ഭൂതോച്ചാടനം: മറയും പൊരുളും

ഭൂതോച്ചാടനം: മറയും പൊരുളും


ബ്ര. മാര്‍ട്ടിന്‍ പാലക്കപ്പിള്ളി

അന്തര്‍ദ്ദേശീയ ഭൂതോച്ചാടന സമിതി അംഗം

മരിച്ചവരുടെ ഓര്‍മ്മ ആചരിക്കുകയും അവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നാളുകളിലേയ്ക്ക് നാം പ്രവേശിക്കുന്നു. മരിച്ചവരെയും അവരുടെ ആത്മാക്കളെയും കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ, വേണ്ടെന്നുവച്ചാലും അശുദ്ധാത്മാക്കളെക്കുറിച്ചുള്ള ഭയജന്യവിചാരങ്ങള്‍ നമ്മെ വലയം ചെയ്യും. ഇരുളിന്‍റെ മറവിലും കയ്യാലയ്ക്കപ്പുറത്തും ഇങ്ങനെ സങ്കല്‍പ്പങ്ങളുടെ സങ്കേതങ്ങള്‍ ഇപ്പോഴുമുണ്ട്. കേട്ടിട്ടുള്ള കഥകളിലും അനുഭവങ്ങളെക്കുറിച്ചുള്ള കേട്ടുകേഴ്വികളും കെട്ടുപിണഞ്ഞതാണ് നമ്മുടെ ജീവിതപ്പരിസരങ്ങള്‍. ഇത്തരം വിശ്വാസങ്ങളില്‍ ജീവിക്കുന്ന ജനസാമാന്യത്തിന്‍റെ നടുവിലാണ് നാം ജീവിക്കുന്നതും. അതൊക്കെ അന്ധവിശ്വാസമാണെന്ന് പറയുമ്പോഴും ഭയത്തിന്‍റെ ഒരു കാളല്‍ ഉള്ളില്‍ ബാക്കിയാകുന്നു.

യേശുക്രിസ്തുവിലുള്ള വിശ്വാസം ഭയത്തില്‍നിന്ന് നമ്മെ മോചിപ്പിക്കേണ്ടതാണ്. എന്നാല്‍ അന്ധവിശ്വാസത്തിലേയ്ക്കും ഭയത്തിലേയ്ക്കും വിശ്വാസികള്‍ പോലും നിപതിക്കും വിധം തെറ്റായ പ്രബോധനങ്ങളും അനുഭവ കഥകളും ചുറ്റിലും പ്രചരിക്കുന്നു. ദൈവത്തെക്കുറിച്ച് പഠിക്കുന്നതിനേക്കാളും അറിയുന്നതിനേക്കാളും പ്രിയം അശുദ്ധാത്മാക്കളെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും ആയിപ്പോകുന്നു നമ്മില്‍ പലര്‍ക്കും.

അശുദ്ധാത്മാക്കളെക്കുറിച്ച് പഠിപ്പിക്കുകയും, അവയുടെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നവര്‍ എന്ന് അവകാശപ്പെടുന്നവരും വ്യക്തമായ അറിവിന്‍റെയും പഠനത്തിന്‍റെയും ആധികാരികതയേക്കാള്‍ ആശ്രയിക്കുന്നത് അനുഭവങ്ങളെയാണ്. അവര്‍ തങ്ങളുടെ വാദമുഖങ്ങളില്‍ നിലനില്‍ക്കാന്‍ കൂട്ടുപിടിക്കുന്ന അനുഭവങ്ങള്‍ ആപേക്ഷികവും.

അശുദ്ധാത്മാക്കളാണ് രോഗംവരുത്തുന്നതെന്നും സമ്പത്ത് തകര്‍ക്കുന്നതെന്നും കുടുംബസമാധാനം ഇല്ലാതാക്കുന്നതെന്നും അവയെ ബന്ധിച്ചാല്‍ സകലപ്രശ്നങ്ങളും തടസങ്ങളും തീരുമെന്ന് അവകാശപ്പെടുന്നവരും അത്തരത്തിലുള്ള മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നവരും അനേകരാണ്.

