
കത്തോലിക്കാ സഭയിലെ മാധ്യമ പ്രവര്‍ത്തനരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ഫാ.സേവ്യര്‍ വടക്കേക്കര OFMcap. അസ്സീസി മാസികയുടെ എഡിറ്ററായും ജീവന്‍ ബുക്‌സ് ഡയറക്ടറായും കേരളത്തില്‍ പ്രവര്‍ത്തിച്ച ഫാ. വടക്കേക്കര തുടര്‍ന്ന് ഡല്‍ഹിയിലെത്തി, ഇംഗ്ലീഷ് വാരികയായ ഇന്ത്യന്‍ കറന്റ്‌സിന്റെ സാരഥ്യം ഏറ്റെടുത്തു. അതിനു ശേഷം, മീഡിയ ഹൗസ് എന്ന പ്രസാധക സംരംഭത്തിനു തുടക്കമിട്ടു. പിന്നീട് ജ്യോതി പ്രിന്റേഴ്‌സ് എന്ന അച്ചടിശാലയായിരുന്നു കര്‍മ്മരംഗം.
സന്യാസസമൂഹത്തിന്റെ ഈ ഉത്തരവാദിത്വ നിര്‍വഹണങ്ങള്‍ക്കെല്ലാമിടയില്‍ മറ്റൊരു പോരാട്ടം വ്യക്തിപരമായും ഡോ. വടക്കേക്കര നടത്തുന്നുണ്ടായിരുന്നു; കാഴ്ച ഇല്ലാതാകുന്ന ജനിതക രോഗത്തിനെതിരെ. അദ്ദേഹത്തിന്റെ സഹോദരങ്ങളായ പരേതരായ ഫാ. ജോ, ഫാ. ക്ലീറ്റസ് എന്നിവരെയും ഇതേ രോഗം ബാധിച്ചിരുന്നു. ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കാഴ്ച അനുദിനം ക്ഷയിച്ചു വന്നു. ഏതാണ്ട് കാഴ്ചയില്ലാത്ത അവസ്ഥയിലാണ്, ഡോ. വടക്കേക്കര അക്ഷരങ്ങളുടെയും അച്ചടിയുടെയും ലോകത്ത് ജോലി ചെയ്തു കൊണ്ടിരുന്നത്. രോഗം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കായി, മരണശേഷം തന്റെ മൃതദേഹം ദാനം ചെയ്യുന്നതായി വില്‍പത്രത്തില്‍ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഒരു സന്യാസി ആകണം എന്ന് ആദ്യമായി ചിന്തിച്ചത് എപ്പോള്‍? എന്തുകൊണ്ട്?
അന്നത്തെ കാലത്ത് മിക്കവാറും എല്ലാ ക്രൈസ്തവ കുടുംബങ്ങളും ഭക്തിയുടെ വിളനിലങ്ങളായിരുന്നല്ലോ. ഏറെ ആത്മീയത ഉള്ള ഇടമായിരുന്നു ഞങ്ങളുടെ ഭവനവും. ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയില്‍ അംഗങ്ങളായിരുന്നു എന്റെ മാതാപിതാക്കള്‍. അസ്സീസി മാസികയുടെ പ്രാദേശിക വിതരണം അപ്പന്‍ ചെയ്തിരുന്നു. അങ്ങനെ മാസിക വീട്ടിലും എത്തിയിരുന്നു. 'അസ്സീസിയിലെ കൊച്ചുപൂക്കള്‍' എന്ന വിഖ്യാതമായ കൃതിയുടെ സ്വതന്ത്ര പരി ഭാഷ ശ്രീ. മയ്യനാട് ജോണ്‍ നിര്‍വ്വഹിച്ചത് അസ്സീസി മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ചാണ് ഞാന്‍ വി. ഫ്രാന്‍സിസിലും ഫ്രാന്‍സിസ്‌കന്‍ സഭയിലും ആകൃഷ്ടനായത്. ഞങ്ങളുടെ വീട്ടില്‍നിന്ന് എന്നെക്കൂടാതെ രണ്ടു സഹോദരന്മാര്‍ സന്യാസ വൈദികരും ഒരാള്‍ രൂപതാ വൈദികനും മൂന്നു സഹോദരിമാര്‍ സന്യാസിനികളും ആയി.
ഭാരതം സന്യാസികളുടെയും ഋഷിവര്യന്മാരുടെയും നാടാണല്ലോ. ഇവിടെ ക്രൈസ്തവ സന്യാസത്തിന് എന്താണ് നല്‍കാനും നേടാനുമുള്ളത്?
