അന്ധതയില്‍ നിന്നും സര്‍ഗാകാശത്തിലേക്ക്

അന്ധതയില്‍ നിന്നും സര്‍ഗാകാശത്തിലേക്ക്

തനിക്കു ചുറ്റുമുള്ള പ്രകാശം ഇരുളിലും വല്ലായ്മയിലുമാകുമ്പോള്‍ ആ മനുഷ്യന്‍ കൊടുംനിരാശതയിലേക്ക് നിപതിച്ചു തുടങ്ങി. ദൈവം കുറച്ചു സര്‍ഗശക്തി അനുഗ്രഹിച്ചു തന്നത് ഇടയ്ക്കുവച്ച് അന്ധത സമ്മാനിക്കാനായിരുന്നോ? ദൈവം അറിഞ്ഞുകൊണ്ടാണോ അങ്ങനെ തന്നെ ശിക്ഷിക്കുന്നത്?

ഒരു മഹേതിഹാസകാവ്യത്തിന്റെ പണിപ്പുരയിലാണ് താനെന്ന വിശ്വാസം ആ എഴുത്തുകാരന്റെ ആന്തരികതയില്‍ ഉണ്ടായിരുന്നു. ആ ഒരൊറ്റ രചനയ്ക്കുവേണ്ടി രണ്ടു ദശകത്തോളം മറ്റൊന്നും എഴുതിയുമില്ല. വായനയും മനനവും മൗനവും മറ്റ് ജോലിത്തിരക്കുകളുമായി എത്രയോ നാളുകള്‍ തള്ളിമാറ്റി.

ഇംഗ്ലണ്ടില്‍ ക്രോംവെല്‍ ഭരണത്തില്‍ ലാറ്റിന്‍ സെക്രട്ടറിയായി ആ എഴുത്തുകാരന്‍ ജോലി നോക്കി വരികയായിരുന്നു. സാമാന്യം സാമ്പത്തികശേഷി ഉണ്ടായിരു ന്ന കുടുംബത്തിലെ അംഗം. കേം ബ്രിഡ്ജില്‍ നിന്നും നല്ല നിലയില്‍ എം.എ. എടുത്തിരുന്നു. ആദ്യകാലത്ത് കുറച്ചൊക്കെ ഗൗരവമായിത്തന്നെ എഴുതി സാഹിത്യലോകത്ത് മേല്‍വിലാസം ഉണ്ടാക്കി. നന്നേ ചെറുപ്പത്തിലെ സാഹിത്യരചന തുടങ്ങിയിരുന്നു.

പറഞ്ഞുവരുന്നത് സാക്ഷാല്‍ ജോണ്‍ മില്‍ട്ടണ്‍ എന്ന സര്‍ഗസാരഥിയെക്കുറിച്ച്. ആള്‍ അതീവ സുന്ദരനായതുകൊണ്ട് ലേഡി ഓഫ് ക്രൈസ്റ്റ് എന്ന ഓമനപ്പേര് മില്‍ട്ടന് കിട്ടിയിരുന്നു. 'പറുദീസാ നഷ്ടവും' (paradise lost), പറുദീസാ വീണ്ടെടുപ്പും (paradise regained), പാസ്റ്ററല്‍ എലിജിയും, ലിസിഡാസും, സാംസണും ഒക്കെ ആ പ്രതിഭാധനന്റെ വിഖ്യാത കൃതികളായിരുന്നുവല്ലോ.

ഉത്തമകാവ്യം എഴുതിത്തുടങ്ങുന്ന സാഹചര്യത്തില്‍ കണ്ണിന്റെ കാഴ്ചശക്തിക്ക് മങ്ങലേറ്റു തുടങ്ങി. കാര്യമായി ആ പോരായ്മ എടുത്തില്ലെങ്കിലും ചികിത്സ തേടേണ്ടി വന്നു. അധികം വൈകാതെ കാഴ്ച ഇല്ലാതാവുകയും ചെയ്തു.

ഏതൊരു കഷ്ടകാണ്ഡമായിരിക്കാം മില്‍ട്ടനെ ദംശിച്ചു തുടങ്ങിയത്. തനിക്കു ചുറ്റുമുള്ള പ്രകാശം ഇരുളിലും വല്ലായ്മയിലുമാകുമ്പോള്‍ ആ മനുഷ്യന്‍ കൊടുംനിരാശതയിലേക്ക് നിപതിച്ചു തുടങ്ങി. ദൈവം കുറച്ചു സര്‍ഗശക്തി അനുഗ്രഹിച്ചു തന്നത് ഇടയ്ക്കുവച്ച് അന്ധത സമ്മാനിക്കാനായിരുന്നോ? ദൈവം അറിഞ്ഞുകൊണ്ടാണോ അങ്ങനെ തന്നെ ശിക്ഷിക്കുന്നത്? ഇനി എഴുത്ത് തുടരണോ? എഴുത്ത് എന്ന പ്രക്രിയ എന്നന്നേക്കുമായി നിറുത്താന്‍ തന്നെയായിരിക്കണം ആ കൊടും പരീക്ഷണം. അത്രയും വേണ്ടായിരുന്നു. ഇരുളും വെളിച്ചവും മാറി മാറി വരുന്ന ലോകത്ത് തികച്ചും ഇരുട്ടില്‍ തപ്പിത്തടഞ്ഞും പിടഞ്ഞും ജീവിക്കേണ്ടി വരിക എന്ന ദുസ്സഹത ഒരു ദുര്‍ക്കിനാവായി ആ എഴുത്തുകാരനെ വേട്ടയാടുകയായിരുന്നു.