അശുദ്ധാത്മാക്കളെ ഉച്ഛാടനം ചെയ്യുന്നതിനും വിമോചിതരാകുന്നതിനുമുള്ള പരക്കം പാച്ചിലുകള്‍ വ്യാപകമാകുന്നു. ജീവിതത്തിലുണ്ടാകുന്ന കഷ്ടപ്പാടുകള്‍ ദൈവം അനുവദിക്കുന്നവയും അതിലൂടെ നമ്മുടെ ജീവിതത്തിന് രക്ഷയും ദൈവീകമഹത്വവും ദൈവാനുഭവവും നല്‍കുന്നവയുമാണെന്ന പരമാര്‍ത്ഥം തമസ്കരിക്കപ്പെടുന്നു. ക്രിസ്തു ക്ലേശങ്ങളിലൂടെയും പീഡകളിലൂടെയും ദൈവികമഹത്വത്തിലേയ്ക്ക് പ്രവേശിച്ചതും വിശുദ്ധരും സാക്ഷികളും വിജയം ചൂടിയതും വിശ്വാസജീവിതത്തിന്‍റെ വഴിയോരക്കാഴ്ചകളായി അവശേഷിക്കുന്നു. ഈ സത്യമാര്‍ഗ്ഗത്തിന്‍റെ പ്രകാശത്തില്‍ ചരിക്കാന്‍ നാം ബാധ്യസ്ഥരല്ലേ?

അപ്പോള്‍ ചോദ്യം കടന്നുവരും. അങ്ങനെയെങ്കില്‍ അശുദ്ധത്മാവില്ലേ? പിന്നെന്തിന് സഭയില്‍ ഭൂതോച്ചാടനവും ബഹിഷ്ക്കരണവും വിമോചന പ്രാര്‍ത്ഥനകളും?

അശുദ്ധാത്മാവ് ഉണ്ട്. ഭൂതോച്ചാടനവും ബഹിഷ്ക്കരണവും വിമോചനാനുഭവവും നമുക്ക് ആവശ്യമുണ്ട്. അശുദ്ധാത്മാക്കള്‍ സാങ്കല്‍പ്പികസൃഷ്ടികളോ കല്‍പ്പിത കഥകളോ അല്ല. എന്നാല്‍ നാം പറഞ്ഞുപഠിച്ചതുപോലെ കൊമ്പും വാലുമുള്ള രൂപങ്ങളല്ല.

ദൈവത്തിന്‍റെ അനുസരണത്തില്‍നിന്ന് അഹങ്കാരംമൂലം വീണുപോയ മാലാഖയാണ് പിശാചെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ബാല്യം മുതലേ നാം പഠിച്ചിട്ടുണ്ട്. പ്രകൃതത്തില്‍ അരൂപിയും ധര്‍മ്മത്തില്‍ മാലാഖയുമായ ദൈവദൂതന്‍ വീണുപോയപ്പോള്‍ പ്രകൃതം മാറിയില്ല, അവയുടെ ധര്‍മ്മം അധര്‍മ്മമായി. അതുകൊണ്ട് ദൈവം പറയുന്നതിന് എതിര്‍ ചെയ്യുന്നവനായി അവന്‍. അവര്‍ അപ്പോഴും അരൂപികള്‍തന്നെ.

മരിച്ചവരുടെ ആത്മാവ് അശുദ്ധാത്മാവാകുമോ? മനുഷ്യര്‍ അരൂപികളല്ല. ആത്മശരീരങ്ങളുടെ ഏകകമാണ് മനുഷ്യനെന്ന് മതബോധനം പഠിപ്പിക്കുന്നു. മരണശേഷവും അവര്‍ മനുഷ്യാത്മാക്കള്‍തന്നെ. മാത്രമല്ല, തെറ്റുചെയ്ത മാലാഖയെ അവിടുന്ന് നിത്യനാശത്തിന് കൈവിടുകയും മനുഷ്യനെ രക്ഷിക്കാന്‍ സ്വപുത്രനെ ബലിയായി അര്‍പ്പിക്കുകയും ചെയ്തു.

ദൈവേഷ്ടം നിറവേറ്റി ജീവിക്കുന്നവര്‍ മരണശേഷം വിശുദ്ധാത്മക്കളായി മാറുന്നുണ്ടല്ലോ. അപ്പോള്‍ തിന്മ ചെയ്യുന്നവര്‍ അശുദ്ധാത്മാക്കളായി മാറില്ലേ? നന്മ ചെയ്താലും തിന്മചെയ്താലും മനുഷ്യാത്മാവ് മനുഷ്യാത്മാവ് തന്നെ. വിജയം വരിക്കുന്നവര്‍ പറുദീസയിലും പാപത്തില്‍ മുഴുകുന്നവര്‍ നിത്യനാശത്തിലും.

