സുവിശേഷം പ്രഘോഷിക്കുക, സിനഡാത്മക സഭയാകുക

ആര്‍ച്ചുബിഷപ് തോമസ് നെറ്റോയുമായി നടത്തിയ അഭിമുഖ സംഭാഷണം
സുവിശേഷം പ്രഘോഷിക്കുക, സിനഡാത്മക സഭയാകുക
തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയുടെ അദ്ധ്യക്ഷനായി ആര്‍ച്ചുബിഷപ് തോമസ് നെറ്റോ മാര്‍ച്ച് 19 ന് അഭിഷിക്തനാകുകയാണ്. 58 കാരനായ അദ്ദേഹം തിരുവനന്തപുരം, പുതിയറ സ്വദേശിയാണ്. 1989-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തിരുവനന്തപുരം ലൊയോളാ കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും റോമിലെ ഉര്‍ബാനിയാന യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റും നേടിയിട്ടുണ്ട്. അതിരൂപതാ പ്രസിദ്ധീകരണമായ 'ജീവനും വെളിച്ചവും' എഡിറ്റര്‍, കഴക്കൂട്ടം ഫൊറോനാ വികാരി, മൈനര്‍ സെമിനാരി റെക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2021 മുതല്‍ അതിരൂപതാ എപിസ്‌കോപല്‍ വികാരിയും മിനിസ്ട്രീസ് കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആര്‍ച്ചുബിഷപ് തോമസ് നെറ്റോയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്...

അങ്ങയുടെ ദൈവവിളി എപ്രകാരമായിരുന്നു? അച്ചനാവണം എന്നു തോന്നി തുടങ്ങിയത് എപ്പോള്‍? പ്രചോദിപ്പിച്ച കാരണങ്ങള്‍ പറയാമോ?

ഞാന്‍ 10-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി നില്ക്കുമ്പോഴായിരുന്നു സെമിനാരിയില്‍ ചേരണമെന്ന തീരുമാനമെടുക്കുന്നത്. ഒരു വൈദിക വിദ്യാര്‍ത്ഥിയായി സെമിനാരിയില്‍ ചേര്‍ന്ന് പഠിക്കുവാന്‍ പ്രചോദിപ്പിച്ച നിര്‍ണായക സംഭവങ്ങളൊന്നും എന്റെ ഓര്‍മ്മയിലില്ല. എങ്കിലും അതിനനൂകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ച ഘടകങ്ങള്‍ ഏറെ ഉണ്ടുതാനും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്റെ കുടുംബവും കുടുംബാംഗങ്ങളുമാണ്. ആ കാലത്ത് ഒരു ഞായറാഴ്ച ദിവസം വൈദികവിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതായി ഒരു അറിയിപ്പ് ഇടവകയിലുണ്ടായി. എന്റെ കുടുംബം ദേവാലയവുമായി വളരെയധികം ബന്ധപ്പെട്ടാണ് കഴിഞ്ഞിരുന്നത്. അറിയിപ്പ് കേട്ട എന്റെ കുടുംബാംഗങ്ങള്‍ എന്നോടു ചോദിച്ചു: ''നിനക്ക് സെമിനാരിയില്‍ ചേരുവാന്‍ ആഗ്രഹമുണ്ടോ?'' എന്റെ കുട്ടിക്കാലത്തെ ഞാന്‍ അനുകരിച്ച പല റോള്‍ മോഡലുകളും ദേവാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ഉദാഹരണം, വട്ടത്തിലരിഞ്ഞ കപ്പ ഓസ്തിയായി സങ്കല്പിച്ച് ഉയര്‍ത്തുക, കുടിക്കാന്‍ ഉപയോഗിച്ച വെള്ളവും ചായയുമൊക്കെ കാസയിലെ വീഞ്ഞായി ഉയര്‍ത്തുക എന്നതൊക്കെ എന്റെ കുട്ടിക്കാല വികൃതികളായിരുന്നു. ഇതൊക്കെയായിരിക്കാം 'നിനക്ക് സെമിനാരിയില്‍ ചേരുവാന്‍ ആഗ്രഹമുണ്ടോ' എന്ന് ചോദിക്കുവാന്‍ വീട്ടുകാരെ പ്രേരിപ്പിച്ചത്. മറ്റൊരു ഘടകം, ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ ഇടവകയിലെ വൈദികരുടെ പ്രവര്‍ത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും സ്വാധീനം, കൂടാതെ ഞായറാഴ്ചകള്‍തോറുമുള്ള മതബോധന ക്ലാസുകളും, അവ കൈ കാര്യം ചെയ്തിരുന്ന അധ്യാപകരും ഒക്കെ ഒരു വൈദിക വിദ്യാര്‍ത്ഥിയാകുവാനുള്ള ആഗ്രഹം എന്നില്‍ ജനിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്നതിന് ശേഷമുള്ള രൂപീകരണ പ്രക്രിയയാണ് വൈദികപഠനത്തില്‍ നിര്‍ണായകമായത്.

