സുവിശേഷത്തിന്റെ ഗന്ധമുള്ള തെക്കേ അല്‍ബേനിയ

സുവിശേഷത്തിന്റെ ഗന്ധമുള്ള തെക്കേ അല്‍ബേനിയ
Published on
  • ബ്ര. ജോസ് പുതുശേരി

    പൊന്തിഫിക്കല്‍ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റി, റോം

വിശുദ്ധ പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍ കാണുന്ന ഇലിക്ര എന്ന പ്രദേശത്ത്, യൂറോപ്പിന്റെ ബാല്‍ക്കണ്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ഒരു രാജ്യമാണ് അല്‍ബേനിയ. ഇലീറിയന്‍ രാജവംശത്തിന്റെ ഭരണശേഷം അത് റോമന്‍ സാമ്രാജ്യം കീഴടക്കുകയും തുടര്‍ന്ന് 1500 കളില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമാകുകയും ചെയ്തു. 1912 ല്‍ സ്വാതന്ത്ര്യം നേടി. രണ്ടാം ലോക മഹായുദ്ധകാലത്ത് അല്‍ബേനിയ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായിത്തീര്‍ന്നു.

1967ല്‍ അല്‍ബേനിയ ഒരു നിരീശ്വരരാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. അരാജകത്വത്തിന്റെ ഒരു കാലഘട്ടമായിരുന്നു എല്ലാവിധത്തിലും അത്. മതങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു. കത്തോലിക്കാസഭയ്‌ക്കെതിരെ വിശേഷിച്ചും കര്‍ക്കശമായ നടപടികള്‍ അരങ്ങേറി. ഭരണാധികാരികള്‍ മതത്തെ നിരീശ്വരവാദം കൊണ്ടും രാഷ്ട്രീയം കൊണ്ടും പകരംവെച്ചു. പള്ളികളും മസ്ജിദുകളും തല്ലിത്തകര്‍ത്തു. ദൈവവിശ്വാസി ആയതിന്റെ പേരില്‍ ഒത്തിരിപ്പേര്‍ കൊല്ലപ്പെട്ടു. അതില്‍ ഭൂരിഭാഗവും കത്തോലിക്കരായിരുന്നു. 1992 ല്‍ കമ്മ്യൂണിസം തകരുകയും അല്‍ബേനിയ ഒരു ജനാധിപത്യ രാജ്യമായി മാറുകയും ചെയ്തു.

അല്‍ബേനിയായിലെ കത്തോലിക്കാസഭയെ രണ്ടായി തിരിക്കാം. വടക്കേ അല്‍ബേനിയായും തെക്കേ അല്‍ബേനിയായും. വടക്കേ അല്‍ബേനിയായില്‍ അഞ്ച് രൂപതകളും ഒരു അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷനും ആണ് ഉള്ളത്. അല്‍ബേനിയയുടെ 60% ഭൂപ്രദേശവും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്റെ കീഴിലാണ്. വിദേശ മിഷനറിമാരാണ് ഇവിടെ സേവനം ചെയ്യുന്നത്. 1992 ല്‍ ആര്‍ച്ച് ബിഷപ്പ് ഇവന്‍ ഡയാസ് തെക്കേ അല്‍ബേനിയയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ അതൊരു തരിശുഭൂമിയായിരുന്നു. വടക്കേ അല്‍ബേനിയ ആകട്ടെ കത്തോലിക്കാ വിശ്വാസം വ്യാപകമായിരുന്ന ഒരു പ്രദേശവും. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഏതാണ്ട് മുന്നൂറോളം കത്തോലിക്ക വിശ്വാസികള്‍ ഇവിടെ രക്തസാക്ഷിത്വം വരിച്ചു.

