സീറോ മലബാര്‍ സഭയിലെ കുര്‍ബാന പ്രതിസന്ധിക്ക് ബൈബിളിലെ മൂന്നു ഗ്രന്ഥങ്ങള്‍ നല്കുന്ന പരിഹാരം

സീറോ മലബാര്‍ സഭയിലെ കുര്‍ബാന പ്രതിസന്ധിക്ക് ബൈബിളിലെ മൂന്നു ഗ്രന്ഥങ്ങള്‍ നല്കുന്ന പരിഹാരം
Published on
  • റവ. ഡോ. തോമസ് വള്ളിയാനിപ്പുറം

    ഗുഡ്‌ഷെപ്പേര്‍ഡ് സെമിനാരി കുന്നോത്ത്

Summary

സീറോ മലബാര്‍ സഭയിലെ കുര്‍ബാന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ സഭാ സംവിധാനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചാനല്‍ ചര്‍ച്ച നടത്തുന്നതു കാണുമ്പോള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ വേദനയും അമര്‍ഷവും ഉണ്ടാകുന്നുണ്ട്. പൊതുജനസമക്ഷം സഭ അവഹേളിക്കപ്പെടുന്നതു കാണുമ്പോള്‍ സാധാരണ വിശ്വാസികള്‍ക്കു സഹിക്കാനാവുന്നില്ല. വൈദികരും അല്മായ വിശ്വാസികളും വിവിധ ചേരികളില്‍ നിന്ന് പോരാടുന്നു... കത്തോലിക്കാസഭയിലെ നൂറ്റാണ്ടുകളായി പുലരുന്ന അച്ചടക്കവും അനുസരണവും എവിടെ? കത്തോലിക്കാസഭ പിളരുകയാണോ, ശിഥിലമാകുകയാണോ? ഇത്തരം അനേകം ചോദ്യങ്ങളാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. അതിനാല്‍ പരിഹാര സാധ്യതകള്‍ നിരന്തരം അന്വേഷിക്കണം. വി. കുര്‍ബാനയുടെ ദൈവശാസ്ത്രത്തെപ്പറ്റിയോ ആദ്ധ്യാത്മികതയെപ്പറ്റിയോ പ്രതീകങ്ങളുടെ അര്‍ത്ഥമാനങ്ങളെക്കുറിച്ചോ ആര്‍ക്കും തര്‍ക്കമില്ല. കുര്‍ബാന ടെക്‌സ്റ്റ് എല്ലാവരും അംഗീകരിക്കുന്നു. കുര്‍ബാന മുഴുവന്‍ ജനാഭിമുഖമായി അര്‍പ്പിക്കണോ, അഥവാ വചന ശുശ്രൂഷയ്ക്കുശേഷമുള്ള കൂദാശാഭാഗം മാത്രം അള്‍ത്താരാഭിമുഖമായി അര്‍പ്പിക്കണോ എന്നതിനെ അധികരിച്ചു മാത്രമാണ് തര്‍ക്കം. ഈ തര്‍ക്കം, മുഴുവനും ജനങ്ങളിലേക്ക് തിരിയണമോ അഥവാ ഒരു ഭാഗം അള്‍ത്താരയിലേക്കു തിരിയണമോ എന്നതിനെക്കുറിച്ചു മാത്രമല്ല. ഇതിന്റെ പിന്നില്‍ സാമൂഹികവും വൈകാരികവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഒരുപിടി പ്രശ്‌നങ്ങള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ട്. അതുകൊണ്ട് വളരെ അവധാനപൂര്‍വം ഡയലോഗിന്റെയും സ്‌നേഹത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും പാതയിലൂടെ ഈ പ്രതി സന്ധിയെ സമീപിക്കണം.

ദൈവ വചന ധ്യാനം ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു മാര്‍ഗം തുറന്നു തരുന്നുണ്ട്. ബൈബിളിലെ മൂന്നു ഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനത്തിലേക്ക് സീറോ മലബാര്‍ സഭാ മക്കളെയും ബന്ധപ്പെട്ട എല്ലാവരേയും ഈ ലേഖകന്‍ വിനയപൂര്‍വം ക്ഷണിക്കുകയാണ്.
  • ഐക്യത്തിന്റെ കാഹളം