ഇന്ന് സഭയില്‍ ദൈവവിളി പ്രതിസന്ധി ഉണ്ടോ? ദൈവവിളി/പുരോഹിത-സന്യാസ പരിശീലനം എന്നിവ എങ്ങനെ വിലയിരുത്തുന്നു?

ഇന്ന് പൊതുവേ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ദൈവവിളിയുടെ മേഖലയില്‍ പ്രതിസന്ധികളുണ്ട്. അതിനുള്ള പ്രധാനകാരണം, ആധുനിക ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളുമാണ്. ഉദാഹരണമായി, ഇന്ന് ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ 'ആരായിരിക്കണം തന്റെ റോള്‍ മോഡല്‍' എന്ന കാഴ്ചപ്പാടു തന്നെ വ്യത്യസ്തമാണ്. 'ആക്ഷന്‍ ഹീറോസാണ് ഇന്ന് പലരുടെയും റോള്‍ മോഡലുകള്‍. അതോടൊപ്പം, കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നതും ദൈവവിളി കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, പല കുടുംബങ്ങളിലും വൈദിക-സന്യസ്ത വൃത്തിക്കായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രതിസന്ധികളുണ്ടെങ്കിലും വൈദിക-സന്യസ്ത വൃത്തിക്കായി കടന്നുവന്നവരുടെ എണ്ണം നിരാശാവഹമല്ല. അത് സഭയ്ക്ക് പ്രതീക്ഷ നല്കുന്നതാണ്.

ഇന്ന് നിലവിലിരിക്കുന്ന വൈദിക-സന്യസ്ത രൂപീകരണ പ്രക്രിയയ്ക്ക് നാല് സുപ്രധാനതലങ്ങള്‍ ഉണ്ട്: മാനുഷിക-ആധ്യാത്മിക-ബൗദ്ധിക-അജപാലനതലങ്ങള്‍. നാല് മേഖലകള്‍ക്കും തുല്യപ്രാധാന്യം നല്‌കേണ്ടതാണെങ്കിലും ആത്മീയ-ബൗദ്ധിക മേഖലകളാണ് രൂപീകരണ പ്രക്രിയയില്‍ മുഴച്ചു നില്ക്കുന്നത്. എന്നാല്‍ മാനുഷിക-അജപാലന മേഖലകള്‍ കുറെയെങ്കിലും തഴയപ്പെടുന്ന ഒരവസ്ഥ ഇന്ന് രൂപീകരണ പ്രക്രിയയില്‍ കണ്ടുവരുന്നുണ്ട്. ഇത് പരിഹരിക്കപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കേണ്ടതായിട്ടുണ്ട്: രൂപീകരണ കാലത്ത് വൈദിക-സന്യസ്ത വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരായി തീരുവാന്‍ ജനങ്ങളുടെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുവാന്‍ അവസരമുള്ളവരുമായിരിക്കണം. അത്, പിന്നീടുള്ള തങ്ങളുടെ ജീവിതത്തില്‍, വൈദികര്‍ക്കും, സന്യസ്തര്‍ക്കും, സമൂഹത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നവരാകാന്‍ ഉപകരിക്കും.

ഡോക്ടറേറ്റ് ഗവേഷ ണ വിഷയം എന്തായിരുന്നു?

സഭാവിജ്ഞാനീയം (Ecclesiology) ആയിരുന്നു ഗവേഷണമേഖല. അതില്‍ പ്രത്യേകമായി ഗവേഷണ വിഷയമായി തിരഞ്ഞെടുത്തത് "Implications of Communion Ecclesiology: A Theological Study in the Light of Lumen Gentium Chapter One with special Reference to Latin Catholic Church in Kerala. അതായത്, സഭ ഒരു കൂട്ടായ്മയാണെന്നും, കൂട്ടായ്മയുടെ അടിസ്ഥാന ശില ത്രി തൈ്വക ദൈവമാണെന്നും, സഭയാകുന്ന കൂട്ടായ്മയിലെ ഓരോരുത്തരും സഭയുടെ പ്രവര്‍ത്തനത്തില്‍ പങ്കുകാരും ഉത്തരവാദിത്വമുള്ളവരുമാണെന്നതാണ്.