മരണശേഷം ഒരു മനുഷ്യാത്മാവിനും ഭൂമിയില്‍ നിലനില്‍ക്കാന്‍ സാധ്യമല്ല. ആത്മാവ് ദൈവത്തിലേയ്ക്കും മനസ് സ്മരണയിലേക്കും ശരീരം നിത്യവിധിയും ഉയിര്‍പ്പും കാത്ത് ഭൂമിയിലും. മരണത്തോട് ഒപ്പമുള്ള തനതു വിധിയില്‍ സ്വര്‍ഗനരക ശുദ്ധീകരണ സ്ഥലങ്ങളിലേക്ക് ആത്മാവ് പ്രവേശിക്കും. ശരീരം വെടിയുന്ന ആത്മാവിന് ഭൂമിയിലോ ജഡത്തിലോ പ്രവേശിക്കാനോ ഇവിടെ ആയിരിക്കാനോ കഴിയില്ല.

പൈശാചിക സ്വാധീനങ്ങളും വിമോചനവും യാഥാര്‍ത്ഥ്യം തന്നെയാണ്. അവ കേവലം സങ്കല്‍പങ്ങളോ, മനഃശാസ്ത്രപരമായ ചികിത്സാരീതിയോ അല്ല.

യേശുവിനാല്‍ എന്നേയ്ക്കും തോല്‍പ്പിക്കപ്പെട്ട അശുദ്ധാത്മാവിന്‍റെ അടിമത്വത്തില്‍നിന്ന് മോചിതരായ നമുക്ക് നമ്മുടെ ജീവിതത്തില്‍ ഈ വിമോചനം അനുഭവമാകുകയും ക്രിസ്തുവില്‍ രക്ഷയുടേയും സ്വാതന്ത്ര്യത്തിന്‍റേയും ജീവിതം നയിക്കാന്‍ കഴിയുകയും വേണം. യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നാം പ്രവേശിക്കുന്നത്, നമ്മുടെ മനസിന്‍റെ സ്വതന്ത്രമായ അര്‍പ്പണം വഴിയാകണം.

അതിനാല്‍ തോല്‍പ്പിക്കപ്പെട്ട പിശാചിന് നമ്മെ പ്രലോഭിപ്പിക്കാന്‍ ഇപ്പോഴും അനുവാദമുണ്ട്. അവസാനത്തെ മനുഷ്യന്‍വരെ രക്ഷപ്രാപിക്കും വരെ ഇത് തുടരുകയും വേണം. എന്നാല്‍ നമ്മെ വിലയ്ക്കെടുക്കാനോ നമ്മുടെ ജീവന്‍റെ മേല്‍ കൈവയ്ക്കാനോ, ആത്മാവിന്‍റെ മേല്‍ ആധിപത്യം പുലര്‍ത്താനോ അവന് അവകാശമില്ല.

ക്രിസ്തുവില്‍ എന്നേയ്ക്കുമായി തോല്‍പ്പിക്കപ്പെട്ട അശുദ്ധാത്മാവിന്‍റെ സ്വാധീനം സാധാരണഗതിയില്‍ മൂന്ന് വിധത്തിലാണ് ഇന്ന് അനുഭവപ്പെടുക. പൈശാചീക ഉപദ്രവങ്ങള്‍, പൈശാചീക നയിക്കപ്പെടല്‍, പൈശാചികാവാസം അഥവാ ബാധ.

1. പൈശാചിക ഉപദ്രവങ്ങള്‍
ഉപദ്രവമെന്ന് കേള്‍ക്കുമ്പോള്‍തന്നെ നമ്മെ പീഡിപ്പിക്കുന്ന ഒരുവനെയാണ് നാം സങ്കല്‍പ്പിക്കുക. എന്നാല്‍ അശുദ്ധ പ്രലോഭനങ്ങള്‍, വിശുദ്ധ പ്രലോഭനങ്ങള്‍, രോഗപീഡകള്‍, നിരാശ, വിശ്വാസത്തിനെതിരായ പ്രലോഭനങ്ങള്‍, അലസത, വൈകാരീക വിക്ഷോഭങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ ഉപദ്രവങ്ങളെ നമുക്ക് കാണാം. പലപ്പോഴും വിശുദ്ധാത്മാക്കളുടെ ജീവിതത്തില്‍ ഉണ്ടായതായി നാം വായിച്ചറിഞ്ഞിട്ടുള്ള പീഡകളെയാണ് നാം പ്രതീക്ഷിക്കുക. അവ പീഡകളെ സംബന്ധിച്ച മൗതീകാനുഭവങ്ങളാണ്. അത്തരം അവസരങ്ങളില്‍ അവര്‍ അനുഭവിച്ചതിനെ, പൈശാചിക പീഡകളുടെ ലക്ഷണങ്ങളായി കരുതരുത്.