വിശ്വാസികളുടെ ഇടയിലെ ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്കുന്ന പുതിയ നിയമ ഗ്രന്ഥമാണ് യോഹന്നാന്റെ സുവിശേഷം. ഏ ഡി 90 നോടടുത്ത് എഴുതപ്പെട്ട ഈ സുവിശേഷം അന്ന് സഭയില്‍ മുളച്ചു പൊന്തിയ അനൈക്യത്തിനും ശൈഥില്യ ചിന്താഗതികള്‍ക്കും എതിരെ വിരചിതമായ കൃതിയാണ്. ക്രിസ്തുവിന്റെ അനുയായികളുടെയിടയിലുണ്ടായിരിക്കേണ്ട ഐക്യമാണ് സുവിശേഷത്തിന്റെ മര്‍മ്മ പ്രധാനമായ സന്ദേശം. യഥാര്‍ത്ഥ സ്‌നേഹത്തില്‍ നിന്നു മാത്രമേ ഐക്യമുണ്ടാകൂ. അതുകൊണ്ട് ഈ സുവിശേഷം ദൈവസ്‌നേഹത്തിനും പരസ്‌നേഹത്തിനും പരമമായ പ്രാധാന്യം നല്കുന്നു. 'അഗാപ്പേ' എന്ന പദമാണ് സ്‌നേഹത്തെക്കുറിക്കാന്‍ സുവിശേഷകന്‍ ഉപയോഗിക്കുന്നത്.

സുവിശേഷങ്ങളുടെ സുവിശേഷം എന്നറിയപ്പെടുന്ന തിരുവചനമാണല്ലോ യോഹന്നാന്റെ സുവിശേഷത്തിലെ മൂന്നാം അധ്യായം പതിനാറാം വാക്യം ''തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.'' 'എദോക്കന്‍' എന്ന ഗ്രീക്കു ക്രിയാപദമാണ് 'നല്കാന്‍' എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഇതിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്; ഒന്ന്, അയയ്ക്കുന്നവന്‍. ഇതനുസരിച്ച് തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയയ്ക്കുവാന്‍ തക്കവിധം ദൈവപിതാവ് ലോകത്തെ സ്‌നേഹിച്ചു. രണ്ട്, ബലിയര്‍പ്പിക്കുവാന്‍. ഇതനുസരിച്ച് തന്റെ ഏകജാതനെ കുരിശില്‍ ബലിയര്‍പ്പിക്കുവാന്‍ തക്കവിധം പിതാവായ ദൈവം ലോകത്തെ സ്‌നേഹിച്ചു. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെയും കുരിശു മരണോത്ഥാനങ്ങളിലൂടെയും ദൈവപിതാവിന്റെ പരിപൂര്‍ണ്ണ സ്‌നേഹമാണ് വെളിപ്പെട്ടത്. ഈ സ്‌നേഹം വ്യവസ്ഥയില്ലാത്തതാണ്; നിത്യമാണ്; അനന്തമാണ്; എല്ലാം ക്ഷമിക്കുന്നതാണ്; എല്ലാം കൊടുക്കുന്നതാണ്; ആത്മദാനപരമാണ്; തന്നെത്തന്നെ ശൂന്യവല്‍ക്കരിച്ച് മറ്റുള്ളവര്‍ക്ക് ജീവന്‍ നല്കുന്നതാണ്; വിനീതമായ ശുശ്രൂഷയിലൂടെ മനുഷ്യകുലത്തെ രക്ഷിക്കുന്നതാണ്. ഇതിനെ പരമാവധി സ്‌നേഹമെന്നു വിളിക്കാം. ഈ സ്‌നേഹം വെളിപ്പെടുത്താനാണ് യേശു ലോകത്തില്‍ വന്നത്. ശത്രുവും മിത്രവും സജാതീയരും വിജാതീയരും അടുത്തു നില്‍ക്കുന്നവരും അകന്നു നില്‍ക്കുന്നവരുമെല്ലാം ഈ സ്‌നേഹ വലയത്തില്‍ ഉള്‍പ്പെടും. ''അവസാനം വരെ സ്‌നേഹിക്കുന്നു, സ്വന്തം രക്തം ചിന്തി സ്‌നേഹിക്കുന്ന മഹോന്നതമായ ജീവിതശൈലിയാണ് ഈ സ്‌നേഹത്തിന്റെ അന്തര്‍ധാര. ഈ സ്‌നേഹത്തിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളാണ് യോഹന്നാന്‍ തന്റെ സുവിശേഷത്തിലുടനീളം വരച്ചു കാട്ടുന്നത്.

ഈ സ്‌നേഹം അനുഭവിക്കുന്ന വ്യക്തിയില്‍ നിന്ന് സ്വാഭാവികമായി ഉരുത്തിരിയുന്ന പ്രവര്‍ത്തനശൈലിയാണ് പരസ്‌നേഹം. ദൈവം യേശുവിലൂടെ പ്രടമാക്കിയ സ്‌നേഹത്തിന്റെ മാതൃകയില്‍ പരസ്പരം സ്‌നേഹിക്കാനാണ് യേശു ശിഷ്യരോട് ആവശ്യപ്പെടുന്നത് (യോഹ. 13:34-35). യേശു നമ്മെ സ്‌നേഹിച്ചതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കുക അത്ര എളുപ്പമല്ല. സ്‌നേഹത്തിലേക്ക് നിരന്തരം മാനസാന്തരപ്പെടുകയും സ്‌നേഹത്തിന്റെ അഗ്നിസ്‌നാനത്തില്‍ പുതിയ മനുഷ്യരാവുകയും ചെയ്താലേ ഇത് സാധ്യമാകൂ.

സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഫലമാണ് ഐക്യം. മറ്റുള്ളവരെ ആദരിക്കുകയും മനസ്സിലാക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയും ചെയ്യുമ്പോഴാണ് ഐക്യത്തിനുള്ള സാഹചര്യം ഉളവാകുന്നത്. ഒരു മനസ്സും ഒരു ഹൃദയവുമായി ജീവിക്കത്തക്കവിധമുള്ള ഐക്യമാണ് യേശു വിഭാവനം ചെയ്യുന്നത്. എല്ലാം പങ്കുവച്ച് പരസ്പരം ശുശ്രൂഷിക്കാനും ഹൃദയം ക്ഷമിക്കാനും കുറവുകളോടെ മറ്റുള്ളവരെ അംഗീകരിക്കാനും സാധിക്കുന്നിടത്താണ് ഐക്യത്തിന്റെ പുലരി വിരിയുന്നത്. യഥാര്‍ത്ഥ സ്‌നേഹം മാറ്റുരച്ചു നോക്കപ്പെടുന്നത് ഐക്യത്തിന്റെ കൂട്ടായ്മ ബലപ്പെടുന്നതനുസരിച്ചാണ്. സമൂഹത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും ഐക്യം കൂടിയേ തീരൂ. സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും ഹൃദയങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന യഥാര്‍ത്ഥ സ്‌നേഹമാണ് ഐക്യത്തിന്റെ കൂടാരം പണിതുയര്‍ത്തുന്നത്.

യോഹന്നാന്റെ സുവിശേഷം ഐക്യത്തിന് പരമമായ പ്രാധാന്യം നല്കുന്നു. തന്റെ പീഡാനുഭവത്തിന്റെ തലേ രാത്രിയില്‍ യേശു ചെയ്ത മധ്യസ്ഥ പ്രാര്‍ത്ഥന ഐക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു. ''അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതു പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (യോഹ. 17:21). പരിശുദ്ധ പരമത്രിത്വത്തില്‍ പുലരുന്ന അതേ ഐക്യമാണ് തന്റെ ശിഷ്യരുടെയിടയില്‍ നിലനില്‍ക്കേണ്ടത് എന്ന് യേശു ആഗ്രഹിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

യോഹന്നാന്റെ സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടു പ്രത്യേക പ്രതീകങ്ങളാണ് ''കീറാത്ത വലയും'' ''വിഭജിക്കപ്പെടാത്ത അപ്പവും.'' കീറാത്ത വല (യോഹ. 21:11) ശിഷ്യ സമൂഹത്തില്‍ അഥവാ സഭാഗാത്രത്തില്‍ ശാശ്വതമായി നില്‍ക്കേണ്ട അഭേദ്യതയും ഐക്യവുമാണ് വിളംബരം ചെയ്യുന്നത്. അപ്പം വര്‍ധിപ്പിക്കുന്ന അത്ഭുതങ്ങളില്‍ (യോഹ. 6:1-15), യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ്, യേശു അപ്പമെടുത്ത് വാഴ്ത്തിയിട്ട് വിഭജിക്കാതെ ജനത്തിന് വിതരണം ചെയ്യുന്നത് സഭാസമൂഹം വിഭജിക്കപ്പെടാത്ത അപ്പം പോലെ ഏക ഗാത്രമായി ഐക്യപ്പെട്ടിരിക്കണമെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് ഈ പ്രതീകം.

ത്രിതൈ്വക ദൈവത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെടുന്ന പരസ്പര സ്‌നേഹവും ഐക്യവുമാണ് ക്രിസ്തീയ സഭയുടെ മുഖമുദ്രകള്‍. അതിനാല്‍ കുര്‍ബാന പ്രതിസന്ധി പരിഹരിക്കാനുള്ള ഏതു ശ്രമവും സീറോ മലബാര്‍ സഭയിലെ ഐക്യത്തിനും കൂട്ടായ്മയ്ക്കും പരമ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാകണം. ഏതെങ്കിലും രൂപതയോ, സംഘമോ വ്യക്തിയോ സഭയില്‍ നിന്ന് വിട്ടുപോകുന്നതിന് ഇടവരുത്തുന്ന യാതൊരു തീരുമാനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ.

