
മദര്‍ തെരേസാ നമ്മെ വിട്ട് ഈശോയുടെ ഭവനത്തിലേയ്ക്കു യാത്രയായിട്ട് 25 വര്‍ഷങ്ങള്‍ ഈ സെപ്തം. 5 നു പൂര്‍ത്തിയാകുകയാണ്. ''മദറിനു ദൈവത്തിങ്കലേയ്ക്കു പോകാനുള്ള സമയം അടുത്തു വന്നുകൊണ്ടിരിക്കുകയാണ്. ദൈവത്തിനടുത്തെത്തിയ ശേഷം മദറിനു നിങ്ങളോരോരുത്തരേയും കൂടുതല്‍ സഹായിക്കാന്‍ കഴിയും, നിങ്ങള്‍ക്കു കൂടുതല്‍ മാര്‍ഗദര്‍ശനം തരാനും കൂടുതല്‍ കൃപകള്‍ നേടിത്തരാനും എനിക്കപ്പോള്‍ കഴിയുമെന്നാണു ഞാന്‍ കരുതുന്നത്.'' ഇത് അവസാനകാലത്ത് മദര്‍ തെരേസാ ഞങ്ങളോടു പതിവായി പറയാറുള്ള കാര്യമാണ്.
മദറിന്റെ സാന്നിദ്ധ്യവും മാര്‍ഗദര്‍ശനവും വളരെ ശക്തമായ വിധത്തില്‍ ഞങ്ങള്‍ക്കിന്ന് അനുഭവിക്കാനാകുന്നുണ്ടെന്നതാണു യാഥാര്‍ത്ഥ്യവും. മദര്‍ ഞങ്ങളുടെ സമൂഹത്തിനു തുടക്കം കുറിച്ചപ്പോള്‍ ഈശോ മദറിനെ ഏല്‍പിച്ച ആ മൗലികമായ കാരിസത്തിലേയ്ക്കു മടങ്ങിപ്പോകാനുള്ള വിളിയാണ് മിഷണറീസ് ഓഫ് ചാരിറ്റിയ്ക്ക് ഇന്നുള്ളത്. ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുക, ദൈവമക്കളെന്ന നിലയിലുള്ള ശരിയായ തനിമയും അന്തസ്സും കണ്ടെത്തുക, എല്ലാ മനുഷ്യരും പരസ്പരം സഹോദരങ്ങളാണെന്നറിയുക, സഹായിക്കുക. അതാണു ദൈവം ഞങ്ങളോടാവശ്യപ്പെടുന്നത്. മദറിന്റെ അദൃശ്യമെങ്കിലും ശക്തമായ സാന്നിദ്ധ്യം അതു ഞങ്ങളെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ഞങ്ങളുടെ സിസ്റ്റര്‍മാര്‍ ഇന്നു ദുരിതമനുഭവിക്കുന്നവരെ സഹായിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഉക്രെയിന്‍ ഉദാഹരണമാണ്. യുദ്ധം തീര്‍ത്തും അരക്ഷിതമാക്കിയിരിക്കുന്ന ആ രാജ്യത്ത് ഞങ്ങളുടെ സഹോദരിമാര്‍ അഗതികളായ മനുഷ്യരെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ തുടരുന്ന സിസ്റ്റര്‍മാരെല്ലാം അവരുടെ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതു ചെയ്യുന്നത്. തിരിച്ചു പോരാനുള്ള അവസരങ്ങളുണ്ടായെങ്കിലും ആ പാവങ്ങളെ ഉപേക്ഷിച്ചു തിരികെ പോരാനല്ല, അവിടെ തന്നെ തുടര്‍ന്ന് അവരെ സഹായിക്കാനാണ് അവര്‍ തീരുമാനിച്ചത്. അവര്‍ക്കതിനു കരുത്തു പകരുന്നത് മദറിന്റെ മാദ്ധ്യസ്ഥമാകാം. ബോംബ് സ്‌ഫോടനങ്ങളുടെയും വെടിവയ്പിന്റെയും നടുവിലാണ് ആ സിസ്റ്റര്‍മാര്‍ ഇന്നു കഴിയുന്നത്. പക്ഷേ സിസ്റ്റര്‍മാര്‍ ശുശ്രൂഷിക്കുന്ന രോഗികള്‍ക്കും വികലാംഗര്‍ക്കും അവിടെ നിന്ന് ഓടി രക്ഷപ്പെടാനാകില്ല. അതുകൊണ്ടു തന്നെ സിസ്റ്റര്‍മാരും അത് ആഗ്രഹിക്കുന്നില്ല.
ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യായിലും മിഷണറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍മാര്‍ സേവനം ചെയ്യുന്നുണ്ട്. ആഭ്യന്തരയുദ്ധം അരങ്ങേറിക്കൊണ്ടിരിക്കുകയാണ് അവിടെ. അതിനു നടുവില്‍ നിന്നു പോരാതെ, രോഗികളുടെയും വയോധികരുടെയും മറ്റും വേദനകള്‍ ലഘൂകരിക്കുക എന്ന ദൗത്യവുമായി സിസ്റ്റര്‍മാര്‍ ജോലി ചെയ്യുന്നു. ഏതു നിമിഷവും ജീവന്‍ എടുത്തേക്കാവുന്ന ബോംബ് സ്‌ഫോടനങ്ങളോ വെടിവയ്പുകളോ അവരെ പിന്തിരിപ്പിക്കുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സിസ്റ്റര്‍മാരുടെ കൂട്ടത്തിലുണ്ട്.
ആഭ്യന്തരയുദ്ധങ്ങളും വര്‍ഗീയകലാപങ്ങളും മതതീവ്രവാദങ്ങളും പട്ടിണിയും അരങ്ങേറുന്ന മറ്റു നിരവധി രാജ്യങ്ങളില്‍ ഇതിനെല്ലാമിടയില്‍ നിന്നു മിഷണറീസ് ഓഫ് ചാരിറ്റിയുടെ സിസ്റ്റര്‍മാര്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ രാജ്യങ്ങളുടെയും എല്ലാ വിശദാംശങ്ങളും നമുക്കു വെളിപ്പെടുത്താനാകില്ല. വാര്‍ത്തകള്‍ അഗതികളെ ശുശ്രൂഷിക്കുക എന്ന പ്രഥമപ്രധാന ദൗത്യത്തിനു തടസ്സമുണ്ടാക്കരുത് എന്നത് മദറിന്റെ കാലം മുതല്‍ ഞങ്ങള്‍ പാലിച്ചു വരുന്ന നിഷ്ഠയാണ്. മദര്‍ തെരേസായുടെ മാദ്ധ്യസ്ഥശേഷിയും മാതൃകയും ഇവിടെയെല്ലാം സിസ്റ്റര്‍മാര്‍ക്കു കരുത്തു പകരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ പറയാനാകൂ.
നിക്കരാഗ്വയില്‍ നിന്നു എം.സി. സിസ്റ്റേഴ്‌സിനെ പുറത്താക്കിയത് വലിയ വാര്‍ത്തയായി. ഭരണകൂടം അതു ചെയ്ത രീതികൊണ്ടാണ് അതിന് അത്രയും ശ്രദ്ധ കിട്ടിയത്. 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടുപോകാനാണ് ഭരണകൂടം നിക്കരാഗ്വയിലെ സിസ്റ്റര്‍മാരോട് ആവശ്യപ്പെട്ടത്. പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതിനേക്കാള്‍ ഗുരുതരമായിട്ടാണ്. അറിയിപ്പു നല്‍കി 24 മണിക്കൂറിനുള്ളില്‍ തന്നെ സിസ്റ്റര്‍മാര്‍ക്ക് രാജ്യം വിടേണ്ടി വന്നു. മൂന്നു ഭവനങ്ങളിലായി 16 സിസ്റ്റര്‍മാരാണ് നിക്കരാഗ്വയില്‍ ഉണ്ടായിരുന്നത്. എല്ലാവരേയും ഒന്നിച്ച് രാജ്യത്തിനു പുറത്താക്കുകയായിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി കൂടാതെ മറ്റു സന്യാസസമൂഹങ്ങളുടെയും സ്ഥാപനങ്ങള്‍ അടയ്ക്കുകയും പലരേയും പുറത്താക്കുകയും ചെയ്തുവെന്നാണു ഞങ്ങള്‍ മനസ്സിലാക്കുന്നത്.
അറിയിപ്പു വന്നതോടെ തങ്ങള്‍ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരുന്നു രോഗികളെയും വയോധികരെയും മറ്റു സ്ഥാപനങ്ങളിലെത്തിക്കാന്‍ ഞങ്ങളുടെ സിസ്റ്റര്‍മാര്‍ ശ്രമിച്ചു. എല്ലാവര്‍ക്കും അഭയം ലഭ്യമാക്കാന്‍ സാധിച്ചില്ല. ഇടവക വികാരി വരികയും സിസ്റ്റര്‍മാരോടൊപ്പം ദിവ്യബലിയര്‍പ്പിച്ച് അവരെ യാത്രയ്ക്കു സജ്ജരാക്കുകയും ചെയ്തു. പൊതുവായ പാപമോചനവും രോഗീലേപനവും അദ്ദേഹം സിസ്റ്റര്‍മാര്‍ക്കു നല്‍കി. കാരണം, തുടര്‍ന്നുള്ള മണിക്കൂറുകളില്‍ എന്തൊക്കെയാണു സംഭവിക്കുക എന്നത് ആര്‍ക്കും തീര്‍ച്ചയില്ലായിരുന്നു.