അജപാലനസേവന കാലത്തെ മറക്കാനാവാത്ത ഒരനുഭവം?

ഏതൊരു വൈദികന്റെ പ്രവര്‍ത്തന മേഖലകളിലും മറക്കാനാവാത്ത ധാരാളം സംഭവങ്ങളുണ്ടാകും. എനിക്കും അപ്രകാരം തന്നെ. എങ്കിലും ഒരു സംഭവമെന്നതിലുപരി ഒരു വൈദികനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്കിയ ഒരു അനുഭവം തോപ്പ് പള്ളിയിലെ വികാരിയായി സേവനം ചെയ്യുമ്പോള്‍ ഉണ്ടായതാണ്. നീണ്ട ഏഴു വര്‍ഷത്തെ സെമിനാരി റെക്ടര്‍ ചുമതല നിര്‍വ്വഹണത്തിന് ശേഷമായിരുന്നു തോപ്പ് പള്ളിയിലെ വികാരിയായി എത്തുന്നത്. ആ കാലത്താണ് ഇടവകയുടെ ശതവാര്‍ഷിക ആഘോഷം; 2011-ല്‍. ഒരു പങ്കാളിത്ത സഭ എന്ന ആശയം മനസിലുള്‍ക്കൊണ്ട്, ഇടവകയിലെ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങള്‍ സ്വരൂപിച്ചുകൊണ്ടാണ് നൂറാം വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കുടുംബയൂണിറ്റ് തല സന്ദര്‍ശനവേളയില്‍ ഉയര്‍ന്നുവന്ന ഒരു വികാരമായിരുന്നു, സ്വരൂപീക്കപ്പെടുന്ന ഫണ്ടിന്റെ സത്യസന്ധമായ വിനിയോഗം. ഏതാനും ചെറുപ്പക്കാര്‍ ഇതിനെതിരെ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ വാര്‍ഷികാഘോഷങ്ങള്‍ക്കു ശേഷം ഇടവക ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധപ്പെടുത്തിയ ഫണ്ടിന്റെ വ്യക്തവും സുതാര്യവുമായ വരവ് ചെലവ് കണക്കുകള്‍ ഇടവക ജനങ്ങള്‍ക്കിടയില്‍ ഒരു മതിപ്പുളവാക്കി. ഫണ്ടിന്റെ സ്വരൂപണവും വിനിയോഗവുമായി ബന്ധപ്പെട്ട് ആദ്യമേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവര്‍ തന്നെ, ആഘോഷങ്ങള്‍ക്കു ശേഷം ഇടവകയുടെ സാരഥികളായി പല മേഖലകളിലും കടന്നുവന്നത് ഇടവക വികാരി എന്ന നിലയില്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. ഒരു ഇടവകയെ സംബന്ധിച്ചിടത്തോളം അതിന്റെ വളര്‍ച്ചയുടെ ഏതൊരു ഘട്ടത്തിലും ആവശ്യം ജനങ്ങളുടെ പങ്കാളിത്തവും അതുമായി ബന്ധപ്പെട്ട കണക്കുകളുടെ സുതാര്യതയുമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

രൂപതാദ്ധ്യക്ഷ പദവിയിലേക്കുള്ള നിയോഗം പ്രതീക്ഷിച്ചിരുന്നോ? അറിയിപ്പു ലഭിച്ചപ്പോള്‍ എന്തുതോന്നി?

ഈ പദവി പ്രതീക്ഷിച്ചിരുന്നതല്ല. ഇതിലേയ്ക്കുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അറിയിപ്പ് ലഭിച്ചപ്പോള്‍ അതിശയം തോന്നി. കാരണം അപ്രതീക്ഷിതമായിട്ടാണ് പോപ്പിന്റെ പ്രതിനിധി (Nuncio) എന്നെ നേരില്‍ കാണണമെന്ന് അറിയിച്ചത്. കോവിഡ് സാഹചര്യമായതിനാല്‍ നേരില്‍ കൂടികാഴ്ച അസാധ്യമായിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് കൂടിക്കാഴ്ച നടന്നത്. മേലധ്യക്ഷപദവിയിലേക്കുള്ള നിയമനം സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണോ എന്നതായിരുന്നു കൂടികാഴ്ചയുടെ വിഷയം. അതിനായി കുറച്ചു സമയവും അനുവദിക്കപ്പെട്ടിരുന്നു. സാധാരണ രീതിയില്‍ ഇത്തരമൊരു പദവി തേടി എത്തുകയാണെങ്കില്‍ 'നോ' പറയണമെന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. പക്ഷേ, ഈ കാലഘട്ടത്തില്‍ 'ദൈവത്തിന് എന്നെക്കൊണ്ട് ആവശ്യമുണ്ടെങ്കില്‍ ഞാന്‍ എന്തിന് തടസ്സം പറയണം?' എന്ന ചോദ്യം എന്നെ ഏറെ ചിന്തിപ്പിച്ചു. ദൈവഹിതത്തിന് സ്വയം കീഴ്‌വഴങ്ങുവാന്‍ അത് എനിക്ക് സഹായകമായി.