മിഷനറിമാരെ എല്ലാ ഗ്രാമങ്ങളും ഒരേപോലെ സ്വാഗതം ചെയ്യണമെന്നില്ല. ഞങ്ങള്‍ ക്രിസ്ത്യാനികള്‍ അല്ല, പിന്നെ നിങ്ങള്‍ എന്തിന് ഇങ്ങോട്ട് വന്നു? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചില ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ ഉന്നയിക്കപ്പെടും. എന്നാല്‍ വര്‍ഗീയമായ ലക്ഷ്യങ്ങള്‍ അല്ല, ക്രിസ്തുവിന്റെ സ്‌നേഹമാണ് മിഷനറിമാര്‍ക്കുള്ളതെന്ന് അറിയുമ്പോള്‍ അവര്‍ സ്വീകാര്യരാകുന്നു.

തെക്കേ അല്‍ബേനിയായില്‍ 92 ല്‍ തുടങ്ങിയ മിഷന്‍ പ്രവര്‍ത്തനം ഇന്നും വളരെ മനോഹരമായി മുന്നോട്ടുപോകുന്നു. കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം ആളുകള്‍ തങ്ങളുടെ മതവിശ്വാസത്തെക്കാള്‍ എപ്പോഴും ഊന്നല്‍ നല്‍കുന്നത് ദേശീയതയ്ക്കാണ്. താന്‍ ഒരു അല്‍ബേനിയക്കാരന്‍ ആണ് എന്ന് പറയാനാണ് മറ്റെന്തിനേക്കാളും അവര്‍ ഇഷ്ടപ്പെടുന്നത്.

ദൈവവിശ്വാസം തീരെ ഇല്ലാത്ത ഒരു സംസ്‌കാരത്തില്‍ ആ ജനങ്ങളോട് സുവിശേഷം പ്രസംഗിക്കുക എന്നത് ഇവിടെ എത്തിയ മിഷനറിമാരുടെ ശ്രമകരമായ ഒരു ജോലിയായിരുന്നു. വിദേശ മിഷനറിമാരാണ് തെക്കേ അല്‍ബേനിയായില്‍ സേവനം ചെയ്തിരുന്നത് എന്നു പറഞ്ഞല്ലോ. 1997 ലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പല മിഷനറിമാര്‍ക്കും സ്വരാജ്യങ്ങളിലേക്ക് മടങ്ങി പോകേണ്ടി വന്നു. ഇത്തരത്തില്‍ പല പ്രതിസന്ധികളും നേരിട്ടുവെങ്കിലും ഇന്നും തെക്കേ അല്‍ബേനിയായിലെ മിഷനറി പ്രവര്‍ത്തനം വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്.

മുന്‍വിധികള്‍ ഒന്നും കൂടാതെ, സ്‌നേഹത്തിന്റെ വച്ചുകെട്ടലുകള്‍ ഇല്ലാതെ തീര്‍ത്തും അല്‍ബേനിയക്കാരില്‍ ഒരാളായി മിഷനറിമാര്‍ക്ക് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. നിലവിലുള്ള കത്തോലിക്കാ കൂട്ടായ്മയെ വളര്‍ത്തുക, അതോടൊപ്പം മതഭേദമെന്യേ ജനങ്ങളെല്ലാം നേരിടുന്ന വിവിധ അടിസ്ഥാന ആവശ്യങ്ങളില്‍ അവരെ അകമഴിഞ്ഞ് സഹായിക്കുക, അതിലൂടെ ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരിലേക്കും എത്തിക്കുക എന്നിവയാണ് മിഷനറിമാര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. അതില്‍ അവര്‍ വിജയിക്കുന്നുണ്ട്.

ദാരിദ്ര്യവും ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും ആണ് അല്‍ബേനിയ ഇന്ന് നേരിടുന്ന രണ്ടു വലിയ പ്രതിസന്ധികള്‍. കൈക്കൂലി വ്യാപകമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാവശ്യത്തിന് മരുന്ന് കിട്ടണമെങ്കില്‍ പോലും കൈക്കൂലി കൊടുക്കണം. യൂണിവേഴ്‌സിറ്റികളില്‍ പരീക്ഷ ജയിക്കണമെങ്കിലും പണം കൊടുക്കേണ്ട സ്ഥിതിയുണ്ട്. ഈ പശ്ചാത്തലത്തില്‍ ജനങ്ങളെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുകയാണ് മിഷനറിമാര്‍ ചെയ്തു പോരുന്നത്. രോഗികള്‍ക്ക് മരുന്നുകളും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്‍കാന്‍ മിഷണറിമാര്‍ കഠിനാധ്വാനം ചെയ്യുന്നു.