സം+ന്യാസം ആണല്ലോ സന്യാസം. അതായത് സമ്യക്കായന്യാസം. ന്യാസം എന്നാല്‍ പരി ത്യാഗം. ഭഗവത്ഗീതയില്‍ കാമ്യ നാം കര്‍മ്മണാം ന്യാസം സന്ന്യാസം കവയോവിധി. കാമ്യ കര്‍മ്മങ്ങളുടെ ന്യാസം. കാമ്യ കര്‍മ്മങ്ങളുടെ പരിത്യാഗം ആണ് സന്യാസം. കാമ്യ കര്‍മ്മങ്ങളുടെ പരി ത്യാഗത്തെ പണ്ഡിതന്മാര്‍ സന്ന്യാസം എന്ന് പറയുന്നു. കുറേ കാര്യങ്ങളില്‍ സമാനതകളുണ്ടങ്കിലും അവ വ്യത്യസ്തമാണ്. മുനിമാരുടെയും ഋഷിവര്യന്മാരുടെയും സന്യാസത്തിന് തുല്യമായത് ക്രൈസ്തവ ലോകത്ത് മൂന്നും നാലും നൂറ്റാണ്ടുകളില്‍ ആണ് ഉണ്ടായിരുന്നത്. അക്കാലത്ത് ആയിരക്കണക്കിന് ക്രൈസ്തവ സന്യാസിമാരും മുനിമാരും കാട്ടിലും വിജനതയിലും ഗുഹകളിലും മലമുകളിലും സ്തൂപത്തിന്മേലും ഒക്കെ തപസ്സു ചെയ്ത ഒരു കാലമുണ്ടായിരുന്നു. പിന്നീട് സന്യാസം മാറി. (ഹൈന്ദവ സന്യാസവും മാറിയല്ലോ). സംഘമായി സമൂഹമായി ജീവിക്കുക, പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക എന്നായി. സന്യാസം വീണ്ടും മാറിയത് പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വി. ഫ്രാന്‍സിസ് അസ്സീസിയിലൂടെയും വി. ഡോമിനിക്കിലൂടെയുമാണ്. വലിയ ആശ്രമ കെട്ടിടങ്ങള്‍ വിട്ട് അവര്‍ 'ലോക'ത്തിലേക്ക് ഇറങ്ങി. ദരിദ്രമായി ജനമധ്യത്തില്‍ ജീവിച്ച് തങ്ങള്‍ക്കാവുന്ന സേവനം ചെയ്ത് ദൈവവചനം പ്രസംഗിക്കുന്ന രീതി. സേവനമായി സന്യാസത്തിന്റെ ഭാവം.
ഫ്രാന്‍സിസിനും ഫ്രാന്‍സിസ്‌കനിസത്തിനും ഇന്ത്യയിലുള്ള പ്രസക്തി എന്താണ്?
ഒത്തിരിയേറെ പ്രസക്തിയുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീബുദ്ധനും മീരാഭായിയും ഗാന്ധിജിയും ശ്രീരാമകൃഷ്ണ പരമഹംസരും ശ്രീ അരവിന്ദോയും രമണമഹര്‍ഷിയും ജീവിച്ച മണ്ണല്ലേ ഇത്? ഫ്രാന്‍സിസില്‍ ഇവയെല്ലാമുണ്ട്. അദമ്യമായ സ്‌നേഹത്തില്‍ കുതിര്‍ന്ന ദൈവഭക്തിയുണ്ട്; തപസ്സും ധ്യാനവുമുണ്ട്; ഭൂതദയ അഥവാ പ്രകൃതി സ്‌നേഹമുണ്ട്; സഹജീവി സ്‌നേഹവും സേവനവുമുണ്ട്; പ്രഭാഷണവും പ്രബോധനവുമുണ്ട്; പാട്ടും കവിതയുമുണ്ട്; മിസ്റ്റിസിസം അഥവാ യോഗാത്മകതയുണ്ട്.
രാജ്യതലസ്ഥാനത്ത് ദീര്‍ഘകാലം വാരികയുടെ എഡിറ്ററായും പ്രസാധകനായും പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. മാധ്യമങ്ങള്‍ വന്‍തോതില്‍ ഭരണകൂടത്തിന് കീഴ്‌പ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തെ എപ്രകാരമാണ് വിലയിരുത്തുന്നത്?
എനിക്ക് വിവാദങ്ങളെ ഭയമില്ലായിരുന്നു. ഒരുപക്ഷേ, വിവാദങ്ങളെ കുറച്ചൊക്കെ സ്‌നേഹിച്ചിട്ടുണ്ടോ എന്നുപോലും സംശയമുണ്ട്. അസ്സീസി മാസികയില്‍ പത്രാധിപരായിരുന്നു കുറേക്കാലം. പിന്നീട് ഡല്‍ഹിയില്‍ ഇന്‍ഡ്യന്‍ കറന്റ്‌സ് (Indian Currents) ഏറ്റെടുത്ത് അതിന്റെ പത്രാധിപരായി. വിവാദങ്ങള്‍ കുറേപ്പേര്‍ക്ക് പ്രകോപനപരമായി അനുഭവപ്പെടും എന്നതില്‍ സംശയമില്ല. പക്ഷേ, അപ്പോഴാണ് ചര്‍ച്ചകള്‍ ഉണ്ടാവുക. ജനാധിപത്യ പ്രക്രിയയില്‍ ചര്‍ച്ചകളാണ് നമ്മെ മാറ്റിത്തീര്‍ക്കുന്നതും മുന്നോട്ടു നയിക്കുന്നതും. ശരിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ഭരണകൂട