രക്തദാനരംഗത്തെ അതികായനും മനുഷ്യസ്‌നേഹിയും സാംസ്‌കാരിക നേതാവുമായിരുന്ന ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

രക്തദാനരംഗത്തെ അതികായനും മനുഷ്യസ്‌നേഹിയും സാംസ്‌കാരിക നേതാവുമായിരുന്ന ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്
Published on

ബേബി മൂക്കന്‍

ജൂബിലി മെഡിക്കല്‍ കോളേജ് സ്ഥാപകഡയറക്ടര്‍, ബ്ലഡ് ഡൊണേഴ്‌സ് ഫാറം സ്ഥാപകന്‍, ഇടവകവികാരിയായ അതിരൂപത വികാരി ജനറാള്‍, അതിരൂപത സാമൂഹ്യസേവനകേന്ദ്രത്തിന്റെ ചെയര്‍മാന്‍, റെഡ്‌ക്രോസ് സൊസൈറ്റി ചെയര്‍മാന്‍, ജൂബിലി മെഡിക്കല്‍ കോളേജ് പ്രസിഡണ്ട്, സത്‌സംഗ് രക്ഷാധികാരി, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, മതസൗഹാര്‍ദ്ദ പ്രവര്‍ത്തകന്‍, പ്രകൃതിസ്‌നേഹി, മനുഷ്യസ്‌നേഹി, മെത്രാന്‍, വൈദികന്‍, അത്മായവ്യത്യാസമില്ലാതെ എല്ലാവരുടെയും ഉറ്റ സുഹൃത്ത്, പ്രവര്‍ത്തിച്ച സ്ഥാപനങ്ങളിലെ സഹപ്രവര്‍ത്തകരുടെ സ്‌നേഹഡയറക്ടര്‍, ജനപ്രതിനിധികളുടെയും നേതാക്കളുടെയും ഇഷ്ടസുഹൃത്ത് തുടങ്ങിയ നിലകളില്‍ സഭയിലും സമൂഹത്തിലും ആരോഗ്യസ്ഥാപനമേഖലയിലും നിറഞ്ഞുനിന്ന അതുല്യവ്യക്തിത്വമായിരുന്നു. ഏപ്രില്‍ 8 ന് നിര്യാതനായ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്.

കാട്ടൂര്‍ ആലപ്പാട്ട് പരേതരായ ആന്റണി-റോസി ദമ്പതികളുടെ മകനായി തൃശൂരിലാണ് ഫ്രാന്‍സീസ് ജനിച്ചത്. സേക്രഡ് ഹാര്‍ട്ട്, മോഡല്‍ സ്‌കൂള്‍, സെ. തോമസ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് എം.എസ്.സി. ബിരുദം നേടിയതിനു ശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. നേടി. പിന്നീട് തിരുവനന്തപുരം സെ. സേവിയേഴ്‌സ് കോളേജില്‍ ഒരു വര്‍ഷം അധ്യാപകനായി. 1984-ല്‍ കോഴിക്കോട് ക്രൈസ്റ്റ് ഹില്ലിലെ ഈശോസഭ ആശ്രമത്തില്‍ വൈദീകപഠനത്തിനു ചേര്‍ന്നെങ്കിലും പിന്നീട് തൃശൂരിലെ രൂപത വൈദികനാകാന്‍ 1991-ല്‍ തിരിച്ചുപോന്നു. പിന്നീട് 1992-ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം പൂര്‍ത്തിയാക്കി. 1995-ല്‍ തൃശൂര്‍ ബസിലിക്കയില്‍ വെച്ച് 27.12.1995 ല്‍ മാര്‍ കുണ്ടുകുളത്തില്‍നിന്ന് വൈദീകപട്ടം സ്വീകരിച്ചു. സഹോദരങ്ങള്‍ ജോണ്‍സണ്‍, മേരി.