മിഷനറിമാരെ എല്ലാ ഗ്രാമങ്ങളും ഒരേപോലെ സ്വാഗതം ചെയ്യണമെന്നില്ല. ഞങ്ങള്‍ ക്രിസ്ത്യാനികള്‍ അല്ല പിന്നെ നിങ്ങള്‍ എന്തിന് ഇങ്ങോട്ട് വന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചില ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ ഉന്നയിക്കപ്പെടും. എന്നാല്‍ വര്‍ഗീയമായ ലക്ഷ്യങ്ങള്‍ അല്ല മിഷനറിമാര്‍ക്കുള്ളതെന്നും ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവര്‍ക്കും ഒരേപോലെ പങ്കുവയ്ക്കാനാണ് അവര്‍ വരുന്നതെന്നും മനസ്സിലാക്കുമ്പോള്‍ മിഷനറിമാര്‍ സ്വീകാര്യരാകുന്നു.

റോഡുകള്‍ പോലും ഇല്ലാത്ത മലഞ്ചെരുവുകളില്‍ ഉള്ള ഗ്രാമങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമുള്ള കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ദൈവജനം വീടുകളില്‍ ഒത്തുകൂടുന്നു. ആ ബലിയര്‍പ്പണങ്ങള്‍ മിഷനറിമാരുടെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളാണ്. അവിടെ സുവിശേഷത്തിന്റെ സൗരഭ്യം പരക്കുന്നു. ഗ്രാമങ്ങളിലെ കുഞ്ഞുങ്ങള്‍ മിഷനറിമാരുടെ വരവിനായി, അവരുടെ സ്‌നേഹസാമീപ്യത്തിനായി കാത്തിരിക്കുന്നു. കുഞ്ഞുങ്ങളുടെ ഈ കാത്തിരിപ്പ് അല്‍ബേനിയായിലെ ഹൃദയസ്പര്‍ശിയായ കാഴ്ചകളില്‍ ഒന്നാണ്. ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ അതിനായി ഒരുക്കുവാന്‍ വ്യത്യസ്ത ഗ്രാമങ്ങളില്‍ വേദോപദേശ പഠനം നടക്കുന്നു. ഇത് വളരെ ഫലദായകമാണ്.

തെക്കേ അല്‍ബേനിയായില്‍ ദാരിദ്ര്യത്തിന്റെ പല സാഹചര്യങ്ങളെയും മിഷനറിമാര്‍ക്കു നേരിടേണ്ടതുണ്ട്. ഒരു ദിവസം രാവിലെ ആറുമണിക്ക് ഒരു യുവതി വന്ന് ഞങ്ങളുടെ വാതില്‍ക്കല്‍ തട്ടുന്നു. കാര്യം ചോദിച്ചപ്പോള്‍, വീട്ടിലേക്ക് ഒരു നേഴ്‌സിന്റെ സഹായം തേടി വന്നതാണെന്ന് അവര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള അപ്പനെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. വീട്ടില്‍ അത്യാവശ്യം ശുശ്രൂഷകള്‍ നല്‍കാന്‍ ഒരു നേഴ്‌സ് ഇടക്കു വരേണ്ടത് ആവശ്യമാണ്. അതോടൊപ്പം ഓക്‌സിജന്‍ സിലിണ്ടറും വേണം. എങ്ങനെയാണ് ആ യുവതി ഞങ്ങള്‍ക്കരികില്‍ എത്തിയതെന്നു മനസ്സിലായില്ല. ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ആശുപത്രിയില്‍ സിസ്റ്റര്‍മാര്‍ രോഗികളെ ശുശ്രൂഷിക്കാന്‍ വരുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ അന്വേഷിച്ച് പിടിച്ച് എത്തിയതാണ്. സഹായം ചോദിച്ചാല്‍ നിരസിക്കില്ല എന്നു തോന്നി. ആ കുടുംബത്തിന് നമ്മളാല്‍ ആകുന്ന സഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ഇതുപോലെ നമ്മളെ അറിയാത്തവര്‍ പോലും കണ്ടറിഞ്ഞും കേട്ടറിഞ്ഞും നമ്മെ തേടിവരുന്നു. നമ്മള്‍ കൈവിടില്ല എന്ന വിശ്വാസം അവര്‍ക്കുണ്ട് എന്നത് മിഷണറിമാരുടെ ജീവിതത്തിനു സാഫല്യം നല്‍കുന്ന അനുഭവമാണ്.