താത്പര്യങ്ങള്‍ക്ക് ഒതുങ്ങിപ്പോകുന്നുണ്ട്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നയാള്‍ രാജ്യദ്രോഹിപോലും ആകുന്നുണ്ട് ഇന്ന്. അതുതന്നെ പക്ഷേ, സഭയിലും സംഭവിക്കുന്നുണ്ട്. അല്ലേ? വേറൊരു തരത്തില്‍ നമുക്കതിനെ നോക്കിക്കാണാം. ഇത്രയും കാലം എലീറ്റിസമായിരുന്നു (elitism) ലോകമെങ്ങും നിലവിലിരുന്നത് എന്നെനിക്കു തോന്നുന്നു. ചിന്താപരമായി മുന്നോട്ടു പോയവര്‍ മാധ്യമം എന്ന പൊതുവിടത്ത് കയറിനിന്ന് പ്രസംഗിച്ചു. ധൈഷണികമായി കൂടെയുള്ളവരും തൊട്ടുപിന്നിലുള്ളവരും അതു കേട്ടു. അഥവാ വായിച്ചു. ബഹുഭൂരിഭാഗം പേരും അതൊന്നും കേട്ടതുമില്ല, വായിച്ചതുമില്ല. നവമാധ്യമങ്ങളുടെ കാലമാണിന്ന്. ആശയങ്ങളുടെ ജനാധിപത്യവത്ക്കരണം നടക്കുകയാണ്. എല്ലാവരും, പറയാനും പ്രസംഗിക്കാനും കേള്‍ക്കാനും തുടങ്ങുകയാണ്. ആദ്യം അച്ചടി പ്രചാരം നേടിയപ്പോഴും പിന്നെ റേഡിയോയും ടിവിയും വന്നപ്പോഴും ഉണ്ടായ സാമൂഹികമായ അസ്വസ്ഥതയും കലക്കലും അതിന്റെ നൂറുമടങ്ങ് തീവ്രതയോടെ അനുഭവിക്കുകയാണ് നമ്മളിന്ന്. എല്ലാം നല്ലതിനാണ്. അങ്ങനെ മാത്രമേ പുതിയ മാനവനുണ്ടാകൂ. പുതിയ മാനവികത ഉണ്ടാകൂ.
ദീര്‍ഘകാലം ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്ന ആള്‍ എന്ന നിലയില്‍ ഇന്ന് സഭാ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരോടും പ്രവര്‍ത്തകരോടും എന്താണ് പറയാനുള്ളത്?
മാധ്യമ ധാര്‍മ്മികത (Media Ethics) വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ക്രൈസ്തവികതയാണ് ക്രൈസ്തവ മാധ്യമങ്ങളുടെ മൂലക്കല്ല് എന്നതിനാല്‍. അസ്സീസി മാസികയില്‍ പത്രാധിപരായിരുന്നപ്പോഴും ഇന്‍ഡ്യന്‍ കറന്റ്‌സില്‍ പത്രാധിപരായിരുന്ന കാലത്തും ഏതു വിഷയം ചര്‍ച്ച ചെയ്യുമ്പോഴും അതിനെക്കുറിച്ചുള്ള വ്യത്യസ്ത നിലപാടുകള്‍ കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. വളരെ പുരോഗമനപരമായ ആശയവും യാഥാസ്ഥിതിക നിലപാടും കൊടുക്കും. വായനക്കാരാണ്, ജനമാണ് രണ്ടു ഭാഗവും കേട്ടിട്ട് നിലപാടെടുക്കേണ്ടത്; മാധ്യമങ്ങളല്ല. അവര്‍ക്ക് നിലപാടുകള്‍ നിര്‍ദ്ദേശിക്കാം. എപ്പോഴും എല്ലാ വിഷയത്തിലും കാണും രണ്ടു പക്ഷം. ഇരുപക്ഷത്തെയും ബഹുമാനിക്കുക. പ്രതിപക്ഷ ബഹുമാനമില്ലായ്മയാണ് ഇന്നത്തെ മാധ്യമങ്ങളുടെ പ്രശ്‌നം എന്നു തോന്നുന്നു.
സഭയില്‍ പ്രസിദ്ധീകരണങ്ങള്‍ ഉയര്‍ത്തുന്ന ആത്മവിമര്‍ശനങ്ങള്‍ ശത്രുക്കള്‍ക്ക് സഭയെ അടിക്കാനുള്ള വടി ആവുകയാണ് ചെയ്യുന്നതെന്ന ആരോപണം ഉണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
ആരാണ് ശത്രു? ആരാണ് മിത്രം? നമ്മെ ചോദ്യം ചെയ്യുന്നവരെയൊക്കെ ശത്രുവായിക്കണ്ടാല്‍ നാം ക്രൈസ്തവരാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ശത്രുവിനെ സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ ശത്രുവായി ആരെയും പരിഗണിക്കാതിരിക്കുക എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദൈവം നമ്മെയാരെയും ശത്രുവായി കണക്കാക്കുന്നില്ല എന്നതാണതിന്റെ ലോജിക്ക്. ദൈവം അങ്ങനെയായതുകൊണ്ട് മക്കളായ നമ്മളും അങ്ങനെയാവണം എന്നതാണ് കര്‍ത്താവിന്റെ വാദം. ഞാന്‍ സൂചിപ്പിച്ചല്ലോ; ചിന്തയുടെ ജനാധിപത്യവത്കരണം നടക്കുന്നത് ഇപ്പോള്‍ മാത്രമാണ്. നമ്മുടെ മതബോധനങ്ങളൊന്നും വേണ്ടത്ര മതാത്മക ബോധ്യങ്ങളും ദര്‍ശന പരമായ വ്യക്തതയും ജനത്തിന് നല്കിയിട്ടില്ല. അത് പൂര്‍ണ്ണമായും ബോധനസാമഗ്രികളുടെ പ്രശ്‌നം കൊണ്ടല്ല. വിദ്യാഭ്യാസം തന്നെയും എന്തിനാണെന്ന് ജനത്തിന് അറിയില്ലായിരുന്നു. മായന്‍ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്നതോ അക്ബറിന്റെ ഭരണപരിഷ്‌കാരങ്ങള്‍ പഠിക്കുന്നതോ എസ്‌ക്വയര്‍ പ്ലസ് റ്റു ഏബി പ്ലസ് ബി സ്‌ക്വയര്‍ പഠിക്കുന്നതോ എന്തിനാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കാരണം, ആശയപരമായ വെല്ലുവിളികളുടെ ദാരിദ്ര്യം സമൂഹത്തില്‍ ഉണ്ടായിരുന്നു. കാണാതെ പഠിച്ച് പരീക്ഷയെഴുതി, പരീക്ഷ കഴിഞ്ഞപാടേ പഠിച്ചതെല്ലാം ബോധപൂര്‍വ്വം മറന്നുകളഞ്ഞ തലമുറയാണ്. സ്വന്തം കൈവശം കാര്യമായി ഒന്നും ഇല്ലാത്തതിനാല്‍ വിവര വിസ്‌ഫോടനം (Explotion of Information) ഉണ്ടായപ്പോള്‍ വലിയ പരിഭ്രാന്തി ജനങ്ങളിലുണ്ടാവുക സ്വാഭാവികമാണ്. അതുതന്നെയാണ് ആത്മീയതയുടെയും മതാത്മകതയുടെയും കാര്യത്തിലും സംഭവിച്ചത്. പക്ഷേ, സമൂഹം പെട്ടെന്നുതന്നെ ആത്മീയതയുടെ ധൈഷണിക അടിത്തറ നേടിയെടുക്കും. ക്രൈസ്തവ മാധ്യമങ്ങള്‍ ക്ഷമയോടെ അവരെ അനുയാത്ര ചെയ്യണം.
ആത്മവിമര്‍ശനങ്ങളെ സഭയും നേതാക്കളും ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ടോ?
മുമ്പു പറഞ്ഞതുതന്നെയാണ് ഉത്തരം. ഇപ്പോള്‍ ഇല്ലായിരിക്കാം. സമൂഹം ചിന്താപരമായി പക്വതയാര്‍ജ്ജിക്കുക തന്നെയാണ്. പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭത്തില്‍ അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലെ ബോസ്റ്റണ്‍ ഗ്ലോബ് എന്ന പത്രം ബോസ്റ്റണ്‍ കത്തോലിക്കാ രൂപതയിലെ നിരവധി വൈദികരുടെ ലൈംഗികമായ ദുരുപയോഗങ്ങള്‍ നീണ്ട ലേഖന പരമ്പരയിലൂടെ പുറത്തു കൊണ്ടു വന്നു. പിന്നെ, അമേരിക്കയിലെ മറ്റു സ്ഥലങ്ങളിലെ മാധ്യമങ്ങളും അതേ സരണി ഏറ്റെടുത്തു. സഭയുടെ വിശ്വാസ്യത അടപടലം തകര്‍ന്നു. അക്കാലത്ത് സഭയുടെ സത്‌പേര് കാക്കാന്‍ ശ്രമിച്ച കത്തോലിക്കര്‍ മിക്കവരും മാധ്യമങ്ങളെ, പ്രത്യേകിച്ച് ബോസ്റ്റണ്‍ ഗ്ലോബിനെ കണക്കറ്റ് ചീത്ത പറഞ്ഞിരുന്നു. പക്ഷേ, വര്‍ഷങ്ങളിലൂടെ സഭയും ജനവും വളര്‍ന്നു. സത്യം സ്വീകരിച്ച് സത്യത്തോട് തുറവിയുള്ളവരായി. സഭാഗാത്രത്തില്‍ നിലനിന്ന അര്‍ബുദത്തെ അവര്‍ ചൂണ്ടിക്കാട്ടിയതിനാലാണല്ലോ അത് നീക്കം ചെയ്യാനും അതിനു വേണ്ട ചികിത്സ ചെയ്യാനും സഭയ്ക്ക് കഴിഞ്ഞത്. സഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി. എന്നാലെന്ത്? ക്രിസ്തുവിന്റെ സഭ ജീവനോടെ ഉണ്ടല്ലോ. അഞ്ചാറു മാസം മുമ്പ് ആദ്യ വെളിപാടിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ബോസ്റ്റണ്‍ ഗ്ലോബിന് നന്ദി പറഞ്ഞുകൊണ്ട് ചില പ്രമുഖ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളെങ്കിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതാണ് വസ്തുത.
ഇന്ത്യയില്‍ വര്‍ഗീയത പിടിമുറുക്കുമ്പോള്‍ ക്രൈസ്തവരുടെ സമീപനം എന്തായിരിക്കണം?
യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്ക് കണ്ണു തുറന്നാല്‍ നമുക്ക് ഒട്ടുമിക്ക സമീപനങ്ങളെയും തള്ളിപ്പറയാനാവില്ല. ക്രൈസ്തവരും യാഥാര്‍ത്ഥ്യത്തെ കണ്‍തുറന്ന് കാണാന്‍ തുടങ്ങുകയാണ്. ആദ്യത്തെ കാഴ്ചകള്‍ മായികങ്ങളാകാം. ആദ്യഘട്ടത്തില്‍ ക്ഷിപ്രമായ പ്രതികരണങ്ങളായിരിക്കും ഉണ്ടാവുക. Reaction. അത് സ്വാഭാവികമാണ്. പക്ഷേ, പതുക്കെപ്പതുക്കെ വിചിന്തനം (Reflection) ഉണ്ടാകും. അപ്പോള്‍ അത് സമാധാനപരമായ പ്രത്യുത്തരത്തിന് (Response) വഴിമാറും. അവിടന്നും മുന്നോട്ടു പോകാന്‍ കഴിയുമ്പോഴേ കൂടു തല്‍ ഉത്തരവാദിത്വപരമായ സമ്യക്കായ പ്രവൃത്തി (Pro Action) ഉണ്ടാകൂ.
ഭരണകൂടത്തിന്റെ വര്‍ഗീയ/ഫാസിസ്റ്റ് പ്രവണതകളോടുള്ള സഭാ നേതാക്കളുടെ പ്രതികരണങ്ങള്‍ പര്യാപ്തമാണോ?
ഒട്ടും പര്യാപ്തമല്ല. മാധ്യമ ലോകത്തെക്കുറിച്ച് പറഞ്ഞതുപോലെ, സഭാ നേതാക്കളും അതിനായി ഒരുങ്ങിയിരുന്നില്ല. ക്രൈസ്തവ ദൈവശാസ്ത്രം എന്നാല്‍, സുവിശേഷങ്ങളില്‍ അധിഷ്ഠിതമായ തത്ത്വങ്ങളാണല്ലോ. അത് ഉണ്ടായിക്കഴിഞ്ഞിട്ടില്ല. അനുഭവങ്ങളിലൂടെ, വിചിന്തനങ്ങളിലൂടെ, ധ്യാനങ്ങളിലൂടെയൊക്കെയാണ് അത് രൂപമെടുക്കുക. അതിന് സമയമെടുക്കും. ഒരു ഇരുപത്തഞ്ചു വര്‍ഷം മുമ്പ് ഇന്റര്‍നെറ്റ് വ്യാപകമല്ലായിരുന്നപ്പോള്‍, ഫേസ്ബുക്കും വാട്‌സാപ്പും ട്വിറ്ററും ഇന്‍സ്റ്റാ ഗ്രാമും യൂട്യൂബും വിക്കിപീഡിയയും ഇല്ലായിരുന്നപ്പോള്‍ സഭയ്ക്ക് ഏകശിലാ ഖണ്ഡമായിരിക്കാന്‍ കഴിഞ്ഞിരുന്നു. നേതൃത്വം പറയും അജഗണം കേള്‍ക്കും. കാര്യമായി ആരും ഒന്നും ചോദ്യം ചെയ്യില്ല. ഇന്നിപ്പോള്‍ ഒരു വാക്കു പറയും മുമ്പേ ഒരായിരം വരുംവരായ്കകള്‍ നോക്കണം. അജഗണം എത്രപേര്‍ എവിടം വരെ കൂടെയുണ്ടാകും എന്ന് കണക്കുകൂട്ടണം. പലരും പറയാറുണ്ട് പഴയ കാലത്ത് സഭാ നേതൃത്വത്തിന്റെ കഴിവുകളെപ്പറ്റി. അതിനെ മറ്റൊരു തരത്തില്‍ നോക്കിക്കാണാനാണ് എനിക്കിഷ്ടം. ഒരുപക്ഷേ, റിട്ടയേര്‍ഡ് ആയ പഴയ കാലത്തെ നേതൃത്വത്തിന് വേണ്ടത്ര ദീര്‍ഘ ദര്‍ശനം ഇല്ലാതായിപ്പോയതാണ് ഇന്നത്തെ നേതൃത്വത്തെ ഈ നിലയിലാക്കിയത്. 'സദാ ജാഗരൂകരായിരിക്കുവിന്‍' എന്നല്ലേ. കര്‍ത്താവ് പറഞ്ഞത്? 'സദാ' എന്നു വച്ചാല്‍ ഏതു നേരവും അല്ലേ? പ്രളയം വരും എന്ന് മുന്‍കൂട്ടി അറിഞ്ഞാലല്ലേ പെട്ടകം പണിയാനൊക്കൂ? സമാധാനകാലത്ത്, എല്ലാം സാധാരണഗതിയിലായിരിക്കുമ്പോള്‍ പെട്ടകം പണിയുന്നവനെ എല്ലാവരും വട്ടന്‍ എന്നല്ലേ വിളിക്കുക? എല്ലാക്കാലത്തും അതതു കാലത്തിന്റെ പ്രളയങ്ങള്‍ സംഭവിക്കുന്നുണ്ട്. ദീര്‍ഘദര്‍ശിത്വവും പ്രവാചകത്വവും രണ്ടും രണ്ടാണ്. പക്ഷേ, നേതൃത്വത്തിന് രണ്ടും വേണം.
കേരളത്തില്‍ ക്രിസ്ത്യന്‍ വര്‍ഗീയതയും സമുദായ ബോധവും വര്‍ധിച്ചുവരികയാണെന്ന നിരീക്ഷണമുണ്ട്. ക്രിസ്ത്യാനികള്‍ വര്‍ഗ്ഗീയമായി സംഘടിക്കുക എന്ന ആശയത്തെക്കുറിച്ച് എന്തു കരുതുന്നു?