മോട്ടോ ആയി തിരഞ്ഞെടുത്തിരിക്കുന്നത് എന്താണ്? എന്തുകൊണ്ട്?

പുതിയ ദൗത്യവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന ലക്ഷ്യം (Motto) രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒന്ന്, സുവിശേഷം പ്രഘോഷിക്കുക (To proclain the Good News); രണ്ട്, സ്‌നേഹത്തിലും സേവനത്തിലും ഒരുമിച്ച് യാത്ര ചെയ്യുക (Journeying Together in Love and Service). ആദ്യത്തേതിന്റെ പിന്‍ബലം ലൂക്കാ സുവിശേഷത്തിലെ യേശുവിന്റെ സിനഗോഗ് പ്രസംഗമാണ് (ലൂക്കാ 4:18-19). രണ്ടാമത്തേതിന്റെ പശ്ചാത്തലം മെത്രാന്മാരുടെ 16-ാം സാധാരണ സിനഡിന്റെ വിഷയമമായ 'സിനഡാത്മക സഭ'യാണ്. ഈ ലക്ഷ്യം തിരഞ്ഞെടുക്കുവാനുള്ള കാരണം മറ്റൊന്നുമല്ല - എക്കാലത്തേയും സഭയുടെ ലക്ഷ്യം സുവിശേഷ പ്രഘോഷണം തന്നെയാണ്. ഈ കാലഘട്ടത്തില്‍, അതിന് പ്രസക്തി ഏറുകയും ചെയ്യുന്നു. സദ്‌വാര്‍ത്തയുടെ പ്രഘോഷണത്തിന് യേശു സ്വീകരിച്ച സമീപനം സ്‌നേഹവും സേവനവുമായിരുന്നു. യാതൊരു വിവേചനവും ഉള്‍ക്കൊള്ളാത്തതാണ് ഈ സമീപനം. അതു തന്നെയാകട്ടെ സുവിശേഷ പ്രഘോഷണത്തിലെ എന്റെ സമീപനമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ ഭരണകാലത്തെ എങ്ങനെ വിലയിരുത്തുന്നു?

സൂസപാക്യം പിതാവിന്റെ കാലഘട്ടം തിരുവനന്തപുരം അതിരൂപതയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായി നിലകൊള്ളുന്നു. സവിശേഷമായൊരു വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം. ലാളിത്യവും, പ്രാര്‍ത്ഥനാചൈതന്യവും നിറഞ്ഞ ജീവിത ശൈലിയിലൂടെ അതിരൂപതയെ അദ്ദേഹം നയിച്ചു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ഒന്നുതന്നെയായിരുന്നു. അതിരൂപതയുടെ വിദ്യാഭ്യാസ, ആരോഗ്യ, മത്സ്യബന്ധനമേഖലകളെ വളര്‍ച്ചയുടെ പാതയിലേക്ക് അദ്ദേഹത്തിന് നയിക്കുവാന്‍ കഴിഞ്ഞു. തീരദേശമേഖലകളില്‍ സ ജീവമായിരുന്ന വ്യാജമദ്യ നിര്‍മ്മാണവും വില്പനയും പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്. അതിരൂപതാ ഭരണ സംവിധാനത്തെ, 'സഭ ദൈവജനം' എന്ന അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി. അതിരൂപതയുടെ സാമ്പത്തികമേഖലയെ ക്രമപ്പെടുത്തുകയും, കടങ്ങളില്ലാതെ ഭദ്രമാക്കുകയും ചെയ്തു. അതിരൂപതയിലെ നിരവധി വൈദികര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സൗകര്യമേര്‍പ്പെടുത്തികൊടുത്തു. ഏറെ പ്രധാനം സാമൂഹിക ജീവിതത്തില്‍ അദ്ദേഹം ഏവര്‍ക്കും സ്വീകാര്യനായിരുന്നു എന്നുള്ളതാണ്.

തിരുവനന്തപുരം അതിരൂപതയുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാണ്? എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ മനസിലുണ്ടോ?