പൈശാചിക പ്രലോഭനങ്ങളില്‍ നിരന്തരം നമ്മെ ശല്യം ചെയ്യുന്ന ഒന്നാണ് അശുദ്ധപ്രലോഭനങ്ങള്‍. ലോകവും അതിന്‍റെ മോഹങ്ങളും ഉപയോഗിച്ച്, പിശാച് നമ്മെ പ്രലോഭിപ്പിക്കുന്നു. ഇന്ദ്രീ യ സുഖങ്ങളില്‍ രമിക്കാനും ജഢമോഹങ്ങള്‍ക്ക് കീഴ്പ്പെടാനും പ്രേരണ നല്‍കുന്ന രീതിയാണത്. അതേപോലെതന്നെ എതിര്‍ദിശയില്‍ സഹനങ്ങളോട് എതിര്‍പ്പും സുഖവാസനയുടെ പിറുപിറുപ്പും നമ്മില്‍ ജനിപ്പിക്കാനും അവന്‍ നമ്മെ പ്രലോഭിപ്പിക്കും. കണ്ണുംകാതും നാക്കും മൂക്കും ത്വക്കും ഉപയോഗിച്ചും അല്ലാതെയും ഇത്തരം അശുദ്ധ പ്രലോഭനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അവ ഒരു ഉപദ്രവമായി പലപ്പോഴും നാം ഗണിക്കുന്നില്ല.

ഇതേപോലെതന്നെ അപകടകാരിയാണ് വിശുദ്ധ പ്രലോഭനങ്ങള്‍. ഈശോയോട് ദൈവപുത്രനാണെങ്കില്‍ ദേവാലയാഗ്രത്തില്‍ നിന്ന് താഴേയ്ക്ക് ചാടാന്‍ പറയുന്നത് ഇത്തരം ഒരു പ്രലോഭനമാണ്. ഉപവസിച്ചാല്‍ കാര്യം നടക്കുമെന്ന പ്രലോഭനം. താന്‍ നയിക്കുന്നത് നല്ല ജീവിതമാണെന്ന സ്വയാഭിമാനം വര്‍ധിപ്പിക്കുക. ഒരുപക്ഷേ, വിശുദ്ധാത്മാക്കളുടെ സഹവാസമുണ്ടെന്ന് തെറ്റിധരിപ്പിക്കുക. സ്വന്തം ഇഷ്ടങ്ങള്‍ ദൈവേഷ്ടമാണെന്ന് തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ അനേകം കസര്‍ത്തുകള്‍ വിശുദ്ധമെന്ന വേഷത്തില്‍ അരങ്ങേറാം.

രോഗപീഡകള്‍ അതില്‍തന്നെ പൈശാചികമല്ല. എന്നാല്‍ രോഗപീഡകളില്‍, തന്നെ ദൈവം സ്നേഹിക്കുന്നില്ലെന്നും കൈവിട്ടെന്നും തോന്നല്‍ ജനിപ്പിക്കുക. സഹനത്തോട് മുറുമുറുപ്പ് സൃഷ്ടിക്കുക. താന്‍ സുഖപ്പെടില്ലെന്ന് നിരാശയുണര്‍ത്തുക, ദൈവം തന്നെ സ്നേഹിക്കുന്നവരെയൊക്കെ വേദനിപ്പിക്കുന്നവനാണെന്നും ദൈവത്തോട് ചേരുന്നവരൊക്കെ സഹിക്കേണ്ടിവരുമെന്നും, അഥവാ രോഗമോ തകര്‍ച്ചയോ ശിക്ഷയാണെന്ന് കരുതുക ഇവയൊക്കെ, രോഗപീഡകളുമായി ബന്ധപ്പെട്ട ഉപദ്രവങ്ങളാണ്. രോഗം വരുത്തുകയല്ല, രോഗിയാണെന്ന ബോധത്തില്‍ തളച്ചിടുകയാണ് അവന്‍ ചെയ്യുക.