മറ്റൊരിക്കല്‍ ജൂലിയ എന്ന അമ്മ നമ്മുടെ അടുത്തു വന്നതോര്‍ക്കുകയാണ്. അവര്‍ക്കു മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ട്. ജൂലിയക്കു സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഭര്‍ത്താവ് കാന്‍സര്‍ രോഗിയാണ്, അദ്ദേഹം വീട്ടില്‍ ഇല്ല. വഴിയില്‍ വച്ചാണ് ഞങ്ങളെ പരിചയപ്പെട്ടത്. ഞങ്ങള്‍ അവരുടെ വീട്ടിലേക്ക് ചെന്നു. ഒരു മുറി മാത്രമുള്ള വീട്. വാതിലുകളില്ല ജനലുകള്‍ പൊളിഞ്ഞു കിടക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു ഗ്രൂപ്പിന്റെ സഹായത്തോടെ ആ വീടിന് വാതില്‍ വയ്ക്കുകയും കുറച്ച് അറ്റകുറ്റപ്പണികള്‍ ചെയ്യുകയും ചെയ്തു. ആ ദിവസങ്ങളില്‍ ആ ഗ്രാമത്തിലെ കുട്ടികള്‍ക്ക് മിഷനറിമാര്‍ സമ്മര്‍ ക്യാമ്പ് നടത്തുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി കുട്ടികളെ കുറച്ചു പ്രാര്‍ത്ഥനകളും പാട്ടുകളും കളികളും പഠിപ്പിച്ചിരുന്നു, ജൂലിയയുടെ വീടിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഉപകരണങ്ങളെല്ലാം അടുക്കി വയ്ക്കാന്‍ മദര്‍ തെരേസയുടെ സിസ്റ്റര്‍മാര്‍ രണ്ടു പേര്‍ ആ വീട്ടിലേക്ക് ചെന്നു. പണികള്‍ക്കിടയില്‍ ഒരു സിസ്റ്റര്‍ തെന്നി വീണു. ഇത് കണ്ട കുട്ടികള്‍ ഓടിവന്ന് സിസ്റ്ററുടെ ചുറ്റും നിന്ന് ക്യാമ്പില്‍ പഠിപ്പിച്ച പാട്ടുകള്‍ ഉറക്കെ പാടാന്‍ തുടങ്ങി. അവര്‍ സിസ്റ്റര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. അവര്‍ക്കറിയാവുന്ന പ്രാര്‍ത്ഥനകള്‍ അതു മാത്രമായിരുന്നു.

അല്‍ബേനിയായില്‍ സുവിശേഷവല്‍ക്കരണം നടക്കു ന്നത് പരസ്പരമുള്ള വ്യക്തിബന്ധങ്ങളിലൂടെ മാത്രമാണ്, പ്രസംഗങ്ങള്‍ക്ക് അവിടെ പ്രത്യേകിച്ചു സ്വാധീനമൊന്നും ചെലുത്താനാവില്ല. ആളുകളോട് നേരിട്ട് ഇടപെടുമ്പോഴാണ് അവര്‍ സുവിശേഷത്തെ അറിയുന്നത്.