രണ്ടായിരം വര്‍ഷത്തെ സഭയുടെ ചരിത്രത്തില്‍ വിഭജനത്തിനും വിഘടനത്തിനും ഹേതുവായ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്രിസ്തു വിജ്ഞാനീയപരമായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് നിഖ്യാ, എഫേസൂസ്, കോണ്‍സ്റ്റാന്റിനോപ്പിള്‍, കാല്‍സിഡോണ്‍ മുതലായ ആദ്യകാല സൂനഹദോസുകള്‍ വിളിച്ചുകൂട്ടപ്പെട്ടത്. ഈ സൂനഹദോസുകള്‍ക്ക് ഡോഗ്മായുടെ കാര്യത്തില്‍ ചില വ്യക്തത വരുത്താനായെങ്കിലും, അവ സഭാഗാത്രത്തിലുണ്ടാക്കിയ വിഭജനത്തിന്റെ മുറിവുകള്‍ നാമിന്ന് വിലയിരുത്തേണ്ടതുണ്ട്. റോമാ സാമ്രാജ്യത്തിന്റെ പൗരസ്ത്യ പ്രവിശ്യകളില്‍ തഴച്ചു വളര്‍ന്നു കൊണ്ടിരുന്ന സഭ ദുര്‍ബലമാകുന്നതിന് ഈ ഭിന്നതകള്‍ കുറച്ചൊന്നുമല്ല ഹേതുവായിട്ടുള്ളത്. മുസ്ലീം ആക്രമണത്തില്‍ സഭ തളരുന്നതിന് ഈ ആഭ്യന്തര ഭിന്നതയാണ് കാരണമായത്. 1054-ല്‍ പാശ്ചാത്യ സഭയും പൗരസ്ത്യ സഭയും തമ്മിലുണ്ടായ വിഭജനം സഭാഗാത്രത്തില്‍ അഗാധമായ മുറിവേല്പിച്ചു. 'ഫീലിയോക്കേ' (filioque) എന്ന പ്രത്യേക വിഷയത്തെ അധികരിച്ചുള്ള തര്‍ക്കമാണ് വിഭജനത്തില്‍ കലാശിച്ചത്. 'പിതാവില്‍ നിന്നും, പുത്രനില്‍ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്' എന്ന സിദ്ധാന്തം പാശ്ചാത്യ സഭ അവതരിപ്പിച്ചപ്പോള്‍, 'പിതാവില്‍ നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ്' എന്നതാണ് ശരിയായ തത്വം എന്ന് പൗരസ്ത്യ വിശ്വാസികള്‍ ശഠിച്ചു. ഇതിന്റെ പിന്നില്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ അനേകം പ്രശ്‌നങ്ങള്‍ കൂടിയുണ്ടായിരുന്നു എന്ന കാര്യം നാം വിസ്മരിക്കേണ്ടതില്ല. റോം കേന്ദ്രമാക്കിയുള്ള പാശ്ചാത്യ സഭയും കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമാക്കിയുള്ള ബൈസന്റൈന്‍ സഭയും ഭിന്നിച്ചകന്നപ്പോള്‍ സാര്‍വത്രിക സഭയ്ക്ക് അപരിഹാര്യമായ തകര്‍ച്ചയാണുണ്ടായത്. എവിടെ ഐക്യം തകരുന്നുവോ, അവിടെ തകര്‍ച്ച സുനിശ്ചിതമാണ്.

പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റു വിപ്ലവം പാശ്ചാത്യ സഭയുടെ പിളര്‍പ്പിനു കാരണമായി. പ്രൊട്ടസ്റ്റന്റു സഭ പല സഭകളായും ഗ്രൂപ്പുകളായും ഭിന്നിച്ച്, കലഹിക്കുന്നതാണ് പിന്നീട് ചരിത്രത്തില്‍ നാം കാണുന്നത്. കത്തോലിക്കാസഭയിലും ഈ പിളര്‍പ്പിന്റെ പ്രതിഫലനങ്ങള്‍ പല രീതിയില്‍ ദൃശ്യമായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'എക്യുമെനിസം' എന്ന പ്രമാണ രേഖയാണ് വിഭജിച്ചും ഭിന്നിച്ചും കഴിയുന്ന സഭകള്‍ ഐക്യത്തിലേക്ക് വരണമെന്ന ശക്തമായ ആഹ്വാനം മുഴക്കിയത്. 1653-ല്‍ നടന്ന കൂനന്‍ കുരിശു സത്യമാണല്ലോ കേരള നസ്രാണി സഭയെ രണ്ടായി പിളര്‍ത്തിയത്. ഇനി മറ്റൊരു വിഭജനം നമുക്കു താങ്ങാനാവില്ല. യോഹന്നാന്റെ സുവിശേഷം നമ്മെ പഠിപ്പിക്കുന്ന ഐക്യത്തിന്റെ ശൈലിയില്‍ സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും വിശ്വാസികളും ഒന്നിച്ചു നില്‍ക്കുക കാലഘട്ടത്തിന്റെ അനിവാര്യതയാകുന്നു.

യഥാര്‍ത്ഥ സ്‌നേഹം മാറ്റുരച്ചു നോക്കപ്പെടുന്നത് ഐക്യത്തിന്റെ കൂട്ടായ്മ ബലപ്പെടുന്നതനുസരിച്ചാണ്. സമൂഹത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും ഐക്യം കൂടിയേ തീരൂ. സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും ഹൃദയങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന യഥാര്‍ത്ഥ സ്‌നേഹമാണ് ഐക്യത്തിന്റെ കൂടാരം പണിതുയര്‍ത്തുന്നത്.