ആരാണ് തങ്ങള്‍ എന്ന സ്വത്വ നിര്‍ണ്ണയം നടക്കുകയാണ് ഇപ്പോള്‍ എന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെയെല്ലാം തങ്ങള്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാണ് എന്നു കാട്ടാനുള്ള ശ്രമങ്ങളാണെങ്ങും. ഏറ്റവും ആദര്‍ശാത്മകമായ രീതിയിലായിരിക്കില്ല അത് നടന്നുകൊണ്ടിരിക്കുന്നത്. അപര നിര്‍ണ്ണയം അതിന്റെ ഭാഗമായിട്ടുണ്ട്. പക്ഷേ, നമ്മുടെ ശരീരത്തിനകത്ത് പ്രവേശിക്കുന്ന അന്യപദാര്‍ത്ഥത്തെ ശരീരം ഏതു വിധേനയും ബഹിഷ്‌കരിക്കും, എന്നതു പോലെ ക്രിസ്തുവിന്റെ മൗതികശരീരവും അതിന് അന്യമായവയെ സാവധാനം പുറംതള്ളുകതന്നെ ചെയ്യും.
സ്വന്തം രോഗാവസ്ഥയെ നേരിട്ടതിനെക്കുറിച്ച് പങ്കുവയ്ക്കാമോ?
ആദ്യമൊക്കെ ഒത്തിരി ചികിത്സകള്‍ പരീക്ഷിച്ചു. അലോപ്പതിയും ആയൂര്‍വ്വേദവും നാട്ടുവൈദ്യവും നോക്കി. പിന്നെപ്പിന്നെ, കാഴ്ചശക്തി നഷ്ടപ്പെടുന്ന ഈ രോഗത്തിന് ചികിത്സയില്ല എന്ന് ബോധ്യപ്പെട്ടു. എന്റെ രണ്ടു വൈദികസഹോദരന്മാര്‍ക്കുകൂടി ഇതേ രോഗം വന്നുപെട്ടു. ആദ്യമൊക്കെ വലിയ ലെന്‍സ് ഉപയോഗിച്ച് വായിക്കാന്‍ ശ്രമിച്ചു. പിന്നീട്, ടേബിള്‍ ലാംപ് പോലുള്ള ഒരു സ്‌കാനര്‍ കിട്ടി. ഒരു ഇലക്‌ട്രോണിക് ഭൂതക്കണ്ണാടി എന്നു പറയാം. വായിക്കാനുള്ള പേജ് മേശപ്പുറത്തു വച്ച് ആ യന്ത്രം അക്ഷരങ്ങള്‍ക്കു മുകളിലൂടെ പതുക്കെ ചലിപ്പിക്കും. അത് കംപ്യൂട്ടര്‍ സ്‌ക്രീനുമായി ബന്ധിപ്പിച്ചിരിക്കും. ഓരോരോ അക്ഷരങ്ങള്‍ നൂറും ഇരുന്നൂറും മടങ്ങ് വലിപ്പത്തില്‍ സ്‌ക്രീനില്‍ കാണും. ഡല്‍ഹിയില്‍ പലപ്പോഴും സെക്രട്ടറിമാര്‍ എന്നെ ഒത്തിരി സഹായിച്ചിരുന്നു; ആശ്രമത്തില്‍ സഹോദരന്മാരും. കാഴ്ചശക്തി പോകുന്നതിനു മുമ്പ് കംപ്യൂട്ടറുകളുടെ സ്‌പെസിഫിക്കേഷനുകളെക്കുറിച്ചും ഘടകങ്ങളെക്കുറിച്ചും നന്നായി പഠിച്ചിരുന്നു. ദൈവം കുടുംബത്തിലൂടെയും സന്യാസ സമൂഹത്തിലൂടെയും പകര്‍ന്നു തന്ന മാനസിക ആത്മീയ പക്വതകളാണ് എല്ലാറ്റിനും അടിയില്‍ കിടക്കുന്നത്.
ഒരു ബ്രഹ്മചാരി / സന്യാസി തന്റെ പൈതൃകമായി ഈ ലോകത്തില്‍ ബാക്കിവെച്ച് പോകേണ്ടത് എന്താണ്?
ഒന്നും അവശേഷിപ്പിക്കണമെന്നില്ല. നമുക്ക് നല്കപ്പെട്ട എല്ലാ താലന്തും ഇരട്ടിയാക്കിയിരിക്കണം. താലന്ത് ഇരട്ടിയാക്കുക എന്നു വച്ചാല്‍ അന്യന് കൊടുക്കുമ്പോഴാണ് ഇരട്ടിയാവുക. കൊടുക്കാതെ സൂക്ഷിച്ചുവയ്ക്കല്‍ എന്നു പറഞ്ഞാല്‍, കുഴിച്ചിടലാണ്. ഇരട്ടിയാകല്‍ നടക്കുന്നത് ദൈവത്തിന്റെ കണക്കു പുസ്തകത്തിലാണ്.
ഒരു സന്യാസി എന്ന നിലയില്‍ ജീവിതാന്ത്യത്തെക്കുറിച്ചുള്ള അങ്ങയുടെ സ്വപ്നങ്ങള്‍ / പദ്ധതികള്‍ എന്തൊക്കെയാണ്?