പ്രാര്‍ത്ഥനയില്‍ മടുപ്പുതോന്നും, വിശ്വാസത്തിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുക, വൈകാരിക ക്ഷോഭങ്ങളില്‍ തഴങ്ങാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയും പൈശാചിക ഉപദ്രവങ്ങളുടെ പ്രകടമായ അടയാളമായി കാണാം.

എന്നാല്‍ എപ്പോഴും പിശാച് തന്‍റെ കൂടെവരുന്നു. തന്നെ ശല്യം ചെയ്യുന്നു. താന്‍ ചെയ്യുന്നതെല്ലാം തെറ്റിക്കുന്നു. തന്നെ ഉപദ്രവിക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ സമ്മതിക്കുന്നില്ല. തന്നെ മര്‍ദ്ദിക്കുന്നു. തന്നെക്കൊണ്ട് തെറ്റു ചെയ്യിക്കുന്നു. ഇവ്വിധമുള്ള ചിന്തകള്‍, മാനസികപ്രശ്നങ്ങള്‍കൊണ്ട് അനുഭവപ്പെടുന്നവയാകാം. അതിന് കൗണ്‍സിലിംഗും മനഃശാസ്ത്ര ചികിത്സയും ആവശ്യമായിവരാം.

എന്താണ് ഇവയ്ക്കുള്ള പ്രതിവിധി? വി. യാക്കോബ് പഠിപ്പിക്കുന്നു ദൈവത്തോട് ചേര്‍ന്നുനില്‍ക്കുക. ദൈവം നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പിശാചിനെ എതിര്‍ക്കുക അവന്‍ നിങ്ങളില്‍ നിന്ന് ഓടി അകന്നുകൊള്ളും. പൈശാചിക ഉപദ്രവങ്ങളില്‍ നിന്നുള്ള മോചനത്തിന് ദൈവത്തോട് ചേര്‍ന്നുനില്‍പ്പാണ് ആവശ്യം. സംരക്ഷണ പ്രാര്‍ത്ഥനകളായി നാം കരുതുന്നതു പലതും, ഞാന്‍ ക്രിസ്തുവിന്‍റേതാണ് എന്ന ഏറ്റുപറച്ചിലുകളാണ്. ലോകമോഹങ്ങളെയും മാനുഷിക താല്‍പര്യങ്ങളെയും ഉപേക്ഷിച്ച് ക്രിസ്തുവിനോടുകൂടെ, സഹനത്തിലും ക്ലേശത്തിലും എന്ന് ഏറ്റുപറഞ്ഞും, ജഢമോഹങ്ങളെ ക്രിസ്തുവിന്‍റെ കുരിശില്‍ തറച്ചും ഈ വിമോചനം അനുഭവിക്കാം.

ഇത് അവനവന്‍ ചെയ്യേണ്ടതാണ്. എന്നാല്‍ വ്യക്തിപരമായി അതിനു സാധ്യമല്ലെങ്കിലും വിഷമിക്കേണ്ട, തിരുസഭയോട് ചേര്‍ന്നുനില്‍ക്കുകയും കൂദാശകളില്‍ പങ്കുചേര്‍ന്ന് തന്നെത്തന്നെ ക്രിസ്തുഭാഗത്തോട് ചേര്‍ത്തുവച്ചും, സഭയുടെ ആശീര്‍വാദത്തിന്‍റെ തണലില്‍ ജീവിച്ചും അനുതാപത്തോടെ പാപമോചനം നേടിയും, ഈ ഉപദ്രവങ്ങളില്‍നിന്ന് മോചനം നേടാം. തിരുസഭാ ശരീരത്തിന്‍റെ ഭാഗമാണെന്ന ഓര്‍മ്മയും, അജപാലനത്തിന്‍റെ കൂട്ടായ്മയും നമ്മെ ക്രിസ്തുവില്‍ ബലപ്പെടുത്തും.

(ഭൂതോച്ചാടനത്തിന്‍റെ വിവിധ ശൈലികളെക്കുറിച്ചുള്ള സഭാത്മക പ്രബോധനങ്ങളുടെ വിശദീകരണം അടുത്തലക്കത്തില്‍)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org