  • സൗഖ്യത്തിന്റെ ശുശ്രൂഷ

കുര്‍ബാനത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഭിന്നത പരിഹരിക്കാന്‍ നമ്മെ സഹായിക്കുന്ന ചില ദര്‍ശനങ്ങള്‍ പഴയ നിയമത്തിലെ ജെറമിയ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നു ലഭിക്കും. 'പിഴുതെറിയാനും നട്ടുവളര്‍ത്താനും' (ജെറ. 1:10) വിളിക്കപ്പെട്ട പ്രവാചകനായിരുന്നു ജെറമിയാ. ഇതിലെ രണ്ടാമത്തെ ഘടകം, അതായത് 'നട്ടുവളര്‍ത്തല്‍', ഇന്ന് പ്രവാചകനില്‍ നിന്ന് നാം പ്രത്യേകം പഠിക്കേണ്ടത്. ജെറമിയായുടെ പുസ്തകം 30 മുതല്‍ 33 വരെ അധ്യായങ്ങള്‍. 'പ്രത്യാശയുടെ ചലനങ്ങള്‍' എന്നാണ് അറിയപ്പെടുന്നത്. ബാബിലോണിയന്‍ വിപ്രവാസത്തില്‍ കഴിയുന്ന ഇസ്രായേല്‍ക്കാര്‍ക്ക് പ്രത്യാശയും രക്ഷയും നല്കുന്ന വചനങ്ങളാണ് ഈ അധ്യായങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ജെറമിയായുടെ വീക്ഷണത്തില്‍ അടിമത്തത്തില്‍ നിന്നുള്ള മോചനം, മുറിവേറ്റവര്‍ക്ക് സൗഖ്യം, നഷ്ടപ്പെട്ടുപോയ സംവിധാനങ്ങള്‍ക്കു പകരം കൂടുതല്‍ മെച്ചമായ സംവിധാനങ്ങള്‍ എന്നിവയണ് ദൈവം ഇസ്രായേലിന്റെ ശ്രേയസ്‌ക്കരമായ ഭാവിക്കായി കരുതിവച്ചിരിക്കുന്നത്. ഈ മൂന്നു കാര്യങ്ങളില്‍ ജനങ്ങളുടെ സൗഖ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ബാബിലോണിയന്‍ അധിനിവേശം യൂദയാ രാജ്യത്തിന്റെ സകല സംവിധാനങ്ങളും തകര്‍ത്തെറിഞ്ഞു. ദേവാലയം തകര്‍ക്കപ്പെട്ടു. രാജാധിപത്യം അസ്തമിച്ചു. യൂദയാ രാജ്യം തകര്‍ന്നു തരിപ്പണമായി. യൂദയായിലെ ജനങ്ങള്‍ വിപ്രവാസികളായി ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടു. ശാരീരികവും മാനസികവും ആത്മീയവുമായ ദുരിതങ്ങളിലൂടെ കടന്നുപോകാന്‍ ജനം നിര്‍ബന്ധിതരായിത്തീര്‍ന്നു. സര്‍വോപരി അവഹേളനങ്ങളും നിന്ദനങ്ങളും മൂലം അവരുടെ ആത്മാഭിമാനം തകര്‍ന്നു. ഈ ഘട്ടത്തില്‍ അവര്‍ക്ക് ഏറ്റവും ആവശ്യമായിരുന്നത് ആന്തരികവും ആത്മീയവുമായ സൗഖ്യമായിരുന്നു.

ജെറമിയാ പ്രവാചകനിലൂടെ ഈ സൗഖ്യത്തിന്റെ സന്ദേശമാണ് കര്‍ത്താവ് അറിയിച്ചത്. ''കര്‍ത്താവ് അരുള്‍ ചെയ്യുന്നു: സുഖപ്പെടുത്താനാവാത്ത വിധം നിനക്കു ക്ഷതമേറ്റിരിക്കുന്നു; നിന്റെ മുറിവ് ഗുരുതരമാണ്... ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്കും. നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും (ജെറ. 30:12, 17). 'റാഫാ' എന്ന ഹീബ്രുപദമാണ് 'സുഖപ്പെടുത്തുക' എന്നതിനെ കുറിക്കാന്‍ മൂലഗ്രന്ഥങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. സമഗ്രമായ സൗഖ്യത്തെ കുറിക്കുന്ന പദമാണിത്.