മരണം സുനിശ്ചിതമാണ് അല്ലേ? ഇന്നല്ലെങ്കില്‍ നാളെ അത് വരും. ഓരോ ദിവസവും ദൈവത്തോടും സഹജീവികളോടും കൃതജ്ഞതയോടെയും നമ്മളാല്‍ കഴിയുംവിധം സ്വയം ദാനം ചെയ്തും ജീവിച്ചാല്‍ മാത്രം മതി. കൗമാരത്തിലെ ചിന്തയും കോണ്‍ട്രിബ്യൂഷന്‍സുമല്ല. യൗവനത്തില്‍ ചെയ്യാനാവുക. യൗവനത്തില്‍ നാം ചെയ്യുന്നവയല്ല മുതിര്‍ന്നു കഴിയുമ്പോള്‍ ചെയ്യുക. നമ്മുടെ അവബോധത്തിലും രീതികളിലും ഉള്ളടക്കത്തിലും വ്യത്യാസം ഉണ്ടാകും. പലര്‍ക്കും പല പ്രായത്തിലാവും വാര്‍ധക്യം. റിട്ടയര്‍മെന്റ് എന്ന സങ്കല്പത്തിന് വലിയ പ്രാധാന്യം വേണ്ട. പറ്റാവുന്നത്രയും കാലം പറ്റാവുന്നത്രയും കോണ്‍ട്രിബ്യൂട്ട് ചെയ്യുക. എന്നും പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍ ശാരീരികമായോ മാനസികമായോ മാത്രമല്ല സാംസ്‌കാരികമായും ആക്റ്റീവ് ആയിരിക്കാന്‍ നമുക്ക് കഴിയും. അങ്ങനെ ചെയ്യുകയും വേണം.
ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടല്ലോ. ക്രൈസ്തവ സഭയില്‍ നിന്ന് കൂടുതല്‍ പേര്‍ ഈ മാതൃക സ്വീകരിക്കേണ്ടതാണെന്ന അഭിപ്രായമുണ്ടോ?
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. റിസര്‍ച്ച് ആവശ്യത്തിനാണ്. എന്റെ രോഗത്തിന്റെ പ്രത്യേകതയായി ശരീരം കൂടുതല്‍ ഫൈബ്രസ് ആയിക്കൊണ്ടിരിക്കുകയാണ്. വളരെ വിരളമായ ഈ രോഗം ഞങ്ങളുടെ കുടുംബത്തില്‍ മൂന്നു പേര്‍ക്ക് ഉണ്ടായി എന്നു പറഞ്ഞല്ലോ. ഫലപ്രദമായ ചികിത്സയൊന്നും ഇല്ലായിരുന്നു. വൈദ്യലോകത്തിന് അതിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടത്ര സാംപിള്‍ കിട്ടിക്കാണില്ല. എന്റെ ശരീരം കൊണ്ട് ഭാവിതലമുറയ്ക്ക് നന്മ ഉണ്ടാകുന്നെങ്കില്‍ അതല്ലേ നല്ലത്? മസ്തിഷ്‌കമരണത്തിനു ശേഷം കണ്ണ്, ഹൃദയം, കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിങ്ങനെയുള്ള അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും ഒത്തിരിയാണ്. അങ്ങനെ ചെയ്യുന്നതിനെ കത്തോലിക്കാ സഭ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. യൂറോപ്പില്‍ ഇത്തരം അവയവദാനത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് എവിടെയാണെന്നു നോക്കിയാല്‍, കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ ഒക്കെയാണെന്നു കാണാം. ആല്‍ഷെമേഴ്‌സ് രോഗത്തെക്കുറിച്ച് അമേരിക്കയില്‍ നടക്കുന്ന ഏറ്റവും മുഖ്യ പഠനം റഷ് യൂണിവേഴ്‌സിറ്റിയുടേതാണ്. അവര്‍ പഠനം നടത്തുന്നതാകട്ടെ സന്യാസ സമൂഹങ്ങളില്‍പ്പെടുന്ന ആയിരത്തിലധികം പേരിലാണ്. എല്ലാ വര്‍ഷവും അവരെ പഠിച്ചുകൊണ്ടിരിക്കും. വെറ്റല്‍ ഡാറ്റയും ഓര്‍മ്മശേഷി പരിശോധനയും നടത്തിക്കൊണ്ടിരിക്കും. അവരെല്ലാം മരിക്കുമ്പോള്‍ അവരുടെയെല്ലാം തലച്ചോറ് പ്രസ്തുത പഠനത്തിനായി വിട്ടുകൊടുത്തു കൊണ്ട് യൂണിവേഴ്‌സിറ്റിയുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതാണ്. ഞാന്‍ ഉള്‍പ്പെടുന്ന കപ്പുച്ചിന്‍ സഭയിലെ കുറേയേറെപ്പേര്‍ അങ്ങനെ തങ്ങളുടെ മസ്തിഷ്‌കം പഠനത്തിനായി എഴുതിക്കൊടുത്തിട്ടുണ്ട്. അവിടെ തങ്ങളുടെ ശരീരം ശാസ്ത്രത്തിന് കൊടുക്കുന്നവര്‍ നിരവധിയാണ്. അവര്‍ ശരീരം ഏറ്റെടുത്തു കഴിഞ്ഞാല്‍ മൂന്നു മാസത്തിനകം പഠനം പൂര്‍ത്തിയാക്കി, ശരീരം ദഹിപ്പിച്ച് ചിതാഭസ്മം അടക്കം ചെയ്ത കലശം കുടുംബത്തിന് തിരിച്ചെത്തിച്ചു കൊടുക്കും. ഇന്ന ഇന്ന മേഖലകളിലെ പഠനത്തിനായി ശരീരം ഉപയോഗപ്പെടുത്തിയെന്നും അങ്ങനെ ചെയ്യാന്‍ സഹായിച്ചതിന് നന്ദിയും പറഞ്ഞ് കുടുംബത്തിന് സര്‍ട്ടിഫിക്കറ്റും നല്കും.