ഇത്തരത്തില്‍ നന്മ നിറഞ്ഞ മനസ്സുള്ളവരാണ് അല്‍ബേനിയന്‍ ജനത. കഠിനമായി ജോലി ചെയ്യാന്‍ അവര്‍ക്കു മനസ്സുണ്ട്. സുവിശേഷം അറിഞ്ഞു കഴിഞ്ഞാല്‍ ഈശോയെ തിരഞ്ഞെടുക്കുവാന്‍ ഇവര്‍ കാണിക്കുന്ന ധൈര്യം ശ്രദ്ധേയമാണ്. അറുപതും എഴുതും വയസ്സുകളില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രൈസ്തവരാകുന്നവരെ നമുക്ക് ഇവിടെ കാണാം. കുടുംബങ്ങളില്‍ നിന്നും മറ്റു മതങ്ങളില്‍ നിന്നും ഉണ്ടാകുന്ന എതിര്‍പ്പുകളെ വകവയ്ക്കാതെ ക്രിസ്തുവിനെ തിരഞ്ഞെടുക്കാന്‍ മുന്നോട്ടുവരുന്ന യുവാക്കളെ കാണാം.

അല്‍ബനിയായില്‍ സുവിശേഷ വല്‍ക്കരണം നടക്കുന്നത് പരസ്പരമുള്ള വ്യക്തി ബന്ധങ്ങളിലൂടെ മാത്രമാണ്, പ്രസംഗ പീഠങ്ങളില്‍ നിന്നുള്ള പ്രസംഗങ്ങള്‍ക്ക് അവിടെ പ്രത്യേകിച്ചു സ്വാധീനമൊന്നും ചെലുത്താനാവില്ല. ആളുകളോട് നേരിട്ട് ഇടപെടുമ്പോഴാണ് അവര്‍ സുവിശേഷത്തെ അറിയുന്നത്.

ഓരോ പുതിയ ഗ്രാമങ്ങളില്‍ ചെല്ലുമ്പോഴും അവിടുത്തെ ഗ്രാമത്തലവനെ ചെന്നുകണ്ട് അവരുടെ അനുവാദത്തോടെ മാത്രമേ അവിടെ പ്രവര്‍ത്തിക്കാനാകുകയുള്ളു. അല്‍ബേനിയന്‍ ജനത പൊതുവെ മുസ്ലീങ്ങള്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും അവര്‍ ഉറച്ച മതവിശ്വാസികളല്ല. അതുകൊണ്ടുതന്നെ നമ്മെ സ്വീകരിക്കാന്‍ അവര്‍ക്ക് പ്രത്യേകമായ വിമുഖതയും ഇല്ല. അതേസമയം തന്നെ ചില സാഹചര്യങ്ങളില്‍ മിഷനറിമാരുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആരെയും നിര്‍ബന്ധിച്ചു മാമ്മോദീസ മുക്കാനോ മതം വളര്‍ത്താനോ അല്ല നമ്മള്‍ ചെന്നത് എന്ന് മനസ്സിലാക്കി കഴിയുമ്പോള്‍ അവര്‍ നമ്മളോട് സഹകരിക്കും. നമ്മള്‍ അവരുടെ ജീവിതപുരോഗതിക്കായും മനുഷ്യരായി അന്തസ്സോടെ ജീവിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുമായി ശ്രമിക്കുന്നു. ആ സേവനങ്ങള്‍ ഇഷ്ടപ്പെട്ടു, തനിക്കും ക്രിസ്തുവിനെ സ്‌നേഹിക്കണം എന്ന് പറഞ്ഞു വരുന്നവര്‍ക്ക് മാത്രമാണ് നാം ജ്ഞാനസ്‌നാനം നല്‍കുക.

സുവിശേഷ സന്ദേശത്താല്‍ പ്രേരിതരായി, സുവിശേഷ വാഹകരായി, സുവിശേഷം അറിയാത്തവരുടെ നാടുകളിലേക്ക് പോകാന്‍ മിഷനറിമാര്‍ തയ്യാറാകുമെങ്കില്‍, എല്ലായിടത്തും സുവിശേഷത്തിന്റെ പ്രകാശം നിറയും, സൗരഭ്യം പരക്കും എന്ന പ്രത്യാശയാണ് അല്‍ബേനിയ പകരുന്നത്.

(യൂണിവേഴ്‌സിറ്റിയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍ബേനിയന്‍ സന്ദര്‍ശനത്തിനിടെ കുറിച്ചത്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org