കുര്‍ബാനത്തര്‍ക്കത്തിലൂടെ അന്യോന്യം പടവെട്ടി ചോരയൊലിപ്പിച്ചു നില്‍ക്കുന്ന സീറോ മലബാര്‍ സഭയില്‍ സൗഖ്യത്തിന്റെ ലേപനം പുരട്ടാന്‍ കഴിയുന്ന ഹസ്തങ്ങളാണ് ഇന്ന് ഉയര്‍ന്നു വരേണ്ടത്. പരസ്പരം കുറ്റപ്പെടുത്തിയും ഭര്‍ത്സിച്ചും പഴിചാരിയും വൈദികരും ജനങ്ങളും രണ്ടു ചേരികളായി തിരിഞ്ഞ് കലഹിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ഈ കലഹം ഒരുപാടു പരിക്കുകള്‍ ഇരുഭാഗത്തും ഏല്പിച്ചിട്ടുണ്ട്. അത് വീണ്ടും വലുതാക്കാനുള്ള ശ്രമം ഒരു ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ. മറിച്ച് സുഖപ്പെടുത്താനും പരിചരിക്കാനുമുള്ള യത്‌നമാണ് ഇരുഭാഗത്തു നിന്നുമുണ്ടാകേണ്ടത്. കഴിഞ്ഞതൊക്കെ പൊറുക്കാനും, പരസ്പരം ബഹുമാനിക്കാനും വിട്ടുവീഴ്ച ചെയ്യാനും തയ്യാറായാല്‍ ഈ സൗഖ്യം സാവധാനം സഭയുടെ എല്ലാ തലങ്ങളിലും കടന്നുവരും. വാദപ്രതിവാദം കൊണ്ടോ, കുറ്റപ്പെടുത്തലുകള്‍ കൊണ്ടോ സ്വന്തം വാദം സമര്‍ത്ഥിക്കാനുള്ള അമിതാവേശം കൊണ്ടോ സഭയില്‍ സൗഖ്യമുണ്ടാകുമെന്നു കരുതുന്നത് മൗഢ്യമാണ്. പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലുമൂന്നിയ ഡയലോഗും ക്ഷമാപൂര്‍വമായ കാത്തിരിപ്പുമാണ് സൗഖ്യമുളവാക്കുന്നത്. അതിന് അധികാരികളും വൈദികരും ദൈവജനവും തയ്യാറായാലേ ഐക്യം വീണ്ടെടുക്കാനാവൂ.

റോം കേന്ദ്രമാക്കിയുള്ള പാശ്ചാത്യ സഭയും കോണ്‍സ്റ്റാന്റി നോപ്പിള്‍ കേന്ദ്രമാക്കിയുള്ള ബൈസന്റൈന്‍ സഭയും ഭിന്നിച്ചകന്നപ്പോള്‍ സാര്‍വത്രിക സഭയ്ക്ക് അപരിഹാര്യമായ തകര്‍ച്ചയാണുണ്ടായത്. എവിടെ ഐക്യം തകരുന്നുവോ, അവിടെ തകര്‍ച്ച സുനിശ്ചിതമാണ്.

  • സഹിഷ്ണുതയുടെ പാഠങ്ങള്‍

കുര്‍ബാനത്തര്‍ക്കവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നത ഇല്ലാതാകണമെങ്കില്‍ നാം സഹിഷ്ണുതയുടെ മാര്‍ഗം അവലംബിക്കേണ്ടതുണ്ട്. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കുള്ള ലേഖനത്തിലൂടെ സഹിഷ്ണുതയുടെ പാഠമാണ് സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു നല്കുന്നത്. പൗലോസ് ശ്ലീഹായുടെ പേരില്‍ പതിമൂന്നു ലേഖനങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ഇവയില്‍ അവസാനം എഴുതപ്പെട്ട ലേഖനങ്ങളില്‍ ഒന്നാണ് റോമാക്കാര്‍ക്കുള്ള ലേഖനം. ഏ ഡി 56ലോ 57ലോ ആകണം ഇത് എഴുതപ്പെടുന്നത്. യഹൂദരും വിജാതീയരുമുള്‍പ്പെട്ട സകല മനുഷ്യര്‍ക്കും രക്ഷ നല്കുവാന്‍ ദൈവപിതാവ് തന്റെ പുത്രനായ യേശുവിലൂടെ വെളിപ്പെടുത്തുന്ന 'ധര്‍മ്മം' ആണ് ഈ ലേഖനത്തിന്റെ മുഖ്യപ്രമേയം. 'ദിക്കായിയോസുനേ തെയോയു' (Dikaiosune Theou) എന്ന ഗ്രീക്കു പദമാണ് പൗലോസ് ശ്ലീഹാ ഉപയോഗിക്കുന്നത്. ഈ പദവുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങള്‍ 63 ഓളം പ്രാവശ്യം ഈ ലേഖനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. യേശുവിലൂടെ കരഗതമാകുന്ന സാര്‍വത്രിക രക്ഷയും മനുഷ്യവംശത്തിന്റെ ഐക്യവും വിശദമാക്കാനാണ് 'ദൈവത്തിന്റെ ധര്‍മ്മം' എന്ന ദൈവശാസ്ത്ര സമ്പന്നമായ വാക്കിലൂടെ ശ്ലീഹാ ശ്രമിക്കുന്നത്. ഐക്യത്തിന്റേയും കൂട്ടായ്മയുടെയും പ്രതീകമാണ് ക്രിസ്തുവിലൂടെ ദൈവപിതാവ് വെളിപ്പെടുത്തിയ തന്റെ ധര്‍മ്മം.