കണ്ണുണ്ടായ കാലത്ത് ചാള്‍സ് രണ്ടാമന്‍ ഇംഗ്ലണ്ടിന്റെ ഭരണം തിരിച്ചുപിടിച്ചതോടെ ജയിലിലായ വ്യക്തിയാണ്. പിന്നീട് മോചിതനായപ്പോള്‍ ജീവിതം സാഹിത്യരചനയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു. ആ ദൃഢനിശ്ചയമാണ് ഇന്നു പ്രതികൂട്ടിലായിരിക്കുന്നത്. മില്‍ട്ടണ്‍ വല്ലാതെ സങ്കടപ്പെട്ടു.

ജീവിതത്തിന്റെ പാതിവഴിയില്‍ വച്ച് സംഭവിച്ച ആ കഠിനതയെ മറികടക്കാനെന്ന വണ്ണം എഴുത്തിലേക്കുള്ള തീവ്ര പ്രചോദനം വീണ്ടും തീവ്രമാവുകയായിരുന്നു. പക്ഷേ...

താന്‍ വിഭാവനം ചെയ്തിരുന്നതും, ആത്മാവിന്റെ അകത്തളത്തില്‍ കാത്തു കാത്തുവച്ചിരുന്നതുമായ സംഭവങ്ങളെയും ആശയങ്ങളെയും അക്ഷരക്കൂട്ടുകളിലേക്ക് സംഭവിപ്പിക്കുമ്പോഴായിരുന്നല്ലോ ലവലേശം പോലും പ്രതീക്ഷിക്കാത്തത് ഇറങ്ങിപ്പുറപ്പെട്ടത്. അതിനെക്കുറിച്ചാലോചിച്ചാലോചിച്ച് വേണ്ടത്ര വ്യാകുലത തിന്നുമ്പോള്‍ എന്തൊക്കെയോ സംശയങ്ങള്‍ മില്‍ട്ടണില്‍ മലവെള്ളപ്പാച്ചിലായി.

ദൈവം തന്റെയരികില്‍ ഒരിക്കല്‍ വന്നാല്‍ തന്നോട് എന്താണ് ആവശ്യപ്പെടാന്‍ പോകുന്നത്. എഴുത്തു തുടരണോ, നിറുത്തണോ? നിറുത്താന്‍ പറയില്ല. ദൈവത്തിന്റെ മഹാപദ്ധതിയില്‍ കോറിയിട്ടതാണല്ലോ എഴുത്തിലേക്കുള്ള നീക്കുപോക്കുകള്‍. അത് ആ മഹത്ശക്തിമാന്റെ സമ്മാനമാണ്. തനിക്കുവേണ്ടി അനുവദിക്കപ്പെട്ട കഴിവ് ഇല്ലാതാക്കാനല്ല, തുടരാനായിരിക്കണം ദൈവം ആവശ്യപ്പെടുന്നത്. ആ ഒരൊറ്റ ചിന്തയിന്മേല്‍ കാവ്യരചന തുടരാന്‍ തന്നെ മില്‍ട്ടണ്‍ തീരുമാനിച്ചു. മറ്റൊരാളുടെ സഹായത്തോടെ എഴുതാനുള്ളതൊക്കെ എഴുതിത്തുടങ്ങി. അക്ഷരങ്ങളും വാചകങ്ങളും ബാഹ്യനേത്രങ്ങളില്‍ സ്പര്‍ശനമായില്ലെങ്കിലും അന്തര്‍നേത്രങ്ങളില്‍ അവ നക്ഷത്രദീപ്തങ്ങളായി.

എഴുത്തിന്റെ തുടര്‍വേളകളിലും ചിലപ്പോഴൊക്കെ മില്‍ട്ടണ്‍ ഉത്ക്കണ്ഠയില്‍ കാലിടറി വീഴാറുണ്ട്. ദൈവം തന്നെയും തന്റെ കഴിവിനെയും വെറുക്കുന്നുണ്ടായിരിക്കണം. പക്ഷേ, അടുത്തനിമിഷം അത്തരം വൃഥാവ്യര്‍ത്ഥതയില്‍നിന്നും മോചിതനാവുകയും ചെയ്യും. ദൈവം ഓരോരുത്തര്‍ക്കും ഓരോരോ കഴിവുകള്‍ നല്കിയിട്ടുണ്ട്. അതില്‍ സര്‍ഗ ശേഷി തൊടുത്തതും അല്ലാത്തതുമുണ്ടാവും. ഏറ്റവും നിസ്സാരത മുതല്‍ വന്‍കിട ജോലി വരെ കര്‍മ്മത്താല്‍ ബന്ധിതമാണ്. അവയെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനല്ലേ? അകര്‍മ്മണ്യതയില്‍ തപ്പിത്തടഞ്ഞാലോ?

