വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍: കരുണയുടെ പ്രവാചകന്‍

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍: കരുണയുടെ പ്രവാചകന്‍

റവ. ഡോ. ജോര്‍ജ് കാരക്കുന്നേല്‍
മെമ്പര്‍, പൊന്തിഫിക്കല്‍ ദൈവശാസ്ത്ര അക്കാദമി, റോം

"കാരുണ്യത്തിന്റെ മേന്മ ബുദ്ധിമുട്ടറിയുന്നില്ല, ആകാശത്തുനിന്നു മൃദുവായ മഴയായി അതു പെയ്തുവീഴുന്നു, അതു രണ്ടു പ്രാവശ്യം അനുഗൃഹീതമാണ്: ന ല്കുന്നവനെയും സ്വീകരിക്കുന്നവനെയും അത് അനുഗ്രഹിക്കുന്നു."
ഷേക്‌സ്പിയറിന്റെ മേല്പറഞ്ഞ വരികള്‍ ലോകപ്രശസ്തമാണ്. അതിന്റെ പിന്നിലെ വിശ്വവീക്ഷണം യേശുക്രിസ്തുവിന്റെ പ്രബോധനമാണ്. "കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു കരുണ ലഭിക്കും." പാവങ്ങള്‍ക്കുവേണ്ടി ജീവി തം സമര്‍പ്പിച്ച് ജീവിച്ച കരുണയുടെ പ്രവാചകനായിരുന്നു ഫാ. അ ഗസ്റ്റിന്‍ തേവര്‍പറമ്പില്‍ അഥവാ "കുഞ്ഞച്ചന്‍." ഇന്ത്യയിലെ സഭയില്‍ രൂപതാ വൈദികരില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട് അള്‍ത്താരയില്‍ ആദരിക്കപ്പെടുന്ന ആ ദ്യത്തെ വൈദികനാണ് കുഞ്ഞച്ചന്‍. അസാധാരണ കഴിവുകളുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. പാടാനോ പ്രസംഗിക്കാനോ അദ്ദേഹം അറിയപ്പെട്ടവനായിരുന്നില്ല. ഭരണപാടവമോ സംഘടനാവൈഭവമോ അദ്ദേഹത്തിനില്ലായിരുന്നു. പക്ഷേ, പാവങ്ങളോടുള്ള കരുണകൊണ്ട് കുഞ്ഞച്ചന്‍ ഒരു അത്ഭുത പ്രതിഭാസമായിത്തീര്‍ന്നു.

ബാല്യവും വിദ്യാഭ്യാസവും

രാമപുരത്ത് കുഴുമ്പില്‍ കുടുംബത്തിന്റെ തേവര്‍പറമ്പില്‍ ശാഖയില്‍ 1891 ഏപ്രില്‍ 1-ന് കുഞ്ഞച്ചന്‍ ജനിച്ചു. മാതാപിതാക്കളുടെ അഞ്ചാമത്തെ കുട്ടിയായിട്ടാണ് അദ്ദേഹം ജനിച്ചത്. മാമ്മോദീസായില്‍ ഇടവക മദ്ധ്യസ്ഥന്റെ പേരു നല്കി വളര്‍ത്തിയ കുട്ടിയെ "കു ഞ്ഞാഗസ്തി" എന്നാണ് വിളിച്ചിരുന്നത്. രാമപുരത്തു പ്രൈമറി സ്‌കൂളിലും മാന്നാനത്തു ഹൈസ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. സല്‍സ്വഭാവിയും ദൈവഭക്തനുമായിരുന്ന അഗസ്റ്റിന്‍ തന്റെ ദൈവനിയോഗം തിരിച്ചറിഞ്ഞ് 1913-ല്‍ ചങ്ങനാശ്ശേരി മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. ഇന്നത്തെ മംഗലപ്പുഴ സെമിനാരിയുടെ തുടക്കമായിരുന്ന പുത്തന്‍പള്ളി സെമിനാരിയിലായിരുന്നു വൈദികപരിശീലനം പൂര്‍ത്തിയാക്കിയത്. 1921-ല്‍ വൈദികപട്ടം സ്വീകരിച്ചു. സ്വന്തം ഇടവകയില്‍ തന്നെ അന്നത്തെ പതിവനുസരിച്ച് വൈ ദിക ശുശ്രൂഷ ആരംഭിച്ചു. ഫാ. അഗസ്റ്റിന്‍ തേവര്‍പറമ്പില്‍ എന്ന തു ഔദ്യോഗിക പേരായിരുന്നെങ്കിലും "കുഞ്ഞച്ചന്‍" എന്നു വിളിക്കാനാണ് ആളുകള്‍ ഇഷ്ടപ്പെട്ടത്.
രാമപുരത്തെ സേവനത്തിനുശേഷം 1923-ല്‍ കടനാട് ഇടവകപ്പള്ളിയില്‍ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ടു. പ്രാര്‍ത്ഥനാചൈതന്യവും ആത്മീയനിഷ്ഠയും സേവനസന്നദ്ധതയും കുഞ്ഞച്ചന്റെ സ വിശേഷതകളായിരുന്നു. 1926-ല്‍ അസാധാരണമായ ഒരു പനി പിടിപെട്ട് കുഞ്ഞച്ചന്‍ കിടപ്പിലായി. ചികിത്സയ്ക്കായി ഇടവക ജോലിയില്‍ നിന്നു വിമുക്തനാക്കി എറണാകുളത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. മാസങ്ങള്‍ ദീര്‍ ഘിച്ച ചികിത്സയ്ക്കുശേഷം അച്ചന്‍ സുഖപ്പെട്ടെങ്കിലും, ക്ഷീണിതനായിരുന്ന കുഞ്ഞച്ചനെ ഡോ ക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്, രാമപുരത്തെ ഇടവകപള്ളിയില്‍ വിശ്രമത്തിനായി താമസിപ്പിച്ചു.
രാമപുരത്തേക്കുള്ള അച്ചന്റെ തിരിച്ചുവരവ് ഒരു വഴിത്തിരിവിന്റെ അവസരമായി മാറി. വൈദികജീവിതത്തില്‍ പാവപ്പെട്ടവര്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള പ്രത്യേകിച്ചൊരു ദൈവികാഹ്വാനം ഈ കാലഘട്ടത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ നാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദരിദ്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരുടെ സുവിശേഷവത്ക്കരണത്തി നും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള വിളിയായിരുന്നു അത്.

ജാതിവ്യവസ്ഥയും ജനത്തിന്റെ ദുരവസ്ഥയും

ഇന്ത്യയിലെ ജാതിവ്യവസ്ഥ ഒരു വിഭാഗം ജനങ്ങളെ ഒരു നിലയും വിലയും ഇല്ലാത്തവരായി മാറ്റിയിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെ അടിമകളെപ്പോലെയാണ് കരുതിയിരുന്നത്. വിദ്യാഭ്യാസവും ആരോഗ്യകരമായ ജീവിതരീതികളുമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. കേരളത്തിലെ പരമ്പരാഗത ക്രിസ്തീയവിശ്വാസികള്‍ തങ്ങളുടെ പുരാതന പാരമ്പര്യത്തില്‍ അഭിമാനംകൊള്ളുകയും ഉയര്‍ന്ന ജാതിക്കാരുടെ മനോഭാവം വച്ചു പുലര്‍ത്തുകയും ചെയ്തിരുന്നു. ഹൈന്ദവരും ക്രൈസ്തവരും താഴ്ന്ന ജാതിക്കാരെ അടിമകളായി കാണുകയും പാടത്തും പറമ്പിലും ജോലിക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്ന മനുഷ്യരായ എല്ലാവരുടെയും അന്തസ്സ്, സാഹോദര്യം, സമത്വം ഇവയൊന്നും ഇവിടത്തെ ക്രിസ്തീയസമൂഹം പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചിരുന്നില്ല. താഴ്ന്ന ജാതിക്കാരില്‍നിന്നു ക്രിസ്തീയവിശ്വാസം സ്വീകരിച്ച് സഭയില്‍ അംഗങ്ങളായിത്തീര്‍ന്നവര്‍ക്കും അവരുടെ സാമൂഹിക നിലയില്‍ വ്യത്യാസമെന്നുമുണ്ടായിരുന്നില്ല. പഴയ ക്രിസ്ത്യാനികളോടൊപ്പം പള്ളിയില്‍ പോകുന്നതിനോ ഒപ്പം നിന്നു പ്രാര്‍ത്ഥിക്കുന്നതിനോ അവര്‍ ക്കു അവകാശമുണ്ടായിരുന്നില്ല. സിമിത്തേരിപോലും ഇവര്‍ക്കായി പ്രത്യേകം ഉണ്ടായിരുന്നു.
ദരിദ്രരും ദളിതരുമായ ജനങ്ങളുടെ സമൂഹത്തിലും സഭയിലുമുള്ള ഈ സ്ഥിതി രാമപുരത്തു താമസിച്ച് ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരുന്ന കുഞ്ഞച്ചന്‍ ശ്ര ദ്ധാപൂര്‍വം മനസ്സിലാക്കി. ഒരു വിഭാഗം ജനങ്ങളുടെ ദയനീയാവസ്ഥയില്‍ കുഞ്ഞച്ചനു ഏറെ മനസ്സലിവുതോന്നി. പാവപ്പെട്ടവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ട് അസ്വസ്ഥനായിരുന്ന കു ഞ്ഞച്ചന്‍ അവരുടെ ക്ഷേമത്തിനുവേണ്ടി പരിശ്രമിക്കുക എന്നതു തന്റെ വൈദികശുശ്രൂഷയുടെ സുപ്രധാന കര്‍മ്മപരിപാടിയായി സ്വീകരിച്ചു. രാമപുരത്തെ നവാഗതരായ ദളിത് വിശ്വാസികള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ വികാരിയായിരുന്ന കുഴുമ്പില്‍ അച്ചന്‍ നിര്‍ദ്ദേശിച്ചതും തന്റെ ദൗത്യനിര്‍വഹണത്തിനിറങ്ങാന്‍ പ്രേരണയും പ്രോത്സാഹനവുമായി.