അതിരൂപതയിലെ എല്ലാവര്‍ക്കും സ്വന്തമായൊരു പാര്‍പ്പിടം, ഒപ്പം ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഭൂമിയുടെ പട്ടയം ലഭ്യമാക്കികൊണ്ടുള്ള ക്രമപ്പെടുത്തല്‍, സാമൂഹിക തിന്മകള്‍ നിര്‍മ്മാര്‍ജനം ചെയ്യല്‍, ബാഹ്യമായ ആഘോഷങ്ങളും, ആര്‍ഭാടങ്ങളും ഉടയാട ആക്കാത്ത ആത്മീയത ഇവയൊക്കെയാണ് അതിരൂപതയെ സംബന്ധിച്ചുള്ള സ്വപ്നങ്ങള്‍. അതിരൂപതയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് രണ്ട് പദ്ധതികളാണ് മുമ്പിലുള്ളത്. ഒന്ന്, പരിശീലനം - നിലവിലുള്ള എല്ലാ അതിരൂപതാ സംവിധാനത്തെയും അവ കൈകാര്യം ചെയ്യുന്ന നേതൃത്വത്തെയും (വൈദികര്‍, സന്യസ്തര്‍, അല്മായര്‍) പരിശീലിപ്പിക്കുകയും, കാര്യശേഷിയുള്ളവരാക്കുകയും ചെയ്യുക. രണ്ട്, അല്മായ ശാക്തീകരണം. സഭയുടെ വിവിധങ്ങളായ പ്രവര്‍ത്തനമേഖലകളില്‍ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കും. ഇന്ന് തിരുവനന്തപുരം അതിരൂപതയുടെ പ്രവര്‍ത്തന മേഖലകളില്‍ അല്മായ പങ്കാളിത്തം ഉണ്ടെങ്കിലും അത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്.

ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ പ്രശ്‌നങ്ങളെയും സാധ്യതകളെയും എങ്ങനെ വിലയിരുത്തുന്നു?

ലത്തീന്‍ സമുദായം അഭിമുഖീകരിക്കുന്ന സ്ഥായിയായ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്ന്, സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയാണ്. രണ്ട്, സര്‍ക്കാര്‍ സേവനമേഖലകളില്‍ സമുദായത്തിന് അര്‍ഹമായ സംവരണം അട്ടിമറിക്കപ്പെടുന്നു. മൂന്ന്, സ്വന്തമായ ഭൂമിയോ പാര്‍പ്പിടമോ ഇല്ലാത്ത ധാരാളം കുടുംബങ്ങള്‍ സമുദായത്തില്‍ ഇന്നും നിലനില്ക്കുന്നു. നാല്, വന്‍കിട അന്താരാഷ്ട്ര വ്യവസായ സംരംഭങ്ങളുടെ കടന്നുകയറ്റത്തോടെ ശോഷിക്കപ്പെടുന്ന തീരമേഖല മറ്റൊരു സങ്കീര്‍ണ്ണ പ്രശ്‌നമായി നിലനില്ക്കുന്നു. അഞ്ച്, വിവിധ തൊഴില്‍ മേഖലകളിലും മത്സ്യബന്ധന രംഗത്തും സമുദായം നേരിടുന്ന വെല്ലുവിളികള്‍. ആറ്, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സമൂദായ അംഗങ്ങള്‍ക്ക് കടന്നുവരാന്‍ കഴിയാത്ത സാഹചര്യം. ഏഴ്, ദളിത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന സംവരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍. സമുദായത്തിന്റെ സാധ്യതകളും കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചില പ്രാരംഭനടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും അവയെല്ലാം കുറെക്കൂടി ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. ഉദാഹരണമായി, ദേശീയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുത്താന്‍ കഴിയും വിധം സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളെ സാങ്കേതിക പരിജ്ഞാനമുള്ളവരാക്കി മാറ്റുക, യുവജനങ്ങളെ രാഷ്ട്രീയാഭിമുഖ്യമുള്ള സംഘടിത വിഭാഗമായി വളര്‍ത്തുക, തുടങ്ങിയവ.

സഭയും, സമുദായവും, രാഷ്ട്രീയവും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കണം? സമുദായ നേതാക്കള്‍ കൂടിയായ മെത്രാന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത് എങ്ങനെയായിരിക്കണം?

കക്ഷി രാഷ്ട്രീയത്തോട് സമദൂരം പാലിക്കുന്ന നയമാണ് ഇന്ന് സമുദായത്തിനുള്ളത്: ''സമദൂരം പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമീപനം.'' രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുക എന്നല്ല ഇതിനര്‍ത്ഥം. ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും അന്ധമായി വിശ്വസിക്കാതിരിക്കുക എന്നാണര്‍ത്ഥമാക്കുന്നത്.