ക്രൈസ്തവ സമൂഹത്തില്‍ നിന്നു മാത്രമല്ല, പൊതു സമൂഹത്തില്‍നിന്നുതന്നെ, വിരളമായ രോഗാവസ്ഥകളുള്ളവര്‍ ഭാവി പഠനത്തിന് തങ്ങളുടെ ശരീരം വിട്ടു കൊടുക്കുക നല്ലതായിരിക്കില്ലേ? അതുപോലെ, മരണശേഷം അവയവദാനം ചെയ്യുന്ന രീതിയും തീര്‍ച്ചയായും വളരണം എന്നാണ് എനിക്കു തോന്നുന്നത്.
വാര്‍ദ്ധക്യവും അതിനൊടുവിലെ മരണവും നിത്യസത്യങ്ങള്‍ ആണ് എന്നിരിക്കെ, എങ്ങനെയാകണം അതിനുള്ള നമ്മുടെ ഒരുക്കങ്ങള്‍?
മാനസികമായി നാം ഒരുങ്ങണം, ആത്മീയമായി നാം ഒരുങ്ങണം, ഭൗതികമായും നിയമപരമായും നാം ഒരുങ്ങണം. ആദ്യത്തേത് രണ്ടും നമ്മുടെ സമൂഹത്തില്‍ മിക്കവരും ചെയ്യുന്നുണ്ടാവും. ഭൗതികമായി ഒരുങ്ങുന്നവര്‍ നമ്മുടെ നാട്ടിലും വിദേശങ്ങളിലും ഉണ്ട്. ഉദാഹരണത്തിന് നമ്മള്‍ കുറേ വര്‍ഷം ഒരേ സ്ഥലത്ത് ജീവിക്കുകയാണെങ്കില്‍ നമ്മുടെ മുറിയില്‍ പുസ്തകങ്ങളായും തുണിയായും മറ്റ് ചെറിയ ചെറിയ സാധനങ്ങളായും കുറേ സാധനം ഉണ്ടാകാം. അതെല്ലാം പെട്ടെന്ന് പെട്ടെന്ന് ഒഴിവാക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ പ്രായമാകുമ്പോള്‍ ഉപയോഗിക്കാവുന്നതൊക്കെ ആര്‍ക്കെങ്കിലുമൊക്കെ കൊടുത്ത് ഒഴിവാക്കും. ഒറ്റയ്ക്ക് ജീവിക്കുന്ന അല്മായര്‍ അവരുടെ വസ്തുവകകളും ഫര്‍ണിച്ചറും മറ്റും ഒഴിവാക്കാവുന്നിടത്തോളം ഒഴിവാക്കും. ഞാന്‍ അംഗമായ കപ്പൂച്ചിന്‍ സന്ന്യാസ സമൂഹത്തില്‍ത്തന്നെ വിദേശങ്ങളില്‍ പലയിടത്തും വ്രതവാഗ്ദാനം കഴിയുമ്പോള്‍ത്തന്നെ വില്‍പത്രം എഴുതുന്ന പതിവുണ്ട്. എന്റെ മൃത സംസ്‌കാരത്തിന് ഇന്ന ഗാനം ആലപിക്കണം. ആര്‍ഭാടങ്ങള്‍ ഒഴി വാക്കണം. പത്രത്തില്‍ പരസ്യം കൊടുക്കേണ്ടതില്ല. നമ്മുടെ നാട്ടിലെ പോലെ മൃതദേഹം എംബാം ചെയ്യാതെ മറവു ചെയ്യുന്നതിനെ ഹരിത സംസ്‌കരണം (green burial) എന്നാണ് അമേരിക്കയി ലൊക്കെ പറയുക. അത് വളരെ വിരളമാണ്. അങ്ങനെ ഗ്രീന്‍ ബറിയല്‍ വേണം, എന്നൊക്കെ നേരത്തെ വില്‍പത്രം എഴുതിവെക്കുന്നവരുണ്ട്. എന്താണെങ്കിലുംവില്‍പത്രം എഴുതിയിരിക്കണം എന്നത് അവിടത്തെ പ്രോവിന്‍സുകളിലെ ചട്ടമാണ്. നമ്മുടെ നാട്ടില്‍ത്തന്നെ, ആരില്‍ നിന്നൊക്കെ എത്ര കടമുണ്ട്, എവിടെയെല്ലാം ആസ്തിയുണ്ട്, എവിടെയെല്ലാം നിക്ഷേപങ്ങളുണ്ട് എന്നൊക്കെ പറയാതെ മരിച്ചു പോകുന്നവര്‍ എത്രയാണ്!