നല്ല ഇടയന്റെ പാതയില്‍

കുഞ്ഞച്ചന്റെ ജീവിതത്തെ രൂ പപ്പെടുത്തിയത് നല്ല ഇടയനായ യേശുക്രിസ്തുവിന്റെ പാതയാണ്. ഏറ്റം നിസ്സാരരും ഏറ്റം പാവപ്പെട്ട വരുമായിരുന്നു കുഞ്ഞച്ചന്റെ പരിഗണനയില്‍ ഏറ്റം പ്രധാനപ്പെട്ടവര്‍. വഴിതെറ്റിയവരും മുറിവേറ്റ വരുമായവരെ, അന്വേഷിച്ചു ക ണ്ടെത്തുന്ന നല്ല ഇടയന്റെ മനോഭാവമാണ് കുഞ്ഞച്ചന്‍ സ്വീകരിച്ചത്. ദീര്‍ഘദൂരം കാല്‍നടയായി പോകാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. ഇപ്രകാരമുള്ള ജോലി ഏറ്റെടുക്കാന്‍ ഔദ്യോഗികമായ നിയമനമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. പാവപ്പെട്ടവരോടുള്ള സ്‌നേഹം ഒന്നുമാത്രമാണ് ഈ പുറപ്പാടിനു കുഞ്ഞച്ചനെ പ്രേരിപ്പിച്ചത്. എന്തുകൊണ്ട് ദരിദ്രര്‍ക്കായി, ദളിതര്‍ക്കായി ഈ ജോലി ചെയ്യുന്നെന്നു കുഞ്ഞച്ചനോട് ആരെങ്കിലും ചോദിച്ചാല്‍ ഇപ്രകാരമായിരുന്നു ഉത്തരം. "ഞാന്‍ അവരെ സ്‌നേഹിക്കുന്നു. അവരോടാണ് എന്റെ വലിയ താ ല്പര്യം." ദരിദ്രര്‍ക്കു സദ്‌വാര്‍ത്തയാകാന്‍ താന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്.
ഒരേ സമയം കുഞ്ഞച്ചന്‍ വലിയൊരു പ്രേഷിതനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. പാവപ്പെട്ടവരെ ദൈവത്തിങ്കലേക്ക് കൊണ്ടുവരിക എന്നതാണ് സഭയിലെ പ്രേഷിതന്‍ എന്ന നിലയില്‍ കുഞ്ഞച്ചന്‍ ചെയ്തത്. ദരിദ്രരെ ക്രിസ്തുവിന്റെ സുവിശേ ഷം അറിയിക്കുകയും ക്രിസ്തീയ വിശ്വാസസംബന്ധമായ കാര്യങ്ങള്‍ അദ്ദേഹം അവരെ പഠിപ്പിക്കുകയും ചെയ്തു. വ്യക്തിപരമായ ബന്ധങ്ങളാണ് കുഞ്ഞച്ചനുണ്ടായിരുന്നത്. ആളുകളെ അടുത്തറിയാന്‍ കുടുംബസന്ദര്‍ശനം നടത്തുക അച്ചന്റെ പതിവായിരുന്നു. അതിനായി ദീര്‍ഘനേരം നട ന്ന് അവരുടെ കുടിലുകള്‍ കയറിയിറങ്ങി. ചിലര്‍ക്കെല്ലാം എതിര്‍പ്പുണ്ടായിരുന്നെങ്കിലും സ്‌നേഹവും ക്ഷമയും സൗമ്യതയും വഴി അതിനെ മറികടക്കാനും എതിര്‍ത്തവരെ മിത്രങ്ങളാക്കാനും കുഞ്ഞച്ചനു കഴിഞ്ഞു. ക്രൈസ്തവരല്ലാത്തവരും വഴക്കും പ്രശ്‌നങ്ങളും തീര്‍ക്കാനും അനുഗ്രഹം സ്വീകരിക്കാനും കുഞ്ഞച്ചനെ സമീപിച്ചിരുന്നു.

