യേശുക്രിസ്തു സമ്മാനിക്കുന്ന സമാധാനം ഉള്‍ക്കൊള്ളാന്‍ മനസ്സില്ലാത്തവരാണ്, ആയുധങ്ങളില്‍ ആശ്രയിച്ചുകൊണ്ട്, സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുകയും, യുദ്ധത്തിനുവേണ്ടി ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്നത്.
ജോര്‍ജ് മുരിങ്ങൂര്‍
എന്നുമെപ്പോഴും മനുഷ്യഹൃദയങ്ങളില്‍ അധിവസിക്കുകയും തുറക്കാത്ത ഹൃദയകവാടങ്ങള്‍ക്കു മുമ്പില്‍ മുട്ടിവിളിക്കുകയും സ്‌നേഹത്തിനുവേണ്ടി ദാഹിക്കുകയും ചെയ്യുന്ന സ്‌നേഹക്കൊതിയാണ് യേശുക്രിസ്തു എന്ന വിപ്ലവകാരി.
ശത്രുക്കളെ കൊന്നൊടുക്കണമെന്നു പഠിപ്പിച്ച ഒരു ഭീകര കാലഘട്ടത്തിന്റെ ഹൃദയത്തില്‍ ചവുട്ടിനിന്നുകൊണ്ട്, ''ശത്രുക്കളെ സ്‌നേഹിക്കുവിന്‍'' എന്നു കല്പിച്ചരുളിയ ഈ സ്‌നേഹസാമ്രാട്ട്, ഒരു പുതുപുത്തന്‍ വിപ്ലവത്തിന്റെ - ''സ്‌നേഹവിപ്ലവ''ത്തിന്റെ - ഉജ്ജ്വലമായ തുടക്കം കുറിക്കുകയായിരുന്നു.
സഹസ്രാബ്ദങ്ങള്‍ നീണ്ടു നിന്ന ശത്രുസംഹാരച്ചിന്തകള്‍ മനുഷ്യഹൃദയങ്ങളില്‍ നിന്നു നീക്കം ചെയ്യാനും വീണ്ടും വേരുകളുറപ്പിക്കാന്‍ കഴിയാത്തവിധത്തില്‍ അവയെ തകര്‍ത്തുകളയാനും വേണ്ടി സ്‌നേഹം കൊണ്ടൊരു സംരക്ഷണവലയം അവിടുന്നു പണിതുയര്‍ത്തി.
മാറ്റത്തിനുവേണ്ടി മനുഷ്യരക്തം ചൊരിയണമെന്നല്ല അവിടുന്നു ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും. സ്‌നേഹം കൊണ്ടൊരു വിപ്ലവകരമായ മാറ്റം. അതാണ് അവിടുന്നു പഠിപ്പിച്ചത്. ആയുധങ്ങള്‍കൊണ്ടല്ല, അവിടുന്നു ശത്രുക്കളെ നേരിട്ടത്, സ്‌നേഹംകൊണ്ടാണ്.
മനുഷ്യജീവന് യേശുവിനെപ്പോലെ വില കല്പിച്ച മറ്റൊരു നേതാവോ ആചാര്യനോ ഗുരുവോ ലോകത്തില്‍ ജനിച്ചിട്ടില്ല; ഇനി ജനിക്കുകയുമില്ല. അനന്തമായ സ്‌നേഹത്താല്‍ മനുഷ്യരെ സൃഷ്ടിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മറ്റൊരു ദേവനില്ല; ദൈവമില്ല. സ്വന്തം ജീവന്‍ നല്കി മനുഷ്യരെ സ്‌നേഹിച്ച മറ്റൊരു പാപവിമോചകനില്ല.
യേശുക്രിസ്തുവിനെ ജനതകള്‍ വിവേകത്തോടെ തിരിച്ചറിയുകയും ഹൃദയത്തില്‍ സ്വീകരിക്കുകയും ചെയ്താല്‍ ലോകസമധാനത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. ജനതകള്‍ ഉണരട്ടെ; മനസ്സ് തുറന്നു കാണട്ടെ; ഗ്രഹിക്കട്ടെ.
ദൈവം ഈ ലോകത്തിന് സമ്മാനിച്ച സമാധാനം നമ്മില്‍ നിന്ന് എങ്ങനെയാണ് ചോര്‍ന്നുപോയത്? അല്ലെങ്കില്‍ ആ സമാധാനം എങ്ങനെയാണ് നമുക്കു നഷ്ടപ്പെട്ടത്? എന്തുകൊണ്ടാണ് സമാധാനമില്ലാത്ത ജനതകളായി നാം ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തത്? നമ്മുടെ സമാധാനം നഷ്ടപ്പെടുത്തിയത് നാം തന്നെയാണ്. ''ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ അവന്റെ തന്നെ സൃഷ്ടിയാണ്'' (സഭാ പ്രസംഗകന്‍ 7-29).
ദൈവത്തിലുള്ള ആഴമേറിയ വിശ്വാസവും അവിടുത്തോടുള്ള ആശ്രയ മനോഭാവവും നമ്മില്‍ നിന്നു കുറഞ്ഞുപോവുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടാകും. അതിനെ തുടര്‍ന്നാണ് മറ്റു കാരണങ്ങള്‍ രൂപം കൊള്ളുന്നത്.
രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും ചില രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളും മതഭ്രാന്തന്മാരുടെ ഭീകരപ്രവര്‍ത്തനങ്ങളും സമാധാനം നഷ്ടപ്പെടാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്.
എല്ലാ കാലഘട്ടങ്ങളുടേയും യുദ്ധ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്, നേടിയെടുക്കാന്‍ കഴിയാതെ പോയ സമാധാനത്തിന്റെ കഥകളാണല്ലോ. ലോകത്തിന്റെ സര്‍വമേഖലകളിലും സമാധാനം ഒരു വിദൂരസ്വപ്‌നമാണ്. നമുക്കു കൈവശപ്പെടുത്തുവാന്‍ കഴിയാതെപ്പോയ ഈ സമാധാനം, അകലെ നമ്മെ നോക്കി നില്‍പ്പുണ്ട്. നമുക്കു പ്രതീക്ഷിക്കാന്‍ വകയുണ്ട്. കാരണം, ആര്‍ക്കും വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ സമാധാനം എന്നന്നേയ്ക്കുമായി നശിപ്പിക്കപ്പെട്ടിട്ടില്ല. ദുഷ്ടശക്തികള്‍ സമാധാനത്തെ കുഴിച്ചു മൂടാന്‍ അവസരം നോക്കി കാത്തുനില്പുണ്ട്; എന്നാല്‍ അവര്‍ക്കു വിജയിക്കാന്‍ കഴിയുകയില്ല.
സമാധാനം സ്ഥാപിക്കാനും പാപമോചനമേകാനും വേണ്ടി അവതരിച്ച യേശുക്രിസ്തു, ക്രൂശിതനായി മരണംവരിച്ചു. യേശുവിനു മുമ്പും സമാധാനം ക്രൂശിക്കപ്പെടുകയായിരുന്നു. ക്രിസ്തുവിനുശേഷവും സമാധാനം ക്രൂശിക്കപ്പെടുകയാണ്. സമാധാനം സ്ഥാപിക്കാന്‍ വേണ്ടി സമാധാനത്തെ ക്രൂശിക്കുന്നവരുടെ ലോകം.
പാപങ്ങളില്‍ അഭിരമിക്കുന്നവന്റെ സമാധാനം ചോര്‍ന്നു പോകും. അതു വ്യക്തിപരമായ സമാധാനമാണ് നഷ്ടപ്പെടുത്തുന്നതെങ്കിലും ക്രമേണ സമൂഹത്തേയും രാഷ്ട്രത്തേയും ബാധിക്കും. വ്യക്തിപരമായ സമാധാനമില്ലാത്തവരുടെ സമൂഹവും രാഷ്ട്രവും ലോകസമാധാനത്തെ പ്രതികൂലമായി ബാധിക്കും.
സമാധാനം നേടിയെടുക്കാനാണെന്ന പ്രചാരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മാരകായുധങ്ങള്‍ ശേഖരിക്കുകയും യുദ്ധം ചെയ്യുകയും താങ്ങാനാവാത്ത നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്നവരുടെ കാലഘട്ടം അവസാനിച്ചിട്ടില്ല.
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം, ലോകജനതയെ മൂന്നാം ലോക മഹായുദ്ധത്തിലേക്കു തള്ളിയിടുമോയെന്ന സംശയം, ഭരണാധികാരികളുടെയും സാധാരണ ജനങ്ങളുടേയും ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയോ പേരുടെ ജീവന്‍ അപഹരിച്ചു. എത്രയോ കുടുംബങ്ങള്‍ അനാഥമായിത്തീര്‍ന്നു. നാശനഷ്ടങ്ങളും ദുരിതങ്ങളും സമ്മാനിക്കുന്ന യുദ്ധം, സമാധാനം നല്കുകയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി നടത്തിയ യുദ്ധങ്ങളിലൂടെ കടുത്ത നൊമ്പരങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും സമ്മാനിച്ച യുദ്ധക്കൊതിയന്മാരുടെ മനോഭാവത്തിനു ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
രാഷ്ട്രങ്ങള്‍ ഒരുക്കിവച്ചിരിക്കുന്ന മാരകമായ ആയുധശേഖരങ്ങളുടേയും അവ പ്രയോഗിക്കാന്‍ വേണ്ടി സന്നദ്ധരാക്കി ഒരുക്കിവച്ചിരിക്കുന്ന സൈന്യങ്ങളുടേയും സംഖ്യബലം പുറമെ പറയുന്നതിനേക്കാള്‍ എത്രയോ അധികമാണ്. പ്രതിരോധത്തിനുവേണ്ടിയെന്ന വ്യാജേന യുദ്ധങ്ങള്‍ക്കുവേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കാനും സംഭരിക്കാനും അവ പ്രയോഗിക്കാനും ആവശ്യമായി വരുന്ന അതിഭീമമായ ചെലവുകള്‍ നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ വലുതാണ്.
