അതു പറയാന്‍ എനിക്കു സാധിക്കുന്നില്ല. കാരണം ഞാന്‍ ഇപ്പോഴും അരിശത്തി ലാണ്, വെറുപ്പിലാണ്.'' ഈ ആത്മാര്‍ത്ഥ തയും പ്രാര്‍ഥനയല്ലെ. ഒരു മിസ്റ്റിക്ക് അനുഭവമല്ലേ?
പ്രാര്‍ഥനയില്‍പ്പോലുമുള്ള സ്വാര്‍ത്ഥതയാണ് മിസ്റ്റിക് ആകുന്നതി നുള്ള പ്രധാന പ്രതിബന്ധം. ''എന്റെ കാര്യം നടക്കണം. എന്റെ ഇഷ്ടം നടക്കണം'' എന്ന മനോഭാവം. സ്വന്തം ഇഷ്ടം ഉചിതമാണോ എന്നു പോലും ആലോചിക്കാറില്ല. 'എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ' എന്ന യേശുവിന്റെ മനോഭാവത്തില്‍ നിന്നും എത്ര വ്യത്യസ്തമാണിത്?
ദൈവവുമായി അടുത്തബന്ധത്തി ലായിരിക്കുവാന്‍ ഏവര്‍ക്കും സാധിക്കും. ഏവര്‍ക്കും ഇത് ആവശ്യവുമാണ്. ഇതിലേക്കു വളരുവാന്‍ സഹായിക്കുന്ന പ്രാര്‍ഥനാ രീതികളുമുണ്ട്.
കുര്‍ബാനയില്‍ ശ്രദ്ധിക്കേണ്ടത് തന്നെത്തന്നെ പൂര്‍ണ്ണമായും ദാനം ചെയ്യുന്ന യേശുവിന്റെ സ്‌നേഹത്തി ലല്ലേ? 'ഇത് നിങ്ങള്‍ എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍' എന്ന കല്പന ആവശ്യപ്പെടുന്നത് നമ്മളും യേശുവിനെ പ്പോലെ ആയിരിക്കണമെന്നല്ലേ? അതായത്, നിരുപാധികം പൂര്‍ണ്ണമായും സ്‌നേഹിക്കുന്നവര്‍. അള്‍ത്താരാലങ്കാര ത്തിലും ഗാനത്തിലുമുള്ള അമിത ശ്രദ്ധയും കാര്‍മ്മികര്‍ക്ക് ഉണ്ടായേക്കാ വുന്ന പ്രകടനപരതയും ഒട്ടും സഹായ കരമല്ല. കടമയായോ ചടങ്ങായോ അര്‍പ്പിക്കുന്ന കുര്‍ബാനയും സ്‌നേഹ വിരുന്നായ അന്ത്യഅത്താഴവും എത്ര വ്യത്യസ്തമാണ്. അപരന്റെ ദാസനാകാ നുള്ള മനസ്സു കാണിക്കുന്ന പാദം കഴുകലും ആര്‍ഭാടവും തമ്മില്‍ എന്തു ബന്ധം!
കുര്‍ബാന സ്വീകരണത്തിലൂടെ ഉത്ഥിതനായ യേശുവിനെ നമ്മള്‍ സ്വീകരിക്കുന്നു. യേശുവിന് നമ്മില്‍ വസിക്കാനും നമുക്കാശ്വാസവും ബലവുമായിരിക്കാനുമുള്ള തീവ്രമായ ആഗ്രഹം ഓര്‍ക്കുക. യേശുവിനെ സസന്തോഷമാണോ നമ്മള്‍ സ്വീകരിക്കു ന്നത്? ഉള്ളിലുള്ള യേശുവുമായി നമ്മള്‍ ഉത്സാഹത്തോടെ ബന്ധപ്പെടാറുണ്ടോ? കുര്‍ബാന സ്വീകരണം മിസ്റ്റിക് ആകാനുള്ള നല്ല അവസരമാണ്.
നമ്മള്‍ ജീവിക്കുന്നത് ഒരു കമ്പോളസംസ്‌കാരത്തിലാണ്. കൊതിപ്പിക്കുന്നതും ഭ്രമിപ്പിക്കുന്നതു മായ കമ്പോളം. സാധാരണക്കാര്‍ ആടി ഉലയും, അടിമകളാകും. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവര്‍ക്കേ, ദൈവത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍ക്കേ, ഉള്ളില്‍ സമാധാനം ഉള്ളവര്‍ക്കേ പിടിച്ചു നില്‍ക്കാനാകൂ... 'ഇത് എനിക്കുവേണ്ടാ' എന്നു പറയാനാകൂ. ദൈവത്തിനല്ലാതെ ഒന്നിനും നമ്മെ തൃപ്തിപ്പെടുത്താനാകില്ല എന്നാണല്ലോ വി. അഗസ്തിനോസിന്റെ അനുഭവം. ഇതൊക്കെയല്ലേ ഒരു മിസ്റ്റിക് ആയിരിക്കുക എന്നാല്‍!