പാവപ്പെട്ടവരുടെ സമഗ്രവിമോചനം

പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കുഞ്ഞച്ചന്റെ ഇടപെടല്‍ അവരു ടെ സമഗ്രവിമോചനത്തിന് സഹായകമായിരുന്നു. ദുശ്ശീലങ്ങളും ദുരാചാരങ്ങളും ചേര്‍ന്ന ജീവിതശൈലിയാണ് പാവങ്ങളെ തളര്‍ ത്തിയിരുന്നത്. അവരെ വിദ്യാഭ്യാസമുള്ളവരാക്കാന്‍ കുഞ്ഞച്ചന്‍ പരിശ്രമിച്ചു. ആത്മികവും ഭൗതികവുമായ ജീവിതത്തിന്റെ ഇരുമാനങ്ങളും കുഞ്ഞച്ചന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഒന്നുചേര്‍ന്നിരുന്നു. ദൈവശാസ്ത്രപരമോ താത്വികമോ ആയ ചര്‍ച്ചകളൊന്നും സുവിശേഷവത്ക്കരണത്തെ സംബന്ധിച്ച് കുഞ്ഞച്ചന്‍ നടത്തിയിരുന്നില്ല. മനുഷ്യവത്ക്കരണം (humanization) ഇല്ലാതെ സുവിശേഷവത്ക്കരണം (evangelization) സാധ്യമല്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വിശക്കുന്നവന് ഉപദേശത്തേക്കാള്‍ ആവശ്യം ഭക്ഷണമാണെന്നറിഞ്ഞാണ് കുഞ്ഞച്ചന്‍ പ്രവര്‍ത്തിച്ചിരുന്നത്. ദരിദ്രഭവനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അല്പം ഭക്ഷണം അവര്‍ക്കായി കൊണ്ടുപോവുക കുഞ്ഞച്ചന്റെ പതിവായിരുന്നു. സ്വന്തം ഭക്ഷണത്തില്‍നിന്ന് മിച്ചം വച്ചാണ് പലപ്പോഴും അത് ചെയ്തിരുന്നത്. പാവപ്പെട്ടവര്‍ തന്നെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ കാപ്പിയും പഴവും അദ്ദേഹം നല്‍ കിയിരുന്നു.
പാവപ്പെട്ട കുട്ടികളുടെ സ്‌നേഹിതനായിരുന്നു കുഞ്ഞച്ചന്‍. അതുപോലെ രോഗികളുടെയും മരണാസന്നരുടെയും സുഹൃത്തായിരുന്നു അദ്ദേഹം. രോഗികളുടെ അടുത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടും ആശ്വസിപ്പിച്ചുകൊണ്ടും അദ്ദേഹം അവര്‍ക്കു സമീപം ഉണ്ടാകുമായിരുന്നു. ആവശ്യമുള്ളപ്പോഴെ ല്ലാം വിശുദ്ധ കുര്‍ബാനയും രോഗീലേപനവും നല്‍കി അനുഗ്രഹിക്കാന്‍ കുഞ്ഞച്ചന്‍ തയ്യാറായിരുന്നു.