തുടര്‍ന്ന് പാവറട്ടിയില്‍ അസി. വികാരിയായും എരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്രുനഗര്‍ എന്നീ പള്ളികളില്‍ വികാരിയായും പ്രവര്‍ത്തിച്ചു. കൂടാതെ ജൂബിലി മെഡിക്കല്‍ കോളേജ്, നഴ്‌സിങ്ങ് കോളേജ്, പാര മെഡിക്കല്‍ സയന്‍സ്, സെ. ജോസഫ് പ്രീസ്റ്റ് ഹോം കരിയര്‍ ഗൈഡന്‍സ്, ഏങ്ങണ്ടിയൂര്‍ എം.ഐ. ഹോസ്പിറ്റല്‍ എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇതിനുപുറമേ, ഫാമിലി അപ്പസ്‌തോലേറ്റ്, ജൂബിലി ഹോസ്പിറ്റല്‍ എന്നിവയുടെ അസി. ഡയറക്ടറായി 2 വര്‍ഷം പ്രവര്‍ത്തിക്കുകയുണ്ടായി.

അതിരൂപത വികാരി ജനറാളായി 2010 മുതല്‍ 2014 വരെ പ്രവര്‍ത്തിച്ചു. ഇക്കാലത്ത് സാന്ത്വനം ചെയര്‍മാനായും, പാസ്റ്ററല്‍ കൗണ്‍സില്‍ വൈ. ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • സ്ഥാനങ്ങള്‍

ഗവ.മാനസികാരോഗ്യ ആശുപത്രി മോണിറ്ററിംഗ് കമ്മിറ്റിയംഗം, തൃശൂര്‍ ജില്ല ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ്, കൊരട്ടി ലെപ്രസി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ ഉപദേശകസമിതിയംഗം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും രക്ഷാധികാരി, കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • അംഗീകാരങ്ങള്‍

കേരള ജേസീസ് അവാര്‍ഡ്, സംസ്ഥാന സോഷ്യല്‍ സര്‍വ്വീസ് അവാര്‍ഡ്, റോട്ടറി ക്ലബ്ബ് അവാര്‍ഡ്, രാഷ്ട്രരത്‌ന അവാര്‍ഡ്, ജൂനിയര്‍ ചെയ്മ്പര്‍ അവാര്‍ഡ്, കേരള സഭാതാരം അവാര്‍ഡ്, കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് ഡോ. കൊളങ്ങാടന്‍ അവാര്‍ഡ് തുടങ്ങി ഇരുപതോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

തൃശൂര്‍ പൂരം ചമയപ്രദര്‍ശനവും പൂരാഘോഷഒരുക്കങ്ങളും അതിരൂപത മെത്രാപ്പോലീത്തമാര്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. ഫാ. ആലപ്പാട്ടിന്റെ പ്രത്യേക താല്പര്യത്താലും പ്രോത്സാഹനത്താലുമാണ്.

അതുപോലെതന്നെ തൃശൂരിന്റെ മതസൗഹാര്‍ദ്ദവും സാംസ്‌കാരിക സമന്വയവും നിലനിര്‍ത്തുന്നതിനും അതിനുവേണ്ടി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

പ്രകൃതിസ്‌നേഹിയെന്ന നിലയില്‍ ക്ഷേത്രമുറ്റത്തെ വീണ ഇലഞ്ഞിമരത്തെ സംരക്ഷിക്കാന്‍ മുന്‍കയ്യെടുത്തത് വഴി അദ്ദേഹത്തിലെ പ്രകൃതിസ്‌നേഹിയെ കേരളം മുഴുവന്‍ അറിയാന്‍ ഇടയായി. അതുപോലെതന്നെ സത്യദീപം, മേരിവിജയം, കുടുംബജ്യോതിസ്സ്, കത്തോലിക്കാസഭ, ആനുകാലികപ്രസിദ്ധീകരണങ്ങളിലും മനോരമ, മാതൃഭൂമി, ദീപിക, ടെലഗ്രാഫ്, ജനറല്‍ , എക്‌സ്പ്രസ്സ്, സ്വതന്ത്രമണ്ഡപം ദിനപത്രങ്ങളിലും നിരന്തരം വിവിധ വിഷയങ്ങളെപ്പറ്റി എഴുതാനും സമയം കണ്ടെത്താറുണ്ട്. ആകാശവാണിയില്‍ രാവിലെയുള്ള സുഭാഷിതങ്ങള്‍ എന്ന പ്രഭാഷണപരമ്പര കുറേക്കാലം നടത്തിയിട്ടുണ്ട്.