അങ്ങനെ പ്രത്യാശയുടെ തുരുത്തിലിരുന്ന് ക്ഷമയേറ്റിയും സഹനങ്ങളില്‍ കുരുങ്ങിയും മില്‍ട്ടണ്‍ തന്റെ ദീര്‍ഘതപസ്യ പൂര്‍ത്തീകരിച്ചപ്പോള്‍ അത് ഇതിഹാസതുല്യമായ 'പാരഡൈസ് ലോസ്റ്റ്' എന്ന മഹാസംഭവമായി. ആ കൃതിയുടെ എല്ലാമെല്ലാം പതിനായിരത്തോളം വരികളുള്ള പന്ത്രണ്ട് ഭാഗങ്ങളുള്ള പ്രപഞ്ചചരിത്രം തന്നെയാണ്.

പറുദീസാ നഷ്ടത്തില്‍ മുന്തി നില്‍ക്കുന്ന ശക്തിയും ശബ്ദസൗന്ദര്യവും എങ്ങനെ മില്‍ട്ടണില്‍ കുടിയേറി എന്ന് എലിയറ്റ് ഒതുക്കിപ്പറഞ്ഞിട്ടുണ്ട്. എന്തായിരിക്കണം അത്? ആ കാഴ്ചയില്ലായ്മതന്നെ. ആന്തരികമായ വേദനകള്‍ ഘനീഭവിച്ചു കൂടിയതാണ് ആ മഹേതിഹാസം. കാവ്യത്തിന്റെ ശീര്‍ഷകം തന്നെ മില്‍ട്ടണ്‍ന്റെ സര്‍ഗസമ്പത്തിന്റെയും വൃഥാപൂര്‍ണ്ണതയുടെയും ആകത്തുകയല്ലാതെ മറ്റെന്ത്? തന്റെ കാഴ്ചക്കേട് പല വികാരങ്ങളിലൂടെയും സങ്കടപ്പെയ്ത്തായി ദൈവത്തോട് സംവദിച്ചിരിക്കുകയാണ് 'ആ മഹാരഥന്‍.'

എഴുത്തിലൂടെ മില്‍ട്ടണ്‍ തന്നെത്തന്നെ തിരിച്ചറിഞ്ഞതോടെയാണല്ലോ ആ മഹാകാവ്യത്തിനു പിന്നാലെ അദ്ദേഹം പറുദീസാ വീണ്ടെടുപ്പ് എഴുതിയത്. അന്ധത ജീവിതം തന്നെയായിത്തീര്‍ന്നപ്പോള്‍ ആ നിത്യനഷ്ടത്തെ എഴുത്തുവഴിയിലൂടെയും ആത്മീയതയിലൂടെയും മില്‍ട്ടണ്‍ അതിജീവിച്ചത്. ലോകത്തിനു തന്നെ ഒരു പ്രചോദനമായി ഭവിച്ചു.

മില്‍ട്ടണ്‍ തന്റെ കൃതിയില്‍ 'പേഷ്യന്‍സ്' എന്ന ഒരു കഥാപാത്രത്തെ ചേര്‍ത്തു വച്ചിട്ടുണ്ട്. പേരുപോലെതന്നെ അര്‍ത്ഥവത്തായ കഥാപാത്രം. കവിയായ തന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ പേഷ്യന്‍സ് സഹായിക്കുന്നുണ്ട്. ദൈവത്തിനു മനുഷ്യപ്രയത്‌നങ്ങളോ, അവന്റെ സമ്മാനങ്ങളോ ആവശ്യമില്ല. സ്വ ജീവിതം നന്നായി നയിക്കുന്നവന്‍ ആരോ അവനാണ് ദൈവത്തെ യഥാര്‍ത്ഥത്തില്‍ സേവിക്കുന്നത്. ദൈവത്തിനു രാജകീയ പദവിയാണുള്ളത്. അവിടത്തെ ആജ്ഞകള്‍ നടപ്പിലാക്കാന്‍ ആയിരക്കണക്കിനു മാലാഖമാരുമുണ്ട്.

പേഷ്യന്‍സിനെക്കൂടി പാരഡൈസ് ലോസ്റ്റില്‍ ബന്ധിതനാക്കിയപ്പോഴാണ് തന്റെ അന്ധതയുടെ പോരായ്മ ഏറെ സഹനവല്‍ക്കരിക്കപ്പെട്ടത്. താന്‍ അന്വേഷിച്ചും, സംശയിച്ചും നടന്നതിനു വേണ്ടത്ര ഉത്തരവും ലഭിച്ചു കഴിഞ്ഞുവല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org