ഇന്ത്യയിലെ ഒരേയൊരു കത്തോലിക്കാ രാജ്ഞി - ബീഗം സമ്രു
ഇന്ത്യയിലെ കത്തോലിക്കയായ ഒരേയൊരു രാജ്ഞിയായിരുന്നു ബീഗം സമ്രു. ഇസ്ലാം മതത്തില്‍ ജനിച്ചുവെങ്കിലും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ബീഗം സമ്രുവാണ് ഉത്തര്‍പ്രദേശിലെ സാര്‍ധാനയിലുള്ള മാതാവിന്റെ പേരിലുള്ള ബസിലിക്ക 1822-ല്‍ പണികഴിപ്പിച്ചത്. ഇന്ത്യയിലുള്ള 23 മൈനര്‍ ബസിലിക്കാകളിലൊന്നാണ് സര്‍ധാനയിലേത്.
ഇന്ത്യന്‍-ഇസ്ലാമിക്-യൂറോപ്യന്‍ വാസ്തുവിദ്യയുടെ സൗന്ദര്യം ഈ ബസിലിക്കയുടെ നിര്‍മ്മാണത്തില്‍ കാണാം.
1781-ല്‍ ക്രിസ്തുമതം സ്വീകരിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്ന ബീഗം സമ്രു ജോ വന്ന എന്ന പേരും സ്വീകരിച്ചു. ഒരു സാധാരണ നര്‍ത്തകിയില്‍ നിന്ന് ഒരു നാടിന്റെ ഭരണാധികാരിയായി മാറിയ ചരിത്രമാണ് ബീഗം സമ്രുവിന്റേത്.
താന്‍ പണി കഴിപ്പിച്ച ദേവാലയത്തില്‍ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ കുര്‍ബാനയില്‍ പങ്കെടുക്കുവാനും ബീഗം സമ്രു ശ്രദ്ധിച്ചിരുന്നു.
1750-ല്‍ ജനിച്ച് 1836-ല്‍ മരിച്ച ബീഗം സമ്രുവിന്റെ ജീവിതം സംഭവബഹുലമായിരുന്നു. നര്‍ത്തകിയില്‍നിന്ന് പോരാളിയായും, പ്രഭ്വിയായും ഒക്കെ കഴിവു തെളിയിച്ച ബീഗം സമ്രു വിവാഹം കഴിച്ചത് യൂറോപ്യനായിരുന്ന വാര്‍ട്ടര്‍ റെയ്ന്‍ഹാര്‍ഡ് സോംബറിനെയായിരുന്നു.
മീററ്റില്‍ നിന്നും ഏതാണ്ട് ഇരുപത്തിരണ്ട് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന 'ബസിലിക്ക ഓഫ് ഔവര്‍ ലേഡി ഓഫ് ഗ്രെയ്‌സ്' നോര്‍ത്ത്, ഇന്ത്യയിലെ ഏറ്റവും വലിയ ബസിലിക്ക കൂടിയാണ്.
ജോവന്ന നോബ്‌ലിസ് സോംബര്‍ എന്ന പേര് ചുരുക്കിയാണ് സമ്രു എന്ന പേരില്‍ ബീഗം അറിയപ്പെട്ടത്. തന്റെ എണ്‍പത്തി രണ്ടാമത്തെ വയസ്സില്‍ അന്തരിച്ച ബീഗത്തെ അടക്കിയിരിക്കുന്നതും ഈ ബസിലിക്കയില്‍ തന്നെയാണ്.
കത്തോലിക്കാ വിശ്വാസികള്‍ ഭൂരിപക്ഷമുള്ള പല രാജ്യങ്ങളിലുമുള്ളതിലും കൂടുതല്‍ കത്തോലിക്കര്‍ ഇന്ത്യയിലുണ്ട്.
ഉദാഹരണമായി അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 37,29,000 ആണ്. കാനഡയിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 1,38,43,000 ആണ്, യു കെയിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 57,00,000 ആണ്. എന്നാല്‍ ഇന്ത്യയില്‍ രണ്ടു കോടിയോളമാണ് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം. ആ ജനവിഭാഗത്തിന്റെ പ്രതീകമായി, പ്രതിനിധിയായി അധികാരത്തിലെത്തിയ ബീഗം സമ്രു നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് കത്തോലിക്കരായ ഭരണാധികാരികള്‍ ഇനിയും ഇന്ത്യയിലുണ്ടാകണമെന്നാണ്.
ഇന്ത്യയിലെ കത്തോലിക്കാ വിശ്വസികളുടെ അഭിമാനമായി സമ്രു രാജ്ഞി ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.