  • കൃതികള്‍

തിരക്കിട്ട ഔദ്യോഗിക ചുമതലകള്‍ക്കിടയിലും അമ്പതിലേറെ പുസ്തകങ്ങള്‍ എഴുതാനും ആലപ്പാട്ടച്ചന്‍ സമയം കണ്ടെത്തി.

വിവാഹവേദിയിലേക്ക്, ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു, ദൈവവചനം ധ്യാനിക്കാനും ജീവിക്കാനും, സുഭാഷിതങ്ങള്‍ ചിന്താദളങ്ങള്‍, നോമ്പുകാലചിന്തകള്‍, കന്തന്‍ചാവടി, ആറ്റുവഞ്ചി(ഞ്ഞി), രാഘവാകൃഷ്ണാ, അനഘ, അവള്‍ക്കൊപ്പം, വിശുദ്ധിയുടെ കാണാനൂലുകള്‍, രേണു രാജസ്ഥാനി (നോവല്‍), ഒരു വ്രണിതമാനസന്‍, ഞാന്‍ എന്ന ഞാന്‍ (സാമൂഹിക വിശകലനം), മാഞ്ചിറപ്പാലം (സേവനമേഖലാചരിത്രം), ജീവിതചിന്തകള്‍ (ലേഖനം), എന്റെ രക്ത ബന്ധുക്കള്‍, കാസ മുതല്‍ കഡാവര്‍വരെ (ആത്മകഥ), ''സന്ധ്യാരാഗം'' (ലേഖനസമാഹാരം), Kenosis - The Story of a Bleeding Heart, Blood is Thicker Than Water, The Unfathomable (Biography), The Satellites തുടങ്ങിയവ അവയില്‍ ചിലതാണ്.

  • വ്യക്തിപരമായ ബന്ധം

എന്നെ സംബന്ധിച്ച് അച്ചനുമായി 45 വര്‍ഷത്തെ അടുത്ത പരിചയമുണ്ട്. കോഴിക്കോട് വെച്ച് ആരംഭിച്ച അടുപ്പം തൃശൂര്‍ സെ. വിന്‍സെന്റ് ഡി പോള്‍ അതിരൂപത കമ്മിറ്റി, മേരിവിജയം മാസിക, സഹൃദയവേദി, അതിരൂപതാ പ്രവര്‍ത്തനങ്ങള്‍, കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് തുടങ്ങിയ സംഘടനകള്‍ വഴി തുടര്‍ന്നു. എന്നും ഒരു ബന്ധുവിനെപ്പോലെ എന്റെ കുടുംബത്തിലെ വിവിധ ചടങ്ങുകളിലും സ്‌നേഹപൂര്‍വ്വം പങ്കെടുക്കുകയും സമ്മാനങ്ങള്‍ നല്കുകയും ചെയ്യാറുണ്ട്. അച്ചന്റെ മിക്ക പുസ്തകപ്രകാശനങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, ജൂബിലി ഡയറക്ടറായിരുന്നപ്പോള്‍ ചങ്ങനാശ്ശേരി കുടുംബജ്യോതിസ്, മേരിവിജയം മാസികകള്‍ക്ക് ഇന്‍ര്‍വ്യൂകളും നടത്തിയിട്ടുണ്ട്. മൂന്നുവര്‍ഷമായി വിവിധ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ പ്രീസ്റ്റ് ഹോമില്‍ വിശ്രമത്തിലായിരുന്നു.

പ്രവര്‍ത്തനരിതമായ അഞ്ചുപതിറ്റാണ്ടിന്റെ ചെറുതും വലുതുമായ അമൂല്യപ്രവര്‍ത്തനങ്ങളെ സാക്ഷിനിര്‍ത്തി കാലയവനികക്കുള്ളില്‍ മറഞ്ഞ ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ടിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org