വിശ്വാസവും ധാര്‍മ്മികതയും കൈമുതലാക്കിയ വ്യക്തിത്വങ്ങളെ രാഷ്ട്രീയ മുന്‍നിര നേതൃത്വത്തിലേക്ക് എത്താന്‍ പ്രോത്സാഹിപ്പിക്കുക, ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള നിയമാനുസൃതമായ വാഗ്ദാനങ്ങള്‍ ഹനിക്കപ്പെടുന്നിടത്ത് ശബ്ദമുയര്‍ത്തുക, എന്നിവയായിരിക്കും ഒരു മെത്രാനെന്ന നിലയിലെ എന്റെ രാഷ്ട്രീയ ഇടപെടലുകള്‍.

മതസൗഹാര്‍ദത്തിന്റെ പ്രസക്തി? ക്രിസ്ത്യന്‍ വര്‍ഗീയത എന്നൊരു സ ങ്കല്പം സാധ്യമാണോ? ക്രൈസ്തവരില്‍ വര്‍ഗീയത വര്‍ദ്ധിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് എന്തു കരുതുന്നു?

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വര്‍ഗീയ വിപത്ത് കടന്നുവരുന്ന ഇന്നിന്റെ സാഹചര്യത്തില്‍ മതസൗഹാര്‍ദ്ദത്തിന് ഏറെ പ്രസക്തിയുണ്ട് തിരുവനന്തപുരത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഇതര മതാധ്യക്ഷന്മാരുമായി കൈകോര്‍ത്ത് സ ഹോദരബന്ധത്തില്‍ മുന്നോട്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിസ്തീയ വര്‍ഗീയത എന്ന പ്രയോഗം തന്നെ സുവിശേഷമൂല്യങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ട് ഇതൊരിക്കലും നിലനില്ക്കപ്പെടേണ്ടതല്ല. മാത്രവുമല്ല, ഒരു മതവും ഹിംസയെ പ്രോത്സാപിപ്പിക്കുന്നില്ല. കത്തോലിക്കാസഭയില്‍ മതസ്പര്‍ദ്ധ ഏതെങ്കിലും വിധത്തില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതും പരിഹാരം കാണേണ്ടതുമാണ്.

ദേശീയതലത്തില്‍, ന്യൂനപക്ഷ വിരുദ്ധത ശക്തിപ്പെടുന്നതായി കരുതുന്നുണ്ട്. പല സംസ്ഥാനങ്ങളിലും, സഭാസ്ഥാപനങ്ങളും മിഷണറിമാരും ആക്രമിക്കപ്പെടുന്നു. ഈ സാഹചര്യത്തെ എങ്ങനെ നേരിടണം?

ന്യൂനപക്ഷ വിരോധവും, നൂനപക്ഷ പ്രീണനവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി തന്നെ കാണണം. ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വവും മതസ്വാതന്ത്ര്യവും ലംഘിക്കപ്പെടുന്നുവെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് ന്യൂനപക്ഷത്തിനും, ഭൂരിപക്ഷത്തിനും അഭികാമ്യമാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അവയെ മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുമാത്രം കാണാതെ മനുഷ്യാവകാശത്തിന്റെ വിശാലമായ ദര്‍പ്പണത്തിലൂടെ കാണാന്‍ കഴിയണം. ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുവാന്‍ നല്ലൊരു മാര്‍ഗം അവരെ നിയമ അവബോധമുള്ളവരാക്കി മാറ്റുക എന്നതാണ്. ഭരണഘടനയിലെ മൗലികാവകാശങ്ങളും, മൗലിക ധര്‍മ്മങ്ങളും ഓരോ പൗരനും അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം.

ധാരാളം മിഷണറിമാരെ ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും അയച്ചിട്ടുള്ള ഒരു മിഷണറി സഭ എന്ന നിലയില്‍ മിഷനുവേണ്ടി ഇനി നമുക്ക് എന്തൊ ക്കെ ചെയ്യാനുണ്ട്?