സഭാ സമൂഹത്തിലേക്ക് ധാരാളം വിജാതീയര്‍ പ്രവേശിക്കുന്ന കാലഘട്ടമായിരുന്നു അത്. വിജാതീയ ക്രിസ്ത്യാനികളുടെ സംഖ്യ യഹൂദ ക്രിസ്ത്യാനികളുടെ സംഖ്യയെ മറികടന്നു. ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുന്ന് യേശുവിലൂടെ യഹൂദ ക്രിസ്ത്യാനികളെ എന്നപോലെ വിജാതീയ ക്രിസ്ത്യാനികളേയും രക്ഷിക്കുന്നു എന്നും പഠിപ്പിക്കാനാണ് റോമാ ലേഖനത്തിലെ ഒന്നു മുതല്‍ എട്ടുവരെ അധ്യായങ്ങളില്‍ ശ്ലീഹാ ശ്രമിക്കുന്നത്. യഹൂദ ക്രിസ്ത്യാനികള്‍ സങ്കുചിത മനഃസ്ഥിതി വെടിഞ്ഞ് വിജാതീയ ക്രിസ്ത്യാനികളെ കൂടെ ഉള്‍ക്കൊള്ളണം.

റോമാലേഖനം ഒമ്പതു മുതല്‍ പതിനൊന്നു വരെ അധ്യായങ്ങളില്‍ വിജാതീയ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടുകളില്‍ വരുത്തേണ്ട മാറ്റമാണ് ശ്ലീഹാ പഠിപ്പിക്കുന്നത്. തങ്ങള്‍ രക്ഷിക്കപ്പെട്ടു; യഹൂദര്‍ തള്ളപ്പെട്ടു എന്ന പുച്ഛം കലര്‍ന്ന അഹന്ത വിജാതീയ ക്രിസ്ത്യാനികളില്‍ രൂപപ്പെടുവാന്‍ ഇടയായി. ഈ അഹന്തയ്‌ക്കെതിരെ 'ഒലിവു മരത്തിന്റെ ഉപമ'യിലൂടെ യഹൂദരുടെ മഹത്വവും ശ്രേഷ്ഠതയും ശ്ലീഹാ വിജാതീയ ക്രിസ്ത്യാനികളെ ഓര്‍മ്മപ്പെടുത്തുകയാണ്. ദൈവം തന്റെ വാഗ്ദാനങ്ങളൊന്നും പിന്‍വലിക്കുകയില്ല. അതിനാല്‍ എല്ലാ യഹൂദരും രക്ഷപ്രാപിക്കും (റോമാ 21:26). യഹൂദരേയും യഹൂദ ക്രിസ്ത്യാനികളേയും അവമതിക്കാന്‍ പാടില്ല. യഹൂദരേയും വിജാതീയരേയും യേശുക്രിസ്തു തന്റെ കുരിശിലൂടെ സംയോജിപ്പിച്ചു. ഈ ഐക്യം പരിപോഷിപ്പിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കേണ്ടത്.

റോമായിലെ ക്രിസ്തീയ സമൂഹത്തില്‍ 'ശക്തര്‍', 'ദുര്‍ബലര്‍' എന്ന രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു എന്ന സൂചന പതിനാലും പതിനഞ്ചും അധ്യായങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. ഇവരില്‍ 'ശക്തര്‍' വിജാതീയ ക്രിസ്ത്യാനികളാണ്. അവര്‍ മോശയുടെ നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിരുന്ന ഭക്ഷണ നിയമങ്ങളും ദിനാചരണങ്ങളും പാലിച്ചിരുന്നില്ല. 'ദുര്‍ബലര്‍' യഹൂദ ക്രിസ്ത്യാനികളാണ്. അവര്‍ ഭക്ഷണ നിയമങ്ങളും ദിനാചരണങ്ങളും കൃത്യമായി പാലിച്ചു. ഇതിന്റെ പേരില്‍ വിജാതീയ ക്രിസ്ത്യാനികള്‍ യഹൂദ ക്രിസ്ത്യാനികളെ നിന്ദിച്ചു; യഹൂദ ക്രിസ്ത്യാനികളാകട്ടെ വിജാതീയ ക്രിസ്ത്യാനികളെ അന്യായമായി വിധിച്ചു. ഇത് അവരുടെയിടയില്‍ ഭിന്നത വര്‍ധിക്കുന്നതിന് കാരണമായി. ഈ ഭിന്നത ഇല്ലാതാക്കി സഭയെ ഐക്യപ്പെടുത്താനാണ് പൗലോസ് റോമാ ലേഖനം എഴുതിയത്. പൗലോസിന്റെ കാഴ്ചപ്പാടില്‍ റോമായിലെ വിശ്വാസികള്‍ പരസ്പരം വിധിക്കാതെ അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കണം. ഭക്ഷണ നിയമം പാലിക്കുന്നവര്‍, അത് പാലിക്കാത്തവരെ നിന്ദിക്കരുത്; ഭക്ഷണ നിയമം പാലിക്കാത്തവന്‍ അത് പാലിക്കുന്നവരെ വിധിക്കുകയുമരുത്. രണ്ടുപേരും തങ്ങളുടെ സാംസ്‌കാരികമായ പ്രത്യേകതകള്‍ അംഗീകരിച്ച് സഹിഷ്ണുതാപൂര്‍വം ജീവിക്കണം. 'ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണ് വേണ്ടത്. നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല'' (റോമാ 15:1).