ചില രാജ്യങ്ങള്‍ യുദ്ധത്തിനും പ്രതിരോധത്തിനും വേണ്ടി ചിലവിടുന്ന പണംകൊണ്ട് ലോകത്തില്‍ നിന്നും ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാന്‍ സാധിക്കും. അതാണ് സത്യം. എന്നാല്‍ ആ സത്യം അംഗീകരിക്കാനും സ്വീകരിക്കാനും ഭരണാധികാരികള്‍ സന്നദ്ധരല്ല. യുദ്ധം ഭീകരമായൊരു ക്രൂരതയാണ്. ക്രൂരത പ്രവര്‍ത്തിക്കുന്നവര്‍ തിന്മയുടെ ഉപാസകരാണ്. അവര്‍ക്കു ജനങ്ങളെക്കുറിച്ചോ നന്മയെക്കുറിച്ചോ നല്ല സ്വപ്‌നങ്ങളൊന്നുമില്ല. അവര്‍ തിന്മ നട്ടുവളര്‍ത്തുന്നു. തിന്മയുള്ള ഇടങ്ങളില്‍ സര്‍വപാപങ്ങളും ശക്തിപ്രാപിക്കും; അവിടെ സമാധാനം നിലനില്‍ക്കുകയില്ല, നിലംപതിക്കും.
സര്‍വമനുഷ്യര്‍ക്കും സമാധാനത്തില്‍ നിലനില്‍ക്കാനും വിശുദ്ധിയില്‍ വളര്‍ന്നു വരാനും വേണ്ട ശക്തി പ്രദാനം ചെയ്യാന്‍ വേണ്ടിയാണ് പിതാവായ ദൈവം തന്റെ പുത്രനായ യേശുവിനെ ഭൂമിയില്‍ അവതാരമെടുക്കാന്‍ നിയോഗിച്ച് അനുഗ്രഹിച്ചത്. നാഥനും കര്‍ത്താവുമായ യേശുക്രിസ്തു സമ്മാനിച്ച സ്‌നേഹവും സമാധാനവും സ്വീകരിക്കാതെ പല ജനതകളും ആ നന്മകള്‍ നിരാകരിച്ചു കളഞ്ഞു. യേശുവിന്റെ ആ സമ്മാനങ്ങള്‍ക്കുവേണ്ടി കൊതിയോടെ കാത്തിരുന്നവര്‍ക്കു അവയൊക്കയും ലഭിക്കുകയും അവര്‍ സന്തുഷ്ടരാവുകയും ചെയ്തു.
സമാധാനത്തിന്റെ ചക്രവര്‍ത്തിയായ യേശുക്രിസ്തു അരുള്‍ ചെയ്തു: ''ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങള്‍ ഭയപ്പെടുകയും വേണ്ട'' (യോഹ. 14:27). അസ്വസ്ഥതകളും ഭയവും ദൂരെയകറ്റി ജീവിക്കാന്‍ സഹായിക്കുന്ന സമാധാനം വാഗ്ദാനം ചെയ്തുകൊണ്ട് യേശു കടന്നുപോവുകയല്ല ചെയ്തത്; പ്രത്യുത ആ സമാധാനം നമ്മില്‍ ചൊരിഞ്ഞുകൊണ്ട് യേശു ഇന്നും നമ്മുടെ മധ്യേ ജീവിക്കുന്നുണ്ട്.
അന്നുവരെ ലോകത്തിലാരും നല്കാത്ത അമൂല്യനിധിയാണ് സമാധാനം. എന്നാല്‍ യേശു നല്കുന്ന സമാധാനം ഹൃദയം തുറന്നു സ്വീകരിക്കാന്‍ സന്മനസ്സുള്ളവര്‍ വിരളമാണ്. യേശുക്രിസ്തു സമ്മാനിക്കുന്ന സമാധാനം ഉള്‍ക്കൊള്ളാന്‍ മനസ്സില്ലാത്തവരാണ്, ആയുധങ്ങളില്‍ ആശ്രയിച്ചുകൊണ്ട്, സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുകയും, യുദ്ധത്തിനുവേണ്ടി ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്നത്.
അധ്യാപകനില്ലാതെ വിദ്യ അഭ്യസിക്കുവാന്‍ സാധിക്കാത്തതുപോലെ തന്നെ യേശുവില്ലാതെ യഥാര്‍ത്ഥ സമാധാനം നേടിയെടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. സൂര്യനില്ലാതെ യഥാര്‍ത്ഥ പ്രകാശം ആസ്വദിക്കാന്‍ കഴിയാത്തതുപോലെ യേശുവിനെ ഉപേക്ഷിച്ചുകൊണ്ട് യഥാര്‍ത്ഥ സമാധാനം ആസ്വദിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. യേശുവിനെ തമസ്‌കരിച്ചുകൊണ്ട്, അല്ലെങ്കില്‍ യേശുവിനെ തള്ളിപ്പറഞ്ഞുകൊണ്ട് ആര്‍ക്കും യഥാര്‍ത്ഥ സമാധാനം സ്ഥാപിക്കാനും അനുഭവിക്കാനും സാധിക്കുകയില്ല.