ആദ്യകാല മിഷണറിമാര്‍ ഉത്തരേന്ത്യയില്‍ മിഷന്‍ പ്രവര്‍ത്ത നം നടത്തിയപ്പോള്‍ ശ്രദ്ധിച്ചിരുന്ന വിഷയങ്ങള്‍ക്കുതന്നെയാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ദരിദ്രരും, സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്നവരുമായ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക അവരുടെ ജീവിതനിലവാരം ഉയര്‍ത്തുക, എന്നതുതന്നെയാണ് മിഷണറി സഭയുടെ ഇന്നത്തെയും ലക്ഷ്യം. ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലുള്ള മിഷണറിമാരുടെ സാന്നിധ്യവും, സമീപനവും, ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ സാധാരണക്കാരുടെ ജീവിതത്തില്‍ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ആ മാതൃക തുടരുവാന്‍ തന്നെയാണ് സഭ ആഗ്രഹിക്കുന്നത്. വിദേശരാജ്യങ്ങളിലെ മിഷന്‍ പ്രവര്‍ത്തനം, വിശ്വാസികളുടെ കൂദാശാപരമായ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുക, ആതുര ശുശ്രൂഷാരംഗങ്ങളില്‍ സേവനമനുഷ്ഠിക്കുക എന്നീ തലത്തില്‍ ഒതുങ്ങിനില്ക്കുന്നു. അതിനാവശ്യമായ മിഷണറിമാരെ കേരള സഭയില്‍നിന്ന് നല്കുന്നുമുണ്ട്. ഇവിടെ നിന്നും മിഷണറിമാരുടെ ലക്ഷ്യം കേവലം ധനസമാഹരണമാകരുത്. വിദേശരാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ മനുഷ്യാവകാശത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും സാമൂഹിക ജീവിതത്തിലെ സമത്വത്തെക്കുറിച്ചുമൊക്കെ ബോധ്യമുള്ളവരാണ്. അവരില്‍ പ്രകടമാകുന്ന ഈ മൂല്യങ്ങള്‍ നമ്മുടെ മിഷണറിമാര്‍ സ്വാംശീകരിച്ച് അവ എപ്രകാരം ഇവിടത്തെ സഭയ്ക്കും, സഭയുടെ സാമൂഹിക ഇടപെടലിലും കരുത്ത് പകരുവാന്‍ കഴിയുമെന്ന് ചിന്തിക്കണം.

ഫ്രാന്‍സിസ് പാപ്പയില്‍ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്?

വളരെയേറെ ജനകീയനായ ഒരു പോപ്പിനെയാണ് ഇന്ന് കത്തോലിക്കാ സഭയ്ക്ക് ലഭിച്ചിട്ടുള്ളത്. ലളിതജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം ലോകസമൂഹത്തെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. സഭയുടെ സമൂലമായ നവീകരണമാണ് പാപ്പയുടെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയില്‍നിന്ന് നമുക്ക് വ്യക്തമാകുന്നു. വിവിധ മേഖലകളിലെ ജനവിഭാഗത്തിന്റെ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാനാണ് ഏവരേയും പാപ്പ ക്ഷണിക്കുന്നത്. ലോക സമാധാനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്. വന്‍കിടലോകരാഷ്ട്രതാല്പര്യങ്ങള്‍ക്ക് ബലിയാടുകളായിത്തീര്‍ന്ന അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ലോകനേതാക്കളുമായുള്ള അദ്ദേഹത്തിന്റെ നിരന്തരസമ്പര്‍ക്കം ശ്രദ്ധേയമാണ്. പാപ്പയുടെ ചാക്രികലേഖനവിഷയങ്ങള്‍ സഭയെ അഭിസംബോധന ചെയ്യുന്നതു കൂടാതെ പൊതു സമൂഹത്തേയും ഈ വിഷയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പോന്നതാണ്. എല്ലാറ്റിനുപരി സഭ ഇന്ന് വഹിക്കേണ്ട മുഖം കരുണയുടെ മുഖമാണെന്ന പാപ്പയുടെ ഉള്‍ക്കാഴ്ച അങ്ങേയറ്റം അനുമോദനാര്‍ഹമാണ്; അത് ഇന്നിന്റെ ആവശ്യമാണ്.

വ്യക്തിപരമായി ഏറ്റവും ഇഷ്ടം/ഭക്തി ഉള്ള വിശുദ്ധ/വിശുദ്ധന്‍ ആരാണ്? എന്തുകൊണ്ട്?