യഹൂദ ക്രിസ്ത്യാനികള്‍ ഭക്ഷണ നിയമങ്ങളും ദിനാചരണങ്ങളും കൃത്യ മായി പാലിച്ചു. ഇതിന്റെ പേരില്‍ വിജാ തീയ ക്രിസ്ത്യാനികള്‍ യഹൂദ ക്രി സ്ത്യാനികളെ നിന്ദിച്ചു; യഹൂദ ക്രി സ്ത്യാനികളാകട്ടെ വിജാതീയ ക്രിസ്ത്യാ നികളെ അന്യായമായി വിധിച്ചു. ഇത് അവരുടെയിടയില്‍ ഭിന്നത വര്‍ധിക്കു ന്നതിന് കാരണമായി.

കുര്‍ബാനത്തര്‍ക്കത്തിലും ഇരു ചേരിയിലുംപ്പെട്ടവര്‍ സഹിഷ്ണുതാപൂര്‍വം പരസ്പരം അംഗീകരിക്കണം. സാംസ്‌കാരിക പ്രത്യേകതകളും ദൈവശാസ്ത്രപരമായ വൈവിധ്യ ചിന്തകളും അന്യോന്യം ആദരിക്കണം. ദൈവം ഐകരൂപ്യമല്ല, ഐക്യമാണ് ആവശ്യപ്പെടുന്നത്. വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അന്യോന്യം ആദരിച്ച് ഐക്യപ്പെട്ടു ജീവിക്കുന്നതാണ് സഹിഷ്ണുത.

സീറോ മലബാര്‍ സഭയിലെ കുര്‍ബാന പ്രതിസന്ധിക്ക് ബൈബിളിലെ യോഹന്നാന്റെ സുവിശേഷം, ജെറമിയായുടെ പ്രവചന ഗ്രന്ഥം, പൗലോസിന്റെ റോമാ ലേഖനം എന്നീ മൂന്നു പുസ്തകങ്ങള്‍ നമുക്ക് നല്കുന്ന ഉള്‍ക്കാഴ്ചകളാണ് മേല്‍ വിവരിച്ചത്. ചുരുക്കത്തില്‍ ഐക്യം, സൗഖ്യം, സഹിഷ്ണുത എന്നീ മൂന്നു മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ട് ദൈവത്തിലാശ്രയിച്ച് സഭ മുഴുവന്‍ എളിമയോടും തുറവിയോടും സ്‌നേഹത്തോടും കൂടി ശ്രമിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളൂ. സമ്പൂര്‍ണ്ണമായ ജനാഭിമുഖ കുര്‍ബനയ്ക്കുവേണ്ടി വാദിക്കുന്ന ഒരു രൂപതയാണ് ഇപ്പോള്‍ സീറോ മലബാര്‍ സഭയിലുള്ളത്. മറ്റു രൂപതകള്‍ സിനഡല്‍ രീതിയിലുള്ള കുര്‍ബാനയര്‍പ്പണം അംഗീകരിച്ചു കഴിഞ്ഞു. സമ്പൂര്‍ണ്ണ ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി തീവ്രമായി വാദിക്കുന്ന രൂപതയ്ക്ക് ഒരു 'വ്യത്യസ്ത ക്രമം' (variant) അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കണമെന്നതാണ് ഈ ലേഖകന്റെ പക്ഷം. ഇപ്രകാരമൊരു വൈവിധ്യമുണ്ടാകുന്നതുകൊണ്ട് സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തിലോ അജപാലന ശൈലിക്കോ കോട്ടമൊന്നും വരികയില്ല. ഐക്യം ബലികഴിക്കാതിരിക്കാനുള്ള ദൃഢചിത്തത, മുറിവുണക്കാനുള്ള ഔദാര്യം, സഹിഷ്ണുതയില്‍ മുന്നേറാനുള്ള വിനയം എന്നിവയുണ്ടെങ്കില്‍ ഇങ്ങനെ ചില വിട്ടുവീഴ്ചകള്‍ ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. പരിശുദ്ധാത്മാവിന്റെ ശക്തമായ ആവാസം സീറോ മലബാര്‍ സഭയെ സഹായിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org