സിസ്റ്റര്‍മാരെ അധികാരികള്‍ തന്നെ ഒരിടത്തെത്തിച്ച ശേഷം അതിര്‍ത്തിയിലേയ്ക്കു നടന്നു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. 16 സിസ്റ്റര്‍മാര്‍ നിക്കരാഗ്വയുടെയും കോസ്റ്ററിക്കയുടെയും അതിര്‍ത്തി ലക്ഷ്യമാക്കി, തങ്ങളുടെ ചുരുക്കം ലഗേജുമായി നടക്കാന്‍ തുടങ്ങി. സിസ്റ്റര്‍മാരുടെ മുമ്പിലും പിന്നിലും അധികാരികളുടെ രണ്ടു വാഹനങ്ങള്‍ പതിയെ നീങ്ങിക്കൊണ്ടിരുന്നു. അതിര്‍ത്തി പ്രദേശത്തുള്ള എമിഗ്രേഷന്‍ വിഭാഗത്തിലെത്തിയ സിസ്റ്റര്‍മാരുടെ പോസ്‌പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ മുദ്ര പതിപ്പിച്ചു. നിക്കരാഗ്വയിലെ താമസത്തിനുണ്ടായിരുന്ന അനുമതി റദ്ദാക്കി. തുടര്‍ന്ന് അതിര്‍ത്തിയിലേയ്ക്കു സിസ്റ്റര്‍മാര്‍ വീണ്ടും നടത്തമാരംഭിച്ചു.
കോസ്റ്ററിക്കയുടെ അതിര്‍ത്തിയിലെത്തിയപ്പോള്‍ പക്ഷേ അവരെ ഹൃദയപൂര്‍വം സ്വീകരിക്കാന്‍ അവിടത്തെ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റര്‍മാരും സന്നദ്ധപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അതിര്‍ത്തിപ്രദേശത്തുള്ള ടിലാരന്‍-ലൈബീരിയ രൂപതയുടെ സമര്‍പ്പിതരുടെ ചുമതലയുള്ള ഇന്ത്യാക്കാരനായ ഫാ. സുനില്‍ ആയിരുന്നു സ്വീകരിക്കാന്‍ എത്തിയവരെ നയിച്ചിരുന്നത്. അതിര്‍ത്തിയില്‍ നിന്നു സിസ്റ്റര്‍മാരെ സ്വീകരിച്ചുകൊണ്ട് സംഘം രാജ്യത്തിനകത്തേയ്ക്കു പോയി. ടിലാരന്‍ രൂപതയുടെ ബിഷപ്പും ജനങ്ങളും വളരെ വികാരഭരിതമായ വരവേല്‍പാണു സിസ്റ്റര്‍മാര്‍ക്കു നല്‍കിയത്. പള്ളിമണികള്‍ മുഴക്കുകയും സ്‌തോത്രഗീതങ്ങള്‍ ആലപിക്കുകയും ചെയ്തു ജനങ്ങള്‍.
സിസ്റ്റര്‍മാര്‍ക്കു തുടര്‍ന്നു താമസിക്കാനും സേവനം തുടരാനുമുള്ള സ്ഥലങ്ങള്‍ ബിഷപ് നിശ്ചയിച്ചു നല്‍കി. ഏറ്റവും ദൈവപരിപാലനാപരമായി സിസ്റ്റര്‍മാര്‍ക്കു തോന്നിയ കാര്യം നിക്കരാഗ്വക്കാര്‍ക്കിടയില്‍ തന്നെ സേവനം ചെയ്യാന്‍ അവസരം കിട്ടിയെന്നതാണ്. രാഷ്ട്രീയക്കുഴപ്പങ്ങള്‍ മൂലം നിക്കരാഗ്വയില്‍ നിന്നു ധാരാളം ജനങ്ങള്‍ അതിര്‍ത്തി കടന്ന് അഭയാര്‍ത്ഥികളായി കോസ്റ്ററിക്കായില്‍ എത്തിയിട്ടുണ്ട്. അവര്‍ക്കു വേണ്ട സേവനങ്ങള്‍ ചെയ്യാനാണ് രൂപതാ മെത്രാന്‍ ഈ സിസ്റ്റര്‍മാരെ ഏല്‍പിച്ചത്. ഭരണകൂടം പുറത്താക്കിയെങ്കിലും നിക്കരാഗ്വക്കാരെ തന്നെ സഹായിക്കുന്നത് ദൈവത്തിന്റെ ഒരു പദ്ധതിയായിരിക്കാം.
ഇന്ന്, മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അംഗങ്ങളായ 5000 ല്‍പരം സിസ്റ്റര്‍മാരും 400 ല്‍ പരം ബ്രദര്‍മാരും നാല്‍പതില്‍ പരം വൈദികരും 139 രാജ്യങ്ങളിലായി അഗതികള്‍ക്കായി സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ 109 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ സമര്‍പ്പിതര്‍. വിശുദ്ധ മദര്‍ തെരേസായുടെ ചൈതന്യവും മാദ്ധ്യസ്ഥവും മാര്‍ഗദര്‍ശനവും ഇന്നും അനുഭവിക്കാനാകുന്നുണ്ട് എന്നതാണ് ഈ സമൂഹത്തെ പ്രതിസന്ധികള്‍ക്കിടയിലൂടെ വഴി നടത്തുന്നത്.