മാര്‍ജിനില്‍ ജീവിക്കുന്നവര്‍ക്ക് സുവിശേഷം

സമൂഹത്തിന്റെ മാര്‍ജിനില്‍ ജീ വിക്കുന്ന നിസ്സഹായരും ദുഃഖിതരുമായ ഒരു വിഭാഗം ആളുകള്‍ എ ന്നുമുണ്ട്. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്ക് നിവൃത്തിയില്ലാത്തവരാണവര്‍. അവരോട് കരുണയോടെയുള്ള സമീപനം സുവിശേഷാധിഷ്ഠിതമായ ക്രൈസ്തവ ജീവിതശൈലിയുടെ ഭാഗമാണ്. പാവങ്ങളോടു പക്ഷം ചേരുക എന്നത് ദൈവശാസ്ത്ര കാഴ്ചപ്പാടും സഭാപ്രബോധനവുമാണ്. സമൂഹത്തിന്റെ മാര്‍ജിനിലുള്ളവരോട് കരുണയാണ് നമ്മള്‍ പ്രധാനമാ യും കാണിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നുണ്ട്. അതായിരുന്നു കുഞ്ഞച്ചന്‍ തന്റെ ജീവിതത്തിലൂടെ കാണിച്ചത്. അതിന്റെ പേരില്‍ അദ്ദേഹത്തിന് അപമാനവും പരിഹാസവും സഹിക്കേണ്ടി വന്നിട്ടുണ്ട്. "പുലയച്ചന്‍" എന്നാണ് കുഞ്ഞച്ചനെക്കുറിച്ച് ചിലര്‍ പറഞ്ഞിരുന്നത്. കുഞ്ഞച്ചന്‍ അതൊരു ആക്ഷേപമായി കരുതിയിരുന്നില്ല.
സുവിശേഷത്തിന്റെ അന്തസത്തയാണ് കരുണ. കരുണയില്‍ നിന്നു നിര്‍ഗളിക്കുന്നതാണ് സഹാനുഭൂതി. ദൈവത്തിന്റെ മനുഷ്യന്‍ (Man of God) മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള മനുഷ്യന്‍ (Man for Others) ആയിരക്കണമെന്നതാണ് വൈദികജീവിതദര്‍ശനം പറയുന്നത്. കുഞ്ഞച്ചന്‍ അങ്ങനെയായിരുന്നു. സ്ഥാനവും പദവിയും അദ്ദേഹം ആഗ്രഹിച്ചില്ല. ഇടവകയില്‍ ഒരു "അസിസ്റ്റന്റ്" അഥവാ "സഹായി" എന്നതില്‍ കവിഞ്ഞ ഒരു ഔദ്യോഗിക നിയമനവും അദ്ദേഹത്തിനു ജീവിതത്തിലൊരിക്കലും ഇല്ലായിരുന്നു. എങ്കിലും ദൈവത്തിന്റെ മനുഷ്യനായി നിലകൊണ്ടുകൊണ്ട്, മാനവ ശുശ്രൂഷ നിര്‍വ്വഹിച്ച് വിലപ്പെട്ട ജീവിതത്തി ന്റെ ഉടമയായി മാറി കുഞ്ഞച്ചന്‍.

മഹത്വത്തിലേക്ക്

കരുണാപൂരിതമായ കുഞ്ഞച്ചന്റെ ജീവിതം 1973 ഒക്‌ടോബര്‍ 16-ന് സമാപിച്ചു. രാമപുരത്തെ പഴയ പള്ളിയിലെ അള്‍ത്താരയ്ക്കുമുന്നിലെ കല്ലറയില്‍ കുഞ്ഞച്ചന്റെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നു. അവിടെയുള്ള സ്മരണക്കുറിപ്പ് ഇപ്രകാരമാണ്: "ഫാദര്‍ അഗസ്റ്റിന്‍ തേവര്‍പറമ്പില്‍ (കുഞ്ഞച്ചന്‍): ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവന്‍: ആ നാമം അനുഗ്രഹീതം." കുഞ്ഞച്ചന്റെ ജീവിതത്തെ ഓര്‍മ്മിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും നിരവധി പേര്‍ അവിടേക്ക് എത്തിച്ചേരുന്നു. 2006-ല്‍ തിരുസഭയിലെ "വാഴ്ത്തപ്പെട്ടവന്‍" ആയി കുഞ്ഞച്ചനെ ആഗോള കത്തോലിക്ക സഭ അംഗീകരിച്ചു. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 16 കുഞ്ഞച്ചന്റെ തിരുനാളായി സഭ ആചരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org