എന്റെ വ്യക്തിജീവിതത്തില്‍ രണ്ട് വിശുദ്ധരെയാണ് ഞാന്‍ അനുസ്മരിക്കുന്നത്. വിശുദ്ധ കൊച്ചുത്രേസ്യയും, വിശുദ്ധ ജോണ്‍ മരിയ വിയാനിയും. വിശുദ്ധ കൊച്ചുത്രേസ്യ എന്നെ സ്വാധീനിക്കാന്‍ കാരണം, ഈ വിശുദ്ധ രൂപതയുടെ മധ്യസ്ഥ ആയതിനാലും, വിശുദ്ധയുടെ ചിത്രം ഞാന്‍ മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചതു മുതല്‍ കണ്ടുവരുന്നതും കൊണ്ടാണ്. പിന്നീട് ഈ വിശുദ്ധയുടെ ജീവചരിത്രം വായിച്ചപ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തിയത്, വിശുദ്ധ വളരെ കുറച്ചു വര്‍ഷങ്ങളെ ജീവിച്ചിരുന്നുള്ളൂ; അതും മഠത്തിനുള്ളിലെ ഒരു മുറിക്കുള്ളില്‍ തികച്ചും ഏകാന്തമായി. എന്നിട്ടും സഭാ മിഷണറിമാരുടെ മധ്യസ്ഥയായി ഈ വിശുദ്ധ പ്രഖ്യാപിക്കപ്പെട്ടുവെന്നുള്ളതാണ്. വിശുദ്ധ ജോണ്‍ മരിയ വിയാനിയെ ഇഷ്ടപ്പെടുവാന്‍ കാരണം ഈ വിശുദ്ധന്‍ രൂപതാ വൈദികരുടെ മധ്യസ്ഥനാണ്. മേജര്‍ സെമിനാരിയില്‍ ആയിരുന്ന അവസരത്തില്‍ വിശുദ്ധന്റെ ജീവചരിത്രം മുന്നാവര്‍ത്തി വായിക്കുവാന്‍ ഇടയായി. പാഠ്യവിഷയങ്ങളില്‍ പിന്നിലും ശുശ്രൂഷകളില്‍ മുന്നിലുമായിരുന്ന വിശുദ്ധന്റെ ജീവിതശൈലി എന്റെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക പരിഗണനയില്‍ തഴയപ്പെട്ടവരെ ദൈവം എത്രമാത്രം ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ ഒരു വലിയ തെളിവാണ് ഈ വിശുദ്ധന്റെ ജീവിതം.

വ്യക്തിപരമായ പ്രാര്‍ത്ഥനാജീവിതത്തിലെ ശീലങ്ങള്‍ എന്തൊക്കെയാണ്? എന്തിനുവേണ്ടിയാണ് കൂടുതലും പ്രാര്‍ത്ഥിച്ചിട്ടുള്ളത്?

എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന ദൈവവുമായിട്ടുള്ള ഒരു ബന്ധമാണ്. ചിലപ്പോഴൊക്കെ ദൈവത്തിന് മുമ്പില്‍ ഒന്നും ഉരുവിടാതെ നിശബ്ദനായിരിക്കുന്നതും എന്റെ പ്രാര്‍ത്ഥന തന്നെയാണ്. ഞാന്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളില്‍ ദൈവത്തോട് ആവശ്യങ്ങള്‍ ഉണര്‍ത്തിക്കുന്നതും, ദൈവസ്തുതികളും, ദൈവത്തിനുള്ള കൃതജ്ഞതയുമൊക്കെയുണ്ട്. ദൈവഹിതം തിരിച്ചറിയാനുള്ള ഏറ്റം നല്ല മാര്‍ഗം പ്രാര്‍ത്ഥനതന്നെയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭൗതീകവും ആത്മീയവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. പലപ്പോഴും പ്രാര്‍ത്ഥിക്കുന്നത് എനിക്കെന്നതിനെക്കാളുപരി, എന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ടവര്‍ക്കുവേണ്ടിയാണ്.

5 വര്‍ഷം ജീവനും വെളിച്ചവും എഡിറ്റര്‍ ആയിരുന്നല്ലോ. ക്രൈസ്തവമാധ്യമങ്ങളും പ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

മാധ്യമങ്ങളും അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സ്വീകരിക്കുന്ന നിലപാടുകളാണ് ശ്രദ്ധിക്കപ്പെടേണ്ടത്. സമൂഹത്തിനും സഭയ്ക്കും ദിശാബോധം നല്കാന്‍ കഴിയുന്ന മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുക എന്നതാണ് ക്രിസ്തീയ മാധ്യമങ്ങളുടെ ധര്‍മ്മം. ഒരു 'പബ്‌ളിസിറ്റി'ക്കുവേണ്ടി മാധ്യമധര്‍മ്മത്തെ ബലികൊടുക്കാതെ ആനുകാലിക വിഷയങ്ങള്‍ അത് അര്‍ഹിക്കുന്ന നിലയില്‍ ചര്‍ച്ചചെയ്യപ്പെടുകയും മൂല്യങ്ങളെ നിലനിര്‍ത്തുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനമാണ് അഭികാമ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org